Tuesday, July 10, 2012

തുരുമ്പ് പിടിച്ച ഹുക്കുള്ള ഒരു ബ്ലൌസ്






( 2012 ജൂലൈ 4 ന്  നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചത്.)

 ഞങ്ങള്‍, ലാജോയും ഞാനും അങ്ങനെ അടുത്ത കൂട്ടുകാരൊന്നുമായിരുന്നില്ല, വെറും പരിചയക്കാര്‍ മാത്രമായിരുന്നു. അല്ലെങ്കിലും രണ്ട് സ്ത്രീകള്‍ തമ്മില്‍ ആത്മാര്‍ഥമായ സൌഹൃദം സാധ്യമല്ലെന്നാണല്ലോ നമ്മുടെ ചരിത്രാതീത കാല ശിലാരേഖകള്‍ മുതല്‍ അത്യന്താധുനിക ടാബ് ലറ്റ് പുസ്തകങ്ങളില്‍ വരെ എഴുതി വെച്ച്, ആവര്‍ത്തിച്ച ക്ഷീരബല പോലെ എല്ലാവരേയും പഠിപ്പിക്കുന്നത് ! അതുകൊണ്ടാവും ചങ്കു പിളര്‍ത്തുന്ന പരമ രഹസ്യങ്ങള്‍ കൈമാറുന്നതിനു പോലും സ്ത്രീകള്‍ക്ക് വെറും പരിചയം മാത്രം മതിയാകുന്നതും.....

അവിടവിടെയായി തലമുടി പൊഴിഞ്ഞ്, വെളുത്തു കാണുന്ന തലയോട്ടിയും മുന്‍ വശത്തെ അടര്‍ന്ന പല്ലുകളും അസാധാരണമായി മെലിഞ്ഞ ശരീരവും എന്നും ധരിക്കാറുള്ള നരച്ചു വെളുത്ത സാരിയും ലാജോയ്ക്ക് ഉള്ളതിലുമെത്രയോ അധികം വയസ്സ് തോന്നിപ്പിച്ചിരുന്നു. എങ്കിലും അശരണയും ദു:ഖിതയുമായ ഒരു വൃദ്ധയ്ക്ക് ചേരാത്ത വിധം കിട്ടുന്ന എല്ലാ അവസരങ്ങളിലും ലാജോ അതീവ ഹൃദ്യമായി പൊട്ടിച്ചിരിച്ചു. മധുരപലഹാരത്തിന്‍റെ അവസാനത്തരിയും നാവിലിട്ടു നുണഞ്ഞു തീര്‍ക്കുമ്പോലെയായിരുന്നു കിക്കിക്കി എന്ന ആ ചിരി. ലാജോയെ മറന്നവര്‍ക്കു മാത്രമല്ല ജീവിതത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്കു പോലും ആ ചിരിയെ മറക്കുവാന്‍ കഴിയുമായിരുന്നില്ല.

മഹാ നഗരത്തിലെ ഒരു ഷെല്‍റ്ററിലാണ് ഞാന്‍ ലാജോയെ കണ്ടുമുട്ടിയത്. പോകാനിടങ്ങളില്ലാത്ത സ്ത്രീകളൂടെ ഒരു കേന്ദ്രമായിരുന്നു ആ പഴയ കെട്ടിടം. ഈ അണ്ഡകടാഹത്തെ മുഴുവന്‍ തരിപ്പണമാക്കുന്ന വിധത്തില്‍ വേഗതയാര്‍ന്ന തീവണ്ടികള്‍, ഇടതടവില്ലാതെ ആ കെട്ടിടത്തിനു സമീപമുള്ള പഴയ പാലത്തിലൂടെ ഓടി. ചെകിടു പൊട്ടുമ്പോലെ അത്യുച്ചത്തില്‍ കൂകിവിളിച്ചു. ഷെല്‍റ്ററിലെ സ്ഥിരം അന്തേവാസിയായി, മാനസിക പ്രശ്നങ്ങളുള്ള തൊണ്ണൂറുകാരിയായ ഒരമ്മൂമ്മയുണ്ടായിരുന്നു. ആരുടേയോ കാമുകിയാണെന്ന് സ്വയം വിശ്വസിച്ചിരുന്ന അവര്‍ ആ ശബ്ദകോലാഹലത്തെ സ്ഥിരമായി പ്രാകിയിരുന്നു, നല്ല മനോഹരമായ ഇംഗ്ലീഷ് ഭാഷയില്‍! അങ്ങനെ ഇടമുറിയാത്ത മഴ പോലെ പ്രാകുമ്പോഴും അവര്‍ക്കുള്ളതില്‍ ഏറ്റവും നല്ല വസ്ത്രങ്ങളും അണിഞ്ഞ് ആ കാമുകനെയും കാത്ത് ഷെല്‍റ്ററിന്‍റെ വരാന്തയിലിരിക്കാറുള്ള അവര്‍ക്ക് തുളുമ്പാനൊരുങ്ങുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയുടെ കോലമായിരുന്നു ഉണ്ടായിരുന്നത്.

സ്ത്രീകളുടെ സര്‍വതോമുഖമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണു ആ ഷെല്‍റ്റര്‍ നടത്തിയിരുന്നത്. നന്നെ അടുപ്പിച്ച് വരിവരിയായി നിരത്തിയിട്ട ചെറിയ ചെറിയ കയര്‍ കട്ടിലുകളില്‍ ദാനശീലരായ ചില സര്‍ദാര്‍ജിമാര്‍ നല്‍കിയ പുതപ്പുകളും പുതച്ച് അനാഥ സ്ത്രീകള്‍ സുരക്ഷിതരായി ഉറങ്ങി. ഷെല്‍റ്ററില്‍ വിളമ്പിയിരുന്ന ഭക്ഷണത്തില്‍ കുറച്ച് ദാരിദ്ര്യമുണ്ടായിരുന്നു. എല്ലാ ദിവസവും ഘനമുള്ള മൂന്നു റൊട്ടിയും പാലക് ചീരക്കറിയും സവാള അരിഞ്ഞതും രണ്ട് പച്ചമുളകും മാത്രം മൂന്നു നേരവും ഭക്ഷണമായി കിട്ടിപ്പോന്നു. ചായ, കാപ്പി മുതലായ ദു:ശ്ശീലങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ശുദ്ധജലം തികച്ചും സമൃദ്ധമായിരുന്നു.

ലാജോ വളരെ തുച്ഛമായ തുകയ്ക്ക് ഒന്നു രണ്ടു പ്രൈവറ്റ് ഓഫീസുകള്‍ അടിച്ചു വാരാന്‍ പോയിരുന്നു. കൂട്ടത്തില്‍ അവിടങ്ങളിലെ ചില ജോലിക്കാരുടെ വീടുകളും അടിച്ചു വാരേണ്ടതുണ്ടായിരുന്നു. അതിനു പ്രത്യേകം കൂലിയൊന്നും ഇല്ലെങ്കിലും ആ ജോലിക്കാരുടെ സന്മനസ്സ് ലഭിക്കുമെന്ന് ലാജോ വിശ്വസിച്ചു. ബാക്കി സമയം ഷെല്‍റ്ററിലെ പാചകത്തിലും മുറികള്‍ വൃത്തിയാക്കുന്നതിലും മറ്റ് അന്തേവാസികളുടെ തലമുടി കെട്ടിവെക്കുന്നതു മുതലുള്ള എല്ലാ ചില്ലറ കാര്യങ്ങളിലും വ്യാപൃതയായി. അതുമല്ലെങ്കില്‍ സ്വന്തം സമ്പാദ്യമായ ചില പഴന്തുണിക്കെട്ടുകള്‍ അഴിച്ചും മുറുക്കിക്കെട്ടിയും നേരംപോക്കി. ഒരു മിനിറ്റ് പോലും വെറുതെയിരിക്കുന്ന ലാജോവിനെ സങ്കല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എപ്പോഴും കിക്കിക്കി എന്ന് ചിരിച്ചുകൊണ്ട് വേവുന്ന വേനലിലും ഉറയുന്ന ശിശിരത്തിലും സ്വതവേ വിമൂകമായ ഷെല്‍റ്ററില്‍ ലാജോ ആഹ്ലാദമുണ്ടാക്കാന്‍ പരിശ്രമിച്ചിരുന്നു. 

തൊണ്ണൂറുകാരിയായ ആ അമ്മൂമ്മയുള്‍പ്പടെ ഒരു ഗതിയുമില്ലാത്ത, അനാരോഗ്യവതികളായ കുറെ സ്ത്രീകളാണ് ആ കെട്ടിടത്തില്‍ കുടിപാര്‍ത്തിരുന്നത്. ചുരുക്കം ചിലര്‍ക്കെല്ലാം ചില്ലറ വരുമാനമുള്ള വളരെ ചെറിയ ജോലികള്‍ ഉണ്ടായിരുന്നു. അടിച്ചു വാരലോ, തറ തുടക്കലോ, ചവറു വാരലോ പോലെയുള്ള ജോലികള്‍. എന്നാലും പലപല കാരണങ്ങളാല്‍ ആര്‍ക്കും വേണ്ടാതായവരായിരുന്നു മിക്കവാറും എല്ലാവരും തന്നെ. അവരെ വേണ്ട എന്നു വെച്ചവരില്‍ അച്ഛന്മാരും അമ്മമാരും സഹോദരങ്ങളും കാമുകന്മാരും ഭര്‍ത്താക്കന്മാരും മക്കളും പിന്നെ ദൈവങ്ങളും ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ട് രക്തബന്ധങ്ങളുടെയോ സ്നേഹബന്ധങ്ങളുടേയോ ഈശ്വരകാരുണ്യത്തിന്‍റെയോ ഒക്കെ പവിത്രതയേയും കെട്ടുറപ്പിനേയും മഹിമയേയും പറ്റിയൊന്നും ആ സ്ത്രീകളാരും തമ്മില്‍ത്തമ്മില്‍ പോലും സംസാരിച്ചിരുന്നില്ല. സ്വിച്ച് ഓണ്‍ ചെയ്ത് ഇരുവശങ്ങളിലും ആഞ്ഞടിച്ചാല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടി വിയുടെ മുന്നില്‍ ശൂന്യമായ നോട്ടങ്ങളോടെ ഒഴിവു കിട്ടുമ്പോഴെല്ലാം അവര്‍ കുത്തിയിരുന്നു. അപ്പോള്‍ പോലും ചിലര്‍ കാലിലെയും കൈയിലേയും ഉണങ്ങാ വ്രണങ്ങളില്‍ ഊതി, മറ്റു ചിലര്‍ നിരന്തരമായി ചുമച്ചു, ഇനിയും ചിലര്‍ വേദനിക്കുന്ന നെഞ്ചും വയറും പുറവും ഉഴിഞ്ഞു. സങ്കടങ്ങളും കണ്ണീരും മാത്രം കുടിച്ച് കുടിച്ച് ഏതു നിമിഷവും സമനില തെറ്റിയേക്കാമെന്ന മട്ടില്‍, മരിക്കാത്തതുകൊണ്ട് ജീവിക്കുന്ന ആ സ്ത്രീകള്‍, മരണത്തെ മാത്രമായിരുന്നു ആത്മാര്‍ഥമായി കാത്തിരുന്നത്. ഷെല്‍റ്ററില്‍ അവരെ തല്ലാനും ഭര്‍ല്സിക്കാനും ആരുമില്ലാത്തതു പോലെ തന്നെ, തലോടാനും ലാളിക്കാനും നല്ല വാക്കു പറയാനും ആരുമുണ്ടായിരുന്നില്ല.

അന്ന് രാത്രി തൊട്ടപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന ലാജോ ഉറങ്ങുന്നതേ ഇല്ലെന്ന് എനിക്കെന്തുകൊണ്ടോ തോന്നുകയായിരുന്നു. ഉറങ്ങാനാവാത്ത രാത്രികള്‍ ആരുമില്ലാത്ത മനുഷ്യരെ ഭ്രാന്തെടുപ്പിക്കുന്നവയാണ്, ആത്മഹത്യയും കൊലപാതകവും വഞ്ചനയും ചെയ്യിക്കുന്നവയുമാണ്. ആ ഭയമാണ് കൈ നീട്ടി ലാജോയെ തൊട്ടു വിളിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു സെക്കന്‍ഡ് പോലും വൈകാതെ ലാജോ ചോദിച്ചു, ദീദി ഉറങ്ങിയില്ലേ?
 
