Wednesday, October 21, 2020

ചൊക്ളി 44


21/10/2020
ചൊക്ളി ചായം മുക്കി എഴുതാര്ന്നു. ഇത് അവ്സാനത്തെ എഴ്ത്താന്നും അട്ത്ത തെരഞ്ഞെടുക്ക്ല്ല്ല് പിളാസ്റ്റിക്കിൻറെ കടലാസ് ബോറ്ഡോള് വര്ന്നും രാഗവേട്ടൻ പറ്ഞ്ഞു. ഇപ്പളന്നെ തൃശൂര് പട്ണത്തില് ഒക്കെ അതാന്ന് ഒട്ടിക്കണ്. അത് കീറി എട്ത്ത് പായ ആയിട്ട് വിരിച്ച് കെട്ക്കാം. തെണ്ടിത്തിര്ഞ്ഞ് നട്ക്കണോര് ഒക്കെ അത് വിരിച്ചൊറങ്ങേം പൊതക്കേം കൂരേമ്മേ വിരിക്കേം ഒക്കെ ചിയ്യുന്ന് രാഗവേട്ടൻ നീട്ടിപ്പരത്തി.
നല്ല ചൂടാര്ന്ന് പകല്. മേഗണ്ടായി പടിഞ്ഞാറ് മാനത്തൊക്കേ… നല്ല പുഴുക്കോണ്ടാര്ന്ന്. ഇന്നാലും മഴ ഒരു തുള്ള്യാ പൊടിഞ്ഞില്ല..
എയ്ത്ത് കയിഞ്ഞ് വന്ന് കുളിച്ച് തൃസ്സക്കുട്ടി കൊട്ത്തയച്ച ചാളക്കറീം ചോറും തിന്ന്മ്പളാണ് റോട്ടിലാകേ ഒച്ചേം വിളീം … പോളി ഓടിപ്പോയി നോക്കി കെതച്ചോണ്ട് വന്ന് പറ്ഞ്ഞു..
'ആ രാജീവ ഗാന്ധീനെ ഒരു ബോംബിലാ തീർത്തു. പണിയ്യാ കഴിഞ്ഞു. തമിഴ് നാട്ടിലേര്ന്ന് സംഭവം. നൂറൂ കഷണായീന്നാ പറേണ്.. തമിഴമ്മാരാ പണി പറ്റിച്ചത്..'
ചൊക്ളിക്ക് വല്ലാണ്ട് തോന്നി.. പ്രാഞ്ചീസും ഏൻറ്റു. കൊറച്ചേരം മറിയപ്പാറ അങ്ങാടീല് ചെന്ന് നിന്ന്. മൊയ്തീൻ ക്ക കട അടച്ചേര്ന്നു. ടീ വീ പെട്ടി കാണാൻ ഒര് വഴീല്ല.
ഹൈവേക്കോടേ കോളാമ്പി മൈക്കും വെച്ച് കാറോള് ഇങ്ങനെ പോണ്ട്.
അങ്ങനെ അത് തീർച്ച്യായി. ആ അമ്മേം രണ്ടു ആമ്മക്കളും തീർന്ന്.
എന്തിറ്റ് രാജ്യം ബരിച്ചിറ്റ് എന്താ.. ഇങ്ങനെ പട്ടീയോൾട്ടേ കൂട്ട് ചാവാനാണ് തലേല് വരച്ചേക്കണ്.
ചൊക്ളി അന്ന് ഒറങ്ങിയില്ല.
പിന്നെ ഒര് മൂന്നാലൂസത്ത്ക്ക് അങ്ങാടീല് ഒര് എനക്കണ്ടായിട്ടില്ല. പ്രാഞ്ചീസ് ആണ് പറഞ്ഞേ.. 'കോങ്ക്രസ്സ് പാറ്ട്ടി ചത്തൂ ടാ. അതൊര് വല്യ ചാവാണ്. ചത്തൂന്ന് ഇപ്പ പറഞ്ഞാ ആരും സമ്മേയ്ക്കില്ല. നീയ്യോക്കിക്കോ അത് ചത്ത്… ശരിക്കും ചത്ത്. ഇഞ്ഞി ബാലേന്ദരൻറെ ഇന്തു പാറ്ട്ടിയാ വരാ.'
കൊളമ്പ് നാട്ടീന്ന് ആരാണ്ടും വന്ന് രാജീവകാന്തീനെ കൊല്ലുന്ന് ബാലേന്ദരൻ പണ്ട് പറഞ്ഞ്ത് ചൊക്ളിക്ക് ഓർമ്മേലാ വന്നു. അതെഴുന്നളളിച്ചപ്പൊ പ്രാഞ്ചീസ് ചിരിക്കണ്..
