Thursday, February 6, 2014

ഏഴു സഹോദരിമാരുടെ മക്കള്‍


a
 
http://www.malayalamdailynews.com/?p=136411

അവര്‍  ഏഴു  സഹോദരിമാര്‍ എന്നറിയപ്പെടുന്നവരാണ്.

നമ്മുടെ, മാതൃഭൂമിയായ ഇന്ത്യാമഹാരാജ്യത്തിന്‍റെ   വടക്കു കിഴക്കന്‍  സംസ്ഥാനങ്ങള്‍. പ്രകൃതി സൌന്ദര്യത്തിന്‍റെ  പാല്‍ക്കുടം ആ നാടുകളില്‍ തട്ടി മറഞ്ഞിരിക്കുന്നു.  കരകൌശലവസ്തുക്കളും നനുത്ത  പട്ടും അവര്‍ക്ക് സ്വന്തം. അവര്‍ മുളയില്‍ കവിതയെഴുതുന്നു.. 

കൂടുതല്‍  എന്തറിയാം നമുക്ക് അവരെപ്പറ്റി?  

അവര്‍ ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗമാണ്.  സിക്കിമും അരുണാചലും ഞങ്ങളുടേയാണെന്ന്  ചൈന  പറയുമ്പോള്‍  പെട്ടെന്ന്  നമുക്ക്  ഓര്‍മ്മ  വരും.. അല്ലല്ല,  അവര്‍ ഇന്ത്യയുടെ  ഭൂപടത്തിലുള്ള  സംസ്ഥാ നങ്ങളാണ്.  ഇന്ത്യയുടെ മെയിന്‍ ലാന്‍ഡുമായി അവരെ ബന്ധിപ്പിക്കുന്ന  സിലിഗുരി  കോറിഡോര്‍  അതീവ  ഇടുക്കമുള്ളതാണ്. അതിലൂടെ  സുഗമമായ  ഒരു  സഞ്ചാരം  സാധ്യമല്ല. അതിനുവേണ്ട  റെയില്‍  റോഡ്  സംവിധാനമൊന്നും ഒട്ടും കാര്യക്ഷമമല്ല.

ദരിദ്രരാണ്  നമ്മുടെ  ആ ഏഴു  സഹോദരിമാരും. അവരിലൊരാളുടെ  മകള്‍  ആഹാരം കഴിച്ചിട്ട് ഒന്നര  ദശകത്തോളമായി. നമ്മള്‍ അവളെ  അറസ്റ്റ് ചെയ്ത് മൂക്കിലൂടെ ഒരു  ട്യൂബിട്ട് ആശുപത്രിയില്‍  കിടത്തിയിരിക്കുന്നു. അവളൂടെ  ആവശ്യമെന്തെന്ന്  കേള്‍ക്കാനോ  അതു  നിവര്‍ത്തിച്ചുകൊടുക്കാനോ  നമുക്ക്  കഴിയില്ല.  ആ നാട്ടില്‍ ഡീസലോ ഫോണോ കുക്കിംഗ് ഗ്യാസോ  ജനങ്ങള്‍ക്ക് കിട്ടുകയില്ല. കണ്ണു ചുവപ്പിച്ച് തോക്കുകളും  പിടിച്ച്  അവരെ വിരട്ടുന്ന, സ്ത്രീകളെ ബലാല്‍സംഗം  ചെയ്യുന്ന  സൈന്യമാണ് അവര്‍ക്ക്  ഇന്ത്യ.   
  
നിഡോ ടാനിയാം മറ്റൊരു  സഹോദരിയുടെ മകനാണ്. അരുണാചല്‍ പ്രദേശില്‍  നിന്ന് ഇന്ത്യയുടെ തലസ്ഥാനനഗരമായ  ദില്ലിയില്‍  ബി ബി എ  പഠിക്കാന്‍ വന്നവന്‍..  അവനെ  ജനക്കൂട്ടം അടിച്ചുകൊല്ലുകയായിരുന്നു. വെറും പത്തൊമ്പതു വയസ്സുള്ള  നിഡോ  ചെയ്ത കുറ്റമെന്താണ് ?  അവനും  വെസ്റ്റേണ്‍ പാട്ടും അത് പാടുന്നവരുടെ  ഹെയര്‍ സ്റ്റൈലും ഇഷ്ടമാണ്. അവന്‍  അത് അനുകരിച്ചിരുന്നു. അതിനെച്ചൊല്ലി അവനെ പരിഹസിക്കുകയും അടിച്ചുകൊല്ലുന്നേടത്തോളം  ആ വിരോധം വളര്‍ത്തുകയും  ചെയ്യാന്‍  കഴിയുന്ന  ഇന്ത്യയുടെ  നാനാത്വത്തിലെ  ഏകത്വത്തെ ആലോചിച്ച് ഭയം  തോന്നുന്നില്ലേ?
 
