Sunday, May 11, 2014

ആനന്ദി... ആനന്ദിപ്പിക്കുന്നവള്‍.... ആനന്ദിക്കുന്നവള്‍.


തമിഴില്‍ ഒരു നോവലുണ്ട്. ചിത്തിരപ്പാവൈ എന്നാണ് പേര്. അഖിലന്‍ എന്ന് പേരുള്ള ശ്രീ പി എസ് അഖിലാണ്ഡത്തിനു 1973 ലെ ജ്ഞാനപീഠം അവാര്‍ഡ്  നേടിക്കൊടുത്ത പുസ്തകമാണത്. അണ്ണാമലൈ  എന്ന ചിത്രകാരനും അയാളുടെ ആത്മാവിന്‍റെ തന്നെ ഭാഗമായ ആനന്ദിയുമാണ് നോവലിലെ നായകനും നായികയും. കുട്ടിയായിരിക്കുമ്പോഴേ ഞാനീ നോവല്‍ വായിച്ചു കഴിഞ്ഞിരുന്നു. കൃശഗാത്രിയും സാമാന്യം സുന്ദരിയും കഴിവുറ്റൊരു കലാരസികയുമായിരുന്ന ആനന്ദി എന്നിലെ കുട്ടിയില്‍ വലിയ സ്വാധീനമുണ്ടാക്കി. നീണ്ട  തലമുടിയില്‍ മല്ലികപ്പൂ  ചൂടണമെന്നും മാന്തളിര്‍ നിറമുള്ള അധരങ്ങളുണ്ടാവണമെന്നും നല്ല ചിത്രങ്ങളും  ശില്‍പങ്ങളും കണ്ട്  വിലയിരുത്താനും ആസ്വദിക്കാനും  സാധിക്കണമെന്നും എനിക്കാഗ്രഹമുണ്ടായി.

മുകില്‍ എന്നും ആനന്ദി എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങള്‍ സുസ്മേഷ് ചന്ത്രോത്ത് എഴുതിയ ഒരു ചെറുകഥയിലുണ്ട്. ലാല്‍ നഗറില്‍ താമസിക്കുന്ന ഒരാളെക്കുറിച്ചുള്ള കഥയില്‍.  അതു വായിച്ച ദിവസം ഞാന്‍ പഴയ ആനന്ദിയെ എന്‍റെ പുസ്തകങ്ങള്‍ക്കിടയില്‍ പരതിയെങ്കിലും കണ്ടു കിട്ടിയില്ല.    തമിഴ് പുസ്തകം നഷ്ടപ്പെട്ടിരിക്കാനാണിട.  കാലം കുറെ കടന്നു പോയതിനിടയില്‍  മറ്റു പല  സ്വത്തുക്കളുമെന്ന പോലെ  ചിത്തിരപ്പാവൈയും  സമയത്തിന്‍റെ  ഇടവഴികളിലെവിടെയോ വെച്ച്  എന്നില്‍ നിന്ന് വീണുപോയിരിക്കാം.

ആനന്ദി എന്ന പേരിനു എന്നിലൊരു  സ്വാധീനമുണ്ടായത് ഇതുകൊണ്ടൊക്കെയാവാമെന്ന്  പറയുകയായിരുന്നു ഞാന്‍.

ഇപ്പോള്‍ ഞാന്‍ ഒരു  ആനന്ദിയുടെ കൂടെ  ജീവിക്കുകയാണ്. അവള്‍ പൊട്ടിച്ചിരിക്കും , എന്നെയും ചിരിപ്പിക്കും . ഒരു പക്ഷെ, ആനന്ദിയെപ്പോലെ മറ്റാര്‍ക്കും അത്  കഴിയില്ലായിരിക്കാം. 

ആരുമില്ലാത്തവര്‍ക്കും  ഒന്നുമില്ലാത്തവര്‍ക്കും  ചിലപ്പോഴൊക്കെ ഉണ്ടാവാറുള്ള അപാരമായ മനസ്സാന്നിധ്യമാണ് ഈ ആനന്ദിയുടേയും കരുതല്‍ ധനം. 

അമ്മയെ കണ്ട നേരിയ ഓര്‍മ്മയേയുള്ളൂ , അവള്‍ക്ക്. മദേഴ്സ് ഡേയ്ക്ക്  എന്‍റെ മകള്‍ സമ്മാനം തരുമ്പോള്‍ ആനന്ദി അല്‍ഭുതപ്പെട്ടത് അതുകൊണ്ടാണ്. അമ്മയ്ക്കായി വെറും ഒരു ദിവസമോ നമ്മുടെ എല്ലാ ദിവസവും അമ്മയ്ക്കല്ലേ എന്ന് ചോദിച്ച്  എന്നെ വിഷമിപ്പിച്ചത്. 

