Wednesday, February 26, 2014

ഇതും ഒരു പൂന്തോട്ടമാണ്. ഇവിടെ....


                     

https://www.facebook.com/groups/1945563405669128/permalink/2600376043521191/
https://www.facebook.com/groups/yaathra/permalink/590689051021153/

https://www.facebook.com/groups/812445722293457/permalink/896146117256750/

( ഫേസ് ബുക്കിലെ യാത്രാഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. )

ഞാനും  കൂട്ടുകാരനും തമ്മില്‍  ഉണ്ടാവുന്ന വഴക്കുകള്‍ ഏറിയ കൂറും  വേസ്റ്റ് എന്നതിനെപ്പറ്റിയാണ്. ഗൃഹഭരണത്തിലെ എന്‍റെ  ചില്ലറയും ചിലപ്പോള്‍  ഗുരുതരവുമായ വീഴ്ചകള്‍,  അനിയന്ത്രിതമായ  ചില കൊതികള്‍, ചില വാശികള്‍  ഒക്കെ ആവശ്യത്തിലുമധികം വേസ്റ്റ്  ഉണ്ടാക്കുന്നു എന്ന കാരണം കൊണ്ട് പലപ്പോഴും അതിനിശിതമായി വിമര്‍ശിക്കപ്പെടാറുണ്ട്.  ന്യായീകരണമൊന്നും എഴുന്നള്ളിക്കാന്‍  കിട്ടാത്തപ്പോള്‍ ഞാന്‍ ഒരു സ്കൂള്‍ക്കുട്ടിയെപ്പോലെ  ങീ .. ങീ  എന്ന് കരഞ്ഞു  കാണിക്കുകയും  അല്ലാത്തപ്പോള്‍ ഒരു പെണ്‍ പുലിയെപ്പോലെ ഉഗ്രമായി  ചീറുകയും ചെയ്യും.  ഈ രണ്ടടവിലും  കൂട്ടുകാരന്‍  തികച്ചും അസ്തപ്രജ്ഞനാവാറാണ് പതിവ് .  

ഇമ്മാതിരിയുള്ള ഒരു ഉശിരന്‍ തര്‍ക്കത്തിനിടയിലാണ് പൊടുന്നനെ അതു  നിറുത്തി   പെട്ടെന്ന് പുറപ്പെടൂ,  നമുക്ക് ചണ്ഡീഗഡ് വരെ പോവാം.. എന്ന് പറഞ്ഞതും ഞാന്‍ ചടപെടേന്ന് തയാറായതും. അക്കാലങ്ങളില്‍  കുറച്ചു  പ്രോജക്ടുകള്‍ ഹിമാചലില്‍ നടക്കുന്നുണ്ടായിരുന്നു. പലപ്പോഴും സോലാനിലേക്കും ചൈലിലേക്കും മറ്റും പോകുന്ന വഴി  ചണ്ഡീഗഡ്  ബസ് സ്റ്റാന്‍ഡില്‍ പാതിരാത്രികളിലെത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും ആ  നഗരത്തില്‍  സമാധാനമായി ഒട്ടും  സമയം ചെലവാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ത്യയിലെ  ആദ്യത്തെ പ്ലാന്‍ഡ്  സിറ്റിയാണ് ചണ്ഡീഗഡ്. 1951ല്‍ ലെ കൊര്‍ബ്യൂസിയര്‍ എന്ന ഫ്രഞ്ച്  ആര്‍ക്കിടെക്റ്റിന്‍റെ വീക്ഷണത്തില്‍ ചെയ്യപ്പെട്ട  നഗര സംവിധാന രീതിയാണ് ചണ്ഡീഗഡിലുള്ളത്. പിയറി ജനേററ്റ്, മാക്സ് വെല്‍ ഫ്രൈ ,ജയിന്‍ ഡ്രൂ  തുടങ്ങിയ വാസ്തുശില്‍പികളും ഈ നഗര സംവിധാനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

തണുപ്പ് കാലമായിരുന്നു. ഉത്തരേന്ത്യയുടെ തണുപ്പ്  ഒട്ടും ആര്‍ദ്രമല്ല.  തൊലിയും ചുണ്ടുകളും ഒരു നീറ്റലോടെ പൊട്ടിക്കുന്ന മുരടന്‍ തണുപ്പാണവിടെയുള്ളത്. സവാള തണുപ്പുകാലത്ത് ചൂടു നല്‍കിയും  ചൂടു കാലത്ത്  തണുപ്പ്  നല്‍കിയും ചര്‍മ സംരക്ഷണം ചെയ്യുന്നതായി ഉത്തരേന്ത്യക്കാര്‍ പൊതുവേ  വിശ്വസിക്കുന്നു.  സവാള  ഒരു പൊതു  തെരഞ്ഞെടുപ്പ്  പ്രശ്നമായിപ്പോലും വളരുന്നത്    ഉത്തരേന്ത്യന്‍ കാലാവസ്ഥയുമായി ഇത്രമാത്രം  അഭേദ്യമായി  അത്  ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. 

