ഹിന്ദു മത വിശ്വാസികള്‍ക്കൊപ്പം ചന്ദനവും ഭസ്മക്കുറിയുമായി
അനവധി അമ്പലങ്ങളില്‍ ഞാന്‍ പ്രാര്ഥിച്ചിട്ടുണ്ട്. ക്രിസ്തു മത വിശ്വാസികള്‍ക്കൊപ്പം തലയില്‍ നെറ്റിട്ട് ഏറെ പള്ളികളില്‍ പോയി മുട്ടുകുത്തി കുരിശു വരച്ചിട്ടുണ്ട്. സിക്കുകാര്‍ക്കൊപ്പം തലമുടി
മറച്ച് കുറേ ഗുരുദ്വാരകളില്‍
ഇരുന്ന് ഗുരു ഗ്രന്ഥ പാരായണം
കേട്ടിട്ടുണ്ട്. അവരുടെ സമൂഹസദ്യയായ ലങ്കറില്‍ പങ്കെടുത്തിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ക്കൊപ്പം കുറച്ച് ദര്‍ഗകളിലും
സന്ദര്‍ശനം നടത്തിയിട്ടുണ്ട്. എണ്ണത്തില്‍
നന്നെ കുറവെങ്കിലും ചില
ബുദ്ധവിഹാരങ്ങളിലും ജൈന ആരാധനാലയങ്ങളിലും കടന്നു ചെല്ലാനും സാധിച്ചിട്ടുണ്ട്. യുക്തിവാദികളും
നാസ്തികരും പുരോഗമനവാദികളും എതിര്‍ത്ത്
എന്തൊക്കെ പറഞ്ഞാലും വിശ്വാസികള്‍
അതൊന്നും ശകലം പോലും ചെവിക്കൊള്ളാതെ
ആരാധനാലയങ്ങളില്‍ ശരണം പ്രാപിക്കുന്നതും
പുരോഹിതന്മാരുടെ നിര്‍ദ്ദേശങ്ങള്‍ നിഷ്ഠകളോടെ
അനുസരിക്കുന്നതും സാഷ്ടാംഗം
പ്രണമിക്കുന്നതും അങ്ങനെ അവരവരെ സമ്പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുന്നതും ഞാന്‍ അതീവ താല്പര്യത്തോടെ
കണ്ടു നില്‍ക്കാറുണ്ട്. സങ്കടപ്പെടുന്നവരും വേദനിക്കുന്നവരും കഷ്ടപ്പെടുന്നവരുമായ മനുഷ്യരുടെ നീറുന്ന ഉള്ളിനെ തണുപ്പിക്കുന്ന, ജീവിക്കാനുള്ള ആത്മവിശ്വാസം പകരുന്ന എന്തായിരിക്കും ആരാധനാലയങ്ങളിലും
പുരോഹിതന്മാരുടെ നിര്‍ദ്ദേശങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും
ഒളിഞ്ഞിരിക്കുന്നതെന്ന് അപ്പോഴെല്ലാം ആത്മാര്‍ഥമായി ആലോചിക്കാറുമുണ്ട്.
അവരവര്ക്കാവശ്യമുള്ളതിനായി ഒന്നേ രണ്ടേ എന്ന് എണ്ണമിട്ട് പ്രാര്ഥിക്കുവാന് സാധിക്കുന്നതുകൊണ്ടാവുമോ
എല്ലാവരും ആരാധനാലയങ്ങളില്‍ അടിഞ്ഞു കൂടുന്നത്? ആരാധനാലയങ്ങളുടെ പ്രശസ്തിയനുസരിച്ച് വിദൂരദേശങ്ങളില്‍ നിന്നു കൂടി എല്ലാവരും എത്തിച്ചേരുന്നത് പോലെ ഒരു
പൊതുകാര്യത്തിനായി ഒന്നിച്ചു
ചേരാന്‍ പരമ ഭക്തരായ മനുഷ്യരില്‍ തന്നെ എത്ര പേരാവും നിഷ്ഠയോടെ
തയാറായി വരിക ? അത്
മരം വെയ്ക്കലോ റോഡുണ്ടാക്കലോ കുളം
വൃത്തിയാക്കലോ മാലിന്യ നിര്‍മ്മാര്‍ജ്ജനമോ
എന്തുമാവട്ടെ..... വിശ്വാസത്തിലും
ഭക്തിയിലും ആചാരാനുഷ്ഠാനങ്ങളിലും എല്ലാം സര്‍വ പ്രധാനം
ഞാനും എന്റേതും എന്ന വികാരം തന്നെയാണോ?