എന്നേക്കാള്‍ പ്രായക്കൂടുതലുള്ള ലാജോ ചേച്ചിയെന്ന് വിളിക്കുന്നതില്‍ ആദ്യമൊക്കെ എനിക്ക് വല്ലായ്മയുണ്ടായിരുന്നു. അത് വിനയത്തിന്‍റെയും ആദരവിന്‍റേയും ഒരു സംബോധനയാണെന്നായിരുന്നു ലാജോയുടെ മറുപടി. എന്തു മണ്ണാങ്കട്ടയ്ക്കാണീ വിനയവും ആദരവുമെന്ന് ചോദിച്ചപ്പോള്‍ ലാജോ എന്‍റെ വൃത്തിയുള്ള ഉടുപ്പിനെയും വായിക്കാനും എഴുതാനുമുള്ള അറിവിനേയും ചൂണ്ടിക്കാട്ടി.

എന്‍റെ മറുപടി പ്രതീക്ഷിക്കാതെ ലാജോ പറഞ്ഞു. എനിക്ക് ഇന്ന് ഉറക്കം വരില്ല, ദീദി. പറയുന്നതിനൊപ്പം ലാജോ വലതു കൈപ്പത്തി എന്‍റെ മൂക്കിലടുപ്പിച്ചു. അതിനു സിഗരറ്റിന്‍റെയും പുരുഷന്മാരുപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യത്തിന്‍റേയും മണമുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ പെട്ടെന്ന് അപായമണി മുഴങ്ങുവാന്‍ തുടങ്ങി. ലാജോ ഏതോ പുരുഷനുമായി അടുപ്പത്തിലായിരിക്കുകയാണ്! അതാണു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്! നല്ലവനായ ഒരാളാണതെങ്കില്‍ ലാജോക്ക് ഒരു ജീവിതമുണ്ടായിക്കൂടെന്നില്ല, പക്ഷെ, അയാള്‍ നല്ലവനല്ലെങ്കില്‍.... അതു മനസ്സിലാക്കാന്‍ ഒരു വഴിയുമില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വ്യസനിച്ചു. എത്രയോ അനവധി വിദ്യകള്‍ മനുഷ്യര്‍ക്ക് നല്‍കിയ ദൈവം ഒറ്റനോട്ടത്തില്‍ മനുഷ്യരുടെ നന്മയും തിന്മയും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു വിദ്യയും നല്‍കിയിട്ടില്ലല്ലോ.......

ദീദിയെ ഒരു പുരുഷന്‍ സ്നേഹിച്ചിട്ടുണ്ടോ? ആത്മാര്‍ഥമായി.... ദീദിയാണു അയാളുടെ ലോകമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍, ദീദിയേക്കാള്‍ പ്രധാനമായി ആ ലോകത്തില്‍ മറ്റൊന്നുമില്ലെന്ന് തോന്നിപ്പിച്ചിട്ടുണ്ടോ?

പൊടുന്നനെയുണ്ടായ തുറന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ ഒരു നിമിഷം പതറി, പിന്നെ ഒരു സൂത്രക്കാരിയുടെ മനസ്സോടെ ഉം എന്ന് മൂളി. പുരുഷന്‍റെ സ്നേഹത്തെക്കുറിച്ച് യാതൊന്നുമറിയാത്തവളാണ് ഞാനെന്ന് കരുതി ലാജോ നിശബ്ദയായിപ്പോവരുതെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നെക്കുറിച്ച് ഒന്നും തന്നെ ലാജോയോട് വെളിപ്പെടുത്തണമെന്ന് ഞാന്‍ കരുതിയിരുന്നില്ലെങ്കിലും.....

പൊള്ളുന്ന ഒരു നിശ്വാസം എന്‍റെ കവിളിലടിച്ചു. പുരുഷന്‍റെ അടിയും ഇടിയും തൊഴിയുമൊക്കെ കിട്ടിയിട്ടുണ്ടെന്ന് പെട്ടെന്നറിയാം ദീദി. ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും സ്നേഹിക്കപ്പട്ടിട്ടില്ലെങ്കില്‍ അതെന്താണെന്ന് എങ്ങനെ മനസ്സിലാകും? അതാണു ഞാന്‍ അങ്ങനെ ചോദിച്ചത്.
 
തുറന്നടിച്ച് സംസാരിക്കുന്ന ലാജോയുടെ മുന്നില്‍ എല്ലാ വാക്കുകളും നഷ്ടപ്പെട്ടവളായി ഞാന്‍. ചമ്മല്‍ മറയ്ക്കാനുള്ള ശ്രമത്തില്‍ എന്നിട്ടും വെറുതേ തര്‍ക്കിക്കാനൊരുമ്പെട്ടു.

ആരുടേതായാലും സ്നേഹമെപ്പോഴും മധുരകരമാണ്. അതില്‍ പുരുഷന്‍റെ എന്ന് എടുത്ത് പറയാനെന്തിരിക്കുന്നു?
 
ദീദി, കണ്ണടച്ച് ഇരുട്ടാക്കല്ലേ..... ഈ ലോകം നടത്തുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് അവരുടെ സ്നേഹത്തിനു മധുരം കൂടും, വെറുപ്പിനു കയ്പ് കൂടും, പ്രതികാരത്തിനു മൂര്‍ച്ചയും കൂടും. അതല്ലേ, ദീദി നമ്മള്‍ അവരെ പ്രസാദിപ്പിക്കാന്‍ ഇത്ര പാടുപെടുന്നത്!

എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല. ലാജോ തുടര്‍ന്നു.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമേ ഞങ്ങള്‍ തമ്മില്‍ കാണാറുള്ളൂ, ലീവിനു നാട്ടിലേക്ക് വരുമ്പോഴും ലീവു കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിപ്പോകുമ്പോഴും. അപ്പോള്‍ അദ്ദേഹം ഇവിടെ ഇറങ്ങും. ഒരു പകല്‍ ഞങ്ങളൊന്നിച്ചു കഴിയും. ഞാന്‍ മരിക്കാത്തതും എനിക്ക് ചിരിക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്, ദീദി. അല്ലെങ്കില്‍ ......

നിങ്ങള്‍ക്ക് എന്നും ഒന്നിച്ച് കഴിഞ്ഞു കൂടേ? അതിനെന്താണു തടസ്സം?

പെട്ടെന്ന് ലാജോ എന്‍റെ ചുണ്ടില്‍ സ്വന്തം വിരല്‍ ചേര്‍ത്ത് വാക്കുകളെ തടഞ്ഞു.

മഹാപാപം പറയല്ലേ, അദ്ദേഹത്തിനു ഭാര്യയും കുട്ടികളുമുണ്ട്. അവരെ സങ്കടപ്പെടുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ല.

ആ വിചിത്രമായ യുക്തി എനിക്ക് മനസ്സിലായില്ല.

സ്വന്തം ഭര്‍ത്താവിനെ വേറൊരു പെണ്ണ് സ്നേഹിക്കുന്നതറിഞ്ഞാല്‍ വിഷമിക്കാത്ത ഭാര്യയുണ്ടോ ഈ ലോകത്ത്? വല്ല സിനിമയിലോ മറ്റോ അല്ലാതെ...........
 
ഭര്‍ത്താവിനെ ആരെങ്കിലും സ്നേഹിക്കുന്നുവെന്നറിയുമ്പോഴാണോ അതോ വെറുക്കുന്നുവെന്നറിയുമ്പോഴാണോ വിഷമിക്കേണ്ടത് ദീദി ? സ്നേഹിക്കുന്നയാള്‍ അദ്ദേഹത്തിന്‍റെ കാലില്‍ ഒരു മുള്ളു പോലും കൊള്ളരുതെന്ന് വിചാരിക്കും.......... വെറുക്കുന്നയാളോ ദീദി?
 
ലാജോ എപ്പോഴാണു ഇയാളെ, ഈ മിടുക്കനെ കണ്ടു മുട്ടിയത്?

ആ ചോദ്യം തെറ്റായിപ്പോയോ എന്നായിരുന്നു എന്‍റെ സംശയം. കാരണം ലാജോ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു, എന്‍റെ കാല്‍ക്കീഴില്‍ വെറും തറയില്‍ പടഞ്ഞിരുന്നു....... അടുത്ത നിമിഷം മെലിഞ്ഞ് ദുര്‍ബലമായ ആ ചുമലുകള്‍ ഉലച്ചുകൊണ്ട് ലാജോ തേങ്ങിത്തേങ്ങിക്കരയാന്‍ തുടങ്ങി. തേങ്ങലിനിടയില്‍ ചില വാക്കുകള്‍ തെറിച്ചു വീണു. എന്‍റെ മോള്‍ മരിച്ചപ്പോഴാണ് ദീദി, ആ ദിവസമാണ് ദീദി.....

സ്തംഭിച്ചിരുന്നു പോയി, ഞാന്‍. ആള്‍ക്കാരുമായി പൊടുന്നനെ അടുക്കുന്ന എന്‍റെ സ്വഭാവത്തെ ഞാന്‍ പിന്നെയും പിന്നെയും ശപിച്ചു. വേണ്ടായിരുന്നു, ഒരിക്കലും ചെയ്യേണ്ടായിരുന്നു. ലാജോ സമാധാനത്തോടെ രാത്രി കഴിച്ചുകൂട്ടുമായിരുന്നു. എന്‍റെ വാക്കുകള്‍ വടു കെട്ടിയ ഒരു വ്രണത്തെയാണു മാന്തിപ്പൊളിച്ചത്.

ലാജോയുടെ ചുമലില്‍ തലോടി, ഞാന്‍ നിശ്ശബ്ദയായിരുന്നു. തൊട്ടപ്പുറത്തെ കട്ടിലുകളില്‍ അനക്കങ്ങളുണ്ടായിരുന്നെങ്കിലും ആരും എഴുന്നേറ്റ് വരികയുണ്ടായില്ല.

ലാജോ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.......... ഒരു തുണ്ട് പൂരിയും, ഒരല്‍പം കടലയും ഒരച്ച് ശര്‍ക്കരയുമൊക്കെ ഏറ്റവും വലിയ കൊതികളാവുന്ന വറുതിയെക്കുറിച്ച്.... സാധിക്കുമ്പോഴെല്ലാം കള്ളു കുടിക്കുകയും ഇടയ്ക്കൊക്കെ ലാജോയെ പൊതിരേ തല്ലുകയും അതിനുശേഷവും ചിലപ്പോഴെല്ലാം ആര്‍ത്തിയോടെ ഭോഗിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെക്കുറിച്ച്..... പതിമൂന്നു വയസ്സു മുതല്‍ പതിനഞ്ചു വര്‍ഷം അയാള്‍ക്കൊപ്പം ജീവിച്ചതിനെക്കുറിച്ച്.... കുടിവെള്ളത്തിനും ഒരല്‍പം ധാന്യപ്പൊടിയ്ക്കുമെല്ലാം എട്ടും പത്തും മണിക്കൂര്‍ പണിയെടുക്കേണ്ടിയിരുന്നതിനെക്കുറിച്ച്..... മുപ്പതു കിലോമീറ്റര്‍ അകലെയുള്ള റാഷന്‍ കടയെക്കുറിച്ച്.......

ഞാന്‍ കേള്‍ക്കുക മാത്രം ചെയ്തു.

സോപ്പുകായും ചാരവും ഇട്ട് തുണി അലക്കി കുളിച്ചാല്‍ അതുണങ്ങുന്നതു വരെ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനെക്കുറിച്ച്..... തണുപ്പുകാലങ്ങളില്‍ പുതക്കാനല്‍പം വൈക്കോലു പോലുമില്ലാതെ വിറച്ച് വിറച്ച് രാത്രി കഴിക്കുന്നതിനെക്കുറിച്ച്, ആര്‍ത്തവ ദിനങ്ങളില്‍ ഒരു കഷണം തുണി കിട്ടാന്‍ ഇരന്നു നടക്കാറുള്ളതിനെക്കുറിച്ച്...... ഒന്നും കിട്ടാതെ വരുമ്പോള്‍ പച്ചിലകളും ചണ്ടിചപ്പും കൊണ്ട് രക്തം തുടച്ചു മാറ്റുന്നതിനെക്കുറിച്ച്...

എന്‍റെ കണ്ണുകള്‍ നിറഞ്ഞു..... എന്‍റെ ചെവിയില്‍ മഹത്തായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി... റോട്ടീ കപ്ഡാ......

വിന്നി മണ്ടേലയുടെ ആത്മകഥയുടെ പുറങ്ങള്‍ എന്‍റെ മുന്നില്‍ മറിഞ്ഞു...... അവര്‍ക്കും ഒരു കഷണം തുണി വെള്ളക്കാരന്‍റെ ജയിലില്‍ ലഭിച്ചിരുന്നില്ല! സ്വന്തം കൈകളുപയോഗിച്ച് ആര്‍ത്തവ രക്തം എങ്ങനെ തടഞ്ഞു നിറുത്താമെന്ന് അവര്‍ക്ക് പഠിക്കേണ്ടിയിരുന്നു. വെള്ളക്കാര്‍ ആ ദയനീയമായ കഷ്ടപ്പാടില്‍ രസിക്കുകയും വിന്നിയുടെ വലുപ്പമേറിയ കൈപ്പത്തികളെക്കുറിച്ചു അസഭ്യം പറയുകയും ചെയ്തു.