ദില്ലിയിലെ  ഐ എസ് ബി ടി യില്‍ നിന്ന് ബസ്സില്‍ കയറുമ്പോള്‍  ഷട്ടറുകള്‍ താഴ്ത്തിയിട്ട ബസ്സിലാകെ സവാളയുടെ മണം  പരന്നിരുന്നു.  രാത്രി ഭക്ഷണമായ റൊട്ടിക്കൊപ്പം  എല്ലാവരും പൊക്കണ കണക്കിനു സവാള  അകത്താക്കിയിട്ടുണ്ട്. അതും  നോര്‍ത്തിന്ത്യന്‍  ബസ്  യാത്രയുടെ  ഭാഗമാണ്. ഇടയ്ക്കിടെ  പരക്കുന്ന അസഹ്യമായ  ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍  ഇത്തിരി  നേരം  വിന്‍ഡോ  ഷട്ടറുകള്‍ തുറക്കുക മാത്രമേ വഴിയുള്ളൂ.അപ്പോള്‍   സൂചി  പോലെ കുത്തുന്ന തണുപ്പ് അതിന്‍റെ  രാക്ഷസീയമായ  വായ് മലര്‍ക്കേ തുറന്ന് നമ്മളെ  വിഴുങ്ങും. 

സോക്സും ഷൂസും സ്വറ്ററും ഷാളും തൊപ്പിയുമെല്ലാമായി  ഞങ്ങള്‍  സീറ്റില്‍  ചുരുണ്ടു കൂടി. പാട്ട  ബസ്സ്  തുമ്മിയും ചുമച്ചും   അതിന്‍റെ യാത്ര  ആരംഭിച്ചു. ഇരുനൂറ്റന്‍പതു കിലോ മീറ്റര്‍ ഓടിത്തീര്‍ക്കാന്‍  നാലഞ്ചു മണിക്കൂറുകള്‍  എടുക്കാതിരിക്കില്ല. പാനിപ്പത്തും  കുരുക്ഷേത്രവും അമ്പാലയും  ഒക്കെ  പിന്നിട്ട്   അവിടെയെത്തുമ്പോഴേക്കും  നേരം പുലരും.
ഹിന്ദു  ദേവതയായ ചണ്ഡിയുടെ  താമസ്ഥലമാണ് ചണ്ഡീ ഗഡ്. വടക്കു പടിഞ്ഞാറന്‍ ഹിമാലയത്തിന്‍റെ  തുടര്‍ച്ചയായ ശിവാലിക് ഗിരിനിരകളുടെ  താഴ്വരയിലാണ് ഈ നഗരം . സമുദ്രനിരപ്പില്‍  നിന്ന്  ഏകദേശം  ആയിരം മീറ്റര്‍ ഉയരത്തില്‍. ജമ്മുവിലും സിംലയിലും മഞ്ഞ് വീണാല്‍ ചണ്ഡീഗഡ്  കിടുകിടാ എന്ന്  കുളിര്‍ന്നു വിറക്കും.  അതേ സമയം  ചൂടു കാലത്താവട്ടെ 42‍ 44  ഡിഗ്രിയോളം  ചൂടില്‍  വറന്ന് പൊരിയുകയും ചെയ്യും.

നമുക്ക് സ്വാതന്ത്ര്യം കിട്ടിയ  കാലത്താണ് ചണ്ഡീഗഡ് പിറക്കുന്നത്. കെ  എ അബ്ബാസിന്‍റെ നോവലായ സാഥ് ഹിന്ദുസ്ഥാനിയില്‍  പഞ്ചാബിന്‍റെ  ആ വിഭജനത്തെപ്പറ്റിയും  ഇന്ത്യയുടെ പഞ്ചാബ്  പ്രദേശത്തു നിന്ന് മുറിച്ചെടുക്കപ്പെട്ട ഹര്യാനയെപ്പറ്റിയും ചണ്ഡീഗഡ്  പഞ്ചാബിന്‍റെയും  ഹര്യാനയുടെയും തലസ്ഥാനമാകുന്നതിനെപ്പറ്റിയും ഒക്കെ പരാമര്‍ശങ്ങളുണ്ട്. ആ നോവല്‍  അതേ പേരില്‍ ഹിന്ദി  സിനിമയായപ്പോള്‍ നമ്മുടെ  മധു അതില്‍ അഭിനയിച്ചു. അമിതാബ്  ബച്ചന്‍റെ  ആദ്യത്തെ പടവും  അതായിരുന്നു. 

