Thursday, July 16, 2009

ദരിദ്രൻ പുലർത്തേണ്ട സത്യസന്ധത

വൻ നഗരങ്ങളിലെ തിരക്കേറിയ റോഡുകളിൽ ഒരുപാട് യാചകരെ കാണാം. വയസ്സന്മാരും കുട്ടികളും സ്ത്രീകളും ഒക്കെയായി ദൈന്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും ജീവിക്കുന്ന ആൾ രൂപങ്ങൾ. വിലപിടിച്ച വാഹനങ്ങളിൽ യാത്ര ചെയ്യുന്ന വിലകൂടിയ മനുഷ്യരോട്, ട്രാഫിക് സിഗ്നലുകളിലെ കാത്തിരിപ്പിനിടയിൽ അവർ യാചിക്കും, കാൽ തൊട്ട് വണങ്ങും, ഗർഭിണികൾ ലജ്ജയില്ലാതെ വയറ് ചൂണ്ടിക്കാണിച്ച് വിശക്കുന്നുവെന്ന് പറയും, കുട്ടികൾ കുറച്ച് ചോറിനും ചപ്പാത്തിക്കും വേണ്ടി നിലവിളിക്കും. നമ്മൾ തിളക്കമാർന്ന സ്വതന്ത്ര ഇന്ത്യയിലെ വിശ്വപൌരന്മാരാണല്ലൊ, സൂപ്പർ പവർ പദവിയിലേക്ക് റോക്കറ്റിൽ കുതിക്കുന്നവർ. നാൽപ്പതോളം ശത കോടീശ്വരന്മാരുടേയും ഒരു ലക്ഷത്തിലധികം വരുന്ന ലക്ഷപ്രഭുക്കളുടെയും നാടായ നമ്മുടെയെല്ലാം ഇന്ത്യയിൽ പാർക്കുന്നവർ.

ഈ യാചകർ ഒരു നേരത്തെ ആഹാരത്തിനും ചില്ലറത്തുട്ടുകൾക്കും വേണ്ടി, കുറച്ച് കള്ളത്തരമൊക്കെ ചെയ്യാറുണ്ട്. ഉദാഹരണത്തിന് പരിക്ക് പറ്റിയതായി അഭിനയിക്കുക, വ്യാജ ഗർഭവും പ്രസവവേദനയും പ്രദർശിപ്പിക്കുക, വികലാംഗനായി നടിക്കുക അങ്ങനെ ചില സൂത്രപ്പണികൾ. ചിലപ്പോൾ വളരെ മോശമായ രീതിയിൽ പിടിക്കപ്പെടുകയും ചെയ്യും.

അപ്പോഴാണ് ഒരു ദരിദ്രനു അത്യന്താപേക്ഷിതമായ സത്യസന്ധതയെക്കുറിച്ച് എനിക്ക് മനസ്സിലാകുന്നത്. അവന്റെ കള്ളത്തരം കണ്ടു പിടിക്കപ്പെട്ടാൽ, നമ്മൾ ഉടനെ അവന്റെ പല്ലടിച്ച് കൊഴിക്കും, യാചകിയുടെ തുണി വലിച്ച് കീറും, കുഞ്ഞുങ്ങളുടെ കൈ പിടിച്ച് തിരിക്കും… എന്ത് ക്രൂരതയും കാണിക്കും. ദരിദ്രനെയും കറുത്തവനെയും അടിച്ച് വേദനിപ്പിക്കാൻ ഒരു മനസ്സായി ഒരുമിക്കും. ‘കള്ളത്തരം കാണിക്കുന്നോടാ നായേ‘എന്ന് ആക്രോശിക്കും.

ധനികനു തീരെ ആവശ്യമില്ലാത്ത ദയ, സത്യം, മര്യാദ, വിനയം ഒക്കെ നിർബന്ധമായും വെച്ചു പുലർത്തേണ്ട ഒരു സ്പീഷീസാകുന്നു ദരിദ്രൻ. ധനികന് അത്യാവശ്യമായ ധനം മാത്രം ദരിദ്രനു ഒരു കാലത്തും സ്വപ്നം കൂടി കാണാൻ പറ്റില്ല.  അവൻ സ്വപ്നം കണ്ടാലുടനെ നമ്മൾ പറയും, അരിമണിയൊന്നു കൊറിപ്പാനില്ല തരിവളയിട്ട് കിലുക്കാൻ മോഹമെന്ന്.

വില കൂടിയ ധനികൻ കള്ളത്തരം കാണിക്കുമ്പോൾ നമുക്ക് ആദരവും രോമാഞ്ചവും ഉണ്ടാകുന്നു. അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ തിടുക്കപ്പെട്ട്, പൂമാല ചാർത്തുകയും അവനൊപ്പം നിന്ന് ഫോട്ടോ പിടിക്കുവാൻ വ്യഗ്രതപ്പെടുകയും ചെയ്യുന്നു. ടോട്ടൽ ഫോർ യൂ തട്ടിപ്പിലെ ശബരീനാഥിന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള കഴിവുണ്ടെന്ന് ഗൌരവത്തോടെയും ആർജ്ജവത്തോടെയും വാദിക്കുന്ന അഭ്യസ്ഥവിദ്യർ!!!!

