രാമേശ്വരത്തെയും ധനുഷ്ക്കോടിയിലേയും സ്നാനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുണ്യം മുഴുവനായും ലഭ്യമാകൂ എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് രാമേശ്വരത്ത് വരുന്നവരെല്ലാം ഇരുപതില്‍ താഴെ കിലോ മീറ്ററുകള്‍ സഞ്ചരിച്ച് ധനുഷ്ക്കോടിയിലും പോകാറുണ്ടത്രേ.
പുണ്യത്തേക്കാള്‍ വലുതൊന്നുമില്ലെന്ന്
പുഞ്ചിരിയുടെ നെറ്റിയില്‍ ഭസ്മം പുരട്ടിത്തന്ന ഭിക്ഷക്കാരിയായ പാട്ടി പറഞ്ഞു. ഞാന്‍ അഞ്ചു രൂപ
കൊടുത്തപ്പോള്‍ പാട്ടി ചിരിയോടെ പണം
നിരസിക്കുകയായിരുന്നു . ..
‘ ഭഗവാനെ
വേണ്ടിക്കോ .... അവനെല്ലാം കാപ്പാത്തട്ടും’
എന്ന്
പറഞ്ഞപ്പോള്‍... ഞങ്ങളും പോയി.
സ്ട്റോളര്
വണ്ടിയില്‍ എടുത്ത് വെച്ച് ഞാനും അവളും
വണ്ടിയിലിരുന്ന്... അവള് കൈകാലുകള്‍
അകറ്റിയും അടുത്തും പിടിക്കുവാന്‍ ശ്രമിച്ചു.
ഒന്നിലും ഉറയ്ക്കാത്ത ആ കൊച്ചു തല കുഴഞ്ഞു വീണുകൊണ്ടിരുന്നു.
അങ്ങനെ
കുടുങ്ങിക്കുടുങ്ങി... ഞാനും അവളെപ്പോലെ
ആടിയുലയുമ്പോള്‍ പുഞ്ചിരി ഊം ഊം എന്ന് മൂളി മൂളി ....
1914 ല്‍ പണി തീര്‍ത്ത പാമ്പന്‍ പാലം ധനുഷ്കോടി
വരെയുണ്ടായിരുന്നുവത്രെ... അത് പാമ്പന്‍ സ്റ്റേഷനില്‍ നിന്ന് വഴി പിരിഞ്ഞു
പോവുകയായിരുന്നു.ഒരു വഴി
രാമേശ്വരത്തേക്കും മറുവഴി
ധനുഷ്ക്കോടിയിലേക്കും. ഈ പാലത്തിലൂടെ 1915 മുതല്‍ 1964 വരെ മദ്രാസിലെ എഗ്മോര്‍ സ്റ്റേഷനില്‍ നിന്ന് ബോട്ട് മെയില്‍
തീവണ്ടി ധനുഷ്ക്കോടിയിലേക്ക് യാത്ര
ചെയ്തു പോന്നു . രാമേശ്വരം തുരുത്തിന്റെ ഏറ്റവും തെക്കേ അറ്റത്തായ
ധനുഷ്ക്കോടി ബ്രിട്ടീഷുകാരുടെ
കാലത്ത് പ്രധാനപ്പെട്ട ഒരു പട്ടണമായിരുന്നു.
ഒരു വശത്ത് ഇന്ത്യന്‍ മഹാസമുദ്രവും മറുവശത്ത് ബംഗാള്‍ ഉള്‍ക്കടലുമുള്ള ധനുഷ്ക്കോടിയില്‍ നിന്ന് ശ്രീലങ്കയിലേക്ക് വെറും
മുപ്പത്തൊന്നു കിലോ മീറ്റര്‍ ദൂരം
മാത്രമേയുള്ളൂ. ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ധനുഷ്ക്കോടിയില്‍ നിന്ന് സ്റ്റീമറുകള്‍ സഞ്ചരിച്ചിരുന്നു. ഒപ്പം ധാരാളം ചരക്കുകളും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. റെയില്‍വേ
സ്റ്റേഷനും ഭേദപ്പെട്ട റോഡുകളും പള്ളിയും
ആശുപത്രിയും സ്കൂളുമുണ്ടായിരുന്നു. ഒരു പോസ്റ്റ് ഓഫീസും കൂടാതെ കസ്റ്റംസിന്റെയും തുറമുഖത്തിന്റേയും ഓഫീസുകളുമുണ്ടായിരുന്നു. 1897
ല്‍ സ്വാമി വിവേകാനനന്ദന്‍ തന്റെ യു എസ് പര്യടനം കഴിഞ്ഞ് ഇന്ത്യയിലെത്തിയത്
ധനുഷ്ക്കോടി വഴിയായിരുന്നു.
രാമേശ്വരത്ത്
നിന്ന് കോദണ്ഡ രാമക്ഷേത്രം വഴിയാണ്
ധനുഷ്ക്കോടിയിലെത്തുന്നത്. വിഭീഷണനെ ലങ്കാധിപതിയായി ശ്രീരാമന് വാഴിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.
അമ്പലത്തില്‍ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാല്‍ ധനുഷ്ക്കോടി
ബീച്ച് ആയി.
എല്ലാമുണ്ടായിരുന്ന തിരക്കും ബഹളവും
നിറഞ്ഞിരുന്ന ധനുഷ്ക്കോടിയില്‍ ഇപ്പോള്‍ കഷ്ടിച്ച് മുന്നൂറിലധികം
മനുഷ്യരാണുള്ളത്; പരമദരിദ്രരായ മുക്കുവര്‍. ചുവപ്പു
രാശിയില്‍ , മണലില്‍ പറ്റി നിലം പടര്‍ന്നു വളരുന്ന ഒരു
കള്ളിച്ചെടിയും മുള്‍പ്പടര്‍പ്പുകളുമാണ്
ധനുഷ്ക്കോടിയിലും പരിസരത്തിലും ആകെയുള്ള ചുവന്നു പച്ചച്ച സസ്യസമൃദ്ധി. വരുന്ന ടൂറിസ്റ്റുകളെ, അതി ഭയങ്കരമായി ശബ്ദമുണ്ടാക്കുകയും കടല്‍
വെള്ളത്തിലും മണല്‍ക്കുന്നുകളിലും ഒരു
പോലെ സഞ്ചരിക്കുകയും ചെയ്യുന്ന പുരാതനമായ ടെമ്പോകളില്‍ ധനുഷ്ക്കോടി
കാണിക്കുന്നതാണ് മീന്‍ പിടുത്തത്തിനു പുറമേ പുരുഷന്മാരുടെ ജോലി. സ്ത്രീകള്‍ പച്ചയും ചുവപ്പുമായ പ്ലാസ്റ്റിക് കുടങ്ങളുമേന്തി വെള്ളമന്വേഷിച്ചു പോകുന്നുണ്ടായിരുന്നു.
ചില സ്ഥലങ്ങളില്‍ ആഴമില്ലാത്ത മണല്ക്കുഴികളില് നിന്ന് ഉപ്പില്ലാത്ത വെള്ളം കിട്ടുമെന്ന് അവര്‍
പറഞ്ഞു. നീച്ചല്‍ കാളിയുടെ കിണറിനെക്കുറിച്ചും അവര്‍ പറയാതിരുന്നില്ല. ശ്രീലങ്കയിലേക്കും
തിരിച്ച് ധനുഷ്ക്കോടിയിലേക്കും
പലവട്ടം നീന്തിയിട്ടുള്ള അദ്ദേഹത്തിനു എം
ജി ആര് നേരിട്ട് വന്ന് അവാര്‍ഡ് കൊടുത്തിട്ടുണ്ടത്രേ. വൃദ്ധനായ നീച്ചല്‍ കാളി
വെള്ളം എല്ലാവര്‍ക്കുമാണെന്ന് കരുതുന്ന
വെള്ളത്തിനു പകരം ഒന്നും
ആവശ്യപ്പെടാത്ത ‘കടവുള്‍ മാതിരി ഒരു മനിതന്.' ! ഝാര്‍ഖണ്ഡിലും
രാജസ്ഥാനിലും ഗുജറാത്തിലെ കച്ചിലുമെല്ലാം മൂന്നും നാലും പിച്ചളക്കുടങ്ങളോ മണ്‍കുടങ്ങളോ
തലയില്‍ച്ചുമന്നു നടന്നു പോകുന്ന സ്ത്രീകളില്‍ നിന്ന് ഇവരുടെ വ്യത്യാസം തൊലിയുടെ കടും കറുപ്പ് വര്‍ണത്തിലും ഒക്കത്തു കുടം വെയ്ക്കുന്ന രീതിയിലും മാത്രമാണ് . ക്ലേശം
ഒന്നു പോലെ ചാലുകളായി എല്ലാ മുഖത്തും ഒരേ
കഥയെഴുതുന്നു.