ലെ കോര്‍ബ്യൂസിയര്‍  എന്ന ഫ്രഞ്ചു വാസ്തു ശില്‍പിയുടെ തുറന്ന കൈ ശില്‍പങ്ങള്‍ എന്ന  ആശയ ത്തിലെ  26  മീറ്റര്‍  ഉയരമുള്ള ഏറ്റവും വലിയ  ശില്‍പം  ചണ്ഡീഗഡിലാണുള്ളത്. അദ്ദേഹത്തിന്‍റെ  അടയാളമാണ്  തുറന്ന കൈ. സ്വീകരിക്കുയും നല്‍കുകയും ചെയ്യുന്ന ആശയങ്ങളെ തുറന്ന കൈ  പ്രതിനിധീകരിക്കുന്നു. 
  
റോഡുകളാണ് ചണ്ഡീഗഡിന്‍റെ നാഡികള്‍. തിരശ്ചീനമായ  പാതകള്‍ തെക്കുകിഴക്കായും ലംബമായ  പാതകള്‍ വടക്കു  പടിഞ്ഞാറായും  അടയാളപ്പെടുത്തിയിരിക്കുന്നു.  മിക്കവാറും  റോഡുകളൂടെ ഇരുവശങ്ങളിലും  മരങ്ങള്‍  വെച്ചു പിടിപ്പിക്കപ്പെട്ടിട്ടുണ്ട്.  ആലുകളുടേയും യൂക്കാലിപ്റ്റസിന്‍റേയും അശോകമരങ്ങളുടെയും മള്‍ബെറിയുടേയുമായി  പച്ചച്ച  ചണ്ഡീഗഡില്‍  പൂന്തോട്ടങ്ങള്‍  അനവധിയാണ്.  

നഗരത്തില്‍ എവിടെ എന്ത് എങ്ങനെ  എന്നൊക്കെ കൃത്യമായി  അടയാളപ്പെടുത്തപ്പെട്ടിട്ടൂണ്ട്. ഉദാഹരണത്തിനു പല സെക്ടറുകളായി തിരിക്കപ്പെട്ട  നഗരത്തിലെ ഹരിതമേഖലകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. 7  V  കളെന്ന് അറിയപ്പെടുന്ന പ്രധാന റോഡുകളില്‍  V1, V2, V3, V4 എന്നിവയില്‍ മാത്രമേ  ബസ്സ് ഗതാഗതം ഉള്ളൂ. സെക്ടര്‍  17  ലെ  സെന്‍റര്‍ പ്ലാസയിലും വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. നഗരത്തില്‍  വ്യക്തികളൂടെ  പ്രതിമകള്‍ സ്ഥാപിക്കുന്നതിലും വിലക്കുണ്ട്. ക്യാപിറ്റോള്‍ കോമ്പ്ലക്സിന്‍റെ വടക്കു  ഭാഗത്ത് മറ്റു കെട്ടിടങ്ങള്‍  നിര്‍മ്മിക്കാന്‍  പാടില്ല. 

നഗരശിരസ്സായി ക്യാപിറ്റോള്‍ കോമ്പ്ലക്സിനേയും ഹൃദയമായി  സിറ്റി സെന്‍ററിനേയും ശ്വാസകോശങ്ങളായി  ലെഷര്‍  വാലി പൂന്തോട്ടത്തേയും കൈകാലുകളായി  വിവിധ  വിദ്യാഭ്യാസ സാംസ്ക്കാരിക സ്ഥാപനങ്ങളേയും രക്തചംക്രമണമായി റോഡുകളേയുമാണത്രേ  കൊര്‍ബ്യൂസിയര്‍  ഭാവനയില്‍  കണ്ടത്. ആ  സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചു. 
  
സെക്ടര്‍  ഒന്നില്‍ നിന്നാരംഭിച്ച്  സെക്ടര്‍ 53  വരെ നീളുന്ന  എട്ട് കിലോ മീറ്ററോളമുള്ള  ലെഷര്‍ വാലി പൂന്തോട്ടത്തെ പോലെ അനവധി പൂന്തോട്ടങ്ങള്‍    നഗരത്തിലുണ്ട്. സെക്ടര്‍  ഒന്നിലെ രാജേന്ദ്രപാര്‍ക്ക്, സെക്ടര്‍ മൂന്നിലെ ബോഗയിന്‍  വില്ല ഗാര്‍ഡന്‍,  സെക്ടര്‍  16 ലെ  റോസ് ഗാര്‍ഡന്‍, ശാന്തി കുഞ്ജ്,  സെക്ടര്‍ 36 ലെ ചെമ്പരത്തിപ്പൂന്തോട്ടം, സുഗന്ധപ്പൂന്തോട്ടം,  സെക്ടര്‍  33 ലെ  പാട്ടുപാടുന്ന ഫൌണ്ടനുള്ള  ടെറസ്സ് ഗാര്‍ഡന്‍  അങ്ങനെ അനവധി അനവധി  നയനമനോഹരമായ തോട്ടങ്ങള്‍. .. എവിടെത്തിരിഞ്ഞു നോക്കിയാലും പൂക്കളും പച്ചച്ച  മരങ്ങളും ഇലകളുമായി  ചണ്ഡീഗഡ്  കണ്ണുകള്‍ക്ക് മറക്കാനാവാത്ത കുളിര്‍മ  നല്‍കുന്നു. 