ഏതു
മതത്തിലായാലും വിശ്വാസികളായ പുരുഷന്മാരേക്കാള് എന്തുകൊണ്ടും ഭക്തിയും വിശ്വാസവും അധികം പ്രദര്‍ശിപ്പിക്കുക
സ്ത്രീകളായിരിക്കും. കുട്ടികളുടെ
ആരോഗ്യവും വിദ്യാഭ്യാസവും ഭാവിയും മാത്രമല്ല, പെണ്ണ് എന്ന നിലയില്‍ പ്രതിനിമിഷം സ്വയം അനുഭവിക്കുന്ന, വീട്ടിനകത്തും പുറത്തുമുള്ള സുരക്ഷിതത്വമില്ലായ്മയും സ്ത്രീകളെ അതിഭയങ്കരമായി അലട്ടുന്നതുകൊണ്ടാവാം അത്. പ്രാര്‍ഥനകളിലും വ്രതങ്ങളിലും പൂജകളിലും
ഉപവാസങ്ങളിലും പ്രസാദിച്ച് തങ്ങളുടെ ദൈവം തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും
കാവലായിത്തീരുമെന്ന് തന്നെ, പ്രാര്‍ഥിക്കുന്ന ഭൂരിഭാഗം സ്ത്രീകളും കരുതുന്നു. സാമൂഹികമായും സാമ്പത്തികമായും കൂടുതല്‍ കരുത്തു
നേടുകയും തീരുമാനങ്ങള്‍ എടുക്കാനും അവ
നടപ്പിലാക്കാനും സാധിക്കും വിധത്തില്‍ സ്വന്തം വ്യക്തിത്വത്തിനു മാറ്റുണ്ടാവുകയും
ചെയ്യുമ്പോള്‍ സ്ത്രീകളുടെ പ്രാര്‍ഥനകള്‍ക്കും
പൂജകള്‍ക്കും വ്രതങ്ങള്‍ക്കും വ്യത്യാസമുണ്ടാവുമോ എന്നറിയില്ല.
എന്തുകൊണ്ട് ‘ തങ്ങളുടെ ദൈവം ‘ എന്ന് ഇത്രമാത്രം വേര്‍തിരിച്ച്
കാണുന്നുവെന്ന് ഞാന്‍ കടുത്ത ഭക്തകളായ ഉറച്ച വിശ്വാസികളായ വ്യത്യസ്ത മതക്കാരായ പല സ്ത്രീകളോടും ചോദിച്ചിട്ടുണ്ട്. ‘ ഏയ്, ഞങ്ങള്ക്കങ്ങനെയൊന്നുമില്ല ‘ എന്നൊരു ഒഴുക്കന്‍
മറുപടിയിലൂടെ കഴിയുന്നതും ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ്
അധികം പേരും താല്പര്യം കാട്ടിയിട്ടുള്ളത്. ഉത്തരം പറയാന്‍ ശ്രമിച്ചവരാകട്ടെ തങ്ങള്‍
ജനിച്ച മതവും ആ മതത്തിലൂടെ പരിചയവും ശീലവുമായ ദൈവസങ്കല്പവും മാത്രമേ സത്യമായി നിലനില്ക്കുന്നുള്ളൂ എന്ന് വിശ്വസിക്കുകയും
ചെയ്യുന്നു . തൊഴുകയും പ്രാര്‍ഥിക്കുകയും
വ്രതമെടുക്കുകയും ഉപവസിക്കുകയും ഒക്കെ ചെയ്യുന്ന സ്ത്രീകള്‍ക്ക് മറ്റു മതങ്ങളില്‍ പെട്ട സ്ത്രീകളെ കഠിനമായി വെറുക്കാനും ‘ നശിച്ചു പോകട്ടെ ‘ എന്ന് ശപിക്കാനും ആയുധമെടുക്കാനും സാധിക്കുന്നതും അതുകൊണ്ടു
തന്നെയാവണം. സഹിഷ്ണുതയില്ലാത്ത വിശ്വാസം എത്ര വലിയ സാമൂഹിക
വിപത്തുകളെയാണുണ്ടാക്കുകയെന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ കാലങ്ങളില്‍
പൊട്ടിപ്പുറപ്പെട്ടിട്ടുള്ള എല്ലാ തരം വര്‍ഗീയ
കലാപങ്ങളും വിളിച്ചു
പറയുന്നുണ്ടല്ലോ.