'ചൊക്ളിയെ, ഇന്തുക്കള്ക്ക് മാത്രല്ല കോങ്ക്രസ്സ് കാരുക്കും അറിയാർന്ന്ടാ അയ്യാള് വെടിതീരുന്ന്.. ബോംബ് പൊട്ടണോട്ത്ത് ഒറ്റ ആള്ണ്ടായില്ല്യ… അയ്യാളും ആ പൊട്ടിച്ച പെണ്ണും..ദനൂന്നാ മകര്ന്നാ പേര്ള്ള ഒര് പെണ്ണ്. അത് കൊളമ്പ്ന്നന്നെ വന്നതാ. ഇയ്യാളെ കൊല്ലാനായിട്ട്. ആ മനിഷേൻ കാറീന്ന് എറങ്ങീപ്പോ മാലീട്ട് ജയ് വിളിച്ച കോങ്ക്രസ്സ് കാരൊക്കേ ബോംബാ പൊട്ടണ നേരം നോക്ക്യാ മാറീ നിന്ന്….നീയ്യോക്കിക്കോ ഈ കേസ് തെളിയൂല്യാ… പ്രാഞ്ചീസാ പറേണേ.. കൈയീ കിട്ട്ണോരേയൊക്കെ വെടി വെച്ച് കൊല്ലും. പിന്നെ അവര്ക്ക് ചായേം ഇട്ളീം വേടിച്ച് കൊടുത്തോരേയും കുപ്പായം കൊടുത്തോരേം ഒക്കെ പിടിച്ചു ജയിലിലിടും. ചാവണ വരേ വിടേ ഇല്ല ജയിലീന്ന്..കൊല്ലാൻ ആരാ ഏർപ്പാടാക്ക്യേന്ന് ഒര് കാലത്തും ഇമ്മടെ നാടും നാട്ടാരും പൊറത്തറീല്ല…
അങ്ങന്യാണ്ടാ ചൊക്ളിയേ നാട് ബരിക്കല്..
ചതീം കള്ളത്തരോം പറ്റിപ്പും ആണ് നാട് ബരിക്കല്ന്ന് ചൊക്ളിക്ക് തോന്നി.
പ്രാഞ്ചീസ് തിര്ത്തി. 'അങ്ങ്നെ അല്ലടാ.. ഒരു കൈയ്യും കണക്കൂല്യാണ്ട് കാശ് വന്ന് മറിണ സലാണ് ഈ ബരണം.കാശും അദികാരോം
ആര്ക്കാടാ വേണ്ടാത്തെ… അപ്പൊ കള്ളത്തരോം ചദീം പറ്റിപ്പും ഒക്കെണ്ടാവും.
മഴക്കാലത്താരിന്നു ഓട്ട്ട്ടല്.. കേരളന്നുള്ള ചൊക്ളിരെ എടത്ത് ആ അപ്പാപ്പൻ തന്നെവന്നു. രവ്യേട്ടനെത്തല്ലിക്കൊല്ലാൻ പോല്ലീസാരെ വെച്ച അപ്പാപ്പൻ തന്നേണ് മുക്കിയ മന്ത് രി. മനഷേര് ഒക്കേം എല്ലാ കാര്യങ്ങളും എത്തറ വേഗ്ത്തില് മറക്കുന്ന് ചൊക്ളിക്ക് തിരിഞ്ഞു.
അയിൻറെടക്ക് പോളിക്കും ദേവസ്സിക്കും നവാസിക്ക വീസ അയച്ച് കൊട്ത്തു. അവരെ ഓട്ടല്ണ്ട്.. അവ്ടീണ് പണി. വിസേം ടിക്കറ്റും ണ്ടാര്ന്ന്. പിള്ളേര് വേഗാ പോയി. ആരേം കാത്ത് നിന്ന്ല്ല. അന്തോണിമാപ്പ്ള മൊയ്തീൻക്കക് പണയപ്പാടായി അപ്പ്യന്നെ.. പിള്ളേര് നയിച്ച്ട്ട് വേണ്ടേ അഞ്ച് പെമ്മക്കളേ കെട്ടിച്ച് വിടാൻ…