 ചെടികളും  പൂക്കളും  കൊണ്ടല്ലാതെ  നിര്‍മ്മിക്കപ്പെട്ട   സവിശേഷമായ  ഒരു  തോട്ടം ചണ്ഡീഗഡിലുണ്ട്.   ഒറ്റയാളിന്‍റെ  അധ്വാനം.    അധ്വാനം  അദ്ദേഹം  പതിനെട്ട് വര്‍ഷത്തോളം  ഇത്രയും  പ്ലാന്‍ ചെയ്ത്  നിര്‍മ്മിക്കപ്പെട്ട  ഒരു  നഗരത്തിന്‍റെ  അധികൃതരില്‍  നിന്ന് മറച്ചു വെച്ചു.  ചെറിയ  ഒരു തോട്ടമായിരുന്നില്ല  അത്. അധികൃതരുടെ  കണ്ണില്‍പ്പെടുമ്പോഴേക്ക്    തോട്ടത്തിന്‍റെ വിസ്തീര്‍ണം  ഏകദേശം പന്ത്രണ്ട് ഏക്കറോളമായിരുന്നു. ഇപ്പോഴത് നാല്‍പത്  ഏക്കറിലേക്ക് വളര്‍ന്നു  കഴിഞ്ഞു. ലെ കൊര്‍ബ്യൂസിയര്‍ നിര്‍മ്മിച്ച സുഖ്നാ ലേക്കിന്‍റെ  തീരത്താണ്  തികച്ചും വ്യത്യസ്തമായ ആ പൂന്തോട്ടം. 

ആ തോട്ടം നേക്ചന്ദിന്‍റെ റോക് ഗാര്‍ഡന്‍  എന്നറിയപ്പെടുന്നു.

അതൊരു വിചിത്രലോകമായിരുന്നു. അതുണ്ടാക്കിയിരുന്നത്  വ്യവാസായികമായ മാലിന്യങ്ങള്‍ കൊണ്ടായിരുന്നു,  വീടുകളിലെ മാലിന്യം  കൊണ്ടായിരുന്നു,  കെട്ടിട നിര്‍മ്മാണത്തിലെ  മാലിന്യം കൊണ്ടായിരുന്നു.  

എനിക്ക് ഒരു അടി കിട്ടിയതുമാതിരി തോന്നി. 

മാലിന്യം സൃഷ്ടിക്കുന്നതില്‍  യാതൊരു  ന്യായീകരണവുമില്ലെന്ന്  എനിക്ക്  മനസ്സിലായി. അത് വീഴ്ചകൊണ്ടായാലും കൊതികൊണ്ടായാലും വാശികൊണ്ടായാലും അജ്ഞതകൊണ്ടായാലും.. 

പ്രപഞ്ചത്തിനോടും  സഹജീവികളോടും ഉത്തരവാദിത്തമുള്ളവര്‍ ഏറ്റവും കുറച്ച് മാലിന്യമേ സൃഷ്ടിക്കു. ഏറ്റവും കുറച്ച്  ഉപഭോഗമേ  നടത്തൂ..
  
വളകള്‍, കുപ്പികള്‍, ഇലക്ട്രിക്കല്‍  അവശിഷ്ടങ്ങള്‍, സിങ്കുകള്‍, പൊട്ടിയ റ്റൈലുകള്‍, കുപ്പി പിഞ്ഞാണങ്ങള്‍,  ഗ്ലാസ്സുകള്‍ ... എന്നു വേണ്ട  കൈയില്‍ തടയുന്ന എന്തും  നേക്ചന്ദ്  ശില്‍പങ്ങളാക്കി  മാറ്റിയിട്ടുണ്ട്. വല്ലഭനു പുല്ലുമായുധം  എന്നു  പറയുന്നതു  ചുമ്മാതല്ല.  ആ ശില്‍പങ്ങളുടെയും അവയ്ക്കിടയിലൂടെ ഒഴുകുന്ന അനവധി കൊച്ചരുവികളുടെയും  പലതരം മനോഹരപുഷ്പങ്ങളുടെയും  മധ്യത്തില്‍  നില്‍ക്കുമ്പോള്‍  ഞാന്‍  ഒരാള് വിചാരിച്ചാല്‍  എന്താവാനാ, ഈ ലോകത്തിലെ  വല്ലതും  മാറ്റാന്‍ പറ്റ്വോ   എന്ന സാധാരണമായ വിഡ്ഡിച്ചോദ്യത്തിന്‍റെ  നിരര്‍ഥകതയും എല്ലാ  ജീര്‍ണ വ്യവസ്ഥകളോടുമുള്ള സമരസപ്പെടലും  നമുക്ക്  ശരിക്കും ബോധ്യമാകും.