പരിഷ്ക്കാരമില്ലാത്ത മനുഷ്യരെ കാണാത്ത  ഒരു  ഇരുണ്ട  ഗലിയിലൊന്നുമല്ല ,  ജനക്കൂട്ടം ഒരു കുഞ്ഞിനെ അടിച്ചു കൊന്നത്. ലജ്പത് നഗര്‍  എന്ന ദില്ലിയിലെ  ഏറ്റവും തിരക്കു കൂടിയ  മാര്‍ക്കറ്റുകളിലൊന്നിലാണ്.   

ഇന്ത്യയിലെ റേസിസം അപ്പാര്‍ത്തീഡു പോലെ പുറത്തറിയപ്പെടില്ല. 

എല്ലാകൊല്ലവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ  പത്തു പതിനയ്യായിരം ചെറുപ്പക്കാര്‍  അവരുടെ  നാടു വിട്ട്  ഇന്ത്യയിലെ  മറ്റു സംസ്ഥാനങ്ങളിലേക്ക്  വരുന്നുണ്ട്. ജോലി തേടി,  പഠിക്കാന്‍,  അവരുടെ  നാട്ടിലെ  കലാപങ്ങളെ  ഭയന്ന്... അങ്ങനെ പല കാരണങ്ങള്‍ കൊണ്ട്... 

വടക്കുകിഴക്കന്‍  സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അവരുടെ പ്രത്യേകമായ ശാരീരികച്ഛായകള്‍ കൊണ്ട് അതിവേഗം തിരിച്ചറിയപ്പെടുന്നു. ഒറ്റ മടക്കുള്ള നേര്‍ത്ത വര പോലുള്ള  കണ്‍പോളകള്‍ അവരെ ചിങ്കി എന്ന് പരിഹസിച്ചു  വിളിക്കാനുള്ള കാരണമാണ്. അവരുടെ പതുങ്ങിയ മൂക്ക്  ചൈനയോടുള്ള സ്നേഹത്തിന്‍റെയും  വിധേയത്വത്തിന്‍റേയും ലക്ഷണമാണ്.  അവര്‍ക്ക് വൃത്തിയില്ലെന്നും ക്രിസ്ത്യാനികളാണെന്നും  പന്നിയെ  തിന്നുമെന്നും പെണ്ണുങ്ങളെല്ലാം വ്യഭിചരിക്കുമെന്നും  ദില്ലിയിലെ വീട്ടുടമസ്ഥര്‍ വാടകവീട്  നല്‍കാനുള്ള  മടിക്ക്  ന്യായീകരണം  നല്‍കും. ചിങ്കി എന്നു വിളിക്കരുതെന്ന് ഗവണ്മെന്‍റ്  2011ല്‍  ഒരു  നിയമം  നടപ്പിലാക്കിയിട്ടുണ്ട്.  വിളിച്ചുവെന്ന് തെളിഞ്ഞാല്‍ അഞ്ചുകൊല്ലം തടവ് കിട്ടുന്ന കുറ്റമാണത്. എങ്ങനെ തെളിയിക്കുമെന്നത്  വിളി കേട്ട്  അപമാനിതരായവരുടെ  ചുമതലയും.  

