Wednesday, January 25, 2017

ധന്വന്തരി മൂര്‍ത്തി ...

https://www.facebook.com/echmu.kutty/posts/455981744581125

അമ്മ ആശുപത്രിയിലാണെന്ന അറിയിപ്പില്‍ ദില്ലിയില്‍ നിന്ന് നാട്ടിലേക്ക് പറക്കുമ്പോള്‍ പ്രഷറും ഷുഗറുമായിരുന്നു വില്ലന്മാരായി മനസ്സില്‍ ഉയര്‍ന്നു നിന്നിരുന്നത്. അതില്‍ത്തന്നെ പ്രഷര്‍ കൂടിയിട്ടുണ്ട് എന്ന അറിവ് കൂടിയായപ്പോള്‍ സ്ട്രോക്കും പരാലിസിസും ഹാര്‍ട്ട് അറ്റാക്കും ഒക്കെ മനസ്സിനെ ആകുലപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നിനെപ്പറ്റിയും ഒരു കാര്യത്തിനെപ്പറ്റിയും ഒരു അറിവുമില്ലാതിരിക്കുന്നതാണു നല്ലതെന്ന് ഇമ്മാതിരി നെഞ്ചുരുക്കുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ ഞാന്‍ പലവട്ടം വിചാരിച്ചു പോയിട്ടുണ്ട്.
അമ്മയ്ക്ക് പ്രഷര്‍ കൂടിയെന്നേയുള്ളൂ.. മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, അമ്മയില്‍ ഒ രു മാറ്റമുണ്ടായിരുന്നു.
ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ള ആളാണു അമ്മ. അന്നൊന്നും ദൃശ്യമാവാതിരുന്ന ഭയവും ഭീതിയും അമ്മയില്‍ നിഴല്‍ വീശിയിരുന്നു.
സോഡിയം ലെവലിലെ വ്യത്യാസമാണെന്ന് ..
രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ ഉണ്ടാകാമെന്ന്..
വാര്‍ദ്ധക്യ സഹജമായ വിഷാദം പിടിപെട്ടതാണെന്ന്..
മരണഭയമാണെന്ന്...
ഡോക്ടര്‍മാര്‍ എന്തൊക്കെയോ പറഞ്ഞു. ഞങ്ങള്‍ പകുതി വിശ്വസിച്ചു.. ബാക്കി വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അമ്മീമ്മയുടേതല്ലാതെ മറ്റാരുടേയും പിന്തുണ അമ്മയ്ക്കുണ്ടായിട്ടില്ല. ചില ചില്ലറ ഘട്ടങ്ങള്‍ ഒഴിച്ചാല്‍.. എന്നും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസവും നിന്ദയും മാത്രമായിരുന്നു അമ്മയുടെ അവാര്‍ഡുകള്‍. അപ്പോഴെല്ലാം ധൈര്യമായി പിടിച്ചു നിന്ന അമ്മയ്ക്ക് വിഷാദമെന്ന രോഗമുണ്ടാവുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസം വന്നില്ല.
എങ്കിലും ഞങ്ങളൂടെ അമ്മ ഇപ്പോള്‍ ഒരു കിളിക്കുഞ്ഞിനെപ്പോലെ ചകിതയായിരിക്കുന്നുവെന്നതൊരു വാസ്തവമാണ്.
അമ്മയുടെ തല സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂന്നു മക്കളും ഞടുങ്ങി. വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന മഹാരോഗങ്ങളുടെ പേരുകള്‍ ഞങ്ങളുടെ ബോധമണ്ഡലത്തെ കാര്‍ന്നു തിന്നു.
സ്കാന്‍ റിപ്പോര്‍ട്ടില്‍ ഒന്നും തെളിഞ്ഞില്ല. കോശങ്ങളുടെ വാര്‍ദ്ധക്യസഹജമായ ശോഷണമല്ലാതെ..
പക്ഷെ, പഠിപ്പും വിവരവുമുള്ള പുതിയ തലമുറക്കാരായ ആ ഡോക്ടര്‍മാര്‍ ഒന്നടങ്കം പറഞ്ഞു.
അമ്മയ്ക്ക് ഡിമെന്‍ഷ്യ ആണെന്ന്.. ഓര്‍മ്മയുടെ പിടി വിട്ടു പോകുന്ന നൂലുവള്ളികളെ തെരഞ്ഞാണ് അമ്മ പരിഭ്രമത്തോടെ അലയുന്നതെന്ന്.. അതാണ് ഞാനീ ഭൂമിയില്‍ ഇല്ലല്ലോ എന്ന മാറ്റം അമ്മയ്ക്കുണ്ടാവുന്നതെന്ന്...
അമ്മയുടെ പക്കല്‍ പണം കൊടുക്കരുത്.
അമ്മയെ തനിച്ചാക്കരുത്...
അമ്മയോട് ദേഷ്യപ്പെടരുത്...
അമ്മ കുഞ്ഞാവുകയാണ്.. നിങ്ങള്‍ അമ്മമാരായല്ലോ. അതുകൊണ്ട് മക്കളെ നോക്കുന്നതു പോലെ അമ്മയെ നോക്കണം.
ഇനി പുതിയ കാര്യങ്ങളൊന്നും അമ്മ പഠിയ്ക്കില്ല. പരിചയമായിരുന്നതൊക്കെ മറന്നു പോകും.
കഴിച്ചത് മറക്കും... ഭക്ഷണം തന്നില്ലെന്ന് പറയും...
അറിയാതെ മൂത്രമൊഴിക്കുകയും അപ്പിയിടുകയും ചെയ്യും. നിങ്ങളെ തിരിച്ചറിയാതാവും..... അങ്ങനെ പതിയെപ്പതിയെ അമ്മ ..
ഉമിനീര്‍ വറ്റിപ്പോയ ഞങ്ങള്‍ക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല.
ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിച്ചു. അങ്ങനെ ഡിമെന്‍ഷ്യ വ്യാപിക്കുന്നത് മെല്ലെയാക്കുന്ന മരുന്നുകള്‍ അമ്മ കഴിക്കാന്‍ തുടങ്ങി.
അമ്മയില്‍ ഒരു തരം വിറയല്‍ പ്രത്യക്ഷപ്പെട്ടതൊഴികേ വേറെ മാറ്റമൊന്നും വന്നില്ല. അമ്മ ചിന്താകുലയായിരുന്നു.
അനിയത്തി വീടു മാറി.. ജോലിയിടത്തു നിന്ന് അരമണിക്കൂറില്‍ അമ്മയ്ക്കരികേ എത്താവുന്ന സ്ഥലത്തായി താമസം. മകളെ സ്ക്കൂള്‍ മാറ്റിച്ചേര്‍ത്തു. നേരത്തേ വീട്ടില്‍ സഹായത്തിനു നിന്നിരുന്ന അമ്മൂമ്മ പുതിയ വീട്ടിലും വന്നു താമസിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ മുപ്പതിലധികം വര്‍ഷം താമസിച്ച സ്വന്തം വീട് വിട്ട് മറ്റൊരു ജില്ലയില്‍, ചെറിയൊരു വാടക വീട്ടില്‍ അമ്മ താമസം തുടങ്ങി.
അമ്മയുടെ ചികില്‍സ തുടരാന്‍ എല്ലായ്പോഴും കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഓര്‍ത്ത് പുതിയൊരു ഡോക്ടറെ അന്വേഷിക്കുമ്പോഴാണ് വാടക വീടിന്‍റെ അടുത്തു തന്നെ അച്ഛന്‍റെ സുഹൃത്തായ ഞങ്ങള്‍ ചെറുപ്പത്തിലേ അങ്കിള്‍ എന്ന് വിളിച്ചു ശീലിച്ച ഡോക്ടറുണ്ടെന്ന് അറിഞ്ഞത്.
അനിയത്തി അവിടെ ചെന്ന് കരഞ്ഞു. നെഞ്ചു പൊട്ടിക്കരഞ്ഞു.
അവര്‍ അങ്കിളും ആന്‍റിയും രണ്ട് പേരും ഡോക്ടര്‍മാരായിരുന്നു. അമ്മ അനിയത്തിയെ പ്രസവിച്ച ദിവസം, ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഏപ്രില്‍ മാസത്തിലെ ആ ദിവസം അവരിരുവരും അമ്മയേയും കുഞ്ഞിനേയും കാണാന്‍ വന്നിരുന്നു. ജോണ്‍സണ്‍സ് ബേബി സോപ്പും കുഞ്ഞുടുപ്പും പൌഡറുമായി..
ആ കുഞ്ഞ് ജീവിതത്തിന്‍റെ ചാട്ടവാറേറ്റ്, നിസ്സഹായയായി മുന്നില്‍ വന്നു നിന്ന് കരയുന്നതു കണ്ടപ്പോള്‍ അവരുടെ കണ്ണുകളും നിറഞ്ഞു.
അനിയത്തിയുടെ വാക്കുകള്‍ കേട്ട് അവരും ദു:ഖിച്ചു.
ഡിമെന്‍ഷ്യ ബാധിച്ച അമ്മ അവര്‍ക്കും ഒരു സങ്കടമായി..
അപ്പോഴാണ് അനിയത്തിയെ അമ്മ ഫോണില്‍ വിളിച്ചത്. ‘സമയം സന്ധ്യയാവുന്നു , കുട്ടി എന്താ വരാത്തത്? കുട്ടി എവിടെപ്പോയി?’
അങ്കിളിലെ പരിചയ സമ്പന്നനായ ഡോക്ടര്‍ ഉണര്‍ന്നു.
പിന്നെ ചോദ്യങ്ങളായി..
അമ്മ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമോ?
ഉവ്വ്.
നമ്പറുകള്‍ സ്വയം ഡയല്‍ ചെയ്യുമോ?
ഉവ്വ്.
തെറ്റാതെ..
അതെ... തെറ്റാതെ.
ഇത് നിന്‍റെ പുതിയ നമ്പറോ അതോ പഴയ നമ്പറോ
പുതിയ നമ്പര്‍ ... എടുത്തിട്ട് രണ്ടാഴ്ചയായതേയുള്ളൂ. അമ്മയ്ക്കീ നമ്പര്‍ കാണാപ്പാഠമാണ്.
അമ്മയ്ക്ക് എന്തൊക്കെ മരുന്നുകളാണ് കൊടുക്കുന്നത്.
അനിയത്തി എല്ലാ മരുന്നുകളുടേയും പേര് ഉരുവിട്ടു.
അങ്കിള്‍ കല്‍പിച്ചു.
നീ വീട്ടില്‍ ചെന്ന് ആ മരുന്നെല്ലാം എടുത്ത് കളയണം. ഷുഗറിന്‍റെയും പ്രഷറിന്‍റെയും മരുന്ന് മാത്രം കൊടുത്താല്‍ മതി. ഇത്രമാത്രം മരുന്നുകള്‍ കഴിച്ച് അവര്‍ ജീവിച്ചിരിയ്ക്കേണ്ട യാതൊരു കാര്യവുമില്ല. പിന്നെ നിന്‍റെ അമ്മയ്ക്ക് ഡിമെന്‍ഷ്യ ഇല്ല. ഉണ്ടെങ്കില്‍ അവര്‍ ഇത്ര കൃത്യമായി നിന്നെ അന്വേഷിക്കുമായിരുന്നില്ല. പുതിയ മൊബൈല്‍ നമ്പര്‍ പഠിയ്ക്കുമായിരുന്നില്ല. അമ്മയുടെ വിറയല്‍ ഡിമെന്‍ഷ്യയ്ക്ക് കഴിയ്ക്കുന്ന ഗുളികയുടെ സൈഡ് ഇഫക്ടാണ്. അത് ഉടനടി നിറുത്തണം.
അനിയത്തി കരയാന്‍ മറന്നു നിന്നു.
അങ്കിള്‍ സമാധാനിപ്പിച്ചുകൊണ്ട് ഇത്രയും കൂടി പറഞ്ഞു.
അമ്മയുടെ ഭയത്തിനു വേറെ എന്തെങ്കിലും കാരണമുണ്ടാവും. നമുക്കന്വേഷിക്കാം. നീ സമാധാനിക്ക്.. അമ്മയെ കൂട്ടിക്കൊണ്ടു വരൂ. ഞങ്ങള്‍ പഴയ കൂട്ടുകാരല്ലേ... അമ്മ പറയും. എല്ലാം പറയും.
ഭേദപ്പെട്ട മാര്‍ക്കും വേണ്ടത്ര പണവുമുണ്ടെങ്കില്‍ വൈദ്യവും ശസ്ത്രക്രിയയും ചികില്‍സയും എല്ലാവര്‍ക്കും പഠിയ്ക്കാം.. എന്നാല്‍ ഒരു ധന്വന്തരിയാവാന്‍ പരീക്ഷ പാസ്സായതുകൊണ്ടോ സ്കാന്‍ ചെയ്യാന്‍ എഴുതിക്കൊടുത്തതുകൊണ്ടോ ഇംഗ്ലീഷില്‍ ഇടമുറിയാതെ സംസാരിച്ചതുകൊണ്ടോ ഒന്നും സാധിക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമാവുകയായിരുന്നു .
ഒരു ദശകത്തിനിപ്പുറം ഇപ്പോഴും അമ്മ ഒന്നും മറന്നിട്ടില്ല. ആ മനസ്സില്‍ ഒതുക്കിവെച്ച സങ്കടങ്ങളും അപമാനവും വേദനയുമുള്‍പ്പടെ ഒന്നും മറന്നിട്ടില്ല.
ഞങ്ങളുടെ അമ്മയ്ക്ക് ഡിമെന്‍ഷ്യ ഉണ്ടായിരുന്നില്ലല്ലോ.... ഒരിയ്ക്കലും.

