Tuesday, July 21, 2009

പി ബീം ഭർത്താവും പാർട്ടീം കുടുംമ്മോം

‘വി.എസ്സിനെ ഇപ്പോ പിബീന്ന് പൊറത്താക്കും, അല്ലാ സിസീന്ന് പൊറത്താക്കും,
ഏയ് അല്ലല്ലാ പാർട്ടീന്ന് തന്നെ പൊറത്താക്കും.‘

വി. എസ്സ് മുഖ്യമന്ത്രിയായി അധികം വൈകാതെ കേട്ട് തൊടങ്ങിയതാ നമ്മളീ ജ്യോതിഷഫലം പറയല്, പത്രക്കാര്ടേം ചാനല്കാര്ടേം വക.

എന്തായാലും പറഞ്ഞ് പറഞ്ഞ് പിബീന്ന് ഔട്ടാക്കി. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ സസ്പെൻഷൻ അല്ല. കൂട്ട്ന് പിണറായി വിജയനെയൊന്നും വിട്ട്ട് ല്ല്ല. വി. എസ്സ് പോയി അനുസരണയൊക്കെ പഠിച്ച് നന്നായി വരാനാണ് ശിക്ഷ കൊട്ത്തിരിക്കണത്.

ശര്യന്നെ. കുരുത്തക്കേട് കാട്ട്യാ ശിക്ഷിക്കാണ്ട് പറ്റോ ആരായാലും?

ശിക്ഷ, ഒതുക്കൽ, പട്ടിണിക്കിടൽ,പലതരം അപവാദങ്ങള് പരത്തൽ, നമ്മ്ടെ സൈഡ് പറ്യണവരെ ചീത്ത വിളിക്കൽ, പൊറത്താക്കൽ ഇതൊന്നും കേട്ടാൽ ജനസംഖ്യേടെ പകുതി വരണ നമ്മൾ പെണ്ണുങ്ങൾക്ക് ഒര് ഇതും ഇല്യാ.

ആണുങ്ങൾക്കാണ് അപ്പടി പരിഭ്രമം.

വി.എസ്സ് രാജി വെച്ച് പോകണം എന്നാ അവര് പറയണത്. അപ്പളേ അഭിമാനം സംരക്ഷിക്കാൻ പറ്റൂന്നാ പറയണത്. ഇതിലും പെണ്ണുങ്ങൾക്ക് വേറെയാ സ്റ്റാൻഡേർഡ്. ശര്യല്ലേ ആണുങ്ങളുടെ അഭിമാനല്ലല്ലോ നമ്മ്ടെ അഭിമാനം. കുടുംബങ്ങൾ പൊളിക്കാണ്ട് ജീവിച്ച് പോണ നമ്മൾ പെണ്ണുങ്ങളെക്കണ്ടാണ് വി എസ് പഠിക്കേണ്ടത്. സ്വീകരണ മുറീന്ന് പൊറ്ത്താക്കിയാ വീട് വിട്ട് പോവ്വേ.. വേറെ എത്ര മുറീണ്ട് കുത്തിരിക്കാൻ.

പെണ്ണുങ്ങള് കല്യാണം കഴിച്ച് ജീവിക്കണ മാതിരിയാ ആണുങ്ങള് പാർട്ടീല് ചേരണത്. കൊറെ ആചാരങ്ങളും നെയമങ്ങളും ഒക്കെ രണ്ടിനൂണ്ട്.

തെറ്റിച്ചാ ശിക്ഷ കിട്ട്ല്യേ രണ്ടോട്ത്തും.

ഭർത്താവിനേം അങ്ങോരുടെ വീട്ട്കാരേം വേണ്ടപ്പെട്ടോരേം ഒക്കെ നല്ലോണം അനുസരിച്ച് അടങ്ങിയൊതുങ്ങി അവര് ഏല്പിച്ച് തരണ കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്ത് ജീവിക്കണതാണ് ഭാര്യേടെ ധർമം.

പിബീനേം സി സീനേം അതു പോലത്തെ ബന്ധക്കാര് കമ്മിറ്റീനേം അനുസരിച്ച് അവര്ക്ക് വിരോധല്ലാത്ത കാര്യങ്ങളൊക്കെ ചെയ്ത് പാർട്ടി കെട്ടിപ്പടുക്കലാ ഒരു നല്ല പാർട്ടിക്കാരന്റെ ധർമം.
നമ്മ്ടെ കുടുംബവ്യവസ്ഥ പോലെ പെണ്ണുങ്ങൾക്ക് സുരക്ഷിതത്വം വേറെ ഏതു വ്യവസ്ഥയിലാ കിട്ടുന്നത്?.. ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോ ഇത്തിരി ശിക്ഷയൊക്കെ കിട്ടും, അത് സാരായി കാണണ്ട. അങ്ങോരല്ലേ ഭാര്യേ നോക്കി രക്ഷിക്കണേ!!!!