ഞാനൊരിക്കലും ഒരു നല്ല മകളായിരുന്നില്ല. അമ്മ എന്നെ ഡോക്ടറാക്കാന്‍ മോഹിച്ചു.  ഞാന്‍ ആയില്ല. പോട്ടേ,  സാരമില്ല. ഇംഗ്ലീഷ് സാഹിത്യം പഠിക്കൂ എന്നു പറഞ്ഞു . ഞാന്‍ പഠിച്ചില്ല. തന്നെയുമല്ല,  പഠിത്തം തീരും മുന്‍പേ ഞാനെന്‍റെ  ജീവിതത്തെ  അപകടകരമായ വിധത്തില്‍ പ്രണയത്തിന്‍റെ   ചൂതു കളിയില്‍ നിരത്തി, അങ്ങനെ എന്‍റെ  സര്‍വസ്വവും തുലച്ചു കളയുകയും ചെയ്തു . തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കുകയേ പറ്റൂ എന്ന ലോക നിയമം  അനുസരിച്ചാവാം എന്‍റെ അമ്മയും  അതെല്ലാം  കുടിച്ചിറക്കിയത്. ...

ഞാന്‍ അമ്മയ്ക്ക് സമ്മാനമൊന്നും  കൊടുത്തില്ല.  അങ്ങനെ ഒരു പതിവെനിക്കില്ല. മകള്‍ എനിക്ക്   തന്ന മനോഹരമായ ആശംസാ കാര്‍ഡ് മേശപ്പുറത്ത്  നിവര്‍ത്തിവെച്ച്,  അവള്‍ മുറിച്ച് തന്ന എഗ്ഗ് ലെസ്സ്  കേക്കും കഴിച്ച്  മദേഴ്സ് ഡേ ഞാന്‍ ആഘോഷിച്ചു. 

രാത്രിയില്‍ പാത്രം കഴുകി കമഴ്ത്തുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ ആനന്ദി എന്നോട് സൌദി അറേബ്യയെക്കുറിച്ച് ചോദിച്ചത്. ആ നാട്ടില്‍  എനിക്ക്  പരിചയക്കാരുണ്ടോ എന്നായിരുന്നു അവളുടെ ചോദ്യം. 

ഞാനവളെ ചോദ്യരൂപത്തില്‍ നോക്കി.  

എന്തുകൊണ്ടോ അവളുടെ മുഖം വിളറിപ്പോയതായി എനിക്കു തോന്നി.  ഞാന്‍ പറഞ്ഞു. എനിക്ക് പരിചയക്കാരില്ലെങ്കിലും മീനുവിന്‍റെ  അപ്പാവിനു  ധാരാളം പരിചയക്കാരുണ്ടാവും. സൌദി അറേബ്യയില്‍  നിന്ന് നിനക്കെന്തെങ്കിലും  വേണോ?

അവള്‍ മിണ്ടിയില്ല. 

ഇടയ്ക്കിടെ വിമാനം പറത്തി അദ്ദേഹം പോകുന്നുണ്ടല്ലോ. നീ പറഞ്ഞുകൊള്ളൂ. അദ്ദേഹം കൊണ്ടു വന്നു തരും.

എന്‍റെ വാക്കുകള്‍ മുറിച്ചുകൊണ്ട് അവളുടെ തേങ്ങലുയര്‍ന്നു.

വേണ്ട.... വേണ്ട.... അക്കാ കെഞ്ചികെഞ്ചി ഒന്നും ചോദിക്കണ്ട. ചോദിച്ചാലും ഒന്നും കിട്ടില്ല. ഒന്നും കൊണ്ടു വരാന്‍ കഴിയില്ല
 
ഞാന്‍ സ്തബ്ധയായിരുന്നു പോയി. 

അപ്പോള്‍ ആനന്ദിക്കും എല്ലാമറിയാം.  ഞാനും  മൂര്‍ത്തിയും കൂടി നടത്തുന്ന ഈ അഭിനയം അവള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.

