Saturday, February 4, 2012

മണ്ണാങ്കട്ടിയും പോതും പൊണ്ണും ….പോരാഞ്ഞിട്ട് ഒരു നകുഷയും


                               

അടുത്താഴ്ച നാട്ടിലുണ്ടാവുകയില്ലെന്ന് അവൻ ഫോണിൽ മെല്ലെ ചിരിച്ചു. അതു കേട്ടപാടെ “നീ പോകുന്നിടത്തേയ്ക്ക് ഞാനും വരട്ടെ” എന്ന് ചോദിച്ചു കഴിഞ്ഞിരുന്നു. വേണ്ടെന്ന് പറയാൻ അവനാവുകയില്ല. ആളൊഴിഞ്ഞ ഈ വലിയ മുറികളിൽ ഒറ്റയ്ക്ക് തലങ്ങും വിലങ്ങും നടന്ന്  സമയം പോക്കുന്നതിൽ അവന് എല്ലാ കാലത്തും അനിഷ്ടമുണ്ടായിരുന്നുവല്ലോ.

എങ്കിലും അവന് എന്നും തിരക്കായിരുന്നു.അവന്റെ പിന്നാലെ എപ്പോഴും തടിച്ച ഫയലുകളും കുറെ മനുഷ്യരും അവസാനമില്ലാത്ത നെടുങ്കൻ യാത്രകളുമുണ്ടായിരുന്നു. മെലിഞ്ഞു നേർത്ത് മനോഹര നാദമാലപിയ്ക്കുന്ന ഫോണുകളും അംഗലാവണ്യം തുള്ളി തുളുമ്പുന്ന കമ്പ്യൂട്ടറും അവൻ തനിയ്ക്ക് സ്വന്തം തനിയ്ക്ക് മാത്രം സ്വന്തമെന്ന് സദാ കലഹിച്ചുകൊണ്ടിരുന്നുഇവരെല്ലാം ഒഴിവാകുന്ന അത്യപൂർവ നിമിഷങ്ങളിൽ മാത്രമാണ് അവൻ മിഴികളിൽ ഉറ്റുനോക്കിയത്.  പുസ്തകങ്ങളിൽ ലയിച്ചിരിയ്ക്കുമ്പോൾ പൊടുന്നനെ, പിൻ കഴുത്തിൽ ഒരു തൂവൽ സ്പർശം പോലെ ഉമ്മവെച്ചത്.

പച്ച നിറത്തിന്റെ മഴവില്ലുകൾ തെളിയുന്ന ഒരു മനോഹര തീരത്തേയ്ക്കായിരുന്നു അവനൊപ്പമുള്ള ആ യാത്ര. ഒരു പച്ച കൂടാരത്തിൽ ഒറ്റയ്ക്കിരുത്തിയിട്ട് അവൻ പതിവു പോലെ സ്വന്തം തിരക്കുകളിലേയ്ക്ക് ഊർന്നു പോയി.അവനു പോകാനാവുന്ന പല സ്ഥലങ്ങളും എന്നും അന്യമായിരുന്നപ്പോഴും അവന് കടന്നു വരാനാവാത്ത ഒരു സ്ഥലവും  ഒരിയ്ക്കലും  ഉണ്ടായില്ല. അവനെന്നും ഒരു കാറ്റായിരുന്നു.

തളിർപ്പച്ചയും ഇലപ്പച്ചയും ഇരുൾപ്പച്ചയും വെയിൽപ്പച്ചയും മഴപ്പച്ചയും മയിൽ‌പ്പച്ചയും ചാണകപ്പച്ചയുമായി .പച്ച നിറം സ്വന്തം ഇന്ദ്രജാല മികവിൽ വിസ്മയിപ്പിയ്ക്കുന്ന ഒരു പ്രപഞ്ചമായിരുന്നു അത്.   ചുവന്നു തുടുത്ത മണ്ണിന്റെ ആരും കാണാത്ത വന്യമായ അടരുകൾ ലാസ്യ ഭംഗിയോടെ പുഞ്ചിരിച്ചു. ആരോഗ്യമുള്ള ഒരു പച്ചത്തുള്ളൻ ആശകളിൽ ചലനമാർന്നു.

ചെമ്മണ്ണ് നിറഞ്ഞ വഴികളിലൂടെ വെറുതേ നടക്കുമ്പോൾ മരക്കൊമ്പുകളിലിരുന്ന് പല തരം പക്ഷികൾ കലപില കൂട്ടി സംസാരിയ്ക്കാൻ തുടങ്ങി. അവരിൽ തന്നെ സാമർഥ്യക്കാരായ ചിലർ കൈയെത്തിത്തൊടാമോ എന്ന് വെല്ലുവിളിച്ച്  തലയ്ക്ക് മുകളിലൂടെ ശീഘ്രം പറന്നു. വർണ്ണപ്പകിട്ടാർന്ന സ്വന്തം തൂവൽച്ചിറകുകൾ വിടർത്തിക്കാണിച്ച്, മങ്ങിയ വർണ്ണത്തിൽ ചുളുക്കു കുപ്പായമിട്ട സൌന്ദര്യബോധത്തെ നോക്കി ച്ഛിൽ ച്ഛിൽ എന്ന് കളിയാക്കി.

അപ്പോൾ ചുളുക്ക് കുപ്പായം പെട്ടെന്ന് ഫ്രില്ലു പിടിപ്പിച്ച ഒരു ഫ്രോക്കായിത്തീർന്നു. പറ്റെ വെട്ടിയ മുടി ഇരുവശവും ഒഴുകിയിറിങ്ങിയ പിന്നലുകളായി. അതിൽ കനകാംബരവും മദിരാശി മുല്ലയും മയിർക്കൊഴുന്തും പട്ടു റിബണും പിറന്നു. 

ഉറക്കെയാണ് പാടിയത്..പഴയൊരു കുട്ടിപ്പാട്ട്

ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാനല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാചിത്താശൻ വാക്കമ്മാ“ 

കൌതുകത്തോടെ ശ്രദ്ധയോടെ എതിരേ വന്ന അമ്മ പറഞ്ഞു, “ചിത്താശനൊണ്ണും ഇന്തക്കാലം കെടയാത്”   


അറിയാമായിരുന്നു. ആരാണു ചിത്താശനെന്ന് അമ്മയ്ക്കും അറിയുമായിരുന്നില്ലെന്ന് അല്പം കഴിഞ്ഞപ്പോൾ മനസ്സിലായി. നല്ല കാലം വരുന്നെന്ന്, കുടു കുടു ഉടുക്കു കൊട്ടിപ്പാടിക്കൊണ്ട് വർഷത്തിലൊരിയ്ക്കൽ മാത്രം വീട്ടിൽ വന്നിരുന്നവരായിരുന്നു ചിത്താശന്മാർ. വളരെ കുഞ്ഞു നാളിലേ  അവരെ കണ്ടിട്ടുള്ളൂ. അവർക്ക് പാളത്താറും കണ്ണഞ്ചിപ്പിയ്ക്കുന്ന വിധം വർണാഭമായ തലപ്പാവുമുണ്ടായിരുന്നു.  കർണ്ണാടകത്തു നിന്ന് ദേശാന്തര യാത്രയ്ക്ക് വരുന്ന അവർ, വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാലും സത്യമേ പറയൂവത്രെ. 

അമ്മയുമായുള്ള സൌഹൃദം നിമിഷങ്ങളിൽ തന്നെ പടർന്നു പച്ചച്ച് പന്തലിച്ചു..നാല്പതു കൊല്ലം മുൻപ് വെറും തരിശായിക്കിടന്ന ഭൂമിയുടെ പുരാവൃത്തം വെറ്റില തുപ്പൽ തെറിപ്പിച്ചും സ്വന്തം മുഖത്തെ ചുളിവുകളിളക്കിയും അമ്മ പാടിത്തന്നു. വെള്ളക്കാരൻ സ്സാ‍യ്പ് തരിശ് കടന്ന് വന്ന് പച്ച ദ്വീപ് ചമച്ച മരതകക്കഥ.

“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ........

ചില സ്സായ്പുമാർക്ക് ചില തരം പ്രാന്ത് ഉണ്ടാകുമെന്ന് അമ്മ ഉറക്കെ ചിരിച്ചു. അത് ശരി വെച്ചുകൊണ്ട് സമീപത്തു കൂടി ഇഴഞ്ഞ് പോയത് കറുപ്പിൽ മഞ്ഞ പുള്ളികളുള്ള സാരി ധരിച്ച ഒരു പാമ്പായിരുന്നു. ഭയം ആദ്യം നീലിപ്പിച്ചു പിന്നെ വെളുപ്പിച്ചു.

അമ്മ ചിരിച്ചുകൊണ്ട് സമാധാനിപ്പിച്ചു. “ഒന്നും പേടിയ്ക്കാനില്ല. നമ്മൾ ഉപദ്രവിയ്ക്കാതിരുന്നാൽ മതി അവരൊന്നും ചെയ്യില്ല. അവർക്ക് കഴിയ്ക്കാൻ ഇവിടെ ധാരാളം ഭക്ഷണമുണ്ട്. അവർ അവരുടെ പാട്ടിന് കഴിഞ്ഞുകൊള്ളും.“

അതാണ് മരതക ദ്വീപിന്റെ നിയമം. അവിടെ എല്ലാവരുമുണ്ട്. കഴിയുന്നത്ര പരസ്പരം സഹകരിച്ച് അവർ കഴിഞ്ഞു കൂടുന്നു.എന്നാലും ചിലപ്പോൾ അപകടങ്ങൾ വരാറുണ്ട്. അപ്പോൾ ചികിത്സിയ്ക്കും, രക്ഷപ്പെടുമോ എന്ന് നോക്കും .ഇല്ലെങ്കിൽ പിന്നെ .....ചിരഞ്ജീവികളെല്ലാം പുരാണങ്ങളിൽ മാത്രമല്ലേയുള്ളൂ എന്നു പറഞ്ഞ് അമ്മ കണ്ണിറുക്കിക്കാട്ടി.  

അമ്മ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അതു പറച്ചിലിന്റേയും കേൾവിയുടെയും ആഹ്ലാദ ഉത്സവമായിരുന്നു. അമ്മ അവിടെ പലതരം ജോലികൾ ചെയ്തു കഴിഞ്ഞു കൂടുകയാണ്. അവിടെ കുറെ വീടുകളുണ്ട്, ബേക്കറിയുണ്ട്, പല തരം ഓഫീസുകളുണ്ട്, അമ്പലമുണ്ട്..... അവിടെയെല്ലാം ഒത്തിരി ജോലികളുമുണ്ട്. 

അമ്മയുടെ വീട്ടുകാരനെക്കുറിച്ചും മക്കളെക്കുറിച്ചും അന്വേഷിച്ചപ്പോൾ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

“കല്യാണം കഴിച്ചില്ല.“

അൽ‌പ്പം ചമ്മലുണ്ടായി. വേണ്ടായിരുന്നു. ആവശ്യമില്ലാത്ത അന്വേഷണം.

മൌനം കണ്ട് അവർ വിശദീകരിച്ചു. 

