Thursday, May 22, 2014

ദൌലത്താബാദ് ദുര്‍ഗം


https://www.facebook.com/groups/yaathra/permalink/634245446665513/

(ഫേസ് ബുക്കിലെ  യാത്രാഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് )

ഔറംഗാബാദിലെ പ്രശസ്തമായ സാരിയാണ് പൈഠനി. അതു നെയ്യുന്നതു കാണണമെന്നുണ്ടായിരുന്നു.  കലൈഡോസ്കോപിക് കളര്‍ പാറ്റേണുകളും മയിലിന്‍റേയും തത്തയുടേയും മൈനയുടേയും രൂപങ്ങള്‍ നെയ്ത് ചേര്‍ത്ത പല്ലവുകളുമായി സില്‍ക്കിലും കോട്ടണിലും ലഭിക്കുന്ന പൈഠനി സാരികള്‍  ആകര്‍ഷകമായ ഒരു  കലാരൂപമാണ്. കാലി ചന്ദ്രകല ( ബ്ലാക് ആന്‍ഡ്  റെഡ് )  രഘു ( പാരറ്റ് ഗ്രീന്‍ )   ഷിരോദക്  ( തൂവെള്ള ) എന്നിങ്ങനെ  വിവിധ നിറങ്ങളുടെ  അടിസ്ഥാനത്തില്‍ വിഭജിച്ച്  പേരുകള്‍  നല്‍കപ്പെട്ട സാരികള്‍ക്ക്  ആറായിരം മുതല്‍ പതിനയ്യായിരം  രൂപ  വരെ  വില വരുമത്രേ.  

സാരി നെയ്യുന്നിടം നോക്കി  നടന്നാണ്  പലതരം  ഥാലികള്‍ വിളമ്പുമെന്ന്  പരസ്യപ്പെടുത്തിയ  വിശാലമായ ധാബയില്‍  ചെന്നു കയറാനിടയായത്. ഗുജറാത്തി,  മറാഠി, പഞ്ചാബി, രാജസ്ഥാനി എന്ന്  തുടങ്ങി  എല്ലാ  സംസ്ഥാനങ്ങളുടേയും പേരുകള്‍ പുറത്തെഴുതി വെച്ചിരുന്നെങ്കിലും ഉരുളക്കിഴങ്ങും  വഴുതനങ്ങയും പരിപ്പും ചപ്പാത്തിയും  ചോറുമാണ്  തിരിച്ചും മറിച്ചും  വിളമ്പുന്നതെന്ന്  കുറച്ചു  കഴിഞ്ഞപ്പോഴേ  മനസ്സിലായുള്ളൂ.  എങ്കിലും അവര്‍ വിളമ്പിയ  ഛാസ്  എന്ന മല്ലിയിലയും  ചാട്ട്  മസാലയും ഉപ്പും  ചേര്‍ത്ത  സംഭാരം ഉഷാറായിരുന്നു. 

ധാബകള്‍  ഏറ്റവും  ഭംഗിയായി നടത്തുന്നതിലും, മായം കലരാത്ത  രുചിയുള്ള ഭക്ഷണവും ശുദ്ധജലവും   നല്‍കുന്നതിലും മികച്ചു നില്‍ക്കുന്നത് സര്‍ദാര്‍ജിമാര്‍ തന്നെയാണെന്നാണ് എന്‍റെ  യാത്രാനുഭവം. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരുപക്ഷെ,  നിത്യവും  ലങ്കാര്‍ നല്‍കുന്ന  ഗുരുദ്വാരകളുടെ  വിശ്വാസസംസ്ക്കാരമാവാം സര്‍ദാര്‍മാരെ  അതിനു പ്രേരിപ്പിക്കുന്നത് . അല്ലെങ്കില്‍ ലോകത്തിന്‍റെ  വിവിധഭാഗങ്ങളില്‍  എത്തിച്ചേര്‍ന്ന്   വിജയകരമായി ജീവിതം കരുപ്പിടിപ്പിച്ചതിനു  വേണ്ടി വന്ന അലച്ചിലിന്‍റെയും അധ്വാനത്തിന്‍റെയും സ്മൃതിപ്പെരുക്കങ്ങളാവാം.

ഔറംഗാബാദില്‍  പോയാല്‍ ഷെയര്‍ ഓട്ടോ ഡ്രൈവര്‍മാര്‍  ചോദിക്കാതിരിക്കില്ല.  ബീബി കാ മക്ബറ കണ്ടുവോ ?  ദൌലത്താബാദ് കോട്ട കണ്ടുവോ ? പതിനാറു കിലോ മീറ്റര്‍  ആണ് കീക്കര്‍ മരങ്ങള്‍  നിറഞ്ഞ ഔറംഗാബാദില്‍ നിന്നും ബി സി  100 മുതലുള്ള ചരിത്രം  പേറുന്ന  ദൌലത്താബാദിലേക്കുള്ള ദൂരം. 