ഇതുവരെ നമ്മുടെ
നാട്ടിലുണ്ടായ സകല മത വര്‍ഗീയ കലാപങ്ങളിലും ഏറ്റവുമധികം നഷ്ടപ്പെടേണ്ടി വന്നവര്‍ എന്നും സ്ത്രീകളായിരുന്നു. അവര്‍ക്ക് അച്ഛനും
സഹോദരനും ഭര്‍ത്താവും മക്കളും ധനവും വീടും മാത്രമല്ല നഷ്ടപ്പെടുന്നത്. ഓരോ കലാപവും
അതില്‍ അകപ്പെട്ടു പോകുന്ന
സ്ത്രീകളുടെ ആത്മാവിനെയും
മനസ്സിനെയും ശരീരത്തെയും കൂടി പിച്ചിച്ചീന്തിക്കളയുന്നു.
സ്ത്രീയുടെ ആത്മാവിനും മനസ്സിനും ഏല്ക്കുന്ന പരിക്കുകളെ സമൂഹം അത്ര
കാര്യമാക്കാറില്ലെങ്കിലും ശരീരത്തിന്റെ
പരിക്കുകള്‍ അവളുടെ മാനനഷ്ടത്തിന്റെ എന്നത്തേയുമുള്ള തെളിവുകളായി നിലനില്ക്കുന്നു.
ആ ഒറ്റക്കാരണം കൊണ്ടു തന്നെ സഹിഷ്ണുതയുടെ
പാഠങ്ങളും അന്തസ്സുറ്റ ജീവിതത്തിനുള്ള എല്ലാവരുടേയും തുല്യമായ അവകാശങ്ങളും ഒരുപക്ഷെ,
പുരുഷന്മാരേക്കാള് ഗൌരവത്തോടെയും ആത്മാര്‍ഥതയോടെയും
മനസ്സിലാക്കാനും സ്വയം പിന്തുടരാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും
സ്ത്രീകള്‍ക്ക് കൂടുതല്‍ ആര്ജ്ജവമുണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്. അന്യ വിശ്വാസികള്ക്കൊപ്പമാവുമ്പോള് മാത്രം
എല്ലാ മനുഷ്യരും സുലഭമായി പ്രകടിപ്പിക്കുന്ന പുരോഗമനവും യുക്തിവാദവും സംശയവും പോരാ, നമുക്ക് .
സ്വന്തം മതത്തിലും വിശ്വാസത്തിലും വന്നു കൂടിയേക്കാന്‍ സാധ്യതയുള്ള
മനുഷ്യത്വരഹിതമായതും സ്വാര്‍ഥത നിമിത്തം
ജീര്‍ണിച്ചു പോയതുമായ എല്ലാ നിലപാടുകള്ക്കുമെതിരാവണം നമ്മള് സ്ത്രീകള്‍. അനാദികാലം
മുതലേ പണവും മതങ്ങളും പൌരോഹിത്യവും
രാഷ്ട്രീയാധികാരങ്ങളും തമ്മില്‍ നിലനിന്നു പോരുന്ന പരസ്പര സഹായ സഹകരണ
ബന്ധത്തെക്കുറിച്ച് നമ്മള് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം.
ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം. സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം. ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല
ദൈവവിശ്വാസം.
നമ്മള് പെണ്ണുങ്ങള്‍ക്ക്
അങ്ങനെ തോന്നുന്നില്ലേ? തോന്നാറില്ലേ? ചിലപ്പോഴൊക്കെയെങ്കിലും....
