Wednesday, February 20, 2013

ഹൃദയത്തില്‍ നന്മയുള്ള പുരുഷന്മാര്‍ ..........


https://www.facebook.com/echmu.kutty/posts/467370873312027

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ജനുവരി  25  നു  പ്രസിദ്ധീകരിച്ചത്. )

സ്ത്രീ ശരീരങ്ങളില്‍  അസാധാരണമായ വിധം  കടുത്ത ആഘാതമേല്‍പ്പിക്കുന്ന, പ്രശ്നങ്ങള്‍ മാത്രമേ കുറച്ചെങ്കിലും എളുപ്പത്തില്‍ സ്ത്രീ പ്രശ്നങ്ങളായി തിരിച്ചറിയപ്പെടുകയുള്ളൂ . മാനസികമായി സ്ത്രീ സഹിക്കുന്ന വേദനകളെ സ്ത്രീ പ്രശ്നങ്ങളായി അങ്ങനെ  ആരും എണ്ണാറില്ല; സ്ത്രീയുടെ എന്ന്  വേര്‍ തിരിച്ച് കാണിക്കപ്പെടുന്ന പ്രശ്നങ്ങളില്‍ ഒട്ടുമുക്കാലും കടുത്ത സാമൂഹിക ദുരവസ്ഥകളാണെന്നും അവയെ പരിഹരിക്കേണ്ടത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും അത്യന്താപേക്ഷിതമാണെന്നും അതുകൊണ്ടു തന്നെ  എല്ലാ സ്ത്രീ പ്രശ്നങ്ങളും  തീര്‍ച്ചയായും പുരുഷ പ്രശ്നങ്ങള്‍ കൂടിയാണെന്നും ആരും മനസ്സിലാക്കാറില്ലാത്തതു പോലെ. 

സ്ത്രീകളെക്കുറിച്ചും അവരുടെ വിഷമങ്ങളെയും ആഹ്ലാദങ്ങളെയും സ്വപ്നങ്ങളെയും കുറിച്ചും എഴുതുന്നതും സംസാരിക്കുന്നതും  ചില പുരുഷന്മാരിലും സ്ത്രീകളിലും  വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്തുകൊണ്ട് പുരുഷന്മാരെക്കുറിച്ച് എഴുതുന്നില്ല എന്ന ചോദ്യം  സാധിക്കുമ്പോഴെല്ലാം  ഉന്നയിക്കപ്പെടാറുണ്ട്. സ്ത്രീകളെക്കുറിച്ച് എഴുതുന്നയാള്‍ ഒരു സ്ത്രീ പക്ഷപാതിയാണ്  എന്ന്  മുദ്ര കുത്തുകയും  ആ എഴുത്തിനെ  സ്ത്രീ പക്ഷപാതിയുടെ വിലയിരുത്തലുകള്‍ എന്ന് നിസ്സാരമാക്കുകയും ചെയ്യാറുണ്ട്. പുരുഷന്‍റെ നന്മയേയും  സ്നേഹത്തേയും  കഴിവുകളെയും രാഷ്ട്രീയവും മതവും കലയും സാഹിത്യവും സംസ്ക്കാരവും അങ്ങനെയങ്ങനെ  ഈ പ്രപഞ്ചം മുഴുവന്‍  കൊണ്ടു നടക്കാനുള്ള അതികേമമായ പ്രാപ്തിയേയും പറ്റി  എത്രയെത്ര പേജുകള്‍ ആരെല്ലാം എങ്ങനെയെല്ലാം വര്‍ണ്ണിച്ചെഴുതിയിട്ടുണ്ടെന്നതിന് അളവോ കണക്കോ ഇല്ല.  പുരുഷ മനസ്സിലെ  ആകുലതകളും  വിഹ്വലതകളും വിങ്ങലും വേദനയും എല്ലാം ഗൌരവതരമായ വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.  എങ്കിലും അതൊരു  പുരുഷ പക്ഷപാതിത്തമാണെന്ന്  സമൂഹത്തിനു തോന്നുകയില്ല. പകരം അതാണ്, അതു മാത്രമാണ് സത്യമെന്നും  അതിനപ്പുറത്തേക്ക് ഒരു സത്യമുണ്ടാവാന്‍ പാടില്ലെന്നും  കൂടി  സമൂഹം വിശ്വസിക്കുന്നു. 

ദില്ലിയില്‍  ഈയിടെ നടന്ന കൊടുംക്രൂരതയ്ക്ക് ശേഷം സ്ത്രീ പീഡന വാര്‍ത്തകളില്‍ പുരുഷനെ വല്ലാതെ പ്രതിസ്ഥാനത്ത് നിറുത്തുന്ന നിലപാട് കാണുന്നുവെന്നൊരു ആക്ഷേപമുന്നയിക്കപ്പെടുന്നുണ്ട്.  വളരെക്കുറച്ച്  പുരുഷന്മാര്‍  മാത്രം തിന്മയുടെ ആള്‍രൂപങ്ങളായിരിക്കേ കാടടച്ച് വെടിവെയ്ക്കുന്ന മാതിരി എല്ലാ  പുരുഷന്മാരെക്കുറിച്ചും മോശമായ ധാരണ പരത്താന്‍ മാധ്യമങ്ങള്‍ തുനിയുന്നുവെന്നാണ് ഈ ആക്ഷേപത്തിന്‍റെ കാതല്‍. 

ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്ന,  പ്രവൃത്തികളിലും വാക്കുകളിലും നോട്ടത്തിലും നന്മ പ്രസരിപ്പിക്കുന്ന, പുരുഷന്മാരെ അവര്‍ പുരുഷന്മാരായി ജനിച്ചു പോയെന്ന ന്യായം കാണിച്ച്   വേദനിപ്പിക്കുന്നതും അപമാനിക്കുന്നതും തികച്ചും  അധമമായ കര്‍മ്മമാണ്. എന്തു  സ്ത്രീ വാദം പറഞ്ഞാലും  അമ്മാതിരിയുള്ള  അധമമായ കാര്യങ്ങള്‍    ചെയ്യുന്നതിന്  യാതൊരു ന്യായീകരണവുമില്ല. സ്ത്രീ പീഡനം എന്തു വില കൊടുത്തും  എതിര്‍ക്കപ്പെടേണ്ടതു പോലെ പുരുഷ പീഡനവും എന്തു വില കൊടുത്തും  എതിര്‍ക്കപ്പെടേണ്ടതാണ്. ഒരു യഥാര്‍ഥ സ്ത്രീ വാദിയെ സംബന്ധിച്ചിടത്തോളം സ്ത്രീ പുരുഷ പീഡനം മാത്രമല്ല, പ്രകൃതി പീഡനവും ജീവി പീഡനവും സമ്പദ് പീഡനവും കലാ സാംസ്ക്കാരിക സാഹിത്യ   പീഡനവും  രാഷ്ട്രീയ  ഭരണ പീഡനവും മത പീഡനവും  എല്ലാം എതിര്‍ത്തു തോല്‍പ്പിക്കേണ്ട  കൊടും പാതകങ്ങള്‍ തന്നെയാണ്.  അതുകൊണ്ടു തന്നെയാണ്  സ്ത്രീവാദിയായിരിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തവും ഒരു സമ്പൂര്‍ണ  ജീവിത പദ്ധതിയുമായി മാറുന്നത്. യഥാര്‍ഥ സ്ത്രീവാദികളുടെ എണ്ണം കുറയുന്നതും ഇപ്പറഞ്ഞ അതി കഠിനമായ ചുമതലാഭാരം നിമിത്തമാണ്. 

 മാധ്യമങ്ങള്‍ പുരുഷന്മാരെ ഒന്നടങ്കം കണ്ണും മൂക്കുമില്ലാതെ ആക്ഷേപിക്കുന്നുവെന്ന വാദം പരിശോധിക്കപ്പെടുകയും ആവശ്യമെങ്കില്‍ അതിനെതിരേ നിലകൊള്ളുകയും വേണ്ടതാണെങ്കിലും  അക്കാര്യത്തില്‍ ഇത്രയധികം വേവലാതി വേണമോ  എന്ന സംശയം  തീര്‍ച്ചയായും ഉന്നയിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ കഴിഞ്ഞു പോയ കാലം മുഴുവന്‍  നമ്മുടെ സമൂഹവും അതിന്‍റെ  ചെറുതും വലുതുമായ എല്ലാ  അടരുകളും ഒന്നടങ്കം  സ്ത്രീകളെക്കുറിച്ച്  പറഞ്ഞു കേള്‍പ്പിച്ച് വിശ്വസിപ്പിച്ചു പഠിപ്പിച്ചു പോരുന്ന പഴഞ്ചൊല്ലുകളും ഉദാഹരണങ്ങളും ദോഷപാഠ കഥകളും എല്ലാം എത്രമാത്രം അധിക്ഷേപാര്‍ഹമാണ്!!!  എത്രമാത്രം വീറോടെ എതിര്‍ക്കപ്പെടേണ്ടതാണ്!!! പുരുഷന്‍റെ കണ്ണ് ചുവപ്പിക്കലും  കൈയോങ്ങലും  വേലിക്കെട്ടുകളുമില്ലെങ്കില്‍  സ്ത്രീ ഉടനെ വഴി പിഴച്ചുപോകുമെന്ന, സ്വന്തമായി സ്വഭാവശുദ്ധിയില്ലാത്തവളാണെന്ന ആ ഒരൊറ്റ ആക്ഷേപം മാത്രം മതിയല്ലൊ, അവളുടെ  ആത്മാഭിമാനത്തെ  നിത്യമായി ഹനിക്കുവാന്‍....  
    
മാധ്യമങ്ങള്‍  മോശമായി ചിത്രീകരിച്ചതുകൊണ്ടു മാത്രമൊന്നും നല്ലവനായ അച്ഛനേയോ സഹോദരനേയോ  ഭര്‍ത്താവിനേയോ അല്ലെങ്കില്‍  മകനേയോ അതുമല്ലെങ്കില്‍ മറ്റു ബന്ധുജനങ്ങളേയോ  ഒരു സ്ത്രീയും തെറ്റിദ്ധരിക്കാന്‍  പോകുന്നില്ല. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് അവരുടെ കൈയിലിരിപ്പുകൊണ്ടാണെന്ന്  സാധിക്കുമ്പോഴെല്ലാം ഉറക്കെയുറക്കെ പ്രഖ്യാപിക്കപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ നല്ലവരായ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ആദരവിനും മഹത്വത്തിനും ഒന്നടങ്കം കോട്ടമേല്‍പിക്കാന്‍ മാത്രമുള്ള ജനസ്വാധീനമൊന്നും മാധ്യമങ്ങള്‍ക്കുണ്ടെന്ന് തോന്നുന്നില്ല.