Wednesday, December 7, 2016

മഞ്ഞില്‍ നനഞ്ഞ ചെയില്‍

https://www.facebook.com/groups/1945563405669128/permalink/2616111515280977/
https://www.facebook.com/echmu.kutty/posts/453679901477976

ഹണിമൂണ്‍ കോട്ടേജുകളായിരുന്നു പണിതുകൊണ്ടിരുന്നത്. ദില്ലിയില്‍ താമസിച്ചിരുന്ന ഒരു റിട്ടയേര്‍ഡ് സ്ക്വാഡ്രണ്‍ ലീഡറുടെ ഡ്രീം പ്രോജക്ടായിരുന്നു അത്.

ഹിമാചല്‍ പ്രദേശില്‍ സോലാനടുത്തുള്ള ചെയില്‍ എന്ന സ്ഥലത്ത്..

കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും എന്‍ജിനീയര്‍മാരുമെല്ലാം നേരത്തെ പോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് എന്‍റെ യാത്ര തനിച്ചായിരുന്നു.

തണുപ്പുകാലമായിരുന്നത് കൊണ്ട് ദില്ലിയിലെ ഐ എസ് ബി ടി യില്‍ കമ്പിളി പുതച്ചവരായിരുന്നു അധികവും. രാത്രി പത്തുമണിയ്ക്കായിരുന്നു സോലാനിലേക്കുള്ള ബസ്. ബസ്സ് സ്റ്റാന്‍ഡില്‍ പിടിയ്ക്കുമ്പോഴേക്കും പുരുഷന്മാര്‍ ഓടിക്കൂടും. പിന്നെ ഒരു തിക്കും തിരക്കും ഉന്തും തള്ളുമാണ്. കൈയൂക്കുള്ളവര്‍ ആദ്യമാദ്യം കയറിപ്പറ്റും. അതുകൊണ്ട് ഇടിച്ചിടിച്ചു കയറിയാലേ രക്ഷയുള്ളൂ. അത് അത്ര സുഖകരമായ ഒരു അഭ്യാസമൊന്നുമല്ല. എന്നുമെവിടെയും ആര്‍ക്കും കൊട്ടിനോക്കാവുന്ന ഒരു ചെണ്ടയാണ് സ്ത്രീ ശരീരമെന്നല്ലേ പൊതുധാരണ അല്ലെങ്കില്‍ നമ്മള്‍ പുലര്‍ത്തിക്കൊണ്ടു വരുന്ന സംസ്ക്കാരം.

വിന്‍ഡോ സീറ്റ് തരപ്പെടുത്തി, സ്കാര്‍ഫ് കൊണ്ട് തല മൂടിക്കെട്ടി ഷാളും പുതച്ച് കൂനിക്കൂടി ഇരുന്നു. നല്ല തണുപ്പായതുകൊണ്ട് ബസ്സിന്‍റെ വാതിലും ജനലുമെല്ലാം ‘ അടയ്ക്കൂ അടയ്ക്കൂ’ എന്ന് എല്ലാവരും മുറവിളി കൂട്ടുന്നുണ്ടായിരുന്നു. പോരാത്തതിനു ‘ എന്‍റെ പെട്ടി കയറ്റിയോ, കമ്പിളി പുതച്ചിട്ടുണ്ടോ നിങ്ങള്‍ , ജോഗീന്ദറെവിടെ, ഓടി വരൂ.. ദാ, ബസ്സിപ്പോള്‍ പോകും’ എന്നും മറ്റുമുള്ള യാത്രികരുടെ അരക്ഷിതമായ ഉല്‍ക്കണ്ഠകളുമുണ്ടായിരുന്നു.

അധികം വൈകാതെ ബസ്സ് പുറപ്പെട്ടു.

കുറച്ച് കോളേജു വിദ്യാര്‍ഥികള്‍ പുറകിലെ സീറ്റുകളിലിരുന്നു

ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. മുതിര്‍ന്നവരാരോ ‘മിണ്ടാതിരിക്ക് പിള്ളേരേ’ എന്ന് ശാസിച്ചപ്പോള്‍ അവര്‍ ഒരു നിമിഷം അടങ്ങി.

പിന്നീട് കേട്ടത് പഞ്ചാബി ഭാഷയിലുള്ള നാടോടി  ഗാനങ്ങളായിരുന്നു.

ശ്രുതി മധുരം.. സുന്ദരം.

യാതൊരു കലര്‍പ്പുമില്ലാത്ത നാടന്‍ ശീലുകള്‍...

കുട്ടികള്‍ മല്‍സരിച്ചു പാടി. ഒരു സാധാരണ ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ ദൂരയാത്രയെ അവര്‍ അങ്ങനെ അവിസ്മരണീയമാക്കി മാറ്റി.

നിലാവുദിച്ചു കഴിഞ്ഞിരുന്നു. നഗരമായാലും ഗ്രാമമായാലും ചേരിയായാലും നിലാവിനു പിശുക്കില്ല. പുല്‍ത്തകിടിയും രാജരഥ്യയും അതിനൊരു പോലെ. എല്ലായിടത്തും സ്വന്തം പാല്‍ക്കുടം അളവ് നോക്കാതെ തട്ടിമറിയ്ക്കുന്നു നിലാവ്..
ബസ്സിനകത്ത് ചുരുണ്ട് കൂടിയിരിക്കേ നിലാവില്‍ കുതിരുന്ന ദൃശ്യങ്ങള്‍ കണ്ണിനു സാന്ത്വനമായി.
ഞാന്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി.
രാവിലെ സോലാന്‍ ബസ് സ്റ്റാന്‍ഡില്‍ ചെന്നിറങ്ങുമ്പോള്‍, ജനത്തിരക്ക് നന്നെ കുറവായിരുന്നു. ലേശം പേടി തോന്നാതിരുന്നില്ല.
എങ്കിലും ബുദ്ധിമുട്ടില്ലാതെ ചെയിലിലേക്കുള്ള ബസ്സില്‍ കയറിക്കൂടാന്‍ കഴിഞ്ഞു. ഏകദേശം നാല്‍പത് കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ക്കാന്‍ ഒന്നര മണിക്കൂറെടുക്കുമെന്ന് കണ്ടക്ടര്‍ പഹാഡി ഹിന്ദിയില്‍ അറിയിച്ചു .

ഹണി മൂണ്‍ കോട്ടേജുകള്‍ ഒരു ഹരിത താഴ് വാരത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. പച്ചവര്‍ണത്തിന്‍റെ ധാരാളിത്തത്തില്‍ മുങ്ങി നിവര്‍ന്ന ഒരു കൂടാരമായിരുന്നു ആ താഴ് വാരം. അങ്ങകലെ അത്യുന്നതങ്ങളില്‍ തൂമഞ്ഞു പുതച്ച ഗിരിനിരകള്‍ , പേരറിയാത്തവയും അറിയുന്നവയുമായ ഒട്ടനേകം കിളികളുടെ നിലയ്ക്കാത്ത കൂജനം. അവിടെ അടുത്തു തന്നെ, വിരല്‍ വെച്ചാല്‍ മുറിഞ്ഞു പോവുന്ന അത്രയും ഒഴുക്കും തണുപ്പുമുണ്ടെങ്കിലും നല്ല തെളിനീരൊഴുകുന്ന നീര്‍ച്ചോല.. വെള്ളത്തിനടിയില്‍ തെളിഞ്ഞു മിന്നുന്ന പലവര്‍ണങ്ങളിലുള്ള ചെറിയ കല്ലുകള്‍... ഹിമാലയന്‍ പ്രകൃതി സൌന്ദര്യത്തിന്‍റെ ഊഞ്ഞാലിലായിരുന്നു മഞ്ഞില്‍ നനഞ്ഞ സുന്ദരിയെപ്പോലെ ചെയില്‍ എനിക്ക് വെളിപ്പെട്ടത് .
തൊട്ടടുത്ത് താമസിച്ചിരുന്ന പഹാഡി കുടുംബത്തിലായിരുന്നു ഭക്ഷണവും താമസവുമെല്ലാം ഏര്‍പ്പാടാക്കിയിരുന്നത്. പച്ച മുളകും സവാളയും മല്ലിയിലയും ഒക്കെ പച്ചയ്ക്ക് അരിഞ്ഞിട്ട കടലയും ചായയുമാണ് പ്രഭാത ഭക്ഷണമായി അവര്‍ വിളമ്പിയത്. അത് രുചികരമായിരുന്നു.