29 comments:
വായിച്ചു.ചിന്തിപ്പിച്ചു.
സ്നേഹവും, മനുഷ്യത്വവും .... അതാവണം മതം ; അല്ലാതെ അസഹിഷ്ണുതയോടെ മറ്റുള്ളവന്റെ വിശ്വാസം നോക്കിക്കാണുകയും, തകർക്കാൻ ശ്രമിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുന്ന മൂഡ വിശ്വാസമാകരുത് മതം
ഏകത്വ ദര്‍ശനമാണ് എല്ലാ മതങ്ങളുടെയും കാതൽ. ഒരു മതത്തില്പ്പെട്ടവരെമാത്രം ശ്രേഷ്ഠമനുഷ്യരായി ദൈവം സൃഷ്ടിക്കുകയില്ല. കാരണം, എല്ലാ മതങ്ങളും കല്‍പ്പിക്കുന്ന ദൈവങ്ങള്‍ക്ക് മനുഷ്യനുള്ള അധമ വിചാരങ്ങളിലൊന്നായ “വിവേചനം” ഉണ്ടായിരിക്കാൻ സാധ്യതയില്ല. അതിനാൽ, ഈ ലോകവും അതിലെ മുഴുവൻ ജീവജാലങ്ങളും സൃഷ്ടിച്ച സൃഷ്ടാവിന് ഏകത്വ ദര്‍ശനമാണുള്ളത്. ഇത് ശരിയായി അറിഞ്ഞ, ഉറച്ച വിശ്വാസമുള്ള ആളുകളെയാണ് മതാചാര്യന്മാർ എന്ന് കരുതേണ്ടത്. മറ്റുള്ള ചിന്തകളെല്ലാം സ്ഥാപിതതാല്പര്യങ്ങളിലൂന്നിയുള്ളവയാണ്. ഇതാണ് മതങ്ങൾ മനുഷ്യരെ പഠിപ്പിക്കേണ്ടത്. അതിന് അനുഗുണമുള്ളതായിരിക്കണം വിദ്യാഭ്യാസം. മതവും വിദ്യാഭ്യാസവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ശരിയായ മതതത്വബോധവും ശരിയായ വിദ്യാഭ്യാസവും ലഭിച്ച വ്യക്തി ഉദാത്തമായ ഒരു സംസ്ക്കാരത്തിന്റെ ഉടമയായിരിക്കും. ഇതുതന്നെയാണ് ലൗകികജീവിതത്തിന്റെ പരമമായ ലക്ഷ്യവും.
"വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം. സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം. ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം."
അനാദിയായ ഇഷ്ട്ടം രേഖപ്പെടുത്തുന്നു.
ഞാന്‍ മനസ്സില്‍ ഉരുവിടാറുള്ള വാക്കുകള്‍....
വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം. സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം. ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം.ഇതിനു പ്രത്യേക മതവും ജാതിയും ഒന്നും വേണ്ട..അന്നും ഇന്നും ലോകത്തെ ഭരിക്കുന്നതു സ്ത്രീയാണ്.സ്ത്രീയൊടെ ദാനമാണ് പുരുഷൻ അത് കൊണ്ട് സ്തീകൾ ശക്തരാകുക..എല്ലാറ്റിനും എല്ലയിടത്തും......ആശംസകൾ
മതം സ്നേഹവും ,വിശ്വാസം ചിന്തകളും ആകട്ടെ
ആശംസകള്‍
Humanity is the lone religion.
All other religions are made to squeeze out any logical thought process, common sense and humanity out of mankind.
ആദ്യം വിശ്വസിക്കേണ്ടത് സംസ്കാരങ്ങളെ ആവണം.മതവും ജാതിയും വേറെ എന്തോ ആണ് .
നേരത്തെ വായിച്ചിരുന്നു. നല്ലത്.
