Wednesday, January 20, 2016

ലട്കേ രോത്തേ നഹി ഹെ ( ആണ്‍കുട്ടികള്‍ കരയാറില്ല )

https://www.facebook.com/echmu.kutty/posts/358652367647397

തനിച്ചായിരുന്നു, അന്നത്തെ യാത്രയിലും ഞാന്‍..

സെക്കന്‍ഡ് എ സി യില്‍ നന്നെ കുറച്ച് മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ. റെയില്‍ വേ നാലാള്‍ക്ക് അനുവദിച്ച സ്ഥലത്ത് അന്ന് മൂന്നാളേ ഉണ്ടായിരുന്നുള്ളൂ. ഞാനും എന്‍റെ എതിരെ സ്വര്‍ണപ്പല്ലു കെട്ടിച്ച, മുഖത്ത് അരുമയായ പാലുണ്ണിയുള്ള ഒരു അമ്മൂമ്മയും മധ്യവയസ്ക്കനെന്നോ ചെറുപ്പക്കാരനെന്നോ ഉറപ്പിക്കാനാവാത്ത ഒരു താടിക്കാരനും ...

അയാളും അമ്മൂമ്മയും അപരിചിതരായിരുന്നു. ഞാനാദ്യം കരുതിയത് അവര്‍ ഒരു കുടുംബത്തിലെയാണെന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിട്ടല്ല. വെറുതേ അങ്ങനെ കരുതി.

അമ്മൂമ്മ സദാ നാമം ജപിച്ചുകൊണ്ടിരുന്നു. ഭക്ഷണപ്പൊതികള്‍ കുറെ കൈവശമുണ്ടായിരുന്നതുകൊണ്ട് ട്രെയിന്‍ പാന്‍ട്രി അമ്മൂമ്മയ്ക്ക് ഒട്ടും വേണ്ടിയിരുന്നില്ല.
എസി യിലെ തണുപ്പുകൊണ്ടാവണം എനിക്ക് എപ്പോഴും വിശന്നു... ഷാളൊക്കെ പുതച്ച് കൂനിക്കൂടിയിരുന്ന് പാന്‍ട്രിയില്‍ നിന്ന് കിട്ടിയ ഭക്ഷണമെല്ലാം ഓരോന്നായി ഞാന്‍ കഴിച്ചു തീര്‍ത്തു.
ഞാനൊരു പെരുവയറിയാണെന്ന് അമ്മൂമ്മ കരുതിയിട്ടുണ്ടാവണം.

ബോബ് ചെയ്ത എന്‍റെ മുടി നോക്കി അമ്മൂമ്മ പറഞ്ഞു... ‘മുടി വെട്ടിക്കളയുന്നത് ഐശ്വര്യക്കേടാണ്...’ ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. വെറുതേ പുഞ്ചിരിക്കുക മാത്രം ചെയ്തു. അമ്മൂമ്മ അപ്പോള്‍ വാചകം ഇങ്ങനെ പൂര്‍ത്തിയാക്കി. ‘ അധികം ഭക്ഷിക്കുന്നതും നന്നല്ല... പ്രത്യേകിച്ച് സ്ത്രീകള്‍...’

ഞാന്‍ പിന്നെയും പുഞ്ചിരിച്ചു.

താടിക്കാരന്‍ ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല... പച്ചവെള്ളം പോലും ഇറക്കാതെ അയാള്‍ ഒരേ ഇരുപ്പിരുന്നു. അയാള്‍ എന്തോ ഗാഢമായ ആലോചനയിലായിരുന്നു, എപ്പോഴും. ആലോചനകളില്‍ ആ ക്ഷീണിച്ച കണ്ണുകള്‍ ഇടയ്ക്കിടെ നിറയുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. എന്തായിരിക്കും അയാളുടെ ജീവിത പശ്ചാത്തലം ? ഇതെന്‍റെ ഒരു ഹോബിയാണ്... വഴിയോരങ്ങളില്‍ കാണുന്ന വീടുകളിലൊക്കെ ജീവിക്കുന്നതായി ഞാന്‍ സങ്കല്‍പിക്കും. കൃഷിയിടങ്ങളില്‍ അദ്ധ്വാനിക്കുന്നതായി വിചാരിക്കും. യാത്രകളില്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ ജീവിതം എന്തായിരിക്കുമെന്ന് ആലോചിക്കും. അങ്ങനെ മണിക്കൂറുകളോളം കൂടു മാറി ചെലവാക്കാന്‍ എനിക്കു സാധിച്ചിരുന്നു...