ആദ്യമായി ‌ഋതുമതിയായ ദിവസത്തെ അപമാനം ഞാനോര്‍മ്മിച്ചു. അച്ഛന്‍റെ മുഖത്തെ ഭാവം പുച്ഛം മാത്രമായിരുന്നു. എനിക്ക് നാലു സഹോദരിമാരുണ്ട് , അവര്‍ക്കൊക്കെ ഇങ്ങനെ ഒരേര്‍പ്പാടുണ്ടെന്ന് ഞാനറിഞ്ഞിട്ടില്ല. അച്ഛനോട് വാര്‍ത്ത വിളമ്പിയ അമ്മയുടെ മുഖം ആദ്യം വിളറി, പിന്നെ മഞ്ഞച്ചു. അനിയത്തിമാര്‍ മിടുക്കികളായിരുന്നു. അച്ഛനെ അറിയിക്കാതെ, അങ്ങനെ അമ്മയുടെ മുഖം മഞ്ഞയാക്കാതെ, ആര്‍ത്തവമെന്ന അപമാനത്തെ അവര്‍ രഹസ്യമായി സൂക്ഷിച്ചു.

ആര്‍ത്തവമെന്നും അങ്ങനെയായിരുന്നു. ഒരിയ്ക്കലും ആര്‍ത്തവം അനുഭവിയ്ക്കാത്തവരില്‍ ചിലര്‍ അതിനെക്കുറിച്ച് ആധികാരികമായി സംസാരിച്ചു, ശാസ്ത്രീയമായി വിശദീകരിച്ചു, അല്ലെങ്കില്‍ കാല്‍പനികമായി അവതരിപ്പിച്ചു. മറ്റു ചിലര്‍ ദാ, ഒരു പെണ്ണ് പാകമായിരിക്കുന്നുവെന്ന് ഇളിച്ചുകൊണ്ട് പായസമുണ്ടു. വേറേ ചിലര്‍ ച്ഛീ, മ്ലേച്ഛം, അശ്രീകരം, അശുദ്ധം എന്ന് ആട്ടിയകറ്റി, ടി വി യിലെ സാനിറ്ററി പാഡുകളുടെ പരസ്യം കാണുമ്പോള്‍ പോലും അറപ്പോടെ തല കുടഞ്ഞു, ഇനിയും ചിലര്‍ ഓ! അതിലെന്തിരിക്കുന്നു എന്ന് നിസ്സാരമാക്കി. അനുഭവിച്ചവരില്‍ അധികവും തല കുമ്പിട്ട് ഈ അപമാനം, ഈ ശല്യം, ഈ നാശം എന്ന് പ്രാകി, അതൊഴിവായിക്കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ അതനുഭവിക്കേണ്ടി വരുന്നവരെ പറ്റാവുന്ന രീതിയില്‍ നിന്ദിച്ചു.

വിന്നി മണ്ടേല സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വെള്ളക്കാരന്‍റെ ജയിലില്‍ കിടക്കുകയായിരുന്നു. ലാജോ സ്വന്തം ജന്മദേശത്ത് താലികെട്ടിയവനൊപ്പം കഴിയുകയായിരുന്നു . സ്ത്രീകള്‍ ആവശ്യത്തിനു ശരീരം മറയ്ക്കാത്തതുകൊണ്ട് പുരുഷന്മാരില്‍ ലൈംഗിക മോഹങ്ങള്‍ ഇരമ്പുന്നുവെന്നും അത് വ്യാപകമായ സ്ത്രീ പീഡനത്തിനു കാരണമാകുന്നുവെന്നും എല്ലാവരും ഇരുപത്തിനാലു മണിക്കൂറും സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്ന മഹത്തായ ഒരു രാജ്യത്താണ് ലാജോ ജീവിക്കുന്നുണ്ടായിരുന്നത് .

വേദനകള്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.

പതിന്നാലു വയസ്സില്‍ തന്നെ സുമനെ വിവാഹം ചെയ്യിച്ചു, അവളുടെ അച്ഛന് അതിന്‍റെ പേരില്‍ രണ്ട് ദിവസം കള്ളു കുടിക്കാന്‍ പറ്റി. സുമന്‍റെ അച്ഛനൊപ്പം കള്ളു കുടിക്കുന്ന ഒരാളായിരുന്നു വരന്‍. ലാജോയുടെ ഗ്രാമത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ട ദരിദ്ര പെണ്‍കുട്ടികളെ വേഗം കല്യാണം കഴിപ്പിക്കുന്നതാണ് സുരക്ഷിതം. കാരണം ഉയര്‍ന്ന ജാതിക്കാരുടെ കണ്ണില്‍ വളര്‍ച്ചയെത്തിയ താണ ജാതി പെണ്‍കിടാങ്ങള്‍ക്ക് അനവധി ജോലികള്‍ അവരുടെ അകം മുറികളില്‍ ചെയ്യാനുണ്ടാവും. വേഗം കല്യാണം കഴിച്ച് ഒന്നു പെറ്റാല്‍ പിന്നെ ഉയര്‍ന്ന ജാതിക്കാരുടെ അകം ജോലികള്‍ക്ക് അങ്ങനെ അധികമായി വിളിപ്പിക്കില്ല. കല്യാണദിവസം ലാജോയ്ക്ക് നാലഞ്ചു പൂരിയും കുറച്ച് കടലയും തിന്നാന്‍ കിട്ടി. വധുവായ സുമനും അതില്‍ക്കൂടുതലൊന്നും കിട്ടിയില്ല.

പത്ത് ദിവസം കഴിഞ്ഞപ്പോള്‍ സുമന്‍ മരിച്ചു പോയീ ദീദി...... 

ഇപ്പോള്‍ ലാജോ കരയുന്നില്ല. കല്ലില്‍ കൊത്തിവെച്ച മാതിരി നിശ്ചലയായിരിക്കുകയാണ്.

സുമന് പച്ചിലയും ചണ്ടിചപ്പുമൊന്നും വേണ്ടി വന്നില്ല, അവളുടെ അമ്മായിയമ്മ എവിടെ നിന്നോ ഒരു പഴയ ബ്ലൌസ് എടുത്തു കൊടുത്തിരുന്നു.

ആ പഴന്തുണിയിലെ കൊളുത്തില്‍ തുരുമ്പിന്‍റെ വിഷമുണ്ടായിരുന്നു ദീദി. വിഷത്തിന്‍റെ ജന്നി വന്നാണു സുമന്‍ മരിച്ചത് .

കള്ളു കുടിയന്‍ ഭര്‍ത്താവിന്‍റെ പ്രേമാവേശങ്ങള്‍ ഏല്‍പ്പിച്ച പരുക്കുകളില്‍ അമര്‍ന്ന് , ആര്‍ത്തവ രക്തത്തില്‍ കുതിര്‍ന്ന ബ്ളൌസിലെ തുരുമ്പ് പിടിച്ച ആ ഹുക്ക്, പതിന്നാലുകാരിയായ സുമനു കൊടുത്തത് ടെറ്റ്നസ്സും മരണവുമാണെന്ന് എനിക്ക് മനസ്സിലായി. സുമനെപ്പോലെയുള്ളവര്‍ക്ക് പോളിയോ വന്നാല്‍ , ഡിഫ്ത്തീരിയ വന്നാല്‍ , ടെറ്റ്നസ് വന്നാല്‍ .......... .

ഇരിക്കെക്കുത്തനെ തീയിലേക്ക് വീണതു പോലെ ഞാന്‍ പുളഞ്ഞു. എന്‍റെ കണ്ണിലൂടെ അപ്പോള്‍ ഒഴുകിക്കൊണ്ടിരുന്നത് കണ്ണീരായിരുന്നില്ല, നീരാവിയായിരുന്നു.

മകളുടെ ശവമടക്കിയ ശേഷമാണ് ആത്മഹത്യ ചെയ്യാനായി ലാജോ ഗ്രാമത്തിലെ റെയില്‍പ്പാളത്തിലെത്തിയത്. പക്ഷെ, അവിടെ അദ്ദേഹമുണ്ടായിരുന്നു. മരിയ്ക്കാന്‍ അനുവദിയ്ക്കാതെ.... ചിലപ്പോഴൊക്കെ സിനിമാക്കഥകള്‍ പോലെ ചിലതെല്ലാം മനുഷ്യരുടെ ജീവിതത്തിലും ഉണ്ടാകും. ലാജോയ്ക്ക് അദ്ദേഹം ഈ മഹാനഗരത്തില്‍ വേറൊരു ജീവിതമുണ്ടാക്കിക്കൊടുത്തു. ഷെല്‍റ്ററിലെ താമസവും ഓഫീസ് അടിച്ചു വാരുന്ന ജോലിയും അദ്ദേഹം വഴിയാണു കിട്ടിയത്.

ലാജോയുടെ പഴന്തുണിക്കെട്ടില്‍ നിറയെ തുണികളായിരുന്നു. ആര്‍ത്തവത്തിനു സ്ത്രീകള്‍ക്കുടുക്കാന്‍ പാകത്തില്‍ തയാറാക്കിയ തുണിത്തുണ്ടങ്ങള്‍, ലാജോ വലിയ വലിയ ബംഗ്ലാവുകളില്‍ പോയി ഇരന്നു മേടിക്കുന്ന തുണികള്‍ കൊണ്ടാണു അതുണ്ടാക്കുന്നത്. ലാജോയുടെ ഗ്രാമത്തിലുള്ളതു പോലെ ഉടുതുണിക്ക് മറുതുണിയില്ലാത്ത പെണ്ണുങ്ങള്‍ എത്ര വേണമെങ്കിലുമുള്ള ഇടമാണ് മഹാനഗരം. ലാജോയെ കാണാന്‍ വരുന്ന ദിവസങ്ങളില്‍ ആ തുണികള്‍ ശേഖരിക്കാനും വിതരണം ചെയ്യാനും വൃത്തിയായി ഉപയോഗിച്ച് ശീലിക്കണമെന്ന് ഉപദേശിക്കാനും അദ്ദേഹവും ലാജോയ്ക്കൊപ്പം കൂടാറുണ്ട്.

ഈ ലോകത്തില്‍ എന്നെ ലാജോജീ എന്ന് വിളിക്കുന്ന ഒരേയൊരാള്‍ അദ്ദേഹമാണ് ദീദി. എന്‍റെ ഒപ്പം വര്‍ത്തമാനം പറഞ്ഞുകൊണ്ട്, എന്‍റെ കൂട്ടുകാരനെപ്പോലെ. എന്നോടു തമാശകള്‍ പറഞ്ഞ്...... ഞാവല്‍പ്പഴം തിന്ന് കറുത്ത നാക്കു നീട്ടിക്കാട്ടി റോഡരികില്‍ വെച്ച് പൊട്ടിച്ചിരിച്ച്..........

ഒരു മനുഷ്യന്‍ മറ്റൊരാളുടെ മനസ്സില്‍ കുടികൊള്ളുന്നത് ഇങ്ങനെയുമായിരിക്കാം. കണ്ണ് ചുവപ്പിക്കുകയും കൈയോങ്ങുകയും ഒച്ചയുയര്‍ത്തുകയും ശാസിക്കുകയും പുച്ഛിക്കുകയും നിസ്സാരമാക്കുകയും ഒന്നുമാവശ്യമില്ലായിരിക്കാം.

കയര്‍ കട്ടിലിന്‍റെ വരിച്ചിലില്‍ അമര്‍ത്തിത്തിരുമ്മി, വൃത്തിയാക്കിയ കൈപ്പത്തികള്‍ തമ്മില്‍ കോര്‍ത്ത് ഞാന്‍ ലാജോയെ മുറൂക്കിക്കെട്ടിപ്പിടിച്ചു. എന്‍റെ ഈ ഇരുണ്ട് മെലിഞ്ഞ വിരലുകള്‍ക്കും നേര്‍ത്ത കൈത്തണ്ടുകള്‍ക്കും അതിലും പുണ്യമേറിയ ഒരു പ്രവൃത്തിയും അന്നേരമോ പിന്നീടോ ചെയ്യാനുണ്ടായിരുന്നില്ല.

124 comments:

Echmukutty said...