നമ്മൾ പെണ്ണുങ്ങളും മനുഷ്യരല്ലേ? ഒറ്റപ്പെട്ടുപോകുമ്പോൾ കച്ചിതുരുംബുകളിൽ കേറി പിടിക്കുന്നു. പിന്നെ ഹിന്ദു ഉണർന്നാൽ എന്നു പ്രസംഗിക്കുന്നവരും സ്വയം ദൈവമാകുന്നവരും കുറേ ഫിലോസഫികൾ പുലമ്പി അവസാനം മതം മാറുന്നവരും കൃഷ്ണ ഭക്തകളും എല്ലാം നമ്മളിലും ഉണ്ട്. :)
എച്ചുമു കൈവെക്കാത്തത് ഇനി യുക്തിവാദം മാത്രമാണെന്ന് തോന്നുന്നു.
വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം...
ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം....
സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം....
ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം...
“മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി...“
ആദിമ കാലം തൊട്ടേ ദൈവ വിശ്വാസം ഉണ്ടായിരുന്നു.അന്നത്തെ ദൈവങ്ങള്‍ പ്രകൃതി ശക്തികളായിരുന്നു എന്നു മാത്രം. മനുഷ്യര്‍ക്ക് ദു:ഖവും വിഷമവും ഉള്ളിടത്തോളം കാലം ദൈവം നിലനില്ക്കും.രൂപവും ഭാവവും മാറിയേക്കാം,അത്രമാത്രം. ബഹുഭൂരിപക്ഷം പേര്‍ക്കും വിശ്വാസം ഒരു അത്താണിയാണ്.സമൂഹത്തിനും ദൈവവിശ്വാസം നല്ലതാണ്. മറ്റ് വിശ്വാസികള്‍ക്കെതിരെ ആയുധം എടുക്കാതിരുന്നാല്‍ മാത്രം മതി.
നെല്ലിയ്ക്കാച്ചാക്ക് അഴിച്ചുവിടുമ്പോലെയുള്ല പ്രാര്‍ത്ഥനകള്‍
ഒരിയ്ക്കലും ഇങ്ങോട്ട് മറുപടിയൊന്നും പറയാത്ത ദൈവം
പണത്തിന്റെ അളവ് നോക്കി പ്രസാദിക്കുന്ന മതം
മനുഷ്യത്വമാണെന്റെ മതം
മനുഷ്യനിലെ നന്മകളേയും, കര്‍മ്മശേഷിയെയും, അവന്റെ കൂട്ടായ്മകളെയും, ആത്മബലത്തേയും , വിജയങ്ങളേയും, പരാജയങ്ങളേയുമൊക്കെ മതവിശ്വാസത്തിന്റെ കണ്ണിലൂടെ കാണുന്ന രീതി നാം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. ഗോത്രവ്യവസ്ഥയുടെ കാലം തൊട്ട് മനുഷ്യനെ ചില കൂട്ടായ്മകളുടെ കണ്ണികളില്‍ യോജിപ്പിച്ചു നിര്‍ത്തുന്നതില്‍ മതങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പക്ഷേ വര്‍ഗബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നുചേര്‍ന്ന് സ്വന്തം നിലനില്‍പ്പിനായി പോരാടുന്നതില്‍ നിന്ന് മതങ്ങള്‍ മനുഷ്യനെ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്..... മതങ്ങളുടെ ശാസനകള്‍ക്ക് അപ്പുറത്ത് സ്വന്തം ഭൗതികാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഗവും തങ്ങളുടെ വിമോചനത്തിന്റെ വഴികള്‍ അന്വേഷിക്കുമ്പോഴേ അവര്‍ വിജയിക്കുകയുള്ളു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.....
വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം.
"മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി".
പക്ഷെ,ഇന്ന് പലര്‍ക്കും മതം മുകളില്‍ കേറാനുള്ള കോണിയാവണം..!!!
ആശംസകള്‍
കല...
