Monday, August 5, 2013

എണ്ണിയെണ്ണിക്കുറച്ചു കളഞ്ഞതെല്ലാം ...


https://www.facebook.com/echmu.kutty/posts/181182085394427

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ജൂലായ്  19   ന് പ്രസിദ്ധീകരിച്ചത്.)

എല്ലാം ഒഴുകിയൊഴുകിപ്പോകുന്നത് കണ്ടുകൊണ്ടിരിക്കുകയാണ് നമ്മള്‍. ചിലര്‍ ഒഴുക്കില്‍പ്പെട്ട് കൈയും കാലും ഇട്ടടിക്കുന്നു. ചിലര്‍ ഏതു നിമിഷവും ഇടിഞ്ഞു തകരാവുന്ന  കരയില്‍,   കാറ്റില്‍ പാറിപ്പോകാവുന്ന കരിയിലകളേയും, മഴയത്ത് അലിഞ്ഞു പോകാവുന്ന മണ്‍കട്ടകളേയും,  മുറുക്കിപ്പിടിച്ച്  താനൊഴിച്ചുള്ള മുഴുവന്‍ ലോകത്തേയും കുറ്റപ്പെടുത്തുന്നു. 

ഇത്ര ഭീകരമായ നാശം വിതച്ചു കഴിഞ്ഞിട്ടും മഴമേഘങ്ങള്‍ക്ക് മതി വന്നിട്ടില്ല. ഇപ്പോഴും സര്‍ക്കാര്‍ അപകട സൂചന നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ഏകദേശം ഉത്തരേന്ത്യയിലാകമാനം എന്ന മട്ടിലാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഉത്തരാഖണ്ഡില്‍ ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേരെയാണ് രക്ഷപ്പെടുത്തിയതെന്നും പതിനായിരം പേരോളം ആ  ഉരുള്‍പ്പൊട്ടലില്‍  മൃതിയടഞ്ഞുവെന്നും  ഇനി വരുന്ന ചില ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നും സര്‍ക്കാര്‍  അറിയിക്കുന്നു. അനവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു തരിപ്പണമായി. ഉണ്ടായ സാമ്പത്തിക നഷ്ടം അതിഭീമമാണ്. കാര്യങ്ങള്‍  നേരയാകാനും ജനജീവിതം മെച്ചപ്പെടുവാനുമായി ലോകം മുഴുവനും തന്നെ  പല  സഹായ വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്.

1991ല്‍  ഉണ്ടായ ഭീകരമായ ഭൂമികുലുക്കത്തില്‍ ഉത്തരാഖണ്ഡ് കല്ലിന്മേല്‍  കല്ലില്ലാത്തവിധം തകര്‍ന്നടിഞ്ഞതായിരുന്നു. വളരെയേറെ ശ്രമപ്പെട്ടതിനു ശേഷമാണ് ഒന്നു നിവര്‍ന്നു നില്ക്കാന്‍  സാധിച്ചത്. ലോകമെമ്പാടുമുള്ള സുമനസ്സുകളുടെ പലതരത്തിലുള്ള സഹായങ്ങള്‍ അന്നുമുണ്ടായിരുന്നു. അങ്ങനെ മെല്ലെ പിച്ചവെച്ച് നിവര്‍ന്നു  നിന്ന ഉത്തരാഖണ്ഡ് ഇപ്പോഴിതാ...  

കേന്ദ്രഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള  ഭൌമശാസ്ത്ര വകുപ്പ്  അന്നു വളരെ വിശദമായി ഉറപ്പ് കുറഞ്ഞ ഗഡ് വാള്‍  മേഖലയെപ്പറ്റിയും  കൂടുതല്‍  ഉറപ്പുള്ള കുമായൂണ്‍  മേഖലയെപ്പറ്റിയും  പഠനം നടത്തിയിരുന്നു. എല്ലാ പഠനങ്ങളേയുമെന്ന പോലെ ഈ പഠനവും ഏതോ ഒരലമാരിയില്‍ ഒതുങ്ങി... അതിലെ ശുപാര്‍ശകള്‍ എല്ലാവരും സൌകര്യപൂര്‍വം  വിസ്മരിക്കുകയും ചെയ്തു. പ്രധാനപ്പെട്ട ദേശീയ വാര്‍ത്താ ചാനലുകളില്‍ ഇപ്പോള്‍  ഇതിനെക്കുറിച്ച്  കൂടുതല്‍  വിശദീകരണങ്ങള്‍  വരുന്നുണ്ട്.  സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചകള്‍ക്ക്  പുറമേ  എന്തുകൊണ്ട്  ഇത്ര വലിയ തോതില്‍ ഒരു  മഴമേഘ വിസ്ഫോടനവും അതിനെതുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലും  വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കാന്‍ ഗവണ്‍മെന്‍റിനു  സാധിക്കാതെ പോയി എന്ന് പൊതുവേ  എല്ലാവരും രോഷം കൊള്ളുന്നുണ്ട്.

