Tuesday, August 14, 2018

ഒരു പാദുക പുരാണം.

https://www.facebook.com/echmu.kutty/posts/787451684767461
27/07/17
                                                   



ഭരതന്‍ ശ്രീരാമന്‍റെ പാദുകം ശിരസ്സിലേറ്റി സിംഹാസനത്തില്‍ വെച്ച് പൂജിച്ച് രാജ്യം ഭരിച്ച കഥ പറയുമ്പോള്‍ എന്‍റെ കൂട്ടുകാരന്‍റെ അമ്മ എന്നോട് പറഞ്ഞു. അവന്‍റെ ചെരുപ്പിനെയും നീ അങ്ങനെ കാണണമെന്ന്..

കൂട്ടുകാരന്‍ അഴിച്ചിട്ട് പോയ ഹവായി ബാത് റൂം ചെരിപ്പ് മഴയത്ത് കിടന്ന് പൂപ്പല്‍ പിടിച്ചത് അമ്മയ്ക്കിഷ്ടമായില്ല. അതുകൊണ്ടാണ് അവര്‍ ആ കഥ പറഞ്ഞു തന്നത്, ഞാന്‍ അതു കഴുകി വൃത്തിയാക്കാന്‍ പരിശ്രമിച്ചെങ്കിലും ചെരിപ്പിലെ കറുത്ത് പൂപ്പല്‍ പാടുകള്‍ എന്നെ വെല്ലുവിളിച്ച് അങ്ങനെ തന്നെ നിലകൊണ്ടു.

എപ്പോഴും സാദാ ഹവായി ബാത് റൂം ചെരുപ്പ് ധരിക്കുന്ന കൂട്ടുകാരന്‍ അതിന്‍റെ പേരില്‍ പലയിടത്തും പരിഹസിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിനു നാണമോ കൂസലോ ഇല്ലാത്തതുകൊണ്ട് പരിഹസിക്കുന്നവര്‍ നിസ്സഹായരാകുന്നതും ഞാന്‍ മനസ്സിലാക്കീട്ടുണ്ട്.

അങ്ങനെ ഒരു ദിവസം ഞാന്‍ സ്വയം അഡിഡാസ് എന്ന കമ്പനിയുടെ ഒരു ഷൂ വാങ്ങി അദ്ദേഹത്തിനു നല്‍കി.

തുടങ്ങിയല്ലോ പൂരം.

എന്തു വാങ്ങണമെങ്കിലും ചെയ്യണമെങ്കിലും ഈസ് ദാറ്റ് നെസെസ്സറി എന്ന ചോദ്യം ചോദിക്കണമെന്നും അത് അത്യാവശ്യമല്ല എന്ന ഉത്തരം കിട്ടിയാല്‍ ചെയ്യരുതെന്നുമാണ് വീട്ടിലെ നിയമം. ആ നിയമമാണ് ഞാന്‍ പാത്രങ്ങള്‍ വാങ്ങിയും കുപ്പായങ്ങളും ഗില്‍റ്റ് ആഭരണങ്ങളും കുപ്പിവളകളും വാങ്ങീമൊക്കെ എപ്പോഴും തെറ്റിക്കാറ്.

ഇപ്പോള്‍ ദാ അതൊന്നും പോരാഞ്ഞിട്ട് ഷൂസും വാങ്ങീരിക്കുന്നു!

'ആരവിടെ? ഇവളെപ്പിടിച്ച് തുറുങ്കിലടയ്ക്കു, എന്നിട്ട് തല വെട്ടി താലത്തില്‍ വെച്ച് കൊണ്ടു വരൂ' എന്ന് കല്‍പിക്കാന്‍ കൂട്ടുകാരന്‍ രാജാവൊന്നുമല്ലല്ലോ. വെറും ഒരു സിമ്പിള്‍ കൂട്ടുകാരനല്ലേ..

ഞാന്‍ അനാവശ്യമായി പണം ചെലവാക്കിയെന്നും മള്‍ട്ടി നാഷണല്‍ ഭീമനു പണം നല്‍കിയെന്നും അത് കൊടിയ തെറ്റാണെന്നും മറ്റും പറഞ്ഞ് കൂട്ടുകാരന്‍ വാണം പോലെ കത്തിക്കയറിയപ്പോള്‍ ഞാന്‍ എന്‍റെ പത്തൊമ്പതാമത്തെ അടവായി നിറുത്താതെ തേങ്ങിത്തേങ്ങിക്കരഞ്ഞു. പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഒരു പാവത്തെ പോലെ ഷൂ കടയില്‍ മടക്കിക്കൊണ്ട് കൊടുക്കാമെന്ന് വരെ പറഞ്ഞു.

ഒട്ടു നേരം മൌനമായിരുന്നിട്ട് ഇനി മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും ഈ ഷൂ ധരിച്ചോളാമെന്നും അദ്ദേഹം സമ്മതിച്ചു.

ഞാന്‍ കൃത്യം ആ നിമിഷം കരച്ചില്‍ നിറുത്തി.