ഇത് ഒരാളുടെ കഥയാണ്, വേറൊരാളുടെ അനുഭവമാണ്, മറ്റൊരാളുടെ ഓര്‍മ്മയാണ്, ഇനിയുമൊരാളുടെ കുറിപ്പാണ്, ചിലരുടെയെങ്കിലും ജീവിതവുമാണ്. അതുകൊണ്ട് എന്തു പേരിടണമെന്ന് അറിയില്ല. ............

ഉടുക്കാന്‍ കിട്ടാത്ത തുണിത്തുണ്ടുകളെപ്പറ്റി അപമാനത്തിന്‍റെ വേവോടെയും വേദനയുടെ ചൂടോടെയും എന്‍റെ മുന്നിലിരുന്ന് കണ്ണീരൊലിപ്പിച്ച, ദരിദ്ര സ്ത്രീകള്‍...... അവര്‍ ബീഹാറികള്‍, ബംഗാളികള്‍, ഒഡീഷക്കാര്‍, രാജസ്ഥാനികള്‍, ഝാര്‍ഖണ്ഡുകാര്‍…….. പക്ഷെ, എല്ലാവരും സ്ത്രീകള്‍, പട്ടിണിപ്പാവങ്ങള്‍, ഇന്ത്യാക്കാര്‍...

ദില്ലിയിലെ ഗൂഞ്ജ് എന്ന എന്‍ ജി ഒ ആരംഭിക്കപ്പെട്ടത് ഇത്തരം പാവപ്പെട്ട സ്ത്രീകള്‍ക്ക് വൃത്തിയുള്ള തുണിത്തുണ്ടങ്ങള്‍ നല്‍കാനായിരുന്നു. നാലുവര്‍ഷം മുമ്പ് ഞാന്‍ ദില്ലിയില്‍ നിന്ന് താമസം മാറ്റുമ്പോഴും ഗൂഞ്ജ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

Cv Thankappan said...

അകം പൊള്ളിക്കുന്ന മനോഹരമായൊരു
കഥ.അതോ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് നീട്ടുന്ന...............
ആശംസകള്‍

സുസ്മേഷ് ചന്ത്രോത്ത് said...

വായിച്ചുതീരുന്പോള്‍ കണ്ണ് നീറുന്നുണ്ടായിരുന്നു.അന്തരീക്ഷത്തിലെ വല്ല പൊടിയുടെതുമാവാം അല്ലേ.അല്ലാതെ സ്ത്രീകളുടെ അവസ്ഥയോര്‍ത്താവാനിടയില്ല.ഞാനും ഒരാണാണല്ലോ.

vettathan said...

ഈ അവസ്ഥ ഇപ്പൊഴും നിലനില്‍ക്കുന്നു.അടിമത്തം പലരും ഇരന്നു വാങ്ങുന്നതാണ്.വിദ്യാഭ്യാസം കൊണ്ടും സ്ത്രീ ശാക്തീകരണം കൊണ്ടും മാത്രമേ അതിനെ മറികടക്കാന്‍ കഴിയുകയുള്ളൂ.

Kaithamullu said...

അസാധാരണമായ ഒരനുഭവം, എച്മൂ.(അത്രയേ പറയാന്‍ പറ്റുന്നുള്ളു)

കല്യാണി രവീന്ദ്രന്‍ said...

:'(

mirshad said...

ഇരിക്കെക്കുത്തനെ തീയിലേക്ക് വീണതു പോലെ ഞാന്‍ പുളഞ്ഞു. എന്‍റെ കണ്ണിലൂടെ അപ്പോള്‍ ഒഴുകിക്കൊണ്ടിരുന്നത് കണ്ണീരായിരുന്നില്ല, നീരാവിയായിരുന്നു. . . .

.... വാക്കുകളില്ല ...

Arif Zain said...

"ഈ ലോകം നടത്തുന്നത് പുരുഷന്മാരാണ്." ആണോ? ഈ ലോകം നടത്തുന്നത് കൌശലക്കാരായ ആണുങ്ങളും പെണ്ണുങ്ങളുമാണ്. സൂത്രക്കാരും മത്സരപ്രിയരുമായ ആണുങ്ങളും പെണ്ണുങ്ങളുമാണ്. ആ പരിധിക്ക് പുറത്തുള്ളവരെല്ലാം ആണായാലും പെണ്ണായാലും അനുഭവിക്കുന്നു.

സേതുലക്ഷ്മി said...

സ്ത്രീകളുടെ എണ്ണിയാല്‍ ഒടുങ്ങാത്ത ദുരിതങ്ങളുടെ ചിതകളില്‍നിന്നു എച്മു വാരിയെറിയുന്ന കനലുകള്‍ മനസ്സിനെ ദിവസങ്ങളോളം പൊള്ളിച്ചു കൊണ്ടേയിരിക്കും. ഇതും അതിലൊന്ന്. അത്രയേ പറയാന്‍ കഴിയുന്നുള്ളൂ

A said...
This comment has been removed by the author.
A said...

ജീവിതം പറയുന്ന കഥ, അതോ മറിച്ചോ? ഏതായാലും, ഇത്തരം വിഷയങ്ങള്‍ വായനക്കാരന് അതി തീവ്രമായ ഒരു അനുഭവമാക്കി കൊടുക്കുന്ന
എച്മുവിന്‍റെ ഈ കയ്യടക്കം അനുപമമാണ്. വായനക്കാരന്‍ കാണുന്നത് അക്ഷരങ്ങളെയല്ല, ലജോയുടെ മനസ്സിന്‍റെ നീറ്റലിനെയാണ്‌, സുമന്‍ കടന്നുപോയ വേദനയെയാണ്. വായനക്കാരനും കൂടി അനുഭവിക്കുകയാണ് ആ ഹുക്ക് തട്ടി സുമണ് ഏറ്റ മുറിവിനെ, അതിന്‍റെ പിടച്ചിലിനെ. ഇത് എഴുത്തിന്റെ ശക്തിയാണ്.

Najeemudeen K.P said...

A simple, but heart-breaking story. It is shock to know that there are still many women in India who are subjected to this type of cruelty.

Hatts off to Echmu for such a beautiful story.

I am also posting a noveltitled 'Jeevacharithram' in my blog indicating the plight of muslim women in modern India. Please have a look at it and give your valuable comments.

Bijith :|: ബിജിത്‌ said...

Something I never experienced (!) or heard... I remember reading that Tata plans to sell pads for girls like Lajjo for Rs.2. Hope the product is out or the plan is still on now...

sreee said...

വല്ലാത്ത ഒരു അനുഭവമായി ഇത്. കൂടുതലൊന്നും പറയാന്‍ വാക്കുകളില്ല.

കൈതപ്പുഴ said...

വല്ലാത്ത ഒരു അനുഭവമായി ഇത്.കൂടുതലൊന്നും പറയാന്‍ വാക്കുകളില്ല.ആശംസകള്‍

ദിവാരേട്ടN said...

ഇതൊരു കഥ മാത്രം ആയാല്‍ മതിയായിരുന്നു.
നിങ്ങളില്‍ ചിലര്‍ ഇത്രയും തീവ്രമായി എഴുതുന്നതുകൊണ്ട് ദിവാരേട്ടന്‍ ഇടയ്ക്കെല്ലാം ഇവിടെ ചുറ്റിത്തിരിയുന്നു...
ആശംസകള്‍ !!

എന്‍.ബി.സുരേഷ് said...

Firefrom the heart to others life.

mini//മിനി said...

പാവങ്ങളുടെ അനുഭവം,,, അവതരണം നന്നായി,,,

Admin said...

ദിവാകരേട്ടന്‍ പറഞ്ഞതുപോലെ ഇതു ഒരു കഥമാത്രമായിരുന്നാല്‍ മതിയായിരുന്നു.

Jefu Jailaf said...

ആ ഹുക്ക് മനസ്സില്‍ എവിടെയോ കൊളുത്തി വലിക്കുന്നു. അനുഭവത്തിന്റെ തീഷ്ണത ഓരോ വരികളിലും..

കുസുമം ആര്‍ പുന്നപ്ര said...

ദീദി, കണ്ണടച്ച് ഇരുട്ടാക്കല്ലേ..... ഈ ലോകം നടത്തുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് അവരുടെ സ്നേഹത്തിനു മധുരം കൂടും, വെറുപ്പിനു കയ്പ് കൂടും, പ്രതികാരത്തിനു മൂര്‍ച്ചയും കൂടും. അതല്ലേ, ദീദി നമ്മള്‍ അവരെ പ്രസാദിപ്പിക്കാന്‍ ഇത്ര പാടുപെടുന്നത്!’

ശരിയാണ്...
വളരെ നല്ല കഥ..അല്ല അനുഭവം. ഇതനുഭവമാണ്. ഇതിനു കഥയെന്നു പറയാന്‍ പറ്റില്ല. ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍ കഥയാക്കാം.

Sheeba EK said...

അതെ.ഗൂഞ്ജിനെക്കുറിച്ചു കേട്ടിട്ടുണ്ട്.വലിച്ചെറിയുന്ന ഒരു തുണ്ടു തുണി പോലും വിലമതിക്കാനാവാത്തതാണെന്ന യാഥാര്‍ത്ഥ്യം അതിനു ശേഷം ഓര്‍മ്മയിലുണ്ട്.

mattoraal said...

ഗുന്‍ജിനെ കുറിച്ച് വായിച്ചിട്ടുണ്ട് .ഒരു തുണ്ട് തുണി പോലും കിട്ടാനില്ലാതെ മണ്ണ് ഉപയോഗിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചും ...പൊള്ളുന്ന സത്യം ഹൃദയാവര്‍ജ്ജകമായി പറഞ്ഞു ...സ്നേഹപൂര്‍വ്വം മറ്റൊരാള്‍ .

വീകെ said...

കഥയല്ലിത്... ജീവിതം....!!
ആശംസകൾ...

RK said...

:(

കുഞ്ഞൂസ് (Kunjuss) said...

കഥയല്ലിത്, അനുഭവം... എത്രയോ സ്ത്രീജന്മങ്ങള്‍ കടന്നു പോകുന്ന അനുഭവം...!

വായനക്കൊടുവില്‍ കണ്ണും മനസ്സും ചുട്ടു നീറുന്നു, അപ്പോഴും എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായതയും...

പട്ടേപ്പാടം റാംജി said...

ഇപ്പോള്‍ ലാജോ കരയുന്നില്ല...
അനുഭവങ്ങള്‍ കഥകള്‍ ആകുമ്പോള്‍ വായനയില്‍ കൂടുതല്‍ ചേര്‍ന്ന് സഞ്ചരിക്കുന്ന സുഖം ലഭിക്കുന്നു. തീവ്രമായ അനുഭവങ്ങള്‍ അതേ തീവ്രതയോടെ പകര്‍ത്താന്‍ കഴിയുന്നത് എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല.
യാത്രകള്‍ ഒതുങ്ങിയോ.
ആശംസകള്‍.

ajith said...

എച്മൂന്റെ പോസ്റ്റുകള്‍ വായിക്കുന്നത് നിര്‍ത്തിയാലോന്ന് ഒരാലോചന. എന്റെ സുഖകരമായ സായാഹ്നങ്ങളിലേയ്ക്ക് തീകോരിയിടുന്ന വാക്കുകളും വര്‍ണ്ണനകളുമായി വന്നിട്ട് വിഷമം വില്‍ക്കുന്നു എച്മു. ഡല്‍ഹി ഏഷ്യാഡിന്റെ കാലത്ത് ചേരികള്‍ക്ക് വര്‍ണ്ണത്തുണികള്‍ കൊണ്ട് മറയിട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ ഒരു തുണിയിട്ട് ചാനലുകളും മീഡിയയുമൊക്കെ മായികപ്രപന്ചം സൃഷ്ടിക്കുമ്പോള്‍ എച്മു വാക്കുകള്‍ കൊണ്ട് വര്‍ണ്ണത്തിരശ്ശീല മാറ്റി ദുരിതക്കാഴ്ച്ചകള്‍ സമ്മാനിക്കയാണ്


(മണിക്കൂറില്‍ 10 പ്രാവശ്യമാണ് റ്റിവിയില്‍ സാനിട്ടറി നാപ്കിന്‍ പരസ്യമഴ. അതൊക്കെ വാങ്ങി ഉപയോഗിച്ചുകൂടെ ഈ “ലാജൊ” മാര്‍ക്ക്)

aboothi:അബൂതി said...

ഈ ലോകത്തിന്റെ നെറുകിയില്‍ ചവിട്ടി സ്ത്രീകളും പുരുഷനുമൊക്കെ ഭൂമിയെ ചവിട്ടി മെതിക്കുന്നുണ്ട്. (കൌശലക്കാരായ പുരുഷന്മാരെ ഓര്‍മിപ്പിച്ചപ്പോള്‍ എഴുതിപ്പോയതാണ്)

ഇതൊരു കഥയല്ല. ജീവിനില്‍ നിന്നും പറിച്ചെടുത്ത ഒരു താള്‍.. അതിന്റെ വക്കുകളില്‍ നിന്നും ഇപ്പോഴും രക്തം പൊടിയുന്നു. കണ്ണുനീരിന്റെ ഉപുരസം കിനിയുന്ന രചന

മാണിക്യം said...