ഒഴിവു സമയത്ത്  വേസ്റ്റ്  ശേഖരിക്കുകയും  സുഖ്നാലേക്കിനടുത്ത വലിയൊരു  പാറവിളുമ്പില്‍ അവയെ  കലാപരമായി സജ്ജീകരിക്കുകയുമായിരുന്നു നേക് ചന്ദ്. 1902ല്‍ തന്നെ സംരക്ഷിത വനമായി രേഖപ്പെടുത്തപ്പെട്ട ആ  പാറവിളുമ്പുള്‍പ്പെട്ട വനത്തില്‍  കെട്ടിടങ്ങള്‍  ഒന്നും  നിര്‍മ്മിക്കുവാന്‍  കഴിയുമായിരുന്നില്ല. അധികാരികളുടെ അലസമായ ഈ   അശ്രദ്ധയിലാണ് നേക്ചന്ദ്  തന്‍റെ  മനോഹരമായ ശില്‍പപ്പൂന്തോട്ടം സജ്ജീകരിച്ചത്.  1957ല്‍ ഈ പൂന്തോട്ടം നിര്‍മ്മിച്ചു തുടങ്ങിയെങ്കിലും അധികാരികള്‍ തോട്ടത്തെ  കണ്ടെത്തിയത് 1975ലായിരുന്നു. കണ്ടെത്തിയ  നിമിഷം തന്നെ പൊളിച്ചു കളയല്‍ ഭീഷണിയും  ബുള്‍ഡോസറുമായി അവര്‍ രംഗത്തെത്തി.  എന്നാല്‍ ആ  ശില്‍പസൌകുമാര്യം  നുകര്‍ന്ന പൊതുജനങ്ങളുടെ അതിരില്ലാത്ത ആശ്ചര്യവും ഉറച്ച പിന്തുണയും നേക്ചന്ദിനെ  തുണച്ചു. പരിമിതമായ ജനാധിപത്യം പുലരുന്ന നമ്മുടെ  നാട്ടില്‍, ഒരല്‍ഭുതം  പോലെ തികച്ചും പൊതുജനഹിതത്തിനു വഴങ്ങി അതൊരു  പാര്‍ക്കായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍   നിര്‍ബന്ധിതമായി  ..  അതിനുശേഷം സര്‍ക്കാര്‍ സഹായത്തോടെ  തന്നെ മാലിന്യം ശേഖരിക്കാന്‍ നേക്ചന്ദ്  നഗരത്തിന്‍റെ  പലഭാഗങ്ങളില്‍ സ്ഥാപനങ്ങളെ   ഏര്‍പ്പാടു ചെയ്തു.
  
എന്നോ മണ്‍ മറഞ്ഞ് പോയ ഒരു സാങ്കല്‍പിക രാജധാനിയുടെയും ( സുഖ്റാണി )  നഗരത്തിന്‍റേയും പ്രതീതി  നല്‍കുന്ന  മട്ടിലൊരു ശില്‍പീകരണമാണ് റോക് ഗാര്‍ഡനിലുള്ളത്. വളച്ചു  വാതിലുകളും നടവഴികളും ഒട്ടനവധി പടിക്കെട്ടുകളും നീര്‍ച്ചോലകളും  അവിടെ  നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. നടുമുറ്റങ്ങളും  പോര്‍ച്ചുകളും ആംഫി തിയേറ്ററും ഒരു  ആധുനിക ഗ്രാമത്തിന്‍റെ മാതൃകയും   മറ്റും  വേറെയുമുണ്ട്.  എല്ലാം കുപ്പികളുടെ  അടപ്പുകള്‍  കൊണ്ട്...മഡ്ഗാഡുകൊണ്ട് , സൈക്കിളീന്‍റെ  ഹാന്‍ഡില്‍  ബാറുകൊണ്ട്.. ഇലക്ട്രിക്കല്‍  വയറുകളും  ഫിറ്റിംഗുകളും കൊണ്ട്.. എന്തിനധികം  കൈയില്‍ കിട്ടിയ  ഏതു  വേസ്റ്റുകൊണ്ടും നേക്ചന്ദ്  ആകര്‍ഷകമായ സൌന്ദര്യം ചമച്ചിട്ടുണ്ട്  ... ഏകദേശം അയ്യായിരത്തിലധികം ഇത്തരം  ശില്‍പങ്ങള്‍ ആ പൂന്തോട്ടത്തെ  അലങ്കരിക്കുന്നു. 

