(
കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 സെപ്തംബര്‍ 7 നു പ്രസിദ്ധീകരിച്ചത്. )
വന്‍
നഗരങ്ങളില്‍ പാര്‍ക്കുമ്പോള്‍ കൊടും ദാരിദ്ര്യത്തിന്റെ കാണാപ്പുറങ്ങള്‍ മാത്രമല്ല, മുന്നിലെത്തുക. ആഡംബരത്തിന്റെ സീമാതീതമായ
പ്രദര്‍ശനങ്ങളും അനിര്‍വചനീയമായ വര്‍ണപ്പകിട്ടോടെ കണ്മുന്നില് വിടരും, പണമെന്നത് ഇത്ര മേല്‍ സുലഭമായ, അതുകൊണ്ട് തന്നെ നേടുവാന്‍ നന്നേ എളുപ്പമായ ഒന്നാണോ
എന്ന് തോന്നിപ്പിക്കുന്ന മട്ടില്‍.... വീതിയേറിയ രാജകീയമായ റോഡുകള്‍ നിറഞ്ഞൊഴുകുന്ന വലിയ ആഡംബര കാറുകളും
അംബരചുംബികളായ കെട്ടിടങ്ങളും അതിഗംഭീരങ്ങളായ വ്യാപാരസമുച്ചയങ്ങളും പടുകൂറ്റന്‍ വാസസ്ഥലങ്ങളും തിരക്കിട്ടോടുന്ന മനുഷ്യരും നമ്മുടെ രാജ്യത്തിന്റെ
കണ്ണഞ്ചിക്കുന്ന മുഖചിത്രമാണ്.
മുഖചിത്രം മാത്രം നോക്കി പുസ്തകത്തെ നമ്മള് വിലയിരുത്തുകയാണെങ്കില്‍ കോടിക്കണക്കിനു മനുഷ്യരുള്ള ഈ രാജ്യത്തെക്കുറിച്ച്
അലോസരപ്പെടുവാനോ ഉല്ക്കണ്ഠപ്പെടുവാനോ ആധി പിടിയ്ക്കുവാനോ യാതൊന്നുമില്ലെന്ന്
വിചാരിക്കാവുന്നതേയുള്ളൂ. നമ്മള് പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിച്ചു
ചാടുകയാണെന്നും കരുതാം. അടുത്ത ഭാവിയില്‍
സൂപ്പര്‍ പവര്‍ ആകുമെന്നും നമ്മള്
ഭാരതീയരുടെ വിരല്ച്ചൂണ്ടലിനനുസരിച്ച് “ ചാടിക്കളിക്കടാ കൊച്ചുരാമാ “ എന്ന മട്ടില്‍ ലോകം ചൊല്പ്പടിയിലാവുമെന്നും
വിശ്വസിക്കാം. യഥാര്‍ഥത്തില്‍ അങ്ങനെ നമ്മെ വിശ്വസിപ്പിക്കാന്‍ ആവശ്യമായ കഠിന
പ്രയത്നം ഭരണകര്‍ത്താക്കളും കൊടും പണക്കാരും മതങ്ങളും പിന്നെ വ്യവസ്ഥിതിയും ഒത്തൊരുമിച്ച്
നടത്തുന്നുമുണ്ട്.
സമ്പത്തിന്റെ ധാരാളിത്തവും
കെട്ടുകാഴ്ചയാകുന്ന അതിന്റെ അഴകും പ്രദര്‍ശിപ്പിച്ച് ഇല്ലാത്തവനെ കൊതിപ്പിച്ച് കൊതിപ്പിച്ച് കഷ്ടത്തിലാക്കുന്ന സവിശേഷമായ ഒരു രാജ്യതന്ത്രജ്ഞതയിലൂടെയാണു നാം ഇപ്പോള്‍ കടന്നു
പോയിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ പച്ച
മാങ്ങ തിന്നുകൊണ്ടിരിക്കുന്നത് കാണുന്നവര്‍ക്കൊക്കെ വായില്‍ വെള്ളമൂറുന്നതു പോലെ, അത്രമേല്‍ സ്വാഭാവികമായിട്ടുള്ളൊരു കെണി വെച്ച് പിടിക്കുകയാണെന്ന് സാധാരണക്കാരായ
നമ്മള് പെട്ടെന്നൊന്നും മനസ്സിലാക്കുകയില്ലെന്നതാണു ഈ കൊതിപ്പിക്കല്‍ വിദ്യയുടെ സര്‍വതോമുഖമായ വിജയം.
കുറച്ചു കാലം മുമ്പ് വരെ കടം വാങ്ങി നമ്മള് ഒരു വീടു വെയ്ക്കുമായിരുന്നു. എന്നിട്ട് വര്‍ഷങ്ങളോളം, പലപ്പോഴും ജീവിതാന്ത്യം വരേയ്ക്കും ആ കടം അടയ്ക്കാന്‍ ബുദ്ധിമുട്ടുമായിരുന്നു. ചില ഗൃഹോപകരണങ്ങളും വളരെ ദുര്ലഭം ചിലപ്പോള്‍ വാഹനങ്ങളും
കടത്തില്‍ വാങ്ങുമായിരുന്നു. എങ്കിലും കടമുണ്ട് എന്നു പുറമേ ആരെങ്കിലും അറിയുന്നത് വളരെ മോശമായ , അപമാനകരമായ ഒരു കാര്യമായാണു കരുതപ്പെട്ടിരുന്നത്.
കടക്കാരന്റെ അവസാനിക്കാത്ത ദൈന്യത്തെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ഉള്ളിലൊരു
ധാരണയും വലിയ ഭീതിയുമുണ്ടായിരുന്നു.
ഇപ്പോള്‍ അങ്ങനെയാണോ?
യാതൊരു
ധനവരുമാനവുമില്ലാത്ത ജോലികള്‍
മാത്രം ജീവിതകാലം മുഴുവന്‍ ചെയ്യുന്ന സാധാരണ വീട്ടമ്മമാര്‍ക്കു പോലും മൊബൈല്‍ ഫോണുകളിലൂടെ
കടം തരട്ടേ? ക്രെഡിറ്റ് കാര്‍ഡ് തരട്ടേ? എന്ന ചോദ്യങ്ങളും ദാ, ആ കടയില്‍ ഈ ഓഫറുണ്ട്, ഇത്ര കിലോ പഴയ സാധനം കൊടുത്താല്‍ ഇന്ന പുതിയ സാധനം
കിട്ടും, ആ ഹോട്ടലില്‍
കയറി ബിരിയാണി കഴിച്ചാല്‍ ഇന്നയിടത്ത്
ടൂര്‍ കൊണ്ടു പോകും എന്ന മട്ടിലുള്ള അറിയിപ്പുകളും ഇപ്പോള്‍ സദാ ലഭ്യമാകാറുണ്ട്. വെറുതേയാണോ ‘ നിങ്ങള്‍
മാമുണ്ടാലും ഇല്ലെങ്കിലും കൊള്ളാം, അത് ഞങ്ങള്ക്കറിയണമെന്നില്ല.
എന്നാല്‍ എല്ലാവര്ക്കും നിശ്ചയമായും മൊബൈല്‍ തരാം, അല്ലെങ്കില്‍
ഒരു കുടുംബത്തിനു ഒരു ടി വി തരാം ‘
എന്ന ഭരണാധികാരികളുടെ
വാഗ്ദാനമുണ്ടാകുന്നത്! കുറച്ചു കാലം
മുമ്പെന്ന പോലെ നമ്മള് വീട്ടില്‍
നിന്ന് പണവും സഞ്ചിയും എടുത്ത് വസ്ത്രം മാറി, മുടിയും ചീകി പുറത്തേയ്ക്ക് ഇറങ്ങണമെന്നില്ല.
പ്രലോഭിപ്പിക്കുന്ന വിപണിയുടെ മാസ്മരികലോകം
നമ്മള് ഓരോരുത്തരുടേയും വീടിനുള്ളില്‍ തന്നെ സ്ഥിര താമസമാക്കിയിരിയ്ക്കുകയാണ്, മൊബൈല്‍ ഫോണിലൂടെ, ടി വി യിലൂടെ... തളര്‍ന്നു വീഴുവോളം സാധനങ്ങള്‍ വാങ്ങിക്കൂട്ടാനും അവസാനമില്ലാതെ
പണം ചെലവഴിയ്ക്കാനും നമ്മേ നിരന്തരം ആഹ്വാനം ചെയ്തുകൊണ്ട് ..........
അടുത്ത
ആളെപ്പോലെ അല്ലെങ്കില്‍ അടുത്ത
വീട്ടിലെപ്പോലെ ആവാനാണോ നമ്മള്
കടം വാങ്ങിച്ചു പോകുന്നത്? ആയിരിക്കണം. നാലാളെപ്പോലെ ജീവിക്കാനാണല്ലോ
എപ്പോഴും മനുഷ്യര്‍ക്ക് താല്പര്യം. ഇക്കാര്യത്തില്‍ ആണും പെണ്ണും തമ്മില്‍ ഭേദമൊന്നുമില്ല. പൊതുവേ
പുരുഷന് കടം വാങ്ങുന്നത് മദ്യപനല്ലെങ്കില് തീര്‍ച്ചയായും സ്ത്രീയുടെ
പ്രേരണകൊണ്ടാണെന്ന് നമുക്കൊരു ഉരുക്കുറപ്പുണ്ട്.