“അതൊരു കാര്യമായിത്തോന്നിയില്ല, അതിലും വലിയ കാരണം ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്ന് തോന്നാൻ..“

അപ്പോഴേയ്ക്കും ആരോ ഉച്ചത്തിൽ വിളിയ്ക്കുന്നതു കേട്ടു

“പോതും പൊണ്ണ് അത്തേ, പോതും പൊണ്ണ് അത്തേ……“

ആ പേരു വിചിത്രമായി തോന്നി. പോതും പൊണ്ണെന്ന്…… എന്നുവെച്ചാൽ മതി പെണ്ണെന്ന്. എന്തൊരു പേര്! മനുഷ്യർ ഇങ്ങനെയും പേരു വെയ്ക്കുമോ?

അമ്മയുടെ ഉത്തരം അതിലും വിചിത്രമായിരുന്നു.

“ഇങ്കെ വാടീ, മണ്ണാങ്കട്ടീ, ദോ ഇങ്കെയേ താൻ..“ 

“ഓ! വാറേൻ..“ 

മണ്ണാങ്കട്ടിയോ? ഇനി അതും മനുഷ്യനാണോ? മണ്ണാങ്കട്ടി എന്നു പേരുള്ള മനുഷ്യരുണ്ടാകുമോ ഈ ലോകത്ത്?

നേർത്തൊരു കിതപ്പോടെ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് മണ്ണാങ്കട്ടിയാണെന്നറിഞ്ഞപ്പോൾ  ഞെട്ടിപ്പോയി. കടഞ്ഞെടുത്ത കരിവീട്ടി പോലൊരു പെണ്ണ്. നല്ല ഉറച്ച ശരീരം. എണ്ണയിട്ടു മിനുക്കിയ മുടിയിൽ മുല്ലപ്പൂവും കനകാംബരവും, കണ്ണിൽ നീളത്തിലെഴുതിയ കരി..ഇവളെങ്ങനെ ഒരു മണ്ണാങ്കട്ടിയാകും?

അത്  ആചാരമാണെന്ന് അമ്മ വിശദീകരിച്ചു. ആൺകുഞ്ഞുണ്ടാവാനായി മാത്രമാണല്ലോ വിവാഹം കഴിയ്ക്കുന്നത്. ഉണ്ടായ ആൺകുഞ്ഞ് മരിച്ചു പോയാലോ? അതിലും വലിയൊരു ദുരന്തമില്ല. പിന്നെ ജനിയ്ക്കുന്ന പെൺകുഞ്ഞിന് അതുകൊണ്ട് മണ്ണാങ്കട്ടി എന്നു പേരു വിളിച്ച് ദൈവത്തോട് പ്രാർഥിയ്ക്കുന്നു, ചിലർ കല്ലും മണ്ണും കലർത്തിയ ആഹാരം ഭക്ഷിയ്ക്കുമത്രെ പ്രാർഥനയ്ക്കൊപ്പം ഒരു നേർച്ച മാതിരി…….ഇതു പോലെ ഒരു മണ്ണാങ്കട്ടിയെ അല്ല, നല്ലൊരു പുത്രനെ തരണേ എന്ന് മനമുരുകി പ്രാർഥിയ്ക്കുമ്പോൾ ദൈവം കനിയാതിരിയ്ക്കില്ല. പെൺകുട്ടിയെ മണ്ണാങ്കട്ടി എന്നു വിളിച്ചാൽ എന്താണ് തരക്കേട്? ശരിയ്ക്കും ചെലവുണ്ടാക്കുന്ന ഒരു മണ്ണാങ്കട്ടി തന്നെയല്ലേ പെൺകുട്ടി? 

നീയൊരു മണ്ണാങ്കട്ടിയാണെന്ന് വിളിച്ച് വളർത്തപ്പെട്ട ആ കരീവീട്ടിപ്പെണ്ണിന്റെ മുഖത്തു നോക്കി  സ്തബ്ധയായി നിൽക്കുമ്പോൾ.. .

“മയില് അല്ലാട്ടി കതിര്ന്ന് ശൊല്ലിയാച്ച്…… പിന്നാടി പളക്കം പളക്കം ശൊല്ലമാട്ടാങ്കോ. ഇന്നമേ പോതും പൊണ്ണും മണ്ണാങ്കട്ടിയും കെടയാത്, കട്ടായം.“ മണ്ണാങ്കട്ടി കാട്ടരുവി പോലെ ഇളകി മറിഞ്ഞു.

അപ്രതീക്ഷിതമായി അമ്മയുടെ കണ്ണു നിറയുന്നത് കണ്ടു. അവർ സ്നേഹത്തോടെയും വാത്സല്യത്തോടെയും മണ്ണാങ്കട്ടിയെ മാറോടണച്ചപ്പോൾ ഇരുവരെയും ആ ലോകത്തിൽ വിട്ടിട്ട്  നിശ്ശബ്ദയായി മുന്നോട്ടു നടക്കുക മാത്രം ചെയ്തു. 

വഴിയരികിൽ വില്പനയ്ക്കു വെച്ചിരുന്ന കൌതുക വസ്തുക്കളിൽ നിന്ന് കടലാസ്സു കമ്മലും കുറച്ചു ചന്ദനത്തിരികളും സുഗന്ധമുള്ള മെഴുകുതിരിയും വാങ്ങിച്ചു. കൂടാതെ ഒരു പ്ലേറ്റ് പച്ചക്കറി ചാട്ടും. വെള്ളരിയ്ക്കയും ക്യാരറ്റും  ബീറ്റ്രൂട്ടും തക്കാളിയും മുളപ്പിച്ച പയറും സവാളയും ഉപ്പും നാരങ്ങാ നീരും ഇത്തിരി ചാട്ട് മസാലയും കലർത്തി വിളമ്പിയതായിരുന്നു പ്ലേറ്റിലുണ്ടായിരുന്ന വിഭവം. ചുവന്ന മണ്ണിൽ പുതഞ്ഞു കിടന്ന ഒരു കൃഷ്ണ ശിലയിൽ ഇരുന്ന്, പ്ലേറ്റിലെ പച്ചക്കറികൾ മെല്ലെ മെല്ലെ തിന്നു തീർക്കുമ്പോഴും  മനസ്സിൽ  പോതും പൊണ്ണും മണ്ണാങ്കട്ടിയും ഊഞ്ഞാലാടിക്കൊണ്ടിരുന്നു. മുകളിൽ പടർന്നു പന്തലിച്ചു നിന്ന വന്മരത്തിൽ കെട്ടിത്തൂക്കിയിട്ട കൂറ്റൻ വിൻഡ് കൈമിന്റെ മുഴക്കത്തിനൊപ്പം ഉരുവിട്ടു. “മണ്ണാങ്കട്ടിയും പോതും പൊണ്ണും. പോതും പൊണ്ണും മണ്ണാങ്കട്ടിയും“

പിറുപിറുക്കൽ അല്പം ഉച്ചത്തിലായിപ്പോയോ? വട്ടികളുമായി നടന്നു പോവുകയായിരുന്ന കാപ്പിയുടെ നിറമുള്ളവൾ തിരിഞ്ഞു നിന്നു പറഞ്ഞു. “ദോ അതു താൻ മണ്ണാങ്കട്ടി കടൈ.“ എന്നിട്ട് വലത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു.

അപ്പോൾ മണ്ണാങ്കട്ടിയ്ക്കു കടയുമുണ്ട്, ശരി എന്തായാലും അവിടെ പോയിട്ടു തന്നെ കാര്യം.

മണ്ണാങ്കട്ടിയുടെ കടയിൽ കുറെ ഗ്രീറ്റിംഗ് കാർഡുകളും നല്ല തിളക്കമുള്ള കല്ലുകളുടെ ആഭരണങ്ങളും ഉണ്ടായിരുന്നു. പിന്നെ പലതരം ചന്ദനത്തിരികളും സ്കാർഫുകളും. എല്ലാം അവിടത്തെ ആളുകൾ നിർമ്മിച്ചതാണെന്ന് അവൾ വിശദീകരിച്ചു. വിലയൽ‌പ്പം കൂടുതലാണെങ്കിലും എല്ലാ വസ്തുക്കളും അതീവ മനോഹരമായിരുന്നു.

ഒന്നു രണ്ടു ഗ്രീറ്റിംഗ് കാർഡുകളാണു തെരഞ്ഞെടുത്തത്. അവൾ അനായാസമായി ബില്ലെഴുതുന്നത് കണ്ടപ്പോൾ അവളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചോദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.

“എല്ലാം പോതും പൊണ്ണ് അത്ത കത്ത് കുടുത്താങ്ക“

അത്തയെന്നാൽ അമ്മായി. അത്ത ഒറ്റാന്തടിയാണ്. അതിന്റെ കാരണവും അവൾ വിസ്തരിച്ചു. പ്രസവിയ്ക്കുന്നത് പെൺകുഞ്ഞാണെങ്കിൽ പോതുംപൊണ്ണെന്ന് പേരിട്ട് ദൈവത്തിനോട് യാചിയ്ക്കണം ആൺകുട്ടി പിറക്കാൻ. ഒരമ്മയ്ക്ക് ആണും പെണ്ണും തമ്മിൽ ഭേദമുണ്ടാകാൻ പാടില്ലെന്ന്  അത്ത വിശ്വസിയ്ക്കുന്നു. അയ്യോ! പെണ്ണ് പിറന്നതു മതിയേ എന്നു സദാ ഓർമ്മിപ്പിയ്ക്കുന്ന, പെണ്ണ് അത്ര അനാവശ്യമാണെന്ന് പ്രഖ്യാപിയ്ക്കുന്ന ആചാരത്തിനു കീഴ്പ്പെട്ട് ഒരു പെൺകുഞ്ഞിനെ വളർത്തേണ്ടി വരുമെന്ന് കരുതി അത്ത കല്യാണത്തിനു തയാറായില്ല. പോതും പൊണ്ണെന്നും മണ്ണാങ്കട്ടിയെന്നും പേരിടാതെ പെൺകുഞ്ഞിനെ വളർത്തിയെടുക്കാമെന്ന് പറയാൻ ചുണയുള്ള ഒരു പുരുഷനും അത്തയുടെ ജീവിതത്തിൽ കടന്നു വന്നതുമില്ല.
അതു പറയുമ്പോൾ  മണ്ണാങ്കട്ടിയുടെ മുഖത്ത് ഒരേ സമയം അഭിമാനവും സങ്കടവുമുണ്ടായിരുന്നു.

മയിലെന്നോ കതിരെന്നോ ജനിയ്ക്കുന്ന പെൺകുട്ടിയ്ക്ക് പേരിടാമെന്ന് ഉറപ്പ് കൊടുത്ത  ഒരു ചുണക്കുട്ടനെ അവൾ തനിയ്ക്കായി കണ്ടുപിടിച്ചു കഴിഞ്ഞിരിയ്ക്കുന്നുവത്രെ. അത് അറിയിയ്ക്കാനായിരുന്നു അവൾ നേരത്തെ അത്തയെ തേടി വന്നത്.

എങ്കിലും അവിവാഹിതയായ അത്ത വയസ്സുകാലത്ത് തനിച്ചാവില്ലേ എന്നൊരു വിഡ്ഡിച്ചോദ്യം ചോദിച്ചു.

“ തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ?  ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ. “ 

അത് പോതും പൊണ്ണത്തയുടെ മറുപടിയായിരുന്നു. പ്രയത്നിച്ച് ജീവിയ്ക്കാമെന്ന് പറയുന്ന ആ ഉറച്ച അഭിമാനത്തിനു മുൻപിൽ  പൈങ്കിളിച്ചോദ്യങ്ങൾ തലയിൽ ഒരു മുണ്ടിട്ട് ഓടിയൊളിച്ചു. അഭിമാനത്തിന്റേയും തന്റേടത്തിന്റെയും അർത്ഥം എല്ലാവർക്കും ഒന്നു പോലെയല്ലല്ല്ലോ.