ദില്ലി പോലീസ് 2007ലാണ് ഒരു  പുസ്തകമെഴുതിയത്. ഈ എഴു സഹോദരിമാരുടെ മക്കളോട് അവര്‍ ദില്ലിയില്‍ ജീവിക്കേണ്ട  വിധം അനുശാസിക്കുന്നതായിരുന്നു ആ പുസ്തകം. അതനുസരിച്ച്  ടീ ഷര്‍ട്ട് , ബര്‍മുഡ, റാപ്  എറൌണ്ട് ഒക്കെ പോലെയുള്ള  തുറന്ന  വസ്ത്രങ്ങള്‍ ധരിക്കരുത്. ശരീരം  നല്ല  പോലെ മൂടി മറയ്ക്കണം. പിന്നെ  പുളിച്ച  സോയാബീനും  മുളംകൂമ്പും പോലെയുള്ള  തനതു  ആഹാരപദാര്‍ഥങ്ങള്‍  പാകംചെയ്യരുത്. പരിചയമില്ലാത്ത  ആഹാരത്തിന്‍റെ ഗന്ധം ചിലപ്പോള്‍ ദില്ലിയിലെ മറ്റ്  ഇന്ത്യാക്കാരെ  പ്രകോപിപ്പിച്ചേക്കാം.

ആ ഏഴു  സഹോദരിമാരുടെ  മക്കള്‍ക്ക് ഇന്ത്യ ഈസ്  മൈ കണ്‍ട്രി എന്ന്  തോന്നുമോ? എന്നെങ്കിലും...  എന്നും  രാവിലെ സ്കൂളില്‍  പ്രതിജ്ഞ വായിച്ചാല്‍  രാജ്യസ്നേഹം ഉണ്ടാകുമോ?

എനിക്കറിയില്ല.. 

ഞാന്‍ നിഡോവിനെ ഓര്‍ക്കുന്നു. അവന്‍റെ അമ്മയെ ഓര്‍ക്കുന്നു. അവന്‍റെ അച്ഛനെ ഓര്‍ക്കുന്നു.. .

31 comments:

ചന്തു നായർ said...

ഇതൊക്കെയാണു, ഇങ്ങനെ ഒക്കെ ആണ് നമ്മുടെ ഭാരതം അല്ലെ.... എച്ചുമൂ...അദ്യവായന ഞാനാണോ...ആശംസകൾ

മുകിൽ said...

എന്നും രാവിലെ സ്കൂളില്‍ പ്രതിജ്ഞ വായിച്ചാല്‍ രാജ്യസ്നേഹം ഉണ്ടാകുമോ?...ILLLA.

ജന്മസുകൃതം said...

അതനുസരിച്ച് ടീ ഷര്‍ട്ട് , ബര്‍മുഡ, റാപ് എറൌണ്ട് ഒക്കെ പോലെയുള്ള തുറന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. ശരീരം നല്ല പോലെ മൂടി മറക്കണം. പിന്നെ പുളിച്ച സോയാബീനും മുളംകൂമ്പും പോലെയുള്ള തനതു ആഹാരപദാര്‍ഥങ്ങള്‍ പാകംചെയ്യരുത്. പരിചയമില്ലാത്ത ആഹാരത്തിന്‍റെ ഗന്ധം ചിലപ്പോള്‍ ദില്ലിയിലെ മറ്റ് ഇന്ത്യാക്കാരെ പ്രകോപിപ്പിച്ചേക്കാം.

മറക്കണം ..?
ഇടയ്ക്കൊരു യ് കൊടുക്കു
മറയ്ക്കണം
fb yil vayichirunnu.ente manassu ninakku motham thannathalle...pinne verenthu parayaan.

പട്ടേപ്പാടം റാംജി said...

നിസ്സഹായത പെരുകിപ്പെരുകി......

Philip Verghese 'Ariel' said...

എച്മുകുട്ടി No Doubt My India Is Shining!!!
Kashtam thanne yenthoru shining alle!
Nannaayipparanju, chinthaneeyam.
Aashamsakal

ഭാനു കളരിക്കല്‍ said...

ഇന്ത്യൻ ദേശീയത എന്ന കപട ബോധത്തിന്റെ ഇരകൾ . ഗോസായിമാരുടെ വൃത്തികെട്ട ആധിപത്യ മനോഭാവത്തിന്റെ അടിമകൾ.

keraladasanunni said...

ഇത്തരം നടപടികൽ കാരണമാണ് ആ ഭാഗത്തെ ജനങ്ങൾക്ക് ഇന്ത്യ അവരുടെ രാജ്യമാണെന്ന് തോന്നാത്തത്.

the man to walk with said...