താടിക്കാരന്‍ തീര്‍ത്തും മൌനിയായത് എന്‍റെ സങ്കല്‍പങ്ങള്‍ക്ക് പ്രോല്‍സാഹനമായി...

മധ്യേന്ത്യയുടെ കടുപ്പമുള്ള മണ്ണിലൂടെ ട്രെയിന്‍ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.

അമ്മൂമ്മ അഞ്ചുമണിക്ക് ഭക്ഷണം കഴിഞ്ഞ് കൃത്യം ആറു മണിയായപ്പോള്‍ മൂടിപ്പുതച്ച് കിടന്നു. താടിക്കാരന്‍ അപ്പോഴാണ് ഞാനിരുന്ന നീളന്‍ സീറ്റിലേക്ക് മാറിയിരുന്നത്.

അയാള്‍ പ്രകടമായും അസ്വസ്ഥനായിരുന്നു.

‘എന്തു പറ്റി’ എന്ന് ചോദിക്കാനൊരുമ്പെട്ടെങ്കിലും ഞാന്‍ പിന്നെയും മടിച്ചു. ചിലര്‍ക്ക് അതിഷ്ടപ്പെടുകയില്ല. ആ ഒറ്റച്ചോദ്യം മതിയാവും യാത്ര മുഴുവന്‍ ഒരു ദു:സ്വപ്നമായിത്തീരാന്‍...
എങ്കിലും പാന്‍ട്രിയില്‍ നിന്ന് സൂപ്പു വന്നപ്പോള്‍ ഞാന്‍ ഒരു കപ്പ് താടിക്കാരനു നീട്ടി. ഒന്നു മടിച്ചിട്ട് അയാള്‍ അതു വാങ്ങി.

‘ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ വിഷാദത്തോടെ പുഞ്ചിരിച്ചു.
 ഊതിയൂതി സൂപ്പു കുടിക്കുന്ന അയാളെ കണ്‍കോണു കൊണ്ട് ശ്രദ്ധിക്കുമ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ കരയുകയാണ്... പതുക്കെ... മെല്ലെ ... ആരുമറിയാതെ...

അയാളുടെ കൈപ്പടത്തില്‍ വളരെ മെല്ലെ തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.

‘ സങ്കടപ്പെടാതിരിക്കു.. എല്ലാറ്റിനും ഒരു വഴിയുണ്ടാവും..’

അടുത്ത നിമിഷം എന്‍റെ കൈ അമര്‍ത്തിപ്പിടിച്ചുകൊണ്ട് നെഞ്ചു തകരും പോലെ അയാള്‍ ഏങ്ങലടിച്ചു കരഞ്ഞു. സ്തംഭിച്ചു പോയങ്കിലും കൈ വിടുവിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല... തന്നെയുമല്ല ... തീരേ അപരിചിതനായ ജീവിതത്തിലാദ്യമായി കാണുന്ന അയാളുടെ തലമുടിയില്‍ വിരല്‍ നടത്തുവാനും ‘ പോട്ടേ, സാരമില്ല.. സമാധാനിക്കു’ എന്നൊക്കെയുള്ള ആശ്വാസവാക്കുകള്‍ പറയാനും എനിക്ക് കഴിഞ്ഞു...

അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ ശാന്തനായി....