ഉച്ചഭക്ഷണം കഴിച്ചിട്ടാണ് ദൌലത്താബാദ്  ഫോര്‍ട്ടിലെത്തിയത്.  അതുവരെ  സൂര്യന്‍ കോപാകുലനായി  സ്വന്തം  രശ്മികളാല്‍   കുത്തിത്തുളച്ച്  വറുത്തെടുക്കുന്നുണ്ടായിരുന്നു. ആവി പാറുന്ന ഈ  ചൂടുകാലത്തല്ല നല്ല  മഴക്കാലത്താണ് ഫോര്‍ട്ട്  കാണേണ്ടതെന്ന് ഓട്ടോക്കാര്‍  ഓര്‍മ്മിപ്പിക്കാതിരുന്നില്ല. അത് കേട്ടിട്ടെന്ന മാതിരി  പൊടുന്നനെ  കനത്ത മഴക്കാറില്‍   മൂടിയ ദൌലത്താബാദിന്‍റെ  ആകാശം  മഴയൊന്നും  പൊഴിച്ചില്ലെങ്കിലും സൂര്യനെ  കാര്‍മേഘങ്ങളുടെ  കറുത്തിരുണ്ട പനങ്കുലത്തലമുടിയില്‍  അതിവിദഗ്ധമായി ഒളിപ്പിച്ചു തന്ന്  രാജകീയമായ ഒരു  ആതിഥ്യമരുളി. തണുത്ത കാറ്റിന്‍റെ  അകമ്പടിയുമായപ്പോള്‍  അതൊരു അപൂര്‍വമായ  അനുഗ്രഹമായി  എന്നെ  ആഹ്ലാദിപ്പിച്ചു.

ഇന്ത്യയില്‍ എത്രയോ അനവധി കോട്ടകള്‍ ഉണ്ട്... ആരെല്ലാമാണ്  ഇവയൊക്കെ  പണിതു കൂട്ടിയത്.... അവരുടെ  പേരുവിവരമൊന്നും ആര്‍ക്കുമറിയില്ല. അവ  പണിയിച്ച  ചക്രവര്‍ത്തിമാരുടെ പേരുകള്‍ മാത്രമേ  ഓര്‍ക്കപ്പെടാറുള്ളൂ.  എന്നും എല്ലാ  കാലത്തും  അതങ്ങനെ തന്നെയാണ്... വീടു  പണിത മൂത്താശാരിയുടെ പേര്.. പ്രധാന മേസ്തിരിയുടെ പേര്.. ആവോ .. കേശവനോ പുരുഷോത്തമനോ... ആരോ ... എന്നാല്‍  വീട്,  എപ്പോഴും  അത്   പണിയിച്ച... കുറച്ചു കാലമെങ്കിലും  അവിടെ താമസിച്ച ആളുടെ പേരില്‍ അറിയപ്പെടുന്നു.. 

ദൌലത്താബാദ്   കോട്ടയും വ്യത്യസ്തമല്ല. 

ചാലൂക്യരാജാക്കന്മാരില്‍  നിന്ന്  തെറ്റിപ്പിരിഞ്ഞുണ്ടായ യാദവരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നുവത്രേ  ഇവിടം. എ ഡി 1127ല്‍  ബില്ലമ രാജാവാണിത് പണിയിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് ഇവിടം ദേവഗിരി  എന്നറിയപ്പെട്ടു. ഡക്കാണ്‍ പീഠഭൂമിയില്‍ ഏകദേശം അറുനൂറടി ഉയരത്തിലാണ്  ദൌലത്താബാദ്. നടപ്പിലാക്കാന്‍ പ്രയാസമായ വൈചിത്ര്യങ്ങളെ  തുഗ്ലക്  പരിഷ്ക്കാരങ്ങള്‍  എന്ന്  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും പരിഹസിക്കാറുണ്ടല്ലോ. ആ  പ്രയോഗത്തിനു കാരണമായ പരിഷ്ക്കാരങ്ങളുമായി, പതിമ്മൂന്നാം നൂറ്റാണ്ടില്‍ ദില്ലി  സുല്‍ത്താനായിരുന്ന  മുഹമ്മദ് ബിന്‍ തുഗ്ലക്, ബില്ലമ രാജാവ് പണിയിച്ച ഈ കോട്ടയെ സ്വന്തമാക്കുകയും അതുവരെ  ദേവഗിരി എന്നു  പേരുണ്ടായിരുന്ന ഈ സ്ഥലത്തിനു  ദൌലത്താബാദ്  എന്ന്  പേരിടുകയും ചെയ്തു. ഭാഗ്യത്തിന്‍റെ  നഗരം എന്നാണത്രേ  ദൌലത്താബാദ്  എന്ന  പേരിനു അര്‍ഥം.   തലസ്ഥാനം ദില്ലിയില്‍ നിന്ന്  രാജ്യത്തിന്‍റെ മധ്യ ഭാഗത്തേക്ക് മാറ്റാന്‍ തീരുമാനിച്ച  മുഹമ്മദ് ബിന്‍തുഗ്ലക്  ദില്ലി  നിവാസികളെ  ദൌലത്താബദിലേക്കാണ് താമസം മാറ്റാന്‍ ആജ്ഞാപിച്ചത്. ഡക്കാണ്‍ വരെ   വന്ന  ജനത  അക്കാലത്ത് എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ടാവണം. 