കൊത്തി മുറിവേൽ‌പ്പിച്ച് രക്തത്തിൽ കുളിപ്പിയ്ക്കുന്ന ഏകാന്തതയെ തോൽ‌പ്പിയ്ക്കാൻ വേണ്ടി മാസങ്ങൾക്കു ശേഷം വീണ്ടും അവനോടൊപ്പം ഒരു യാത്ര പോയി. 

എത്തിയത് കറു കറുത്ത മഴവില്ലിന്റെ ദേശത്തായിരുന്നു. എണ്ണക്കറുപ്പും, വൈരക്കറുപ്പും, പുകക്കറുപ്പും കരിക്കറുപ്പും, മേഘക്കറുപ്പും, കാക്കക്കറുപ്പും , ശവക്കറുപ്പുമായിരുന്നു ആ കറുകറുത്ത മഴവില്ലിലുണ്ടായിരുന്നത്. അന്നത്തിന്റെ വെള്ളം പോലും കുടിയ്ക്കാതെ അന്നം വിളയിയ്ക്കുന്നവർ നിത്യം നിത്യം തൂങ്ങി മരിയ്ക്കുന്ന ദേശമായിരുന്നു അത്.  ജനിച്ചു വളർന്ന ഗ്രാമങ്ങൾ വില്പനയ്ക്ക് നിരത്തി വെച്ച് പട്ടിണിക്കോലങ്ങളായ ഗ്രാമീണർ തുപ്പലിറക്കി അവിടെ കഴിഞ്ഞിരുന്നു. വിഷം വാങ്ങാൻ കാശില്ലാതെ തൂങ്ങിച്ചത്തവന്റെ പെണ്ണിന്  “ഒരു പശുവിനെ വളർത്തി ജീവിച്ചു കൂടേ“ എന്ന ബുദ്ധിയുപദേശിച്ച് സർക്കാർ തന്നെ പശുവിനെ നൽകിയ നന്മദേശമായിരുന്നു. പശുവിനെ തീറ്റിപ്പോറ്റാനായി  അവളും മക്കളും ഭിക്ഷയെടുക്കേണ്ട വറുതിദേശമായിരുന്നു. ഏറ്റവും കൂടുതൽ ചേരികൾ ഉണ്ടായിരുന്നത് ആ ദേശത്തായിരുന്നു

കുറച്ചു കാതങ്ങൾക്കപ്പുറമാകട്ടെ അംബര ചുംബികളായ വാസ സ്ഥലങ്ങളും  ജോലിയിടങ്ങളും കറുപ്പ് മാഞ്ഞ സ്വർണ നിറമുള്ള മണ്ണിൽ വർണ്ണപ്പകിട്ടുള്ള വാനത്തിലേയ്ക്ക് പൌഡറിട്ടു മിനുക്കിയ മുഖവുമായി തിളങ്ങി നിന്നിരുന്നു. അവിടെ ത്രീ ഫോർത്തണിഞ്ഞ സുന്ദരിമാരും കമ്മലിട്ട സുന്ദരന്മാരും ലേസ് ചിപ്സും മക്ഡോണാൾഡ് ബർഗറും തിന്നുന്ന തുടുപ്പൻ കുട്ടികളും ഉണ്ടായിരുന്നു. വലിയതും ചെറിയതുമായ കാറുകളിൽ സഞ്ചരിച്ച് അവർ നഗരത്തിന്റെ കവലകളെ കാച്ചിത്തിളക്കി. കോൺ ക്രീറ്റ് ചെയ്ത വീതി കൂടിയ തെരുവോരങ്ങളിൽ അവർ തുപ്പിയ ഷോപ്പേഴ്സ് സ്റ്റോപ്പിന്റെയും പാന്റ്ലൂണിന്റേയും ഈസ്റ്റ് വെസ്റ്റിന്റേയും പ്ലാസ്റ്റിക് കൂടുകൾ ചിതറിക്കിടന്നു.

പ്രവേശനമില്ലാത്ത വലിയൊരു കെട്ടിട സാമ്രാജ്യം അവനെ മുഴുവനോടെ വലിച്ചെടുക്കുന്നതും നോക്കി പടുകൂറ്റൻ ജലധാരായന്ത്രങ്ങളുടെ വശ്യനൃത്തത്തിനു മുൻപിൽ, തനിച്ചിരിയ്ക്കുമ്പോഴാണ് പച്ച വർണ്ണ കുപ്പിവളകൾ ധരിച്ച് നനഞ്ഞ സാരിയുടെ ഫർ ഫർ ശബ്ദവുമായി കുട്ട കമിഴ്ത്തിയ മാതിരി മൂക്കുത്തികളും ഇട്ട് അവൾ വന്നത്. വന്നപാടെ, തറയിൽ പടഞ്ഞിരുന്ന് കൈയിലെ കടലാസ്സു പൊതി നിവർത്തി ക്ഷണിച്ചു.

“ഖാനാ ലോ ദീദി.“

വേണ്ടെന്ന് തലയാട്ടി ചിരിച്ചപ്പോൾ അവൾ ആർത്തിയോടെ ബണ്ണും വടയും സവാളയും  തിന്നാൻ തുടങ്ങി, ഇടയ്ക്ക് പച്ചമുളകെടുത്ത് കടിച്ച്, ശീ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. സ്വന്തമായി വേണ്ടത്ര ഭക്ഷണമില്ലാത്തപ്പോഴും  ഉള്ളതു പങ്കിടാൻ ക്ഷണിച്ച ആ മനസ്സ് ദൈവികമായിരുന്നു. ബർഗർ കണ്ടുപിടിച്ചത് മക്ഡോണാൾഡൊന്നുമല്ലെന്ന് അപ്പോഴാണ് മനസ്സിലായത്. മറ്റൊന്നും കഴിയ്ക്കാൻ കിട്ടാത്ത പട്ടിണിക്കാർ ഉണക്ക ബണ്ണിനിടയിൽ എന്തെങ്കിലുമൊക്കെ  കടത്തി വെച്ച് തിന്നതാവണം ആദ്യത്തെ ബർഗർ.

“ക്യാ നാം ഹേ ആപ്കാ?“

പുച്ഛത്തിലൊന്നു കോടിയ ചിറിയുമായി പച്ചക്കുപ്പിവളകൾ കിലുങ്ങി, “കോയി നാം നഹി.മേം നകുഷാ ഹും”

എല്ലാം ഓർമ്മ വന്നു. അതെ, “വേണ്ടാത്തവൾ“ എന്ന് അർഥമുള്ള വാക്ക്, പെണ്മക്കൾക്കായി  ആ ദേശത്തെ മാതാപിതാക്കൾ നൽകുന്ന പേര്, ഒരു സ്കൂളിൽത്തന്നെ എത്രയോ നകുഷമാർ ഉണ്ടാകുന്നത്, ജില്ലാ ഭരണകൂടം ഇടപെട്ട് കുറെയേറെ പെൺകുട്ടികൾക്ക് പേരുമാറ്റം നടത്തിയത്..

ഇപ്പോൾ മുൻപിലൊരു നകുഷ!

“സർക്കാർ പേരു മാറ്റിക്കൊടുക്കുന്നുണ്ടല്ലോ, അതുകൊണ്ട് പേരു മാറ്റാവുന്നതല്ലേ“ എന്ന വിഡ്ഡിച്ചോദ്യം ചോദിയ്ക്കാതിരിയ്ക്കാനുള്ള ബുദ്ധിയെങ്കിലും ഉണ്ടാകണമായിരുന്നു.

“നിങ്ങൾ പഠിച്ചവരെല്ലാം ഇങ്ങനെയാണ് ദീദി. പത്തു പന്ത്രണ്ടു വയസ്സു വരെ നകുഷ എന്ന് വിളിച്ചിട്ട് നാളെ വേറൊരു പേരു വിളിച്ചാൽ വേണ്ടാത്തവൾ എന്ന വിചാരം മാറിപ്പോവുമോ? അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ  മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി

“ശരിയാവും എല്ലാം. ഇപ്പോൾ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും തമ്മിൽ  ഭേദമൊന്നുമില്ലല്ലോ.“

അത്യുച്ചത്തിലായിരുന്നു പരിഹസിയ്ക്കുന്ന ചിരി. കൊടുവാളിന്റെ മൂർച്ചയുള്ള ചിരി. 

“അതെ, നാലു പെൺകുട്ടികൾ പഠിച്ചാൽ, രണ്ടു പേർ സർക്കാർ ജോലി ചെയ്താൽ, ഒരാൾ കാറോടിച്ചാൽ……അപ്പോഴേയ്ക്കും നിങ്ങൾ പഠിച്ചവർ ഇങ്ങനെ പറഞ്ഞു തുടങ്ങും. വേണ്ടാത്തവരെന്ന് സ്വന്തം പേരുള്ള, പട്ടിണി കിടക്കുന്ന, അടി കൊള്ളുന്ന, എല്ലാ തരത്തിലും ഗതികെട്ട ബാക്കി പെണ്ണുങ്ങളെയൊന്നും നിങ്ങൾക്ക് പിന്നെ കാണാനേ കഴിയില്ല. 

പഠിപ്പുള്ള ദീദി, വേണ്ടാത്തവൻ എന്ന് സ്വന്തം പേര് ജന്മപത്രത്തിലെഴുതീട്ടുള്ള ഒരു ആൺ കുട്ടിയെ കാണിച്ചു തരാമോ നമ്മുടെ നാട്ടിൽ……..വേണ്ട, ചാകാറായ ഒരു തന്തയെ കാട്ടി തന്നാലും മതി… “

അവൾ കാറിത്തുപ്പി.
‌----------------------------------------------------------------
ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാനല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാചിത്താശൻ വാക്കമ്മാ“
(ചുണ്ടയ്ക്ക വറ്റൽ വിറ്റ പണം
തന്നയയ്ക്കു വലിയമ്മേ
നല്ല കാലം വരുന്നമ്മേ
കുടു കുടു കൊട്ടുന്ന പാണ്ടിയുടെ പറച്ചിലമ്മേ
ചിത്താശന്റെ വാക്കാണമ്മേ)

“ചിത്താശനൊണ്ണും ഇന്തക്കാലം കെടയാത്”  
 ( ഇക്കാലത്ത് ചിത്താശൻ ഇല്ല )

“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ’‘
(വന്നല്ലോ വന്നല്ലോ വെള്ളക്കാരൻ വന്നല്ലോ
വന്നല്ലോ വന്നല്ലോ ഭ്രാന്തുള്ളവൻ വന്നല്ലോ)

“മയില് അല്ലാട്ടി കതിര്ന്ന് ശൊല്ലിയാച്ച്…… പിന്നാടി പളക്കം പളക്കം ശൊല്ലമാട്ടാങ്കോ. ഇന്നമേ പോതും പൊണ്ണും മണ്ണാങ്കട്ടിയും കെടയാത്, കട്ടായം.“ 
(മയിൽ അല്ലെങ്കിൽ കതിർ എന്നു പേരു വെയ്ക്കും. പിന്നീട്  ആചാരമാണെന്ന് പറയില്ല. ഇനി മേലിൽ പോതും പൊണ്ണും മണ്ണാങ്കട്ടിയും ഉണ്ടാവില്ല.).