ആഡംബരം കാണിക്കുവാന്‍
ഇഷ്ടപ്പെടുന്നത് സ്ത്രീകളാണെന്നതാണ് ആ
ഉറപ്പിന്റെ ഏറ്റവും വലിയ സാമൂഹിക വിശ്വാസം. പാര്‍ക്കുന്ന വീടായാലും ധരിക്കുന്ന സ്വര്‍ണമായാലും സഞ്ചരിക്കുന്ന
വാഹനമായാലും വില കൂടിയ ഇലക്ട്റോണിക്സ് ഉല്പന്നങ്ങളായാലും
സ്വത്ത് എന്ന നിലയില്‍ ഇപ്പറഞ്ഞതിന്റെയൊക്കെ ആത്യന്തികമായ ഉടമസ്ഥനാകുന്നത് എന്നും പുരുഷനാണെങ്കിലും അവയിന്മേലുള്ള
അടങ്ങാത്ത ആശ എല്ലായ്പോഴും പെണ്ണിനാണ്
എന്നാണ് വിശ്വസിക്കപ്പെട്ടു പോരുന്നത്. ആഡംബരമരുതെന്ന് സ്ത്രീകളെ എല്ലാവരും തരം കിട്ടുമ്പോഴെല്ലാം ഉപദേശിക്കാറുമുണ്ട്.
കാര്യങ്ങള്‍
അങ്ങനെയൊക്കെയാണെങ്കിലും
ഉത്തരവാദിത്തമുള്ള മനുഷ്യരെന്ന നിലയില്‍ പ്രത്യേകിച്ച് അടുത്ത തലമുറയോട് അധികം പരിഗണന പുലര്‍ത്തുന്നവരെന്ന നിലയില്‍
സ്ത്രീകള്‍ക്ക് ചില അധികച്ചുമതലകളുണ്ടെന്ന്
എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.
എന്നില്‍ ആ തോന്നല്‍ പെരുകി വരാന്‍ അടുത്ത് കാണാനിടയായ ഈ കാഴ്ചയും ഒരു കാരണമായി എന്നും വേണമെങ്കില്‍ പറയാം.
ഒറ്റമുറി
വീട്ടിലെ ഏറ്റവും വലിയ ആഡംബരമായിരുന്നു ആ കൊച്ചു ടി വി. കുട്ടികള്‍ വായും തുറന്ന് ടി വി
കണ്ടിരിക്കുന്നത് വഴിയിലൂടെ പോവുമ്പോള്‍ കാണാന്‍ പറ്റുമായിരുന്നു. അതാണ് ഒരു ദിവസം
വൈകുന്നേരം അലമുറക്കരച്ചിലിന്റെ അകമ്പടിയോടെ, കടം ഒടുക്കിത്തീര്ക്കാനാവത്തതുകൊണ്ട് ബലമായി എടുത്തുകൊണ്ടു
പോകപ്പെട്ടത്. കുട്ടികള്‍ക്കായിരുന്നു താങ്ങാനാവാത്ത വിങ്ങിപ്പൊട്ടുന്ന സങ്കടം.
കഴിവുകെട്ട ആരോഗ്യം നശിച്ച ഒരു നായ
സ്വന്തം വാല് കാലുകള്‍ക്കിടയില്‍ തിരുകി പതുങ്ങിയിരിക്കുമ്പോലെ ആ വീട്ടിലെ ഗൃഹനാഥന്, ചുരുങ്ങിച്ചെറുതായി തലയും കുമ്പിട്ട്
നിശ്ബദനായിരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണു മെലിഞ്ഞു ഒട്ടിയ ദേഹവുമായി അവള്
വന്നത്. കുട്ടികളുടെ അമ്മ. അലമുറയിടുന്ന കുട്ടികളോട് ആ ടി വി ഒരു
അത്യാവശ്യമല്ല എന്ന് അപാരമായ മന:സ്സാന്നിധ്യത്തോടെ, ഒരു തുള്ളി കണ്ണീര് പൊഴിക്കാതെ അവള് പറഞ്ഞു മനസ്സിലാക്കി. കരച്ചില് നിറുത്തിയ കുഞ്ഞുങ്ങള്‍ക്ക്
പൊതിഞ്ഞുകൊണ്ടു വന്നിരുന്ന അപ്പമോ മറ്റോ വളരെ സ്നേഹത്തോടെ അവള്
വിളമ്പിക്കൊടുക്കുന്നതും ഭര്‍ത്താവ് അവളെ
നോക്കി തീവ്രമായ സ്നേഹത്തോടെ പുഞ്ചിരിക്കുന്നതും ആ സന്ധ്യാ പ്രകാശത്തില്‍ അപ്പോളുദിച്ച
ചന്ദ്രനെ കാണുമ്പോലെ മനോഹരമായ ഒരു ദൃശ്യമായിരുന്നു.
അത്യാവശ്യങ്ങളും
ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിലുള്ള അതിര്
വരമ്പ് മനസ്സിലാക്കാനും അതിലുറച്ചു
നില്‍ക്കാനും നമുക്ക് സാധിക്കണം. അതിന് അതി
കഠിനമായ ഇച്ഛാശക്തി ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍
ആ ഇച്ഛാശക്തി വളര്‍ത്തുന്നതിനു പകരം ആകാവുന്ന
മാര്‍ഗങ്ങളെല്ലാം ഉപയോഗിച്ച് കൂടുതല്‍
കൂടുതല്‍ പ്രലോഭനങ്ങളില്‍ കുടുക്കി നമ്മെ
മയക്കിക്കിടത്തുവാന്‍ എല്ലാവരും മല്‍സരിച്ചു പരിശ്രമിക്കുന്നു. കാരണം
ഇച്ഛാശക്തിയുള്ള ജനതയെ കൊടും പണക്കാരനും തീവ്ര അധികാരവും വികല മതബോധവും ഇവയെല്ലാം ഒത്തുചേര്‍ന്ന്
സംരക്ഷിക്കുന്ന നമ്മുടെ വ്യവസ്ഥിതിയും ഒരു പോലെ ഭയപ്പെടുന്നു. ആ ജനത എവിടെയുമുണ്ടാകാതിരിക്കാന്‍ ആവുന്നതെല്ലാം
ചെയ്യുന്നു.
വിത്തും വളവും
കാര്‍ഷികോപകരണങ്ങളും തൊട്ട് റോക്കറ്റ് വരെ, സോപ്പു തൊട്ട് സോഷ്യലിസം വരെ എന്തും കടത്തിനു
കിട്ടുമെന്നാണ് നമ്മോട് എല്ലാവരും എപ്പോഴും പറയുന്നത്. നമ്മുടെ ഏറ്റവും പുതിയ സെന്‍സെസ്
റിപ്പോര്‍ട്ട് അനുസരിച്ച് ഗ്രാമങ്ങളില്‍ ആള്‍ത്താമസം കുറയുകയും നഗരങ്ങളില്‍ അത് ക്രമാതീതമായി വര്ദ്ധിക്കുകയുമാണത്രെ.
കടം വാങ്ങി കൃഷി ചെയ്ത്,
കൈയില്‍ ഒന്നുമില്ലാതായ പാവപ്പെട്ട മനുഷ്യര്‍ ജീവിത
മാര്‍ഗം തേടി നഗരങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഇടത്തരം നാഗരികര്‍ കൂടുതല്‍
മുന്തിയ നാഗരികരാകാന്‍ കടം വാങ്ങുന്നു. മുന്തിയ നാഗരികര്‍ അതിലും കൂടുതല്‍ മുന്തിയ നാഗരികരാകാന്‍.....
നമ്മള് ആര്‍ക്കെല്ലാമോ
വേണ്ടി കൂടുതല്‍ കൂടുതല്‍ ദരിദ്രരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടക്കെണിയില്‍ കുടുങ്ങി
വീര്‍പ്പു മുട്ടുന്ന ഒരു ജനതയായി നാം മാറുകയാണ്. നമ്മുടെ രാജ്യം നമുക്കോരോരുത്തര്‍ക്കും
തലയെണ്ണി കടപ്പെടുത്തിയിരിക്കുന്നത് മുപ്പത്തിമൂവായിരം രൂപയാണെന്ന് ഇക്കഴിഞ്ഞ മേയ് മാസത്തില്‍ സര്‍ക്കാര്‍
പത്രക്കുറിപ്പുണ്ടായിരുന്നു. മറ്റൊന്നിലും ഇല്ലെങ്കിലും വീട്ടിത്തീര്‍ക്കാനുള്ള
കടത്തില്‍ നമുക്ക് സമത്വം
ലഭിച്ചിരിക്കുന്നു.