പട്യാലാമഹാരാജാവിന്‍റെ കൊട്ടാരമുണ്ട് ചെയിലില്‍. ഒരു വാസ്തുവിദ്യാ അല്‍ഭുതമാണതെന്ന് ചില ആര്‍ക്കിടെക്ടുമാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കേട്ടുവെന്നേയുള്ളൂ. കൊട്ടാരത്തിനകത്ത് കേറാന്‍ എനിക്ക് സാധിച്ചില്ല. അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. ബ്രിട്ടീഷുകാരെ നേപ്പാള്‍ യുദ്ധത്തില്‍ സഹായിച്ചതിനു പ്രതിഫലമായി കിട്ടിയ ഭൂമിയില്‍ പണിതുയര്‍ത്തിയ കൊട്ടാരമാണത്. ഈസ്റ്റ് ഇന്ത്യാക്കമ്പനിയും നേപ്പാള്‍ രാജാവും തമ്മില്‍ നടന്ന യുദ്ധത്തില്‍ പാട്യാല മഹാരാജാവ് ഒത്തിരി ധനവും തന്‍റെ സൈന്യവും എല്ലാം ഇംഗ്ലീഷുകാര്‍ക്ക് നല്‍കി സഹായിച്ചു. നേപ്പാളിനെ ശരിയ്ക്കും ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പാട്യാല മഹാരാജാവിന്‍റെ മോഹം. 1814 മുതല്‍ 1816 വരെയുള്ള രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന യുദ്ധം അവസാനിച്ചത്

എല്ലായിടത്തുമെന്ന പോലെ ബ്രിട്ടീഷുകാര്‍ക്ക് മാത്രം ഗുണമുണ്ടാവുന്ന കരാറോടെ ആയിരുന്നു. സുഗൌലി ട്രീറ്റി എന്നാണ് ഈ കരാറിന്‍റെ പേര്. കരാര്‍ പ്രകാരം ബ്രിട്ടീഷുകാര്‍ക്ക് നേപ്പാളിന്‍റെ മൂന്നിലൊരു ഭാഗം ലഭ്യമായി.

ചെയിലില്‍ ഭൂമി ലഭിച്ചെങ്കിലും ഏകദേശം നൂറുവര്‍ഷത്തിനിപ്പുറം പാട്യാല മഹാരാജാവ് കൊട്ടാരമുണ്ടാക്കിയത് അക്കാലത്തെ വൈസ്രോയ് ആയിരുന്ന ലോര്‍ഡ് കിച്നറുമായി പിണങ്ങിയതു കൊണ്ടായിരുന്നു. ‘ അമ്പടാ! സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒരു നിസ്സാര പട്യാല രാജന്‍ വെല്ലുവിളിയ്ക്കുന്നോ? ഇനി മുതല്‍ ബ്രിട്ടീഷിന്‍ഡ്യാക്കമ്പനിയുടെ സിംല എന്ന സമ്മര്‍ ക്യാപിറ്റലില്‍ കയറിപ്പോകരുതെ’ന്നായി വൈസ്രോയി. അങ്ങനെയാണ് മഹാരാജാവായിരുന്ന ഭൂപീന്ദര്‍സിംഗ് ചെയിലില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുന്നത്. സിംലയേക്കാള്‍ ഉയരത്തിലാണല്ലോ ചെയില്‍. കസൌട്ടിയും സിംലയും ചെയിലില്‍ നിന്ന് നോക്കിയാല്‍ കാണാം. 2444 മീറ്റര്‍ പൊക്കത്തിലൂള്ള ക്രിക്കറ്റ് ഗ്രൌണ്ടും പോളോ ഗ്രൌണ്ടും ഈ കൊട്ടാരത്തിനു സ്വന്തം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൌണ്ടാണിത്. 

ഉയരമേറിയ ദേവദാരുമരങ്ങളും ചിര്‍ പൈനും അതിരിട്ട വന്യമായ പച്ചപ്പില്‍ ഈ ഗ്രൌണ്ട് ഒരു പതക്കം പോലെ മിന്നിത്തിളങ്ങുന്നു. ഇവിടെ ബാസ്കറ്റ് ബോള്‍ കോര്‍ട്ടും ഫുട്ബോള്‍ കോര്‍ട്ടും ഉണ്ട്. ചെയില്‍ മിലിറ്ററി സ്കൂളിന്‍റെ കൈവശമാണ് ഇപ്പോള്‍ ഈ ഗ്രൌണ്ട്. കാരണം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാട്യാലാ മഹാരാജാവ് ചെയിലിലെ മിക്കവാറും ഭൂസ്വത്തുക്കള്‍ ഇന്ത്യാമഹാരാജ്യത്തിനു വിട്ടുകൊടുത്തു. അതുകൊണ്ട് ആര്‍മി കേഡറ്റുകള്‍ കളിച്ചു തിമര്‍ക്കുന്നു, ആ ഗ്രൌണ്ടില്‍..

ശീതകാലത്തില്‍ അപൂര്‍വമായ വെയില്‍ ചായും മുന്‍പേ ഔദ്യോഗിക കൃത്യങ്ങള്‍ ഒരുവിധം അവസാനിപ്പിച്ച് ഞാന്‍ ഗുരുദ്വാരയിലേക്ക് പോയി. അവിടെ ഭക്ഷണം കിട്ടും. തണുപ്പ് കൊണ്ടാണോ എന്തോ എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. എത്ര പാവ് ആട്ടയ്ക്ക് റൊട്ടിയുണ്ടാക്കണമെന്ന് ചോദിയ്ക്കുന്ന പഹാഡി കുടുംബിനിയോട് ഉച്ച ഭക്ഷണത്തിനും അത്താഴത്തിനുമിടയില്‍ പിന്നെയും അരപ്പാവ് ആട്ടയ്ക്ക് റൊട്ടിയുണ്ടാക്കിത്തരൂ എന്ന് പറയാന്‍ എനിക്ക് മടി തോന്നി.

സത്യം പറഞ്ഞാല്‍ ഗുരുദ്വാരയിലെ ലങ്കാറില്‍ മൂന്നു നേരം ഭക്ഷണം കഴിച്ചുമാത്രം ജീവിതം തള്ളിനീക്കുന്നവര്‍ ഉത്തരേന്ത്യയില്‍ ഒത്തിരിയുണ്ട്. സര്‍ദാര്‍ജിമാര്‍ ലങ്കാര്‍ ( ഗുരുദ്വാരയിലെ സര്‍വാണി സദ്യ ) നടത്തുമ്പോള്‍, ജാതിയും മതവും കുലവും ഗോത്രവും മണ്ണാങ്കട്ടയുമൊന്നും ചോദിക്കില്ല. എല്ലാവര്‍ക്കും പൂരിയും കിഴങ്ങുകറിയും ഹല്‍വയും വിളമ്പും.

സൈറ്റില്‍ നിന്ന് ബസ്സ് സ്റ്റാന്‍ഡ് വരെ നടന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് വെറും ഇരുനൂറു മീറ്റര്‍ അപ്പുറത്താണ് ഗുരുദ്വാര. പടരുന്ന സാന്ധ്യവെളിച്ചത്തിലും താഴ് വാരങ്ങളിലലിയുന്ന മഞ്ഞിന്‍റെ വെണ്മയിലും ഗുരുദ്വാര അതി മനോഹരമായി തോന്നിച്ചു. അത് ശരിയ്ക്കും ഒരു പള്ളിയെയാണു ഓര്‍മ്മിപ്പിച്ചത്. ഉരുണ്ട ഹിമാലയന്‍ കല്ലുകള്‍ പാവിയ വഴിത്താരയിലൂടെ നടന്നിറങ്ങുമ്പോള്‍ ചുറ്റുമുള്ള ദേവദാരുക്കളും പൈന്‍ മരങ്ങളും കാറ്റിലാടിക്കൊണ്ട് സ്വാഗതം പറഞ്ഞു.
എനിക്ക് വലിയ ആഹ്ലാദം തോന്നി.

പാലസ് പണിയും മുന്‍പേ പാട്യാലാ മഹാരാജാവായിരുന്ന ഭൂപീന്ദര്‍ സിംഗ് ഈ ഗുരുദ്വാരയാണത്രേ പണികഴിപ്പിച്ചത്. 1907ലാണ് ഒരു ചെറിയ പള്ളിയെ അനുസ്മരിപ്പിയ്ക്കുന്ന ഗുരുദ്വാര നിര്‍മ്മിയ്ക്കപ്പെട്ടത്. സര്‍ദാര്‍ജി കുടുംബങ്ങളുടെ എണ്ണത്തില്‍ വന്ന കുറവ് പിന്നീട് ഈ ഗുരുദ്വാരയെ അഗണ്യകോടിയില്‍ തള്ളി. ആരും ശ്രദ്ധിക്കാനില്ലാതെ ഗുരുദ്വാര ശോചനീയമായി. പിന്നീട് വിദേശരാജ്യങ്ങളില്‍ താമസമാക്കിയ സര്‍ദാര്‍ജിമാര്‍ കൈയയച്ചു സംഭാവന ചെയ്തിട്ടാണ് ഗുരുദ്വാര ഇപ്പോള്‍ കാണും വിധം മനോഹരമായി പുതുക്കിപ്പണിതത്. അപ്പോഴും പഴയകാല ഗുരുദ്വാരയുടെ ച്ഛായയും രീതിയും നിലനിറുത്താന്‍ അവര്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ട്.
കുറച്ചു നേരം ഗുരുമുഖിയിലുള്ള ഗ്രന്ഥമോതുന്നത് കേട്ട് തലയും കുമ്പിട്ടിരുന്നു.
പിന്നീട് വിളമ്പിക്കിട്ടിയ ഭക്ഷണം കഴിച്ച് , പഹാഡി കുടുംബത്തിലേക്ക് മടങ്ങി.