പ്രകാശ് എന്ന് പേരുണ്ടെങ്കിലും ഒരു പ്രകാശവുമില്ലാത്തവനായിരുന്നു ഞങ്ങള്‍ക്കൊപ്പം
ആ അലറുന്ന പൊളിഞ്ഞിളകുന്ന ടെമ്പോയില്‍
കൂടെ വന്ന പതിനഞ്ചുകാരന്. അവനെ നോക്കിയും
അവള് പുഞ്ചിരിച്ചു. അവന് അതൊന്നും ഒട്ടും തന്നെ
ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാലും കുറച്ചു കഴിഞ്ഞപ്പോള്‍ അവന് അവള്‍ക്ക്
കക്കകളും ചിപ്പിയും പെറുക്കിക്കൊടുത്തു. അതിലൊന്നു പോലും അവളുടെ വിറച്ചു തുള്ളുന്ന കൈവെള്ളയില്‍ വെയ്ക്കാന്‍ അവനോ എനിക്കോ കഴിഞ്ഞില്ല.
അപ്പോള്‍ എത്ര മിനിറ്റുകളിലെ നിശ്ചലതയാവും
അവളൂടെ മുലക്കണ്ണുകളെ വെറുക്കനെ വെറുക്കനെ
കറുപ്പിച്ചതെന്നോര്ത്ത് എന്റെ ഹൃദയം തുണ്ടുകളായി പൊട്ടിയടര്‍ന്നു.
പത്ത്... പത്ത് മിനിറ്റ്
.... അത്രയും മതിയെന്നല്ലേ....
ഞങ്ങളുടെ ഈ ജീവിതത്തില്‍ നിന്ന് ഏതെങ്കിലും ഒരു കടലെടുക്കേണ്ടിയിരുന്ന ആ മിനിറ്റുകള്‍... ഒരു
കാലമാപിനിയിലും ഒരിക്കലും അടയാളപ്പെടാന്‍ പാടില്ലാത്ത ആ മിനിറ്റുകള്‍.. പുഞ്ചിരിയുടെ
ദുര്‍ബലമായ ദേഹം, ഭാരം
താങ്ങി തളര്ന്നിരിക്കാവുന്ന ആ
മിനിറ്റുകള്‍....
ഓര്‍ക്കുന്തോറും എന്റെ
കണ്ണുകളില്‍ രക്തം ആവിയായി ഉയര്‍ന്നു.
അമ്മയാകുന്നത് എത്ര കഠിനവും എത്ര ദയനീയവുമാണെന്ന്.....
കടല്‍വെള്ളത്തില്‍ കഴുകിയ ശംഖ് പ്രകാശ്
ചെവിയിലമര്ത്തിയപ്പോള് പുഞ്ചിരി
വായ് മലര്‍ക്കേ തുറന്നു ചിരിച്ചു. അതിനു ശേഷമാണ്
കൂട്ടത്തില്‍ നിന്നടര്‍ന്നു
പോയി അനാഥമായി തീരത്തടിഞ്ഞ
പവിഴപ്പുറ്റുകളെ കാണിച്ചു തന്നുകൊണ്ട് അവന് പറഞ്ഞത് .
‘ഇത് യാര്ക്കും വേണ്ടാതവര്‍’
1964ല്‍ വീശിയടിച്ച കൊടുങ്കാറ്റിനെപ്പറ്റി മുതിര്‍ന്നവര്‍ പറഞ്ഞു കേട്ട ഓര്‍മ്മകളുണ്ട് പ്രകാശിന്.
1948 ല്‍ ഉണ്ടായ ഭൂചലനത്തില്‍ തന്നെ ഗള്‍ഫ് ഓഫ് മാന്നാറിനെ
അഭിമുഖീകരിക്കുന്ന ധനുഷ്ക്കോടിയുടെ
കുറെയേറെ ഭാഗം കടലില്‍ മുങ്ങിപ്പോയിരുന്നു.
അനവധി ആരാധനാലയങ്ങളൂം വീടുകളും
റോഡുകളും തഞ്ചാവൂര്‍ രാജാവിന്റെ ധര്‍മ്മശാലയും എല്ലാം അന്നു കടല്‍
വിഴുങ്ങിയിരുന്നു. അതിനു ശേഷം പതിനാറു കൊല്ലം കാത്തിരുന്ന ആര്‍ത്തിയുടെ വിശപ്പുമായി
കടല്‍ 1964ല്‍ വീണ്ടും ധനുഷ്ക്കോടിയെ
വിഴുങ്ങാനെത്തി. നമ്മുടെ നാട്ടില്‍
തീരെ അപരിചിതമായ ഒരു പ്രതിഭാസമായിരുന്നു ആ
കൊടുങ്കാറ്റ് . വടക്കു പടിഞ്ഞാറന്‍ ശാന്തസമുദ്ര മേഖലയിലാണത്രെ ഇമ്മാതിരിയുള്ള കൊടുങ്കാറ്റുകള്‍ ഉണ്ടാവുക.
ശ്രീലങ്കന്‍ തീരം കടന്ന് ഡിസംബര്‍ 22 നു പാതിരാത്രിയിലെത്തിയ
കൊടുങ്കാറ്റ് ധനുഷ്ക്കോടിയെ അക്ഷരാര്‍ഥത്തില്‍
ഒരു പ്രേതനഗരമാക്കി മാറ്റി. ധനുഷ്ക്കോടിയുടെ പ്രതാപമെല്ലാം പൊടുന്നനെയുള്ള കടലിന്റെ
രോഷപ്രകടനത്തില്‍ അസ്തമിച്ചു. റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന നമ്പര്‍ 653 പാമ്പന്‍
ധനുഷ്ക്കോടി പാസഞ്ചര്‍ ഈ കൊടുങ്കാറ്റില്‍ പെട്ട് നൂറ്റിപ്പതിനഞ്ചു മനുഷ്യജീവനൊപ്പം
കടലിന്റെ അഗാധതയിലേക്ക് താഴ്ന്നു. നാല്പത്തെട്ട്
മണിക്കൂറുകള്‍ക്കു ശേഷമാണ് ഈ വിവരം പുറം
ലോകം അറിയുന്നത് തന്നെ. വീടുകളും മറ്റ്
എടുപ്പുകളും പള്ളിയും റെയില്‍വേ സ്റ്റേഷനും ഓഫീസുകളും റോഡുകളും എല്ലാം നശിച്ചു.
ഏകദേശം രണ്ടായിരത്തോളം മനുഷ്യര്‍ ഇരമ്പിക്കയറിയ കടല്‍ വെള്ളത്തില്‍ ജീവന്
വെടിഞ്ഞു. ഇത് ഇരുപതാം നൂറ്റാണ്ടില്‍
ഏഷ്യയിലുണ്ടായ ഏറ്റവും ഭീകരമായ കൊടുങ്കാറ്റായിരുന്നു.