മൊയ്തീൻക്കക്ക് കട ഇനീം വല്താക്കണന്ന്ണ്ട്. അന്തോണി മാപ്ളേരെ കടമുറീം കിട്ട്യാ നല്ലതന്നേയാണ്. ആദിക്ക് മറിയപ്പാറേരേ വടെ അവര് മാത്രാര്ന്ന് മേത്തമ്മാര്. ഇപ്പ്യങ്ങനെയല്ല.. എർണ്ണാകൊളത്തിക്കും പാലക്കാട്ടിക്കും പോണ അയ് വേ വശത്തൊക്കീം മന്സ് ല് ന്ന് പേരോള് ഒള്ള മേത്തമ്മാര് ടെ വീടോളാ.
ബാലേന്ദരനും സുകുമാഷും പറേണത് മേത്തമ്മാരടെ കൈയിലപ്പടി കൊഴൽപ്പണാണ്ന്നാ. ചൊക്ളിക്ക് അത് തിരിഞ്ഞ്‌ല്ല.. എന്തിറ്റാവോ കൊഴൽപ്പണം?പണം കൊഴല് പോലെ ഇരിക്കോ അതോ ഇഞ്ഞി ഒര് കൊഴലന്നേരിക്കോ പണം?
എന്തിറ്റായാ എന്താ.. ജക്കു മോനേം കൂടി ഒന്ന് കാണാമ്പറ്റാത്ത ഗെഡുവുള്ള ചൊക്ളീന് കൊഴൽപ്പണം അന്നേഴീക്കണത്.
ചൊക്ളി ജാനൂനെ ഒട്ടും മറന്നേർന്നില്ല.. അവള് സ്നേഹം കാട്ടീത് കള്ളത്തരാര്ന്നൂന്ന് വിജാരിക്കാനും ചൊക്ളിക്ക് പറ്റ്ണ്ടാര്ന്നില്ല. അത്തരേം സ്നേഹം ആരും തന്ന്ട്ട് ല്ല ന്നാലോയിക്കുമ്പോ ചൊക്ളീൻറെ കണ്ണ്ല് വെള്ളം പൊട്ടും.
മേത്തമ്മാര് പെണ്ണങ്ങളെ ചൊക്ളിക്ക് അങ്ങട്ട് ഇഷ്ടായി. ആ അയ് വേരെ എതക്കും നട്ക്കിലും ചൊക്ളി കുത്തീയ മന്താരോം കോളാമ്പീം ചെമ്പരത്തീം അര്ളീം ഒക്കെ ഉമ്മച്ച്യോള് വെള്ളം ഒയിച്ച് നോക്കണ്ട്. എന്തിറ്റ് തേങ്ങ്യാവോ കലക്കി ഒഴിക്ക്ന്.. നല്ല ആരോഗ്യണ്ട് ആ ചെടിയോളക്ക്…
എറ്ച്ചീം മീനും കഴ്കിയ വെള്ളാണ് ഉമ്മച്ച്യോള് ഒഴിക്കണേന്നാ സുകുമാഷ് പറേണത്. മാഷും ബാലേന്ദരനും കൊറെ കുട്ടിത്തേവാങ്കോളും ഉണ്ട്. ഇന്തു, പട്ടര്, നായര്, കാശ്ള്ള ചോമ്മാര്.. അദണ് ലോകം. വെങ്ങിട്ടു ഡോക്കിട്ടറെ സാമീന്നന്ന്യാ വിളിക്കല്.
മറിയപ്പാറേരേ പേര് മാറ്റി അയ്യപ്പൻകുന്ന്ന്ന് ആക്കണന്ന് ഇന്തുക്കള് ബലം പിടിച്ച ദൂസാത്രെ ആരാണ്ടും ഒരു പഴേ രതോടിച്ച് ആ അമ്പലം തൊറന്ന നാട്ടിൽക്ക് പോയീത്.
ചൊക്ളിക്ക് ചിറി വന്നു. എവിട്ന്ന് കിട്ട്യാവോ പഴേ രതം.. നല്ല ഒരു കാറീലോ ബസ്സീലോ കേറി പൂവ്വായ്ര്ന്നില്ലേ അയ്യാള്ക്ക്..
ഇഞ്ഞി ഗോർമ്മേണ്ടോള് പറഞ്ഞൊടങ്ങോ മനിഷേമ്മാര് രതം ഓടിച്ചൊടങ്ങണന്ന്..
അയ് വേ കൂടേ രതങ്ങള് ഓടണ ആലോയ്ച്ചപ്പോ ചൊക്ളിക്ക് പിന്നേം പിന്നേം ചിറി വന്നു.


1 comment:

© Mubi said...

എച്ച്മു, ചൊക്ളി പുസ്തകമായി കാണാൻ കാത്തിരിക്കയാണ്. ഇടയ്ക്ക് ചിലതൊക്കെ വിട്ടു പോയിരുന്നു :(