“എല്ലാം പോതും പൊണ്ണ് അത്ത കത്ത് കുടുത്താങ്ക“
(എല്ലാം പോതും പൊണ്ണ് അത്ത പഠിപ്പിച്ചു തന്നതാണ്)

“ തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ?  ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ. “ 
( കല്യാണം കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടായാൽ തന്നെ അവർ അവസാനം വരെ നോക്കുമെന്ന് വല്ല ഉറപ്പുമുണ്ടോ? ശരീരത്തിനു ബലമുണ്ടെങ്കിൽ അധ്വാനിച്ച് കഴിയാം. ബാക്കിയെല്ലാം ദൈവത്തിന്റെ കളി തന്നെ)
 
“ഖാനാ ലോ ദീദി.“
(ആഹാരം കഴിയ്ക്കാം, ചേച്ചി)

“ക്യാ നാം ഹേ ആപ്കാ?“
(പേരെന്താണ്?) 

“കോയി നാം നഹി.മേം നകുഷാ ഹും” 
( യാതൊരു പേരുമില്ല, ഞാൻ വേണ്ടാത്തവളാണ്.)

അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ  മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി“ 
( തല ഉയർത്തിപ്പിടിച്ച് ഞങ്ങൾക്ക് പെൺകുട്ടി വേണം എന്നു പറയാൻ തലച്ചോറിലും മനസ്സിലും ചിന്തകളിലും വിചാരങ്ങളിലും മാറ്റങ്ങളുണ്ടാവണം, ചേച്ചി)









Saturday, January 14, 2012

തുയിച്ചത്തലെയും കണ്ടാ സങ്കടാവൂവും…….


https://www.facebook.com/echmu.kutty/posts/814030898776206

പാട്ടു പാടാനുള്ള കഴിവിനെക്കുറിച്ച് സുർക്കിയും ശർക്കരയും കുഴച്ചുറപ്പിച്ച വിശ്വാസമാണ്. ഒരു ഡൈനമിറ്റ് വെച്ചാലും അത് പൊട്ടില്ല. അതുകൊണ്ടു തന്നെയാണ് നിത്യവും കുളിമുറിയിൽ നിന്ന് അനർഗ്ഗള ഗാനധാര ഒഴുകാറുള്ളത്. പൈപ്പിലൂടെ വെള്ളം വീഴുന്ന ഒച്ചയിൽ ഗാനധാര മുങ്ങി മരിയ്ക്കണം. ആ ഒറ്റ നിബന്ധനയേയുള്ളൂ. അങ്ങനെയാണെങ്കിൽ പിന്നെ യേശുദാസോ മുഹമ്മദ് റഫിയോ എസ് ജാനകിയോ ബെൻ ജോൺസണോ സെലിൻ ഡയോണോ ആരായി വേണമെങ്കിലും കൂടു വിട്ട് കൂടു മാറാൻ പറ്റും.

അമ്മത്ത ദുരിതങ്ങളെയും ത്യാഗങ്ങളെയും പറ്റി തടിച്ചുരുണ്ട ഒരു നോവൽ എഴുതാം. അല്ലെങ്കിൽ  നാഷണൽ ഹൈവേ പോലെ ഒരു കവിത രചിയ്ക്കാം. എക്കാലത്തും എല്ലാവരും നുണയുന്ന ഒരു കണ്ണീർ മിഠായിയാണ് അത്. എന്നാൽ അതിനൊപ്പം ചുളുവിൽ കിട്ടി ബോധിച്ച ചില തുല്യം ചാർത്തലുകളുമുണ്ട്. ആ അംഗീകാരങ്ങളുടെ സത്യ കഥനം കൂടി ചെയ്യണ്ടേ? 

ഏതാണു ആ സത്യമെന്നാണോ ചോദ്യം? 

ദാ, ഇതു തന്നെ.

കുഞ്ഞു പിറന്ന ദിവസം മുതൽ  കോപത്തിന്റെയും പുച്ഛത്തിന്റേയും അസഹ്യതയുടേയും പരിഹാസത്തിന്റേയും  യാതൊരു സ്റ്റോപ് സിഗ്നലും കാണിയ്ക്കാതെ, അമ്മയുടെ സംഗീതം കേൾക്കാൻ ഈ മഹാ പ്രപഞ്ചത്തിൽ ഒരാളുണ്ടായി എന്ന പരമ സത്യം.

കുഞ്ഞിക്കണ്ണുകൾ മിഴിച്ച് മിഴിച്ച് നോക്കുന്ന, കൈകളുയർത്തി കാതു പൊത്താത്ത ഒരു അരുമ മുഖമാണ് കേട്ടൊ, അമ്മയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഗർഭിണിയാണെന്നറിഞ്ഞ നിമിഷം മുതൽ  “ഓമനത്തിങ്കൾ കിടാവോ “പാടി നിരന്തരം അലട്ടിയിരുന്നതു കൊണ്ടാവണം ഡോക്ടറുടെ കണക്കുകൾ ഒക്കെ തെറ്റിച്ച് വേഗം തന്നെ പുറത്തു വന്നു കളയാമെന്ന് കുഞ്ഞ് നിശ്ചയിച്ചത്.

പിന്നെ അമ്മയുടെ വക സോളോ ഗാനമേളയായിരുന്നു

അതിൽ നിന്നും ഇതാഇതാ ചില സാമ്പിളുകൾ

“നീയെൻ ചന്ദ്രനേ“ എന്ന് തുടങ്ങി……..

“സുഹാനാ സഫർ“ എന്നു തുടങ്ങി..

“കണ്ണിലേ കുടിയിരുന്ത്“ എന്നു തുടങ്ങി.

“വെൻ ഐ വാസ് ജസ്റ്റ് എ ലിറ്റിൽ ഗേൾ“ എന്ന് തുടങ്ങി………

ഏതു ഭാഷയിലേയും ഏതു ഗാനവും അമ്മ ആലപിച്ചു. കൂടുതൽ സമയവും അമ്മയും കുഞ്ഞും തനിച്ചായിരുന്നതുകൊണ്ടും കുഞ്ഞിന് എഴുന്നേറ്റ് ഓടിപ്പോകാൻ ഒരു മാർഗ്ഗവും ഇല്ലാതിരുന്നതുകൊണ്ടും യാതൊരു അത്യാഹിതങ്ങളുമുണ്ടായില്ല. 

ചില സ്ത്രീകൾക്ക് പ്രസവ സമയത്ത് ഇങ്ങനെ ചില്ലറ അസുഖമുണ്ടാകുമെന്നും അതിന് പ്രത്യേക മരുന്നുകൾ കുറച്ചു കൊടുത്താൽ മതിയെന്നും അയൽ‌പ്പക്കത്തെ അമ്മൂമ്മ ഇടയ്ക്കൊക്കെ പറഞ്ഞിരുന്നു. തലയുടെ ഒരു വശത്ത്  ചൂണ്ടുവിരൽ കൊണ്ട് വട്ടം വരച്ച് കാണിച്ചായിരുന്നു അവർ ഉൽക്കണ്ഠപ്പെട്ടതെന്ന് മാത്രം. അതു വ്യക്തമായി കണ്ടു മനസ്സിലാക്കിയ ദിവസമാണ്  സ്വന്തം സംഗീതത്തിന്റെ ഗുണമേന്മയെക്കുറിച്ച് അമ്മയ്ക്കൊരു ധാരണയുണ്ടായത്.

അതു പോട്ടെ.

കുഞ്ഞ് സ്വന്തം അമ്മയെ തിരിച്ചറിഞ്ഞു തുടങ്ങിയതായി എല്ലാവരും പറഞ്ഞു ധരിപ്പിച്ച പുണ്യ നാളിൽ അമ്മ ആഹ്ലാദവതിയായി “ആരാരോ“ പാടി. എന്നിട്ട് അവർക്കൊക്കെ എങ്ങനെയാണതു മനസ്സിലാക്കാൻ പറ്റിയതെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു. 

“നിന്നെ കാണുമ്പോൾ കുഞ്ഞ് ചൂണ്ടു വിരൽ ഉയർത്തി ചുണ്ടിന്മേൽ വെയ്ക്കുന്നു!“

അമ്മയ്ക്ക് കൂടുതൽ ധാരണയായി.

ഇത്രയുമായപ്പോൾ അമ്മ സംഗീതം അല്പം സ്ലോവാക്കി. ഇടയ്ക്കിടെ കുഞ്ഞിനോട് നെടു നീളത്തിൽ സംസാരിയ്ക്കുക എന്നതായി അടുത്ത കലാപരിപാടി. അമ്മയുടെ വിശ്വാസങ്ങൾ, ആദർശങ്ങൾ, നിരാശകൾ, വേദനകൾ, മോഹഭംഗങ്ങൾ, ആഹ്ലാദങ്ങൾ, സ്വപ്നങ്ങൾ…….. എന്നു തുടങ്ങി അടുക്കള മുതൽ മുൻ വശത്തെ വരാന്ത വരെയും ഗേറ്റു മുതൽ അലക്കു കല്ലുവരെയും ഉള്ള സകലതും അമ്മ കുഞ്ഞുമായി പങ്കു വെച്ചു. 

അങ്ങനെ കാലം പോകെ ..

ഒരു ദിവസം ഉച്ചയ്ക്ക് കുഞ്ഞിനോട് സംസാരിച്ചുകൊണ്ട് അമ്മ കട്ടിലിൽ കിടക്കുകയായിരുന്നു. അടയാൻ തുടങ്ങുന്ന കണ്ണുകൾ ഇടയ്ക്കിടെ ബലമായി തുറക്കാൻ ശ്രമിച്ചു കുഞ്ഞ് ആ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പക്ഷെ, ഒടുവിൽ കുഞ്ഞ് കട്ടിലിൽ എണീറ്റിരിയ്ക്കുകയും കൃത്യമായി ചുണ്ടുകളിൽ ചൂണ്ടുവിരൽ നെടും കുത്തനെ പിടിയ്ക്കുകയും ചെയ്തപ്പോൾ അമ്മയുടെ ധാരണകളെല്ലാം നൂറു വാട്ട് ബൾബു പോലെ ഉജ്ജ്വലമായി.



കുഞ്ഞ് വളർന്നു. അമ്മയെ തന്റെ മുനയുള്ള ചോദ്യങ്ങൾ കൊണ്ടും നിറമുള്ള നിരീക്ഷണങ്ങൾ കൊണ്ടും നിരന്തരം അൽഭുതപ്പെടുത്തി.

ഒരു ദിവസം പൊടുന്നനെ കുഞ്ഞ്  ചോദിച്ചു.

“എന്റ്റാ ഈ തുയിച്ചത്തലെ ?“

റാപ്പിഡ് ഫയർ ടൈപ്പിൽ എ ബി സി ഡി  വകുപ്പുകളൊന്നുമില്ലാത്ത ഒരു ചോദ്യം.

അപാരമായ ഭാഷാ പരിജ്ഞാനമാണെന്ന് പുളകം കൊണ്ടിരുന്ന അമ്മ അമ്പലത്തിലെ  കതിനാ വെടി ചെവിയ്ക്കരികിൽ പൊട്ടിയ ആനയെ പോലെ ഞെട്ടുകയും ഓർക്കാപ്പുറത്ത് കോപാകുലയായ അമ്മായിഅമ്മയെ കണ്ട മരുമകളെ പോലെ വിളറുകയും ചെയ്തു.