തമിഴ്നാട്
സര്‍ക്കാര്‍ അപ്പോഴാണ് ധനുഷ്ക്കോടിയെ
പ്രേതനഗരമെന്ന് ഔദ്യോഗിക നാമകരണം
നടത്തിയത്. ആ നാമകരണത്തിനു ശേഷം ധനുഷ്ക്കോടിയെ സര്‍ക്കാര്‍ പൂര്‍ണമായും മറന്നു കളഞ്ഞു. ചില പേരുകള്‍, ചില വിശേഷണങ്ങള്‍ ഇതൊക്കെ കൊടുത്താല്‍
മതി..... ബാക്കിയായവരെല്ലാം ആ പേരുകളോ
വിശേഷണങ്ങളോ ഉരുവിട്ട് ജീവിച്ചു കൊള്ളുമെന്ന് ഭരിക്കുന്നവര്‍ക്കെന്നും
അറിയാം... അല്ലെങ്കില്‍ അത്തരം അറിവുകള്‍ ഉള്ളവരേ
ലോകം ഭരിച്ചിട്ടുള്ളൂ.
2004ല്‍ സുനാമി വരുന്നതിനു തൊട്ടു മുന്‍പ്
ധനുഷ്ക്കോടിയുടെ തീരപ്രദേശത്തു നിന്ന് കടല്‍ കുറെ ദൂരം ഉള്ളിലേക്ക്
വലിയുകയുണ്ടായി. കടല്‍ നേരത്തെ ഉപ്പിലിട്ട
കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളെ മുതിര്‍ന്നവരില്‍ പലരും
അന്ന് കാണുകയുണ്ടായെന്ന് പ്രകാശ് പറയാതിരുന്നില്ല.
ശ്രീരാമനും
വാനരസേനയും കൂടി പണിത പാലമെവിടെ
എന്നു ചോദിച്ചപ്പോള്‍ അവന് ചിരിച്ചു. ഒരു തരം ഒതുക്കിവെച്ച പരിഹാസത്തിന്റെ മുനയുള്ള ചിരി.
ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് സത്യമായി
അനുഭവപ്പെട്ട കൊടുങ്കാറ്റിന്റെ തെളിവുകളേക്കാള്‍ ദിവ്യമെന്ന് പറഞ്ഞു കേള്പ്പിക്കപ്പെട്ടിട്ടുള്ള ആ
പാലത്തിന്റെ ദര്‍ശനമാണ് സന്ദര്‍ശകരുടെ ഒരു പ്രധാന കൌതുകം. ധനുഷ്ക്കോടിയില്‍
നിന്ന് തലൈ മന്നാര്‍ വരെയുള്ള ദൂരം
അനവധി ചുണ്ണാമ്പ് കല്ലുകളുടെ ഒരു ചങ്ങലയായി മാറിയതാണ് രാമസേതു. പവിഴപ്പുറ്റുകളില്‍ മണല്‍
നിറഞ്ഞ് ഇവിടം ഒരു ഉയര്‍ന്ന തിട്ടയായി രൂപം കൊണ്ടു. ഇതിന്റെ പലഭാഗങ്ങളിലും ജലനിരപ്പില്‍ നിന്നുള്ള
ആഴം വളരെ കുറവാണത്രേ. ധനുഷ്ക്കോടിയുമായി ചേരുന്ന ഭാഗത്തുള്ള തിട്ടയിലെ വിടവ് സുരക്ഷാ കാരണങ്ങള്‍ കൊണ്ട് ശ്രീരാമന് തന്നെ
വില്ലുകൊണ്ടിളക്കിക്കളഞ്ഞതാണെന്നും വിശ്വസിക്കപ്പെട്ടു പോരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന
കല്ലുകള്‍ ധനുഷ്ക്കോടിയിലും പരിസരത്തിലും
ധാരാളമായുണ്ട് . അതിലൊരു കല്ല് ഇരുമ്പ് പൂട്ടൊക്കെയിട്ട് രാമസേതുവിലെ
കല്ലാണെന്ന വിജ്ഞാപനത്തോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ശ്രീരാമന് ധനുഷ്ക്കോടിയില്‍ നിന്നാണ് വില്ലു നിലത്ത് കുത്തി ഞാണേറ്റി സേതു
ബന്ധനത്തിന് അനുവാദം നല്‍കാതിരുന്ന വരുണനെ കണ്ണും ചുവപ്പിച്ച് വിരട്ടിയതത്രേ!
ഒരു നഗരം അന്ത്യശ്വാസം വലിച്ചതിനെക്കുറിച്ച്
.. ഒരു നഗരത്തെ കടല്‍ തന്നില്‍ അലിയിച്ചു
ചേര്‍ത്ത തിനെക്കുറിച്ച് പ്രകാശ്
പിന്നെയൊന്നും പറഞ്ഞില്ല.
ഇവിടെ അരിച്ചില്‍ മുനയെന്ന കടല്‍ത്തീരത്തില്‍, ഞങ്ങളൂടെ
കണ്മുന്നില് ഭൂമി
അവസാനിക്കുകയാണ്..ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഇവിടെ
ഒന്നിക്കുന്നു.
മനുഷ്യന്റെ എല്ലാ നേട്ടങ്ങളേയും എല്ലാ
കോട്ടങ്ങളേയും ഒരു തമാശയോടെ നോക്കിക്കാണുകയാവുമോ ഈ കടല്പ്പരപ്പ് ? രാമേശ്വരത്തു നിന്ന് പൂജാരിമാരെകൊണ്ടു വന്ന്
ശിവലിംഗം നിര്‍മ്മിച്ച് പൂജകള്‍ അര്‍പ്പിച്ച് മോക്ഷപ്രാപ്തി നേടുന്ന ഇന്നത്ത
മനുഷ്യരും പണ്ടു ഈ കടല്ക്കരയില്
നിന്ന് വില്ലു കുലച്ച ശ്രീരാമനും തകര്‍ന്നു
കിടക്കുന്ന രാമസേതുവും പുഞ്ചിരിയും
നീയും അവനും കരയും മണലും മുള്‍പ്പടര്‍പ്പും സമസ്ത ദോഷങ്ങളും എല്ലാം എനിക്കൊന്നെന്ന് പറയുകയാവുമോ? അതുകൊണ്ടായിരിക്കുമോ ഈ നിസ്സംഗത.... ഇത്ര അഗാധമായ നീലിമ...
ഡോക്ടറുടെ ഉപദേശം അനുസരിക്കാന്‍ ഞാന്‍ ആ നിമിഷമാണ് തീരുമാനിച്ചത്.
ചില ഡോക്ടര്‍മാര്‍ അങ്ങനെയാണ്. ശിവ
ദൂതരെപ്പോലെ ... ശിവ ദൂതര്‍ ഒരിയ്ക്കലും
സംഹാരത്തിനെ ഭയപ്പെടാറില്ലല്ലോ. സംഹാരം അവതാര ഉദ്ദേശമാകുമ്പോള്‍ എല്ലാ ഭയവും ഇങ്ങനെ
നീലക്കടലെടുത്തു പോകുമായിരിക്കാം.
അതെ, സ്പന്ദിച്ചു തുടങ്ങിയിരിക്കുന്ന
ഒരു അപരിചിതമായ ബിന്ദുവിനെ പുഞ്ചിരിയുടെ
ശരീരത്തില്‍ നിന്ന് എന്നേക്കുമായി
വേണ്ടെന്ന് വയ്ക്കാന്‍ എനിക്ക്
ധൈര്യം കിട്ടിയത് ആ നിമിഷത്തിലാണ്.
പണ്ടത്തെ
പാസ്പോര്‍ട്ട് ഓഫീസിനടുത്ത് നിന്ന്
ഏകാകിയായ ശിവലിംഗം പുഞ്ചിരിയോട്
മന്ദഹസിച്ചുവോ? ഒന്നും സാരമില്ലെന്ന് എന്നോട്
കണ്ണിറുക്കിയോ? എല്ലാ
ശ്രീയും വാര്‍ന്നു പോയൊരു ഇടത്ത് നിരന്തരമായ തോല്‍വികളില്‍ ബാക്കിയായവര്ക്കൊപ്പം ഉറച്ചു നില്‍ക്കുന്നവര്‍ക്കല്ലേ ഇങ്ങനെ ഉദാരമായി പുഞ്ചിരിക്കാന്‍
കഴിയുക .... വിരല്‍ത്തുമ്പില്‍
തണുപ്പാകാന്‍ കഴിയുക.... നീച്ചല്‍ കാളിയുടെ വറ്റാത്ത കിണറിനെപ്പോലെ...