പത്തുപതിനഞ്ചു വര്‍ഷം മുന്‍പ്  മംഗളമേളമുതിര്‍ത്തുകൊണ്ടിരുന്ന  മേളക്കാര്‍ക്കും  അക്ഷതവും അനുഗ്രഹവും  ചൊരിഞ്ഞുകൊണ്ടിരുന്ന ബന്ധുക്കള്‍ക്കുമിടയില്‍ നിന്ന്   പഞ്ചഗച്ഛമുടുത്ത  മൂര്‍ത്തി  മഞ്ഞള്‍ച്ചരടില്‍  മൂന്നുമുടിച്ച തിരുമംഗല്യം എന്‍റെ കഴുത്തിലുണ്ട്.  ...  ഞങ്ങള്‍ നെടുമംഗല്യത്തിനായി അന്ന്   അരുന്ധതീ നക്ഷത്രത്തിനെ ദര്‍ശിച്ചിരുന്നു. അനന്തകോടി  നമസ്ക്കാരങ്ങള്‍ അര്‍പ്പിച്ചിരുന്നു.  ചെറുപ്പം മുതല്‍ എല്ലാ വര്‍ഷവും  ഞാന്‍ സത്യവാന്‍  സാവിത്രീവ്രതം നോറ്റിരുന്നു. വിവാഹശേഷം എന്നും രാവിലെ കുളിച്ചാലുടനെ  തിരുമംഗല്യത്തിനെ സിന്ദൂരം അണിയച്ചിരുന്നു.

ഇപ്പോള്‍ ആ  തിരുമംഗല്യത്തിന്‍റെ  കൂര്‍ത്ത  അറ്റങ്ങള്‍ എന്‍റെ മുലകള്‍കിടയില്‍ ഇറുകി  വേദനിപ്പിക്കുക  മാത്രമേ ചെയ്യുന്നുള്ളൂ. അപ്പോഴെല്ലാം ഞാനതു വലിച്ച്  പുറത്തേക്കിടുകയും  നാശമെന്ന് പ്രാകുകയും ചെയ്യുന്നു.

മനുഷ്യര്‍ക്ക്  എത്ര  പെട്ടെന്നാണ് മാറ്റമുണ്ടാകുന്നത് ! 

മീനു ജനിച്ച വര്‍ഷം  ഒരു പ്രകോപനവുമില്ലാതെ  മൂര്‍ത്തി  പറഞ്ഞു.

എന്‍റെ  മകളുടെ അമ്മയായതുകൊണ്ട് മാത്രം  നിന്നെ  എനിക്ക് മുഴുവനായും ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. അമ്മമാരെ എനിക്ക് എന്നും ബഹുമാനമാണ്.  അവരോട് ആദരവാണ്.  നീയും  മോളും  ഈ വീട്ടില്‍ തുടരുക. ഞാന്‍ എന്‍റെ  മനസ്സിനു പിടിച്ച  എന്നെ  ആഹ്ലാദിപ്പിക്കുകയും  ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന കരോളിനുമൊത്ത്  ജീവിക്കാന്‍ പോകുന്നു. .... നിന്‍റെ ജീവിത നിലവാരത്തില്‍ യാതൊരു  മാറ്റവും  വരാതെ  ഞാന്‍ നോക്കിക്കൊള്ളാം..
 
ചര്‍ച്ചയോ വാഗ്വാദമോ  പ്രതിഷേധമോ കണ്ണീരോ  ഉണ്ടായില്ല. അതിനൊന്നും ഒരു സാധ്യതയുമില്ലാത്തത്ര  ശൂന്യമായിരുന്നു  ഞങ്ങള്‍ നയിച്ച ജീവിതം. ഞങ്ങളുടെ വിവാഹത്തിനു മുന്‍പ്   ഞാന്‍  പുലര്‍ത്തിയ  പ്രേമബന്ധം മൂര്‍ത്തിയ്ക്ക് ക്ഷമിക്കാന്‍ കഴിയുന്ന  കുറ്റമായിരുന്നില്ല.

ആ കുറ്റം ആരും ക്ഷമിച്ചു തന്നിരുന്നില്ല. കാരണം  എന്‍റെ  കാമുകന്‍ കറുത്തവനും താഴ്ന്ന ജാതിക്കാരനും ദരിദ്രനുമായിരുന്നു. അയാള്‍ക്കൊപ്പം  കഴിയുന്നതാണ് ജന്മസാഫല്യമെന്ന്  കരുതിയ എന്നെ എന്‍റെ  അപ്പാ കൊടുത്ത  പണത്തിനു മുന്നില്‍ പൂര്‍ണമായും   മറക്കാന്‍  തയാറായ കാമുകനുമായിരുന്നു  അയാള്‍.  

ഞാന്‍ ലക്ഷങ്ങളാണ് നിന്‍റെ  പ്രേമക്കടലില്‍ കായമായി  കലക്കിയതെന്ന് അപ്പാ എന്‍റെ  കരണത്തടിച്ചപ്പോള്‍  മൂര്‍ത്തിയുടെ വീട്ടുകാര്‍ക്കും മൂര്‍ത്തിക്കും മുന്നില്‍  ഞാന്‍  വീണ വായിക്കുകയും  ഡിഗിരിക്കാപ്പി  നിരത്തുകയും ചെയ്തു.