"ഈ ലോകം നടത്തുന്നത് പുരുഷന്മാരാണ്. അതുകൊണ്ട് അവരുടെ സ്നേഹത്തിനു മധുരം കൂടും, വെറുപ്പിനു കയ്പ് കൂടും, പ്രതികാരത്തിനു മൂര്‍ച്ചയും കൂടും. അതല്ലേ, ദീദി നമ്മള്‍ അവരെ പ്രസാദിപ്പിക്കാന്‍ ഇത്ര പാടുപെടുന്നത്!.."
എത്ര പാട്പെട്ടിട്ടും പുരുഷന്മാരോ ദൈവങ്ങളോ പ്രസാദിക്കുന്നില്ലല്ലോ !!

mayflowers said...

പ്രിയപ്പെട്ട എച്ചുമുക്കുട്ടീ,
നാലാമിടത്തില്‍ വായിച്ചിരുന്നു.
വായിച്ചപ്പോള്‍ കണ്ണില്‍നിന്ന് വീണത്‌ കണ്ണീരിന്റെ നിറമുള്ള ചോരത്തുള്ളികളാണ്.
എച്ചുമുക്കുട്ടിയുടെ ഓരോ പോസ്റ്റും ദുരിതക്കടലില്‍ നീന്തുന്ന ജീവിതങ്ങളെപ്പറ്റിയുള്ള അറിവുകളാണ് വായനക്കാര്‍ക്ക് നല്‍കുന്നത്.
ടി വിയില്‍ സാനിട്ടറി പാഡുകളുടെ ബഹുവര്‍ണപ്പരസ്യങ്ങള്‍ ഇപ്പോള്‍ നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നുന്നു.

lekshmi. lachu said...

eshtaayiii..kooduthal enthu parayaan..

ശ്രീ said...

വീണ്ടും മനസ്സില്‍ തട്ടുന്ന മറ്റൊരനുഭവം കൂടി കഥാരൂപത്തില്‍ ...

സേതുലക്ഷ്മി said...
This comment has been removed by the author.
SIVANANDG said...

ജീവിത യഥാര്‍ത്യങ്ങള്‍ എന്നും നോവിക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ്. അത് മറ്റുള്ളവരിലേക്കു പകരുവാന്‍ ആരും ഇഷ്റ്റപ്പെടാത്തതു കാരണം പുറം ലോകം അറിയിന്നില്ല.

ഭാനു കളരിക്കല്‍ said...

അറസ്റ്റു ചെയ്യപ്പെട്ട വാക്കുകളോടെ...

മൈലാഞ്ചി said...

വാക്കുകളില്ല.. കണ്ണുനിറഞ്ഞതുകൊണ്ട് കാര്യവുമില്ലല്ലോ...

Prabhan Krishnan said...

അസാധാരണമായ ഈ രചനാ വൈഭവത്തിനുമുന്നില്‍ നമിക്കുന്നു..!!

ആശംസകളോടെ..പുലരി

SHANAVAS said...

യാതനയുടെ,വേദനയുടെ, കഷ്ടപ്പാടിന്റെ ഒപ്പം, ആഴത്തിലുള്ള യാത്രകളാണ്, എച്മു ഓരോ പോസ്റ്റിലൂടെയും സമ്മാനിക്കുന്നത്..കണ്ണുകളെ ഈറനാക്കാതെ എച്ച്മുവിന്റെ ഒരു പോസ്റ്റും ഇതുവരെ കണ്ടിട്ടില്ല.. ആശംസകളോടെ..

അനില്‍കുമാര്‍ . സി. പി. said...

എച്മു എപ്പോഴും ജീവിതത്തില്‍ നിന്ന് കൊരിയെടുക്കുന്നത് പൊള്ളുന്ന, പൊള്ളിക്കുന്ന കനലുകളാണല്ലോ - ഇതും.

M. Ashraf said...

പ്രസംഗത്തിനു മാപ്പു നല്‍കാം. വേദനുയം കഷ്ടപ്പാടുകളും നന്നായി വിവരിച്ചു, മനോഹരമായി. അഭിനന്ദനങ്ങള്‍.

MINI.M.B said...

ഒരു വാക്ക് പോലും മിണ്ടാനില്ല എച്ചുമു... എഴുതു ... ഇനിയും. മറ്റെന്തു ചെയ്യാനാണ് നമ്മള്‍....

പ്രയാണ്‍ said...

echmu................

Sidheek Thozhiyoor said...

ജീവിത കഥകള്‍ക്ക് പച്ചപ്പ്‌ കൂടും , എച്ചുമുവിന്റെ കഥകളുടെ രഹസ്യം അതാണെന്ന് തോന്നുന്നു -നന്നായിരിക്കുന്നു .

ഒരില വെറുതെ said...

ജീവിതാഘോഷങ്ങളുടെ തിമിര്‍പ്പില്‍
തിളച്ചുതൂകുന്നവരോട് ഇങ്ങനെയും ചില മനുഷ്യര്‍ ഇവിടെയെന്ന്
പറയുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
എച്ച്മു ചെയ്യുന്നത് അതു തന്നെയാണ്.
ഇതു വായിച്ച ഒരുവളെങ്കിലും ഒരാളെങ്കിലും ആര്‍ക്കെങ്കിലും നേരെ
അഭയത്തിന്റെ ഒരു കൈത്താങ്ങ് നീട്ടാതിരിക്കില്ല.

ആരും പറയാറേയില്ല, ഇക്കാലത്ത്
ദാരിദ്യ്രത്തെക്കുറിച്ച്, പച്ചജീവിതത്തെക്കുറിച്ച്
ഇതുപോലെ.

ശ്രീനാഥന്‍ said...

ഉള്ളടക്കത്തിൽ,രചനയുടെ നിശിതലാളിത്യത്തിൽ മഹോന്നതമായ രചന. ആർത്തവരക്തം കട്ടകെട്ടിയ പഴംതുണികളെ കുറിച്ച് പുരുഷഎഴുത്തുകാർ സഹജകൌതുകത്തിൽ എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്. മനുഷ്യന്റെ നൈരന്തര്യത്തിനു വഴിയൊരുക്കുന, സ്ത്രീയുടെ പാവനരക്തത്തിൽ കുതിർന്ന ഒരു പഴകിയ ബ്ലൌസിലെ തുരുമ്പിച്ച ഹുക്കിലേക്ക് അവളുടെ ഹതാശമായ ജീവിതം കൊളുത്തിയിട്ട് പുരുഷനെ,സമൂഹത്തെ കഥാകാരി പച്ചയ്ക്ക് വിചാരണ ചെയ്യുന്നു. പെണ്ണിനു താങ്ങാവുന്നവൻ,ഇളയുടെ പച്ചപ്പ്, അവനിലേക്ക് പ്രതീക്ഷാനിർഭരം നീളുകയും ചെയ്യുന്നു കഥയുടെ കാണാക്കൈയ്യുകൾ! ഇതാണ് പെണ്ണെഴുത്ത്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എച്ചുമൂ..... ഇങ്ങനെയും ഒരു ദുരിതം ഭൂമിയിൽ പെണ്ണുങ്ങൾ അനുഭവിക്കുന്നു എന്നു ഒരിക്കലും ചിന്തിച്ചിട്ടേയില്ല.വിങ്ങിപ്പോയി. ഇതു സത്യമാണോ അതൊ ഭാവനയാണോ?????????????

എഴുത്തിന്റെ ഭംഗി
അപാരം തന്നെ......ആശംസകൾ

Anonymous said...

nannayirikkunnu.manasil thattunna aezhuth. ashamsakal

ഫൈസല്‍ ബാബു said...

മനസ്സിനെ നോമ്പരപ്പെടുത്തിയ ഒരു നല്ല കഥ ,,ആണ്ടില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ലോജോ യെ തേടിവരുന്ന അയാളായിരിക്കും അവളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ ,ഒരു പാട് ഇഷ്ടമായി

the man to walk with said...

മഹാത്ഭുതങ്ങള്‍ കാത്തു നില്‍ക്കുന്ന ജീവിതങ്ങള്‍ എത്രയാണ് സ്നേഹം വരണ്ടു പോയ ഈ രാജ്യത്ത് ..
മനസ്സിലൂടെ എത്ര ചിത്രങ്ങള്‍ കടന്നു പോയി ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ ..
ആശംസകള്‍

saumyadharsanam.blogspot.in said...

മനസ്സില്‍ വല്ലാത്തൊരു വിങ്ങലായി ലാജോയുടെ കഥ. ജീവിതമരുവില്‍ അല്പം കനിവിന്റെ നനവായി അവളുടെ രക്ഷകന്‍ വല്ലപ്പോഴുമൊരിക്കല്‍ വരുമ്പോള്‍ കുറ്റപ്പെടുത്താനാവുന്നില്ല അവളെ. ലാജോയെപ്പോലെ എത്രയോ പേര്‍ നമുക്കു ചുറ്റും...

ബെന്‍ജി നെല്ലിക്കാല said...

മനസ്സില്‍ വല്ലാത്തൊരു വിങ്ങലായി ലാജോയുടെ കഥ. ജീവിതമരുവില്‍ അല്പം കനിവിന്റെ നനവായി അവളുടെ രക്ഷകന്‍ വല്ലപ്പോഴുമൊരിക്കല്‍ വരുമ്പോള്‍ കുറ്റപ്പെടുത്താനാവുന്നില്ല അവളെ. ലാജോയെപ്പോലെ എത്രയോ പേര്‍ നമുക്കു ചുറ്റും...

vettathan said...

ബ്ലോഗ് ഒന്നുകൂടി വായിച്ചു.അതെന്നെ പിന്തുടരുകയായിരുന്നു.എച്മുവിന്‍റെ ഏറ്റവും നല്ല രചനകളില്‍ ഒന്ന്.

yousufpa said...

നാം കേരളീയർ എത്ര ഭാഗ്യവാന്മാർ....!! നമുക്കുണ്ടോ ദാരിദ്ര്യം.
കഥ നന്നായി ഇഷ്ടപ്പെട്ടു.

ദീപ said...

അവസാനം ഇത് ഒരു കഥയായിരുന്നു എന്നോര്‍ത്ത് സ്വയം ആശ്വസിക്കാന്‍ വെറുതെ ശ്രമിച്ചു, എന്നിട്ടും ലാജോയും സുമനും പാവപ്പെട്ട പെണ്ണുങ്ങളും ഒക്കെ മനസിലെ നീറ്റലായി...

ഉണ്ണിമൊഴി said...

ഒരു തുണ്ട് തുണി....
ഒരു വറ്റ് അന്നം......
ഒരു മെലിഞ്ഞ വാക്ക് ....
എന്റെ പുരാവസ്തു ശേഖരത്തില്‍ നിന്ന് പൊടിതട്ടിയെടുത്ത് ഞാനും അതൊക്കെ ഉപയോഗിച്ചു തുടങ്ങട്ടെ എച്മുക്കുട്ട്യെ ...?
ലാജോ അതൊക്കെ തുടച്ചും കഴുകിയും വേവിച്ചും വെടിപ്പാക്കിത്തന്നല്ലോ...
പക്ഷെ ലാജോ എന്തിനാണ് എന്റെ കൂടെ നില്‍ക്കാതെ കുറോസവയുടെ ദെര്‍സുവിന്‍റെ കൂടെ കാട്ടിലേയ്ക്കു പോകുന്നത് ?
ലാജോ എന്തിനാണ് തിരുവള്ളുവരുടെ കൂടെ പുസ്തകങ്ങളിലെയ്ക്ക് കയറിപ്പോകുന്നത് ?

ശിവകാമി said...

ഒന്നുമില്ല പറയാന്‍......

Muralee Mukundan , ബിലാത്തിപട്ടണം said...

ലജോയും,സുമനും,വിന്നി മണ്ടേലയുമൊക്കെയായി ഈ നീണ്ട ആവിഷ്കാരങ്ങൾ ഇരുത്തി വായിപ്പിക്കക എന്നത് തന്നെയാണ് എച്ച്മുവിന്റെ എഴുത്തിന്റെ പവ്വർ..!

ChethuVasu said...
This comment has been removed by the author.
ChethuVasu said...