കടം, കടം സര്‍വത്ര കടം ..... നമ്മുടെ
വീടുകളിലും മഹത്തായ നമ്മുടെ രാജ്യത്തിലും...
61 comments:
കടംവന്ന് കടംവന്ന് എല്ലാം മിടുക്കന്മാര്ക്ക് തീറെഴുതി കൊടുക്കേണ്ട
ഗതികേട് വരുമോ?!!
ആശംസകള്‍
ആദ്യവായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി, തങ്കപ്പന് ചേട്ടാ.
"ഇച്ഛാശക്തിയുള്ള ജനതയെ കൊടും പണക്കാരനും തീവ്ര അധികാരവും വികല മതബോധവും ഇവയെല്ലാം ഒത്തുചേര്‍ന്ന് സംരക്ഷിക്കുന്ന നമ്മുടെ വ്യവസ്ഥിതിയും ഒരു പോലെ ഭയപ്പെടുന്നു. ആ ജനത എവിടെയുമുണ്ടാകാതിരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നു. " Thought of the day Congrats echmu
നമ്മള് ആര്‍ക്കെല്ലാമോ വേണ്ടി കൂടുതല്‍ കൂടുതല്‍ ദരിദ്രരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇവിടെ, കിട്ടാവുന്ന ബാങ്കുകളില്‍ നിന്ന് എല്ലാം ക്രെഡിറ്റ് കാര്‍ഡില്‍ പണം വാങ്ങി അവസാനം ഒരു അവധിക്കു നാട്ടില്‍ പോവ്വാന്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് ജയിലിലേക്ക് പോവേണ്ടി വരുന്ന പലരെയും പറ്റി കേട്ടിടുണ്ട്..
ഇപ്പോള്‍ കാശ് .. ബാകി പിന്നെ വരുന്നിടത്ത് വെച്ച് കാണാം എന്ന ഈ ചിന്താഗതി പലപ്പോഴും എച്മു പറഞ്ഞത് പോലെ മറ്റുള്ളവരെ അനുകരിക്കാനും കണ്ടു പഠിക്കാനും കാട്ടുന്ന അപകടകരം ആയ പ്രവണതയില്‍ നിന്നും ആണ്..നല്ല ലേഖനം...
നല്ല പോസ്റ്റു.
ചിതലരിക്കുന്ന പുസ്തകമാണെങ്കിലും അതിനെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു സൂക്ഷിക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം .അല്ലാതെ ചിതലിനെ കുടഞ്ഞുകളഞ്ഞു പൂര്‍ണ്ണ നാശം ഒസിവാക്കാനല്ല .
കടത്തില്‍ ജനിച്ചു കടത്തില്‍ ജീവിച്ചു കടത്തില്‍ മരിക്കുന്ന തലമുറയ്ക്ക് അധ്വാനിക്കണ്ട ആവശ്യം എന്ത് .എന്തും കടം കിട്ടുമല്ലോ .
ആശംസകള്‍
കടം തിരിച്ചടക്കുവാന്‍ പാങ്ങില്ലാത്തോര്ക്ക് കടം ലഭിക്കുമോ എച്ചുമു? ഈ അടുത്തകാലത്തല്ലേ പഠിക്കാന്‍ ലോണ്‍ കിട്ടാതെ ഒരു കുട്ടി ആത്മഹത്യ ചെയ്തത്.
എനിക്കും ജീവിക്കണം മറ്റുള്ളവരെ പോലെ പട്ടിണിക്കിടന്നിട്ടായലും ശരി ഞാനും ഇതെല്ലാം ഉണ്ടാക്കും ചകുമ്പോകൊണ്ടോവനൊന്നും അല്ല....നാലു പെരു ദോഷം പറയരുതല്ലോ!
മലയാലികൾ കൂടുതൽ പണം ചിലവക്കുന്നത്..വീടിന് ചുറ്റും മതിൽ കെട്ടാനാ ണ്. അന്യരിൽ നിന്നും വേറിട്ട് നിൽക്കുക എന്നത് അവന്റെ ജീവിത സന്ദേശമായി മാറിക്കഴിഞ്ഞിരിക്കുന്നൂ...നമ്മുടെ വീടുകളുടെ മതിലുകൾ എല്ലാം കൂടെ ഒന്നിച്ച് കെട്ടിയിരുന്നെങ്കിൽ ഈ ഭൂമി മുശുവൻ കെട്ടാനുള്ള ഇഷ്ടികയുംചാന്തും കിട്ടിയേണേ? ഏതാണ്ട് മുപ്പത് വർഷം മുൻപ് നിർമ്മിച്ച് ചെറിയൊരു ടെറസ്സ് കെട്ടിടത്തിലാണ് ഞാനിപ്പോഴും താമസിക്കുന്നത്.ഒന്നരക്കോടി രൂപ മുടക്കി വീട് പണിയിച്ച് എന്റെ അനന്തിരവൻ അടുത്തിടെ എന്നോട് ചോദിച്ചു.."മാമാ ഈ വീട് ഒന്ന് പുതുക്കിപ്പണിയണം" "എന്താ മോനെ ഞാനിവിടെ താമസിക്കുന്നതിൽ മക്കൾക്ക് കുറച്ചിലുണ്ടോ? "അല്ലാ കാലത്തിനൊത്ത്..." അവനെ അത് പൂർത്തിയാക്കാൻ ഞാൻ അനുവദിച്ചില്ലാ..'അന്നത്തെ കാലത്ത് ഇത് ഏറ്റവും പുതിയതും,വലിയ വീടുമായിരുന്നൂ നിന്റെ ഈറ്റില്ലവും ഇതായിരുന്നു...മണ്ണിൽ കാശ് കുഴിച്ചിടുന്നത് എനിക്കിഷ്ടമല്ല മോനേ" അവൻ പിന്നൊന്നും പറഞ്ഞില്ലാ..എച്ചുമു പറഞ്ഞപോലെ കടക്കാരനല്ലാറ്റ്ഹെ ജീവിക്കുന്നതിന്റെ എറ്റ്വും വലിയ സുഖത്തിലും,സന്തോഷത്തിലുമാണ് ഞാനിന്ന്..പണ്ട് സിനിമ എടുക്കാനും,സീരിയലെടുക്കാനുമായി ലക്ഷങ്ങൾ കൈ വിട്ട് പോയപ്പോൾ ,കുറച്ച് കടക്കാരനുമായിരുന്നപ്പോൾ ഞാൻ അനുഭവിച്ച വേദന എന്റെ ഭാര്യക്കേ അറിയാവൂ...പൈങ്കിളി സീരിയലുകളിൽ പേർ വക്കാതെ 'വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന'രീതിയിൽ തിരക്കഥ എഴുതി കടം വീട്ടിയപ്പോഴും പൂർവ്വികർ സമ്പാദിച്ച് എനിക്ക് തന്ന ഏക്കർ കണക്കിനു വസ്തു ഞാൻ തീറാധാരം എഴുതാത്തതിന്റേയും സുഖം ഞാൻ ഇന്നറിയുന്നു."കൊട്ടാരം ചിന്ത യാൽ ജാഗരം കൊള്ളുമ്പോൾ കൊച്ച് കുടിലത്രേ നിദ്രാസുഖം".....െച്ചുമൂ സൂചിപ്പിച്ചപോലെ നമ്മുടെ മനസ്സിൻടേയും,ഭാര്യമാരുടേയും ആഡംബര ചിന്താഗതിക്ക് വളമിട്ട് കൊടുക്കാതിരിക്കുക...ലേഖനത്തിന് എന്റെ നമസ്കാരാം....
കടം വാങ്ങുന്നത് ഒരു ശീലമാവുകയാണ്.അത്യാവശ്യത്തിനല്ല, പലപ്പോഴും ആഡംബരത്തിനായാണ് ഈ കടം കൊള്ളല്‍.അനിവാര്യമായ ദുരന്തം ഇത്തരക്കാരെ കാത്തിരിക്കുന്നു.ബുദ്ധി പൂര്‍വ്വം കൈകാര്യം ചെയ്താല്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു സഹായം തന്നെയാണ്.
appo njaan kadam vaangandirunnittu kaaryamonnumilla,lle oro thalayum kaanichu sarkaaru kadam vaangikkootunna sthithikku..
മോഡേര്ണ് കടം വാങ്ങള്‍ രീതി ഇല്ലാത്തവന്
സമൂഹത്തില്‍ വിലയില്ലാതായിരിക്കുന്നു ..
" ക്രഡിറ്റ് കാര്‍ഡെന്ന " വില്ലന്റെ അവതരിക്കല്‍
വല്ലാത്ത മാറ്റമാണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത് ..