ജീവ പരിണാമത്തിലെ സൂക്ഷ്മജീവിതം  മുതല്‍  വന്‍ ജന്തുക്കളുടെ ശരീര മാതൃകകള്‍  വരെ  റോക് ഗാര്‍ഡനില്‍ നേക്ചന്ദ് സൃഷ്ടിച്ചിട്ടുണ്ട്.  ശരിക്കും ഒരു  വാസ്തുവിദ്യാ വിസ്മയമാണീ  പൂന്തോട്ടം. ദിവസം  ആയിരക്കണക്കിനു മനുഷ്യര്‍  ഇവിടം സന്ദര്‍ശിക്കുന്നു. ഈ  വിസ്മയത്തിനു മുന്നില്‍  കണ്ണും മിഴിച്ചു  നില്‍ക്കുന്നു. 

ഞാനും നിന്നു. 
തൊട്ടപ്പുറത്താണ് താറാവുകൂട്ടങ്ങളും സൈബീരിയന്‍ കൊക്കുള്‍പ്പടെയുള്ള ദേശാടനക്കിളികളും നീന്തുന്ന സുഖ്നാ തടാകം. മനോഹരമായ  ഒരു കാഴ്ചയായിരുന്നു  തടാകം  സമ്മാനിച്ചത്. ശിവാലിക് കുന്നുകളിലൂടെ ഒഴുകി വരുന്ന  നീര്‍ച്ചോലകളെ അതി സമര്‍ഥമായി ഉപയോഗിച്ച്  ലെ കൊര്‍ബ്യൂസര്‍  സംവിധാനം  ചെയ്ത കൃത്രിമത്തടാകമാണത്. ചുവപ്പുരാശിയുടെ പൊന്‍പൊടി വിതറുന്ന  സൂര്യാസ്തമയത്തെയും ഇരുണ്ട കാര്‍മേഘം മൂടിയ  വിദൂര ചക്രവാളത്തേയും മഴവില്ലു വിരിയുന്ന  തുഷാരബിന്ദുക്കളില്‍ നനഞ്ഞ പുലര്‍ കാലത്തേയും    തടാകക്കരയിലിരുന്ന് ചണ്ഡീഗഡ്  നഗരം  ആസ്വദിക്കുന്നു.  

നഗര ശില്‍പികളായിരുന്ന കൊര്‍ബ്യൂസറിന്‍റെ  ടീം  സുഖ്നാ തടാകത്തിനോട്  എന്തുമാത്രം  അടുപ്പം പുലര്‍ത്തിയിരുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമായി ടീമിലെ  വാസ്തുശില്‍പിയായിരുന്ന പിയേറി ജനറേറ്റിന്‍റെ ചിതാഭസ്മം സുഖ്നാ ലേക്കിലൊഴുക്കിയത് എപ്പോഴും ചൂണ്ടിക്കാണിക്കാപ്പെടാറുണ്ട്. അതുമാതിരിയുള്ള  ചൂണ്ടിക്കാണിക്കലുകളില്‍ എനിക്കത്ര വിശ്വാസമൊന്നും തോന്നിയില്ലെങ്കിലും ആ തടാകത്തിന്‍റെ നിര്‍മ്മാണവും അതിന്‍റെ  സംരക്ഷണത്തിനായി ആ  വാസ്തുശില്‍പികള്‍ ചെയ്തിരിക്കുന്ന ആസൂത്രണങ്ങളും അനന്യമെന്ന് സമ്മതിക്കാതെ തരമില്ല. തടാകത്തിനു ചുറ്റും വാഹന ഗതാഗതം നിരോധിച്ചതും , ചെളിയടിയാതെ നീര്‍ച്ചോലകള്‍ക്ക് ഒരു വിശാലമായ ക്യാച്മെന്‍റ്  ഏരിയ നിര്‍മ്മിച്ച്  എപ്പോഴും   വെള്ളത്തിന്‍റെ  ഒഴുക്ക്  സുഗമമാക്കാന്‍  ശ്രമിച്ചതും  തീര്‍ച്ചയായും അഭിനന്ദനം  അര്‍ഹിക്കുന്ന വിദൂരവീക്ഷണങ്ങളാണ്. 

ഒരു നഗരം സംവിധാനം ചെയ്യുന്നത് ഏറ്റവുമടുത്ത  ഭാവിയിലെ നൂറു കൊല്ലങ്ങളെയെങ്കിലും  കണക്കിലെടുത്തുകൊണ്ടാവണമല്ലോ  അല്ലേ..

20 comments:

പട്ടേപ്പാടം റാംജി said...