സ്റ്റാര്‍ ചാനലിലെ ‘ ലട്കേ രോത്തേ നഹി ഹെ’ ( ആണ്‍കുട്ടികള്‍ കരയാറില്ല ) എന്ന പരസ്യം കാണുമ്പോഴെല്ലാം ഞാനോര്‍ക്കും ... നിറയുന്ന കണ്ണുകളും ഉലഞ്ഞ തലമുടിയും... നെഞ്ചു തകരുന്ന ആ ഏങ്ങലും ...

24 comments:

unais said...

കരയാറുണ്ട്, ആരും കാണുകയില്ലെന്നു മാത്രം.

Muralee Mukundan , ബിലാത്തിപട്ടണം said...

അവരുടെ കരച്ചിൽ ഉള്ളിലാണെന്ന് മാത്രം...!

Echmukutty said...

ആണ്‍ കുട്ടികള്‍ കരയരുതെന്ന് ചുമ്മാ പറഞ്ഞു കരച്ചിലു തടഞ്ഞു നിറുത്തി വളര്‍ത്തി ആണാക്കീട്ടല്ലേ അത്

Echmukutty said...

അങ്ങനെ കരച്ചിലു ഉള്ളിലാക്കി ശീലിപ്പിക്കണതല്ലേ

ajith said...

ഞാൻ കരഞ്ഞിട്ടുണ്ടല്ലോ

Shahid Ibrahim said...

വികാരങ്ങൾ അത് പ്രകാടിപ്പിക്കുവാൻ ഉള്ളതാണ്.അത് ആണായാലും പെണ്ണായാലും.കരഞ്ഞു തീരേണ്ടത് കരഞ്ഞു തന്നെ തീരണം.അത് അടിച്ചമർത്തി കഴിയുമ്പോളാണ് പല അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നത്.

കൊച്ചു കൊച്ചീച്ചി said...

ചിരിക്കേണ്ടിടത്ത് മനസ്സുതുറന്ന് ചിരിക്കണമെന്നും കരയേണ്ടിടത്ത് അടക്കിപ്പിടിക്കാതെ, നാണിക്കാതെ ധൈര്യമായി കരയാമെന്നും എന്നെ പഠിപ്പിച്ചത് എന്റെ ഒരു സുഹൃത്താണ്. സിനിമ കാണുമ്പോള്‍ പൊട്ടിച്ചിരിക്കുന്നതുപോലെ പൊട്ടിക്കരയാറുമുണ്ടെന്ന് അവന്‍ പറഞ്ഞതില്‍പ്പിന്നെ ഇക്കാര്യത്തില്‍ എനിക്ക് നല്ല ധൈര്യമായി. ഇക്കഴിഞ്ഞ കൊല്ലം പോലും 'വര്‍ഷം' കണ്ട് കരഞ്ഞു.

പക്ഷേ അമ്മ മരിച്ചപ്പോള്‍ കരഞ്ഞില്ല. അമ്മ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിലേയ്ക്കാണ് പോയതെന്നും അതില്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും എന്റെ സങ്കടം എന്റെ സ്വാര്‍ത്ഥത മാത്രമാണെന്നും മനസ്സില്‍ വാര്‍ത്തുറപ്പിച്ചു.

© Mubi said...

ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് മനസ്സിന് ഒരാശ്വാസമായിട്ടുണ്ടാകും...

Echmukutty said...

അതായിരിക്കും അജിത്തേട്ടന്‍ ഒരു നല്ല മനുഷ്യനായത്

Echmukutty said...

ശരിയാണ് ഷാഹിദ്

Echmukutty said...

നല്ലത്.. കെ കെ ...

Echmukutty said...

ആയിട്ടുണ്ടാവും എന്ന് ഞാനും വിചാരിച്ചു മുബി

aboothi:അബൂതി said...