മതം എല്ലാ വിധത്തിലുമുള്ള സ്വഭാവ രൂപീകരണത്തിനു കാരണമാകും. അതെങ്ങേന ഉൾകൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണത്. വിശ്വാസം രൂപീകരികക്പ്പെടുന്നത് പോലും അതിന്റെ അടിസ്ഥാനത്തിൽ ആണ്. അതുകണ്ടാണ് ഈ നാട്ടിൽ മത തീവ്രവാദം പോലും ശക്തിപ്പെടുന്നത്. എന്നാൽ സ്നേഹം എന്ന വാക്ക് മാറ്റി നിർത്തിയാൽ മതം വെറും മദം മാത്രമാണ്
ഹിന്ദു മത വിശ്വാസികള്‍ക്കൊപ്പം ചന്ദനവും ഭസ്മക്കുറിയുമായി അനവധി അമ്പലങ്ങളില്‍ ഞാന്‍ പ്രാര്ഥിച്ചിട്ടുണ്ട്. ക്രിസ്തു മത വിശ്വാസികള്‍ക്കൊപ്പം തലയില്‍ നെറ്റിട്ട് ഏറെ പള്ളികളില്‍ പോയി മുട്ടുകുത്തി കുരിശു വരച്ചിട്ടുണ്ട്. സിക്കുകാര്‍ക്കൊപ്പം തലമുടി മറച്ച് കുറേ ഗുരുദ്വാരകളില്‍ ഇരുന്ന് ഗുരു ഗ്രന്ഥ പാരായണം കേട്ടിട്ടുണ്ട്. അവരുടെ സമൂഹസദ്യയായ ലങ്കറില്‍ പങ്കെടുത്തിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ക്കൊപ്പം കുറച്ച് ദര്‍ഗകളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. എണ്ണത്തില്‍ നന്നെ കുറവെങ്കിലും ചില ബുദ്ധവിഹാരങ്ങളിലും ജൈന ആരാധനാലയങ്ങളിലും കടന്നു ചെല്ലാനും സാധിച്ചിട്ടുണ്ട്. .....
എനിക്ക് അസൂയ തോന്നുന്നൂൂ,,,
ഞാനെന്റെ മനസ്സിന്റെ ഉള്ളിൽ ഇരിക്കുന്ന ദൈവത്തെ പ്രാർത്ഥിക്കുന്നു....
" വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം. സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം. ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം....."
ഇതിലും കൂടുതല്‍ ഞാനെന്തു പറയാന്‍ !
അസ്രൂസാശംസകള്‍
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ ........
സ്ത്രീകൾക്കാണ് പ്രര്തിക്കാൻ കൂടുതൽ സമയം കിട്ടുക.
അത് കൊണ്ടാവാം ചേച്ചി ...
മതം നമ്മളെ തളചിട്ടിരിക്കുക ആണ്
വലിയ ഒരു കൂട്ടര് അതിനു വേണ്ടി ഓരോ മതങ്ങളിലും
പ്രവര്‍ത്തിക്കുന്നുണ്ട് .നമ്മൾ കാണുന്നത് അമ്പലമാകട്ട്റെ
പള്ളി ആകട്ടെ ...അവിടെ ദൈവം മാത്രം അല്ല .നമ്മടെ
കാലുകളിൽ കാണാചങ്ങലയിടാൻ മത പുരോഹിതർ ഉണ്ട് ..
നല്ല പോസ്റ്റ് എച്ചൂസ് മി ...
വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം. സഹിഷ്ണുതയാണ് ഏറ്റവും നന്മയുള്ള ആചാരം. ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം.
അവരവരുടെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് തമ്മിൽ തല്ലുന്ന, പരസ്പരം ചെളി വാരിയെറിയുന്ന സോ കോൾഡ് വിശ്വാസികൾ ഈ ലളിതമായ വാക്കുകൾ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ... ഇല്ല... ഒരു പ്രതീക്ഷയുമില്ല... ഇവിടെ ആരേലും എന്നേലും നന്നാവുമോ...? എവിടെ...?
മുകളിൽ പറഞ്ഞതോക്കെയെ എനിക്കും പറയാനുള്ളൂ ... മതം സംസാരിക്കാൻ എനിക്ക് താല്പര്യക്കുരവുമുണ്ട് ..
എന്നാൽ നല്ല സന്ദേശങ്ങൾ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യും !
ഏതായാലും നല്ലത് ''' എന്ന് കാണുന്നു :)
ഞാനുള്‍പ്പെടുന്നതും എന്റെതായതും മാത്രം - സത്യം !!!!