 330  മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനു പറ്റുന്ന അളകനന്ദ ഹൈഡ്രോ പവര്‍  പ്രോജക്റ്റിന്‍റെ  പണികള്‍ക്കായി  ഹിമാലയന്‍ താഴ്വരയുടെ കാവല്‍ക്കാരിയായ  ധാരിദേവിയുടെ വിഗ്രഹം കൂടുതല്‍ ഉയരങ്ങളിലേക്ക്  മാറ്റി സ്ഥാപിച്ചതാണ് ഈ  ദുരന്തത്തിനു കാരണമെന്ന്  വിശ്വസിക്കാന്‍  പലരും ആഗ്രഹിക്കുന്നു.  അത് ജൂണ്‍ പതിനാറിനായിരുന്നു. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍  തന്നെ  പ്രളയമുണ്ടായത് ശിവകോപമായി  വ്യഖ്യാനിക്കപ്പെടുന്നു. ഗംഗ  മലിനമായതും കേദാര്‍നാഥ്  അമ്പലത്തിലെ പൂജാ സമയം ടൂര്‍  ഓപ്പറേറ്റര്‍മാരുടെ താല്‍പര്യത്തിനു  മാറ്റിക്കൊടുക്കുന്നതും ചെറുപ്പക്കാര്‍  കൂടുതലായി  തീര്‍ഥാടനത്തിനു വന്ന് അമ്പലപരിസരങ്ങള്‍  പല രീതിയില്‍ അശുദ്ധമാക്കുന്നതും ഈ ദുരന്തത്തിനു കാരണമായി  പറയുന്നുണ്ട്. അഭിഷേകം ചെയ്ത് അതിവേഗം കേദാര്‍നാഥ് അമ്പലത്തില്‍ പൂജ തുടങ്ങുകയാണ് വേണ്ടതെന്ന് വാദിക്കുന്നവരും ഏറെ.

വികസനവിരോധികള്‍ എന്ന ദുഷ്പേരു സമ്പാദിച്ചിട്ടുള്ള പരിസ്ഥിതിവാദികള്‍   ചൂണ്ടിക്കാണിച്ചതൊന്നും  അന്നു മാത്രമല്ല ഇന്നും  ഇനി മേലിലും  നമ്മള്‍  ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ലെന്നുള്ളതുകൊണ്ട് എന്തു മുന്നറിയിപ്പ് എത്ര നേരത്തെ കൊടുത്താലും  പ്രയോജനമുണ്ടാവുമോ എന്നറിയില്ല. കാരണം ശാസ്ത്രീയത,  സാമാന്യ പരിസ്ഥിതി ജ്ഞാനം, പഠനം ഇതിലെല്ലാറ്റിലും മീതെ കെട്ടുകഥകളിലും വിശ്വാസങ്ങളിലും അഭിരമിക്കുന്ന  മനസ്സാണല്ലോ   മനുഷ്യരിലധികം  പേര്‍ക്കും ഉള്ളത്. ഒരു നിയന്ത്രണവുമില്ലാത്ത വന നശീകരണവും ലാഭം മാത്രം ലക്ഷ്യമിട്ടുള്ള കെട്ടിടനിര്‍മ്മിതികളും പാരിസ്ഥിതികമായി ദുര്‍ബലമായ  ഉത്തരാഖണ്ഡിനെ നാശത്തിലേക്ക് കൂപ്പുകുത്തിച്ചിട്ടുണ്ട്.  നദീ തീരങ്ങളില്‍ നൂറു മീറ്റര്‍ അകലത്തിലാവണം കെട്ടിടമെന്ന  നിയമനിര്‍മ്മാണം തെറ്റിച്ചുകൊണ്ട് അഞ്ചും ആറും പത്തും മീറ്റര്‍ അകലത്തില്‍ പല നിലകള്‍ കെട്ടിപ്പൊക്കിയിരുന്നു. ഹിമാനികള്‍ നമ്മുടെ എല്ലാ കണക്കു കൂട്ടലുകള്‍ക്കുമപ്പുറത്തു ഉരുകിയിളകി കുതിച്ചു പായുമെന്ന്  വേനല്‍ക്കാലത്ത് ജലം  കുറഞ്ഞ് കാണുന്ന  നദീ  തടങ്ങളില്‍  നില്‍ക്കുമ്പോള്‍ നമ്മള്‍  ഓര്‍മ്മിച്ചില്ല. അല്ലെങ്കില്‍ ധന ലാഭത്തിലുള്ള ആശ  നമ്മെ അതിനനുവദിച്ചില്ല. 