ഈ ഗള്‍ഫ് മേഖലയില്‍ , വാരി കോരി കൊടുക്കുന്ന ഒരു -
കാലമുണ്ടായിരുന്നു , തിരിച്ചടവിന് ശമ്പളം പൊലും
തികയാതെ വരികയും , അവസ്സാനം ജയിലില്‍ പൊകുന്ന അവസ്ഥയും ..
നമ്മുടെ പൈസ പൊലെയാണ് ഒരൊരുത്തരും പൈസ വലിച്ചു കൂട്ടുന്നത്
തിരിച്ചടുക്കുവാന് ബാങ്ക് നോട്ടീസ് കൊടുക്കുമ്പൊള്‍
കണ്ണീരും കലാശവും , പലിശയുടെ പിടി വേറെയും ..
മറ്റുള്ളവനേ പൊലെ ആകുവാന്‍ വല്ലാത്ത വ്യഗ്രതയുണ്ടെന്ന്
തൊന്നുന്നു സമൂഹത്തിന് , ആനയേ പൊലെയാകുവാന്
ആട് ശ്രമിക്കുമ്പൊള്‍ സംഭവിക്കുന്നത് തന്നെ ....
ആ കാഴ്ച വല്ലാതെ പ്രചൊദനം തരുന്നത് തന്നെ മനസ്സിന് ..
കുടുംബത്തിലേ പെണ്മനസ്സുകള്ക്ക് പലതും ചെയ്യുവാനുണ്ട്
എന്നു ചൂണ്ടി കാണിക്കുന്ന ഒന്ന് , അവരുടെ മനസ്സ്
തന്നെയാണ് ഒരു കുടുംബത്തിന്റെ ആധാരവും ,
അമ്മയിലൂടെ എനിക്കത് പലപ്പൊഴും തൊന്നിയിട്ടുണ്ട് ...
നല്ലൊരു ലേഖനം കൂട്ടുകാരീ , ഞാന്‍ വായിച്ചിരുന്നു ഇതു മാധ്യമത്തില്‍ ..
സ്നേഹാശംസ്കളൊടെ ..
പ്രിയപ്പെട്ട ചേച്ചി,
കുറിപ്പ് വളരെ നന്നായിട്ടുണ്ട് ചേച്ചി. കടം ഇന്ന് ഏവര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.മനുഷ്യന്റെ അടിസ്ഥാന സ്വഭാവം അനുസരിച്ചു അത് അങ്ങനെ തന്നെ വേണം. എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലാവര്ക്കും ജോലിയുണ്ട്, നല്ല മാസ വരുമാനം ലഭിക്കുന്നു. അങ്ങനെ പുതിയ പുതിയ സ്വപ്നങ്ങള്‍ കാണത്തക്ക നിലയിലേക്ക് നമ്മള് ഉയര്‍ന്നിരിക്കുന്നു. അങ്ങനെ ഇന്നിപ്പോള്‍ ആഹാരവും വസ്ത്രവുംപോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ മറ്റുപലതുമായി വലിയ വീട് കാറ് അങ്ങനെ ഓരോരോ ആവശ്യങ്ങള്‍ പടികളായി താണ്ടുമ്പോഴും പുതിയ പുതിയ പടികളായി പുതിയ ആവശ്യങ്ങള്‍ മുന്നില്‍ തെളിഞ്ഞുവരും. ആ പടികള്‍ എളുപ്പത്തില്‍ താണ്ടാനുള്ള മാര്‍ഗം കടത്തിന്റെ രൂപത്തില്‍ വിരുന്നുകാരനെപോലെ കടന്നു വരുമ്പോള്‍ നമ്മള് ചായയും പലഹാരവും നല്കി സല്ക്കരിക്കുന്നു. ഏറ്റവും വിഷമം റോഡുകളിലാണ് ഒരാള്‍ക്ക്വേണ്ടി അത്രയും സ്ഥലവും ഇന്തനവും കളഞ്ഞ് മലിനീകരണം വിതച്ചു കടന്നു പോകുന്നത് എത്രയോ തെറ്റാണ്. പക്ഷെ അത് അയാളുടെ താല്പര്യം ആണെങ്കില്‍ അത് നിറവേറ്റാന്‍ അയാളെ രാജ്യം അനുവദിക്കുന്നു എങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. സ്വയം തിരിച്ചറിവ് ഉണ്ടാവാന്‍ പ്രതീക്ഷയോടെ കാത്തിരിക്കാം അത്ര തന്നെ. ആശംസകള്‍.
സ്നേഹത്തോടെ,
ഗിരീഷ്
എന്റെ അമ്മ പറയും, കടം ഇല്ലെങ്കില്‍ മനസ്സമാധാനത്തോടെ ഉറങ്ങാം എന്ന്. അമ്മയുടെ ഇച്ഛാശക്തി ആണ് വീടിന്റെ സാമ്പത്തിക നട്ടല്. വളരെ സത്യമായ ഒരു കാര്യം ഇവിടെ പറഞ്ഞിരിക്കുന്നു..
കടം തരുമോ ?
ശരിയാണ്. ആഡംബരങ്ങള്‍ക്കായി കടം വാങ്ങുന്ന ശീലം മലയാളികള്‍ക്ക് കൂടി വരുകയല്ലേ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
കടം ഇല്ലെങ്കിൽ സുഖമായി, സ്വസ്തമായി കിടന്നുറങ്ങാം. ഞാനത് അനുഭവിച്ചതാണ്. വീട് വച്ചപ്പോൾ.
നമ്മുടെ ജനത ഓരോരുത്തരും പതിനായിരങ്ങളുടെ കടത്തിലാണെന്നു പറയുമ്പോൾ, കടം തരുന്നവർ നിർദ്ദേശിക്കുന്നതനുസരിച്ചാണ് നമ്മുടെ പൊതു ടാപ്പുകളും സബ്സിഡികളും മറ്റും നിറുത്തലാക്കുന്നത്. അല്ലെങ്കിൽ കടമായി അവർ ഒന്നും തരില്ല. കടം തരുന്ന പണം എങ്ങിനെ ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കി തിരിച്ചു തരണമെന്ന് വരെ അവർ തന്നെ നിർദ്ദേശിക്കുമെന്നാണ് കേട്ടിട്ടുള്ളത്. അതനുസരിച്ചു മാത്രമേ കാര്യങ്ങൾ നീങ്ങുകയുള്ളു. നമ്മുടെ ഭരണാധികാരികൾ അവരുടെ വാലാട്ടികളായി മാറുകയാണ് പിന്നെ.
ഇഛാശക്തിയുള്ള ജനത മാത്രമല്ല ‘ഇഛാശക്തിയുള്ള, ചങ്കൂറ്റമുള്ള, മുട്ടുമടക്കാത്ത ഭരണ കർത്താക്കളും നമുക്കാവശ്യമാണ്.
നല്ല ലേഘനം...
ആശംസകൾ...
കോടികള്‍ കടം വാങ്ങി മോടിയോടെ വീടുവെക്കാം
ഒടുവില്‍ കൊടിയ വ്യസനത്തോടെ, കോടിയ മുഖത്തോടെ 'നാടുനീങ്ങാം'
കടത്തിലൂടെ ജെനിച്ച് , കടത്തിലൂടെ വളര്‍ന്ന്, കടത്തിലൂടെ തളര്‍ന്നു മരിക്കുന്ന ഒരു തലമുറ... വല്ലാത്ത അവസ്ഥ തന്നെ.. എച്മു ടച്ചുള്ള പോസ്റ്റ് തന്നെ.. ആശംസകള്‍..
ഓ എച്ചുമു കടമെടുത്തു വീടു, വണ്ടികൾ വാങ്ങുന്നതേ ഉള്ളോ കിടപ്പാടം പണയം വച്ചു അടിച്ചുപൊളിക്കുന്ന വരെ കണ്ടിട്ടില്ലേ? ദോഷം പറയരുതല്ലോ നാട്ടിലിപ്പോൾ ഈ ഹൂമാനിറ്റി സെൻസൊക്കെ അങ്ങു കൂടുന്നൊണ്ട്. അതായത്, ഇങ്ങനെ ഉണ്ടാക്കുന്ന കടമൊക്കെ വീടുന്നത് കടലുകടന്നു പോയി കഷ്ടപ്പെടുന്നവരാണ് എന്ന ഹ്യൂമാനിറ്റി-മനുഷ്യത്വം.നിന്റെ മനുഷ്യത്വം വറ്റിപ്പൊയതുകൊണ്ടല്ലേ നീ ആ കടം വീട്ടാത്തത് എന്നൊക്കെ ചോദിക്കുന്ന കളക്റ്റീവ് മനസുകളുടെ അനുഭവം ഹോ രോമാഞ്ചമുണ്ടാക്കിയിട്ടുണ്ട്.