തീർച്ചയായും വളരെ ലളിതമായി ആര്‍ക്കും കാണാവുന്ന എന്നാൽ ഏറെ പ്രസക്തമായ നിരീക്ഷണം ആണ് എച്മു ഈ ലേഖനത്തില മുന്നോട്ടു വക്കുന്നത് .. ഈ ചിന്തകള്‍ എന്നെ എന്റെ സ്കൂൾ കോളേജു കാലത്തേക്ക് കൊണ്ട് പോകുന്നു. എന്ത് കൊണ്ടെന്നാൽ , ലോകത്തെ കൌതുകത്തോടെയും നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സമയം കണ്ടെത്തിയിരുന്ന ആ നാളുകളിൽ പ്രസ്തുത ചിന്തകളാൽ അന്നും പല തവണ മനാസിലൂടെ കടന്നു പോകുകയും പിനീട് അതിൽ കൌതുകം ഒട്ടുമില്ല എന്നാ അവസ്ഥയില എത്തി ചേരുകയും ചെയ്തു .. പൊതുവിൽ വളരെ ലളിതമായ ഒരു വസ്തുത മാത്രമാന് , വിശ്വാസത്തിന്റെ മനശാസ്ത്രത്തിനു പിന്നിൽ . സ്ത്രീകൾ പുരുർഷന്മാരെക്കാൾ അടിയുറച്ച വിശ്വാസം പ്രകടമാക്കുന്നു എന്നാ സത്യത്തിനു പിന്നിലുലുൽ ഉള്ളത് വിശ്വാസത്തിന്റെ അട്സിഥാന പ്രമാണം തന്നെ ആണ് ..വിസ്താര ഭയത്താൽ ഇതിനെ കുറിച്ച് കൂടുതൽ വിശദീകരിച്ചു ഈ കൊച്ചു കമന്റു വിപുലമാക്കുന്നില്ല .. ചുരുക്കി പറയട്ടെ , വിശ്വാസത്തിനു പിന്നിലെ മനശാസ്ത്രം ഭയം , അസുരക്ഷാവസ്ഥ , ആശ്രയത്വം , ദുരബലമാനസികാവ്സ്ഥ , പ്രതീക്ഷ , സ്വാര്തത തുടങ്ങിയ അടിസ്ഥാന ചോദനകളിൽ നിന്നാണ് . പല ആളുകളിൽ തമ്മിൽ തമ്മിലും ( ഉദാ രാമൻ , രഘു ) പല ഉപ മനുഷ്യ വിഭാഗിലും ( മനുഷ്യരിൽ തന്നെ, ഉദാ സ്ത്രീ ,പുരുഷൻ ) തമ്മിൽ തമ്മിലും മേല വിവരിച്ച അടിസ്ഥാന ചോദനകൾ വിഭിന്നാമായി കിടക്കുന്നു ) അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ട് എന്ന് .കാണാം ( അളവിൽ ) . അത് പോലെ പുരുഷന്മാര , സ്ത്രീകള്‍ എന്നിവർക്കിടയിൽ തന്നെ വ്യഖികൾ തമ്മിൽ ഇനിയും ഭിന്നമായ അളവിൽ വിശ്വാസ തീവ്രത കാണാം ) ..