യാദവരാജാക്കന്മാരെ എഡി 1296 ല്‍  അലാവുദ്ദീന്‍ ഖില്‍ജി  തോല്‍പിച്ചെങ്കിലും അന്നത്തെ രാജാവായ  രാമചന്ദ്രദേവയെ തന്നെ സാമന്തനായി തുടര്‍ന്നു ഭരിക്കാന്‍ അനുവദിച്ചു.  1312 നു  മുന്‍പ്  മാലിക് കാഫറും അതിനെത്തുടര്‍ന്ന് കുതുബ് ദിന്‍ ഷാ ഖില്‍ജിയും ദേവഗിരി ആക്രമിച്ചു. അതിനുശേഷമാണ് മുഹമ്മദ് ബിന്‍ തുഗ്ലക് ഇവിടം സ്വന്തമാക്കിയത്. അടുത്ത ഊഴം  ബാഹ്മനി സുല്‍ത്താന്മാരുടേയും നിസാം ഷാഹിമാരുടേയുമായിരുന്നു. എ ഡി  1633ല്‍  ജഹാംഗീര്‍ ഈ കോട്ട പിടിച്ചടക്കി. ഔറംഗസേബിനു ശേഷം മറാത്ത ഭരണവും പേഷ്വാ ഭരണവുമുണ്ടായി. ഒടുവില്‍ എ ഡി 1724 ല്‍  ഹൈദരാബാദ് നിസാം ഇവിടെ അധികാരമുറപ്പിച്ചു. ഇന്ത്യ സ്വതന്ത്രമാകും വരെ  ഈ കോട്ട നിസാമിന്‍റേതായി തുടര്‍ന്നു. കോട്ട കൈവശപ്പെടുത്താന്‍ മാത്രമല്ല   ബലപ്പെടുത്താനും ഈ  രാജാക്കന്മാരെല്ലാവരും  പ്രയത്നിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ  പലതരം നിര്‍മ്മാണരീതികള്‍ ഈ കോട്ടയെ അലങ്കരിക്കുന്നു.

95  ഹെക്ടര്‍  വിസ്തീര്‍ണത്തില്‍ വ്യാപിച്ച കോട്ട അതിഗംഭീരമാണ്. തുടക്കത്തിലേ  ഒരു  വീതി കുറഞ്ഞ പാലവും  കരിങ്കല്ലില്‍  കുഴച്ചെടുത്ത്  ഉയരങ്ങളെ  അളക്കുന്ന  നടപ്പാതയും  കോട്ടയെ  സുരക്ഷിതമാക്കുന്നു. അത്രയും പഴയ  കാലഘട്ടത്തില്‍  നിര്‍മ്മിക്കപ്പെട്ടിട്ടും  ഇപ്പോഴും  വലിയ  കേടുപാടുകളില്ല. ആ കോട്ടയെ  പൂര്‍ണമായും കീഴടക്കുന്നത് ഒട്ടും   എളുപ്പമല്ലെന്ന്  കോട്ട  ചുറ്റി   നടന്നു കണ്ടപ്പോള്‍  എനിക്ക്  മനസ്സിലായി. കുത്തനെയുള്ള  ഒരു കുന്നിലാണ് കോട്ട. കുന്നാണെങ്കില്‍  കൂറ്റനൊരു  കിടങ്ങിലേക്ക്  പരന്നൊഴുകുന്നു. നാല്‍പതടിയോളം  ആഴമുണ്ട്  ആ കിടങ്ങിന്.   കിടങ്ങില്‍  കൂറ്റന്‍  മുതലകളെ  വളര്‍ത്തിയിരുന്നു. അവക്കു  പുറമേ   അകത്തേക്കു വലിച്ചെടുക്കാവുന്ന  മരപ്പാലങ്ങളും  കിടങ്ങിനെ കടന്നു പോകാന്‍ പറ്റാത്ത  മരണക്കെണിയാക്കിയിരുന്നു.  

അഞ്ചു കിലോമീറ്റര്‍  ചുറ്റളവില്‍  ഏകദേശം  ഒമ്പതു മീറ്റര്‍  ഉയരത്തില്‍ മൂന്നു മീറ്ററോളം  കനത്തില്‍  കോട്ടമതിലുണ്ട്.  ഇടക്കിടെ  പ്രത്യക്ഷപ്പെടുന്ന  കനത്ത  അറകള്‍  കാവല്‍പ്പുരകളായും ധാന്യപ്പുരകളായും  ആയുധപ്പുരകളായും പ്രവര്‍ത്തിച്ചിരുന്നു.  കൃത്രിമമായി  നിര്‍മ്മിച്ച  കിഴ്ക്കാന്തൂക്കായ  ചരിവാകട്ടെ  കോട്ടമതിലിനെ തികച്ചും അപ്രാപ്യമാക്കുന്നു. അതിനുള്ളില്‍ കുറെ  അകമതിലുകളും അവയ്ക്കെല്ലാം പടു കൂറ്റന്‍ ഇരുമ്പ് ഗേറ്റുകളുമുണ്ട്. മുള്ളുകള്‍ പിടിപ്പിച്ചിരുന്നു    ഇരുമ്പ് ഗേറ്റുകളില്‍. .. അതുകൊണ്ട് സൈന്യത്തിലെ ആനകള്‍ ഈ പടിവാതിലുകളെ  ആക്രമിക്കാന്‍  മടിച്ചു നിന്നിരുന്നു.