പൊളിഞ്ഞ റെയില്‍വേ സ്റ്റേഷന്റേയും റെയില്പ്പാളത്തിന്റെയും
റോഡിന്റേയും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ധനുഷ്ക്കോടിയിലെ, കടല്‍ക്കാറ്റ് എന്നെയും പുഞ്ചിരിയേയും പ്രകാശിനേയും അടിച്ചു പറത്തുവാനെന്ന പോലെ ചീറിക്കൊണ്ടിരുന്നു.
ഞാന്‍ സല്‍വാര്‍ മുട്ടുവരെ ചുരുട്ടിക്കയറ്റി വെച്ച് കടല്‍വെള്ളത്തില്‍ കാല് നനച്ചു.
അപ്പോഴാണ് കടല്‍ കയറി വന്ന് പുഞ്ചിരിയോട്
കുശലം ചോദിച്ചത്. ധനുഷ്ക്കോടിയുടെ കടലിനു കൊഞ്ചല് വശമില്ലെന്ന് മനസ്സിലാക്കാന്‍ ഞാനിത്തിരി വൈകിപ്പോയി.
കൊച്ചുവര്‍ത്തമാനം ഒട്ടും പറയാനറിയാത്ത കടലും
ഒരക്ഷരം പറയാനാവാത്ത പുഞ്ചിരിയും തമ്മില്‍ പരിചയപ്പെടുകയായിരുന്നു. കഥകള്‍ കൈമാറുകയായിരുന്നു.
ഉപ്പുവെള്ളത്തില്‍ കുതിര്‍ന്ന പുഞ്ചിരി, അവളുടെ കോടിയ വായില്‍ തികട്ടിയ പിത്തനീര്
കടലിനു മടക്കിക്കൊടുത്തു.
ഒരു മാത്ര സ്തംഭിച്ചു നിന്നിട്ട് , അവളെ നിര്‍ന്നിമേഷം നോക്കിക്കൊണ്ട് തിരകള്‍ തളര്‍ച്ചയോടെ , ദൈന്യത്തോടെ പിന്‍വാങ്ങി....
ധനുഷ്ക്കോടിയില്‍ നിഴലുകള്‍ നീളത്തില്‍ വളരാന്‍ തുടങ്ങുകയാണ്...
66 comments:
ചില പാലങ്ങള്‍ ഒരു പുഞ്ചിരിയാല്‍ കടന്നു പോവുന്നത് ഉടുക്കു താളത്തില്‍ അക്ഷരം ചമച്ചവനിലേക്ക് എന്ന് പറഞ്ഞപ്പോള്‍ ആ പ്രേത നഗരം എനിക്ക് ഓതിത്തന്നത്....
വലിയൊരു സത്യമായിരുന്നു....
ഝാര്‍ഖണ്ഡിലും രാജസ്ഥാനിലും ഗുജറാത്തിലെ കച്ചിലുമെല്ലാം മൂന്നും നാലും പിച്ചളക്കുടങ്ങളോ മണ്‍കുടങ്ങളോ തലയില്‍ച്ചുമന്നു നടന്നു പോകുന്ന സ്ത്രീകളില്‍ നിന്ന് ഇവരുടെ വ്യത്യാസം തൊലിയുടെ കടും കറുപ്പ് വര്‍ണത്തിലും ഒക്കത്തു കുടം വെയ്ക്കുന്ന രീതിയിലും മാത്രമാണ് . ക്ലേശം ഒന്നു പോലെ ചാലുകളായി എല്ലാ മുഖത്തും ഒരേ കഥയെഴുതുന്നു.
*************************
പാവങ്ങൽ ... വെള്ളമില്ലാത്തതിന്റെ വില ഇക്കഴിഞ്ഞ വേനല കാലത്ത് മലയാളികള്‍ക്ക് അറിയാൻ കഴിഞ്ഞു ..
പ്രേത നഗരത്തിൽ എത്തിയല്ലേ സഖാവെ ..
ഒരു യാത്ര പോയി എന്നതിലുപരി ഒരു യാത്രക്കാരന്റെ മനസ്സിലൂടെ ധനുഷ് കോടി യിലെത്തി എന്നതാവും ഒന്ന് കൂടി ചേരുക ...
ഒരുപാട് നാളായി പോവാൻ കൊതിക്കുന്ന സ്ഥലമാണ് .. നിങ്ങള്‍ പിന്നെയും ആ ആഗ്രഹത്തെ കുത്തിയിളക്കി .. !!
പാല് കുറഞ്ഞ് അരി കൂടുതലുള്ള ഒരു പാല്‍പ്പായസം പോലെ.യാത്രാവിവരണമോ കഥയോ എന്ന് സന്ദേഹിച്ചു പോകുന്ന വായനാനുഭവം.പുരാതന സ്ഥലികളിലൂടെ ചരിത്രത്തിന്റെ സ്പന്ദനം കേട്ട് ഒരു പതിത ജന്മത്തിനോപ്പം അവളുടെ സങ്കട ക്കനലുകളെ നെഞ്ചില്‍ ഏറ്റു വാങ്ങി ഒരു തീര്‍ത്ഥയാത്ര.
ആശംസകള്‍.
ധനുഷ്ക്കോടിയില്‍ നിന്നു ലഭിച്ച ധൈര്യം ഒരു വരപ്രസാദം തന്നെയാണ്. ധനുഷ്ക്കോടി സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്ക് ഇത് ഇരിക്കട്ടെ എന്നു കരുതി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു പാറകഷ്ണം ഞാന്‍ അവിടെ നിന്നും കൊണ്ടു
വന്നു. അത് ഇപ്പോഴും വീട്ടിലുണ്ട്. പല മണല്ത്തുരുത്തുകളിലും പുകവലിച്ചുകൊണ്ട് രണ്ടും മൂന്നും ചെറുപ്പക്കാര്‍ ഇരിക്കുന്നത് കണ്ടു. സംഘം ചേര്‍ന്നല്ലാതെ പോകുന്നവര്‍ക്ക് ഇങ്ങിനെയുള്ളവര്‍ ഭീഷണിയാണെന്ന് പറഞ്ഞു കേട്ടു.
അറിയാതെ ഞാന്‍ ധനുഷുക്കോടിയിലെത്തുകയും പുഞ്ചിരി കടലുമായ് സംവദിച്ചത് ഉള്‍ഭയത്തോടെ നോക്കി നില്‍ക്കുകയും ചെയ്തു ..പ്രേതനഗരിയിലപ്പോഴും വീശുന്ന കാറിന്റെ മൂളക്കം ഇപ്പോഴുമെന്റെ കാതുകളില്‍ ...ഈ എഴുത്തിനെ ഉല്‍കൃഷ്ടമെന്നു ഞാന്‍ വിളിക്കുന്നു...!!!
ഇത് കഥയാണോ അതോ സ്ഥലവിവരണം ആണോ എന്നറിയാതെ ഒരു വായന
നല്ലൊരു വിവരണം വായിച്ചു തീർത്ത തൃപ്തി
തോന്നിയെങ്കിലും എച്ചുമ ഒപ്പം ചില ചിത്രങ്ങൾ
കൂടി ചേർത്തിരുന്നെങ്കിൽ കുറേക്കൂടി നന്നാവുമായിരുന്നു എന്ന് തോന്നി.
ആശംസകൾ
കഥയും സ്ഥലപരിസരമായി ഇണങ്ങിച്ചേര്‍ന്ന് ഒഴുകുന്ന പുഴപോലെ മനോഹരമായ ആഖ്യാനശൈലി.പ്രശസ്തമായ പല നോവലുകളും വായിച്ചുകഴിയുമ്പോള്‍ കഥാപാത്രങ്ങളേക്കാള്‍ ആഴത്തില്‍ ഉള്ളില്‍ പതിഞ്ഞുകിടക്കുന്ന സ്ഥലനാമങ്ങള്‍!അതേപോലെ...