രാത്രി കുറെ വൈകിയപ്പോള്‍ ആരോ പുല്ലാങ്കുഴലൂതുന്നത് കേള്‍ക്കായി. ഹൃദയമുരുക്കുന്ന ആ നാദധാരയില്‍, വേദനയുടെയോ കണ്ണീരിന്‍റെയോ ആഴത്തിലുള്ള സ്പര്‍ശമുണ്ടായിരുന്നു. ഹിമാലയ താഴ് വരയില്‍, പച്ചപ്പിന്‍റെ തൊട്ടിലില്‍, രാത്രിയുടെ നിശബ്ദതയില്‍ ആ വേണുഗാനം നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു...

Tuesday, October 4, 2016

വെറുതെ ഇങ്ങനെ കുറച്ച് മുലപ്പാല്‍

https://www.facebook.com/echmu.kutty/posts/449365871909379

എന്തുകൊണ്ടോ സാമര്‍ഥ്യം വേണ്ടുവോളമില്ലായിരുന്നു. അല്ലെങ്കില്‍ പെറ്റിട്ട മക്കള്‍ക്ക് തലേലെഴുത്തില്ലായിരുന്നു. കാരണം സ്വന്തം അച്ഛന്‍റെ കൈയാല്‍ തന്നെയാണ് അവര്‍ കൊലപ്പെട്ടത്.
പെറ്റിട്ട് അധികനാളായിരുന്നില്ല.
ധാരാളം മുലപ്പാലുണ്ടായിരുന്നതുകൊണ്ട് ക്ലേശമുണ്ടായില്ല . മക്കള്‍ ഇഷ്ടം പോലെ പാലു കുടിച്ചു. നല്ല കൊഴുത്തുരുണ്ട ഓമനത്തമുള്ള ശരീരങ്ങളായിരുന്നു മക്കള്‍ക്കുണ്ടായിരുന്നത്.
ഒരു പ്രയോജനവുമുണ്ടായില്ല. ശരിക്കും പറഞ്ഞാല്‍ മുലയൂട്ടി മതിയായിരുന്നില്ല. മക്കളെ കണ്ടു മതിയായിരുന്നില്ല. അവരെ കെട്ടിപ്പിടിച്ചു കിടന്ന് മതിയായിരുന്നില്ല. മക്കള്‍ കൊലപ്പെട്ടുവെന്നറിഞ്ഞിട്ടും അറിയാത്ത പോലെ എല്ലായിടത്തും പരതി നടന്നു. ഒച്ച കൂട്ടി പലവട്ടം വിളിച്ചു..
ആരും വിളി കേട്ടില്ല... ആരും പാലുകുടിയ്ക്കാനുണ്ടായില്ല.
മുലകള്‍ നിറഞ്ഞു വിങ്ങി. നീരു വെച്ച് വലുതായി. ജീവന്‍ പോകുന്ന നൊമ്പരമുണ്ടായി. ‘ എന്‍റെ മുല കുടിയ്ക്കൂ’ എന്ന് ആരോടെങ്കിലും പരാതി പറയാനാകുമോ? നിര്‍ബന്ധിച്ചു കുടിപ്പിക്കാന്‍ കഴിയുമോ? ഒരു ഭ്രാന്തിയെപ്പോലെ വീട്ടിനുള്ളിലും പുറത്തും കരഞ്ഞുകൊണ്ട് ചുറ്റി നടന്നു. മുലക്കണ്ണുകള്‍ ചുവന്നു തുടുത്ത് പഴുത്തു. ചുളുചുളാന്നു വേദന എരിഞ്ഞുകത്തി .
വീട്ടിലെ ചേച്ചി സൂക്ഷിച്ചോമനിച്ചാണെങ്കിലും മുലക്കണ്ണില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ നല്ല വേദനയും പേടിയും തോന്നി.. ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ചേച്ചിയുടെ മുഖത്തൊറ്റ മാന്തു വെച്ചു കൊടുത്തു...
ചേച്ചി പേടിച്ചു പോയെന്ന് തോന്നുന്നു. പിന്നെ അവരും കരയാന്‍ തുടങ്ങി.. അവര്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.
‘നീയെന്താ ഇങ്ങനെ ? നിനക്ക് വേദന കുറയാനല്ലേ .. ഞാന്‍ മഞ്ഞള്‍പ്പൊടി പുരട്ടാന്‍ നോക്കുന്നത്.. പഴുപ്പ് പൊട്ടിയാല്‍ നിനക്കാശ്വാസം കിട്ടില്ലേ.. ‘
മറുപടിയൊന്നും തോന്നിയില്ല.
വേദന സഹിക്കാന്‍ വയ്യാതെ കരഞ്ഞുകൊണ്ടേയിരുന്നു.
ചേച്ചി ഒരു ഓട്ടോറിക്ഷയിലിരുത്തി കൂട്ടിക്കൊണ്ടു പോയി. അപ്പോഴും മൂന്നാലു പ്രാവശ്യം ഉച്ചത്തില്‍ കരഞ്ഞു. ചില ആളുകളൊക്കെ കരച്ചില്‍ കേട്ട് ഇങ്ങനെ തുറിച്ചു നോക്കി.
ക്ലിനിക്കിലെ ഡോക്ടര്‍ കുറച്ച് നേരം നീരു വന്ന് തൂങ്ങിയതും നോക്കിയിരുന്നു. എന്നിട്ട് ചേച്ചിയോട് പറഞ്ഞു. ‘ ഇതിനു ചികില്‍സയൊന്നും വേണ്ട. ഇതൊക്കെ പതിവല്ലേ .. കുറച്ച് ദിവസം കൂടി കഴിയുമ്പോള്‍ പഴുത്ത് അങ്ങ് പൊട്ടിപ്പൊക്കോളും..’ .
‘ അയ്യോ! അപ്പോള്‍ ഇത്രേം വേദന..സഹിച്ചിട്ട്.. ഈ വേദന... പ്ലീസ്, ഡോക്ടര്‍ കണ്ട് നില്‍ക്കാന്‍ വയ്യ.’
‘ അത് സാരമില്ല, രണ്ടെണ്ണം പഴുത്തു പൊട്ടിപ്പോയാലും ബാക്കി നാലെണ്ണമില്ലേ.. അതുമതി. പിന്നെ വേദന, വേണമെങ്കില്‍ മരുന്നു കുത്തിവെച്ച് ഒറ്റയടിക്ക് അങ്ങ് അവസാനിപ്പിക്കാം. ആഫ്റ്റര്‍ ആള്‍ ഇത് ഒരു പൂച്ച തന്നല്ലോ. പഴുപ്പ് മാറിയില്ലെങ്കില്‍ ദയാവധത്തിനു വകുപ്പുണ്ട്.’
ചേച്ചി കസേര പിന്നിലേക്ക് തള്ളി ചാടിയെണീറ്റപ്പോള്‍ ഞെട്ടിപ്പോയി.
‘ എം ബി ബി എസ്സിനു അഡ്മിഷന്‍ കിട്ടാത്തതുകൊണ്ട് വെറ്റായിത്തീര്‍ന്നതാണല്ലേ... അല്ലെങ്കില്‍ കുറഞ്ഞ പക്ഷം ഒന്നു തൊട്ടുനോക്കുകയെങ്കിലും ചെയ്യുമായിരുന്നില്ലേ..എന്നിട്ട് ഒരു ചികില്‍സ വിധിക്കുമായിരുന്നില്ലേ ‘
ചേച്ചി കിതച്ചു.
ഡോക്ടറുടെ മറുപടിയും അപ്പോള്‍ തന്നെ കേട്ടു.
‘ നിങ്ങളിത്ര ഇമോഷണല്‍ ആകാനൊന്നുമില്ല. എം ബി ബി എസ്സ്
കിട്ടാത്തതുകൊണ്ട് പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന് വരാന്‍ വേണ്ടി.. പഠിച്ചതാണിത്. ഒരു ജീവിയോടും ഒരടുപ്പവും എനിക്കില്ല. ആവശ്യത്തിനു ഡോക്ടര്‍മാരില്ലാതെ മനുഷ്യര്‍ ചികില്‍സ കിട്ടാതെ മരിയ്ക്കുമ്പോഴാണ്... ഒരു പൂച്ച... ഒരു കാര്യം ചെയ്യൂ.. നിര്‍ബന്ധമാണെങ്കില്‍ ഈ ഓയിന്‍റ് മെന്‍റ് പുരട്ടി നോക്കു’.
പുറത്തിറങ്ങുമ്പോള്‍ ഒരു പട്ടിക്കുഞ്ഞിരിപ്പുണ്ടായിരുന്നു....’ വേഗം വീട്ടില്‍ പോക്കോ ... ഈ ഡോക്ടറെ കണ്ടിട്ട് ഒരു കാര്യവുമില്ല’ എന്ന് പറ്റാവുന്ന പോലെയൊക്കെ പറഞ്ഞു നോക്കി. പ്രയോജനമൊന്നുമുണ്ടായില്ല. സംസാരിച്ച ഭാഷ ആ പട്ടിക്കുഞ്ഞിനു തിരിയുന്നതായിരുന്നില്ല.
മൃഗവര്‍ഗത്തിലാണെങ്കിലും പട്ടിക്കുഞ്ഞ് വേറെ ജാതിയില്‍ ജനിച്ചതല്ലേ . അതുകൊണ്ട് അതിന്‍റെ ഭാഷയും വേറെയാണ്.
ഹൌ, എന്തൊരു വേദനയാണ്... എപ്പോഴാണിതൊന്നു മാറിക്കിട്ടുക...


Sunday, August 28, 2016

ഉണ്ണി വൈദ്യരും പെണ്ണുടുപ്പുകളും

https://www.facebook.com/echmu.kutty/posts/444741649038468
04/06/2015               ‘ അതിനാദ്യം വേണ്ടത് .. ശരീരത്തിന്‍റെ സമത്വബോധമാ.. നീയൊന്നാലോചിച്ചു നോക്കിയേ... പെണ്‍ശരീരമുള്ള രോഗിയെ കണ്ടാല്‍ ആണ്‍ ഡോക്ടറുടെ ശരീരം ചുമ്മാ അനങ്ങാമോ? എന്തോ പോലാവാമോ? അങ്ങനത്തവന്‍ ഡോക്ടറാവാമോ?’

ഉണ്ണിവൈദ്യര്‍ക്ക് ദേഷ്യം വരുന്നതില്‍ കുറ്റമില്ല. വൈദ്യന്‍റെ അനിയനാണ് ഫേസ്ബുക്കിലെ പുകില് കാണിച്ചുകൊടുത്തത്.