നന്മയുള്ള പുരുഷന്മാരും സ്ത്രീകളും മുകളില്‍  സൂചിപ്പിച്ചതു പോലെ ഒരു യഥാര്‍ഥ സ്ത്രീവാദിയായി മാറുന്നത് ഈ ലോകത്തെ സങ്കല്‍പ്പിക്കാന്‍  സാധിക്കാത്തത്രയും വലിയ അളവുകളില്‍  മാറ്റിപ്പണിയും ......... 

53 comments:

സുസ്മേഷ് ചന്ത്രോത്ത് said...

ഹൃദയത്തില്‍ നന്മയുള്ള കുറിപ്പ് എന്ന് ഇതിനെ വിളിക്കുന്നു.സന്തോഷം.

വീകെ said...

"നന്മയുള്ള പുരുഷന്മാരും സ്ത്രീകളും മുകളില്‍ സൂചിപ്പിച്ചതു പോലെ ഒരു യഥാര്‍ഥ സ്ത്രീവാദിയായി മാറുന്നത് ഈ ലോകത്തെ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തത്രയും വലിയ അളവുകളില്‍ മാറ്റിപ്പണിയും ......... "
ആശംസകൾ...

റിനി ശബരി said...

സ്വകാര്യത്തില്‍ ഒരിക്കല്‍ വായിച്ച്
ഞങ്ങള്‍ എല്ലാം കൂടി സംസാരിച്ച നന്മ ആണിത് .. കലേച്ചീ ..
ഹൃദയത്തില്‍ നന്മയുള്ള പുരുഷന്മാരെ
വേദനിപ്പിക്കുന്നതും അപരാധം തന്നെയെന്ന് ....
ശബ്ദിക്കുവനാകാതെ തല താഴ്ത്തുന്ന സ്ത്രീക്കൊപ്പൊം
ചിലപ്പൊഴെങ്കിലും അറിയാതെ പെട്ടു പൊയേക്കാവുന്ന
നന്മയുള്ള മനുഷ്യരും ഇവിടെ ഉണ്ടെന്നുള്ളത് .
പ്രതി സ്ഥനത്ത് എപ്പൊഴും പുരുഷ വര്‍ഗമാണെന്നുള്ളത്
വിസ്മരിക്കാന്‍ വയ്യാതിരിക്കുമ്പൊഴും ചിലതില്‍ നന്മ കാണുന്നത്
ആശ്വാസകരം തന്നെ ,, സ്നേഹപൂര്‍വം

ഒരു കുഞ്ഞുമയിൽപീലി said...

നന്മയുള്ള പുരുഷന്മാരെ തിരിച്ചറിയാതെ പോകരുത് എന്ന് ഓര്‍മ്മിപ്പിച്ച ലേഖനം

mini//മിനി said...

നന്മകൾ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാവണം. പരിചയപ്പെടുന്ന ഇടങ്ങളിലെല്ലാം സ്ത്രീകളെക്കാൾ പുരുഷസുഹൃത്തുക്കളാണ് എനിക്കുള്ളത്. സഹായം ആവശ്യമുള്ള നേരത്ത് സ്ത്രീകളെക്കാൾ പുഷന്മാരാണ് എപ്പോഴും മുന്നിൽ വരാറുള്ളത്. മൂന്ന് പുരുഷന്മാരുടെ രക്തം സ്വീകരിച്ച ഞാനെങ്ങനെ അവരെ കുറ്റം പറയും!

പട്ടേപ്പാടം റാംജി said...

നന്മയുള്ള പുരുഷന്മാരും സ്ത്രീകളും മുകളില്‍ സൂചിപ്പിച്ചതു പോലെ ഒരു യഥാര്‍ഥ സ്ത്രീവാദിയായി മാറുന്നത് ഈ ലോകത്തെ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തത്രയും വലിയ അളവുകളില്‍ മാറ്റിപ്പണിയും .........

അത്രയേയുള്ളൂ.

ChethuVasu said...

ഹ ഹ ഹ ! വേണ്ടായിരുന്നു !

"മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും "- വിന്‍സെന്റ് ഗോമസ് !

നിരക്ഷരൻ said...

മാദ്ധ്യമങ്ങൾ പുരുഷന്മാരെ ഒന്നടങ്കം.... മാദ്ധ്യമങ്ങളല്ല ഇനി മറ്റാരായാലും അങ്ങനെ ചെയ്താലും..... മനസ്സിൽ നന്മയുള്ള പുരുഷന്മാർ അക്കൂട്ടത്തിൽ നിന്ന് വേർതിരിഞ്ഞ് തന്നെ നിൽക്കും. അച്ഛനിലും ഭർത്താവിലും മകനിലുമൊക്കെ നന്മ കണ്ടിട്ടുള്ള സ്ത്രീകൾ, ഈ ലേഖനത്തിലെന്ന പോലെ ആ പുരുഷന്മാരെ തിരിച്ചറിയുകയും ചെയ്യും. ഒട്ടും ആശങ്കയില്ല.

ajith said...