അതാണ് കാര്യം.:)
അത്യാവശ്യങ്ങളും ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിലുള്ള അതിര് വരമ്പ് മനസ്സിലാക്കാനും അതിലുറച്ചു നില്‍ക്കാനും നമുക്ക് സാധിക്കണം. അതിന് അതി കഠിനമായ ഇച്ഛാശക്തി ആവശ്യമാണ്. എന്നു പറഞ്ഞല്ലോ..അതിനാണ് പ്രയാസവും. ഒരു ബാങ്കില്‍ ജോലി ചെയ്യുന്നതുകൊണ്ട് കടം വാങ്ങലിന്റെ കാര്യങ്ങള്‍ പലപ്പോഴും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞാഴ്ച വായ്പ ആവശ്യപ്പെട്ടു വന്ന ആളുടെ വായ്പയുടെ ആവശ്യമെന്തായിരുന്നെന്നോ..മകള്‍ക്ക് വിവാഹത്തിന് 50 പവനെങ്കിലും കൊടുക്കണം. സ്വാഭാവികമായും നമ്മള് ചോദിച്ചു പോകും..പയ്യന്റെ വീട്ടുകാര്‍ അത്രയും ആവശ്യപ്പെട്ടോ..ഇല്ലില്ല. മകള്‍ ഡിഗ്രിക്കു ചേര്‍ന്നിട്ടേയുള്ളു. കഴിയുമ്പോഴേക്കും കെട്ടിച്ചു വിടണം. 50 പവനെങ്കിലും കൊടുത്തില്ലെങ്കില്‍ ഭാര്യ വീട്ടുകാരുടെ മുന്നില്‍ നാണം കെടും..
ഭാര്യ വീട്ടുകാര്‍ നിങ്ങളേക്കാള്‍ കഴിവുള്ളവരായതുകൊണ്ടാണോ?
ഏയ് അല്ലല്ല..അവര്‍ക്കും കാര്യമായിട്ടൊന്നുമില്ല. എന്റെ അഭിമാന പ്രശ്നം..
നിങ്ങളുടെ വരുമാനം?
ഒരു കടയില്‍ നില്ക്കുന്നു. മാസം 10000 കിട്ടും.
5 ലക്ഷമാണ് ആവശ്യപ്പെട്ട വായ്പത്തുക.
5 ലക്ഷത്തിന് മാസം 13000 നു മകളില്‍ മുതലും പലിശയും അടയ്ക്കണം.
അഭിമാനം, ആഡംബരം..!!!!
ഇന്‍ഡ്യാ ഹെറിട്ടേജ് അഭിനന്ദിച്ചത് സന്തോഷമായി.
ജന്മസുകൃതം,
എന്റെ ലോകം,
അക്ബര്‍,
ഗോപന് കുമാര്‍ എല്ലാവര്ക്കും നന്ദി.
ഇല്ല ഭാനൂ. തിരിച്ചടയ്ക്കാന്‍ പറ്റാത്തവര്‍ക്ക് കടം കിട്ടില്ല. ആര്‍ക്കും കിട്ടും എത്രയും കിട്ടും എപ്പോഴും കിട്ടും എന്ന പ്രചരണം മാത്രമേയുള്ളൂ.വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന പോലെയല്ല, നമ്മുടെ കടം എഴുതിത്തള്ളുന്നത്. അപ്പോള്‍ നമുക്ക് ഒക്കെ ആത്മഹത്യ ചെയ്യേണ്ടി വരും. അതാണു രാജ്യഭരണത്തിന്റെ ചെപ്പടിവിദ്യ.
ശിവാനന്ദ് പറഞ്ഞത് പോലെ ആഡംബരം കൊതിച്ച് കടക്കെണിയിലാവുന്നവരും ഉണ്ട്. ആ ആഡംബരത്തിനു അവരെ പ്രേരിപ്പിക്കുന്നതും കടക്കെണിയുടെ ലാഭം കൊയ്യുന്നവരാണെന്നതാണു സത്യം.
ചന്തുവേട്ടന് മതിലുകളെക്കുറിച്ച് എഴുതിയത് അക്ഷരം പ്രതി സത്യമാണ്.വന്നതില്‍ വലിയ സന്തോഷം.
വെട്ടത്താന്‍ ചേട്ടന് നന്ദി.
മുകിലിനു കടം വാങ്ങാന്‍ പ്രേരണയായോ ഈ ലേഖനം?
റിനി വന്നതില്‍ സന്തോഷം.
ഗിരീഷ് വായിച്ചതില്‍ സന്തോഷം.
വിഘ്നേഷിനു നന്ദി.
മൈ ഡ്രീംസ് ആരോടാണു കടം ചോദിക്കുന്നത്?
ശ്രീ വന്നതിലും അഭിപ്രായമെഴുതിയതിലും സന്തോഷം.
കടം എന്ന സാധനം പല ആളുകള്‍ക്കും പല സാഹചര്യത്തിലും പലതരത്തിലുള്ള ഫലങ്ങളാണ് നല്‍കുക. ഇപ്പോള്‍ വിജയ് മല്ല്യയെ നോക്കൂ - പതിനായിരക്കണക്കിനു കോടി ബാധ്യതയുള്ള എയര്‍ലൈനിന്റെ ഉടമയാണ് പുള്ളി. അദ്ദേഹമിപ്പോഴും ഇടതും വലതും തരുണീമണികളുടെ തോളില്‍ കൈയ്യിട്ട് യാതൊരുളുപ്പുമില്ലാതെയാണ് ഊരുചുറ്റുന്നത്. (കിങ്ങ് ഫിഷറുമായി ബന്ധമില്ലാത്ത) അദ്ദേഹത്തിന്റെ ഏതൊരു വ്യവസായ സംരംഭത്തിനുവേണ്ടിയും ഇന്നും ഒരു ബാങ്കില്‍ ചെന്നാല്‍ പുള്ളിയ്ക്കു വായ്പ കിട്ടും. അതേ സമയം ഗ്രീസ്, ഇറ്റലി, സ്പെയിന് തുടങ്ങിയ വലിയ രാജ്യങ്ങള്‍ പോലും ഇന്ന് 'കടക്കെണി'യിലാണ്. അതെന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?
നിങ്ങള്‍ 'കടക്കെണി'യിലാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് അന്താരാഷ്ട്ര ബാങ്കിങ്ങ് സിന്ഡിക്കേറ്റൂകളാണ്. മല്ല്യയുടെ കോടികള്‍ അവര്‍ക്കു പ്രശ്നമല്ല, വീടുവെയ്ക്കാന്‍ അഞ്ചുലക്ഷം രൂപ വായ്പ വാങ്ങിയവന് ഒരു തവണ മുടക്കിയാല്‍ അവന്റെ കഴുത്തിനു പിടിക്കും. കാരണം മല്ല്യ 'wealth creator' ആണ് അങ്ങനെയുള്ളവര്‍ കോടികള്‍ സൃഷ്ടിക്കുമ്പോള്‍ ചിലപ്പോള്‍ അല്പം നഷ്ടപ്പെടുന്നതും 'സ്വാഭാവിക'മാണ്. രാജ്യത്ത് സാമ്പത്തികപ്രതിസന്ധിയുണ്ടാകുമ്പോള്‍ അമേരിക്കയ്ക്ക് കറന്‍സി അടിച്ചിറക്കാം, ഗ്രീസിനോ സിംബാബ്വേയ്ക്കോ അതു പറ്റില്ല. കാരണം അമേരിക്കയുടെ ചൊല്പടിയിലാണ് ആഗോള സമ്പദ് വ്യവസ്ഥ.
ലേഖനം വലിയവരേപ്പറ്റിയല്ല, അറിയാം. ചെറിയവര്‍ക്ക് വേറെ വഴിയില്ല.
ഞാനൊരു പ്രാരബ്ധക്കാരനാണേ!
ഇരുപതു കൊല്ലത്തേക്ക് എന്നെ തീറെഴുതി ഒരു വീടു വച്ചു.അതിങ്ങനെ മാസാമാസം അടച്ച് സംതൃപ്തികൊള്ളുന്നു!
അതുകൊണ്ട് ഇനി ലോണൊന്നും വേണ്ടേ വേണ്ട!
born in debt,
live in debt,,
dies with debt...
സമ്പത്തിന്റെ ധാരാളിത്തവും കെട്ടുകാഴ്ചയാകുന്ന അതിന്റെ അഴകും പ്രദര്‍ശിപ്പിച്ച് ഇല്ലാത്തവനെ കൊതിപ്പിച്ച് കൊതിപ്പിച്ച് കഷ്ടത്തിലാക്കുന്ന സവിശേഷമായ ഒരു രാജ്യതന്ത്രജ്ഞതയിലൂടെയാണു നാം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്....
കൊതിപ്പിക്കല്‍ വിദ്യ അറിഞ്ഞിട്ടും അറിയാതെ...
സത്യം...പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ് വിദ്വാന്മാർ ..തിരുവനന്തപുരം കാസർകോട് ബുള്ളറ്റ് ട്രെയിൻ..1,18,000 കോടി രൂപക്ക്...39,500 കോടി വരുന്ന കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിരട്ടി....ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി കടവുമായി ഓരോ മലാാളിക്കും ജനിച്ചു വീഴാം...