അനിയന്‍ പത്തു വയസ്സ് താഴെയാണ്. അവന് ഫേസ് ബുക്കും വാട്സാപ്പുമൊക്കെയുണ്ട്. മുതിര്‍ന്ന ചേട്ടനോട് ഒരു സുഹൃത്തിനോടെന്ന പോലെ സ്വാതന്ത്ര്യമുണ്ട്.

രാത്രി അത്താഴമൊക്കെ കഴിഞ്ഞ് വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴായിരുന്നു അത്.
നക്ഷത്രങ്ങളില്ലാത്ത ഇരുണ്ട വാനം, ചീവീടുകളുടേയും തവളകളുടേയും കരച്ചില്‍.. ദൂരെ എവിടേയോ മഴ പെയ്യുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന മാതിരി ലേശം തണുപ്പ്..

ഞാന്‍ മിണ്ടാതെ ആ ജ്യേഷ്ഠാനുജന്മാരെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

പെണ്ണുടുപ്പുകളെപ്പറ്റിയുള്ള കോലാഹലം.

സാരിയുടുക്കണം, ജീന്‍സിടരുത്, പാവാടയും ബ്ലൌസുമിടണം, ചുരിദാറിട്ടാല്‍ സ്ലിറ്റുള്ള കമ്മീസിടരുത്, പര്‍ദ്ദ ഇടണം, ലെഗ്ഗിന്‍സ് ഇടരുത്,

ആണിനു ചലനമുണ്ടാവും.. അതാണു ഇതൊന്നും ഇടരുതെന്ന് പറയുന്നത്. എല്ലാം പെണ്ണിന്‍റെ നന്മയ്ക്ക് വേണ്ടിയാണ്, ആണിനു ചലനം വന്ന് ബലാല്‍സംഗം ചെയ്യാനിടയായാല്‍ ആര്‍ക്കാണു നഷ്ടം?

ഉണ്ണിവൈദ്യര്‍ക്ക് അടിമുടി അറച്ചു..

ചുമ്മാതല്ല... ഇത്രയും കാലത്തെ വൈദ്യപരിചയം കൊണ്ടു തന്നെയാണ് അറപ്പ്.

ഇപ്പോള്‍ നടുവേദനക്കാരുടെ ലോകമാണ്. സകല ഐ ടിക്കാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും എന്നു വേണ്ട സകലമാനപേര്‍ക്കും കാക്കയ്ക്കും പൂച്ചയ്ക്കും കോഴിയ്ക്കും വരെ നടുവേദനയാണ്.. അല്ലെങ്കില്‍ കഴുത്ത് വേദനയും തലവേദനയുമാണ്.

ഈ രോഗങ്ങള്‍ക്കും വേദനയ്ക്കുമൊന്നും ആണ്‍പെണ്‍ ഭേദമില്ല. ..

ഉണ്ണിവൈദ്യര്‍ സ്വയം എണ്ണയും കുഴമ്പും ഉണ്ടാക്കുന്നുണ്ട്. ചൂര്‍ണങ്ങളും കഷായങ്ങളും ഉണ്ടാക്കുന്നുണ്ട്.

രോഗിയായി വരുന്ന ആണും പെണ്ണും ഇതെല്ലാം ഒരു പോലെ ഉപയോഗിക്കും.

എണ്ണയും കുഴമ്പും തേച്ച് ആണിനേയും പെണ്ണിനേയും ഉണ്ണിവൈദ്യര്‍ തിരുമ്മുന്നുണ്ട്. മാറ്റാം ചെയ്യുന്നതും മുദ്രക്കൈയും മേനിക്കൈയും തിരുമ്മുന്നതും ഇരുവര്‍ക്കും ഒരു പോലെ. ഇരു കൂട്ടര്‍ക്കും രോഗം മാറുകയും ചെയ്യും.

പിന്നെവിടെയാണ് ഭേദം..

കുണ്ടിക്കുപ്പായമിട്ട് നില്‍ക്കുന്ന ആണിന്‍റെ വേദനിക്കുന്ന പുറവും കഴുത്തും കാലും കൈയും തിരുമ്മുന്നതു പോലെ തന്നെയാണ് അതേ കുപ്പായമിട്ട് നില്‍ക്കുന്ന പെണ്ണിന്‍റെ പുറവും കഴുത്തും കാലും കൈയും തിരുമ്മുന്നതും..

ഉണ്ണി വൈദ്യര്‍ പെണ്ണുങ്ങളെ തിരുമ്മുമ്പോള്‍ അവരുടെ ബന്ധുക്കളെ കാവലിനു നിറുത്തും.. സ്വന്തം ഭാര്യയേയും കൂടെ നിറുത്തും. ആണുങ്ങളെ തിരുമ്മുമ്പോഴും അയാളുടെ ബന്ധുക്കളേയും സ്വന്തം അനിയനേയും കാവല്‍ നിറുത്തും..

ഒരു ചലനത്തേയും പ്രതിരോധിക്കാനല്ല. രോഗിക്കും ബന്ധുക്കള്‍ക്കും വിശ്വാസം കിട്ടാനാണ്. വിശ്വാസമില്ലാതെ തിരുമ്മീട്ടും മരുന്നു കഴിച്ചിട്ടും പ്രയോജനമില്ല.

ഭാര്യയ്ക്കും മനസ്സിലാകണമല്ലോ, അവളെ തൊടുന്നതു പോലെയല്ല ... മറ്റു പെണ്ണുങ്ങളെ തൊടുന്നതെന്ന്..

പെരുമാറ്റമര്യാദ എല്ലാ ശരീരങ്ങള്‍ക്കും ഒരു പോലെ ബാധകമാണെന്നാണ് ഉണ്ണി വൈദ്യരുടെ വിശ്വാസം.

ഒരു തരം ശരീരത്തിന് ഗര്‍ഭം കിളുര്‍പ്പിക്കാന്‍ കഴിയുമെന്നതുകൊണ്ട് ആ ശരീരം കേമമാകുന്നതും , ഗര്‍ഭം ഏല്‍ക്കാന്‍ തയാറാകുന്നതും ചുമന്ന് പ്രസവിക്കുന്നതും മുലയൂട്ടുന്നതുമായ മറ്റൊരു തരം ശരീരം ഇതുകൊണ്ടൊക്കെ തന്നെ മോശമാകുന്നതും സദാ സൂക്ഷിച്ച് സൂക്ഷിച്ച് ജീവിക്കേണ്ടതും ആവുന്നത് ഉണ്ണി വൈദ്യര്‍ക്ക് തീരേ മനസ്സിലായിട്ടില്ലാത്ത ഒരു സാമൂഹ്യ ശാസ്ത്രമാണ്.

ശരീരശാസ്ത്രം പഠിച്ചതുകൊണ്ടാവും അതെന്ന് ഉണ്ണിവൈദ്യര്‍ പുഞ്ചിരിച്ചു...

സമത്വബോധം വലിയ ഒരു കീറാമുട്ടിയാണ്. നീയും നിന്‍റെ എല്ലാ കാര്യങ്ങളും എന്നേക്കാള്‍ താഴെ, എന്‍റെ ഹിതവും സുഖവും ബോധ്യവും അനുസരിച്ച് നീ പെരുമാറിക്കൊള്ളണം, എന്‍റെ പ്രവൃത്തികള്‍ക്ക് നീയാണുത്തരവാദി എന്നൊക്കെ പറയുമ്പോള്‍ കിട്ടുന്ന ഞാന്‍ വലുത് .. ഞാന്‍ ഉടമ എന്ന ലഹരിയും, നിരുത്തരവാദിത്തം നല്‍കുന്ന അതിര്‍ത്തിയില്ലാത്ത സ്വാതന്ത്ര്യവും , അവയെ ഉപേക്ഷിക്കുക ഒട്ടും എളുപ്പമല്ല.

സ്വന്തം ശരീരത്തെ നിയന്ത്രിക്കുന്നത് താനല്ല, താനുമായി ഒരു ബന്ധവുമില്ലാത്ത
മറ്റൊരു ശരീരമാണെന്ന് പറയുന്നേടത്തോളം അബലത്വവും ചാപല്യവുമൊക്കെ കൊണ്ടു നടക്കുന്നതും ആ ശരീരം ഇന്ന കുപ്പായമിടണമെന്ന് ഇണ്ടാസിടുന്നതും എത്ര വലിയ ദൌര്‍ബല്യത്തിന്‍റെ ലക്ഷണമാണെന്ന് ആര്‍ക്കും തോന്നുന്നില്ലെന്ന്.. തന്നേയുമല്ല, ഞങ്ങള്‍ക്കെല്ലാം അങ്ങനെയാണെന്ന് വിളിച്ചു പറയാനും ആള്‍ക്കാരുണ്ടാവുമെന്ന്....

രോഗമുള്ള കണ്ണിനു മുന്നില്‍ തെളിയുന്നത് ചെറിയ വിളക്കായാലും വലിയ വിളക്കായാലും വേദന ഉണ്ടാവും.. കണ്ണിനു ചികില്‍സ ചെയ്യാതെ വിളക്കുകളെല്ലാം കെടുത്തി ഇരുട്ടത്തിരിക്കണമെന്ന ന്യായം പറയുന്നവര്‍ ശരീരശാസ്ത്രമോ ശരീരധര്‍മ്മമോ അറിയാത്തവരാണെന്ന കാര്യത്തില്‍ ഏതായാലും ഉണ്ണിവൈദ്യര്‍ക്ക് യാതൊരു സംശയവുമില്ല.