സമതലത്തിലും കുന്നിലുമായി വിന്യസിക്കപ്പെട്ട കോട്ട സാധാരണ ജനങ്ങള്‍ക്കായി അംബര്‍ കോട്ടയെന്നും   സമൂഹശ്രേണിയിലെ  ഉയര്‍ന്ന ജനങ്ങള്‍ക്കായി  മഹാകോട്ടെന്നും  രാജകുടുംബത്തിനായി  കലാകോട്ടെന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. കോട്ടയില്‍  പടികെട്ടുകളുള്ള കിണറുകളും ജലസംഭരണികളും  അന്തപുരവും വിവിധ കൊട്ടാരക്കെട്ടിടങ്ങളും അമ്പലങ്ങളും പള്ളികളും  പാറ തുരന്നുണ്ടാക്കിയ പത്തോളം  ഗുഹകളുമുണ്ട്. 
   
കൂറ്റനൊരു  ജലസംഭരണിയുണ്ട്  പ്രവേശനകവാടത്തിനരികിലായി. സൈന്യത്തിനാവശ്യമായ ജലം  അതില്‍ സംഭരിച്ചിരുന്നു.  അതും  കുറച്ചു കാലത്തേക്കാവശ്യമായതൊന്നുമല്ല. ആറുമാസത്തേക്ക് വേണ്ട  വെള്ളം. ശത്രുക്കള്‍ കോട്ട  ഉപരോധിച്ചാലും സൈന്യത്തിനു വെള്ളം ലഭ്യമാകുമായിരുന്നു. ശുദ്ധജലത്തിനും  അഴുക്കുവെള്ളത്തിനുമായി   മണ്‍പൈപ്പുകള്‍  വിന്യസിച്ചിരിക്കുന്നത്  ആരേയും അല്‍ഭുതപ്പെടുത്തും.  

മറ്റൊന്ന്  ആനക്കുളമാണ്.  ഏകദേശം നാല്‍പത്തെട്ട്  മീറ്റര്‍  നീളവും നാല്‍പത്താറു മീറ്റര്‍  വീതിയും ഏഴു മീറ്റര്‍ ആഴവുമുള്ള ഈ കുളത്തില്‍  ആനകള്‍ ആഹ്ലാദത്തോടെ  നീരാടിയിരുന്നു എന്നാണ് കഥകള്‍. കുളത്തിനെ ഹാത്തി ഹൌഡ് എന്ന് വിളിക്കുന്നു.  

പിന്നെയും മുകളിലാണ് ഭാരത് മാതാ അമ്പലം. ഭാരത് മാതാവിന്‍റെ ഉണ്ടക്കണ്ണും തുറിച്ച കവിളുകളും അഞ്ചെട്ടു കൈകളുമെല്ലാം കണ്ടാല്‍ കരച്ചിലും  ചിരിയും ഒപ്പം  വരും.  അതൊരു  ജൈന അമ്പലമായിരുന്നു. 1318 ല്‍ കുതുബ് ദിന്‍  മുബാരക്  അതൊരു  മോസ്ക്  ആക്കി  മാറ്റി  ജാമി മസ്ജിദ് എന്ന്  പേരിട്ടു.  അടുത്തിടെയാണ് അതൊരു ഹിന്ദു  അമ്പലമായി  മാറിയത്.  നൂറ്റമ്പതു തൂണുകളുണ്ട്  ആ അമ്പലത്തില്‍. ഭക്തിയോ രാജ്യസ്നേഹമോ  ഒന്നും  ഉണര്‍ത്താന്‍  പ്രാപ്തമല്ല  ആ ഭാരത് മാതാവിന്‍റെ  രൂപം. അവിടെ പുരട്ടിയിരിക്കുന്ന  കാവിച്ചായത്തിനു  ഒരിറ്റു പോലും  സൌന്ദര്യവുമില്ല. 