എല്ലാം അറിഞ്ഞിട്ടും നാം കടക്കെണിയിൽ ചെന്നു വീഴുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.....
എച്ചുമുവിന്റെ ലേഖനവും അനുബന്ധ ചർച്ചകളും വായിച്ചു.... പ്രസക്തമായ കാര്യങ്ങളാണ് എച്ചുമുവും ലേഖനത്തിന് കമന്റിലൂടെ അനുബന്ധമെഴുതിയവരും പറഞ്ഞത്. ചന്തുനായർ പറഞ്ഞ കാര്യങ്ങൾ ഈ ലേഖനത്തിന് നല്ലൊരു അനുബന്ധമായി.......
ചിന്തക്കു വക നൽകുന്ന ലേഖനം....
"അത്യാവശ്യങ്ങളും ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിലുള്ള അതിര് വരമ്പ് മനസ്സിലാക്കാനും അതിലുറച്ചു നില്‍ക്കാനും നമുക്ക് സാധിക്കണം."
- എല്ലാവര്ക്കും അറിയാവുന്ന, എന്നാല്‍ അറിയില്ലെന്ന് ഭാവിക്കുന്ന വിഷയം! ചിന്തോദ്ദീപകമായ കുറിപ്പ്.
ആശംസകൾ...!
നല്ല കുറിപ്പ്. കടം വാങ്ങി ആഡംബരം കാട്ടുന്നതിൽ മലയാളിയെ വെല്ലാൻ ആരുമില്ല.
വി കെ എഴുതിയതാണു വാസ്തവം. നമുക്ക് ഇച്ഛാശക്തിയുണ്ടായാലേ അതുള്ള ഭരണാധികാരികളേ ലഭ്യമാവൂ എന്നല്ലേ?
തണലിന്റെ മറുപടി കേമമായി, കേട്ടൊ.
ഷാനവാസ് ഇക്കയ്ക്ക് നന്ദി.
കണ്ടിട്ടുണ്ട്, പ്രസന്ന ടീച്ചര്‍. അവരുടെ കൈയിലകപ്പെട്ടു പോകുന്ന പ്രവസികളേയും കണ്ടിട്ടുണ്ട്. ചുഷണാധിഷ്ഠിത ജീവിതവാദമെന്ന പ്രത്യയശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്ന അത്തരം ആള്‍ക്കാരും മറ്റുള്ളവരുടെ ജീവിതത്തെ നരകമാക്കിക്കളയാറുണ്ട്. ടീച്ചര്‍ വന്നതിലും അഭിപ്രായമെഴുതിയതിലും സന്തോഷം.
മൈനേ, ഇമ്മാതിരി ആഡംബരവും അഭിമാനവും ഒടുവിലെത്തുന്ന കയറിന്റേയും വിഷപ്പാത്രത്തിന്റെയും തീവണ്ടിയുടേയും മുന്പില് ജീവിതം വെച്ച് കീഴടങ്ങുന്നു. ഓര്‍ത്താല്‍ പേടിയാകും. മൈനയെ കണ്ടതില്‍ അഭിപ്രായം എഴുതിയതില്‍ എല്ലാം സന്തോഷം.
തന്നെ, തന്നെ ജയന് ഡോക്ടര്‍ പ്രാരാബ്ധക്കാരന് തന്നെ. സമ്മതിച്ചു.
കുമാരഗുരു വന്നതില്‍ വലിയ സന്തോഷം കേട്ടൊ.
അതെ, രാംജി. ചിലരറിഞ്ഞിട്ട്......ചിലര്‍ ഒന്നുമറിയാതെ.....
അതെ, പഥികന് പറഞ്ഞത് സത്യം. പുതിയ പുതിയ കടക്കെണികള്‍ പുതിയ പുതിയ രൂപത്തില്‍ വരുന്നു.
പ്രദീപ് കുമാര്‍ വായിച്ചതില്‍ സന്തോഷം.
ശരിയാണു അനില്‍, അറിയില്ലെന്നുള്ള ഭാവിയ്ക്കലാണു ശരിക്കും കുഴപ്പം ചെയ്യുന്നത്.
വര്‍ഷിണിയുടെ ആശംസകള്‍ക്ക് നന്ദി. ഇനീം വരണേ.
ശ്രീനാഥന്‍ മാഷ് പറഞ്ഞത് സത്യം....
വായിച്ച് അഭിപ്രായമെഴുതി എന്നെ പ്രോല്‍സാഹിപ്പിക്കുന്ന എന്റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി. ഇനിയും വരുമല്ലോ.
എച്ചുമു ഇവിടെ പങ്കു വെച്ച ചിന്തകളോട് എനിക്കത്ര യോജിപ്പൊന്നുമില്ല.കടം ഒരു വലിയ അപമാനം ആയി എന്നും കരുതിയിരുന്നത് പഴയ വരേണ്യ വര്‍ഗ്ഗം ആയിരുന്നു .അറ നിറയെ നെല്ലും വാ പൊത്തി നിന്ന് കേള്‍ക്കാന്‍ പണിക്കാരും ഉണ്ടായിരുന്ന ആ വിഭാഗത്തിന് അത് അപമാനമായെ തോന്നൂ ,പക്ഷെ ഒരു നേരത്തെ അഷ്ടിക്കു വകയില്ലതിരുന്ന പവ്വങ്ങള്ക്ക് അതൊന്നും നാണക്കേട് ആയി തോന്നിയിട്ടുണ്ടാവില്ല ,ഉരിയരി ,അല്ലെങ്കില്‍ ഇച്ചിരി മുളക് ഒക്കെ കടം വാങ്ങിയിരുന്ന എത്ര കുടുംബിനികള്‍ ഉണ്ടായിരുന്നു അക്കാലത്ത് .ഇന്ന് സൌകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ തങ്ങള്‍ക്കും ചില സൌകര്യങ്ങള്‍ ഒക്കെ വേണം എന്ന് അവര്‍ ആഗ്രഹിക്കുന്നത് തെറ്റാണോ ?എല്ലാവരും അവരവരുടെ രാജ്യത്തിലെ രാജാക്കന്മാര് ആണ് ,തിരിച്ചടക്കാന്‍ ഗതിയില്ലാത്ത ആള്‍ക്കാര്‍ക്ക് ബാങ്കുകള്‍ കടം കൊടുക്കുമോ എന്ന് ഏതെങ്കിലും ബാങ്ക് മാനെജര്മാരോട് ചോദിച്ചാല്‍ കൃത്യമായി പറഞ്ഞു തരും ,പുതിയ സാമൂഹിക ക്രമത്തില്‍ തങ്ങളുടെ പഴയ മൂല്യങ്ങളെ കെ ട്ടിപ്പിടിച്ചിരിക്കുന്നത് മൂഡത്വം ആണ് .കടം വാങ്ങുന്നതില്‍ തകരാറില്ല ,തിരിച്ചടക്കണമെന്നു മാത്രം ..
സിയാഫ് വന്നതിലും അഭിപ്രായം പങ്ക് വെച്ചതിലും വലിയ സന്തോഷം. ഒരുപക്ഷെ, ആദ്യമായിട്ടാണെന്ന് തോന്നുന്നു, സിയാഫ് ഈ ബ്ലോഗില്‍ വരുന്നത്.
പാവപ്പെട്ടവരോട് കടം കിട്ടുമെന്ന് വെറുതെ പറയുന്നതു മാത്രമേയുള്ളൂ. ഒരു നിവൃത്തിയുണ്ടെങ്കില്‍ അവര്‍ക്ക് ആരും കടം ക്കൊടുക്കുകയില്ല.അവരെ കൊതിപ്പിക്കും...എന്നും . ഈ കാലത്തും പഴയ കാലത്തും എന്നും അതങ്ങനെ തന്നെയാണ്. പാവപ്പെട്ടവര്‍ ജീവിത സൌകര്യങ്ങളും വിദ്യാഭ്യാസവും ചികില്‍സയും ഒക്കെ കൊതിച്ച് കൊതിച്ച് ഒന്നും കിട്ടാതെയോ വളരെ ബുദ്ധിമുട്ടിയാല്‍ മാത്രം അല്പമെന്തെങ്കിലും കിട്ടിയോ അങ്ങനെ അവസാനിച്ചു പോകുന്നവരാണു. പാവപ്പെട്ടവരെ മാത്രമേ അറ നിറയെ നെല്ലും വായ്ക്ക് കയ്യും പൊത്തി നിന്ന് കേള്‍ക്കാന്‍ പണിക്കാരുമുള്ള വരേണ്യ വര്‍ഗ്ഗം എന്നും വെറുത്തിട്ടുള്ളൂ.പാവപ്പെട്ടവരുടെ തുച്ഛമായ പണത്തെയും അതി കഠിനമായ അധ്വാനത്തെയും അവര്‍ ഒരിക്കലും വേണ്ട എന്നു വെയ്കുകയോ വെറുക്കുകയോ ചെയ്തിട്ടില്ല.