Saturday, July 23, 2016

വളമായും ജലമായും ഈ ജന്മം സഫലം.

https://www.facebook.com/echmu.kutty/posts/441161842729782

നീ തന്നതല്ലേ ..
സ്വയം വിളഞ്ഞതല്ലേ ..
വളമായും ജലമായും
ഈ ജന്മം സഫലം.
കവിതയോ കഥയോ ലേഖനമോ നാടകമോ പോയിട്ട് ഒരു കത്തു പോലും ശരിയ്ക്ക് എഴുതാനറിയാത്ത അവന്‍ അവള്‍ക്ക് ഈ മെയിലില്‍ എഴുതിയ നാലു വരികളാണ്. അത് വായിക്കുമ്പോള്‍ അവളൂടെ കണ്ണില്‍ നീര്‍മണികളുടെ നേര്‍ത്ത മറ ഉയര്‍ന്നു...
അവളുടെ മകളെക്കുറിച്ച് അവള്‍ പൊങ്ങച്ചം പറഞ്ഞപ്പോഴായിരുന്നു.. എഴുതിയപ്പോഴായിരുന്നു.
ശരിയാണ്.... മകള്‍ മിടുക്കിയാണ്... സുന്ദരിയാണ്.... ഉദ്യോഗസ്ഥയാണ്.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് മകളുടെ ടീച്ചര്‍മാര്‍ പറഞ്ഞിരുന്നു അവളോട്..
യൂ ആര്‍ വെരി ലക്കി ടു ഹാവ് സച്ച് എ ലവ് ലി ഡോട്ടര്‍.
മകളുടെ മേലുദ്യോഗസ്ഥര്‍ പറഞ്ഞു.
ഷി ഈസ് സച്ച് എ നൈസ് ലേഡി.. വെരി ഹാര്‍ഡ് വര്‍ക്കിംഗ്..
മകളുടെ കീഴുദ്യോഗസ്ഥര്‍ വണങ്ങി.
ഇത്ര കരുണയോടെ ദയയോടെ പെരുമാറുന്ന ഒരു മാഡത്തെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം.
അഭിനന്ദന വചസ്സുകള്‍ അവളിലെ അമ്മയില്‍ എപ്പോഴും ഉല്‍സവങ്ങളായി കൊടിയേറി.
അവനോ ...
പാവം! പതിയെപ്പതിയെ ഒരു അച്ഛനാവുകയായിരുന്നു. ഓരോ സ്റ്റെപ്പും സൂക്ഷിച്ച്... സ്പീഡ് കൂട്ടിയെടുക്കുന്ന ഓട്ടക്കാരനെപ്പോലെ...
അവളുടെ മകള്‍ എന്തു വിളിച്ചാലും വിളി കേള്‍ക്കുമെന്ന വാഗ്ദാനമായിരുന്നു ആദ്യം..
മഞ്ഞപ്പിത്തം പിടിച്ച് മഞ്ഞിച്ചു പോയ മകളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയതായിരുന്നു പിന്നെ..
രാത്രി മുഴുവന്‍ മകളെ നെഞ്ചില്‍ കിടത്തി... ‘സുഹാനി രാത് ഡല്‍ ചുകി.. ‘എന്ന് മുഹമ്മദ് റാഫിയായി.... അങ്ങനെ അനവധി അനവധി പാട്ടുകളായി... പാട്ടുകാരായി... അതിനു ശേഷം..
അവന്‍റെ നെഞ്ചോടു ചേര്‍ന്നുറങ്ങാന്‍ സാധിക്കാതെ പോയ രാത്രികളില്‍ മകള്‍ ശാഠ്യം പിടിച്ചു.. ‘ അമ്മ പാട് ... ഉം... പാട്.. ‘
അമ്മയുടെ പാട്ട് കേട്ട് കിടക്കുമെങ്കിലും മകള്‍ അതൃപ്തി പ്രകടിപ്പിച്ചു.. ‘ ഉം ...ഉം... ശരിയായില്ല.’
വഴിവക്കില്‍ കിട്ടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കഥപ്പുസ്തകങ്ങള്‍ അവന്‍ കൈ നിറയേ മടി നിറയേ മനസ്സു നിറയേ മകള്‍ക്ക് വാങ്ങിക്കൊടുത്തു..
ആ പുസ്തകങ്ങളില്‍ ആണ്ടുമുങ്ങിപ്പോയ മകള്‍ക്ക് അവളറിയാതെ മാമു വാരിക്കൊടുക്കുകയും തലമുടിയില്‍ എണ്ണ തേച്ചു തിരുമ്മുകയും ചെയ്തു.
പിങ്ക് നിറവും മിനുസമുള്ള ഒരു അനിയന്‍ വേണമെന്ന് വാശി പിടിച്ചു കരഞ്ഞ അവളൂടെ മകളെ സമാധാനിപ്പിക്കുവാന്‍ ഞായറാഴ്ച മാര്‍ക്കറ്റില്‍ നിന്ന് ഒരു വാവയെ മേടിച്ചു തരാമെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചുറ്റാന്‍ കൊണ്ടുപോയി...
മകള്‍ക്കൊപ്പം ആന കളിച്ചു.. കുതിര കളിച്ചു... ഒളിച്ചു കളിച്ചു..
നെടുങ്കന്‍ ബൈക്ക് യാത്രകളില്‍... ബസ്സ് യാത്രകളില്‍ ... വിദേശ യാത്രകളില്‍ എല്ലാം കൂടെ കൂട്ടി...
സമയം കിട്ടുമ്പോഴെല്ലാം മകളോട് സംസാരിച്ചു.. ലോകത്തെപ്പറ്റി.. സമരങ്ങളെപ്പറ്റി.. ജീവിതത്തെപ്പറ്റി.. സന്തോഷത്തെപ്പറ്റി... സങ്കടത്തെപ്പറ്റി.. മരണത്തെപ്പറ്റി.. സൂര്യനു കീഴിലുള്ള എല്ലാറ്റിനേയും പറ്റി..
അവളുടെ മകള്‍ വളര്‍ന്നു..... അവന്‍റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുവാനെന്ന പോലെ..
പാപ്പാ ... എന്ന് മകള്‍ വിളിക്കുമ്പോള്‍ അവന്‍റെ ഓരോ അണുവിലും ആഹ്ലാദം പൊട്ടിത്തരിയ്ക്കുന്നത് അവള്‍ക്ക് കാണാനായി.
എങ്കിലും സ്വന്തം ബീജങ്ങളുടെ അഭിമാനം തോള്‍പ്പൊക്കത്തില്‍ വളര്‍ന്നുവെന്ന് അഹങ്കരിക്കുന്നവരും സ്വന്തം അണ്ഡങ്ങളുടെ ആഢ്യത്തം വര്‍ണാഭമായ ജീവിതമായെന്ന് പൊങ്ങച്ചപ്പെടുന്നവരും അവനെ കാണുമ്പോള്‍ സഹതാപപൂര്‍ണമായ മിഴികളോടെ ഉറ്റുനോക്കുകയും സാധിക്കുമ്പോഴെല്ലാം കിലുങ്ങുന്ന വാക്കുകള്‍ കൊണ്ട് പരിതപിക്കുകയും ചെയ്തു..
എത്രയായാലും അവന്‍റെ വളര്‍ത്തുമകള്‍ മാത്രമാണെന്ന്... മറ്റൊന്നും അവകാശപ്പെടാ
നാവില്ലെന്ന് ..
എല്ലാ അഹങ്കാരങ്ങള്‍ക്കും അഭിമാനത്തിനും ആഢ്യത്തത്തിനും പൊങ്ങച്ചത്തിനുമായി അവന്‍ സമര്‍പ്പിച്ച വിനയം തുളുമ്പുന്ന ഉത്തരമായിരുന്നു ...
വളമായും ജലമായും ഈ ജന്മം സഫലം...

Monday, July 4, 2016

രണ്ടു സ്ത്രീകള്‍

https://www.facebook.com/echmu.kutty/posts/437183089794324
15/05/15
                                                        

‘ മഴ വരുമ്പോള്‍, മഴ വരുമ്പോഴോക്കെയും ഞാന്‍ അവളെ ഓര്‍ക്കും... തലയും കുമ്പിട്ട് എന്‍റെ മുന്നില്‍ നിന്ന അദ്ദേഹത്തെയും.. ‘
കസവു നേര്യതുടുത്തിരുന്ന ആ അമ്മ എന്നോട് പറയുകയായിരുന്നു.
അമ്മയുടെ മകന്‍റെ ഭാര്യ പ്രസവിയ്ക്കാന്‍ ആശുപത്രിയിലെത്തിയിരിക്കുന്നു. രാത്രി കൂട്ടു കിടക്കുന്നത് അമ്മയാണ്. മകന്‍ ഗള്‍ഫിലാണ്. ലീവ് കിട്ടിയാലുടന്‍ വരും. മകന്‍റെ ഭാര്യയുടെ അമ്മ ജീവിച്ചിരിപ്പില്ല. .
മഴ ദൂരെ എവിടെയോ നിന്ന് ആര്‍ത്തിരമ്പി വരുന്നുണ്ടായിരുന്നു.
തണുത്ത കാറ്റ് വരാന്തയില്‍ ഓടിക്കളിച്ചു. ആശുപത്രി മുറ്റത്തെ ചന്ദ്രക്കാരന്‍ മാവില്‍ നിന്ന് കുഞ്ഞു മാമ്പഴങ്ങള്‍ ഞാനാദ്യം ഞാനാദ്യമെന്ന് പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.
അമ്മയുടെ കണ്‍കോണുകളില്‍ നനവുണ്ടെന്ന് എനിക്ക് തോന്നി.
‘അദ്ദേഹം രക്ഷിക്കുകയായിരുന്നു അവളെ.... അല്ലെങ്കില്‍ അവള്‍ തനിച്ചായിപ്പോകുമായിരുന്നു. ആരുമില്ലാതാകുന്ന പെണ്ണിനെ മറ്റൊരു പെണ്ണിനേക്കാള്‍ എളുപ്പത്തില്‍ പുരുഷനു ദ്രോഹിക്കാന്‍ കഴിയും. ‘
എന്നോളം ആ പാഠം വായിച്ചവര്‍ ...
ഞാന്‍ തല കുലുക്കി. എന്നിട്ട് എന്‍റെ സഹജമായ ജളത്വത്തോടെ ആരാഞ്ഞു.
‘അമ്മ അദ്ദേഹമെന്ന് പറയുന്നത്.. ‘
നേര്യതിന്‍റെ തുമ്പ് കണ്ണില്‍ച്ചേര്‍ത്തുകൊണ്ട് അമ്മ കഴുത്തില്‍ തൂങ്ങുന്ന താലിയില്‍ തൊട്ടു കാണിച്ചു.
ഭര്‍ത്താവ് ഒരു സ്ത്രീയെ രക്ഷിച്ച കഥയാണ് അമ്മ കേള്‍പ്പിക്കുന്നത്.
‘ അവള്‍ക്കാരുമുണ്ടായിരുന്നില്ല. അവളുടെ നാട്ടിലെ അമ്പലത്തില്‍ ചെന്ന് ഒരു താലിയും ചാര്‍ത്തിച്ച് അദ്ദേഹം അവളെ വീട്ടിലേക്ക് കൊണ്ടു വന്നു. ‘
ഞാന്‍ ഞെട്ടി. എന്നെപ്പോലെ ആകാശവും ഞെട്ടി. വിശ്വാസം വരാതെ വെള്ളി വെളിച്ചം തെളിയിച്ച് ഇടയ്ക്കിടെ സൂക്ഷിച്ചു നോക്കി.
അദ്ദേഹം ഇടയ്ക്കിടെ ആ നാട്ടില്‍ ചില്ലറ കുറിപ്പിരിവുകള്‍ക്കും മറ്റും പോയിരുന്നു. നശിച്ചു കഴിഞ്ഞ ഒരു തറവാട്ടിലെ പെണ്ണ്. കുറച്ചു ഖാദി നൂല്‍പ്പും ഒക്കെയായി കഷ്ടിച്ചു കഴിഞ്ഞു പോവുകയായിരുന്നു. ആദ്യം സഹതാപമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ...
അമ്മ ഒന്നു നിറുത്തി. ..
മഴ പെയ്യാന്‍ തുടങ്ങി. വരാന്തയിലേക്ക് മുഴുത്ത മഴത്തുള്ളികള്‍ പാറി വീണു.
‘ നിറഞ്ഞ സന്ധ്യയ്ക്ക് ഇങ്ങനെ ആര്‍ത്തലച്ച് മഴ പെയ്യുകയായിരുന്നു. ഒരു നുള്ളു ഭസ്മം കൊണ്ട് കുറിയിട്ട് ഞാന്‍ വീട്ടുവരാന്തയില്‍ നില്‍ക്കുകയും ... അപ്പോഴാണ്... അപ്പോഴാണ് അദ്ദേഹം അവള്‍ക്കൊപ്പം കയറി വന്നത്. വിവരങ്ങളൊക്കെ പറഞ്ഞത്.’
അമ്മ വേദനയൂറുന്ന ഒരു ചിരിയിലലിഞ്ഞുകൊണ്ട് തുടര്‍ന്നു.
‘ എനിക്ക് അദ്ദേഹത്തെ വെറുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യവും അന്നു വരെ അദ്ദേഹം ചെയ്തിരുന്നില്ല. ഒരു മോശം വാക്കുപയോഗിച്ചിട്ടില്ല. നോവിക്കും വിധം ഒന്നു നുള്ളിയിട്ടില്ല. എന്‍റെയും മക്കളുടേയും എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു നിവര്‍ത്തിച്ചിരുന്നു. ‘
‘മക്കളോ’ എന്ന് ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
‘ ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ടായിക്കഴിഞ്ഞിരുന്നു. എന്നിട്ടാണ്... എന്നിട്ടാണ്.. ‘
അമ്മ പിന്നെയും നിറുത്തി.
സാന്ദ്രമായ മൌനം ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നു.
മുറിയില്‍ നിന്ന് മകന്‍റെ ഭാര്യ വിളിച്ചപ്പോള്‍ അമ്മ കണ്ണും മുഖവും അമര്‍ത്തിത്തുടച്ച് അകത്തേക്ക് പോയി.
ആശുപത്രിയുടെ നീളന്‍ വരാന്തയില്‍ ഞാന്‍ തനിച്ചായി.
എനിക്കുറക്കം വരുന്നുണ്ടായിരുന്നില്ല. സ്വന്തം ഭര്‍ത്താവിനെ ആ സ്ത്രീക്ക് വിട്ടുകൊടുത്ത് മക്കളെ അധ്വാനിച്ചു പോറ്റിയ ഒരു അമ്മയെപ്പറ്റി ഓര്‍ത്തുകൊണ്ട് ഞാന്‍ വരാന്തയില്‍ തന്നെയിരുന്നു.
രണ്ട് കപ്പ് കട്ടന്‍കാപ്പിയും കൊണ്ടാണ് അമ്മ വരാന്തയിലേക്ക് മടങ്ങിവന്നത്. ഒരു കപ്പ് അമ്മ എനിക്ക് നീട്ടി.
‘ മകന്‍ ഗള്‍ഫില്‍ പോയിട്ട് കുറെക്കാലമായോ, ലീവ് കിട്ടാന്‍ പ്രയാസമുണ്ടാകുമോ’ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു.
‘അവന് നല്ല ജോലിയാണ്. രണ്ട്മാസം കൂടുമ്പോഴൊക്കെ വരും. അവള്‍ക്ക് നല്ല ബുദ്ധിയുണ്ടായിരുന്നു. അതവളുടെ മകനും കിട്ടി. അവന്‍ എന്‍ജിനീയറാണ്... അവിടെ നല്ല നിലയാണ്.. ‘
‘ അപ്പോള്‍ ആ അമ്മ...’
‘ അവള്‍ മരിച്ചിട്ട് നാലഞ്ചു വര്‍ഷമായി. ചികില്‍സയൊക്കെ ചെയ്തു. എന്നാലും രക്ഷപ്പെട്ടില്ല... പാവം, ഒരുപാട് വേദന സഹിക്കേണ്ടി വന്നു. കാന്‍സറായിരുന്നു. അതും അദ്ദേഹത്തിനു വന്ന അതേ കാന്‍സര്‍ ‘
അമ്മയോടൊപ്പം ഞാനും ദീര്‍ഘമായി നിശ്വസിച്ചു.
‘ അദ്ദേഹത്തിനു കാന്‍സറാണെന്ന് അറിഞ്ഞത് വൈകിയാണ്. അതാലോചിക്കുമ്പോള്‍ എനിക്കിപ്പോഴും കരച്ചില്‍ വരും. എന്‍റെ ഉള്ളിലെ ഒരു പിണക്കം കൊണ്ട് ഞാന്‍ അദ്ദേഹത്തെ വേണ്ടപോലെ ശ്രദ്ധിച്ചില്ലേ എന്ന് തോന്നും. ‘
എനിക്ക് എന്നെ ഒതുക്കാന്‍ കഴിഞ്ഞില്ല.
‘വേറൊരു കല്യാണം കഴിച്ചിട്ടും അമ്മ അദ്ദേഹത്തോടൊപ്പം.... ‘
അമ്മ ചിരിച്ചു.
‘ ഞാന്‍ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം ഏറ്റെടുത്ത ചുമതല എന്‍റെയും കൂടിയായി. അദ്ദേഹത്തിന്‍റെ അഭിമാനവും എന്‍റേതായി. ഞാന്‍ ക്ഷമിക്കുമെന്ന് കരുതിയാണല്ലോ അദ്ദേഹം അവളേയും കൂട്ടി ആ വീട്ടിലേക്ക് തന്നെ കയറിവന്നത് . ആ മനസ്സ് ഞാന്‍ കണ്ടില്ലെങ്കില്‍..... അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു താമസിച്ചു. മക്കള്‍ ഒന്നിച്ചു വളര്‍ന്നു. രണ്ടമ്മമാരും ചേര്‍ന്ന് വളര്‍ത്തിയതുകൊണ്ടാവും മക്കളെല്ലാവരും നന്നായി.. അദ്ദേഹം മരിച്ചു പോകുമ്പോള്‍ ചെറിയ മകനു പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും ഒക്കെ... ‘
‘അമ്മ ആ അമ്മയെ എങ്ങനെ ... ‘
അമ്മ പിന്നെയും ചിരിച്ചു..
‘എനിക്ക് ആദ്യമൊന്നും അവളെ അങ്ങനെ ഇഷ്ടപ്പെടാന്‍ പറ്റിയിരുന്നില്ല. എങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരിക്കലും ഒന്നിനും വഴക്കടിച്ചിരുന്നില്ല. അദ്ദേഹത്തെ വിഷമിപ്പിക്കരുതെന്ന് രണ്ടുപേരും വിചാരിച്ചിരുന്നു. അദ്ദേഹം പോയപ്പോഴായിരിക്കും ഞങ്ങള്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങിയത്..
അങ്ങനെ എനിക്കവള്‍ അനിയത്തിയായി.. അവള്‍ക്ക് ഞാന്‍ ചേച്ചിയും ‘
മഴ പെയ്തു തോര്‍ന്നിരുന്നില്ല.
നനവുള്ള കാറ്റും വീശിത്തീര്‍ന്നിരുന്നില്ല. അതുകൊണ്ട് മാമ്പഴങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.

Friday, June 24, 2016

വളച്ചു വാതിലിനുള്ളിലൂടെ അവര്‍ കടന്നു വരുമ്പോള്‍

https://www.facebook.com/echmu.kutty/posts/435169103329056

വലിയ വളച്ചു വാതിലുള്ള മാനസികരോഗാശുപത്രിയുടെ സൂപ്രണ്ട് ആയിരുന്നു, അച്ഛന്‍ കുറെക്കാലം. കടും നീല നിറത്തിലുള്ള ഒരു ബോര്‍ഡായിരുന്നു ആ വളച്ചു വാതിലില്‍ ഘടിപ്പിച്ചിരുന്നത്. അതില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു,

മാനസികരോഗാശുപത്രി.

സ്വാതന്ത്ര്യകാലത്തിനു മുന്‍പ് സായിപ്പ് പണി തീര്‍ത്ത കെട്ടിടമാണ് സൂപ്രണ്ടിന്‍റെ താമസസ്ഥലം.
അതൊരു ബ്രഹ്മാണ്ഡപ്പുരയായിരുന്നു. ഫുട്ബാള്‍ കളിക്കാന്‍ വേണ്ടും ഇടമുള്ള അഞ്ചാറു മുറികള്‍, ഇതിനെയെല്ലാം കൂട്ടി ഘടിപ്പിക്കുന്ന വലിയ വലിയ വരാന്തകള്‍, വരാന്തകളുടെ തുറപ്പുകളെയെല്ലാം ഡയമണ്ട് ഷേപ്പിലുള്ള മരയഴികള്‍ ഇട്ട് ഭദ്രമാക്കിയിട്ടുണ്ടായിരുന്നു. വിട്ടിനുള്ളിലൂടെ, ഇളം കാറ്റും ഇളവെയിലും ധാരാളമായി കയറിയിറങ്ങുന്ന ആ വരാന്തകളിലൂടെ കുറെ ദൂരം അങ്ങനെ നടന്നാലാണ് അടുക്കളയിലെത്താനാവുക. അതും അതിവിശാലമായിരുന്നു.

വീടിനു മുന്‍വശത്ത് ഒരു നല്ല പൂന്തോട്ടമുണ്ടായിരുന്നു. പുറകുവശത്തായി അടുക്കളത്തോട്ടവും. വെളുപ്പും ചുവപ്പുമായ ഒട്ടനവധി ലില്ലിപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്ന ആ പൂന്തോട്ടത്തിനെ ചുറ്റിപ്പോകുന്ന വഴിയില്‍ ചവുട്ടിയാല്‍ കിരുകിരു എന്നൊച്ച കേള്‍ക്കുന്ന ചരല്‍ വിരിച്ചിരുന്നു. വഴി ചെന്നെത്തുന്നതാകട്ടെ രണ്ട് ലോറികള്‍ സുഖമായി പാര്‍ക്ക് ചെയ്യാനാവുന്ന ഒരു കാര്‍ഷെഡ്ഡിലാണ്.