ശരിയാണ് എച്ചൂ..
ആണുങ്ങൾ പലരും കരയാറില്ല... കാരണം അവര്ക്ക് കരയണമെങ്കിൽ ഏകാന്ത ഇടങ്ങൾ തേടണം..
തന്റെ കണ്ണുനീരു കൊണ്ട് താൻ സ്നേഹിക്കുന്നവർക്ക് മുറിവേൽക്കരുതെന്ന് അവരാഗ്രഹിക്കുന്നത് കൊണ്ടാവാം..
അതല്ലെങ്കില്, പുരുഷത്വം പരിഹസിക്കപ്പെടുമെന്ന് ഭയന്നാവാം..
കരയാൻ കഴിയുന്നതും ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെയാണ്..
അതാണിനായാലും പെണ്ണിനായാലും...

aboothi:അബൂതി said...

ഞാൻ കരഞ്ഞിട്ടുണ്ട് കെട്ടോ..
വേദനിച്ചാൽ, മനസ്സിനോ ശരീരത്തിനോ, ഞാനിനിയും കരയും.. അത് മൂന്നു തരം..

Manoj Vellanad said...

ഞാനും കരയാറുണ്ട്..

Echmukutty said...

കരയുന്നത് പലപ്പോഴും സമാധാനം തരും... തരാറുണ്ട് അബൂതി.

Echmukutty said...

അപ്പോള്‍ മനോജ് ഒരു നല്ല ഡോക്ടറും നല്ല മനുഷ്യനും ആയിരിക്കും...

shajitha said...

കരയുന്നത് നല്ലതാണ്, അബൂതി പറഞ്ഞതുപോലെ ചിലര്‍ക്കതിനു ( ആണായാലും പെണ്ണായാലും) ഏകാന്ത ഇടങ്ങള്‍ വേണം. പിന്നെ കരയാത്തവരെക്കുറിച്ച് പറയുകയാണെങ്കില്‍ സ്ത്രീകളെ സംബന്ധിച്ച് ആ കാര്യത്തില്‍ അവര്‍ക്ക് കുറച്ച് സ്വാതന്ത്ര്യമുണ്ട്.വേണമെങ്കില്‍ കരയാം, അല്ലെങ്കില്‍ കരയാതിരിക്കാം. പക്ഷെ ചില സ്ത്രീകള്‍ പുറത്ത് കരയുന്നതിനേക്കാള്‍ അകത്തു കരയുന്നവരായിരിക്കാം. ഒരു മരണവീട്ടിലാണെങ്കില്‍ അക്കൂട്ടര്‍ വിമര്‍ശിക്കപ്പെടും. അതാണ്‍ ഞാന്‍ പറഞ്ഞത് കുറച്ചു സ്വാതന്ത്ര്യമെന്ന്.ആണുങ്ങളെ സംബന്ധിച്ചാണെങ്കില്‍ എച്മു പറയുന്നതുപോലെ കരയരുത്, കരയരുത് എന്ന സമൂഹത്തിന്‍റെ അലിഖിത നിയമം കാരണം കരയാന്‍ അവര്‍ ചിലര്‍ മറന്നുപോകും. കരയുന്നവരെല്ലാം നല്ലവരാണെന്നെനിക്കഭിപ്രായമില്ല.കള്ളക്കണ്ണീര്‍ എന്ന ഒരു പ്രയോഗം തന്നെയുണ്ട് മലയാളത്തില്‍. മാത്രവുമല്ല കരയുക എന്ന ശീലം ഒരാളുടെ തൊലിനിറം പോലെ അപ്രസക്തവുമാണ്. ഒരാവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിലും പോത്തമറുന്നതുപോലെ കരയുന്നവരെ കണ്ടിട്ടുണ്ട്. ചിലര്‍ മറ്റുള്ളവരുടെ സഹതാപത്തിനു വേണ്ടി, ചിലര്‍ വെറുതെ കണ്ണീര്‍ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ട്.ചുരുക്കം ചിലര്‍ക്ക് തന്‍റെ കരച്ചില്‍ മറ്റുള്ളവര്‍ കാണുന്നത് ഇഷ്ടമുണ്ടാകില്ല.എന്‍റെ ഉമ്മ കരയുന്നത് ഞാന്‍ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ, അതു തന്നെ ഉമ്മക്ക് ഒരു ഏകാന്ത ഇടം ഇല്ലാത്തതിനാല്‍, അല്ലെങ്കില്‍ അതുപോലും ഞാന്‍ കാണില്ലായിരുന്നു.