“തുയിച്ചത്തലേ“ അങ്ങനെയൊരു വാക്ക് കേട്ടിട്ടില്ലല്ലോ. ഏതു ഭാഷയിലാണത്? അതിന്റെ അർഥമെന്താണ്? കുഞ്ഞിനെവിടുന്നാണ് ഈ വാക്ക് കിട്ടിയത്? ഇനി വല്ല തെറിവാക്കുമായിരിയ്ക്കുമോ അത്?

വിവിധ ഭാഷകളിലെ തടിച്ച ഡിക് ഷണറികൾ അമ്മ മറിച്ചു നോക്കി. നെടുങ്ങനെയും കുറുങ്ങനെയും ആലോചിച്ചു. “ഫോൺ എ ഫ്രണ്ടി“നു പകരം “ ഫോൺ പല ഫ്രണ്ട്“ എന്ന ഓപ്ഷൻ ശ്രമിച്ചു. എക്സ്പെർട്ട് പാനൽ ആയി ഒരു സാധാരണ വീട്ടമ്മയ്ക്ക് ഏതെങ്കിലുമൊരു മഹാ ജ്ഞാനിയെ കിട്ടാനും വഴിയില്ലായിരുന്നു. അതുകൊണ്ട് ജ്യോതിഷവും മഷി നോട്ടവും ആയാലോ എന്നും വിചാരിച്ചു. എന്നാലും “തുയിച്ചത്തലേ“ വെളിപ്പെട്ടില്ല. അമ്മയുടെ വിഷമം കണ്ടാവണം ബുദ്ധിയുള്ള കുഞ്ഞ് പിന്നെ ഒന്നും ചോദിച്ചില്ല.

വൈകുന്നേരം ടി വി കാണുമ്പോൾ “തുറക്കാത്ത വാതിൽ“ എന്ന സിനിമയിലെ “നാളികേരത്തിന്റെ നാട്ടിലെനിയ്ക്കൊരു“ ……എന്ന ഗാനമായിരുന്നു “ചിത്രഗീതം“ പരിപാടിയിലുണ്ടായിരുന്നത്. കുഞ്ഞു പറഞ്ഞു. “അമ്മേദെ പാത്ത്“. മഹത്തുക്കളായ ആരു പാടിയ ഏതു ഹിറ്റ് പാട്ട് കേട്ടാലും കുഞ്ഞ് പറയുന്ന വാചകമാണത്. കുഞ്ഞിനെ സംബന്ധിച്ച് അത് ചുവന്നതോ നീലയോ അല്ല, നല്ല പച്ചപച്ചയായ പരമാർഥമാണ്. 

“അമ്മ തേത്ത് തേത്ത് ദേ, തുയിച്ചത്തലേ“.

യൂറേക്കാ! 

അപ്പോ ഈ പാട്ടിലാണ് “തുയിച്ചത്തലേ“ നിറഞ്ഞു തുളുമ്പുന്നത്. കുഞ്ഞ് നിർദ്ദേശിച്ച മാതിരി അമ്മ കേട്ടു,കേട്ടു. എന്നിട്ടും  ഒന്നും മനസ്സിലായില്ല. “ലോകാ സമസ്താ സുഖിനോ ഭവന്തു“ പോലെയുള്ള ഒരിയ്ക്കലും നടക്കാത്ത കാര്യങ്ങൾക്ക് മുട്ടിപ്പായി പ്രാർഥിയ്ക്കുന്ന ഭക്തയെ കാണുമ്പോൾ, ദൈവത്തിന്റെ മുഖത്ത് വിരിയുന്ന സഹതാപം പോലെ എന്തോ ഒന്ന് കുഞ്ഞിൽ  തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ടായിരുന്നു. 

അതിന്റെ അർഥം വാക്കുകളിൽ സംഗ്രഹിച്ചാൽ …….

പോട്ടെ, എന്തിനാണ് സംഗ്രഹിയ്ക്കുന്നത്?

“നാളികേരത്തിന്റെ നാട്ടിൽ“ അമ്മ പാടിത്തുടങ്ങി, “കല്ലുവെട്ടാംകുഴിയ്ക്കക്കരെ“ ……എന്നിടത്തെത്തിയപ്പോൾ കുഞ്ഞു ഉറക്കെപ്പറഞ്ഞു, “ദേ ദേ വാവേദെ തുയിച്ചത്തലേ“.

വല്ലതും മനസ്സിലായോ? 

“ ആ കുഴിയ്ക്കക്കരെ“ തന്നെയായിരുന്നു, അമ്മ ഉച്ച മുതൽ തേടി നടന്നു ക്ഷീണിച്ച, കുഞ്ഞിന്റെ “തുയിച്ചത്തലേ“



വലിയൊരു സ്ക്കൂളിൽ  ചേർന്ന് ഇംഗ്ലീഷും ഹിന്ദിയും ഫ്രഞ്ചും പഠിയ്ക്കുന്ന കുഞ്ഞിനോട് മലയാളവും തമിഴും കൂടി പഠിയ്ക്കണമെന്ന് അമ്മ കണ്ണിൽച്ചോരയില്ലാതെ വാശി പിടിച്ചു. വീട്ടിൽ പറയുന്ന തമിഴും മലയാളവും എഴുതാനും വായിയ്ക്കാനും പഠിയ്ക്കണം. ആദ്യം മലയാളമാവാം. തമിഴ് അതിനു ശേഷം പഠിച്ചാൽ മതിയെന്ന് ഒരു ആശ്വാസ വാക്കും പറഞ്ഞു.

എന്തൊക്കെ പഠിച്ച് പൊന്നു കെട്ടിയാലാണ് ഒരു ജോലി കിട്ടുക, പിന്നൊരു കല്യാണം നടക്കുക, ജീവിയ്ക്കാൻ സാധിയ്ക്കുക എന്നൊക്കെയുള്ള  അമ്മയുടെ ആധിയൊന്നും കുഞ്ഞിനറിയില്ലല്ലോ. കുറച്ച് കരഞ്ഞു പ്രതിഷേധിച്ചെങ്കിലും ഭദ്രകാളിയെന്നും കാളീഘട്ടെന്നുമൊക്കെ പലപ്പോഴും കേട്ടിട്ടുള്ള കുഞ്ഞു ഒടുവിൽ വഴങ്ങി. 

അക്ഷരങ്ങളും വാക്കുകളും ഓരോന്നായി എഴുതിക്കൊടുത്തു പഠിപ്പിയ്ക്കുമ്പോൾ ഒരു ദിവസം കുഞ്ഞു ആവർത്തിച്ചു പറഞ്ഞു. “ബുദ്ധിമുട്ട്, ബുദ്ധിമുട്ട്, ബുദ്ധിമുട്ട്.“ ഒപ്പം  ബുക്കിൽ എഴുതി നിറച്ചു. “ബുടയാമുട്ട്, ബുടയാമുട്ട്, ബുടയാമുട്ട്…….“

മലയാളം ഭയങ്കര ബുടയാമുട്ടായ ഭാഷ തന്നെ. എങ്കിലും വിദുഷിയായ അമ്മയുടെ ശിക്ഷണത്തിന് പ്രയോജനമുണ്ടായില്ലെന്ന് പറഞ്ഞു കൂടാ. ഒരു മലയാളി കൂട്ടുകാരിയോട് താനും വീട്ടിലെ ഒറ്റക്കുട്ടിയാണെന്ന് കുഞ്ഞു ഗമയോടെ, അമ്മയുടെ നെഞ്ചിൽത്തട്ടിക്കൊണ്ട് മലയാളത്തിൽ തന്നെ പറഞ്ഞു. “ഞാനും ഏകാന്തക്കുട്ടിയാണ്.“ 



ഒരവധിക്കാലത്ത് അമ്മയും കുഞ്ഞും ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ഉണങ്ങി വരണ്ട ഉത്തരേന്ത്യൻ ജീവിത ദൃശ്യങ്ങൾക്ക് പകരം മാമലകൾക്കപ്പുറത്തെ മരതകപ്പട്ടുടുത്ത മലയാള നാടിനെ അമ്മ കുഞ്ഞിനു കാണിച്ചുകൊടുത്തു, തികഞ്ഞ അഭിമാനത്തോടെ. കുഞ്ഞു കുറച്ചു കൂടി മുതിർന്നു കഴിഞ്ഞിരുന്നു. മലയാളം അക്ഷരങ്ങളേക്കാൾ എളുപ്പത്തിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ വായിയ്ക്കാൻ കഴിയുമെന്നതുകൊണ്ട് മലയാളം വായിയ്ക്കാനൊട്ടും ശ്രമിയ്ക്കാതെ ആദ്യ നോട്ടത്തിൽ തന്നെ ഇംഗ്ലീഷ് മാത്രം വായിയ്ക്കാൻ കുഞ്ഞിന് ഉൾപ്രേരണയുള്ള ഒരു കാലമായിരുന്നു അത്. 

വഴിവക്കിൽ കാണുന്ന ബോർഡുകൾ വായിയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ കുഞ്ഞ് പെട്ടെന്ന് വിസ്മയിച്ചു.

“എന്തൊരു പേരാ ഈ സ്ഥലത്തിന്? കണ്ടാ സങ്കടാവുന്നോ? എന്താ അങ്ങനെ ഒരു പേര്? കണ്ടാൽ സങ്കടം വരണതെന്തെങ്കിലും ഇവിടെ ഉണ്ടോ?“

അമ്മ ചോദിച്ചു. “എന്ത്?“

“അതെ, അമ്മ നോക്കു, ആ ബോർഡിൽ എഴുതീട്ടുണ്ട്. കണ്ടാ സങ്കടാവൂന്ന്.“

ഇംഗ്ലീഷിൽ എഴുതിയിരുന്നു. “ KANDA SSANKADAVU“

കുറച്ചപ്പുറത്തായി മലയാളത്തിലും എഴുതിയിരുന്നു. “കണ്ടശ്ശാങ്കടവ്“

Tuesday, January 3, 2012

തെണ്ടി മയിസ്രേട്ട്





                                              

അടുത്ത പരിസരങ്ങളിൽ ഇല്ലെന്ന് ഉറപ്പുണ്ടെങ്കിൽ പോലും  വെറുപ്പും അമർഷവും എല്ലാം ഉള്ളിലൊതുക്കി അടക്കത്തിൽ മാത്രമേ ആൾക്കാർ ശകാരിച്ചിരുന്നുള്ളൂ, “തെണ്ടി മയിസ്രേട്ട്“ . മുകളിലൊരാൾ എല്ലാം കാണുന്നുണ്ടെന്ന് പറയുന്നതു പോലെയായിരുന്നു എല്ലാവർക്കും തെണ്ടി മയിസ്രേട്ടിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഓർമ്മ.