മുമ്പെ തന്നെ വായിച്ചിരുന്നു

Prasanna Raghavan said...

നമ്മുടെ സമുഹത്തിൽ എല്ലായ്പോഴും നല്ല പുരുഷന്മാർ ഉണ്ട്. നല്ലവനായ സ്നേഹ സമ്പന്നനായ സ്വന്തം അഛന്റെ സ്നെഹം അറിയുമ്പോൾ തന്നെ ഒരാൾ പുരുഷലോകത്തെ സ്നേഹിക്കുന്നു.

പക്ഷെ ഡെൽഹി പെൺകുട്ടിയുടെ ദുരവസ്ഥ മുന്നൊട്ടു കൊണ്ടു വരുന്നതിന് ഏതെങ്കിലും ഒരാണ് തയ്യാറായതിനു ശേഷം ദാ ഞങ്ങൾ ഇതൊക്കെ ചെയ്തു; ഞങ്ങളും ഞങ്ങളുടെ സാമൂഹ്യ ചുമതലകൾ ഏറ്റെടുക്കുന്നു;ഞങ്ങളെ പ്രതിസ്ഥാനത്തു നിർത്തരുത് എന്നു പറഞ്ഞിരുന്നെങ്കിൽ അതൊരു തുടക്കമായേനെ. ഇത് ദെൽഹി പ്രതിഷേധത്തിനു ചെയ്യാവുന്ന എല്ലാ എതിരും നിന്ന്, dented and painted women എന്നാണ് പ്രസിഡ്ണ്ടിന്റെ മകൻ അവരെ വിളിച്ചത്; ലോകം ഇടപെട്ടതു കൊണ്ട് ഡെൽഹി ഒന്നനങ്ങി; ഇതിലെവിടെയാണ് ആണിന്റെ ക്രഡിറ്റു വേണ്ടത്;

ഒരാൺ വിരോധോമെനിക്കില്ല; പക്ഷെ ആണൂങ്ങൾ സമൂഹത്തിൽ ചെയ്യേണ്ട് ചുമതലകൾ ചെയ്തിട്ടു പറയൂ; ആണും പെണ്ണൂം ഒരുമിച്ചണ് മുന്നേണ്ടത്, പക്ഷെ....

പ്രത്യേകിച്ച് ഇന്നത്തെ ഗ്ലോബലിസത്തിൽ പെണ്ണിന്റെ നെർക്കു സംഭവിക്കുന്നത് അങ്ങനെ നിസാരമായി കാണാവുന്ന ഒന്നാണോ? ആണുങ്ങൾ മുന്നോട്ടു വരൂ അവരോടൊപ്പം നിൽക്കാൻ ഇതീനെകുറിച്ച് ഞാൻ എഴുതിയത് ഇവിടെ വായിക്കാം

.http://goweri2.blogspot.com/2013/02/1.html

പടന്നക്കാരൻ said...

സന്തോഷം :)

ishaqh ഇസ്‌ഹാക് said...

നന്മയുടെ ഈ തിരിച്ചറിവ് നേരത്തെ വായിച്ചിരുന്നു...
നന്നായി....:)

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നന്മയെ കുറിച്ച് പറയുന്നതും കേള്‍ക്കുന്നതും എഴുതുന്നതും വായിക്കുന്നതും എന്തിനു ചിന്തിക്കുന്നത് പോലും നന്മയാണ് .. നന്മ നീണാള്‍ വാഴട്ടെ .. ആമുഖം കുറച്ചു വാചാലമായോ എന്നൊരു ശങ്ക !! ആശംസകള്‍

Sidheek Thozhiyoor said...

നല്ല പുരുഷനെയും നല്ല സ്ത്രീയെയും പോലെ നല്ലൊരു ലേഖനം.

MOIDEEN ANGADIMUGAR said...

വളരെ നല്ല ലേഖനം.
പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു .

mattoraal said...

എന്തിന്‌ പുരുഷനും സ്ത്രീയും. നന്മയുള്ള മനുഷ്യരായാല്‍ പോരെ ...

Muralee Mukundan , ബിലാത്തിപട്ടണം said...

മാധ്യമങ്ങള്‍ മോശമായി
ചിത്രീകരിച്ചതുകൊണ്ടു മാത്രമൊന്നും നല്ലവനായ അച്ഛനേയോ സഹോദരനേയോ ഭര്‍ത്താവിനേയോ അല്ലെങ്കില്‍ മകനേയോ അതുമല്ലെങ്കില്‍ മറ്റു ബന്ധുജനങ്ങളേയോ ഒരു സ്ത്രീയും തെറ്റിദ്ധരിക്കാന്‍ പോകുന്നില്ല...
നല്ലവരായ
പുരുഷന്മാര്‍ക്ക് ലഭിക്കുന്ന
ആദരവിനും മഹത്വത്തിനും ഒന്നടങ്കം കോട്ടമേല്‍പിക്കാന്‍ മാത്രമുള്ള ജനസ്വാധീനമൊന്നും
മാധ്യമങ്ങള്‍ക്കുണ്ടെന്ന് തോന്നുന്നില്ല...