ആയിടയ്ക്കാണ് കൂട്ടുകാരന് വാരണാസിക്കു പോവേണ്ട ആവശ്യം നേരിട്ടത്. പൂര്‍ണമായും മണ്ണു കൊണ്ട് നിര്‍മ്മിക്കുന്ന ഒരു ക്യാമ്പസ്സിന്‍റെ സൂപ്പര്‍ വിഷനു വേണ്ടിയായിരുന്നു ആ യാത്ര. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി സ്കൂളും ഹോസ്റ്റലും ഗസ്റ്റ് ഹൌസും വര്‍ക് ഷോപ്പും അങ്ങനെ അനവധി കിടുതാപ്പുകളുമെല്ലാമുള്ള ഒരു വിശാലമായ ക്യാമ്പസ്സായിരുന്നു അത്.

ദില്ലിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന കാശിവിശ്വനാഥ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലെ സെക്കന്‍ഡ് എ സി കോച്ചാണ് അദ്ദേഹത്തിനായി ബുക് ചെയ്യപ്പെട്ടിരുന്നത്. അങ്ങനെ ഉയര്‍ന്ന ക്ലാസ്സില്‍ പോകുന്നവര്‍ പൊതുവേ കോട്ട്, കോട്ടിന്മേല്‍ കോട്ട് , വീര്‍പ്പിച്ച മുഖം, സദാ നേരവും വായന, അല്ലെങ്കില്‍ കമ്പ്യൂട്ടറിലെ ജോലി ഇതൊക്കെ ചെയ്യുന്നവരായിരിക്കുമല്ലോ. അടുത്തു കൂടെ പോയാല്‍ പോലും മൈഗ്രെയിന്‍ തലവേദന വരുന്ന പോലെത്തെ സുഗന്ധദ്രവ്യങ്ങളില്‍ കുളിച്ചായിരിക്കും അവര്‍ ഇരിക്കുന്നുണ്ടാവുക. അവിടെ ചെളി പിടിച്ച ഷൂവുമിട്ട് കയറി കൂട്ടുകാരന്‍ മോശക്കാരനാവണ്ട എന്ന് വിചാരിച്ച് ഞാന്‍ അഡിഡാസ് ഷൂവിനെ കഴുകി വെടുപ്പാക്കി കൊടുത്തു.

ട്രെയിനില്‍ കയറിയാല്‍ ഉടന്‍ ഉറങ്ങുക എന്നതാണ് യാത്രക്കാരന്‍റെ ധര്‍മ്മമെന്നാണ് കൂട്ടുകാരന്‍റെ വിശ്വാസം. അതനുസരിച്ച് ഷൂ താഴെ ഊരിയിട്ട് അപ്പര്‍ ബെര്‍ത്തില്‍ കയറി കൂട്ടുകാരന്‍ ഖുര്‍ ഖുര്‍ ഖുംശ് ഖുംശ് എന്ന് കൂര്‍ക്കം വലിച്ച് ഉറക്കമായി.

രാവിലെ വാരാണസി എത്തിയപ്പോള്‍ മള്‍ട്ടി നാഷണല്‍ അഡിഡാസ് ഷൂവുകള്‍ കൂട്ടുകാരനെ ഉപേക്ഷിച്ച് പോയിക്കഴിഞ്ഞിരുന്നു. ഒരു സെറ്റ് അഴുക്കു പിടിച്ച ചപ്പലുകള്‍ പകരം അവിടെ ഇരുന്ന് ഇളിച്ചുകൊണ്ടിരുന്നു.

ആ ചെരുപ്പ് ഇടാന്‍ കൂട്ടാക്കാതെ ബാറ്റയുടെ ഷോറൂമിലേക്ക് അദ്ദേഹം വെച്ചു പിടിച്ചു. സ്വന്തം തൃപ്തിക്കിണങ്ങുന്ന ഒരു ജോഡി ഷൂ വാങ്ങി ധരിച്ചു.

സൂപ്പര്‍ വിഷനൊക്കെ കഴിഞ്ഞ് തിരികെ ദില്ലിയില്‍ വന്നപ്പോള്‍ കൂട്ടുകാരന്‍ കുറഞ്ഞ ചെലവില്‍ തനിക്ക് കിട്ടിയ ബാറ്റാ ഷൂവിനെ പറ്റി അങ്ങനെ അമിതാബ് ബച്ചന്‍റെ ഉയരത്തില്‍ പൊങ്ങച്ചപ്പെട്ടു, മൃദുലം, സുന്ദരം, പട്ടു പോലെ അങ്ങനെ അങ്ങനെ ...

പിറ്റേന്ന് പ്രഭാതത്തിലെ വെളിച്ചത്തില്‍ നോക്കിയപ്പോഴാണ് ഞാന്‍ കണ്ടത്. ഒരു ഷൂ കറുപ്പും മറ്റേത് നീലയുമായിരുന്നു. ങാ, രണ്ടും ഷൂ തന്നെയായിരുന്നു.

പിന്നെ കുറെക്കാലം നീല ഷൂവില്‍ കറുത്ത പോളീഷ് പുരട്ടലായി എന്‍റെ ജോലി.

1 comment:

© Mubi said...

ഹഹഹ പാദക പുരാണം നന്നായിരിക്കുന്നു. എച്മു, പോളിഷ് വെള്ളം നനഞ്ഞാല്‍ ഷൂവിന്‍റെ തനി നിറം കാണൂലേ...