ആശംസകള്‍
എച്ച്മുവിന്റെ തനതായ ആഖ്യാനശൈലിയില്‍ ഒരു ഹൃദ്യമായ വിവരണംകൂടെ...
വായിച്ചു. ആശംസകള്‍..
മനോഹരമായിരുന്നു എച്ച്മൂ .
ആ വെള്ളപ്പൊക്കവും ഒരു ട്രെയിൻ മുങ്ങിയതുമെല്ലം
സി . വി . ശ്രീരാമന്റെ "പാമ്പൻ പാലത്തിനും മുമ്പേ " എന്ന ചെറുകഥയിൽ വായിച്ചത് ഓർക്കുന്നു .
നല്ലൊരു വായനയായിരുന്നു എല്ലാം . പാമ്പൻ പാലം കടന്നും തിരിച്ചും . അക്ഷരങ്ങളിലൂടെ ധനുഷ്ക്കോടിയിലെത്തിക്കുകയും ചെയ്തു .
സന്തോഷം
ധനുഷ്കോടിയില്‍ എന്റെ മൂന്നുസഹോദരിമാരും പോയിട്ടുണ്ട്. എച്ചുമുകുട്ടിയുടെ ഈ പോസ്റ്റിലൂടെ എനിക്കും അത് സാധിച്ചപോലെ.
ഇത് യാഥാർഥ്യമോ അതൊ ഭാവനയോ...കഥയോ ജീവിതമോ...യാത്രാവിവരണമോ...കൺഫ്യൂഷൻ..കൺഫ്യൂഷൻ...എങ്കിലും ഇതിലെല്ലാം ഉണ്ടെന്നു കരുതുന്നു.
എച്മുവും പുഞ്ചിരിയും കൂടെ ലീല എം ചന്ദ്രനും ധനുഷ്ക്കോടിയിൽ പോയി മടങ്ങി വന്നു.....
ആ വിങ്ങലും നൊമ്പരവും ആഹ്ലാദവും ചരിത്രപരമായ അറിവും .....ഹാ...ഹാ...ഒന്നൊന്നായി സ്വീകരിക്കുന്നു...ആശംസകളോടെ....
ആ സ്ഥലങ്ങളിലൂടെയൊക്കെ ഞാനും സഞ്ചരിച്ചു. പുഞ്ചിരിയും എന്നോടൊപ്പം ഉള്ളപോലെ.. എല്ലാ ഭാവുകങ്ങളും നേരുന്നു
ഉം........
ഒരുപാടായി കേള്‍ക്കുന്നു ഒരുപാടു കഥകള്‍ ,യാത്രകള്‍ .ഉടനടി അവിടെ ചെന്നെത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.ഇതൊക്കെ നേരിട്ട് കാണാന്‍ കൊതിപ്പിച്ച എഴുത്ത് ഒരിക്കല്‍ കൂടി.
യാത്രാ വിവരണങ്ങളിൽ നെഹ്റൂവിയൻ സ്റ്റൈൽ എന്നൊരു രീതിയുണ്ട്. അത് മനുഷ്യരായാലും എന്തായാലും ഒരു കാഴ്ചാ സുഖം തരുന്ന ഒന്നായി മാത്രം കാണുക എന്നതാണ്.
ഓരോ സ്ഥലവും സന്ദർശിക്കുമ്പോൾ അതിന്റെ ചരിത്രത്തിലൂടെ മനുഷ്യരുടെ ജീവിതത്തിലൂടെ വേദനകളിലൂടെ കടന്നുപോകുമ്പോഴാണ് യാത്ര യാത്ര ആവുന്നത്. എച്ചുമുവിനെപ്പോലെ അപരന്റെ വേദനകൾ സ്വയം അനുഭവിക്കുന്നവർക്കേ അങ്ങനെ യാത്ര ചെയ്യാനും ആ ഹൃദയ വ്യഥയോടെ എഴുതുവാനും ആകൂ.
പുഞ്ചിരിയുടെയും ധനുഷ്ക്കോടിയുടെയും കഥ വായിച്ചു. നന്നായിരിക്കുന്നു.
കടലിനെ പോലെ ആകാശവും ചിന്തിക്കാന്‍ ഒരുപാട് അവസരം നല്കുന്നു.
മനോഹരമായി എച്മു സ്റ്റൈല്‍ വിവരണം.
അഭിനന്ദനങ്ങള്‍
Dear Kala,
Your words are directly entering in to heart,don't know how to express the feeling after reading your posts....People like me cannot handle this kind of pain chechi...I believe in god, And still expecting for a Miracle from him...
Vani
എച്ചുമു, ഞാനും ധനുഷ് കോടിയില്‍ എത്തി പുഞ്ചിരിയുടെ കൂടെ കടലുമായി കഥകള്‍ പറഞ്ഞു, ഇത്രയും വെള്ളം കടലില്‍ ഉണ്ടായിട്ടു വെള്ളത്തിന് കുടവുമായി നടക്കുന്ന പെണ്ണുങ്ങളെയോര്‍ത്തു ഒന്ന് നെടുവീര്പെട്ടു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു, എന്റെ കാലടികള്‍ ആ കടല്ക്കരയില് ഉറങ്ങുന്ന ആത്മാക്കള്‍ക്ക് ഒരു ശല്യമാവേരുതെന്ന പ്രാര്‍ത്ഥനയോടു കൂടി.
മൂന്നു ഭാഗത്തിന്റേയും കൂടി അഭിപ്രായം ഒന്നിച്ചാകാം.
പാമ്പൻ പാലത്തിന്റെ ചരിത്രവും നിർമ്മിതിയും, രാമേശ്വരത്തെ അമ്പലങ്ങളുടെ പ്രാധാന്യവും ആചരങ്ങളും വിശ്വാസവും, പുരാതനമായ ധനുഷ്ക്കോടിയുടെ ചരിത്രം മുതൽ ഇന്നുവരെ സംഭവിച്ച കാര്യങ്ങൾ (ചുരുക്കത്തിലെങ്കിലും വളരെ വ്യക്തമായി) സൃഷ്ടിച്ച രാമസേതുവിന്റെ ഉത്ഭവമടക്കം കൃത്യമായ അറിവാണ് മൂന്നു ഭാഗങ്ങളായുള്ള ഈ കഥ നല്‍കിയിരിക്കുന്നത്. ഇത്തരം അറിവുകൾ പങ്കുവെക്കുന്ന തലത്തിലേക്ക് കഥകളെ മെരുക്കിയെടുക്കുന്ന രീതി, നിലനിന്നിരുന്ന കഥാസങ്കല്പങ്ങളെ തിരുത്തി കഥകൾ മുന്നേറുന്നതായി കണക്കാക്കാം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ രീതി.
ഒരു യാത്രയിൽ യാത്രക്കാരൻ കാണുന്ന പുറം കാഴ്ചകളെക്കാൾ, കാഴ്ചകളിൽ സത്യമായി അനുഭവപ്പെടുന്ന തെളിവുകൾ ഒന്നുമല്ലാതായിത്തീരുന്നത് (ഉദാ; സത്യമായി അനുഭവപ്പെട്ട കൊടുങ്കാറ്റിന്റെ തെളിവുകളേക്കാൾ ദിവ്യമെന്ന് കേൾപ്പിക്കപ്പെട്ടിട്ടുള്ള ആ പാലത്തിന്റെ ദർശനമാണ് സന്ദർശകരുടെ ഒരു പ്രധാന കൗതുകം. കൊടുങ്കാറ്റിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, സുനാമിക്കു മുൻപ് കടൽ ഉള്ളിലേക്ക് വലിഞ്ഞപ്പോൾ കാണുന്നുണ്ട് എന്ന് കഥയിൽ പറയുന്നു) പോലുള്ള സംഭവങ്ങളിലൂടേയാണ് ഈ കഥയിലെ ‘പുഞ്ചിരി’യെ ഞാൻ കാണുന്നത്. ഒരു പെൺകുട്ടിയായി ‘പുഞ്ചിരി’യെ കാണാൻ എനിക്കാകുന്നില്ല. കഥയിലെ പല രംഗങ്ങളിലും ‘പുഞ്ചിരി’ പല രൂപത്തിലും കടന്നു വരുന്നു.