കമന്റു ഭാഗം 1 :

തന്നിലെ പ്രകൃതിയെ ഒളിപ്പിക്കാനും സ്വകാര്യമാക്കി സൂക്ഷിക്കാനും ഉള്ള മനുഷ്യന്റെ ആഗ്രഹമാണ് ,പുരോഗതി , സാംസ്കാരികത എന്നിവയില്‍ പ്രതിഫലിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് . എന്നാല്‍ മനുഷ്യന്‍ സ്വയം അറിയുന്നത് അവനിലെ പ്രകൃതിയെ അറിയുമ്പോഴാണ് എന്നതത്രേ യാഥാര്‍ത്ഥ്യം . മനുഷ്യന്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് അവിനിലെ പ്രകൃതി ഉണരുന്ന വേളകളില്‍ ആണ് എന്നതാണ് നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് .. ഒളിപ്പിക്കുക അഥവാ സാംസ്കാരികത മനുഷ്യാവസ്ഥ തന്നെയാണ് ന്നു കരുതേണ്ടി അവരും . കാരണം പുഷിപ്പിക്കുന്ന മലര്‍ ചെടികള്‍ ഒരിക്കലും തങ്ങളുടെ പ്രകൃതിയെ ഒളിപ്പിക്കുന്നില്ല ..എന്ന് മാത്രമല്ല അവയുടെ സാന്നിധ്യം മനുഷ്യനെ പ്രകൃതിയെ അനുഭവിപ്പിക്കുകയും ചെയ്യുക കൂടി ചെയ്യുന്നുണ്ട് ..(അല്ലെങ്കില്‍ കവികള്‍ - കഥാകാരന്മാര്‍ /കാരികള്‍ എവിടെ ..?) . സ്വകാര്യത എന്നാ ബോധം - അത് പങ്കു വക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്നവരോട് മാത്രം എന്ന ബോധം - ഇവ തന്നെയാണ് മനുഷ്യനെ സാംസ്കാരികമായി വ്യത്യസ്തനാക്കുന്നത് എന്ന് കാണാം .എങ്കിലും അത്തരം പങ്കു വക്കലുകളും സാര്ധകമാകുന്നതും അനുഭവ വേദ്യമാകുന്നതും അവരിലെ പ്രകൃതിയുടെ പ്രകാശനത്തില്‍ മാത്രമാണ് എന്ന് കാണാം .

കമന്റു ഭാഗം 2

ജീവിതത്തെ കുറിച്ചുള്ള വീക്ഷണത്തില്‍ നീതി ബോധത്തിന് നിര്‍ണായക സ്ഥാനമുണ്ട് . ലോകത്ത് നീതി നിലനിര്ത്തപ്പെടുന്നു എന്നും അക്കാരണതാല്‍ തനിക്കും നീതി ലഭിക്കും എന്ന അബോധമായ ആത്മ വിശാസത്തില്‍ ആണ് എല്ലാ മനുഷ്യരുടെയും മനസ്സ് ..ആയ കാര്യം നേരെ നോക്കി നടത്താനായി ദൈവം എന്ന ഒരു സങ്കല്‍പ്പത്തെ നമ്മള്‍ ആ ജോലി ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്യുന്നു .. അതായത് നീതിമാനായ ദൈവം എല്ലാ കാര്യങ്ങളും നേരെ ചൊവ്വേ നടത്തിക്കൊള്ളും എന്ന ബോധം .. അങ്ങനെ വരുമ്പോള്‍ വ്യക്തിപരമായി നമ്മള്‍ നമ്മളെ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും . സമൂഹത്തിലെ മറ്റുള്ളവരെ പറ്റി വ്യാകുലപ്പെടെണ്ടാതായില്ല ..കാരണം ദൈവം എല്ലാം നീതിപൂര്‍വ്വം നടത്തുന്നുണ്ടല്ലോ .. ആയ ബോധത്തില്‍ കഴിയുമ്പോള്‍ നാം അതിനു വിപരീതമായ കാഴ്ചകളെയും ചിന്തകളെയും സൌകര്യപൂര്‍വ്വം മനസ്സില്‍ നിന്നും ഒഴിവാക്കുകയാണ് പതിവ് .. അത് കൊണ്ട് തന്നെ നമ്മള്‍ ഒരിക്കലും ലജോ മാരെ കാണാറില്ല അവര്‍ യഥേഷ്ടം ഉണ്ടെങ്കിലും .. അങ്ങനെയിരിക്കെ അവരെ കണ്ടെത്തുകയും കാണാന്‍ വിസമ്മതിക്കുന്ന നമ്മുടെ മുന്നിലേക്ക്‌ എച്ച്മുവിനെ പ്പോലെ ഉള്ളവര്‍ ,കൊണ്ട് വരികയും ചെയ്യുമ്പോള്‍ , മനസ്സിലെ അയധാര്തമായ നീതി സങ്കല്‍പ്പത്തെ അത് തകിടം മറിക്കുകയും അങ്ങനെ അത് മനസിനെ അസ്വസ്ഥമാക്കി , അസ്ഥിത്വം , അടിസ്ഥാന മൂല്യങ്ങള്‍ , ജീവിതത്തിനെ അര്‍ത്ഥ - അര്‍ത്ഥ രാഹിത്യ തലങ്ങള്‍ അനുഭവ വേദ്യമാക്കുകയും ചെയ്യുന്നു .. . താത്കാലികമായി മനസ്സില്‍ അത് ശ്രുഷ്ടിക്കുന്ന പ്രതിസന്ധി ഒരു കമന്റു വഴി നാം എളുപ്പം മറികടക്കുകയും , പഴയപടി പ്രതീഷയില്‍ നന്നും ഉടലെടുക്കുന്ന മിഥ്യാ വിശ്വാസത്തില്‍ വീണ്ടും മനസ്സിനെ കേന്ദ്രീകരിച്ചു താന്‍ തനിക്കും മറ്റുള്ളവര്‍ക്ക് ദിവ നിശ്ചിതവും എന്ന ബോധം വീണ്ടു മുറപ്പിച്ചു ജീവിതം തുടരുകയും ചെയ്യുന്നു എന്നത് മാത്രമാണ് സത്യം

ഭ്രാന്തന്‍ ( അംജത് ) said...

...........................

Shaleer Ali said...

പച്ചയായ ജീവിതത്തിനെ ഇങ്ങനെ അകം തൊടുന്ന തരത്തില്‍ ഞാനീയടുത്ത കാലത്തൊരു കഥയില്‍ വായിച്ചിട്ടില്ല..... വേറൊന്നും പറയാനില്ല......
ഇനിയും പ്രതീക്ഷിക്കുന്നു .... ശക്തമായ കഥാ ജീവിതങ്ങളെ....ആശംസകള്‍

K@nn(())raan*خلي ولي said...

വായിച്ചവസാനിപ്പിച്ചു!

രമേശ്‌ അരൂര്‍ said...

വായിക്കാന്‍ വൈകി ...
ദാരിദ്ര്യത്തിലും അറിവില്ലായ്മയിലും ചുട്ടുപൊള്ളുന്ന ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ ,അവര്‍ക്കിടയിലെ ആലംബ ഹീനരായ സ്ത്രീകളുടെ ദുരന്താനുഭവങ്ങള്‍ ഒരിക്കല്‍ കൂടി എച്മൂ കുറിച്ചിട്ടു ...
ഹൃദയത്തില്‍ തട്ടുന്ന അവതരണം ..ഒരു കുഞ്ഞു പരാതിയും വിന്നിയുടെ ജയില്‍ ജീവിതത്തെയും കഥയിലെ ഞാന്‍ എന്ന കഥാപാത്രത്തിന്റെയും ആര്‍ത്തവാനുഭവങ്ങള്‍
പറയുമ്പോള്‍ കഥാനുഭവത്തില്‍ നിന്ന് അല്പം വഴിമാറി ഒരു സ്റ്റേറ്റ്മെന്റ് പോലെ ആയോ ? എന്ന് തോന്നി ..അതുകൊണ്ടൊന്നും ഈ ആശയവും അത് പറയാന്‍ ഉപയോഗിച്ച വാക്കുകളുടെ ശക്തിയും ഞാന്‍ ഒട്ടും കുറച്ചു കാണുന്നില്ല ..ആശംസകള്‍

KOYAS KODINHI said...

ബ്ലോഗില്‍ ചായക്കടക്കാരന്‍റെ കഥ കേട്ടു മടുത്ത എനിക്ക് ഇത്‌ നന്നായി ഇഷ്ടപ്പെട്ടു.

Unknown said...

എച്മുവിന്റെ കഥയിൽ അഗ്നിയുണ്ട്

സാലീ കാത്തു said...

ദൈവമേ ഞാനറിയാത്ത ലോകം ,,,എങ്കിലും എന്റെ മനസ് സ്വസ്ഥം അല്ല,ഇവരുടെയൊക്കെ തെങ്ങലല്ല്ലേ എന്റെ ചെവിയില്‍ മുഴങ്ങുന്നത് ,????,,പറഞ്ഞു തന്നു മനസിലാക്കി അമ്മ പഠിപ്പിച്ച പാഠങ്ങള്‍ഇതില്‍ നിന്നും ഏറെ വേറിട്ടകന്നു,,എന്റെ വാക്കുകള്‍ പുറത്തേക്ക് വരാനാവാത്ത വിധംതൊണ്ട യില്‍ കുടുങ്ങി എന്നേ നട്ടം തിരിക്കുന്നു ഇതും ജീവിതം

പി. വിജയകുമാർ said...

ജീവനുള്ള വാക്കുകൾ നൊമ്പരത്തിന്റെ ആകാശത്തിലെത്തിക്കുന്നു.
മനോഹരം ഈ കഥ.

ജയരാജ്‌മുരുക്കുംപുഴ said...

ഒത്തിരി ഇഷ്ട്ടമായി.........ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

റോസാപ്പൂക്കള്‍ said...

എച്ച്ചുമു, ഞാനും ഒരു സ്ത്രീ ,ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂറില്‍ കഷ്ടി ഒന്നോ രണ്ടോ മണിക്കൂറത്തെ വീട്ടു ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം വായന,വല്ലപ്പോഴും കുറച്ചു എഴുത്ത് ,പിന്നെ കുറെ സമയം ഇന്റര്‍ നെറ്റില്‍ ഇങ്ങനെയൊക്കെ സമയം കളയുന്ന സാധാരണ വീട്ടമ്മ. പക്ഷെ ഇങ്ങനെയും ജീവിതം ഉണ്ടെന്നു എന്നെ പഠിപ്പിക്കുവാന്‍ ഇടക്കുള്ള എച്ചുവിന്റെ എഴുത്തുകള്‍ വേണ്ടി വരുന്നല്ലോ എന്ന് ഞാന്‍ ലജ്ജയോടെ സമ്മതിക്കുന്നു. ഞാന്‍ മാത്രമല്ല ഇത് വായിച്ച പലരും ഇത് പോലെ ചിന്തിച്ചു കാണും എനിക്കറിയാം.
ഈ എഴുത്തിന് മുനില്‍ നമിക്കുന്നു. ഞാനെന്നാണ് ഇത് പോലെ എഴുതുക...?,എന്നാണു മറ്റൊരാള്‍ ഓര്‍മ്മപ്പെടുത്താതെ ഇത് പോലെ ചിന്തിക്കുക...?ഇങ്ങനെ ഒരു പശ്ചാത്താപം എന്നില്‍ വരുത്തിയതിനു നന്ദി. എച്ചുമു എഴുതിയതില്‍ എന്നെ ഏറ്റവും സ്പര്ശിച്ചു ഇത്.

Manoraj said...

ഇത് തീയാണ് എച്മു.. കഥയോ ജീവിതമോ എന്തെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തീ.. ഒരു ആണായത് കൊണ്ട് ഇതിലധികം ഇതേ കുറിച്ച് പറയാന്‍ ശ്രമിച്ചാല്‍ അത് കഥയിലെ ദീദി സൂചിപ്പിച്ചത് പോലെ അറിയാത്തവന്റെ , ഇതൊന്നും ഒരിക്കല്‍‌‌പോലും അറിയാന്‍ ഇടയില്ലാത്തവന്റെ വിടുവായത്തങ്ങള്‍ ആവും.. അതുകൊണ്ട് നിശ്ശബ്ദം..

ചിലയിടങ്ങളിലെ ചില റിപ്പീറ്റേഷനുകള്‍ ഒഴിവാക്കിയാല്‍ കഥ (എന്ന് തന്നെ വിളിക്കട്ടെ.. അല്ലെങ്കില്‍ അങ്ങിനെ ആശ്വസിക്കട്ടെ) മനോഹരം. എച്മുവിന്റെ തീവ്രരചനകളില്‍ ഒന്നെന്ന് പറയാം.

Manoraj said...