കുറുക്കിയ പാലിന്റെ നിറത്തിൽ ഒരു വൃദ്ധ, കിട്ടുന്ന കുപ്പായമൊക്കെ ധരിച്ചിട്ടുണ്ടാവും, മുണ്ടും ഷർട്ടും ബ്ലൌസും അങ്ങനെ, മൂന്നാലു കുപ്പായമെങ്കിലും ഒരേ സമയം ദേഹത്തുണ്ടാവും. കുറച്ച് ജട പിടിച്ച പപ്രച്ച തലമുടി ചിലപ്പോൾ നെറുകന്തലയിൽ കെട്ടി വെച്ചിരിയ്ക്കും അല്ലെങ്കിൽ അഴിഞ്ഞു തൂങ്ങുന്നുണ്ടാവും. ഒരു അലുമിനിയം തൂക്കുപാത്രമാണ് ആകെയുള്ള സമ്പാദ്യം, അതിലാണ് വെള്ളമോ ചായയോ ചോറോ എന്താണു കിട്ടുന്നതെന്ന് വച്ചാൽ അതു കഴിയ്ക്കുന്നത്. ഭിക്ഷയായി ആരെങ്കിലും പണം നീട്ടിയാൽ “ഇനിയ്ക്ക് വേണ്ടാ“ എന്ന് കർശനമായി വിലക്കാൻ അവർക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. തന്നെയുമല്ല പണം നീട്ടിയവരുടെ വീട്ടു പറമ്പിനു ചുറ്റും കണ്ണോടിച്ച്, “ദാ ആ മാങ്ങ തന്നൂടേ“ന്നോ “ആ കടച്ചക്ക തന്നൂടേ“ന്നോ, കാശിനു പകരം വേണ്ടതെന്താണെന്ന് കൃത്യമായി ചൂണ്ടിക്കാണിയ്ക്കാനുള്ള ധൈര്യവും അവർക്കുണ്ടായിരുന്നു.

അന്യായമായ കാര്യങ്ങളെ നിർഭയമായി അവർ ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് അത്യുച്ചത്തിൽ ബഹളം വെയ്ക്കാനും വേണ്ടി വന്നാൽ അശ്ലീലം തന്നെ പറയാനും അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കണ്ണീരൊഴുക്കുന്ന പാവത്തിന്റെ ദുർബലത അവരിൽ തരിമ്പും ഇല്ലായിരുന്നു. സങ്കടം കൊണ്ടും സ്വയം തോന്നുന്ന സഹതാപം കൊണ്ടും തളർന്നു പോകുന്ന, ഒന്നു തുറിച്ചു നോക്കിയാൽ‌പ്പോലും എല്ലാറ്റിനോടും കീഴ്പ്പെടുന്ന സാധാരണ സ്ത്രീകളുടെ ഇടയിൽ ഭിക്ഷക്കാരിയായ അവർ വിപ്ലവ വീര്യത്തോടെ ജ്വലിച്ചു നിന്നു. അവർക്കിടപെടാൻ വയ്യാത്ത ഒരു കാര്യവും നാട്ടിലുണ്ടായിരുന്നില്ല.

വേലത്തിക്കടവിന്റെ പൊന്തയ്ക്കരികിൽ തെങ്ങ് കേറുന്ന കുമാരൻ ഒളിച്ചിരുന്നപ്പോൾ.

കള്ളു കുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിയ്ക്കാതെ തല്ലിച്ചതച്ചപ്പോൾ.

അറബി നാട്ടിൽ പോയി ചോര നീരാക്കുന്ന നാരായണന്റെ കെട്ട്യോൾ ഇത്തിരി തൊലി വെളുപ്പും തേരട്ട മീശയും ചുവന്ന ബൈക്കുമുള്ള നസീറുമായി ചില്ലറ ചുറ്റിക്കളികൾ തുടങ്ങിയപ്പോൾ

അമ്പലത്തിലെ ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോൾ……

എന്നു വേണ്ട നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും അവർ ഇടപെട്ടു, കുറ്റം ചെയ്തവരെന്ന് തോന്നുന്നവരെ തേച്ചാലും കുളിച്ചാലും പോകാത്ത വിധം ചീത്ത പറഞ്ഞ് നാണം കെടുത്തിപ്പോന്നു. കാരണമെന്തായാലും ഒരു പിച്ചക്കാരിയോടുള്ള നിസ്സാരതയും തട്ടി മാറ്റലും അവരോടു കാണിയ്ക്കുവാൻ ആളുകൾ എന്നും മടിച്ചിരുന്നുവെന്നതൊരു സത്യമാണ്.

ആ ഉച്ചത്തിലുള്ള ന്യായവിധികൾ എല്ലാവരിലും ഉൾഭയമുണ്ടാക്കിയിരുന്നിരിയ്ക്കണം.

അന്നുച്ചയ്ക്ക് വല്ലാതെ അലട്ടുന്ന ഒരു തലവേദനയെ കീഴ്പ്പെടുത്താൻ പരിശ്രമിച്ചുകൊണ്ട് കണ്ണുകളിറുക്കിയടച്ച് അകത്തെ മുറിയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു, ഞാൻ.

അമ്മീമ്മ പതിവു പോലെ ഉമ്മറത്തിരുന്ന് പത്രം വായിയ്ക്കുന്നു. പാറുക്കുട്ടി ചവിട്ടു പടികളിന്മേലിരുന്ന് പച്ച ഓല കീറി ചൂലുണ്ടാക്കുകയും രസം പിടിച്ച് സ്വന്തം തല മാന്തി പേനെടുക്കുകയും ചെയ്യുന്നു. ഇടയിൽ അമ്മീമ്മയോട് അയൽ‌പ്പക്ക വിശേഷങ്ങൾ ഇത്തിരി മുളകും മസാലയും പുരട്ടി തട്ടി മൂളിയ്ക്കുന്നതും അല്പാല്പമായി എന്റെ കാതുകളിൽ വീഴുന്നുണ്ടായിരുന്നു.

നട്ടുച്ച സമയം, ഉരുകി തിളയ്ക്കുന്ന മേട മാസ വെയിലിന്റെ ചൂടിലും ആലസ്യത്തിലും നാട്ടിടവഴികൾ ആളൊഴിഞ്ഞ് മയങ്ങിക്കിടന്നു.

അപ്പോഴായിരുന്നു ഉഗ്ര ശബ്ദത്തിലുള്ള അലർച്ച കേട്ടത്. കിളികളുടെ പാട്ടുകളും മുളങ്കൂട്ടത്തിന്റെ മൂളലുമൊഴിച്ചാൽ നിശ്ശബ്ദമായിരുന്ന അന്തരീക്ഷം ആ അലർച്ചയിൽ പ്രകമ്പനം കൊണ്ടു. അമ്മീമ്മയും പാറുക്കുട്ടിയും ചെവിയോർക്കുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി.  ഞാനും ആ ബഹളം ശ്രദ്ധിയ്ക്കാതിരുന്നില്ല.

ബസ്സും ലോറിയും അനവധി വേലക്കാരുമുള്ള വലിയ സ്വത്തുകാരായ കിഴക്കെ മഠത്തിലെ മാട്ടുപൊണ്ണുമായി ( പുത്ര വധു ) തെണ്ടി മയിസ്രേട്ട് വഴക്കുണ്ടാക്കുകയാണ്.  അഭിമാനത്തിന്റെ അസ്ഥിവാരം തകർത്തെറിയാൻ പോന്ന അശ്ലീല കഥകൾ ചരൽ വാരി  വലിച്ചെറിയുന്നതു മാതിരി മഠത്തിന്റെ മുറ്റത്ത് ഇരമ്പിപ്പെയ്തു.

“ശ്ശ്! അയ്യേ! എരപ്പ്ത്തരം!“ പാറുക്കുട്ടിയുടെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് “കുട്ടി ഒറ്ങ്ങ്യോന്ന് നോക്കട്ടേ, ഈ ചീത്ത വാക്കൊന്നും കേട്ട് പഠിച്ചൂടാ …“ എന്ന് ഉൽക്കണ്ഠപ്പെട്ട് എന്നെ പരിശോധിയ്ക്കാൻ അവരുടെ കാലടികൾ മുറിയിലുമെത്തി. ഉറക്കം അഭിനയിച്ച് കിടന്ന എന്നെ ഒന്നു തലോടിയിട്ട് പാറുക്കുട്ടി വീണ്ടും ആ പഴയ ശബ്ദ കോലാഹലത്തിലേയ്ക്ക് തന്നെ മടങ്ങിപ്പോയി.

“നിങ്ങളു ഇങ്ങട് പോര്വോന്നേയ്, ആ തെണ്ടി മയിസ്രേട്ട് കൊറെ ഒച്ചേണ്ടാക്കീട്ട് അയിന്റെ പാട്ടിന് പൊക്കോളും, ഇനി ആ തൊയിരക്കേടിനെ ഇങ്ങടെഴുന്നള്ളിച്ച് , ചായ കൊടുക്കണ്ടാ.“

പാറുക്കുട്ടിയുടെ ശബ്ദമാണ്.

എനിയ്ക്ക് മനസ്സിലായി, അമ്മീമ്മ വഴക്ക് പഞ്ചായത്താക്കി സമാധാനിപ്പിയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്. ഇനി ഇവിടെയാവും ചർച്ചയും വിശദീകരണവും, കൂട്ടത്തിൽ ചായേടെ വെള്ളവും……

ഉച്ചത്തിൽ ചീത്ത വിളിച്ചും മൂക്കു ചീറ്റിയുമാണ് തെണ്ടി മയിസ്രേട്ട് അമ്മീമ്മയ്ക്കൊപ്പം വന്നത്. 

എനിയ്ക്കും പാറുക്കുട്ടിയെപ്പോലെ ഈർഷ്യ തോന്നുന്നുണ്ടായിരുന്നു. മുതിർന്നു വരുന്തോറും അമ്മീമ്മയുടെ ഇമ്മാതിരി സൌഹൃദങ്ങളിൽ എനിയ്ക്ക് താല്പര്യക്കുറവ് വന്നു കഴിഞ്ഞിരുന്നു. പിച്ചക്കാരോടും കൂലിപ്പണിക്കാരോടും ദരിദ്രരോടും ഒക്കെ ഇത്രയധികം അടുപ്പം കാണിയ്ക്കുന്നതും അവരെയൊക്കെ ചായയോ മുറുക്കോ പഴമോ കൊടുത്ത് സൽക്കരിയ്ക്കുന്നതും എന്തിനാണെന്ന് എനിയ്ക്ക് മനസ്സിലായില്ല. പക്ഷെ, അവർ പറയുന്ന കഥകൾ, വിയർപ്പും കണ്ണീരും  രക്തവും പുരണ്ട,  വേദനയുടേയും ദു:ഖത്തിന്റേതുമായ ആവി പാറുന്ന കഥകൾ ഞാനും അമ്മീമ്മയ്ക്കൊപ്പം കേട്ടുപോന്നു. എന്നിട്ടും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഈ കഥകൾ മുഴുവൻ സത്യമായിരിയ്ക്കുമോ എന്ന സംശയം ഞാനും അനിയത്തിയും തമ്മിൽ പങ്കുവെയ്ക്കാൻ തുടങ്ങിയിരുന്നു. പക്ഷെ, ഞങ്ങളുടെ ആ സംശയത്തെ വളമിട്ട് നനച്ച് വളർത്തുവാൻ അമ്മീമ്മ ഒരിയ്ക്കലും അനുവദിച്ചിരുന്നില്ല.

“ജാനകിയമ്മ സമാധാനിക്കു, ഒക്കെ കഴിഞ്ഞില്ലേ“ അമ്മീമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടി മുഖം വീർപ്പിച്ച് ചായേടെ വെള്ളമുണ്ടാക്കാൻ അകത്തേയ്ക്ക് പോയിട്ടുണ്ടാവണം. 