മനോഹരമായ കഥ പോലെ, ജീവിതത്തിന്റെ നിഴലുകള്‍ പോലെ, സാമൂഹ്യ ചുറ്റുപാടുകളുടെ കേട്ടുപിണച്ചിലുകള്‍ പോലെ, വ്യക്തികളുടെ കടമകള്‍ ഓര്‍മ്മപ്പെടുത്തുന്നതുപോലെ, നിസ്സാരമാക്കലുകളിലെ കാമ്പുകള്‍ പോലെ, പ്രകൃതിയുടെ മനോഹാരിതപോലെ, നിരീക്ഷ്ണങ്ങളിലൂടെ നേര്‍ക്കാഴ്ച നല്‍കുന്നത് പോലെ.....സുന്ദരമായ ഒരെഴുത്ത് എന്ന് പറഞ്ഞിട്ടും തൃപ്തി വരുന്നില്ലല്ലോ.

വേസ്റ്റ്‌ കൊണ്ട് നിമ്മിച്ച പൊന്ന് സമ്മാനിച്ചതിന് നന്ദി.

Pradeep Kumar said...

-യാത്രാ ഗ്രൂപ്പിൽ വായിച്ചിരുന്നു - ഇത്തവണ എച്ചുമുവിന്റെ വിവരണത്തിൽ ഒരു വാസ്തുശിൽപ്പിയെ ദർശിക്കാനാവുന്നു. കൃത്യതയാർന്ന ഒരു ശിൽപ്പം ചമക്കുന്നപോലെയുള്ള വിവരണപാടവം ഈ ലേഖനത്തിന്റെ പ്രത്യേകതയായി തോന്നി

- ചണ്ഡിഗഡ് ഇന്ത്യയുടെ പ്ളാൻഡ് സിറ്റി എന്ന് അറിയാമായിരുന്നെങ്കിലും , വെയ്സ്റ്റ് ഉപയോഗിച്ച് ഇതുപോലൊരു ഉദ്യാനം അതിന്റെ ശിൽപ്പികൾ നിർമ്മിച്ചിരുന്നു എന്നത് പുതിയ അറിവാണ്

- നന്ദി ഉള്ളിയുടെ മണമുള്ള ആ തണുത്ത യാത്രയിലും, കാഴ്ചകളിലും ഒപ്പം കൂട്ടിയതിന്

drpmalankot said...

പ്രമേയവും അവതരണവും വളരെ നന്നായിരിക്കുന്നു. അതെ, വല്ലഭനു പുല്ലും ആയുധം. അനാവശ്യമായതൊക്കെ ആകർഷകമാക്കി മാറ്റാൻ കഴിയുന്നതാണ് യഥാർത്ഥ കഴിവ്.

ചന്തു നായർ said...

യാത്ര നന്നേ കുറവാണ്. അതുകൊണ്ട് തന്നെ യാത്രകൾ ചെയ്തു വിവരണം എഴുതുന്നവരെ വലിയ ബഹുമാനവുമാണു.എസ്.ക്കെ.പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങൾ, കൌമാരകാലങ്ങളിൽ ആകർഷിച്ചിരുന്നു.ഇതാ ഈ പ്രായത്തിൽ എച്ചുമിവിന്റെ ആരാധകനുമാകുന്നു.നന്ദി ..ഈ നല്ല വായനക്കുള്ള അവസരം നൽകിയതിന്....

ലംബൻ said...

ഫേസ് ബുക്ക്‌ ബ്ലോക്ക്‌ ആയതുകൊണ്ട് യാത്രയില്‍ വായിക്കാന്‍ കഴിഞ്ഞില്ല. വെസ്റ്റ്‌ ഉപയോഗിച്ച് ഉദ്യാനം നിര്‍മ്മിച്ചവനെ സമ്മതിക്കണം. യാത്ര തുടരട്ടെ, വിവരണങ്ങളും.

ajith said...

Very interesting and informative

വീകെ said...

വളരെ ആസൂത്രിതമായി നിർമ്മിച്ചതാണ് ചണ്ഡീഗഡ് എന്ന് കേട്ടിട്ടുണ്ട്. വേസ്റ്റുകൊണ്ടുള്ള നിർമ്മിതിയെ ഇപ്പോഴാണ് വായിക്കുന്നത്. പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത്രയും എഴുതി കൊതിപ്പിച്ചിട്ട് ഒരൊറ്റ പടം പോലും ഇല്ലാത്തത് ഒരു വലിയ കുറവായി തോന്നി

എന്നാലും എച്മുവിന്റെ ജനറൽ നോളഡ്ജ് സമ്മതിച്ചു തന്നിരിക്കുന്നു - ഒരു എൻസൈക്ലോപീഡിയ തന്നെ അഭിനന്ദനങ്ങൾ

ഈ ല്ക്ഖനത്തിൽ പറഞ്ഞവയിൽ ചൺഡിഗഢ്, ദില്ലി  ഇവ അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ലാത്ത ഒരു പാവം 

ഐക്കരപ്പടിയന്‍ said...