പാവപ്പെട്ടവന്റെ എല്ലാ ആഗ്രഹങ്ങളേയും എന്നും നിയന്ത്രിച്ചിട്ടൂള്ളത് ഈ വരേണ്യവര്‍ഗ്ഗം തന്നെയാണ്. കടം മോശമെന്ന് അന്ന് പറഞ്ഞത് അവരെങ്കില്‍ ഇന്ന് കടം ഉഷാറെന്ന് പറയുന്നതും അവര്‍ തന്നെയാണു.ഉരിയരിക്കും അല്പം മുളകിനും കുറച്ച വെള്ളത്തിനും ഒരു വാഴക്കുലയ്ക്കുമൊക്കെ അന്നു പാവപ്പെട്ടവരെ ദ്രോഹിച്ചവര്‍, നാണം കെടുത്തിയവര്‍, അവര്‍ ഇന്ന് ടിവിക്കും ഫോണിനും വിദ്യാഭ്യാസത്തിനും ആശുപത്രിക്കും അണക്കെട്ടിനും ആണവനിലയങ്ങള്‍ക്കും....അങ്ങനെ പലതിനും വേണ്ടി ദ്രോഹിക്കുന്നു.
കടം പെരുകി പെരുകി വളരുന്ന നാട് ..
ജീവിക്കുന്നത് ,
പണിയെടുക്കുന്നതു കടം വീട്ടാന്‍ ...
best wishes
എത്രയും ശരിയായ വസ്തുത. എന്തെങ്കിലും
ഉല്‍പ്പന്നം വാങ്ങണമെന്ന മോഹം മനസ്സില്‍
ഉദിക്കുകയേ വേണ്ടു, കടം തരാന്‍ ആള് റെഡി. പിന്നെ അത് വീട്ടാനുള്ള പങ്കപ്പാട്.
വീടും സ്ഥലവും വാങ്ങാനായി കെ എസ് എഫ് ഇ ക്കാരുടെ കക്ഷത്തില്‍ തല കൊണ്ടു വച്ചു കൊടുത്തവനാ ഈ ഞാന്‍..അതുകൊണ്ട് ഇതൊന്നും കേട്ടു ഞാന്‍ പേടിക്കില്ല . എച്ചുമു...:)
നല്ല പോസ്റ്റ്...ആശംസകള്‍
ലോകബാങ്കിനുള്ള വലിയ കടമൊക്കെ അവിടെ കിടക്കട്ടെ,
കുഞ്ഞിനെ തല്ക്കാലം ഡോക്ടറെ കാണിക്കാന്‍ കെട്ടുതാലി പണയം വെക്കാന്‍ നിര്‍ബന്ധിതരാകുന്നവരെ സഹായിക്കാന്‍ നമുക്ക് സാധിക്കും.
ഒരു പ്രദേശത്തുള്ളവര്‍ അല്ലെങ്കില്‍ ഓഫീസിലുള്ളവര്‍ പ്രതിമാസം നിശ്ചിത തുക ചേര്‍ത്ത് ഒരു ഫണ്ട് തുടങ്ങുക. അത്യാവശ്യക്കാരന് അതില്‍നിന്ന് വായ്പ കൊടുക്കാം. എല്ലാവര്ക്കും ചെറിയ തോതിലുള്ള സേവിംഗ്സും അത്യാവശ്യക്കാരനു സഹായവും.
ഞാന്‍ നാട്ടിലായിരുന്നപ്പോഴും ഇവിടെ ഇപ്പോള്‍ ഗള്‍ഫിലും ഇങ്ങനെയൊന്നിനു ചുക്കാന്‍ പിടിക്കുന്നു. പലര്‍ക്കും അതുകൊണ്ട് ആശ്വാസം ലഭിച്ചു. വര്‍ഷങ്ങളായി ഇതു തുടരുന്നു.
എച്ച്മുവിന്റെ കുറിപ്പിന് അഭിനന്ദനങ്ങള്‍.
ആകപ്പാടെ എല്ലാം കടമല്ലേ..രാജ്യമേ കടം...നല്ല ലേഖനം.
ഈ കടത്തെക്കുറിച്ച് നന്നായി അറിയുന്നവളാണ് ഞാൻ... എനിക്ക് ജോലി ലഭിച്ച് ആദ്യവർഷങ്ങളിൽ കിട്ടിയ ശമ്പളം മുഴുവൻ അച്ഛൻ വരുത്തിയ കടം വീട്ടാനാണ് ഉപയോഗിച്ചത്. പിന്നെ ഞാൻ കടം വാങ്ങി,, എന്റെ വിവാഹത്തിന്,, (വെറും 6പവനിൽ ഒതുങ്ങിയിരുന്നു എന്റെ വിവാഹം) ഏതാനും വർഷം മുൻപ് മാത്രമാണ് ഞങ്ങൾ കടത്തിൽ നിന്ന് മോചിതരായത്.
കല ചേച്ചി,
കാലിക പ്രസക്തവും സാമൂഹിക പ്രതിബദ്ധതയുണർത്തുകയും ചെയ്യുന്ന ലേഖനം.
ഈ രീതിയിൽ ജനങ്ങൾ കടം മേടിച്ച് കൂട്ടുന്നത് എന്തിനാണെന്നാവോ? മത്സരിക്കാൻ വേണ്ടിയല്ലേ. നാം മത്സരിക്കുന്നത് ആരോടാണ്.
അയൽ വാസികളോടും ബന്ധുക്കളോടും, കയ്യിൽ കാശുള്ളവർ ചെയ്യുന്നത് പോലെ ചെയ്യാൻ നാം കടം വാങ്ങി പത്രാസ് കാണിക്കും. കടം തിരിച്ച് കൊടുക്കാൻ സാധിക്കാതെ വടം എടുക്കും, അങ്ങനെ ഒരു ജന്മം പാഴാകും...
കടത്തെ അകറ്റി നിർത്തുക, ആവശ്യത്തിൽ നിന്നും അത്യാവശ്യമായവക്ക് ചിലവഴിക്കുക.
നല്ല ലേഖനത്തിന് ആശംസകൾ
ആദ്യം വീടായിരുന്നു, പിന്നെ കാറായി, പിന്നെ എ.സി ആയി, ആവശ്യങ്ങള്‍ വളരുന്നു, അതിനനുസരിച്ച് കടവും. ഇതൊക്കെ എങ്ങിനെ വീട്ടുമോ എന്തോ.
പുതിയ ഗ്യാലക്സി എസ് ത്രീ ഇറങ്ങിയെന്നു പറയുന്നു, എടീ നീ ആ ക്രെഡിറ്റ് കാര്ഡൊന്നിങ്ങേടുത്തെ..
ഓരോ ദിവസവും കടമായിക്കിട്ടുന്ന ജീവനാണിതെന്ന് മനസ്സിലാക്കി നാളെയെ കാക്കാതെ ഇന്നിനെ കൊണ്ടാടുവാന്‍ വ്യഗ്രത കാട്ടുന്നവനെ വ്യംഗ്യാര്ത്ഥത്തില് വങ്കനെന്ന് എച്ച്മു വിളിക്കുന്നു. കൊള്ളാം. അച്ചുതണ്ടില്‍ സ്വയം കറങ്ങുന്ന ഭൂമിയെ പിന്നോട്ടു തള്ളാന്‍ ആര്‍ക്കാവും- അവിടത്തെ നിവാസികളുടെ ജീവിതരീതി മാറ്റിക്കുറിച്ചിടുക എന്നതും എളുതല്ല.
ഇവിടെ എന്തുണ്ട് ആര്‍ക്കെങ്കിലും സ്വന്തമായിട്ട് എന്ന സമത്ത്വതത്ത്വം ഓര്‍ക്കുമ്പോള്‍ എല്ലാം അന്യായം തന്നെ, എല്ലാരും അവിവേകികളും.
ചെറിയ ലോണുകള്‍ ഉണ്ടെങ്കിലെ മനുഷ്യന് സമ്പാദ്യ ശീലം വരൂ എന്ന പക്ഷക്കാരിയാണ് ഞാന്‍.. അല്ലെങ്കില്‍ ആകാശത്തിലെ പറവകളെപ്പോലെ വിതക്കാണ്ടും കൊയ്യാണ്ടും നാളുകള്‍ ഇരുണ്ടു വെളുക്കും. അവനവന്റെ കൊക്കിലോതുങ്ങുന്ന ലോണുകള്‍ മനുഷ്യന് സമ്പാദ്യ ശീലം ഉണ്ടാക്കും.വര്‍ഷങ്ങള്‍ ജോലി ചെയ്തിട്ടും ഒരു വീട് പോലും വെക്കാനായില്ല എന്ന് വിലപിക്കുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്
nalla nilapadukal
എച്മു കൊള്ളാം.. എനിക്ക് കടങ്ങളെ പേടിയാ.. കടപ്പാടുകളേയും .. :)
ഞാനൊരു മാധ്യമംവരിക്കാരനും വായനക്കാരനുമായത് കൊണ്ട് സ്ഥിരം ഞാൻ വായിക്കാറുണ്ട് . ആശംസകൾ......