മീനുവിന്‍റെ  അമ്മ എന്ന ബഹുമാനം  മാത്രം മൂര്‍ത്തി  ആ ജീവിതത്തില്‍  എനിക്കു തന്നു.  മറ്റു  യാതൊന്നും  ഒരിക്കലും തന്നതുമില്ല.  

ഞാന്‍  എന്‍റെ  ബാങ്ക്  ജോലിയുമായി ജീവിച്ചു... മീനുവിന്‍റെ  ഒരു കാര്യത്തിലും  കുറവുണ്ടായിരുന്നില്ല.  അവള്‍ക്കായി  നല്ലൊരു തുക  മൂര്‍ത്തി  എല്ലാ  മാസവും  ബാങ്കിലിട്ടു  തന്നിരുന്നു.  അവളുടെ  കെയര്‍ ഓഫില്‍ എനിക്കും ഈ  നല്ല വീട്ടില്‍  താമസിക്കാന്‍ പറ്റി, കാറും ഡ്രൈവറും ഉണ്ടായി.   

പാലും  മോരും  വെണ്ടക്കയും  പരിപ്പും  പോലെയുള്ള  ആഹാരസാധനങ്ങളുടെ ചെലവ്  മൂര്‍ത്തിയെപ്പോലൊരു വൈമാനികനു  അതിനിസ്സാരമായിരുന്നു.  അതുകൊണ്ട്  എന്‍റെ  ഭക്ഷണച്ചെലവു പോലെയുള്ള  കാര്യങ്ങളെപ്പറ്റി  മൂര്‍ത്തി ഒരിക്കലും  സംസാരിച്ചതേയില്ല. 

വളരെ സാധാരണമായി വീട്ടില്‍ വരികയും മീനുവിനെ കൂട്ടി  സിനിമയ്ക്കും നാടകത്തിനും  കച്ചേരി  ഒക്കെ പോവുകയും  ചെയ്യാന്‍  മൂര്‍ത്തിക്കു  കഴിഞ്ഞിരുന്നു.  ഞാന്‍  കൂടെ പോകുന്നതിലും  മൂര്‍ത്തിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല.  കരോളിനുമൊത്ത് താമസിക്കാന്‍ തുടങ്ങിയതിനുശേഷം ഈ വീട്ടില്‍ ഒരു രാത്രി പോലും മൂര്‍ത്തി  തങ്ങിയില്ല. ജോലിയുണ്ട്... വിമാനം പറത്തണം, വിമാനം  മൂര്‍ത്തിയെ കാത്ത് എയര്‍ പോര്‍ട്ടില്‍ കിടക്കുന്നു,   അമേരിക്ക, ജര്‍മ്മനി, ഇംഗ്ലണ്ട്, ഗള്‍ഫ്  എന്നൊക്കെ  മീനുവിനോട്  തരാതരം പോലെ പറഞ്ഞ്  തികഞ്ഞ മനസ്സാന്നിധ്യത്തോടെ ഇറങ്ങിപ്പോകുവാന്‍ മൂര്‍ത്തിക്കു സാധിച്ചിരുന്നു. 

വര്‍ഷങ്ങളായി ഞങ്ങള്‍ ഇങ്ങനെ  തികഞ്ഞ മെച്യൂരിറ്റിയോടെ  ജീവിക്കുന്നു.

ഇതിനിടയിലും പുരുഷനാല്‍ നിരാകരിക്കപ്പെട്ട സ്ത്രീകളില്‍ സമൃദ്ധമായി കാണുന്ന  അന്യതാബോധവും അപകര്‍ഷതയും എന്നെ  പൂര്‍ണമായും  കീഴ്പ്പെടുത്തിയിരുന്നു. ഒരു കാര്യത്തിലും വേണ്ടതു പോലെ  മുഴുവനായി  ശ്രദ്ധിക്കാന്‍ എനിക്ക് പറ്റിയിരുന്നില്ല.  തോറ്റവളാണ്  എന്ന്  ഞാനെപ്പോഴും  കരുതി.  എന്‍റെ  മകളുടേയും  അമ്മയുടേയും  അനിയത്തിയുടേയും സ്നേഹവും  സാന്നിധ്യവും ഒന്നും  എന്നെ തൃപ്തിപ്പെടുത്തിയില്ല. മൂര്‍ത്തിക്കു  കരോളിനെന്ന പോലെ  എനിക്കും ആരെങ്കിലും  വേണമെന്ന്  എപ്പോഴും  എന്നിലൊരു വാശിയുണരുമായിരുന്നു.  ചില്ലറ  പരിശ്രമങ്ങളൊക്കെ നടത്തി നോക്കിയെങ്കിലും ഒരു  പുരുഷനും  എന്നില്‍ വേണ്ടത്ര  താല്‍പര്യമെടുത്തില്ല.