ദരിദ്രന് ചില്ലറത്തുട്ടുകൾ, കീറിയ പഴയ തുണികൾ ഇങ്ങനെ അല്പം സഹായമൊക്കെ ചെയ്യുമ്പോൾ അത് ഈശ്വരസേവയായാണ് വാഴ്ത്തപ്പെടുക. പക്ഷെ അവനു ദാരിദ്ര്യമുണ്ടായതെങ്ങനെ എന്നു ചോദിച്ചാൽ, അന്വേഷിച്ചാൽ ഉടനെ ആ ചോദ്യം ദൈവനിന്ദയായിത്തീരും.

ദാരിദ്ര്യം ഒരു പാപവും ശാപവുമാണ്,

ധനികൻ ചെയ്യുന്ന പാപം, അവനുതിർക്കുന്ന ശാപം.

5 comments:

Unknown said...

Nallathu. Nalla 'urakkeyulla' chinthakal.

ajith said...

കിം കരണീയം?????

Unknown said...

വെളുപ്പാന്‍ കാലത്ത് നാലര മണിക്ക് ഓരോ സ്ഥലങ്ങളില്‍ വണ്ടിയില്‍ കൊണ്ടുവന്നു ഇറക്കി രാത്രി തിരിച്ചു കൊണ്ട് പോകുകയും ചെയ്തു ,നല്ല കാശ് കള്ളക്റ്റ്‌ ചെയ്യുന്നയാള്‍ക്ക് lodge അല്ലാത്തവന് ടെന്റ് .ഒരാഴ്ച മദ്രാസില്‍ അതേ ടീം അടുത്ത ആഴ്ച ബാന്ഗ്ലൂരില്‍ അവിടന്നുള്ളവര്‍ തിരിച്ചു ഇങ്ങോട്ട് ,ഇടയ്ക്കു ചില്ലറ വഴി കച്ചവടം ,സാഹചര്യം കിട്ടിയാല്‍ പിടിച്ചുപറി,ചില്ലറ മോഷണം ഇങ്ങനെ വളരെ Organised ആയിട്ടുള്ള യാചക ബിനെസ്സിന്റെ പിന്നാം പുറങ്ങള്‍ എച്മു കണ്ടിട്ടുണ്ടാവില്ല .
ദാരിദ്ര്യം തെറ്റല്ല.അതില്‍ നിന്ന് പുറത്ത്‌ വരാന്‍ പരിശ്രമിക്കാതെ അത് ഇങ്ങനെ ആഘോഷിക്കുന്നത് തെറ്റാനുതാനും. ശ്രമിക്കുന്നവന് അവസരം നല്‍കുക.അത് തടയുന്നതോ ചെയ്യാന്‍ കടപെട്ടവര്‍ ചെയ്യതതോ തെറ്റാണു.
ശാന്താ രാമിന്റെ ഒരു കഥയുണ്ട്. ദയ തോന്നി ഒരാള്‍ ഒരു പിച്ചക്കാരന് 10 രൂപ കൊടുത്തു. അയാള്‍ 1 രൂപയ്ക്കു കടല വാങ്ങിച്ചു ബാക്കി 9 രൂപയ്ക്കു കള്ളച്ചാരായം വാങ്ങി കുടിച്ചു റോഡില്‍ കിടന്നു പോകുന്നവരെയും വരുന്നവരെയും തെറി വിളിച്ചു. 10 രൂപ കൊടുത്തവന്‍ അടക്കം! --

mirshad said...

അഭിപ്രായം പറയുന്നതിലും എളുപ്പം ഇഷ്ടപെട്ട വരികള്‍ പകര്തിയിടുന്നതല്ലേ ?
"
ധനികനു തീരെ ആവശ്യമില്ലാത്ത ദയ, സത്യം, മര്യാദ, വിനയം ഒക്കെ നിർബന്ധമായും വെച്ചു പുലർത്തേണ്ട ഒരു സ്പീഷീസാകുന്നു ദരിദ്രൻ. ധനികന് അത്യാവശ്യമായ ധനം മാത്രം ദരിദ്രനു ഒരു കാലത്തും സ്വപ്നം കൂടി കാണാൻ പറ്റില്ല. അവൻ സ്വപ്നം കണ്ടാലുടനെ നമ്മൾ പറയും, അരിമണിയൊന്നു കൊറിപ്പാനില്ല തരിവളയിട്ട് കിലുക്കാൻ മോഹമെന്ന്. "

കുഞ്ഞുറുമ്പ് said...

പലപ്പോഴും പക്ഷെ ഇതും ഒരു ബിസിനസും മാഫിയയും ആവുന്നത് കൊണ്ട് എന്ത് ചെയ്യണമെന്നു സംശയിക്കുകയാണ് പതിവ്