ദ മാന്‍ ടു വാക് വിത് വായിച്ചതില്‍ സന്തോഷം.
ഉണ്ണിച്ചേട്ടനും ധൈര്യശാലിയായ രഘുനാഥനും നന്ദി.
അഷ്രഫിനും കുസുമത്തിനും മിനിടീച്ചര്‍ക്കും മൊഹിക്കും നന്ദി.
ശ്രീജിത്തിന്റെ കമന്റ് വളരെ ഇഷ്ടമായി.
ഗംഗാധരന് ജി,
റോസാപ്പൂക്കള്‍,
സുനില്‍,
ഇട്ടിമാളൂ എല്ലാവര്ക്കും നന്ദി.
സാദിക് വളരെ നാളായല്ലോ വന്നിട്ട്. മാധ്യമം വായിക്കാറൂണ്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു.
ഈ പോസ്റ്റിനു എച്ച്മുവിനോട് "കടപ്പെട്ടിരിക്കുന്നു " !! :-)
കടമായിട്ടല്ലാതെ മനുഷ്യന് സ്വന്തമായി മറ്റെന്താണ് ഉള്ളത് ..എച്മു ? നമ്മുടെ മൂല്യങ്ങള്‍, മാനവീയ ആശയങ്ങള്‍ , വിജ്ഞാനം , സംകാരം ,അറിവ് , എന്തിനു നമ്മുടെ ശരീരത്തിലെ ജീവ കോശങ്ങള്‍ക്ക് പോലും നാം മറ്റുള്ളവരോട് കടപ്പെട്ടിരിക്കുന്നു .. ആത്യന്തികമായി നാം എല്ലാം പ്രകൃതിയുടെ കടക്കാര് മാത്രം ! !
അതിന് അതി കഠിനമായ ഇച്ഛാശക്തി ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ ആ ഇച്ഛാശക്തി വളര്‍ത്തുന്നതിനു പകരം ആകാവുന്ന മാര്‍ഗങ്ങളെല്ലാം ഉപയോഗിച്ച് കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങളില്‍ കുടുക്കി നമ്മെ മയക്കിക്കിടത്തുവാന്‍ എല്ലാവരും മല്‍സരിച്ചു പരിശ്രമിക്കുന്നു. കാരണം ഇച്ഛാശക്തിയുള്ള ജനതയെ കൊടും പണക്കാരനും തീവ്ര അധികാരവും വികല മതബോധവും ഇവയെല്ലാം ഒത്തുചേര്‍ന്ന് സംരക്ഷിക്കുന്ന നമ്മുടെ വ്യവസ്ഥിതിയും ഒരു പോലെ ഭയപ്പെടുന്നു. ആ ജനത എവിടെയുമുണ്ടാകാതിരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നു.
കൈയില്‍ ഒന്നുമില്ലാതായ പാവപ്പെട്ട മനുഷ്യര്‍ ജീവിത മാര്‍ഗം തേടി നഗരങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഇടത്തരം നാഗരികര്‍ കൂടുതല്‍ മുന്തിയ നാഗരികരാകാന്‍ കടം വാങ്ങുന്നു. മുന്തിയ നാഗരികര്‍ അതിലും കൂടുതല്‍ മുന്തിയ നാഗരികരാകാന്‍.....
നമ്മള് ആര്‍ക്കെല്ലാമോ വേണ്ടി കൂടുതല്‍ കൂടുതല്‍ ദരിദ്രരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടക്കെണിയില്‍ കുടുങ്ങി വീര്‍പ്പു മുട്ടുന്ന ഒരു ജനതയായി നാം മാറുകയാണ്.
എച്ച്മ്മൂ വളരെ നല്ലൊരു ലേഖനം വായിച്ച സന്തോഷം. ഇതിലെ വളരെ മനസ്സിൽ തറക്കുന്ന,ഒരാന്തലുണ്ടാക്കുന്ന,ചോദ്യങ്ങൾ ഉണ്ടാക്കുന്ന ഭാഗങ്ങൾ ഞാൻ പേസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. പക്ഷെ ഞാൻ കരുതുന്നു, അങ്ങനൊരു സാഹസത്തിന് ഞാൻ മുതിരുകയാണെങ്കിൽ ഞാനിപ്പൊ കോപ്പി ചെയ്തിട്ട ഭാഗത്തേക്കാൾ കൂടുതൽ ഇനിയും കോപ്പി ചെയ്യാനുണ്ട് എന്നതാണ് സത്യം. ആശംസകൾ.
ഒരു സുപ്രഭാതം കൊണ്ട് വളര്‍ന്നുവലുതായ ഗുഡുഗാവെന്ന നഗരത്തിലിരിക്കുമ്പോള് ഇത് ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അത്രക്കുണ്ടിവിടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം. അത് പണമായാലും വിദ്യാഭ്യാസമായാലും സംസ്കാരമായാലും. ഏറ്റവും രസം മാളുകളില്‍ കറങ്ങിനടക്കുന്ന പച്ച പരിഷ്ക്കാരികളെ പോലെയാകാനുള്ള ത്വര പാവം പിടിച്ച നാട്ടുകുട്ടികളെ എത്രകണ്ട് വഴിപിഴപ്പിക്കുന്നു എന്നതാണ്. ഈ പറഞ്ഞ പൂരോഗതിയുടെ ഭാഗമായി ഓരോ കിലോമീറ്റര്‍ ദൂരങ്ങളില്‍ ഉയര്‍ന്ന കള്ള്ഷോപ്പകളും ഒരുപാട് കഥ പറയുന്നു.ഒരുമാസം കൊണ്ട് പതിനേഴ് റേപ്പ് കേസുകള്‍ ഹര്യാനയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു എന്നു പറയുമ്പോള്‍ നമുക്കറിയാമല്ലോ ഇവിടെ സ്ത്രീക്കുള്ള വിലയെന്താണെന്ന്.സ്ത്രീകള്‍
ചോദിച്ചുവാങ്ങുന്നതാണിതെന്ന് പറഞ്ഞു കൈകഴുകുന്നു അധികാരികള്‍ !!
- എല്ലാവര്ക്കും അറിയാവുന്ന, എന്നാല്‍ അറിയില്ലെന്ന് ഭാവിക്കുന്ന വിഷയം! ചിന്തോദ്ദീപകമായ കുറിപ്പ്. ആശംസകള്‍
അത്യാവശ്യത്തിന്റെയും ആവശ്യത്തിന്റെയുമിടയിലെ ആ വരമ്പില്ലാതായിരിക്കുന്നു എച്ചുമു.ശ്രമകരമാണു,,കെട്ടുകാഴ്ച്ചകളുടെയും ദുരഭിമാനത്തിന്റെയും വര്‍ത്തമാനത്തില്‍ മത്സരിക്കാതെ മാറിനിക്കാനും.നിലനില്ക്കാനും.എന്നാലും പ്രതീക്ഷയുണ്ട്..
അല്പം മാറി നടക്കാത്തൊരാള്ക്കും ഇങ്ങനെയെഴുതാനാകില്ല..ഭാവുകങ്ങള്‍..
കുളിച്ചില്ലെങ്കിലും കിടക്കട്ടെ കോണകം പുരപ്പുറത്തു എന്നൊരു ചൊല്ലുണ്ട് ...
മലയാളിയുടെ ആര്‍ഭാട ഭ്രാന്തിനെ തികച്ചും അന്വര്‍ത്ഥമാക്കുന്നു ഈ ചൊല്ല്. അതിനു വേണ്ടി നിരവധി ലോണുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് കടക്കെണിയില്‍ കുടുങ്ങി ജീവിതത്തോട് തന്നെ വിട പറഞ്ഞവരെ എനിക്കറിയാം.
കടമെടുക്കുന്നത് തെറ്റല്ല. അതിന്റെ ആത്യന്തിക ആവശ്യം ന്യായീകരിക്കത്തക്കതാകണം. അല്ലാതെ കടമെടുത്തു തുലയുന്നവര്ക്ക് സമൂഹത്തിന്റെ പോലും സിമ്പതി കിട്ടില്ല.
ലേഖനം നന്നായി ..
കുറച്ചു കാലം മുമ്പ് വരെ കടം വാങ്ങി നമ്മള് ഒരു വീടു വെയ്ക്കുമായിരുന്നു. എന്നിട്ട് വര്‍ഷങ്ങളോളം, പലപ്പോഴും ജീവിതാന്ത്യം വരേയ്ക്കും ആ കടം അടയ്ക്കാന്‍ ബുദ്ധിമുട്ടുമായിരുന്നു.
-----------------------
കുറച്ചു കാലം മുമ്പല്ല ഇപ്പോഴും ഇതൊരു സത്യമായി നിലനില്ക്കുന്നു !!
Post a Comment