കോട്ടയില്‍ ഉയര്‍ന്നു കാണുന്ന ചാന്ദ്മിനാര്‍ ഈ  അമ്പലത്തിനു തൊട്ടപ്പുറത്താണ്. ഇരുനൂറ്റിപ്പത്തടി ഉയരത്തിലുള്ള  മിനാരത്തിനു എഴുപതടി വ്യാസമുള്ള അടിത്തറയാണുള്ളത്. കുത്തബ് മിനാറിന്‍റെ  ഒരനുകരണമാണ് ചാന്ദ് മിനാര്‍.  മൂന്ന് കമനീയമായ ബാല്‍ക്കണികള്‍ മിനാറിലുണ്ട്. പണ്ട്  കാലത്ത് മിനാറിന്‍റെ  ഇരുനൂറ്റിപ്പത്തടി നീളം മുഴുവന്‍ വിലയേറിയ  പേര്‍ഷ്യന്‍ റ്റൈലുകള്‍  പതിച്ചിരുന്നു.  എന്തൊക്കേയോ  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ട്  ചാന്ദ് മിനാര്‍  കാണുന്നതിനു വാതിലുകള്‍ അടച്ചുവെച്ചുകൊണ്ടുള്ള  വിലക്കുണ്ടായിരുന്നു. എങ്കിലും ആ  സുന്ദരനിര്‍മ്മിതി  ആരുടേയും മനം കവരുക തന്നെ ചെയ്യും.1445 ല്‍  ബാഹ്മനി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ബാഹ്മനി  ദൌലത്താബാദ്  ദുര്‍ഗം  കീഴ്പ്പെടുത്തിയപ്പോള്‍  ഉയര്‍ത്തിയ വിജയ സ്തംഭമാണ് ചാന്ദ്മിനാര്‍. 

വളരെ  മനോഹരമായ ഒരു  കെട്ടിടമായിരുന്നു ചീനിമഹല്‍. ഇന്നത്  ഏകദേശം നശിച്ചു കഴിഞ്ഞിരിക്കുന്നു. ഈ കെട്ടിടത്തിലാണ് ഗോല്‍ക്കൊണ്ട  ഭരിച്ചിരുന്ന അബുല്‍ ഹസ്സനെ മുഗള്‍ ചക്രവര്‍ത്തിയായ  ഔറംഗസീബ് 1687 മുതല്‍ പതിമൂന്നു വര്‍ഷത്തോളം തടവിലിട്ടത്.  കുതുബ്ഷാഹി രാജവംശത്തിലെ അവസാന രാജാവായിരുന്നു അബുല്‍ ഹസ്സന്‍. 

ഘനമേറിയ  അടരുകളുള്ള  കോട്ടമതിലുകളാല്‍ ചുറ്റപ്പെട്ട രഹസ്യ  മാര്‍ഗങ്ങളുടെ  അവസാനമില്ലാത്ത തുടര്‍ച്ചയാണ്  കോട്ടയിലേക്കുള്ള  നടപ്പാതയെന്ന്  ചീനിമഹലില്‍ നിന്ന് മുന്നോട്ട്  പോകുമ്പോള്‍  നമ്മള്‍ ശരിക്കും മനസ്സിലാക്കാന്‍ തുടങ്ങും.   അതില്‍ ശത്രുവിന്‍റെ   തലയില്‍ പന്തമെറിയാനും തിളച്ച എണ്ണ കമിഴ്ത്താനും വാതിലടച്ച്  പുകയിടാനും  സൂത്രങ്ങളുണ്ട്. കരിങ്കല്ലിന്‍റെ  എണ്ണക്കുടങ്ങള്‍ അനവധിയുണ്ട് ആ  വഴിത്താരയില്‍.    ഗുഹാമുഖമെന്ന് തെറ്റിദ്ധരിപ്പിച്ച് വിചിത്രവഴികളി ലൂടെ  അലയാന്‍  വിടുന്ന കണ്‍കെട്ടു  വിദ്യയുണ്ട്.
വിചിത്ര  വഴികളില്‍  നടക്കുക  ഒട്ടും  എളുപ്പമല്ല.  എന്നാല്‍  അന്ധേരി ( ഇരുട്ട്  വഴി ) എന്ന    വഴിയിലൂടെ  മാത്രമേ  കോട്ടയില്‍  പ്രവേശിക്കാന്‍ കഴിയൂ താനും.  കൂടെ യാത്ര ചെയ്ത പതിനഞ്ചുകാരന്‍ എന്നെ  വിലക്കി.  ആന്‍റിയെപ്പോലെ വയസ്സായവര്‍ക്ക്    വഴിയൊക്കെ കഷ്ടം! എന്ന് അവന്‍  സഹതപിച്ചു.  താഴോട്ടിറങ്ങുന്ന പാത  അപ്രതീക്ഷിതമായി മുകളിലേക്കുയരുകയും പിന്നെയും താഴുകയും തിരിയുകയും  ചെയ്യും.  നീളവും വീതിയും  കുറഞ്ഞ അനേകം  തലങ്ങളുള്ള  പടവുകളില്‍, അനവധി വളവു തിരിവുകളില്‍ നല്ല  ഇരുട്ടിലെ തപ്പിത്തടയലുകളില്‍ ആ  വഴി  കോട്ടയിലെ ഇന്നും  വെള്ളം നിറഞ്ഞു   കിടക്കുന്ന  കിടങ്ങിലേക്കും  തുറക്കുന്നുണ്ട്.  ഇന്നത്  മൂടപ്പെട്ടിട്ടുണ്ടെങ്കിലും വഴി തെറ്റിപ്പോയ അനവധി ശത്രുക്കള്‍ കിടങ്ങുകളിലെ മുതലകള്‍ക്ക് ആഹാരമായിട്ടുണ്ടാവും. എല്ലാറ്റിനും  പുറമേ    ഇരുണ്ട വഴികളില്‍   തലകീഴായിത്തൂങ്ങുന്ന ആയിരക്കണക്കിനു വവ്വാലുകളാകട്ടെ സന്ദര്‍ശകരെ  ഒട്ടും തന്നെ ഗൌനിക്കാതെ സ്വന്തം കാര്യങ്ങളില്‍ വ്യാപൃതരുമായിരുന്നു... എന്നുവെച്ചാല്‍ അവര്‍ അപ്രതീക്ഷിതമായി ചിറകടിച്ച് പറന്നുയരുകയും സന്ദര്‍ശകരെ ഭയപ്പെടുത്തുകയും  ചെയ്യുന്നുണ്ടായിരുന്നു. അന്ധേരി കടന്നു കഴിയുമ്പോള്‍ സത്യത്തില്‍ ഏതോ  വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതീതിയുണ്ടാകും. 