ശ്രീനാഥന്‍ said...

ശരിയോ തെറ്റോ, ഞാൻ ഒരു സ്ത്രീപക്ഷം എന്ന് എച്ചുമുക്കുട്ടിയെപ്പറ്റി ആരും കരുതുമെന്ന് തോന്നുന്നില്ല. നന്നായി പറഞ്ഞു.

vettathan said...

നന്മയും തിന്മയും പുരുഷനോ സ്ത്രീക്കോ മാത്രമുള്ളതല്ല. ആ രീതിയിലുള്ള അപഗ്രഥനങ്ങള്‍ അര്‍ത്ഥമില്ലാത്തവയാണ്.

V P Gangadharan, Sydney said...

രത്നച്ചുരുക്കത്തില്‍, എനിക്കു പറയാനുള്ള ഒരു കാര്യം 'മറ്റൊരാള്‍' പറഞ്ഞു കഴിഞ്ഞു.

By the way, in a cartoon, I found someone holding a banner high above his head: "Find peace! Forgive and Forget."
Held juxtaposed to it was another one: "If you forget the past you are condemned to repeat it."
Written behind the banner, I could read: "Whatever...whatever."

Enigmatic world indeed!
Then again, what about the life of human beings- Homo sapiens?

jayanEvoor said...

യോജിക്കുന്നു... യോജിക്കാതിരിക്കാൻ എന്തു കാരണം പറയും!? പുരുഷ മനോഭാവങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്‌.

ശ്രീ said...

ശരിയാണ് ചേച്ചീ... ഒരു ചെറിയ വിഭാഗം ആളുകള്‍ ആണ് കുറ്റം ചെയ്യുന്നതെങ്കിലും അവരുള്‍പ്പെടുന്ന സമൂഹത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തുവാനുള്ള പ്രവണത പൊതുവേ ഉള്ളതാണ്, പറഞ്ഞിട്ടു കാര്യമില്ല.


[ഓഫ്: വിഷയം എന്തായാലും അത് അസാമാന്യ കൈവഴക്കത്തോടെ എഴുതി ഫലിപ്പിയ്ക്കാന്‍ ചേച്ചിയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട് :)]

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി എച്മൂ .
പൊതുവെ കേള്‍ക്കുമ്പോള്‍ പുരുഷന്മാര്‍ ഒന്നടക്കം എന്ന് പറയുന്നവര്‍ ആണ് കൂടുതല്‍ .
ഇതുപോലുള്ള ലേഖനങ്ങള്‍ അതില്‍ വേറിട്ട്‌ നില്‍ക്കും

കുസുമം ആര്‍ പുന്നപ്ര said...

നമ്മുടെമകനും ഭര്‍ത്താവും ആങ്ങളയും എല്ലാം പുരുഷന്‍മാരല്ലേ. അപ്പോള്‍ പുരുഷന്‍മാരെല്ലാം ചീത്തയാണെന്ന് ഒരു സ്ത്രീക്കും പറയാന്‍ പറ്റുകയില്ല.വിളഞ്ഞ നെന്‍മണികള്‍ക്കിടയില്‍ നില്‍ക്കുന്ന കുറച്ചു കളകളേപ്പോലെ കണക്കാക്കുക ഈ സാമൂഹിക വിരുദ്ധരെ.

ഭാനു കളരിക്കല്‍ said...

പ്രശ്നങ്ങളെ വിഘടീകരിക്കുക എന്നത് സാമ്രാജ്യത്ത പ്രത്യയശാസ്ത്രത്തിന്റെ ഹിഡന്‍ അജണ്ടയാണ്. സ്ത്രീവാദി, പുരുഷവാദി, മതവാദി, ജാതി വാദി, ദേശീയവാദി എന്നിങ്ങനെ ഒട്ടേറെ കുഞ്ഞുകള്ളികളില്‍ നമ്മെ തളച്ചിടുകയും നമ്മുടെ സമഗ്ര ബോധത്തെ ശകലീകരിക്കുകയും അതുവഴി നില നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുക, അതിന്റെ കുത്തഴിഞ്ഞ ജീര്‍ണ്ണതയെ മൂടിവെക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പ്രകാശാത്മകമായ ഒരു തത്ത്വ ചിന്തയുടെ വ്യാപകമായ മുന്നേറ്റത്തിന് മാത്രമേ വ്യവസ്ഥയെ മാറ്റുവാനും നന്മയെ സ്ഥാപിക്കുവാനും കഴിയൂ എന്ന് സാമ്രാജ്യത്ത ബുദ്ധി കേന്ദ്രങ്ങള്‍ക്ക് നമ്മെക്കാള്‍ നന്നായി അറിയാം. അതുകൊണ്ട് തന്നെ നമ്മുടെ ബോധത്തെ ശകലീകരിക്കുവാനും മാനവ ബോധത്തില്‍ ഊന്നിയ ചിന്തകളുടെ വ്യാപനത്തെ ഇല്ലായ്മചെയ്യുവാനും അത് നിരന്തരം നാമറിയാതെ നമ്മുടെ ചിന്താ പദ്ധതികളില്‍ ഇടപെട്ടു കൊണ്ടേ ഇരിക്കും. നാമിന്ന് ഇരകള്‍ മാത്രമാണ്.