എന്റെ ഓർമ്മയിൽ അവരെ “തെണ്ടി മയിസ്രേട്ട്“ എന്ന് വിളിയ്ക്കാത്ത ഒരേ ഒരാൾ അമ്മീമ്മയായിരുന്നു, രഹസ്യമായോ പരസ്യമായോ ആ പേര് അമ്മീമ്മ ഉപയോഗിച്ചിരുന്നില്ല. ഞാനോ അനിയത്തിയോ അബദ്ധത്തിലെങ്ങാനും പറഞ്ഞു പോയാൽ അമ്മീമ്മ കലശലായി ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

“എന്നോട് ആ അമ്മ്യാരു പെണ്ണ് എന്താ പറഞ്ഞേന്ന് കേക്കണോ? ഞാൻ പട്ടമ്മാര്ടവിടന്ന് ഒരു തുള്ളി വെള്ളം കുടിയ്ക്കില്ല, അതിനി അവളല്ല അവൾടെ ചത്തു പോയ തന്ത ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് തന്നാലും പട്ടമ്മാരൊക്കെ കെട്ടും കെടയായിറ്റ് ഈ നാട് വിട്ട് പോണത് കാണാനാ ഞാനിങ്ങനെ തെണ്ടി നടക്കണത്.“ 

ഭയങ്കരമായ കിതപ്പും കടുത്ത അന്തക്ഷോഭവുമുള്ള ശാപം പോലത്തെ വാക്കുകൾ.

“പട്ടമ്മാരോട് ഇത്ര പകേള്ള നിങ്ങളെന്ത്നാ പിന്നെ ഈ അമ്മ്യാര് തരണ ചായേം വലിച്ച് കുടിച്ച് ഇവ്ടെ നിൽക്കണേ?“ 

പാറുക്കുട്ടിയുടേതാണ് ചോദ്യം. 

“ചായ ഇബടെ വെച്ചിട്ട് നീയകത്തേയ്ക്ക് പോക്കോ പാറൂട്ടി.“ അമ്മീമ്മ ഒരു നിമിഷം പോലും കളയാതെ പാറുക്കുട്ടിയെ വിലക്കുന്നത് എനിയ്ക്ക് കേൾക്കാം. വലിയൊരു തർക്കമൊഴിവാക്കാനാണ് അമ്മീമ്മ ശ്രമിയ്ക്കുന്നതെന്ന് മനസ്സിലാകുന്നുമുണ്ട്. അമ്മീമ്മയോട് കളിതമാശയൊക്കെ പറയുമെങ്കിലും ആ സ്വരം മാറുന്നത് പാറുക്കുട്ടിയെ എപ്പോഴും ഭീരുവാക്കിയിരുന്നു.

“പോട്ടെ, ജാനകിയമ്മേ. അവളു വിവരല്ലാണ്ട് ഓരോന്നെഴുന്നള്ളിയ്ക്കണതല്ലേ? അത് വിട്ടു കളഞ്ഞിട്ട് ചായ കുടിയ്ക്കു.“

“ചായ ഞാൻ കുടിയ്ക്കാം.പക്ഷെ, പെണ്ണ്ങ്ങൾക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ല. വെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാൽ മനസ്സിലാവണം. ഒരുമേങ്കിലും  വേണം, പെണ്ണങ്ങള്ക്ക്. ഇഞ്ഞി വിവരം ത്തിരി കൊറവാണെങ്കി. അല്ലാണ്ട്  ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്?”

“ജാനകിയമ്മ, ഒക്കെ മറക്കാൻ നോക്കു. അല്ലാണ്ട് ഞാനെന്താ പറയാ‍.“

“ഈ ജന്മത്ത് അത് പറ്റ്ല്യാ.. പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുട്ടിയ്ക്ക്.. അത് എങ്ങനെയാ മറ്ക്കാ.. ഞാൻ പെറ്റ തള്ളയല്ലേ? കല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേൽക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്. കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞു. ന്ന്ട്ട് ചാടിച്ചത്തൂന്നാക്കി. ടീച്ചറ്ക്ക് അറിയോ? എല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്അതിന്റെടേല് എന്റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടെ.“

ഉഗ്രശാപം കേട്ട് സൂര്യൻ ഒരു രക്ഷാമന്ത്രവും തോന്നാതെ ഞെട്ടിപ്പിടഞ്ഞു മുഖം മേഘങ്ങൾക്കിടയിൽ ഒളിപ്പിച്ചു. വെയിൽ മങ്ങിയത് ജനലിലൂടെ കണ്ടുകൊണ്ട് അലസമായി കിടക്കുകയായിരുന്ന ഞാൻ അടിയേറ്റതു പോലെ എഴുന്നേറ്റിരുന്നു പോയി. ഒരമ്മയിൽ നിന്ന് ഇത്രയും കഠിനമായ ശാപ വചസ്സുകൾ ഉതിരുവാൻ  കാരണമായവർ ആരായിരിയ്ക്കും?

അമ്മീമ്മയ്ക്ക് അതറിയാമെന്ന് എന്തുകൊണ്ടോ എനിയ്ക്കൊരു നിമിഷം വെളിപാടുണ്ടായി. 

“ജാനകിയമ്മ, പൊറുക്കു. വേറെ എന്താ ഒരു വഴി? ദിവാകരൻ നായര് എഴ്ത്ത് വല്ലതും അയയ്ക്കാറുണ്ടോ?“ 

“നിങ്ങ്ക്ക് വല്ല പ്രാന്തുണ്ടോ ന്റെ അമ്മ്യാരേ? എഴുത്ത് അയച്ചാ ഞാനത് വായിയ്ക്കോ? പട്ടമ്മാരെ പേടിച്ച്  നാട് വിട്ട് പോയതല്ലേ നായര്? ഞാൻ കൂടെ പോവില്ലാന്ന് തീർത്ത് പറഞ്ഞേര്ന്നു അന്ന്ന്നെ. പിന്നെന്തിനാ എനിയ്ക്ക് എഴുത്ത് അയയ്ക്ക്ണേ?“

“വയസ്സാവ്മ്പോ മനുഷ്യന്റെ മനസ്സ് മാറില്ലേ ജാനകിയമ്മേ“

“അതേയ്, ആണൊരുത്തന്റൊപ്പം കഴിയാത്തോണ്ടാ നിങ്ങ്ക്ക് ഈ വിഡ്ഡിത്തരം തോന്നണത്. പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ല. അത് നിശ്ശംണ്ടോ? അവര്ക്കെന്താ? ആകേം പോകേം  തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ് . അത്രേന്നേള്ളൂ. അപ്പോ ദിവാരൻ നായര്ക്ക് സ്വന്തം മോള് അമ്മൂട്ടീനെ മറ്ക്കാം……. പട്ടമ്മാരോട് പൊറ്ക്കാം, അവര് ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാം. പോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളേ നല്ലോണം പോലെ നോക്കി വളർത്ത്ണ്ട ജോലി തള്ള്ടെ മാത്രം ആയിരുന്നൂന്ന് അലറാം. ആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാം. വിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ…… മീശേം കാലിന്റേടേല് എറ്ച്ചിക്കഷ്ണോം മാത്രള്ള ചെല കാളോൾക്ക്.“

അഭിപ്രായ പ്രകടനങ്ങൾക്ക് ശേഷം മയിസ്രേട്ട് ശക്തിയായി കാർക്കിച്ചു തുപ്പുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

പുരുഷന്മാരെക്കുറിച്ച് സ്ത്രീകൾ ഇങ്ങനെ അരിശം കൊള്ളുകയും പ്രാകുകയും ഒക്കെ ചെയ്യുമ്പോൾ അമ്മീമ്മ വെറുതെ കേൾക്കുക മാത്രം ചെയ്തു പോന്നു. ഒരു പുരുഷനാലും സ്പർശിയ്ക്കപ്പെടാതെ ജീവിച്ച അവർ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ തികച്ചും വിമുഖയായിരുന്നു. ലൈംഗികബന്ധത്തേയും ഗർഭധാരണത്തേയും പ്രസവത്തേയും കുറിച്ചെല്ലാം വിവിധ തരക്കാരായ സ്ത്രീകൾ അമ്മീമ്മയോട് അടക്കിപ്പിടിച്ച് സംസാരിയ്ക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സമയത്ത് ഞാനോ അനിയത്തിയോ അവിടെ പോകുന്നത് അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട്  ആരുടേയും കൃത്യമായ വിവരങ്ങളോ കഥകളോ ഒന്നും ഞങ്ങൾക്കറിയുമായിരുന്നില്ല. 

അങ്ങനെയൊക്കെയാണെങ്കിലും പത്തു പതിനേഴു വയസ്സായിരുന്ന എനിയ്ക്ക്  മയിസ്രേട്ടിന്റെ കഠിന ജീവിതം ഒറ്റ നിമിഷം കൊണ്ട് വെളിവായി. അമ്മൂട്ടിയെ ചതിച്ചത് ഏതു മഠത്തിലെ  മകനാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അവളുടെ മരണത്തിനുത്തരവാദികൾ ആരെല്ലാമാണെന്നും കൂടി അറിഞ്ഞു കഴിഞ്ഞാൽ കനൽ പോലെ ചുവന്നു നീറുന്ന ഒരമ്മയുടെ കഥയ്ക്ക് അടിവരയിടാം. 

പുറത്തു നിന്നും പിന്നെ കുറെ നേരത്തേക്ക് ഒച്ചയൊന്നും കേൾക്കുകയുണ്ടായില്ല. ചായ കുടിച്ച് അമ്മീമ്മയോട് യാത്രയും പറഞ്ഞ് അവർ പടിയിറങ്ങിയിരിയ്ക്കണം. 

എങ്കിലും, പാറുക്കുട്ടിയുടെ ക്ഷോഭം ശമിച്ചിട്ടുണ്ടായിരുന്നില്ല. 

നനവുള്ള തോർത്തുമുണ്ടെടുത്ത്  വിങ്ങുന്ന തലയിൽ ഒരു കെട്ടും കെട്ടി ഞാൻ അമ്മീമ്മയുടെ അടുക്കൽ ചെന്നിരുന്നപ്പോഴായിരുന്നു പാറുക്കുട്ടിയുടെ ഈറ പിടിച്ച ചോദ്യമുയർന്നത്.

“ഞാനറിയാണ്ട് ചോദിയ്ക്കാ, ഇങ്ങനെ പട്ടമ്മാരെ മുഴോൻ തെറീം കേട്ടാലറയ്ക്കണ വാക്കോളും പറഞ്ഞ് നട്ക്കണ ആ തെണ്ടി മയിസ്രേട്ടിന് എന്തിനാ ചായ കൊടുക്കണേ? നിങ്ങക്ക് വല്ല നേർച്ചീണ്ടാ? പട്ടമ്മാരടെ ഒന്നും തിന്ന്ല്യാത്രെ. ന്ന്ട്ട് ഇബ്ട്ന്ന് എന്ത് കൊടുത്താലും വെട്ടിവിഴുങ്ങൂലോ നശൂലം……“

അമ്മീമ്മ പാറുക്കുട്ടിയെ രൂക്ഷമായി നോക്കി, എങ്കിലും ആ നോട്ടത്തിനു ചേരാത്തത്ര മെല്ലെ പറഞ്ഞു.