ഒരു തരം ഇഴയുന്ന  മടുപ്പും ഞാനീ  ഭൂമിയിലേ  ഇല്ലല്ലോ  എന്ന മട്ടിലൊരു  അശ്രദ്ധമായ  ജീവിതവുമായി  കഴിഞ്ഞു കൂടുമ്പോഴാണ്  ആനന്ദി  വീട്ടിലേക്ക് കയറി വന്നത്. 

അഞ്ചാറു മാസം മുന്‍പ്  എന്‍റെ  അനിയത്തിയാണ്  ആനന്ദിയെ എനിക്ക് കൂട്ടായി കൊണ്ടുവന്നത്. ആരുമില്ലാത്ത ഒരു  പെണ്ണാണവളെന്നും അവളെ  ജോലിക്ക് നിറുത്തുന്നത്  ഒരു  പുണ്യമാണെന്നും  അനിയത്തി  അഭിപ്രായപ്പെട്ടു. അനിയത്തിയുടെ  അയല്‍പ്പക്കത്ത്  വീട്ടു ജോലിക്ക്  വന്നതായിരുന്നു ആനന്ദി. ആ വീട്ടുകാര്‍ പൊടുന്നനെ  അമേരിക്കയിലേക്ക് പോയപ്പോള്‍ ആനന്ദി അഡ്രസ്സില്ലാത്തവളായിമാറി.  അങ്ങനെയാണവള്‍  അനിയത്തിയുടെ  വീട്ടിലെത്തിച്ചേര്‍ന്നത്.  

അവള്‍ വന്നപ്പോള്‍ എന്‍റെ  വീട്ടില്‍ ചിരിയുണ്ടായി.. ഒരു  അരുവിയൊഴുകും പോലെ കിലുകിലെ ചിരിക്കുന്നതും  ചിരിപ്പിക്കുന്നതും അവളുടെ  ശീലമായിരുന്നു. അവള്‍  എന്‍റെ  കിടക്കവിരിയിലും  തലയിണ ഉറകളിലും അതിമനോഹരമായ  പൂക്കള്‍ തുന്നി,  എന്നെയും  തുന്നുവാന്‍  പ്രേരിപ്പിച്ചു.  എപ്പോഴും മൂളിപ്പാട്ടുകള്‍  പാടി. അയല്‍പക്കങ്ങളില്‍  പോയി  ചെറിയ  ചെടിക്കമ്പുകള്‍  ചോദിച്ച് , ഉണക്കപ്പുല്ലു  പടര്‍ന്നു  കിടന്ന  മുറ്റത്ത്  അവയെല്ലാം നട്ടു പിടിപ്പിച്ചു. കുറച്ചു നാള്‍ക്കുള്ളില്‍ ഉണങ്ങിവരണ്ടു  കിടന്ന  എന്‍റെ  വീട്ടുമുറ്റത്ത്  ഹരിതാഭയും  തുമ്പികളുമുള്ള ഒരു പൂന്തോട്ടമുണ്ടായി..  

കറിവേപ്പിലയും മല്ലിയിലയുമിട്ട്  സുഗന്ധിയാക്കിയ  കറികള്‍  മാത്രം  ആനന്ദി വിളമ്പിത്തന്നു. അവളുടെ  പാചകം എന്നും സമ്പൂര്‍ണവും വിധിപ്രകാരവുമായിരുന്നു.  

മീനുവിനൊപ്പം  ഷട്ടില്‍  കളിക്കാനും  അവളുടെ  തലയില്‍ എണ്ണ തേച്ചു തിരുമ്മാനും ആനന്ദിക്കിഷ്ടമായിരുന്നു.  മീനുവിനു വേണ്ടി മനോഹരമായ  ചിത്രങ്ങളും അവള്‍  ക്ഷമയോടെ വരച്ചു. കുറഞ്ഞ  ദിവസങ്ങള്‍ക്കുള്ളില്‍ ആനന്ദിയും  മീനുവും  ജ്യേഷ്ഠാനിയത്തിമാരെപ്പോലെ  അടുപ്പമുള്ളവരായി. 