ഓരോ ദിവസ്സവും സ്കൂളിൽ പ്രതിജ്ഞ ചെയ്തിരുന്നത് ഓർക്കുന്നു ...
വളരെ സങ്കീർണമാണ് നമ്മുടെ രാഷ്ട്രവും രാഷ്ട്രീയവും ..


All the Best

ഗൗരിനാഥന്‍ said...

നോര്‍ത്ത് ഇന്ത്യ കാണുന്ന ആര്‍ക്കും തോന്നും, അവരെ ഒരു പക്ഷെ ചൈന നന്നായി നൊക്കുമെങ്കില്‍ അവരെ വിട്ടു കൊടുക്കണം എന്നു പറയാന്‍ തോന്നും...ജനമധ്യേ അടിച്ചു കൊല്ലപെടുന്നതിനു ഇതൊന്നും ഒരു കാരണമല്ല എച്മു..അത് മജോരിറ്റി ആരാണോ അവരുടെ വിവേകത്തേയും, മജോരിറ്റി അല്ലാത്തവരുടെ ഭാഗ്യക്കേടിനെ മാത്രം ആശ്രയിക്കുന്നു..ജനമധ്യത്തില്‍ നിന്നും പിടിച്ച് കൊണ്ട് പോയി, തടയാന്‍ ചെന്ന ഭര്‍ത്താവിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്യപെട്ട ബന്‍‌വാരി ദേവികള്‍ ജീവിച്ചിരിക്കുന്നതും, ആത്മഹത്യ ചെയ്യുന്നതു മായ നാടാണ്..അതിനു ആ അമ്മയുടെ മാത്രം മക്കളാകേണ്ട കാര്യമില്ല..

Prabhan Krishnan said...

വല്ലാത്തൊരു അസ്വസ്ഥത. വായനയിലും എത്രയോ ശോചനീയമായിരിക്കാം ആ അവസ്ഥയെന്നചിന്ത പോലും നമ്മെ അസ്വസ്ഥമാക്കുന്നെങ്കില്‍. ഒരുജന്മം മാത്രമല്ല തലമുറകളിലേയ്ക്കും നീണ്ടുപോകുന്ന ഈ ദുരവസ്ഥയില്‍ നീറുന്നവരുടെ ദുരിതങ്ങള്‍ക്കൊരു പരിധിവരെയെങ്കിലുമറുതിവരുത്താന്‍ ആര്‍ക്കുമാകാത്തതുകൊണ്ടോ, ശ്രമമില്ലാത്തതോ..
ഇങ്ങനെ കൂടിയാണ് നമ്മുടെ നാടെന്ന ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി യച്ച്മുസ്,
ആശംസകളോടെ..പുലരി

ഓര്‍മ്മകള്‍ said...

ഇതാണ് നാം ഊറ്റംകൊള്ളുന്ന "നാനത്വത്തില്‍ ഏകത്വം" ...,
രണ്ടു മൂന്നാവര്‍ത്തി വായിച്ചു., ഇഷ്ടമായി എഴുത്ത്.., സസ്നേഹം..

ബൈജു മണിയങ്കാല said...