പാർട്ടീല് നിൽക്ക്ണ പോലെ ഒരു ഗമ, പൊറ്ത്തെറ്ങ്ങിയാ കിട്ട്ല്യ. മെംബറില്ലെങ്കിലും പാർട്ടി ഇണ്ടാവും. ഒരു മെംബറ് പോയാ വേറെ ആള് വരും. ഓരോ തുള്ളിച്ചോരേന്ന് ഒരായിരം പേരു വരുംന്ന് പണ്ട് പാടീത് മറ്ക്കാൻ പാടില്ല ഒരു മെംബറും. പാർട്ടി നയങ്ങൾക്ക് വിരുദ്ധായിട്ട് പിബിക്ക് ഇഷ്ടല്ലാത്ത ഓരോന്ന് ചെയ്താ പിന്നെ ശിക്ഷ കിട്ട്ല്ല്യേ. പാർട്ടിയല്ലേ മെംബറെ ഒരാളാക്കി വലുതാക്കണേ!!!!

കാര്യങ്ങളൊക്കെ ഭംഗിയായി നടത്തിക്കൊണ്ട് പോവണ പെണ്ണ് മരിച്ചാ ‘ദാ ഒരു നല്ല സ്ത്രീ‘ എന്നു വാഴ്ത്തപ്പെട്ട് റീത്തൊക്കെ വെച്ച് അലങ്കരിച്ച ശവമായി കിടക്കാൻ പറ്റും. എന്തായാലും ഒരു കുടുംബം രക്ഷപ്പെടണ കാര്യല്ലേ എന്നു വെച്ച് പെണ്ണുങ്ങള് അനുസരിച്ചും സ്വന്തം തെറ്റ് തിരുത്തീമൊക്കെ കഴിഞ്ഞ് കൂടണതാണ് ശര്യായ കാര്യം.

കട്ട്ൻ ചായേം പരിപ്പ് വടേം കഴിച്ച്ട്ട് ചെങ്കൊടീം പിടിച്ച് പാർട്ടി വളർത്താൻ കഷ്ട്പ്പെട്ടു, പോലീസുകാര് തല്ലി തവിട് പൊടിയാക്കി കൊക്കേലിട്ടു ഇങ്ങനെ പായാരം പാടാണ്ട് പി ബീം, സീ സീം മറ്റ് ചെറുതും വലുതുമായ ബന്ധക്കാര് കമ്മിറ്റിയോളും പറേണ മാതിരി കാര്യങ്ങളൊക്കെ ഭംഗിയായി നടത്തിക്കൊണ്ട് പോണ മെംബറ് മരിക്കുമ്പോ ‘ദാ ഒരു യഥാർഥ സഖാവ് ‘ എന്ന് വാഴ്ത്തപ്പെട്ട് ചെങ്കൊടീം പൊതച്ച് അലങ്കരിച്ച ശവമായി കെടക്കാൻ പറ്റും. ഇപ്പൊ ശവമടക്ക് യാത്ര കൈരളീ ചാനലിലും കാണിക്കും.

ചെകിട്ടത്തൊരടി ഭർത്താവ് തന്നൂന്ന് വെച്ചിട്ടോ അങ്ങോരടെ വീട്ട്ലുള്ളോര് ആക്ഷേപിച്ചൂന്ന് പറ്ഞ്ഞിട്ടോ ഒക്കെ വിട്ട്ല് ബഹളം ഇണ്ടാക്കേ….. .അങ്ങനെ ചെയ്താൽ പിന്നെ ഈ ജന്മം നല്ല സ്ത്രീയായി ജീവിക്കാൻ പറ്റുംന്ന് കരുതണ്ട. അത്ര ഒറ്പ്പുള്ള കാര്യാ അത്.