എന്‍റെ  വീട്ടില്‍ മഴവില്ലിന്‍റെ വര്‍ണാഭമായ  പ്രകാശം പരന്നൊഴുകി. തണുത്തുറഞ്ഞ വീടിന് ചൂടും ഉണര്‍വുമുണ്ടായി. കിട്ടിയതെല്ലാം  അനുഗ്രഹവും ഭാഗ്യവുമാണെന്ന്  അവള്‍  സന്തോഷിക്കുകയും  എന്നെ സന്തോഷിക്കാന്‍  പഠിപ്പിക്കുകയും ചെയ്തു. 

ആ ആനന്ദിയാണ്.... 

അമ്മദിനത്തില്‍  എന്‍റെ  മുന്നിലിരുന്നു കരയുന്നത്... 

അടക്കിയ തേങ്ങലിനും കണ്ണിരിനുമിടയില്‍ ആനന്ദി വിമ്മിവിതുമ്പി....  അച്ഛനെ  കുടിച്ചു  വറ്റിച്ച മദ്യവും അമ്മയ്ക്കും അവള്‍ക്കുമായി അച്ഛന്‍ സമൃദ്ധമായി  നല്‍കിയിരുന്ന  അടിയും ചവിട്ടും  അമ്മയുടെ തോരാത്ത കരച്ചിലും മാത്രമാണവളുടെ  ബാല്യകാല സ്മരണകള്‍... 

സൌദിഅറേബ്യയിലേക്ക് അമ്മ  വിമാനം കയറിയ  ദിവസം അവള്‍ ചെന്നൈ പട്ടണത്തില്‍  പോയിട്ടുണ്ട്.  അമ്മ  വീട്ടുവേലക്കാരിയായി  പോവുകയാണെന്ന്  അയല്‍പക്കത്തെ  പാട്ടിയാണവളോട്  പറഞ്ഞത്.  അച്ഛന്‍  അന്നും  പേത്തണ്ണിയില്‍ കുളിച്ച്  ഗ്രാമത്തിലെ റോഡില്‍ വീണ്  കിടക്കുകയായിരുന്നു.

എല്ലാ മാസവും മുടങ്ങാതെ  പണമയക്കുമെന്നും ഇനി നിത്യവും പാട്ടി  ചോറു തരുമെന്നും  അവര്‍  പറയുന്നതു കേട്ട്  നല്ല  കുട്ടിയായി  വളരണമെന്നും  അവളെ  കെട്ടിപ്പിടിച്ച്  അമ്മ തേങ്ങിക്കരഞ്ഞു. അമ്മ  പോയപ്പോള്‍  പാട്ടി ബലൂണും കടലമിഠായിയും വാങ്ങിക്കൊടുത്ത്  അവളെയും  കൂട്ടി  ഗ്രാമത്തിലേക്ക് തിരികെപ്പോരികയായിരുന്നു. 

പിന്നെ  ഒരിക്കലും  അവള്‍  അമ്മയെ കണ്ടിട്ടില്ല.  ആദ്യമാസങ്ങളിലൊക്കെ  അമ്മ  പണമയച്ചിരുന്നു.  പാട്ടി എലുമിച്ചമ്പഴം  സാദവും  ബിരിയാണിയും  കരുവാടുമൊക്കെ  അവള്‍ക്ക്  വിളമ്പിയിരുന്നു.  തലമുടിയില്‍  എണ്ണ തേച്ചു  കൊടുത്തിരുന്നു. അമ്മ  അയച്ച  പണമന്വേഷിച്ച്  വീട്ടില്‍ വന്ന് ബഹളം വെയ്ക്കുന്ന  അച്ഛനെ  വഴക്കു  പറഞ്ഞോടിച്ചിരുന്നു.  

പിന്നെപ്പിന്നെ പാട്ടിക്കവളെ കണ്ടു കൂടാതായി... . പണമയയ്ക്കാതെ അമ്മ  അവളെ കൈ ഒഴിഞ്ഞുവെന്ന് പ്രാകാനും തെറി വിളിയ്ക്കാനും  പാട്ടിക്ക് ഒരു മടിയും ഇല്ലാതായി.. അങ്ങനെ  ഒന്‍ പതു വയസ്സു മുതല്‍  ആനന്ദി  വീടുകളില്‍  പണിക്കു  നില്‍ക്കുകയാണ്... ഇപ്പോള്‍  പത്തുപതിന്നാലു കൊല്ലമായി...   

അമ്മയുടെ  ഒരു  വിവരവുമില്ല... 

കത്തോ പണമോ ഫോണോ  .... യാതൊന്നുമില്ല.  

എന്നാലും  അവള്‍ പ്രതീക്ഷിക്കുന്നു... കാത്തിരിക്കുന്നു.....  അമ്മ വരും... അവളെ കാണാന്‍ അമ്മ വരും... 

