Wednesday, October 21, 2020

രാം വിലാസ് പാസ്വാൻ



                    

രാം വിലാസ് പാസ്വാൻ എന്ന കേന്ദ്രമന്ത്രിയെ എനിക്ക് അറിയില്ല. രാഷ്ട്രീയ നിലപാടുകൾ ഇഷ്ടമായിരുന്നു മില്ല. കാറിൽ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. വി പി സിംഗ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാസ്വാൻ ലേബർ മിനിസ്റ്റർ ആയിരുന്നു.
എൻറൊപ്പം സൈറ്റിൽ ജോലി ചെയ്തിരുന്ന ജപ്പസ് പാസ്വാൻ, തപ്പസ് പാസ്വാൻ എന്നീ രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. അവരാണ് പാസ്വാൻ എന്നാൽ മഹാമോശം ജാതിയാണെന്ന് എനിക്ക് പറഞ്ഞു തന്നത്. സിവിൽ എൻജിനീയർമാരായ അഗർവാളും സക്സേനയും ഒക്കെ പാസ്വാൻ സഹോദരങ്ങളെ തെണ്ടിപ്പട്ടികളോടെന്ന വണ്ണം ആട്ടിക്കൊണ്ട് മര്യാദ ഇല്ലാതെ പെരുമാറുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.
എൻറെ കഠിന ജീവിതകാലമായിരുന്നു അത്. ഞാൻ ഭക്ഷണം ഉപേക്ഷിച്ചിരുന്ന കാലം.
ഈ പാസ്വാൻമാർ രാംവിലാസ് പാസ്വാൻറെ മന്ത്രി മന്ദിരത്തിൽ പോയി ഉച്ചഭക്ഷണം കഴിക്കും. ആർക്കും അവിടെ വെറുതെ ഭക്ഷണം കിട്ടുമായിരുന്നു. ഞാനും പാസ്വാൻമാരോടൊപ്പം പോയി അവിടത്തെ കാൻറീനിൽ നിന്ന് റൊട്ടിയും ദാലും പച്ചമുളകും സവാള ചീവിയതും കഴിച്ചിട്ടുണ്ട്. പിന്നെ പച്ചവെള്ളവും കുടിക്കും.
രാംവിലാസ് പാസ്വാൻറെ അടുക്കളച്ചെലവും വെള്ളച്ചെലവും ദേശീയപത്രങ്ങളിൽ വലിയ തമാശവാർത്തകളായിരുന്നു.
ഉണ്ണാൻ വകയില്ലാത്തവൻ മന്ത്രി ആയാൽ എന്ന മട്ടിൽ...
കാരണം പാസ്വാൻ എന്ന നീചജാതിപ്പേരാണല്ലോ രാംവിലാസിൻറെ ഒപ്പമുള്ളത്.
രാംവിലാസ് ശർമ്മ ആയിരുന്നുവെങ്കിൽ ആ അന്നദാനത്തെപ്പറ്റി എത്ര പറഞ്ഞാലും ഭാരതീയർക്ക് മതി വരുമായിരുന്നില്ല.
RIP Mr. Ram Vilas Paswan.

1 comment:

© മുബി said...

"രാംവിലാസ് ശർമ്മ ആയിരുന്നുവെങ്കിൽ ആ അന്നദാനത്തെപ്പറ്റി എത്ര പറഞ്ഞാലും ഭാരതീയർക്ക് മതി വരുമായിരുന്നില്ല..." ശരിയാണ്