Anonymous said...

നമ്മുടെ സമൂഹത്തില്‍ എന്ത് തെറ്റ് ചെയ്താലും പണമോ മറ്റു സ്വാധീനമോ ഉപയോഗിച്ച് ചെയ്ത കുറ്റങ്ങളില്‍ നിന്നും എല്ലാം രക്ഷപ്പെടാം എന്ന ഒരു അവസ്ഥയും ധാരണയും നിലനില്‍ക്കുന്നുണ്ട്..പല ഉദാകരണങ്ങളും നമുക്ക് കാണാന്‍ കഴിയും..ഒരു സ്ത്രീക്ക് ഒറ്റയ്ക്ക്.. ആരുടെ അടുത്തു നിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തില്‍ യാത്രചെയ്യാന്‍ ഉള്ള അസാരം ഒരുക്കുക എന്നത് ആണ് അത്യാവശ്യം..അതിനു പുരുഷന്മാരും സ്ത്രീകളും സമൂഹവും ഭരണകര്താക്കളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാധിക്കുക ഉള്ളു...ഒരു വര്‍ഗ്ഗത്തെ മാത്രം കുററം പറയുന്നതില്‍ അര്‍ഥം ഇല്ല എന്ന് ആണ് എനിക്ക് തോന്നുന്നത്...നമ്മുടെ സാമൂഹിക കാഴ്ചപ്പാടുകള്‍ മാറണം.. എന്റെ അഭിപ്രയത്തില്‍ നമ്മുടെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാകാന്‍ നമ്മുടെ ഭരണകര്താക്കള്‍ക്കും.. നിയമ നടപ്പക്കുന്നവര്‍ക്കും ഇച്ചാശക്തി ഉണ്ടായാല്‍ തന്നെ പകുതി പ്രസ്സങ്ങള്‍ കുറയും.

അനില്‍കുമാര്‍ . സി. പി. said...

"എല്ലാ സ്ത്രീ പ്രശ്നങ്ങളും തീര്‍ച്ചയായും പുരുഷ പ്രശ്നങ്ങള്‍ കൂടിയാണ്” എന്നതു തന്നെയാണു അടിസ്ഥാന വസ്തുത.
ഭാരതീയമായ ‘അർദ്ധനാരീശ്വര’ സങ്കല്പം പോലും (അതിന്റെ മതപരവും ആത്മീയവുമായ് മാനങ്ങൾ അല്ല ഞാൻ ഉദ്ദേശിക്കുന്നത്!)സ്ത്രീ പുരുഷ തുല്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നു തോന്നുന്നു. നന്മ ഹൃദയത്തിലുള്ള പുരുഷനും സ്ത്രീക്കുമേ നല്ല കുടൂംബവും നല്ല സമൂഹവും ഒക്കെ സൃഷ്ടിക്കാൻ കഴിയൂ.

നന്മയുള്ള കുറിപ്പ് എച്മൂ.

keraladasanunni said...

ഈ കുറുപ്പ് ഉളവാക്കുന്ന സന്തോഷം ചെറുതല്ല. ആത്യന്തികമായ വിജയം എന്നും 
നന്മയ്ക്കായിരിക്കും.

Cv Thankappan said...

നന്മയുള്ള പുരുഷന്മാരും സ്ത്രീകളും ഈ ലോകത്തെ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തത്രയും വലിയ അളവുകളില്‍ മാറ്റിപ്പണിയും .........
തീര്‍ച്ചയായും, എങ്കില്‍ എങ്ങും നന്മയുടെ
പ്രകാശം പരന്ന് അന്ധകാരം ഓടിയൊളിക്കും.
ആശംസകള്‍

the man to walk with said...

All the Best

Typist | എഴുത്തുകാരി said...

തിന്മ ചെയ്യുന്ന പുരുഷന്മാര്‍ വളരെ കുറവാണ്. നന്മ ചെയ്യുന്നവര്‍ ധാരാളവും. എന്നാലും സമൂഹത്തിന്റെ ഒരു പ്രവണതയാണല്ലോ കുറ്റം ചെയ്യുന്നവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിനെ അടച്ച് കുറ്റം പറയുക എന്നതു്. എത്ര പേര്‍ ചെയ്യുന്നു എന്നു നോക്കിയല്ല മിക്കപ്പോഴും അതു സംഭവിക്കുന്നതു്.

വര്‍ഷിണി* വിനോദിനി said...

തമ്മിൽ തല്ലുന്ന ശത്രു വർഗ്ഗങ്ങളല്ല ആൺപെൺ കൂട്ടർ..
നശിച്ച ചിന്തകളും ദുഷ്കർമ്മങ്ങളുംകൊണ്ട്‌ കഴിയുന്നവർക്ക്‌ സത്കർമ്മങ്ങളെ നേരിടാൻ ധൈര്യമുണ്ടാകട്ടെ എന്നു മാത്രം പ്രാർത്ഥനകൾ..!

റോസാപ്പൂക്കള്‍ said...

നമയുള്ള ഒരു പുരുഷനും സ്ത്രീക്കെതിരെ ശബ്ടിക്കില്ല.

MINI.M.B said...