പണക്കാരെ ജാതിയിലും മതത്തിലും ഉയർന്നവരെ സംരക്ഷിക്കാൻ ആണ് ഭരണം അവര്ക്ക് മാത്രം സുരക്ഷ അവരുടെ വസ്തുവകകൾക്ക് സംരക്ഷണം ഒക്കെ മാത്രമാണ് സ്വാതന്ത്ര്യം കിട്ടി 10-65 വര്ഷം ആയിട്ടും നമ്മൾ കാണുന്ന ഭരണം അത് ആരു മാറി മാറി ഭരിച്ചാലും അങ്ങിനെ തന്നെ ഭൂപരിഷ്കരണ നിയമം നീതി നിയമ നിർവഹണം ദാരിദ്ര്യ നിര്മാര്ജനം ഇതിൽ ഒക്കെ നമ്മൾ ഇനി എത്രയോ ദൂരം സഞ്ചരിക്കാനുണ്ട് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇന്ത്യയിലും അമേരിക്കയിലും ആണ് ഏറ്റവും കൂടി വരുന്നതെന്ന് ഈയിടെ റിപ്പോർട്ട്‌ പുറത്തു വന്നു. ഭരണം അട്ടിമറി ക്കപ്പെടുന്നില്ല തൊട്ടടുത്ത അയൽ രാജ്യത്തെ പോലെ എന്ന് നമ്മുടെ ഭരണഘടന പറഞ്ഞു ഊറ്റം കൊള്ളുമ്പോൾ നമ്മൾ എല്ലാം തികഞ്ഞവരായി. ഇന്ന് രാജ്യ രക്ഷ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കണ്ടു ഞാൻ ഒന്ന് ഞെട്ടി ഫ്രഞ്ച് വിമാനങ്ങൾ വാങ്ങാൻ പണമില്ല എന്ന്. അതായത് ഉള്ള പണം എല്ലാം കൊടുത്തു പോർ വിമാനം വാങ്ങണം എന്നാണോ നമ്മുടെ നയം അതോ പണം ഇല്ലാത്തതു കൊണ്ട് രാജ്യ സുരക്ഷ അപകടത്തിൽ ആണെന്ന് കൂട്ടി വായിക്കണോ. ശതകോടിശ്വരരെ സംരക്ഷിക്കാൻ നമ്മൾ വെറും മനുഷ്യ കവചങ്ങൾ ആയിതീരുന്നു ഓരോ ഭാരതീയനും! എഴുത്തിനോട് ഐക്യ ധാർട്ട്യം പ്രഖ്യാപിച്ചു കൊണ്ട്

Bijith :|: ബിജിത്‌ said...

Chak De India എന്ന സിനിമയിൽ ദേശീയ ഹോക്കി ടീമിലേക്ക് പരിശീലനത്തിനു വന്ന ഈ സഹോദരികളിൽ ഒരാളോട് 'നിങ്ങൾ ഞങ്ങളുടെ പ്രത്യേക അതിഥികൾ ആണ്' എന്നു പറഞ്ഞു സ്വീകരിച്ചിട്ടും എന്തേ മുഖം തെളിഞ്ഞില്ല എന്ന ചോദ്യത്തിനു അവൾ സ്വന്തം വീട്ടിൽ അതിഥിയായി ഇരിക്കേണ്ടി വരുന്നത് സന്തോഷമുള്ള കാര്യമാണോ എന്നു ചോദിക്കുന്നുണ്ട്. ഇന്നും ആ ചോദ്യം എന്നെ പിന്തുടരുന്നു...

നാമൂസ് പെരുവള്ളൂര്‍ said...

ഒരു ജനത ഒന്നായി നിന്ന് ഞങ്ങള്‍ ഭാരതത്തിലെ ആരാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം .? പൗരന്മാര്‍ എന്നാണു ഉത്തരമെങ്കില്‍, പൗരാവകാശങ്ങളെ അവര്‍ ചോദിക്കുമ്പോള്‍ എന്ത് മറുപടിയാണ് നമ്മിലുള്ളത്..?

ഗംഗ മൊത്തം ഇന്ത്യയിലേക്കും കവിഞ്ഞൊഴുകി പരന്നാലും പോകില്ല ജനാധിപത്യത്തിലെ ഈ അഴുക്ക്.!

Rajesh said...

Well said maam.

People from North Eastern states and Kashmir, and also the Muslims from all over India, always have to declare their nationality. What a nation.

Recently I had to say to a PROUD, SHINING,Indian- Please take your wife and your 13 year old girl to Kashmir - dress like Muslims - and live there for at least 3 months and then please come back to say how you felt. If you will still say good things about our Army, I will be your slave. Well, something must have clicked, immediately he went dumb.

I am kind of angry at Irom. She should stop her protest. These animals dont care at all. Even the British would have been more kind.

വീകെ said...

ഇത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരോട് മാത്രമായിട്ടുള്ള ഒരു അവഗണനയെന്ന് പറയാൻ പറ്റില്ല. ഡെൽഹി, മുംബെ നിവാസികൾ ‘മദ്രാസി’യെന്നു പറഞ്ഞ് ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്. എന്തിന്, ഒരു സമയത്ത് ജോലി തേടി മദ്രാസിനു നമ്മുടെ ആളുകൾ പോകുമ്പോഴും ‘തമിഴന്മാർ’ എന്നു പറഞ്ഞാൽ, കറുത്തവരും, കുളിക്കാത്തവരുമായ നാടോടികളായിക്കണ്ട് നമുക്കും അവഞ്ജയായിരുന്നല്ലൊ മൊത്തം തമിഴന്മാരെ..