“നിനക്കറീല്യാ പാറൂട്ടി. ഒരു തീക്കടലാണ് ആ  നെഞ്ചില്, ചൂടു തട്ടിയാ ഈയാമ്പാറ്റ പോലെ കരിഞ്ഞു പോകും ഇന്നാട്ടിലെ പലരും. അമ്മൂട്ടീനെ കഴിച്ചേ ഒരു പെങ്കുട്ടിണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് ചേല്ണ്ടായിരുന്നു. ഗർഭാവണ വരെ അവള് ഒക്കെ ഒളിപ്പിച്ചു. ഗർഭം ഒളിപ്പിയ്ക്കാൻ പറ്റില്ലല്ലോ. വയറ്റിലുണ്ടാക്കിയവൻ അവളെ കല്യാണം കഴിയ്ക്കണംന്ന് ജാനകിയമ്മ കട്ടായം പറഞ്ഞതാ ബ്രാഹ്മണർക്ക് പിടിയ്ക്കാണ്ട് പോയത്. ഇന്നാട്ടിലെ ഒറ്റ ആണൊരുത്തൻ അമ്മൂട്ടീടെ ഭാഗം പറയാൻ ഉണ്ടായില്ല. ചെലവിനു കൊടുക്കണ ആണുങ്ങളെ എതിർത്ത് അവര്ടെ വായിലിരിയ്ക്കണത് കേൾക്കണ്ടാന്ന് വിചാരിച്ച്ട്ടാവും  ഒറ്റ പെണ്ണുങ്ങളും അമ്മൂട്ടീടെ ഭാഗം പറഞ്ഞില്ല. 

പോലീസൊക്കെ വന്നൂന്നാലും കാശ് കിട്ടിയാ മാറാത്ത കേസുണ്ടോ?ങ്ങനെ ആദർശത്തില് വിശ്വാസളള പോലീസുണ്ടോ നമ്മ്ടെ നാട്ടില്. ജാനകിയമ്മേം മോളും സ്വഭാവശുദ്ധിയില്ലാത്തവരാണെന്ന് പറയാൻ നാട്ടാര്ക്ക് മാത്രല്ല, ദിവാകരൻ നായര്ക്കും ഒരു മടിയും ഉണ്ടായില്ല. കാശും പിന്നെ, പേടീം ഉണ്ടാവും കാരണായിട്ട്.“

പാറുക്കുട്ടി ശബ്ദിച്ചില്ല. കുറച്ചു കഴിഞ്ഞ് ദീർഘ നിശ്വാസത്തോടെ ചോദിച്ചു.

“ഒരു അമ്മ്യാരായിട്ടും ടീച്ചറോട് എന്താ ജാനകിയമ്മയ്ക്ക് ദേഷ്യല്ലാത്തത്?“ 

അമ്മീമ്മ ചിരിച്ചു. വേദന തുളുമ്പുന്ന ചിരി.

“എന്നെ തറവാട്ട് മഠത്തീന്ന് ഇറക്കി വിട്ട ദിവസാ‍ണ് ജാനകിയമ്മ ആദ്യം എന്നോട് മിണ്ടീത്. ഞാൻ പൊഴേച്ചാടിച്ചാവാൻ പോയതായിരുന്നു. അപ്പോ സമാധാനിപ്പിച്ച് ചിത്തീടെ മഠത്തില് കൊണ്ടാക്കീതാ…….. പിന്നെ എന്നെ അന്വേഷിയ്ക്കാത്ത ദിവസണ്ടായിട്ടില്ല. കുട്ടികള് ഇവടെ വന്ന് താമസിയ്ക്കണ വരെ എന്നും രാത്രീല് ഈ വ്രാന്തേല് വന്ന് കെട്ക്കും. ഇന്നാട്ടില് ആരും എന്നോട് മിണ്ടാത്ത മുഖത്ത് നോക്കാത്ത ഒരു കാലണ്ടായിരുന്നു, അന്നും ജാനകിയമ്മ മിണ്ടീരുന്നു. എനിയ്ക്കത് മറക്കാൻ പറ്റില്ല.“

പാറുക്കുട്ടി അമ്മീമ്മയെ നിറഞ്ഞ സ്നേഹത്തോടെയും സഹതാപത്തോടെയും നോക്കിക്കൊണ്ടിരുന്നതല്ലാതെ ചുണ്ടനക്കിയില്ല.

ആരായിരുന്നു ആ കാമുകനെന്ന് അറിയണമെന്നുണ്ടായിരുന്നു എനിയ്ക്ക്. ചോദിച്ചാൽ അമ്മീമ്മ പറയുമോ എന്ന സംശയവും പേടിയും നിമിത്തം എന്റെ അമ്മാതിരി ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ എന്നിൽത്തന്നെ അമർന്നു. 

പിന്നീട് അധിക കാലമൊന്നും ഞാൻ ആ വീട്ടിൽ താമസിച്ചില്ല. ജീവിതത്തിലുണ്ടായ ഒരുപാട് വലിയ മാറ്റങ്ങളുടെ ഉരുൾപ്പൊട്ടലുകളിൽ കുടുങ്ങി ഞാൻ, എല്ലാവരിൽ നിന്നും അകന്നു പോയി. എനിയ്ക്ക് തന്നെയും  നിശ്ചയമില്ലാത്ത കഠിന വഴിത്താരകളിലൂടെ അനാഥമായി എന്റെ ജീവിതം മുടന്തി നീങ്ങി.

ഇപ്പോൾ അനവധി വർഷങ്ങൾക്കു ശേഷം, രണ്ടു ദിവസം മുൻപൊരു തിളയ്ക്കുന്ന ഉച്ചയ്ക്ക്……

വിദേശത്തെ വൻ നഗരത്തിൽ നിന്ന് എന്റെ ഒരു അക്കാ എനിയ്ക്ക് ഫോൺ ചെയ്തിരുന്നു. അക്കാ തേങ്ങിക്കരഞ്ഞുകൊണ്ടാണ് എന്നോട് സംസാരിച്ചത്. ദാമ്പത്യത്തിലെ ഒരിയ്ക്കലും നേരെയാവാത്ത താളപ്പിഴകളും കിടക്ക വിട്ട് എണീയ്ക്കാനാവാത്ത മക്കളുടെ അതീവ വിചിത്രമായ ദീനങ്ങളും ജോലി സ്ഥലത്തെ എണ്ണിയാൽ ഒടുങ്ങാത്ത വെല്ലുവിളികളും ചേർന്ന് അവരുടെ ജീവിതം ഒരു നിത്യ നരകമായിരുന്നു.

“മക്കൾക്ക് വല്ല വിഷവും കൊടുത്തിട്ട് ഞാൻ സൂയിസൈഡ് ചെയ്തുവെന്ന് ചിലപ്പോൾ നീ കേൾക്കും.“

ഒന്നു ഞെട്ടിയെങ്കിലും ഒരു മന്ദബുദ്ധിയ്ക്കു മാത്രം സാധിയ്ക്കുന്ന മനസ്സാന്നിധ്യത്തോടെ അവരെ ആശ്വസിപ്പിയ്ക്കാൻ ഞാൻ ശ്രമിച്ചു. ജീവിതം വളരെ  വിലപിടിപ്പുള്ളതാണെന്നും മറ്റും നോവലുകളിലും കഥകളിലും വായിച്ചിട്ടുള്ളതെന്തെല്ലാമോ പറഞ്ഞു കേൾപ്പിച്ചു. അപ്പോഴാണ് അക്കാ എന്നോട് ചോദിച്ചത്.

“നിനക്ക് വല്ലതും അറിയാമോ? നീ നാട്ടിൽ വളർന്നവളല്ലേ?“

“എന്തറിയാമോ എന്നാണ്..“

“ഞാൻ ഇവിടെയുള്ള ഒരു ജ്യോതിഷിയെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം ജീവിതത്തിൽ തീക്കനൽ‌പ്പാടമായി ഒരു ശാപം വീണുകിടപ്പുണ്ട്. കടലോളം കണ്ണീരു വേണ്ടി വരും അതു കെടുത്തുവാനെന്ന്…… നീ എന്തെങ്കിലും കേട്ടിട്ടുണ്ടോ?“

കൂടുതൽ ഒന്നും കേൾക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. 

മനസ്സിന്റെ തിരശ്ശീലയിൽ വിങ്ങിപ്പൊട്ടുന്ന ഓർമ്മകളും ചോരയിറ്റുന്ന അനുഭവങ്ങളും കാളിമയോടെ നിരന്നു നിന്നപ്പോൾ ഞാൻ തളർന്നിരുന്നു പോയി. 

മഠത്തിൽ നിന്നിറക്കിവിടപ്പെട്ട പെരിയമ്മമാർ പിറന്ന മഠത്തിൽ ഒരിയ്ക്കലും തിരിച്ചു പോകാൻ സാധിയ്ക്കാതെ തെരുവിൽ ഗതികെട്ടു വീണു പോയ അമ്മ.

കാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ ഒരു തുള്ളി വെള്ളം ഇറക്കാനാവാതെ വേദനിച്ചു മരിച്ച മാമാ.

ഭാര്യ ഉപേക്ഷിച്ച അണ്ണാ..

ഗ്യാസ് സ്റ്റൌവിൽ നിന്ന് തീ പിടിച്ചു മരിച്ച ഗർഭിണിയായിരുന്ന അക്കാ..

മക്കളും കൊച്ചുമക്കളും ഭർത്താവും അപകടത്തിൽ മരിയ്ക്കുകയും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്ത മാമി.

ഒരിയ്ക്കൽ പോലും അപ്പാവെ കാണാത്തവരും, നിർബന്ധമായും അമ്മയെ മറക്കേണ്ടി വന്നവരുമായ മക്കൾ..

വൃദ്ധ സദനങ്ങളിൽ മരണത്തെ മാത്രം കാത്തു കഴിയുന്ന, അവസാനമില്ലാത്ത നാമ ജപങ്ങളിൽ മുഴുകിയ താത്താവും പാട്ടിയും .

നീണ്ട മുപ്പതു വർഷങ്ങളിലെ ഒട്ടനവധി സിവിൽ കേസുകൾക്കു ശേഷം ഒരു കല്ലു പോലും ശേഷിയ്ക്കാതെ ഇടിഞ്ഞു തകർന്ന എട്ടുകെട്ട്..അതെല്ലാവരുടേതുമായിരുന്നുഎന്നാൽ എന്റെയും നിന്റെയും എന്ന പിടിവലിയിൽ അത് ആരുടേതുമായില്ല. 

മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകൾക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടർന്ന ജീവിതങ്ങൾ. 

അതിനു ശേഷം എനിയ്ക്ക് ഒട്ടും ഉറങ്ങാൻ സാധിച്ചിട്ടില്ല. യുക്തിയുടെയും ബുദ്ധിയുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും കൂർത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിയ്ക്കുമ്പോൾ പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്റെ മുൻപിൽ ചക്രവാളത്തോളം വലുപ്പമാർന്നു നിൽക്കുന്നു. വിശ്വരൂപം ദൈവങ്ങൾക്കു  മാത്രമാണെന്ന് പറഞ്ഞത് ആരാണ്? കണ്ണീരിനേക്കാൾ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്? മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?

ഭയം വരുമ്പോൾ ചൊല്ലാനായി, ചെറുപ്പന്നേ ഞാൻ മന:പാഠം പഠിച്ച എല്ലാ കവച മന്ത്രങ്ങളും ഇപ്പോൾ മറന്നു പോയിരിയ്ക്കുന്നു……