ഒന്ന് കൂടെ പറയട്ടെ.. ആ മനോഹരമായ ടൈറ്റില്‍ അതിന് സ്പെഷല്‍ മാര്‍ക്ക്..

ഓക്കേ കോട്ടക്കൽ said...

വായിച്ചപ്പോള്‍ നെഞ്ചത്തുടെ ഒരു കൊളുത്തി വലി..ദാരിദ്ര്യം വഴിമുടക്കുന്ന വിശപ്പിന്റെ വിളിയെകുറിച്ച് നാം പലപ്പോഴും ചിന്തിചിട്ടുണ്ടാവാം. എന്നാല്‍ പെണ്ണിന്റെ പ്രകൃതി നിയമങ്ങള്‍ മുറതെറ്റാതിരിക്കാന്‍ തുരുമ്പിച്ച പഴന്തുണിക്കഷ്ണങ്ങള്‍ കൊണ്ട് മറയിടാന്‍ പെടാപാട് പെടുന്ന സ്ത്രീ ജന്മങ്ങളെ കുറിച്ച് ഇത്രയും തീഷ്ണമായി ഒരു ഓര്‍മ്മപ്പെടുത്തല്‍ ..... ചിന്തയില്‍ ഒരിടത്തും ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കുന്നു ഈ കഥ....

Akbar said...

നല്ല അവതരണം. ദാരിദ്യം ഒരു ശാപമാണ്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് അത് നാണം കെടുത്തുന്ന ഒരു അവസ്ഥ കൂടി ആണ്. മാസത്തിലെ ആ ദിവസങ്ങളെ അതിജീവിക്കാന്‍ ഒരു തുണ്ട് തുണിക്കഷ്ണം കിട്ടാനില്ലാതെ അവിടെ മണല്‍ ചാക്ക് വെച്ച് കെട്ടി ദാര്‍ദ്ര്യത്തിന്റെ സുഭിക്ഷതയെ സഹിക്കുന്ന ഉത്തരേന്ത്യ ഗ്രാമീണ സ്ത്രീകളെ പറ്റി ബ്ലോഗര്‍ മുല്ലയുടെ ഒരു യാത്രാ വിവരണത്തില്‍ വായിച്ചത് ഓര്‍ക്കുന്നു.

എച്ചുമു ഇവിടെ ആരുടെയോ അനുഭവം, ഓര്‍മ്മ, അല്ലെങ്കില്‍ ജീവിതം പച്ചയായി പകര്‍ത്തി വെക്കുമ്പോള്‍ എന്തൊക്കെ സങ്കീര്‍ണതകളിലൂടെയാണ് പല മനുഷ്യ ജന്മങ്ങളും കടന്നു പോകുന്നത് എന്നതിന്റെ ഒരു സാക്ഷ്യപത്രമായി മാറുന്നു ഈ കുറിപ്പ്.

ഇവിടെ എഴുത്തുകാരി കഥ മെനയുകയല്ല. അനുഭവങ്ങളില്‍ നിന്നും കാഴ്ചകളില്‍ നിന്നും കഥ കണ്ടെത്തുകയാണ് എന്ന് എനിക്ക് തോന്നുന്നു.

Ismail Chemmad said...

വരികളിലെ അഗ്നി വായനക്കാരന്റെ മനസ്സിനെ ശരിക്കും പൊള്ളലേല്‍പ്പിക്കുന്നു.
ആശംസകള്‍

കൊമ്പന്‍ said...

തീക്ഷണമായ ഒരുപാട് ജീവിതങ്ങളുടെ കഥയാണ് ഇത്
ഒരു കഷ്ണം തുണി പ്പോലും ഉടുക്കാന്‍ ഇല്ലാത്ത നിര്ധനതയില്‍ പിറന്ന അമ്മ പെങ്ങന്മാരുടെ കഥ
നോമ്ബര്പെടുത്തി എങ്കിലും നന്മ വറ്റാത്ത ചിലരെങ്കിലും ഈ അണ്ട കടാഹത്തില്‍ ഉണ്ടെന്ന ഓര്മ പെടുത്തല്‍ ഒരു സാത്വനമായി

ഷബീര്‍ - തിരിച്ചിലാന്‍ said...

വായനയില്‍ അവസാനിക്കാതെ ചിന്തകളില്‍ തുടരുന്ന മനോഹരമായ ഒരു കഥ.

ഇലഞ്ഞിപൂക്കള്‍ said...

പൊള്ളുന്നു, ചില ജീവിതങ്ങള്‍ പോലെ.

ജന്മസുകൃതം said...

"എച്ച്ചുമു, ഞാനും ഒരു സ്ത്രീ ,ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂറില്‍ കഷ്ടി ഒന്നോ രണ്ടോ മണിക്കൂറത്തെ വീട്ടു ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം വായന,വല്ലപ്പോഴും കുറച്ചു എഴുത്ത് ,പിന്നെ കുറെ സമയം ഇന്റര്‍ നെറ്റില്‍ ഇങ്ങനെയൊക്കെ സമയം കളയുന്ന സാധാരണ വീട്ടമ്മ. പക്ഷെ ഇങ്ങനെയും ജീവിതം ഉണ്ടെന്നു എന്നെ പഠിപ്പിക്കുവാന്‍ ഇടക്കുള്ള എച്ചുവിന്റെ എഴുത്തുകള്‍ വേണ്ടി വരുന്നല്ലോ എന്ന് ഞാന്‍ ലജ്ജയോടെ സമ്മതിക്കുന്നു. ഞാന്‍ മാത്രമല്ല ഇത് വായിച്ച പലരും ഇത് പോലെ ചിന്തിച്ചു കാണും എനിക്കറിയാം.
ഈ എഴുത്തിന് മുനില്‍ നമിക്കുന്നു. ഞാനെന്നാണ് ഇത് പോലെ എഴുതുക...?,എന്നാണു മറ്റൊരാള്‍ ഓര്‍മ്മപ്പെടുത്താതെ ഇത് പോലെ ചിന്തിക്കുക...?ഇങ്ങനെ ഒരു പശ്ചാത്താപം എന്നില്‍ വരുത്തിയതിനു നന്ദി. എച്ചുമു എഴുതിയതില്‍ എന്നെ ഏറ്റവും സ്പര്ശിച്ചു ഇത്."

എച്മു ,
റോസപ്പൂക്കളെ കടം എടുക്കുകയാണ്.കാരണം അത് എന്റെയും വാക്കുകളാണ്.അനുഭവങ്ങളുടെ തീ സ്പര്‍ശം പൊള്ളിക്കുമ്പോള്‍ അത് അംഗീകരിക്കുന്നതിനപ്പുറം മറ്റു വാക്കുകള്‍ എന്തിന്‌? ആശംസകളോടെ,

thalayambalath said...

ഹൗ...

Villagemaan/വില്ലേജ്മാന്‍ said...

എന്ത് പറയണം എന്നറിയില്ല. ജീവിതത്തിന്റെ മറ്റൊരു മുഖം, നമുക്കറിയാത്ത ഒരു വശം ഹൃദയത്തില്‍ തട്ടും വിധം വരച്ചിട്ടിരിക്കുന്നു...

എല്ലാ ആശംസകളും..

ജോക്കോസ് said...

എച്ചുമു

കെട്ടിപിടിച്ചു ആ മൂര്‍ധാവില്‍ ഒരു സ്നേഹ ചുംബനം

എന്റെ കണ്ണീര്‍ ‍ മുഖത്ത് പറ്റിയോ?

ജോകോസ്

--

Mohiyudheen MP said...

എച്ചുമുവിന്റെ മറ്റൊരു മനോഹരമായ കഥ, ലിജോയുടെ ജീവിതം വായനക്കാരിലേക്ക് അപ്പടി പകർത്തി കൊടുത്തിരിക്കുന്നു... ആ വേദനയും അനുഭവങ്ങളും.

സുമനെ നഷ്ടപ്പെട്ടത് തുരുമ്പ് പിടിച്ച് ഹുക്കിൽ നിന്നുള്ള പ്രശ്നം മൂലമെന്ന് പറയുന്നിടത്ത് കഥയുടെ ക്രാഫ്റ്റ് മികച്ച് നിൽക്കുന്നു.. ആർത്തവ രക്തത്തെ പിടിച്ച് നിറുത്താൻ കഴിയാത്ത സ്ത്രീകളുടെ അവസ്ഥയിൽ ദു:ഖിച്ച് കൊണ്ട് ഒരു വായനക്കാരൻ

ആശംസകൾ

വേണുഗോപാല്‍ said...

നാലഞ്ചു ദിവസം മുന്നേ വായിച്ചു...

ഇത്തരം രചനകള്‍ക്ക് ഒരു കമന്റ്‌ എഴുതുക എന്നത് തന്നെ ശ്രമകരം എന്ന് പറയേണ്ടി വരും.

സമൂഹത്തില്‍ സ്ത്രീക്കുള്ള ആസ്തിത്വം. അതിനായി അവള്‍ സഹിക്കേണ്ടി വരുന്ന യാതനകള്‍. എച്ച്മുവിന്റെ പല പോസ്റ്റുകളും സ്ത്രീകളുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചക്ക് വെച്ചുവെങ്കിലും ഇത് അവയില്‍ നിന്നെല്ലാം വേറിട്ട ഒരു വിഷയമായി എന്ന് പറയാതെ വയ്യ. ഓരോ വരി വായിക്കുമ്പോഴും മനസ്സ് വിഷമിക്കുന്നത് വായനക്കാരനെ ഈ വിഷയം എത്രമാത്രം ആ പോസ്റ്റിലേക്ക് പിടിച്ചടുപ്പിക്കുന്നു എന്നതിനു മതിയായ തെളിവാണ്.

ഈ എഴുതിയത് എന്റെ ചില വാക്കുകള്‍ മാത്രം. ഈ പോസ്റ്റിനു അഭിപ്രായം കുറിക്കാന്‍ ഈയുള്ളവന്‍ ഒട്ടും പോരാ...

അഭിനന്ദനങ്ങള്‍ !!!!

(കൊലുസ്) said...

പാവങ്ങളെകുറിച്ചുള്ള ഈ എഴുത്ത് കരയിച്ചല്ലോ ആന്റീ

Pradeep Kumar said...

ഇവിടെ അഭിപ്രായം കുറിക്കാൻ ഞാൻ അശക്തനാണ്. കാരണം ഇതു വെറുമൊരു കഥയല്ല എന്ന് വായനയിലൂടെ ഞാൻ ഉറപ്പിച്ചു. എച്ചുമുവിന്റെ ഉത്തരേന്ത്യൻ ജീവിതത്തിൽ എവിടെയോ വെച്ച് അറിഞ്ഞ ജീവിതയാഥാർത്ഥ്യമാണ് ഇവിടെ വരച്ചു വെച്ചത് എന്നു ഞാൻ മനസ്സിലാക്കുന്നു.....

ആ ജീവിതയാഥാർത്ഥ്യം അനുവാചകരിലേക്കെത്തിക്കാൻ ഒരു ലേഖനത്തേക്കാളും ഫലപ്രദം അതൊരു കഥാശിൽപ്പമായി അവതരിപ്പിക്കുകയാണെന്ന് കണ്ടെത്തിയ എച്ചുമുവിലെ സാമൂഹ്യപ്രതിബദ്ധയുള്ള എഴുത്തുകാരിയെ അഭിനന്ദിക്കാതെ വയ്യ...... പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ അടിസ്ഥാനപ്രശ്നങ്ങളിലേക്കുള്ള വിരൽ ചൂണ്ടൽ എച്ചുമുവിന്റെ എഴുത്തിന്റെ പൊതുസ്വഭാവമാണ്. ഏറ്റെടുത്ത ഉത്തരവാദിത്വം എച്ചുമു ഇവിടെയും ഭംഗിയായി നിർവ്വഹിച്ചു.

ഈ എഴുത്തുസപര്യ തുടരുക.... . സാഹിത്യഗുണം ചോർന്നുപോവാതെ നാം ജീവിക്കുന്ന കാലത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് എഴുതാനാവുക എന്നത് ഒരു മഹാസിദ്ധിയാണ്.... കഥയുടെ ശിൽപ്പഭദ്രത ഒട്ടും ചോർന്നുപോവാതെ കഥയെ ആശയങ്ങളുടെ പ്രചരാണായുധമാക്കാനും, അനുവാചകഹൃദയങ്ങളെ ആർദ്രമാക്കാനും ഇവിടെ എച്ചുമുവിന് ഭംഗിയായി സാധിച്ചു......

പ്രണാമം.......

jayanEvoor said...

പൊള്ളിക്കുന്ന എഴുത്ത്.
സാഷ്ടാംഗപ്രണാമം!

ശ്രീനന്ദ said...