തൊലിയുടെ നിറവ്യത്യാസത്തിലോ ജാതിയുടെ ഭാഷയുടെ വേർതിരിക്കലിലോ ഒക്കെ പണിയെടുക്കുന്നവന്റെ ‘ക്ളേശം ഒന്നുപോലെ ചാനലുകളായി എല്ല മുഖത്തും ഒരേ കഥയെഴുതുന്നു’ എന്നതും ‘കൂട്ടത്തിൽ നിന്നടർന്നുപോയി അനാഥമായി തീരത്തടിഞ്ഞ പവിഴപ്പുറ്റുകളെ’ എന്നതുപൊലുള്ള ഭാഗങ്ങളിലെല്ലാം ഞാൻ ‘പുഞ്ചിരി’യെ കാണുന്നു. കാരണം യാത്രക്കാരന്റെ മനസ്സിലെ നേരായ കാഴ്ചകളായി ‘പുഞ്ചിരി’ കൂടെയുണ്ടാവുമ്പോഴാണ് യാത്ര ലക്ഷ്യം കാണുന്നത്.
ബംഗാൾ ഉൾക്കടലിൽ നിന്നും കയറിക്കൂടിയ ‘പുഞ്ചിരി’. പരിഹാരത്തിനു തുനിയാതെ അണ്ഡദോഷമാണോ ബീജദോഷമാണോ കാരണം എന്ന കലഹത്തിൽ തപ്പിത്തടയുന്ന പൊതുധാരണയെ കാണിച്ചുതരുന്ന ‘പുഞ്ചിരി’. ശക്തി കുറഞ്ഞവനെ കീഴ്പ്പെടുത്തുന്ന ശക്തരുടെ മനസ്സിൽ ദയക്ക് സ്ഥാനമില്ലാതാകുന്ന കാഴ്ച വെറുക്കനെ വെറുക്കനെ മുലക്കണ്ണുകളിലൂടെ നിരത്തിവെക്കുന്ന ‘പുഞ്ചിരി’.
പുഞ്ചിരി മെല്ലെ മെല്ലെ നടക്കട്ടെ....
അതാണെനിക്കിഷ്ടവും.
വളരെ ഇഷ്ടപ്പെട്ടു.
ഈ കഥ തീർന്നു എന്ന് തോന്നുന്നില്ല . എവിടെക്കാണ് ഞങ്ങളെ കൊണ്ട് പോകുന്നത് എച്ചുമു....
ഒരു യാത്രപോയതിന്റെ ക്ഷീണം,,, അനുഭവം നന്നായിട്ടുണ്ട്...
പുഞ്ചിരിയുടെ ദുഃഖത്തിലൂടെ പാമ്പൻ പാലത്തിന്റേയും അനുബന്ധ പുണ്യഭൂമികളുടേയും കഥ പറഞ്ഞ രീതി വളരെ നന്നായെങ്കിലും, എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞത് ഈ ലക്കത്തിലാണെന്നു മാത്രം. എഛ്മു ഞങ്ങളെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നറിയാതെയാ കൂടെ കൂടിയത്. അവസാന ഭാഗം വന്നപ്പോൾ അലറി വരുന്ന തിരമാലകൾക്കൊപ്പം ഞാനുമൊന്നു പേടിച്ചൂട്ടോ....
ആശംസകൾ...
ഹൃദയം കൊണ്ട് വായിയ്ക്കേണ്ട എഴുത്തുകള്‍!!
അതെ, ഈ പ്രേത നഗരം കണ്ടു.. അവതാരികേ.
കാളിയന് യാത്ര പോയി വരു... നല്ല സ്ഥലമാണ് ധനുഷ്ക്കോടി..
അരിപ്പായസം കട്ടിയായിപ്പോയി എന്ന് രൂപേഷ് പറഞ്ഞത് മനസ്സിലാക്കുന്നു... വായിച്ചതില്‍ സന്തോഷം ...
അതെ... ഉണ്ണിച്ചേട്ടാ സംഹാരത്തിനുള്ള ധൈര്യം ആ വരപ്രസാദമായിരിക്കണം അല്ലേ... എല്ലായിടത്തും എന്ന പോലെ അമ്മാതിരി ആളൂകളുടെ സാന്നിധ്യം ധനുഷ്ക്കോടിയിലും ഉണ്ട്... വെറുതെ ശല്യക്കാരായി മാറി മാത്രം സ്വന്തം സാന്നിധ്യം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍...
ഇല്ല...നീലക്കുറിഞ്ഞി... കടല്‍ പുഞ്ചിരിയെ തലോടുക മാത്രമായിരുന്നു... പുഞ്ചിരി ചുമക്കുന്നത് എന്തെന്ന് അവളെ തൊട്ടപ്പോഴാണ് കടലിന് അറിയാനായത്...എല്ലാം തുടച്ചെടുക്കുന്ന കടല്‍ ഒരു നിമിഷം ദീനയായിപ്പോയി... അത്രേയുള്ളൂ...
ഇത് കഥയും യാത്രയും ആണ് പ്രമോദ് കുമാര്‍... വായിച്ചതില്‍ സന്തോഷം.
ഏരിയല്‍ ചേട്ടന്റെ നിര്‍ദ്ദേശം മനസ്സിലാക്കുന്നു, ഫോട്ടോ അപ് ലോഡ് ചെയ്യാന്‍ എനിക്കിനിയും അറിവ് കിട്ടിയിട്ടില്ല..
തങ്കപ്പന് ചേട്ടന്റെ അഭിനന്ദനം വായിച്ച് സന്തോഷിക്കുന്നു...
ശ്രിജിത്തിനു നന്ദി...
ഞാന്‍ ആ പുസ്തകം വായിച്ചിട്ടില്ല ചെറുവാടി... ഈ കഥയും വിവരണവും വായിച്ച് അഭിനന്ദിച്ചതില്‍ സന്തോഷം..
സുകന്യയ്ക്കും പോയി വരാനാവട്ടെ എന്ന് ആശംസിച്ചുകൊണ്ട്...
ഇത് യാഥാര്‍ഥ്യമാണ്..ഭാവനയാണ്.. കഥയാണ്.. ജീവിതമാണ്.. യാത്രാവിവരണമാണ്.. ജന്മസുകൃതമില്ലാത്തവര്ക്കൊപ്പം യാത്രയില്‍ പങ്കെടുക്കുന്നത് വളരെ നല്ല കാര്യമാണ് കേട്ടോ..
ബഷീറിനു നന്ദി..
ഉം എന്ന് ഞാനും കേട്ടോ പ്രയാണ്‍..
അനീഷിനു ആഗ്രഹമുള്ള എല്ലാ സ്ഥലങ്ങളിലും ചെന്നെത്താനാവട്ടെ..
ഈ നല്ല വാക്കുകള്‍ക്ക് നന്ദി ഭാനു..
വെട്ടത്താന്‍ ചേട്ടനും അഷ്രഫിനും നന്ദി..
അതേലോ വാണി... തീരുമാനമെടുക്കാനുള്ള കെല്പ് കിട്ടിയല്ലോ പുഞ്ചിരിയുടെ അമ്മയ്ക്ക്.. ദുരന്തങ്ങളില്‍ തകര്‍ന്നടിയാതെ അതിനെ അതിജീവിക്കാനുള്ള കരുത്ത് ധനുഷ്ക്കോടി ആ അമ്മയ്ക്ക് നല്കിയല്ലോ.. അല്ലേ..അപ്പോള്‍ അല്ഭുതങ്ങള് നടത്തും ദൈവമെന്ന് കരുതുന്നതില്‍ വേദന സഹിക്കാനുള്ള മരുന്നുണ്ട്... വായിച്ചതിലും ഈ അഭിപ്രായം എഴുതിയതിലും സന്തോഷം കേട്ടോ..