നല്ല കുറിപ്പ്. ഒരിക്കലും സ്ത്രീയുടെ ശത്രുവല്ല പുരുഷന്മാര്‍.. സമൂഹനന്മക്കായി പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടവര്‍ ആണ്.

ente lokam said...

കുസുമം ടീച്ചര്‍ പറഞ്ഞത് ആണ് ശരി ..

കളകളെ തിരിച്ചു അറിഞ്ഞു പറിച്ചു കളയാന്‍
കഴിഞ്ഞാല്‍ പകുതി വിജയം ആയി... പക്ഷെ
ഇന്ന് "കളകള്‍ സംരക്ഷണ സമിതി" ആണ് കൂടുതല്‍
തഴച്ചു വളരുന്നത്‌ ..അത് ഒരു വലിയ പ്രതി സന്ധി
തന്നെ ...

പ്രശ്നങ്ങള്‍ കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകള്‍
ആവുമ്പോള്‍ എഴുത്ത് കൂടുതലും അവര്‍ക്ക് വേണ്ടി ആവുന്നു എന്നത് ഒഴിച്ചാല്‍ എച്മു ഒരു പുരുഷ വിദ്വേഷി ആണ് എന്ന് തന്നത്താന്‍ ഒരു ലേബല്‍ എടുത്തു അണിയണ്ട... ഒരു വായനക്കാരന്‍
എന്ന നിലയില്‍ എച്മു എന്ന എഴുത്തു കാരിയെപ്പറ്റി എനിക്ക് ഇന്നുവരെ അങ്ങനെ തോന്നിയിട്ടില്ല...

സാമൂഹ്യ പ്രശ്നങ്ങള്‍ തുറന്നു കാട്ടേണ്ടത്‌ ഒരു എഴുത്ത്കാരിയുടെ കടമ ആണ് ..അത് ആണിന് വേണ്ടിയോ പെണ്ണിന് വേണ്ടിയോ എന്ന്
ചിന്തിക്കുന്നത് പോലും തെറ്റ് ആണ് ..ആശംസകള്‍ .... .

മുകിൽ said...

nanmayulla manassukalkku gender illallo

Myna said...

എല്ലാ പുരുഷന്മാരും ഒരേ വിചാരത്തോടെ നടക്കുന്നവരാണെന്ന് വിചാരിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഇവിടെ ദിവസവും കൂട്ടബലാത്സംഗങ്ങള്‍ തന്നെ ഉണ്ടായേനേ..അപ്പോള്‍ ആണിന്റെ പേര് ഇത്തരത്തില്‍ ചീത്തയാക്കാന്‍ കുറച്ചുപേരുണ്ട്..അതു തീര്‍ച്ച.

ഇക്കാലത്ത് സ്ത്രീയെപ്പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവരാകുന്നു പുരുഷനും. ഇവിടെ സ്ത്രീ , പുരുഷന്‍ എന്നു തിരിച്ചുകാണേണ്ടതില്ല എന്നു തോന്നുന്നു. മനുഷ്യര്‍ക്ക് എന്നതാണ് ശരി. . മത, സാമൂഹിക സംഘടനകളുടെ വക്താക്കളാണ് അഭിപ്രായം പറയുന്നത്. അതുകേട്ട് ആശയങ്ങളില്‍ നേര്‍ശത്രുവായ സംഘടനയും സ്ത്രീ വിഷയത്തില്‍ ഒരേ നിലപാടെടുക്കുന്നു. സംഘടനകള്‍ അഭിപ്രായം പറയുന്നു.

അത് ആണും പെണ്ണുമടങ്ങുന്ന സമൂഹം കേട്ടുകൊളളണം.

Pradeep Kumar said...

നന്മ ഇല്ലാത്തവർ ഒരു ന്യൂനപക്ഷമാണ്.....
ഭൂരിപക്ഷം നന്മ ചെയ്യുമ്പോഴും, ന്യൂനപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ആ നന്മയെ കെടുത്തുന്ന വിധത്തിലായിപ്പോവുന്നു.....

ജന്മസുകൃതം said...

എത്ര നന്നായി പാകം ചെയ്ത പായസവും വിപത്തിനു കാരണമാകാൻ അല്പം പാഷണം മതി എന്നത് വിസ്മരിക്കേണ്ട...ആണായാലും പെണ്ണായാലും നന്മയുള്ള മനസ്സിനേ സമൂഹത്തിൽ നല്ലതു ചെയ്യാനാകു.പെണ്ണിനോടു ക്രൂരതകാട്ടുന്നവരെ കൈകാര്യം ചെയ്യുന്നത് ആണു തന്നെയല്ലേ..?ഒരു ആര്യയൊ അമൃതയൊ പ്രതികരിച്ചത് കേട്ട് പെണ്ണുങ്ങള്‍ എല്ലാവരും അങ്ങനെ യായി എന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ലല്ലൊ. എന്നാല്‍ പ്രതികരിക്കുന്നതിലുണ്ടാകുന്ന ദോഷവശം കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. പെണ്ണിനെ രക്ഷിക്കാനുള്ള നിയമം മിസ്‌ യൂസ് ചെയ്യുവാന്‍ ഒരുമ്പെട്ടിറങ്ങുന്ന കുറച്ചു പെണ്ണുങ്ങള്‍ എങ്കിലും ഉണ്ടാകുമെന്ന് തീര്‍ച്ച .... അതിനുള്ള സൂചന ചില നായികാ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ആയി പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. പീഡനത്തിനു ഇരയാകുന്നവരും പീഡിപ്പിക്കുന്നവരും ആരായാലും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആ ണ് അതുകൊണ്ട് തിന്മകള്‍ക്കെതിരെ പ്രതികരിക്കേണ്ടതും ഒറ്റക്കെട്ടായി ആകട്ടെ.