മനോഹരമായ ഒരു ശിൽപം കണക്കെ വര്ത്തെടുത്ത യാത്ര വിവരണം, കാണാത്ത കാഴ്ചകൾ കാണിച്ചു തന്നു...
നല്ലൊരു കഥയും ഗുണപാഠവും ഒക്കെ കിട്ടി..

Cv Thankappan said...

നല്ലൊരു വിവരണം
അറിവുകള്‍ പങ്കുവെച്ചതിന് വളരെയധികം നന്ദിയുണ്ട്.
ആശംസകള്‍

vijin manjeri said...

ഞാന്‍ ചേച്ചിയുടെ ആരാധകനായ് മാറുന്നു ...

mattoraal said...

rock gardens ne kurichu kettittundu . ithuvare kaanaan kazhinjilla vivaranam nannaayittundu

സാജന്‍ വി എസ്സ് said...

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വിനോദയാത്ര പോയതില്‍ ചൺഡിഗഢ് ഉള്‍പ്പെട്ടിരുന്നു.ശെരിക്കും വിസ്മയിപ്പിച്ച നഗരം,ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം,എല്ലാ രീതിയിലും മികച്ചത് തന്നെ.ആ വേസ്റ്റ് മുസ്യൂം അവിടുത്തെ കണ്ണാടികളും അതില്‍ പതിയുന്ന നമ്മുടെ രൂപങ്ങളുംഎല്ലാം ഏറെ രസകരമായിരുന്നു

Koya Puthuthottil said...

Most interesting anecdote about the planned city of Chandighad. Your description about the city and its formations are quite interesting and worthy of reading.
I can't but congratulate your observations and the way of your presentations!You have also created an awareness about "Waste" and its management.
What I have noted in your description is the simplicity and usage of minimum words while explaining the full content of what you have seen in that city and the Rock Garden there. Expecting more such journeys and travelogues from your Pen,

Bipin said...

വിവരണം നന്നായി. ഇത് പോലെ noval ആയ ആശയങ്ങൾ നമ്മുടെ നാടിനു വേണ്ടി കണ്ടു പിടിക്കാൻ എച്മു ശ്രമിക്കൂ.

മൈലാഞ്ചി said...

രണ്ടുവര്‍ഷം മുമ്പ് പോയിരുന്നു ചണ്ഢീഗഡില്‍.. ഏട്ടന്റെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് നഗരം കാണാനിറങ്ങി.. ഈ പറഞ്ഞ വേയ്സ്റ്റ് നിര്‍മിത ഗാര്‍ഡന്‍ കണ്ട് ഞാനും അന്തം വിട്ട് നിന്നു.. ഞാനും അല്ല ഞങ്ങളും.. കുപ്പിവളപ്പൊട്ടുകള്‍ കൊണ്ടുള്ള ആള്‍രൂപങ്ങള്‍, പഴയ ഫ്യൂസ് കൊണ്ടുള്ള ചുമരുകള്‍, എന്തൊക്കെയാണെന്ന് പറയാന്‍ വയ്യ.. അത് ഒരാളുടെ അധ്വാനഫലമാണെന്ന് അറിഞ്ഞിരുന്നില്ല.. ആ വിവരത്തിന് നന്ദി..

MINI ANDREWS THEKKATH said...

my son(an architecture student) visited these places, and given a rough idea about the garden and Chandigarh. your narration was great and informative.

ഷംസ്-കിഴാടയില്‍ said...

ഒരു യാത്ര തരപ്പെട്ടു
നന്ദി

മിനി പി സി said...

ബഹുഭൂരിപക്ഷവും ,നന്മയില്‍ നിന്നുമാത്രമേ നന്മയ്ക്ക് ശ്രമിക്കുന്നുള്ളു.ഇതുപോലെ ശരിയാം വിധം വെയിസ്റ്റ്‌ മാനേജ്മെന്റ് നടത്താന്‍ നമുക്ക് കഴിഞ്ഞാല്‍ വിളപ്പില്‍ ശാലകല്‍ ഒരിക്കലും ആവര്‍ത്തിയ്ക്കില്ലല്ലോ ...നന്നായി എച്മു !

Muralee Mukundan , ബിലാത്തിപട്ടണം said...

തണുത്തുറഞ്ഞ സബോലയുടെ വെയ്സ്റ്റ് ഗ്യാസ് ഗന്ധൺഗൾക്കിടയിലും സുന്ദരമായ ചണ്ഡിഗഡ് എന്ന ഇന്ത്യയുടെ പ്ളാൻഡ് സിറ്റിയെ മൊത്തം തൊട്ടറിയിച്ചതിന് സന്തോഷമുണ്ട് കേട്ടൊ എച്മു