Cv Thankappan said...

മനസ്സിലെ ദുഃഖം മനസ്സിലാക്കാന്‍ സന്മനസ്സുള്ളവരുണ്ടന്ന് അറിയുമ്പോഴാണ് ഉള്ളില്‍ കെട്ടിനിറുത്തിയിരുന്ന ദുഃഖത്തിന്‍റെ അണക്കെട്ട് അണപൊട്ടി പുറത്തേക്ക് കൂലംകുത്തിയൊഴുകുക!
ആശംസകള്‍

Echmukutty said...

ഷാജിത പറഞ്ഞതിനോടൊന്നും എതിര്‍പ്പില്ല.കള്ളക്കണ്ണീരും മുതലക്കണ്ണീരുമൊക്കെ ഇഷ്ടം പോലെ ഉണ്ട്. അതില്‍ വീണു പോകുന്നവര്‍ ഭയങ്കരമായ ചതിയില്‍ ചെന്നു ചാടുന്നതും കാണാനിട വന്നിട്ടുണ്ട്.പൊതുവേ പുരുഷന്മാരാണെങ്കില്‍ കരയില്ല എന്നാണല്ലോ വിശ്വാസം. അങ്ങനെ ഭാവിയ്ക്കാനും പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നു.നമ്മുടെ സാംസ്ക്കാരികത പുരുഷനെ കരയാത്തവന്‍ എന്നും സ്ത്രീയെ കരയുന്നവള്‍ എന്നും വേര്‍തിരിക്കുന്നുണ്ട്.
അമ്മീമ്മ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല... അത്യപൂര്‍ വമായി മാത്രം രക്തം വരുന്നതു പോലെ ഒന്നോരണ്ടൊ കണ്ണീര്‍ത്തുള്ളികള്‍ അത്രയേ ഉണ്ടായിരുന്നുള്ളൂ.
വായനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി . ഇനിയും വായിക്കുമല്ലോ

Echmukutty said...

അത് ശരിയാണ് തങ്കപ്പന്‍ ചേട്ടാ..

കല്ലോലിനി said...

അയ്യെ... ആങ്കുട്ട്യോള് കരയ്യ്വോ.. എന്നാണ് ചെറുപ്പംതൊട്ടേ അവരെ പറഞ്ഞു ശീലിപ്പിക്കുന്നത്.. പിന്നെങ്ങനയാ....?

Bijith :|: ബിജിത്‌ said...

മിണ്ടണം എന്ന് ഏറെ ആഗ്രഹം ഉണ്ടായിരുന്ന പെൺകുട്ടി പാൻട്രിയിൽ ഏതോ ആയുർവേദ മരുന്ന് കലക്കി കുടിക്കുന്നത് കണ്ടപ്പോൾ, അത് അനപത്യതയെ തോൽപ്പിക്കാൻ ആവുമോ എന്ന് കഥ ഉണ്ടാക്കി ഇന്നേ ദിവസം വരെ അവളെ ഒഴിവാക്കി നടക്കുകയാ... ആ കഥ എനിക്ക് താൽപര്യം ഇല്ലാത്തതു കൊണ്ട് :)

പിന്നെ കരച്ചിൽ... കരയും ഞാൻ, വാക്കുകളിലൂടെ ;) കൂടീട്ടുണ്ടല്ലോ എച്ചുമു അതിൽ

സുധി അറയ്ക്കൽ said...

കരയുന്നതൊരു നാണക്കേടാണെന്ന് എനിയ്ക്കിന്ന് വരെ തോന്നിയിട്ടില്ല.സന്തോഷം മാത്രല്ലല്ലോ ജീവിതം.