ലംബൻ said...

മുകളില്‍ കിടക്കുന്ന കമന്റിനു താഴെ എന്‍റെ ഒരു ഒപ്പ്..

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും പ്രശനം ഉണ്ടായാല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് ചെയ്ത് ... ഒടുവില്‍ കേട്ടിരിക്കുന്നവനും തോന്നും താനും തെറ്റുകാരന്‍ ആണെന്ന് .
സ്ത്രീകള്‍ക്ക് മൊത്തത്തില്‍ തോന്നും ഈ പുരുഷന്മാര്‍ എല്ലാവരും പീഡിപ്പിക്കാന്‍ നടക്കുന്നവര്‍ ആണെന്ന് . മാധ്യമങ്ങളുടെ തള്ളിക്കയറ്റംമൂലം സംഭവിച്ച ഒരു കുഴപ്പം .

നാട്ടില്‍ നന്മയുള്ള മനുഷ്യര്‍ ഉണ്ടാവട്ടെ .....

ധനലക്ഷ്മി പി. വി. said...

നന്മ കാലഹരണപ്പെടുന്നില്ല എന്നാണെനിക്കു തോന്നുന്നത്.

Sukanya said...

എല്ലാവരിലും നന്മയും തിന്മയും ഉണ്ട്. നന്മയുള്ള മനുഷ്യരെ തിരിച്ചറിയുക. എച്മു പറഞ്ഞപോലെ മാനസിക പീഡനം ആരും അറിയുന്നെ ഇല്ല.

Unknown said...

പ്രിയ ചേച്ചി,
നന്മയുള്ളവര്‍ തിരിച്ചരിയപെടട്ടെ.
കുറിപ്പ് ഇഷ്ടമായി
സ്നേഹത്തോടെ,
ഗിരീഷ്‌

aswathi said...

thinmakkethire randukoottarum ottakkettavuka...nalla lekhanam

Admin said...

sakthamaya ezhuthu. Asamsakal..

Echmukutty said...

വായിച്ച എല്ലാവര്‍ക്കും നന്ദി.... എല്ലാവരേയും പേരെടുത്ത് പറഞ്ഞ് നന്ദി പറയാത്തത് നെറ്റിന്‍റെ ലഭ്യതാ പ്രശ്നം നിമിത്തമാണ്. സ്നേഹമുള്ള വായനക്കാര്‍ ക്ഷമിക്കുമല്ലോ...

Unknown said...

എല്ലാ പീഡനവും പ്രകൃതി യോട് കാണിക്കുന്ന പീഡന മാണ് എന്ന തിരിച്ചറിവുണ്ടാക്കുന്ന ഈ ലേഘനത്തെ നമിക്കുന്നു

പ്രയാണ്‍ said...

ഈയൊരു കുറിപ്പ് ഒരാവശ്യമായിരുന്നു.

Shahida Abdul Jaleel said...

നന്മയുള്ള പുരുഷന്മാരെ തിരിച്ചറിയാതെ പോകരുത് എന്ന് ഓര്‍മ്മിപ്പിച്ച ലേഖനം.നന്മയുള്ള മനുഷ്യരായാല്‍ പോരെ ...

Unknown said...

നന്മയുള്ള എഴുത്ത് :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എഴുത്ത് പതിവുപോലെ ഉഗ്രൻ.

വിഷയം ഗംഭീരം..

.പാവം ആണുങ്ങൾ.

മാദ്ധ്യമങ്ങളാണ് പുരുഷന്മാരെ പീഡനജീവികളാക്കിയത്.മിക്കവയും തയ്യാറാക്കുന്നതും റിപ്പോർട്ട്ചെയ്യുന്നതും എല്ലാം പുരുഷന്മാർ തന്നെയല്ലേ????പുരുഷനെ അറിയുന്ന ഒരു സ്ത്രീയും അവരിലെ നന്മ കാണാതിരിക്കുന്നില്ല.അതുപോലെതന്നെ പുരുഷന്മാരും...

ഒരു ഇടവേളക്കുശേഷം ഓടിവന്നത് ഈ ഉലകത്തിലേക്ക്.സന്തോഷം...നന്ദി നല്ല ലേഖനത്തിന്.

മൌനം said...

മാധ്യമങ്ങള്‍ മോശമായി ചിത്രീകരിച്ചതുകൊണ്ടു മാത്രമൊന്നും നല്ലവനായ അച്ഛനേയോ സഹോദരനേയോ ഭര്‍ത്താവിനേയോ അല്ലെങ്കില്‍ മകനേയോ അതുമല്ലെങ്കില്‍ മറ്റു ബന്ധുജനങ്ങളേയോ ഒരു സ്ത്രീയും തെറ്റിദ്ധരിക്കാന്‍ പോകുന്നില്ല.