ഇല്ലെന്ന് പറയാന്‍  എനിക്ക്  കഴിയില്ല... കഴിയുകയുമില്ല. 

അവള്‍ എന്നോട്  ഹാപ്പി  മദേഴ്സ് ഡേ  എന്ന് പറയുമ്പോള്‍  ഞാനറിയുന്നു...    ആശംസയുടെ  ശരിയായ അര്‍ഥം..  

ഉറങ്ങുന്ന മീനുവിനെ കെട്ടിപ്പിടിച്ചു  കിടക്കുമ്പോള്‍ ഞാന്‍  നനഞ്ഞ കണ്ണുകളോടെ  പ്രാര്‍ഥിക്കുകയാണ്.. 

അമ്മ വരണേ...  ആനന്ദിയുടെ  അമ്മ വരണേ...

26 comments:

പട്ടേപ്പാടം റാംജി said...

അമ്മമാരുടെ കഥകള്‍ കൊണ്ട് സമ്പുഷ്ടമാക്കിയ ഓര്‍മ്മക്കഥ ഇഷ്ടപ്പെട്ടു.
എല്ലാ അമ്മമാര്‍ക്കും ഓരോരു കഥകള്‍ പോലെ എല്ലാ മക്കള്‍ക്കും അമ്മമാരെക്കുറിച്ച് ഓരോരു കഥകള്‍, മക്കള്‍ക്കും.

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ഈ അമ്മ ദിനത്തില്‍ വിത്യസ്തരായ മൂന്ന് അമ്മമാരുടെ കൂടെ ഏതാനും സമയം കഴിഞ്ഞപ്പോള്‍ വീണ്ടും മനസ്സിലായി, അമ്മ സഹനത്തിന്‍റെ നെല്ലിപ്പലകയില്‍ കിടക്കുന്നത് മക്കള്‍ക്കു വേണ്ടിയായിരിക്കുമെന്ന്. അതുകൊണ്ട് തന്നെ പ്രതീക്ഷയുണ്ട്, ആനന്ദിയുടെ അമ്മയും ഒരിക്കല്‍ തിരിച്ചുവരുമെന്ന്..
കഥക്ക് ഭാവുകങ്ങള്‍

ചന്തു നായർ said...

ഷമിക്കുക........ ഞാൻ ഇവിടെ ആനന്ദിയെ കണ്ടില്ലാ...കണ്ടത് എച്ചുമുവിനെ ആയിരുന്നു. ഒരു പ്രഹേളിക പോലെ എച്ച്മു എന്റെ ചുറ്റും പറക്കുന്നു.അകലെ പറന്നുയരുന്ന വിമാനം കാണുന്നു.ലക്ഷ്ങ്ങൾ വാങ്ങി കടന്ന കറുത്ത കാമുകനെ കാണുന്നു.ആ അമ്മയേയും, അനിയത്തിയേയും കാണുന്നു. മീനാക്ഷിയെ കാണുന്നു. കാശിയിലും,മറ്റുമൊക്കെ യാത്ര ചെയ്യുന്ന, യാത്രാ‍ാ വിവരണം എഴുതുന്ന കഥാകാരിയെ കാണുന്നു. ആ കണ്ണുകൾ നിറയുന്നത് കാണുന്നു............ വീണ്ടും എനിക്കൊരു അവതാരിക എഴുതുവാൻ എന്റെ വിരലുകൾ തരിക്കുന്നു. സ്വസ്തി.......

Gireesh KS said...

ഇന്നലെ രാത്രി തന്നെ വായിച്ചു... മനസ്സ് വേദനിച്ചു ..

കല്യാണി രവീന്ദ്രന്‍ said...

അമ്മ വരണേ... ആനന്ദിയുദെ അമ്മ വരണേ...

വേണുഗോപാല്‍ said...

ആനന്ദിയുടെ അമ്മ തിരിച്ചു വരട്ടെ.

അമ്മ ഒരു പ്രതിഭാസമാണ്. ആയത് വാക്കുകളാല്‍ വരച്ചിടുക അസാധ്യമെന്നിരിക്കേ ഇവിടെ എച്മു വരച്ചു ചേര്‍ത്ത ചില അമ്മ ചിത്രങ്ങള്‍ മനസ്സ് നോവിച്ചു.

നല്ല എഴുത്ത്

aneesh kaathi said...

അമ്മ വരണേ എന്നും വരണേ.എന്നാണ് ഇങ്ങനെയൊരു ദിവസം വരുമ്പോള്‍ പറയാന്‍ തോന്നുന്നത്...എല്ലാ അമ്മയും കടല്‍ത്തിരയാണ് എന്നും അലയടിക്കുന്ന തിര.