പീരങ്കികളുടെ  വലിയൊരു ശേഖരമുണ്ട്  ഈ കോട്ടയില്‍.  പ്രവേശനകവാടത്തിനടുത്തായി ആംഖാസ് ഗേറ്റിനോട്  ചേര്‍ന്ന്  അവയെ ഒരുക്കി നിറുത്തീട്ടുണ്ട്. അവിടെ സമാധാനത്തിന്‍റെ ചിഹ്നമായി വെളുത്ത   പ്രാവുകള്‍  ഇരുന്നു  കുറുകുന്നുണ്ടായിരുന്നു.  അതൊരു  വിധിവൈപരീത്യമായി  തോന്നിച്ചു, ഇരുമ്പിലും ചെമ്പിലും തീര്‍ത്ത ഈ  പീരങ്കികള്‍ അസുലഭമായ  ശില്‍പചാതുര്യം പേറുന്നു.1638ലും  1642 ലും  ആംസ്റ്റര്‍ഡാമില്‍  നിര്‍മ്മിച്ച പീരങ്കികളും ഈ  കോട്ടയിലുണ്ട്. 

ചീനിമഹലിനു സമീപമായി കോട്ടയുടെ  കൊത്തളത്തില്‍  ഒരു  വലിയ സ്തൂപമുണ്ട്. അവിടെ  അഞ്ചര മീറ്റര്‍ ഉയരത്തിലാണ് പീരങ്കി മേട  സ്ഥാപിച്ചിരിക്കുന്നത്.  മുട്ടനാടിന്‍റെ  തല പോലെ തോന്നിക്കുന്ന ഒരറ്റമാണ് പീരങ്കിയ്ക്കുള്ളത്. മേന്ഥ മേടയെന്ന് അതറിയപ്പെടുന്നു. ഔറംഗസീബിന്‍റെ ഭരണകാലത്താണ് ഇതുണ്ടാക്കിയത്.  
  
അകത്തെ  കോട്ടയ്ക്കു ചുറ്റും വലിയൊരു കിടങ്ങുണ്ട്. അതിലിന്നും പന്ത്രണ്ട് മീറ്ററോളം ആഴത്തില്‍ വെള്ളമുണ്ട്. കിടങ്ങ് കടക്കാന്‍ ഇരുമ്പ് പാലവും. പണ്ട്  അതൊരു തുകല്‍പ്പാലമായിരുന്നു. ശത്രുക്കള്‍  വരുമ്പോള്‍ തുകല്‍പ്പാലം ഉള്ളിലേക്ക് വലിക്കപ്പെടുമായിരുന്നു.

പിന്നെയും മുകളിലായി  ബരാദാരി എന്ന കെട്ടിടമുണ്ട്. കല്ലും  കുമ്മായവും മാത്രം ഉപയോഗിച്ച് പന്ത്രണ്ട് ആര്‍ച്ചുകളിലായി പതിമൂന്നു ഹാളുകള്‍  ചെയ്തെടുത്ത വൃത്താകാരമായ ഒരു  മനോഹര നിര്‍മ്മിതി. ഒരു  ചക്രവര്‍ത്തിയുടെ  ഇരിപ്പു പോലെ  ഗാംഭീര്യമാര്‍ന്ന  കെട്ടിടം. ഷാജഹാന്‍  കോട്ട സന്ദര്‍ശിച്ച  എ ഡി  1636 ലാണ് അദ്ദേഹത്തിനു വേണ്ടി ഈ വേനല്‍ക്കാല വസതി പണിതത്.  ഈ കെട്ടിടത്തിനു  പുറകിലാണ് മോത്തി ടാക്ക  എന്ന  ജലശേഖരം. ഏതു കൊടിയ വേനലിലും  അവിടെ കുടിവെള്ളം കിട്ടും. 