നാനാത്വത്തിൽ ഏകത്വം എന്നത് കാണാതെ പഠിച്ചതുകൊണ്ട് കാര്യമില്ല. ജനമനസ്സുകളിൽ ആ വികാരം ഒരുപോലെ ഉറവയെടുക്കാനുള്ള പെരുമാറ്റമാണ് എല്ലാവരും മുൻ‌ഗണന നൽകി ഉണ്ടാക്കിയെടുക്കേണ്ടത്. അതോടൊപ്പം അവർണ്ണ സവർണ്ണ ചിന്തയും ജാതിയും ഉന്മൂലനം ചെയ്യപ്പെടണം.
ആശംസകൾ........

Unknown said...

അരുന്ധതി റോയ്‌ ലൈന്‍ ആണല്ലോ.... ഏഴു സഹോദരിമാരെ ഞാന്‍ ഓര്‍ക്കാറുണ്ട്... ബട്ട്‌ എപ്പോള്‍ ഓര്‍ത്താലും എനിക്ക് 6 സഹോദരിമാരുടെ പേരേ ഓര്‍മ്മ വരൂ... ആ ഒരു ഓര്‍മക്കുറവ് ആണ് ഈ പറഞ്ഞ ഇന്ത്യയുടെ സൊ കോള്ഡ് unity in diversity....

ലംബൻ said...

നമുക്ക് കേരളം എന്ന ഒരു രാജ്യം വേണം എന്ന് പറഞ്ഞു സമരം ചെയ്താലോ. ഇപ്പൊ പിന്നെ നമുക്ക് ഇതൊന്നും നമ്മുടെ രാജ്യത്തല്ലലോ എന്ന് പറയാം.

Pradeep Kumar said...

നാനാത്വത്തിൽ ഏകത്വം എന്നത് വെറുതെ കുട്ടികളെക്കൊണ്ട് പരീക്ഷക്ക് കാണാപ്പാഠം പഠിപ്പിക്കാൻ മാത്രമുള്ള ഒരു പല്ലവിയാണ്... ഫെഡറൽ സംവിധാനത്തിനകത്തും AFSPA പോലുള്ള പ്രത്യേക നിയമസംവിധാനങ്ങൾ ഒരു വിരോധാഭാസമാണ്. ഏഴു സഹോദരിമാരുടെ കാര്യത്തിൽ മാത്രമല്ല, അമ്മയുടെ ശിരസ്സിലും, ശരീരത്തിലുമൊക്കെ വിരോധാഭാസങ്ങളുടെ വൃണങ്ങൾ പുഴുവരിക്കുന്നുണ്ട്. ജനാധിപത്യത്തിനുള്ളിൽ ശബ്ദമുയർത്താനും, പ്രതിഷേധിക്കാനുമുള്ള ചിലരുടെ അവകാശത്തെ രാജ്യദ്രോഹമായി മുദ്ര കുത്തപ്പെടുന്നുണ്ട്.... മൗലീകാവകാശങ്ങൾ അനുവദിക്കപ്പെടുന്നതിന് പല മാനദണ്ഡങ്ങളുമുണ്ട്....

ചിന്തോദ്ദീപകമായ കുറിപ്പ്...

Cv Thankappan said...

പ്രതിജ്ഞചൊല്ലി അധികാരമേറ്റതുകൊണ്ടു മാത്രമാകുകയില്ല രാജ്യസ്നേഹം...!
ആശംസകള്‍

A said...

അവര്‍ക്കും കശ്മീരികള്‍ക്കുമൊന്നും ഇന്ത്യ ഇസ് മൈ കണ്‍ട്രി എന്ന് തോന്നാന്‍ ഒരു വകുപ്പും കാണുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ക്കെല്ലാം ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ന്റ് സിസ്റ്റേഴ്സ് ന്നു തോന്നിയാലും മതിയായിരുന്നു. എങ്കില്‍ അവരും ഇന്ത്യയെ കണ്ടെത്തിയേനെ.

ശ്രീനാഥന്‍ said...

വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് അത്ര സുഖകരമല്ലാത്ത കാര്യങ്ങളാണ്. ഇന്ത്യയും സാമ്രാജ്യശക്തിയാണോ എന്നു പരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നവ. ഏഴു സഹോദരികളുടെ ദാരുണാവസ്ഥയിലേക്ക് ശ്രദ്ധ തിരിച്ചതിനു നന്ദി.

Areekkodan | അരീക്കോടന്‍ said...

ഇക്കഴിഞ്ഞ നാഷണൽ യൂത്ത് ഫെസ്റ്റിവലിന് ലുധിയാനയിൽ പോയപ്പോൾ ഈ ഏഴ് സഹോദരിമാരുടേയും മക്കളെ കണ്ടു....ഒരു പരിഭവവുമില്ലാതെ ഇന്ത്യയുടെ മക്കളുടെ കൂടെ അവർ ഒരുമിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുന്നു....അങ്ങത്തന്നെയാവട്ടെ എന്നും...

ajith said...

ക്രൂരമുഖമുള്ള ഒരു ഇന്‍ഡ്യ ഉണ്ട്

ente lokam said...

സ്വാതന്ത്ര്യവും സമത്വവും അധികാരത്തിനും
പണത്തിനും അടിയറവു വെയ്ക്കാത്ത ഒരു
രാജ്യത്തോ ഒരു സ്ഥലത്തോ ജീവിക്കുവാൻ
ഭാഗ്യം ചെയ്യണം....അല്ലാത്ത അവസ്ഥ യുദ്ധം
പോലെ ഭീകരം ആണ് ..ചെറിയ കുട്ടികൾ മുതൽ
മുതിർന്നവർ വരെ അവിടെ അന്തസ്സും ആൽമ
അഭിമാനവും പണയം വെയ്ക്കാൻ വിധിക്കപ്പെട്ടവരും..

പ്രതിഞ്ഞ ചൊല്ലിയാൽ ഒരിക്കലും രാജ്യ സ്നേഹം
ഉൽപ്പാദിപ്പിക്കുവാൻ ആവില്ല...സത്യം എച്ച്മു ...

അനില്‍കുമാര്‍ . സി. പി. said...

സംസ്കാരസമ്പന്നർ എന്നും സമ്പൂർണസാക്ഷരർ എന്നുമൊക്കെ മേനി നടിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഹിപ്പോക്രാറ്റുകളായ നമ്മൾ മലയാളികൾ പോലും നമ്മുടെ നാട്ടിലെത്തുന്ന മറുനാടൻ ജോലിക്കാരോടും മറ്റും എത്ര ക്രൂരമായാണു പെരുമാറുന്നത്!

എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാർ ആണുപോലും!

നനാത്വത്തിൽ ഏകത്വം... മണ്ണാങ്കട്ട!!

Dr Premakumaran Nair Malankot said...

ചിന്തോദ്ദീപകം.
ആശംസകൾ.

റോസാപ്പൂക്കള്‍ said...

നല്ല ലേഖനം എച്ചുമൂ.

mini//മിനി said...

എല്ലാം വെറും തോന്നലുകൾ,,, പണക്കാർ, അധികാരം കൈയിലുള്ളവർ,,, അവർ ആരെ കൊന്നാലും എന്ത് ചെയ്താലും ചോദിക്കാനും പറയാനും നിയമത്തിന്റെ വായ മൂടിക്കെട്ടിയിരിക്കുന്നു,,, ഇന്ത്യ ഈസ് മൈ കണ്ട്ട്രി ????

Muralee Mukundan , ബിലാത്തിപട്ടണം said...

നനാത്വത്തിൽ വെറൈറ്റീസുള്ള
ഏകത്വമല്ലയോ നമ്മുടെ നാട്ടിലുള്ളത് അല്ലേ

കുസുമം ആര്‍ പുന്നപ്ര said...

പത്തു വര്‍ഷം കൊണ്ട് ഇന്‍ഡ്യക്കുണ്ടായ പുരോഗതിയുടെ പരസ്യം റേഡിയോയില്‍ കേട്ടു കേട്ടു മടുത്തു. നാഷണല്‍ ചാനലിലും കാണുമായിരിക്കും. അപ്പോളിതൊക്കെയാണ് പുരോഗതി.