Mubi said...

മനസ്സ് വേദനിപ്പിക്കുന്ന അമ്മ ചിത്രങ്ങള്‍... എച്ച്മു

റോസാപ്പൂക്കള്‍ said...

എച്ചുമോ...ഇക്കഥയും അസ്സലായി.
ആനന്ദിയെക്കാള്‍ സഹതാപം അര്‍ഹിക്കുന്നിടത്തയിരിക്കും അവളുടെ അമ്മ.
കഥാവസാനം വ്യസനിപ്പിക്കുന്നു

വീകെ said...

ആനന്ദിയുടെ അമ്മ വരും. തീർച്ചയായും വരും...!

Vaisakh Narayanan said...

I wish this is just a fantacy.... lol

saira muhammad said...

ഇഷ്ടപ്പെട്ടു. അമ്മ വരണേ... ആനന്ദിയുദെ അമ്മ വരണേ

saira muhammad said...

ഇഷ്ടപ്പെട്ടു. അമ്മ വരണേ... ആനന്ദിയുദെ അമ്മ വരണേ

vettathan g said...

ഭര്‍ത്താവ് അവഗണിക്കുന്ന ഭാര്യ.ഭര്‍ത്താവ് അടിച്ചും ഇടിച്ചും പേക്കോലമാക്കുന്ന ഭാര്യ,ഇവര്‍ക്കൊക്കെ സമാധാനവും സന്തോഷവും ഉണ്ടാകട്ടെ'

Mubi said...

അമ്മ കഥകള്‍ വേദനിപ്പിച്ചൂലോ എച്ച്മു...

ശ്രീ said...

മദേഴ്സ് ഡേയ്ക്ക് പറ്റിയ കഥ!

UMA said...

എച്ച്മൂന്റെ വാക്കുകളെ വായിച്ച് മിണ്ടാതെ പോകാൻ മാത്രേ ഈയിടെ പലപ്പോഴും എനിക്ക് സാധിക്കാറുള്ളൂ

sunitha said...

ഭാവുകങ്ങള്‍

nalina kumari said...

എനിക്കറിയാവുന്ന ആ കുട്ടിയല്ലേ ആനന്ദി..വൈമാനികൻ ഇവിടെയുള്ള ആളാണ്‌ എച്ച്മു

Pradeep Kumar said...

അനുഭവങ്ങളും ഭാവനയും ചേർത്ത അക്ഷരക്കൂട്ടുകൾ - അനുഭവക്കുറിപ്പെന്നു കരുതി വായന തുടരുമ്പോൾ ഒരു കഥയുടെ ട്രാക്കിലേക്ക് മാറുന്നത് അറിഞ്ഞു. എന്നാൽ കഥ വെറും വിവരണമായിപ്പോയോ എന്ന സംശയത്തോടെയാണ് വായന തുടർന്നത്. പക്ഷേ അവസാനഭാഗം മനസ്സിനെ വല്ലാതെ സ്പർശിക്കുമ്പോൾ കഥയെഴുത്തിന്റെ സാങ്കേതികനൂലാമാലകൾക്ക് പ്രസക്തി നഷ്ടമാവുന്നു......

മിനി പി സി said...

എപ്പോഴും അമ്മയെ ഓര്‍ക്കുന്നുണ്ടെങ്കിലും അമ്മദിനത്തില്‍ വിളിച്ച് ആശംസകള്‍ അര്‍പ്പിക്കുന്നത് ,കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുക്കുന്നത് ഒക്കെ ഒരു സന്തോഷമല്ലേ ...നല്ല കഥ ,ഇഷ്ടായി .

Aarsha Sophy Abhilash said...

അമ്മമാര്‍ക്കായും ഒരു ദിനം ആകാം..
കഥ/ഓര്‍മ്മക്കുറിപ്പ്/അനുഭവം അങ്ങനെ പലതില്‍ കൂടി പോയത് പോലെ തോന്നി കലേച്ചി...

ബിലാത്തിപട്ടണം Muralee Mukundan said...

ആനന്ദമില്ലാത്ത ആനന്ദിയുടെ
കഥ അനുഭവവും ഭാവനയു കൂട്ടികലർത്തി
അസ്സലായി അവതരിപ്പിച്ചിരിക്കുന്നൂ...

ajith said...

ആനന്ദിയും അമ്മയും എച്മുവും ചേര്‍ന്ന് മനോഹരമാക്കിയ കഥ

Suresh Aruna said...

വളരെ നന്നായിരിക്കുന്നു ആനന്ദിയുടെ അമ്മ വരണമെന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു

SANDEEP PALAKKAL said...

Enjoyed and loved the story:)