എച്മൂ,
വായിച്ചു. ആര്‍ത്തവ ദിനങ്ങളില്‍ ഒരുതുണ്ട് തുണിക്ക് വേണ്ടി ഇരക്കുന്ന സ്ത്രീകളുണ്ടെന്നു ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ലാജോ വല്ലാതെ വേദനിപ്പിച്ചു

ചന്തു നായർ said...

എച്ചുമുക്കുട്ടി ഇതു ഞാൻ വായിച്ച് കമന്റിട്ടിരുന്നൂ...വലിയൊരു കമന്റ് .കാണനില്ലാ...ഇനി ഒന്നുകൂടെ വിശദമായി എഴുതാം,,,,,,,,,,

V P Gangadharan, Sydney said...

Artlessly simple, rustic and monotonously alluring...

kochumol(കുങ്കുമം) said...

>>>‘വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമേ ഞങ്ങള്‍ തമ്മില്‍ കാണാറുള്ളൂ, ലീവിനു നാട്ടിലേക്ക് വരുമ്പോഴും ലീവു കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിപ്പോകുമ്പോഴും. അപ്പോള്‍ അദ്ദേഹം ഇവിടെ ഇറങ്ങും. ഒരു പകല്‍ ഞങ്ങളൊന്നിച്ചു കഴിയും. ഞാന്‍ മരിക്കാത്തതും എനിക്ക് ചിരിക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്, ദീദി. അല്ലെങ്കില്‍ ......’<<<
ഈ ലാജോ എന്റെ മനസ്സില്‍ വല്ലാതെ തട്ടി ...ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല എച്മു ...:(

Unknown said...

email id onnu tharanae, ente adress vignesh.229@hotmail.com oru mail ayakkanae chechi please...

Unknown said...

ചേച്ചി... മനോഹരം... പച്ചയായ ജീവിതം വരച്ചുകാട്ടി..... മനം നീറും ആരുടെയും....

മുകിൽ said...

മറ്റു ചിലര്‍ ദാ, ഒരു പെണ്ണ് പാകമായിരിക്കുന്നുവെന്ന് ഇളിച്ചുകൊണ്ട് പായസമുണ്ടു. വേറേ ചിലര്‍ ച്ഛീ, മ്ലേച്ഛം, അശ്രീകരം, അശുദ്ധം എന്ന് ആട്ടിയകറ്റി, ടി വി യിലെ സാനിറ്ററി പാഡുകളുടെ പരസ്യം കാണുമ്പോള്‍ പോലും അറപ്പോടെ തല കുടഞ്ഞു, ഇനിയും ചിലര്‍ ഓ! അതിലെന്തിരിക്കുന്നു എന്ന് നിസ്സാരമാക്കി. അനുഭവിച്ചവരില്‍ അധികവും തല കുമ്പിട്ട് ഈ അപമാനം, ഈ ശല്യം, ഈ നാശം എന്ന് പ്രാകി,... ethrayethra bhavangal... nannayi ezhuthi, pathivupole..

Echmukutty said...

വായിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊള്ളട്ടെ...

പ്രവീണ്‍ ശേഖര്‍ said...

ഇത് കഥയായാലും അനുഭവമായാലും ലേഖനമായാലും ഇതില്‍ പ്രയോഗിച്ചിരിക്കുന്ന വാചകങ്ങള്‍ വായിക്കുന്ന ആളുകളുടെ ഹൃദയത്തില്‍ തറഞ്ഞിരിക്കുന്ന അമ്പുകള്‍ ആണ്. ഒരിക്കലും പറിച്ചു മാറ്റാനാകാത്ത ആ അമ്പുകള്‍ വ്രണങ്ങളെ വീണ്ടും വീണ്ടും വ്രണപ്പെടുത്തുക മാത്രമേ ചെയ്യൂ .. ഇത്തരം അനുഭവങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നവര്‍ക്ക് സഹനം ഒരു മരുന്നായി മാറിയിരുന്നെക്കാം.

ആമി അലവി said...

ആദ്യമായാണ് ഈ വഴി വരുന്നത്...കണ്ണ് നിറഞ്ഞു പോയി വായിച്ചുകഴിഞ്ഞപ്പോള്‍....ഇതൊരു വെറും കഥയല്ല...ഒരുപാട് പേരുടെ ജീവിതം ഇതില്‍ ഉറങ്ങിക്കിടക്കുന്നു...സത്യസന്ധതമായ ആവിഷ്കാരം...സ്ത്രീകളുടെ അപമാനത്തിന്റെ വേദനയുടെ ബാക്കിപത്രം...ആശംസകള്‍ എച്ച്മൂ

ഫസലുൽ Fotoshopi said...

ഇത് ഒരാളുടെ കഥയാണ്, വേറൊരാളുടെ അനുഭവമാണ്, മറ്റൊരാളുടെ ഓര്‍മ്മയാണ്, ഇനിയുമൊരാളുടെ കുറിപ്പാണ്, ചിലരുടെയെങ്കിലും ജീവിതവുമാണ്.

ഇതാണെനിക്കും പറയാനുള്ളത്.. എവിടെയൊക്കെയോ കൊളുത്തിവലിക്കുന്നു.. ഒരുപക്ഷെ നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മോട് ബന്ധപ്പെട്ടവരോടെങ്കിലും നമുക്ക് നീതി പുലർത്താം എന്നതാണ്.

പടന്നക്കാരൻ said...

I was tooo late here...

kuzhippurathukkaaran said...

ഈ കഥ.. ഓരോ പുരുഷനെയും ഇരുത്തിചിന്തിപ്പിക്കും.. കഥ വായിക്കുന്നവന്‍റെ കണ്ണുനീര്‍ പൊയിയുന്നത് എച്ച്മുവിന്‍റെ വരികള്‍ക്കുള്ള അംഗീകാരമാണ്.... ആശംസകള്‍ .

Kannur Passenger said...

വേദനിപ്പിച്ച കഥ.. വാക്കുകള്‍ ഇല്ല പറയാന്‍..
ഇതാ ഒരമ്മയുടെ കണ്ണീര്‍ എന്റെ ബ്ലോഗ്ഗിലും,
http://www.kannurpassenger.blogspot.in/2012/05/blog-post_30.html

ഫഹദ് said...

കണ്ണു നിറയ്ക്കുന്ന അനുഭവം, മനസ്സിൽ തട്ടുന്ന ആഖ്യാനം. :(വരാൻ വൈകി, എങ്കിലും ഇതുവായിക്കാതെ പോയില്ലല്ലോ എന്നോർത്ത് സമാധാനിക്കുന്നു. കഥ മാത്രമാണെന്ന് വിശ്വസിച്ച് ആശ്വസിക്കുന്നതിനു പകരം ഇതുപോലെ ദുരിതജീവിതം പേറുന്നവർക്ക് വേണ്ടി എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യണം എന്നുള്ള പ്രതിജ്ഞയെ ഒരിക്കൽക്കൂടി ഉറപ്പിക്കുന്നു. നല്ല എഴുത്തിന് ആശംസകൾ..

Muhammed Shameem Kaipully said...

ഇത്തരം കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെന്നറിയുമ്പോള്‍ മനസ്സില്‍ വല്ലാത്ത സങ്കടം വരും. ഇതെല്ലാം ആലോചിക്കുമ്പോള്‍നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍. ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങളുടെ വില എത്രത്തോളം വലുതാണെന്ന് തിരിച്ചറിയുന്നു.വേദനിപ്പിക്കുന്ന കഥ അതിതീക്ഷ്ണമായി വരികളില്‍ പകര്‍ത്തിയിരിക്കുന്നു. ഭാവുകങ്ങള്‍..........

spark.com said...

ഗംഭീരം... നല്ല ഭാഷ നല്ല അവതരണം..

കുമ്മാട്ടി said...

nalla kadha

Unknown said...

ബെന്യാമീനെ കടമെടുക്കട്ടെ " നാമനുഭവിക്കാത്ത ജീവിതങ്ങള് മുഴുവനും നമുക്ക് കെട്ടുകഥള് മാത്രമാണ്."

ഈ കഥയുടെ ടൈറ്റില്... അതിമനോഹരം!

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

എനിക്ക് ഒന്നേ പറയാനുള്ളൂ എച്ചുവിന്റെ കൈ തലരതിരിക്കട്ടെ....ആശംസകള്‍

Unknown said...

ഒരു യാത്രയിലയിരുന്നപ്പോളാണ് ഞാന്‍ ഈ സ്റ്റോറി അല്ലെങ്കില്‍ ഈ ലേഖനം വായിക്കാന്‍ ഇടയയധു ഞാന്‍ എന്റെ വണ്ടി ഒന്ന് നിര്‍ത്തി ചുറ്റും നോക്കി ഇല്ല അങ്ങനെ ഒരാളെയും കണ്ടില്ല മാത്രമല്ല അങ്ങനെ പലയിടങ്ങിളിലും ഞാന്‍ വണ്ടി നിര്ടി നോകിയിരുന്നു. കാരണം അന്ന് ഞാന്‍ അടോന്നും ശ്രദ്ടിചില്ലയിരുന്നു .

നാച്ചി (നസീം) said...

വായിച്ചു കഴിഞ്ഞപ്പോള്‍ ,ശരിക്കും ഞാന്‍ ചിന്താതീന്‍ ആയി പോയി .അത് ഗന്ബീരം അവതരണം ,,,ആശംസകള്‍ ,,വീണ്ടും വരാം

Unknown said...

vaayichu nalla avatharanam ...abhinandhangal

Echmukutty said...

വായിച്ച് അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ......

Unknown said...

തുരുബെടുക്കുന്ന ജീവിതങ്ങള്‍....വല്ലാതെ വേദനിച്ചു .....ആശംസകള്‍

തുമ്പി said...

സവാള ചാക്കുകഷ്ണങ്ങള്‍ കൊണ്ട് ആര്‍ത്തവരക്തം തടഞ്ഞുനിര്‍ത്തേണ്ട സാഹചര്യമുണ്ടായിട്ടുള്ളവര്‍ രക്തബന്ധത്തില്‍ തന്നെയുള്ളത് കൊണ്ട് ,ഈ അനുഭവകഥ ആ ദുരന്തസ്മൃതികളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.ലാ‍ജോ നീയെന്റെ വിങ്ങലായി.( ഒരു മനുഷ്യന്‍ മറ്റൊരാളുടെ മനസ്സില്‍ കുടികൊള്ളുന്നത് ഇങ്ങനെയുമായിരിക്കാം. കണ്ണ് ചുവപ്പിക്കുകയും കൈയോങ്ങുകയും ഒച്ചയുയര്‍ത്തുകയും ശാസിക്കുകയും പുച്ഛിക്കുകയും നിസ്സാരമാക്കുകയും ഒന്നുമാവശ്യമില്ലായിരിക്കാം...

ശ്രീക്കുട്ടന്‍ said...

അസാധ്യസുന്ദരം. കൂടുതല്‍ പറയുവാന്‍ കഴിവുമില്ല..മനസ്സുപിടഞ്ഞുപോയി....അഭിനന്ദനങ്ങള്‍ എഴുത്തുകാരീ....

സാജന്‍ വി എസ്സ് said...

ഇതു പലരുടെയും അനുഭവവും ജീവിതവുമാണ്,നഗ്നമായ ജീവിത യാതാര്‍ത്ഥ്യം ശക്തമായ വാക്കുകളില്‍ കൂടി അവതരിപ്പിച്ചു.
ഹൃദയ സ്പര്‍ശിയായ എഴുത്ത്.

സുധി അറയ്ക്കൽ said...

കരച്ചിൽ വരുന്നത്‌ പോലെ...എന്തിനാ ചേച്ചീ ഇങ്ങനെ എഴുതുന്നത്‌.??ആകെ തകർത്ത്‌ കളയുന്നു..

ശിഹാബ് മദാരി said...

Its amazing

Sudheer Das said...

സ്ത്രീകളെ അറിയാന്‍ ഇത്തരം കഥകള്‍ വായിച്ചിരിക്കണം. ഈ കഥ ഇന്ത്യയിലെ ഇരുണ്ട ഇടങ്ങളെയും കാണിച്ചുതരുന്നു.

Girija Navaneethakrishnan said...

നിശബ്ദം... ഉള്ളിൽ ലാജോയുടെ വാക്കുകൾ മാത്രം. അഭിപ്രായം രേഖപ്പെടുത്താൻ എനിക്കർഹതയില്ല, സ്വന്തം comfort zone വിട്ട് പുറത്തു വരാൻ ആകാത്തിടത്തോളം.

അന്നൂസ് said...

ഇപ്പോഴാണ് വായിക്കുന്നത്- ഏറെ ഇഷ്ടം...!

Manoj Vellanad said...

ഒന്ന് നിലവിളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു..