Thursday, July 16, 2009

ആണൊരുത്തനെങ്കിലും വരുതിയിലാണെന്ന് കാണിക്കാനായി……

ജീവിതത്തിൽ ആണായിട്ടൊരുത്തനെങ്കിലും തന്റെ വരുതിയിലാണെന്ന് പൊതുജനത്തെ ഏറ്റവും ഭംഗിയായി ബോധ്യപ്പെടുത്തുന്നതാണ് പെണ്ണുങ്ങൾ അവരുടെ നമ്പർ വൺ മിടുക്കും കഴിവുമായി എണ്ണേണ്ടത്. പഠിച്ചവരും പഠിക്കാത്തവരും ജോലിയുള്ളവരും ഇല്ലാത്തവരും തമ്മിലൊന്നും ഈ കാര്യത്തിൽ ഒരു ഭേദവുമില്ല. സ്വന്തം നെറ്റിയിലെ വിയർപ്പ് കൊണ്ട് നല്ല അന്തസ്സായി ശാപ്പാടടിക്കുന്ന പെണ്ണിനും ഒരാണൊരുത്തനെ വരുതിയിലാക്കി അവന്റെ ചെലവിൽ കഴിയാൻ പറ്റുന്നുണ്ടെന്ന് നാലാളെ അറിയിച്ചാലേ അഭിമാനം കൊണ്ട് തല നിവർത്താൻ സാധിക്കു. അത് സാധിച്ചില്ലെങ്കിൽ പിന്നെ ആണുങ്ങളെ വരുതിയിലാക്കിയെന്ന് സ്വയം പ്രദർശിപ്പിക്കുന്ന പെണ്ണുങ്ങളെ നോക്കി നിരാശയുടേയും അനാഥത്വത്തിന്റേയും ചുടുനിശ്വാസങ്ങളുതിർക്കലും കണ്ണീരൊഴുക്കലുമാണ് ആകെ അനുവദനീയമായ ഒരു ജീവിതമാർഗ്ഗം. ഒരാണിന്റെ പിന്നാലെ അനുസരണയോടെയും വിധേയത്വത്തോടെയും നടക്കാൻ പറ്റുമ്പോൾ കിട്ടുന്ന ബ്രഹ്മാനന്ദമാകുന്നു സാക്ഷാൽ മോക്ഷം. ആണിനെ വരുതിയിലാക്കിയെന്ന് അടിമുടി പ്രദർശിപ്പിക്കാൻ സാധിക്കുന്ന സർവ മംഗളകാരിണികളും സകല സൌഭാഗ്യവതികളുമായ പെണ്ണുങ്ങളാണെങ്കിലോ, തങ്ങളെപ്പോലെ ആണുങ്ങളെ ആശ്രയിച്ച് ജീവിക്കാൻ ഭാഗ്യമില്ലാത്ത പെണ്ണുങ്ങളൊക്കെ തൂങ്ങിച്ചാവേണ്ടതാണ് എന്ന വാദ്യം മുഴക്കും. മിനിമം ഒരു ആണിനെയെങ്കിലും വരുതിയിലാക്കിയെന്ന് ഒരു പൂര പ്രദർശനം സംഘടിപ്പിക്കാൻ പറ്റാത്ത പെണ്ണുങ്ങൾ പെൺ വർഗ്ഗത്തിനു തന്നെ അപമാനമായി കരുതപ്പെടുന്നു. എത്ര പാട്പെട്ടായാലും ഏതെങ്കിലും ഒരാണൊരുത്തന്റെ അമ്മയായിട്ടോ പെങ്ങളായിട്ടോ കാമുകിയായിട്ടോ ഭാര്യയായിട്ടോ മകളായിട്ടോ അമ്മൂമ്മയായിട്ടോ അമ്മായിയായിട്ടോ, വല്യമ്മയായിട്ടോ, ചെറിയമ്മയായിട്ടോ, ചേടത്തിയമ്മയായിട്ടോ ഒക്കെ പല തരത്തിൽ കണക്ക് പറഞ്ഞു ബോധ്യപ്പെടുത്തി പെണ്ണുങ്ങൾ അത്തരം അപമാനം ഒഴിവാക്കിപ്പോകുന്നതാണു ഒരേ വഴി. ഇങ്ങനെയല്ലാതെ ഒരു സുഹ്രുത്തായിട്ട് പെണ്ണിനു കണക്ക് പറഞ്ഞ് പിടിച്ച് നിൽക്കാൻ പറ്റില്ല. അങ്ങനെ ഒരു ബന്ധം ആണിനും പെണ്ണിനും കൂടി സാധിക്കുകയില്ല എന്നാണ് പൊതുവെയുള്ള ഒരു ഉരുക്കു കമ്പി കെട്ടിയ കോൺക്രീറ്റ് വിശ്വാസം. കാരണം ആണും പെണ്ണും കൂടി വെറുതെ ഫ്രണ്ട്സ് ആയാൽ അവരുടെ ഇടയിലേക്ക് നല്ല ബന്തവസ്സിൽ സൂക്ഷിക്കേണ്ട, അണ്ഡകടാഹങ്ങളെക്കൂടിയും തകർത്ത് തരിപ്പണമാക്കുന്ന ഉഗ്ര വിസ്ഫോടന ശേഷിയുള്ള, സെക്സ് കയറി വന്നുകളയുമത്രെ!!! അതോടെ നേരത്തേ പറഞ്ഞ സകല ബന്ധങ്ങളുടേയും സയൻസും കണക്കും വ്യാകരണവും മേൽ വിലാസവും തവിട് പൊടിയാകുകയില്ലേ? പിന്നെ ബാക്കി എന്തുണ്ടാകാനാ? അങ്ങനെ ആണിന്റെയും പെണ്ണിന്റെയും ഫ്രണ്ട്ഷിപ്പ് അന്ത്യകൂദാശകൾ സ്വീകരിച്ച് അശ്ലീലാപവാദങ്ങളിൽ നിത്യ നിദ്ര പ്രാപിക്കും.

അതുകൊണ്ട് പെണ്ണുങ്ങൾ ജാഗ്രതൈ!

‘സമ‘ന്മാർക്ക് തമ്മിൽ മാത്രം സാധിക്കുന്ന സൌഹാർദ്ദബന്ധങ്ങൾക്ക് പുറപ്പെടാതിരിക്കുക.

നിങ്ങൾക്കായി നടേ പറഞ്ഞ അത്യുന്നത പദവികൾ (യഥാർഥത്തിൽ ആണിന്റെ സൌകര്യത്തിനും സന്മനസ്സിനും അനുസരിച്ച് മാത്രം) സംവരണം ചെയ്തിട്ടുള്ളതായി പ്രദർശിപ്പിക്കപ്പെടുന്നതാണ്. സർവാത്മനാ പ്രദർശനത്തിൽ സഹകരിയ്ക്കുന്ന പെണ്ണുങ്ങൾ ‘ഉത്തമ’ എന്ന് വിശേഷണത്തോടെ തലമുറകളാൽ വാഴ്ത്തപ്പെടും എന്നും വിശ്വസിക്കേണ്ടതാകുന്നു.

5 comments:

Unknown said...

Swantham nettiyile viyarppukondu anthassayi sappadadikkunna ethu pennum ithu vayichirikkanam!

said...

എച്ച്മു കുട്ടി...
ആരാണ് പുരുഷനെ വരുതിയിലാക്കിയ സ്ത്രീ... വരുതിയിലെന്നു വിശ്വസിക്കപെടുന്നത് മാത്രമാണ്.. അമിതഅനുസരണ കാണിക്കുന്ന ഈ മഹാന്മാര്‍ യഥാര്‍ത്ഥത്തില്‍ 'ആല്‍ഫാ പുരുഷന്മാരെ' ക്കാള്‍ അപകടകാരിയാണ്.. ആണും പെണ്ണുമായി സൗഹൃദമോ....!!? കൊച്ചു പിള്ളേര് വല്ലതുമൊക്കെ കാണിക്കുന്നുവെന്ന് കരുതി പക്വതയുള്ള നമ്മള്‍ അങ്ങിനെയൊക്കെ ചിന്തിക്കാമോ.....!! ശാന്തം പാവം...!!!

ajith said...

ഈ പോസ്റ്റിനോട് ശക്തമായി വിയോജിക്കുന്നു.

mirshad said...

കാരണം ആണും പെണ്ണും കൂടി വെറുതെ ഫ്രണ്ട്സ് ആയാൽ അവരുടെ ഇടയിലേക്ക് നല്ല ബന്തവസ്സിൽ സൂക്ഷിക്കേണ്ട, അണ്ഡകടാഹങ്ങളെക്കൂടിയും തകർത്ത് തരിപ്പണമാക്കുന്ന ഉഗ്ര വിസ്ഫോടന ശേഷിയുള്ള, സെക്സ് കയറി വന്നുകളയുമത്രെ!!!

എത്രയോ കാലമായി ചിന്തിക്കുന്ന ഒരു വിഷയമാണ് . എല്ലാ സിനിമകളും കുറെ കഥകളും നമ്മളെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കുന്നു ... നമ്മള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ പോലും ..

കുഞ്ഞുറുമ്പ് said...

ഭയങ്കര ഫെമിനിസം ആണല്ലോ.. :)