തുടര്‍ന്നുള്ള  പടികള്‍ കയറുമ്പോള്‍ ഗണേശ് ജിക്കും അതിനുമപ്പുറത്ത്  ജനാര്‍ദ്ദനസ്വാമിയ്ക്കും   കാവലിരിക്കുന്ന സ്ത്രീകളെ കാണാം.  ഗണേശ് ജി  കുറച്ചു പടികള്‍ ഇറങ്ങി  ഒരു ഗുഹയിലാണിരിക്കുന്നത്.  ഒരുപാട് പടികള്‍ കയറിയ ക്ഷീണത്തില്‍ ഞാന്‍ ഗണേശ് ജിയെ  കാണാന്‍ പോകാന്‍ മടിച്ചു.  കാവലിരുന്ന കറുത്തു മെലിഞ്ഞ  സ്ത്രീക്ക് അതൊട്ടും  ഇഷ്ടമായില്ല.  ജനാര്‍ദ്ദനസ്വാമിയുടെ  കാല്‍പ്പാടുകള്‍  അദ്ദേഹം ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയിലുണ്ട്.  പതിനാറാം നൂറ്റാണ്ടിലാണ്  ജനാര്‍ദ്ദനസ്വാമി അവിടെ  തപസ്സ് ചെയ്തതത്രെ. കാവലിരുന്ന  സ്ത്രീ  പഞ്ചസാര പ്രസാദമായി തന്നു. ഞാനവര്‍ക്ക് ദക്ഷിണയും നല്‍കി.  സ്ത്രീകള്‍ ഇരുവരും  അങ്ങു താഴെ നിന്ന് നിത്യവും പടികള്‍ കയറി  വരികയാണ് , സ്വാമിക്ക് കാവലിരിക്കാനും പഞ്ചസാര പ്രദക്ഷിണമായി നല്‍കാനും... ദാരിദ്ര്യമായിരിക്കണം അവരെ  അതിനു നിര്‍ബന്ധിക്കുന്നതെന്ന് മെലിഞ്ഞൊട്ടിയ ദേഹങ്ങള്‍  സാക്ഷ്യം പറയുന്നുണ്ടായിരുന്നു.
ഏറ്റവും മുകളിലെ  കൊത്തളം  വരെ  കയറി എത്തുന്നത് ഒട്ടും  എളുപ്പമല്ല. കുത്തനെ  കയറിപ്പോകേണ്ടുന്ന കരിങ്കല്‍പ്പടവുകള്‍ ശരിക്കും   ആയാസകരമാണ്.  പക്ഷികളുടെ  മധുരകൂജനവും നിറഞ്ഞ പച്ചപ്പും തണുത്ത കാറ്റും  സ്വാഗതം ചെയ്യുമ്പോള്‍ പോലും കോട്ട കീഴടക്കാന്‍ പ്രയാസമായ  ഒരു  വെല്ലുവിളി  തന്നെയായിരുന്നു.  ഏറ്റവും  മുകളിലെ കൊത്തളത്തില്‍  ദുര്‍ഗ്ഗാമുഖമുള്ള പീരങ്കിമേടയാണുള്ളത്. ആ പീരങ്കി  പഞ്ചലോഹനിര്‍മ്മിതമാണ്. അവിടെ നിന്നു നോക്കുമ്പോള്‍ ദൌലത്താബാദ് നമ്മുടെ  കാല്‍ക്കീഴിലാണെന്ന് തോന്നും.    തോന്നല്‍ ഉളവാക്കുന്ന അഹങ്കാരത്തിന്‍റെ  ലഹരി  എത്ര തലമുറകള്‍ അനുഭവിച്ചിരിക്കുമെന്ന്,  അതിനായി എത്ര മനുഷ്യ ജന്മങ്ങള്‍ കുരുതികൊടുക്കപ്പെട്ടിട്ടുണ്ടാവുമെന്ന് ആലോചിച്ചുകൊണ്ട് കിതപ്പാറുവോളം  തളര്‍ച്ച  മാറുവോളം ഞാനവിടെ വെറുതേയിരുന്നു. മേഘാവൃതമായ ആകാശത്തിനു കീഴില്‍ ഇടയ്ക്കിടെ തല നീട്ടാന്‍ ശ്രമിക്കുന്ന സാന്ധ്യരശ്മികളുടെ സുവര്‍ണ  നിറത്തില്‍ പുഞ്ചിരിക്കുമ്പോള്‍, ഒരു  സ്വപ്നം പോലെ മനോഹരമായി തോന്നിച്ചു ആ  നിമിഷങ്ങളില്‍  ദൌലത്താബാദ് .  

16 comments:

Echmukutty said...

ഫേസ് ബുക്കിലെ യാത്രാഗ്രൂപ്പില്‍ അപ് ലോഡ് ആവാതിരുന്ന ഫോട്ടോകളും ഇവിടെ ചേര്‍ത്തിട്ടുണ്ട്. എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് കാത്തിരിക്കുന്നു..

അനില്‍@ബ്ലോഗ് // anil said...