അതെ.. ശ്രീജിത്ത് കൂടെ വന്നതില്‍ സന്തോഷം...
ഇത്ര വിശദമായി ഈ കഥയെ ഈ യാത്രയെ ഈ ജീവിതത്തെ ഈ തീരാവേദനയെ അറിഞ്ഞതിനു ഒത്തിരി നന്ദി... ഒത്തിരി സ്നേഹം രാംജി.. കഥ പാളിപ്പോയി എന്ന സങ്കടത്തിലായിരുന്നു ഞാന്‍... അത് ഇപ്പോള്‍ മാറി... ഒരാളെങ്കിലും ദൂരെ എവിടെയോ ഇരുന്ന് ഈ എഴുതിയ വരികളെ അറിയുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ... എഴുത്ത് നിഷ്ഫലമായില്ലെന്ന് തോന്നാറുണ്ട്...
പുഞ്ചിരി എല്ലാവരുമാണ് എല്ലായിടത്തുമാണ്... അവള് ഒരു പെണ്‍കുട്ടി മാത്രമല്ല... ഈ കണ്ടെത്തലില്‍ ഞാന്‍ ഒരുപാട് ആഹ്ലാദിക്കുന്നു രാംജി... സന്തോഷം..
ചില തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തി നേടുകയും അങ്ങനെ മെല്ലെ മെല്ലെ അവള് നടക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ നിന്നുകൊണ്ട്... അതു പകര്‍ന്നു തരുന്ന ധനുഷ്ക്കോടി തീരത്തില്‍ നിന്നുകൊണ്ട്... പുഞ്ചിരിയോടും അവളൂടെ അമ്മയോടും സ്നേഹത്തോടെ യാത്ര...
രാംജി , ഒത്തിരി സന്തോഷം...
ഈ കഥ തീരാന്‍ വയ്യ.. ബിജിത്.. തുടര്‍ന്നെഴുതാന്‍ ബലമുണ്ടാവുമ്പോള് ... അതുവരെ തല്ക്കാലം...
മിനിടീച്ചര്‍ക്ക് നന്ദി.
വി കെ മാഷ് കൂടെ വന്നതില്‍ വലിയ സന്തോഷമുണ്ട്.. തിരമാലകള്‍ ഒന്നും ചെയ്യില്ല പുഞ്ചിരിയെ... മനുഷ്യര്‍ വഞ്ചിക്കുന്ന മാതിരി... അതുകൊണ്ടല്ലേ ദൈന്യത്തോടെ പിന് വാങ്ങിയത്...
അജിത്തേട്ടന് അങ്ങനെ വായിച്ചതില്‍ സന്തോഷം..
വിഷാദത്തിന്റെ ഉപ്പുകാറ്റ് ..നെഞ്ചിൽ അടക്കിയ തിരയിളക്കം ..
ഈ യാത്രയിൽ
പുഞ്ചിരിയുള്ളതുകൊണ്ടാകാം
പുഞ്ചിരി ഒട്ടും വന്നതേ..ഇല്ല
ആകാംക്ഷ നിറഞ്ഞ വായന സമ്മാനിച്ചു. ഒരു ദേശത്തിന്റെ പൈതൃകത്തിന്റെ, സംസ്കൃതിയുടെ ചുവരെഴുത്തുകൾ വായിച്ചെടുക്കാൻ പുഞ്ചിരി കൂട്ടു പോന്നു. അപ്പോഴും പിടി തരാതെ, ഉത്തരം കിട്ടാതെ പുഞ്ചിരി കണ്മുമ്പിൽ നിൽക്കുന്നു . അഭിനന്ദനങ്ങൾ എച്ചുമു ഈ ആഖ്യാന വൈഭാവത്തിനു.
കഥ ഇവിടെ തീര്‍ക്കുകയാണോ എച്ചുമൂ..?
ഞാന്‍ ഇവിടെ ധനുഷ്കോടിയെ അറിഞ്ഞത്, നിഷ്കളങ്കതയുടെ പര്യായമായ പുഞ്ചിരിയിലൂടെയാണ്.....
കടലെടുത്ത ആ പ്രേതഭൂമിയുടെ അവശിഷ്ടങ്ങളിലൂടെ, സേതുബന്ധനവും, വിഭീഷണ കിരീടാധാരണവും എല്ലാം മനസ്സിലോര്‍ത്ത് ഞാനും അലഞ്ഞിട്ടുണ്ട്. എന്നാല്‍ ആ മണ്ണിനെ ഇത്രയേറെ ഹൃദയത്തോട് ചേര്‍ത്തു വെക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.... ധനുഷ്കോടിയില്‍ വെച്ച് അന്ന് അനുഭവിക്കാന്‍ കഴിയാതെ പോയത് ഇവിടെ അനുഭവിക്കാനാവുന്നു.....
യാത്രയിലുടനീളം കൂടെക്കൂട്ടിയ ആ വലിയ മനസിന് മുന്പില് കീബോര്‍ഡ് വെച്ച് കീഴടങ്ങുന്നു!
റമദാന് ആശംസകളോടെ,
ഒരു മനോഹരമായ പുഞ്ചിരിയിലൂടെ, എഴുത്തുകാരിയുടെ മനസ്സിലൂടെ, പ്രേതനഗരത്തിന്റെ കാഴ്ചകൾ ആസ്വദിച്ചുള്ള ഒരു സുന്ദരമായ യാത്ര നടത്തിയതിന്റെ സംതൃപ്തിയാണ് വായനയ്ക്കുശേഷം മനസ്സിൽ നിറയുന്നത്..... അത്രയ്ക്കും ആസ്വദിച്ച് വായിയ്ക്കുവാൻ സാധ്യമാകുന്ന തരത്തിലുള്ള ഈ അവതരണത്തിന് അഭിനന്ദനങ്ങൾ.. :)
പോകുവാനുള്ള യാത്രാലിസ്റ്റിൽ വർഷങ്ങളായി ഇടം പിടിച്ചിരിയ്ക്കുന്ന സ്ഥലമാണ് ധനുഷ്കോടി... പക്ഷേ ഇതുവരെ സാഹചര്യം ഒത്തുവന്നിട്ടില്ല... ഈ വായന ഒരു യാത്രയ്ക്കായി വീണ്ടും മനസ്സിനെ പ്രേരിപ്പിയ്ക്കുന്നു... ആശംസകൾ....
റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന നമ്പര്‍ 653 പാമ്പന്‍ ധനുഷ്ക്കോടി പാസഞ്ചര്‍ ഈ കൊടുങ്കാറ്റില്‍ പെട്ട് നൂറ്റിപ്പതിനഞ്ചു മനുഷ്യജീവനൊപ്പം കടലിന്റെ അഗാധതയിലേക്ക് താഴ്ന്നു. നാല്പത്തെട്ട് മണിക്കൂറുകള്‍ക്കു ശേഷമാണ് ഈ വിവരം പുറം ലോകം അറിയുന്നത് തന്നെ....സുനാമി ധനിഷ്കോടിയെ കശക്കിയെറിഞ്ഞത് അറിയാമെങ്കിലും മേല്‍ പറഞ്ഞത് അറിയില്ലായിരുന്നു.ചരിത്രം പറഞ്ഞു കൊണ്ടുള്ള വിവരണം ഒരു പാട് പുതിയ വിവരങ്ങള്‍ നല്കി...നന്ദി.
അറിയാതിരുന്ന കുറെ ചരിത്ര സത്യങ്ങള്‍... കലചെച്യുടെ മാത്രമായ ശൈലി, മനോഹരങ്ങളായ പ്രയോഗങ്ങള്‍ (ക്ലേശങ്ങള്‍ ചാലുകളായി ഒഴുകി പോലെ ), പുഞ്ചിരി യുടെ മനസ്..... പ്രേതനഗരത്തില്‍ പോയിട്ടില്ല, പോകാന്‍ പ്രേരിപ്പിക്കുന്നു.., പക്ഷെ പ്രകാശ് പറഞ്ഞത് പോലെ രാമസേതു കാണാന്‍ ഉള്ള താല്‍പ്പര്യം ആണോ ഉള്ളില്‍ എന്നറിയുന്നില്ല.. ആശംസകള്‍
ധനുഷ്കോടിയിലേക്ക് ഒരു യാത്ര കൊതിച്ചിരുന്നില്ല....പക്ഷെ ഇത് വായിച്ചപ്പോള്‍ ഒരു മോഹം !