അച്ഛനെ കാണാന്‍ രാവിലെയും ഉച്ചയ്ക്കും അനവധി പേര്‍ വരുമായിരുന്നു.

ഏത് ഡോക്ടറുടേയും മക്കളെപ്പോലെ പേഷ്യന്‍റ് സ് എന്ന് അവരെ വിളിക്കാന്‍ ഞങ്ങളും നന്നെ ചെറുപ്പത്തില്‍ തന്നെ പഠിച്ചു കഴിഞ്ഞിരുന്നു.

എങ്കിലും അവരൊന്നും പനിയോ ചുമയോ തലവേദനയോ ഒക്കെയുള്ള സാധാരണ പേഷ്യന്‍റ്സ് അല്ല എന്ന് വളരെ വേഗം ഞങ്ങള്‍ക്ക് മനസ്സിലായി.

‘എനിക്ക് ഒരു സൂക്കേടുമില്ലാ ഡോക്ടറെ, ഇവരൊക്കെ കൂടി എന്നെ വെറുതേ പിടിച്ചുകൊണ്ട് വന്നിരിക്കുകയാണ് ‘ എന്ന് അലറിക്കരഞ്ഞുകൊണ്ടാണ് അവരില്‍ പലരും വന്നിരുന്നത്.

ചിലര്‍ ‘ ഭക്ഷണം തരൂ ‘ എന്ന് ആവശ്യപ്പെടും. ഭക്ഷണം നല്‍കിയാല്‍ എത്ര കഴിച്ചാലും അവര്‍ക്ക് മതിയാവാറുമില്ല.

മുറ്റത്ത് പൂത്തുമലര്‍ന്നിരുന്ന ഉഷമലരിയേയും ടേബിള്‍ റോസിനേയുമൊക്കെ കടുത്ത ശത്രുതയോടെ തിരുമ്മിക്കളഞ്ഞിരുന്ന ഒരു മുത്തശ്ശി ഗുരുവായൂരപ്പാ എന്ന് മാത്രം വിളിച്ചുകൊണ്ട് വരാറുണ്ട്. വേറെ ഒരു വാക്കും അവര്‍ ഉച്ചരിച്ചിരുന്നില്ല.

ഒരു സ്ത്രീയുടെ പക്കലുണ്ടായിരുന്നത് ഒരു പാവക്കുട്ടി ആയിരുന്നു. അതിനു വിശക്കുന്നുണ്ടെന്നും പാലു കുടിക്കണമെന്നും ബിസ്ക്കറ്റ് തിന്നണമെന്നും അവര്‍ സദാ പറഞ്ഞുകൊണ്ടിരുന്നു. ആ പാവക്കുട്ടിയോട് അവര്‍ പെരുമാറുന്നതു കണ്ടാല്‍ അതവരുടെ സ്വന്തം കുഞ്ഞാണെന്ന് മാത്രമേ തോന്നുകയുള്ളൂ.

അവരെക്കണ്ട് അമ്മ കണ്ണീര്‍ തൂകിയത് എന്തിനെന്ന് അപ്പോള്‍ മനസ്സിലായില്ലെങ്കിലും ഇന്ന് മനസ്സിലാകുന്നുണ്ട്.

മനസ്സിനു രോഗം ബാധിക്കുകയും അത് നാലാളുടെ മുന്നില്‍ ഒളിച്ചു വെയ്ക്കാന്‍ സാധിക്കാതാവുകയും ചെയ്യുന്ന പരമ ദയനീയമായ അവസ്ഥയെ ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ പരിചയപ്പെട്ടതങ്ങനെയാണ്. മനസ്സ് എവിടെയാണിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്നത് ... ഒരാളുടെ മനസ്സ് അയാളുടെയും അയാള്‍ക്ക് എറ്റവും അടുപ്പമുള്ളവരുടേയും തലമുടി മുതല്‍ കാല്‍നഖം വരെ ഉണ്ടെന്നാണ്. ചെറിയ അണുക്കളെ കാണാനാവാത്തതു പോലെ ആ മനസ്സിനേയും നഗ്നദൃഷ്ടികള്‍ കൊണ്ട് കാണാന്‍ കഴിയുന്നില്ല. ഒരാളുടെ മനസ്സ് ആ ഒരാളില്‍ മാത്രമല്ല അനവധി കാര്യങ്ങളിലാണ് കുടികൊള്ളുന്നത്. അതുകൊണ്ട് ചികില്‍സയും തികച്ചും സങ്കീര്‍ണമാണ്.

രോഗികളില്‍ ഏകദേശം മുഴുവന്‍ പേര്‍ക്കും അസുഖം മാറുമെന്ന് അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. നമുക്കൊപ്പമുള്ളവരുടെ മനസ്സ് താളം തെറ്റുന്നുവെന്ന് ആര്‍ക്കും വേണ്ട സമയത്ത് മനസ്സിലാവില്ല. മനസ്സിലായാലും പല മൂഢ വിശ്വാസങ്ങള്‍കൊണ്ട് , വാശികൊണ്ട്, ദേഷ്യം കൊണ്ട് , അജ്ഞത കൊണ്ട് ചികില്‍സിക്കുകയില്ല. ഒടുവിലാവുമ്പോഴേക്കും കാര്യങ്ങള്‍ കൈ വിട്ടു പോവുകയും ചെയ്യും.
ചില ഡോക്ടര്‍മാരും രോഗികളെ ചികില്‍സിച്ചു അവരുടെ ജീവിതം നശിപ്പിക്കാറുണ്ട്. അവര്‍ക്കും കാണുമല്ലോ മൂഢവിശ്വാസങ്ങളും വാശികളും ദേഷ്യവും അജ്ഞതയുമൊക്കെ.

തൊണ്ണൂറു ശതമാനം മാനസിക രോഗങ്ങളും ചികില്‍സിച്ചു മാറ്റാന്‍ കഴിയും. മറ്റുള്ളവ കൃത്യമായ മരുന്നു കഴിക്കലിലൂടെ നിയന്ത്രിച്ചു നിറുത്താം. എന്നാലും മാനസികപ്രശ്നമുള്ള ആള്‍ എന്നു കേട്ടാല്‍ പിന്നെ ആരും ആ വഴി നടക്കില്ല. ശരീരത്തിനെ മാത്രം ബാധിക്കുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ മാനസികരോഗങ്ങളേക്കാള്‍ എത്രയോ മടങ്ങ് അപകടകാരികളാണ്.

മൊട്ടത്തലയില്‍ ഒരു കീറിയ മുണ്ടിട്ട്, എന്നാല്‍ അരയില്‍ മുണ്ടുടുക്കാതെ ഒരു നിമിഷം പോലും നിറുത്താതെ ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു അമ്മാമ്മയെ കാണാറുണ്ടായിരുന്നു, സ്കൂളില്‍ പഠിക്കുന്ന കാലത്ത്. അവര്‍ക്ക് ഭ്രാന്താണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. അവരെ ആരും ആശുപത്രിയിലാക്കി ചികില്‍സിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഒട്ടു നേരം മൌനമായിരുന്നു.

പിന്നെ പോലീസിനോട് സഹായം ചോദിക്കാം എന്നു പറഞ്ഞു.

പഞ്ചാരത്തലയുമായി ആറടിയിലേറെ ഉയരമുള്ള ഒരു അമ്മാവനുണ്ടായിരുന്നു, ഞങ്ങള്‍ കു ട്ടികള്‍ക്ക് കളിക്കൂട്ടുകാരനായി. ഭാര്യയേയും ഭാര്യയ്ക്കുണ്ടെന്ന് അദ്ദേഹം സങ്കല്‍പത്തില്‍ കരുതിയ ജാരനായ ഒരു അയല്‍ക്കാരനേയും വെട്ടിക്കൊന്നവനായിരുന്നു ആ അമ്മാവന്‍. ചികില്‍സ കഴിഞ്ഞപ്പോള്‍ അമ്മാവന്‍ ഏതോ ഒരു ബന്ധുവിനൊപ്പം വീട്ടിലേക്ക് പോയി. നാലഞ്ചുദിവസം കഴിഞ്ഞ് ഏകാകിയായി മടങ്ങി വന്നു. പിന്നീട് ആരും അന്വേഷിച്ചു വന്നില്ല.
അസുഖമില്ലാത്തതുകൊണ്ട് ആശുപത്രിയില്‍ കിടത്തിച്ചികില്‍സ സാധ്യമല്ലാതായി..
അമ്മാവന്‍ ആശുപത്രിയുടെ പറമ്പ് വൃത്തിയാക്കിയും അടുക്കളപ്പണിയില്‍ സഹായിച്ചും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായതൊക്കെയും ചെയ്തു കൊടുത്തും ബാക്കി ജീവിതം ആ അശുപത്രിയില്‍ തന്നെ തള്ളി നീക്കി.

രോഗം മാറിയാലും ഇങ്ങനെ ആരുമില്ലാത്തവരാക്കിത്തീര്‍ക്കും മാനസികരോഗമെന്ന് നന്നെ ചെറുപ്പത്തിലേ ഞങ്ങള്‍ക്ക് മനസ്സിലായി.

രോഗം ഭേദമായ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദീനമായിരുന്നു. ഏറ്റെടുക്കാന്‍ ആരുമില്ലാതെ, പോകാന്‍ ഇടമില്ലാതെ പലരും ഭീക്ഷാടനത്തിലേക്ക് വരെ വഴുതി വീണിട്ടുണ്ട്.

ഈ ലോകത്തിലെ ബന്ധങ്ങള്‍, അത് രക്തബന്ധങ്ങളോ കെട്ടിപ്പുലര്‍ച്ചയുടെ ബന്ധങ്ങളോ ആവട്ടെ, വിവിധ തരം ചൂഷണങ്ങളില്‍ മാത്രം കുഴിച്ചിട്ടിട്ടുള്ള അവയുടെ ഉറപ്പിനെപ്പറ്റി, മാനസിക രോഗാശുപത്രിയുടെ സൂപ്രണ്ടായിരുന്ന അച്ഛന്‍റെ മൂന്നു മക്കള്‍ക്കും തീക്ഷ്ണമായ സംശയങ്ങളുണ്ടായത് അക്കാലം മുതലാണ്. ആ സംശയങ്ങള്‍ ഇന്നും മാറിയിട്ടില്ല. ഇനി മാറുമെന്നും തോന്നുന്നില്ല.