നിരത്തട്ടെ " ഇത്ര മാത്രം . സ്വാര്ധത എന്നത് ഒരു അടിസ്ഥാന ജീവന ഉപാധിയായിരുന്നു അത് ഇപ്പോഴും അങ്ങനെ തന്നെ. സ്വാര്തത എന്നാ ഗുണം നമ്മുടെ ജീനുകളിൽ ഇല്ലായിരുന്നു എങ്കിൽ നമ്മുടെ പൂരിവികനമാർ ആയ കപി ശ്രേഷ്ടന്മാരും ആദി മാനവരും മറ്റും മറ്റും അനേക വംശങ്ങല്ക്ക് മുൻപ് കുറ്റി അറ്റ് പോകുമായിരുന്നു സ്വാര്തത അതിജീവനതിനുള്ള നിലനില്പ്പിൽ അവര്‍ക്ക് ആവശ്യം വേണ്ടതായ 'ഗുണം' ആയിരുന്നു! .. ആ സ്വാര്തത നമ്മിൽ ഇപ്പോഴും അവശേഷിക്കുന്നു ഒപ്പനം അതിജീവനം സ്വഭാവികമാകുമോ എന്നാ ഭയവും. അത് കൊണ്ട് തന്നെ നമ്മൾ " എന്റെ ഭഗവാനെ ", " എന്റെ ദൈവമേ" എന്നെല്ലാം വിളിക്കുന്നു " :)
സ്വാര്തതയും , അതിജീവന ഭയവും സ്ഥായിയായി നില നിലക്കാത്ത , ക്രമാനുഗതമായി ഇല്ലാതാകുന്ന ഒരു ലോകത്ത് മാത്രമേ താൻ , തനിക്ക് ബാഹ്യമായ ലോകത്ത് ദൈവത്താൽ സംരക്ഷിക്കപ്പെടേണ്ട ആവശ്യകത ഇല്ലാതാകുകയുള്ളൂ .. , ലൈംഗിക വസ്തുക്കള വേട്ടയാടപ്പെടുന്ന ആയി സ്ത്രീകളും , ആന്തരിക സ്വാര്തത നിര്‍മ്മിക്കുന്ന ശത്രുബോധാതാൽ (ആശയ- മതപര -വ്യക്തിഗത ) പരസ്പരം വേട്ടയാടപ്പെടുന്ന പുരുഷന്മാരും നില നില്ക്കുന്ന നമ്മുടെ ലോകത്ത് നമ്മെ സംരക്ഷിക്കാനൊരു ദൈവം ഭൂരിപക്ഷം പേരുടെയും മനശാസ്ത്രപരം ആയ ആവശ്യമാണ്. ഇക്കൂട്ടത്തിൽ ജനിതമാകായി തന്നെ സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്ന സ്ത്രീക്ലല്ക്ക് ആ ബോധം സ്വാഭാവികമായി കൂടുതലായി വരുന്നു എന്ന് മാത്രം. വളരെ എളുപ്പം ചൂഷണം ചെയ്യപ്പെടുന്ന ഈ ആശ്രയ ബോധം മുതലാക്കാൻ ഇന്ന് സാധ്യതകൾ ഏറെയാണ് .
യുക്തി പൂരവ്വം ചിന്തിക്കുന്ന ഒരാളിന് ഇതിന്റെ ആന്തർ തലങ്ങൾ നോക്കിക്കാണാൻ പ്രയാസമില്ല പക്ഷെ പരിഹാരങ്ങൾ പരിഹാരങ്ങൾ ഒട്ടു സാധ്യമല്ല കാരണം മനുഷ്യൻ അങ്ങനെ ഒക്കെ ആണ് .സ്വയം ചൂഷണം ചെയ്യപ്പെടുന്നു എന്നറിഞ്ഞിട്ടും ..ആ ചൂഷണത്തിൽ പങ്കാളിയാകുക എന്നത് പ്രകൃതി നിയമം ആണ്.. ഇക്കാര്യത്തിൽ ഇതര ജീവ ജാലങ്ങളിൽ നിന്നും നമ്മൾ വ്യത്യസ്തർ അല്ല തന്നെ - ഹഹഹ ! :)
പ്രാര്‍ഥനകളിലും വ്രതങ്ങളിലും പൂജകളിലും ഉപവാസങ്ങളിലും പ്രസാദിച്ച് തങ്ങളുടെ ദൈവം തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും കാവലായിത്തീരുമെന്ന് തന്നെ, പ്രാര്‍ഥിക്കുന്ന ഭൂരിഭാഗം സ്ത്രീകളും കരുതുന്നു.
ശരിയാണ്.. ഭർത്താവിനും ദൈവ വിശ്വാസമില്ലാത്ത, ഉണ്ടെങ്കിലും ഇല്ല എന്ന് ഭാവിക്കുന്ന മക്കൾക്ക് വേണ്ടിയും അവരെ നേരെ നയിക്കാൻ വേണ്ടിയും ആകാം ആ പ്രാര്‍ത്ഥന
വായിച്ച എന്റെ കൂട്ടുകാര്‍ക്കെല്ലാം നന്ദി..
Post a Comment