ദ് മാന്‍ ടു വാക് വിതിനു നന്ദി... ഈ വേദനയെ ഇങ്ങണെ തൊട്ടതിനു...
മുരളീ ഭായിയെ കണ്ടില്ലല്ലോ എന്ന് ഓര്‍ക്കുകയായിരുന്നു..
അക്ബര്‍ വായിച്ചതില്‍ സന്തോഷം..
ബാക്കിയും എഴുതാം റോസാപ്പൂവേ..
നന്മ നിറഞ്ഞ അക്ഷരങ്ങൾ വായിക്കുമ്പോൾ ഒരു വല്ലാത്ത നിർവൃതി ആശംസകൾ ട്ടോ
സന്തോഷം പ്രദീപ് മാഷ് ഇങ്ങനെ എഴുതിയതില്‍...
കണ്ണൂരാന്റെ നല്ല വാക്കുകള്‍ക്ക് നന്ദി... ഈയിടെയായി കാണാറേയില്ല... എന്നെ മറന്നു കാണും എന്നായിരുന്നു ഞാന്‍ വിചാരിച്ചത്..
തിരിച്ചും റമദാന് ആശംസകള്‍ കണ്ണൂരാന്‍..
ഷിബുവിന്റെ നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി..
അരീക്കൊടന് മാഷിനും ആര്‍ഷയ്ക്കും മിനിയ്ക്കും ഒരു കുഞ്ഞു മയില്‍ പിലിക്കും നന്ദിയും സ്നേഹവും.. ഇനിയും വായിക്കുമെന്ന് കരുതുന്നു..
എച്മു . കൊള്ളാം . ആശംസകൾ
ധനുഷ്കോടിയിലെ വെയിലും ബഹളവും കടല്‍ക്കാറ്റും അനുഭവിപ്പിച്ച എഴുത്ത്.ഉള്ളിലെവിടെയോ വിങ്ങല്‍ ഒളിപ്പിച്ച വാക്കുകള്‍.അക്ഷരങ്ങളിലൂടെ ഒരു യാത്ര പോയ അനുഭവം.നന്നായി എഴുതി
ഒരു ശവ പറമ്പിൽ എത്തിയഒരു പ്രതീതി!ഒരു ശോക ഗാനം കേട്ടതു പൊലെയും....
കൊഞ്ചാനറിയാത്ത കടൽ ഒരു നിമിഷം ഭയപ്പെടുത്തി... പക്ഷേ, പുഞ്ചിരി തോറ്റില്ല എന്നറിയുന്നതിൽ സന്തോഷം...
കടല്‍ തോറ്റുപോയി .... വന്യമാ കടലിനു പോലും ഉണ്ട് ആര്‍ദ്രമായൊരു മനസ്സ് .. അത് പക്ഷെ പുഞ്ചിരിക്കു മാത്രം സാധിക്കുന്നതാകാം ... ഖനീഭവിച്ച ശോകം പശ്ചാതലമോരുക്കുമ്പോൾ പ്രാചീന ചരിത്രമുറങ്ങുന്ന മണ്ണ് ഇന്നിന്റെ കുഞ്ഞു ജീവനെ തോട്ടറിയുന്നുണ്ടാകാം ..... എന്തായാലും ഒരു ഫീൽ ഉണ്ട്.. ആകെപ്പാടെ ഒരു മെലങ്കളിനെസ്സ് ഉടനീളം നന്നായി മൈന്റൈൻ ചെയ്തു ...
(കഥ ഇടക്ക് അല്പം കൂടുതൽ സ്ഥല കാല ചരിത്ര വിവരണതിലേക്ക് മാറിപ്പോയോ..എന്ന് ഒരു... ഒരു... ... എന്നാലും അവസാനം തിരിച്ചു വന്നു .. :)
മനപൂർവമല്ല. വരാൻ വൈകി ...ക്ഷമിക്കണേ.
ഓടിവന്ന് വായിച്ച് എന്തേലും ഒന്നെഴുതി പോകാനുള്ളതല്ല ഈ ഉലകത്തിലുള്ളത്.
മനസ്സു നിറയെ വായിക്കാനും മനസ്സിലാക്കാനും ആസ്വദിക്കാനും അനുഭവിക്കാനും എല്ലാം ഉള്ളപ്പോൾ ................
വായിച്ചു....ആസ്വദിച്ചു അനുഭവിച്ചു. ആദ്യമായി ഒരു പുഞ്ചിരികണ്ടു കരഞ്ഞു.
യാത്രാവിവരണം, ചരിത്രം, ആത്മാംശംതൊട്ട ചിലവരികൾ,എവിടെയോ ഒരു കഥാംശവും.
വായിച്ചുതീർന്നപ്പോൾ 'തുടരും' എന്ന ഒരു വാക്ക് താഴെ പ്രതീക്ഷിച്ചു..
പ്രേതനഗരങ്ങലളിൽ ജീവിക്കുന്നവരുടെ അവസ്ഥയെ ,ഗവണ്മേന്റിന്റെ അവഗണനയെ(ഈ വരികളിൽ ശക്തമായി നമ്മുടെ പല വ്യവസ്ഥിതികൾക്കും എതിരായി പ്രതികരിക്കുന്ന കലയെ കാണാം),ഇന്നും അന്ധവിശ്വാസങ്ങളിൽ ആശ്വാസം കൊള്ളുന്ന ഒരു ജനതയെ ,എല്ലാറ്റിനും അപ്പുറം 'പുഞ്ചിരി'യിലൂടെ മനുഷ്യൻ എന്നും ചില വിശ്വാസങ്ങളിലൂടെ ജീവിക്കുന്നു എന്നും എഴുത്തുകാരി കാട്ടിത്തരുന്നു.
ആശംസകൾ...
ധനുഷ്ക്കോടി.....
its haunting me....
വായനയുടെ സുഖത്തേക്കാൾ സത്യത്തിന്റെ
ക്രൂരം ആയ മുഖം അത് കാട്ടിത്തന്നു...എച്ച്മുവിനെപ്പോലെ
ചുരുക്കം ചിലര്‍ക്കെ അത് കഴിയൂ....ഒരു യാത്രാ
വിവരണം മാത്രം ആകുമായിരുന്ന വരികളെ
കരളിലേക്ക് കടത്തി വിടുവാൻ .....
അഭിനന്ദനങ്ങൾ ഈ എഴുത്തിന് .....
ഒരുപാട് നാളായി പോവാൻ കൊതിക്കുന്ന സ്ഥലമാണ്
എച്ചുമൂ എനിക്കിഷ്ടായി
പുഞ്ചിരിയുടെയും ധനുഷ്കോടിയുടെയും നോവിടങ്ങളിലൂടെ തരമാക്കിത്തന്ന യാത്രകള്‍ക്ക് നന്ദി.സന്ധ്യയായില്ലേ... ഇനി ധനുഷ്കോയിയില് നില്‍ക്കണ്ട. മടങ്ങ. പുഞ്ചിരിയെ ഡോക്ടറുടെ അടുത്ത് എത്തിക്കേണ്ടെ ?
പുഞ്ചിരിയുടെയും ധനുഷ്കോടിയുടെയും നോവിടങ്ങളിലൂടെ തരമാക്കിത്തന്ന യാത്രകള്‍ക്ക് നന്ദി.സന്ധ്യയായില്ലേ... ഇനി ധനുഷ്കോയിയില് നില്‍ക്കണ്ട. മടങ്ങ. പുഞ്ചിരിയെ ഡോക്ടറുടെ അടുത്ത് എത്തിക്കേണ്ടെ ?
Post a Comment