പി ബിക്കും സീ സിക്കും വെഷമം ഇണ്ടാക്കണ കാര്യങ്ങള് ചെയ്തിട്ട് എടക്കെടക്ക് കാരാട്ട്നെ പോയി കണ്ട് കാര്യങ്ങള് വിശദീകരിച്ചാലൊന്നും പോരാ. ലാവ്ലിൻ അന്വേഷിക്കണം ന്ന് ബഹളം വെച്ചാലും കാര്യല്ല. ഇപ്പോ ചെയ്തതൊന്നും പോരാണ്ട് ഇനി കൂടുതലൊന്നും ചെയ്യാണ്ടിരിക്കാനാ ഇപ്പോ പിബീന്ന് ഔട്ടാക്കീത്. ഇനി വഴിപെഴ്ച്ചാൽ പിന്നെ ഈ ജന്മം നല്ല പാർട്ടി മെംബറായി ജീവിക്കാൻ പറ്റുംന്ന് കരുതണ്ട. അത്ര ഒറ്പ്പുള്ള കാര്യാ അത്.

പിബീം ഭർത്താവും പാർട്ടീഘടനേം കുടുംബവ്യവസ്ഥേം തമ്മിൽ പത്ത് പൊരുത്തോം ഇണ്ട്. ബൈബിളിൽ പറഞ്ഞിട്ട്ല്ലേ ഭാര്യേണ് കുടുംബശരീരത്തിന്റെ കഴുത്ത്, ഭർത്താവ് തലാന്ന്. കഴുത്ത് തിരിയണ പോലെയാണ്ത്രെ തലേടെ അനക്കം. അതു പോലെ പാർട്ടി മെംബറ് കഴുത്ത് പി ബി തല എന്നാണ് ഭാവം. അപ്പോ പിന്നെ മെംബറ്ക്ക് പി ബിന്ന് കിട്ട്ണതൊക്കെ അയാള് ചോദിച്ച് മേടിക്കണതാന്ന് പത്രത്തിലും ചാനലിലും കൂടി ഒറ്ക്കേങ്ങട് പറ്യാല്ലോ. കൊറെനാള് ഒറ്ക്കെ പറേമ്പോ സംഗതി സത്യായി മാറും. ചോദ്യം ചോദിക്കേ പ്രതിഷേധിക്കേ പരാതിപ്പെടേ ഒക്കെ ചെയ്ത് കുടുംബ വ്യവസ്ഥക്ക് നാണക്കേട് വരുത്തണ പെണ്ണുങ്ങളെ അപവാദം പറ്ഞ്ഞ് പരത്തി മുള്ളിക്കണ പോലെ.

തലേന്റെ ഓർഡർ കിട്ടാണ്ട് ഒരു ഇമയ്ക്കും കൂടി അനങ്ങാൻ പറ്റ്ല്ല്യാന്നുള്ളത് നമക്ക് ഒരു പ്രേമഗാനോ വിപ്ലവഗാനോ ഭക്തിഗാനോ പാടി അങ്ങട് മറക്കാം.

അല്ല, പിന്നെ.

6 comments:

Unknown said...

Partykkarude gathi equal to sthreegathiyanennu ulla arivu vannappozhanu marxist party socialist party anennu manassilayathu!Pennungale 'apavatham paranju parathi mullikkana' prayogam pudichu.

K G Suraj said...

താരതമ്യങ്ങൾ രസമുണ്ട്‌.
പക്ഷെ, കുടുമ്പ - സംഘടനാ ശരീരങ്ങൾ തമ്മിലുള്ള ബന്ധപ്പെടുത്തലുകളിൽ അടിമുടി പൊരുത്തക്കേട്‌. ചിലപ്പോൾ കാഴ്ച്ചപ്പാടുകളിലെ ഭിന്നതകളാകും !!!!

ajith said...

വി എസ് എന്ന കുടുംബിനി...കൊള്ളാം

Unknown said...

പ്പോ ന്താ പറഞ്ഞു വരണെ? പെണ്ണുങ്ങളൊക്കെ വീ എസ്സിനെ പോലെ ആകണം ന്നോ അതോ വീയെസ് പെണ്ണുങ്ങളെ പോലെ ( നല്ല സ്ത്രീ എന്ന് എച്മു പറേണ കണക്കിന് ..) ആവണംന്നോ?

mirshad said...

വ്യത്യസ്തമായ താരതമ്യ പഠനം ..ഇഷ്ടപ്പെട്ടു.. നല്ല വിമര്‍ശനം..

ഒരു ഇരുതല മൂര്‍ച്ചയുള്ള വാള്‍ എന്നോ അതോ "ഒരു വെടിക്ക് രണ്ടു പക്ഷി " എന്നോ പറയാം ല്ലേ ?

കുഞ്ഞുറുമ്പ് said...

പെണ്ണിനേം വി എസിനേം ഒരു കയറിൽ കെട്ടി..