വിശദമായ വിവരണം.
ചരിത്രപ്രശസ്തമായ കോട്ട, മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേരു നമ്മളിന്നും ഓർക്കാൻ കാരണമായ പ്രധാന സംഭവുമായി ബന്ധപ്പെട്ട കോട്ട. !!

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
Mini andrews thekkath said...

വളരെ നല്ല വിവരണം.

വീകെ said...

സാമൂഹ്യപാഠം.
പാഠം ഒന്ന്.
‘ദൌലത്താബാദ് ദുർഗം.’

പണ്ട് പാനിപ്പട്ട് യുദ്ധവും കലിംഗ ചോള യുദ്ധവും മറ്റും വായിച്ച് തള്ളുമ്പോൾ പോലും ഇത്രയും മനസ്സിൽ കയറിയിട്ടില്ല.
ഈ യാത്രാക്കുറിപ്പിന് ഒരു സല്യൂട്ട്....!
ആശംസകൾ...

Sabu Hariharan said...

ഈ വിവരണങ്ങൾ പുസ്തകമായി കാണാൻ ആഗ്രഹിക്കുന്നു. നന്ദി എച്ച്മു.

MANOJ KUMAR M said...

സൂപ്പര്‍..

പട്ടേപ്പാടം റാംജി said...

കാര്യമാത്രപ്രസക്തമായ യാത്രാവിവരണം വളരെ നന്നായി.

ക്ലാരിറ്റിയോടു കൂടിയ നല്ല ചിത്രങ്ങള്‍ വിവരണത്തെ കൂടുതല്‍ മികവുറ്റതാക്കി. ചിത്രങ്ങള്‍ ഒന്നുകൂടി വലുതാക്കാമായിരുന്നു.
നല്ല വിവരണത്തിന് നന്ദി.

Pradeep Kumar said...

ഔറംഗബാദിന്റെ പരിസരത്ത് ഒരുപാട് ചരിത്രസൂക്ഷിപ്പുകൾ ഉള്ളതായി അറിയാം. ഒരുനാൾ എല്ലായിടത്തും അലയാൻ സാധിക്കുമായിരിക്കും. എച്ചുമുവിന്റെ വിവരണം ശരിക്കും കൊതിപ്പിക്കുന്നു. പതിവിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ വിവരണത്തോടൊപ്പം കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയത് വളരെ നന്നായി....

Cv Thankappan said...

അനുവാചകന്‌ ചരിത്രത്തിന്‍റെ ഉള്ളറകളില്‍നിന്ന് അറിവിന്‍റെ മുത്തുമണികള്‍ ശേഖരിക്കാന്‍ അവസരം നല്‍കുന്ന നല്ലൊരു യാത്രാവിവരണം.......
ആശംസകള്‍

ഓർമ്മകൾ said...

നല്ലൊരു യാത്രാ വിവരണം..., വ്യത്യസ്തമായ അവതരണം.... ആശംസകള്‍..,

Gireesh KS said...

വളരെ നല്ല വിവരണം...
ചിത്രങ്ങളും നന്നായി...
ആശംസകൾ !

ഫൈസല്‍ ബാബു said...

വിശദമായ യാത്രാവിവരണത്തോടൊപ്പം മനം കുളിര്‍ക്കുന്ന ചിത്രങ്ങളും.കാണാന്‍ ഭാഗ്യമില്ല എങ്കിലും വരികളില്‍ കൂടി ഒരു യാത്ര സാധ്യമായി. നല്ല വിവരണം.

ചീരാമുളക് said...

സ്വന്തം മാതൃരാജ്യത്ത് അലഞ്ഞുതിരിയാൻ അധികം അവസരം ലഭിച്ചിട്ടില്ല. ഒരു കാലത്ത് അലഞ്ഞുനടന്നതൊന്നും കുത്തിക്കുറിച്ചിട്ടോ ചിത്രപ്പെടുത്തിയിട്ടോ ഇല്ല.സാംസ്കാരികവൈജാത്യങ്ങളുടെയും ആയിരക്കണക്കിന് സംവത്സരങ്ങളുടെ ചരിത്രത്തിന്റെയും നിധിശേഖരമായ ഭാരതാംബയെ അടുത്തറിയാൻ എത്ര യാത്ര ചെയ്താലാണ് കഴിയുക!

വിശദമായ വിവരണം ആസ്വദിച്ച് വായിച്ചു. പൗരാണികചരിത്രത്തെ രസകരമായി വർണ്ണിക്കാൻ പാടുതന്നെയാണ്. നന്നായിട്ടുണ്ട്. തുടരുക.

ബിലാത്തിപട്ടണം Muralee Mukundan said...

ചരിത്രപ്രശസ്തമായ ഈ കോട്ടയെ കുറിച്ചുള്ള ഉഗ്രൻ സചിത്ര ലേഖനമാണല്ലോ ഇത്...
അഭിനന്ദനങ്ങൾ ...

aathman / ആത്മന്‍ said...

കുറേ മുന്‍പ് പോയിട്ടുണ്ട്...
അന്നെഴുതിയ വിവരണം http://puramkazhchakal.blogspot.in/2010/06/blog-post.html