മരങ്ങള്‍ എന്തിനാണെന്ന്  നമുക്ക്   എപ്പോഴും സംശയമാണ്.... അതുകൊണ്ടാണ്  മുന്നില്‍ നില്‍ക്കുന്ന  വന്മരം കണ്ടാല്‍ മറ്റൊരു  വഴിയുണ്ടോ എന്നാലോചിക്കാന്‍ പോലും  നില്‍ക്കാതെ, അതൊരു തടസ്സമാണെന്ന് തീര്‍ച്ചയാക്കി   മരം വെട്ടിക്കളയാന്‍  നമ്മള്‍  തുനിയുന്നത്. കുന്നുകളിടിച്ചു മണ്ണിനെ വിറ്റു കാശാക്കുമ്പോഴും കുന്നിന്‍റെ ആവശ്യമെന്ത്...  അത്  നമ്മുടെ വഴിയിലൊരു വലിയ  തടസ്സമല്ലേ എന്ന് മാത്രമാണ് നമ്മുടെ ചിന്ത.  ഒരു  കുളം, ഒരു  കിണര്‍, ഒരു താഴ്വാരം   ഒക്കെ  വഴിയിലെ  തടസ്സങ്ങളാണ്. എത്രയും പെട്ടെന്ന് അത്തരം തടസ്സങ്ങള്‍ നീക്കം ചെയ്യാനാണ്  നമുക്ക് ആഗ്രഹം. 

നമ്മുടെ  പശ്ചിമഘട്ട മലനിരകള്‍  മനുഷ്യന്‍റെ ഒടുങ്ങാത്ത ആര്‍ത്തിയില്‍ ഇപ്പോള്‍  പലയിടത്തും ഒരു നല്ല കഷണ്ടി മിനുക്കത്തെ   അനുസ്മരിപ്പിക്കുന്നുവത്രേ. മലനിരകളിലെ  വൃക്ഷസമ്പത്ത്  വലിയ വലിയ ലോറികളില്‍ കാടിറങ്ങി. മലനിരകളിലെ മണ്ണിനെ വേരുകള്‍ കൊണ്ട് ആലിംഗനം ചെയ്ത് തടഞ്ഞു നിറുത്താന്‍  വെട്ടിമാറ്റപ്പെട്ട വൃക്ഷങ്ങള്‍ക്ക് കഴിയില്ലല്ലോ. തലയുയര്‍ത്തി  നിന്നിരുന്ന അനവധി   കുന്നുകള്‍  ചെമ്മണ്ണായി പൊടിഞ്ഞു തകര്‍ന്ന്   നഗരങ്ങളിലെ കറുത്ത  റോഡുകളെ ചുവപ്പിച്ചുകൊണ്ട് വിദൂരങ്ങളിലേക്ക് യാത്ര പോയി...കുഴിക്കപ്പെട്ട വയലുകളില്‍ ആദ്യം ലോറിക്കണക്കിനു  ഇഷ്ടികകള്‍ പഴുത്തു  വിളഞ്ഞു. പിന്നീട്   നികത്തപ്പെട്ട  വയലുകളില്‍   കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പല നിലകളില്‍ പൂവിട്ടു.  ഇപ്പോള്‍ ഭൌമശാസ്ത്രജ്ഞരും കാലാവസ്ഥാവിദഗ്ധരും  പരിസ്ഥിതിവാദികളൂം താക്കീതു ചെയ്യുന്നുണ്ട്..   കേരളത്തിന്‍റെ  മലയോരപ്രദേശങ്ങളില്‍  താമസിക്കുന്നവര്‍ കരുതിയിരിക്കണമെന്ന്..   ഒരു മഴമേഘം  പൊട്ടിയുണ്ടാവുന്ന ഉരുള്‍പ്പൊട്ടല്‍ സഹിക്കാന്‍ കേവലം പതിനൊന്നു മുതല്‍ നൂറ്റി ഇരുപത്തൊന്നു കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ ഒരു റിബണ്‍ പോലെ കിടക്കുന്ന കേരളത്തിനു  സാധ്യമല്ലെന്ന് അറിയാന്‍ വലിയ പഠിപ്പൊന്നും വേണ്ട...  വെറും സാമാന്യജ്ഞാനം മാത്രം മതി. നിര്‍ഭാഗ്യവശാല്‍ ഈ സാമാന്യജ്ഞാനമാണല്ലോ മനുഷ്യരില്‍ ഏറ്റവും അപൂര്‍വമായത്..  അതുകൊണ്ട് നമുക്ക് സമാധാനിക്കാം മഴമേഘസ്ഫോടനമൊന്നും ഇവിടെങ്ങും വരികയില്ലന്നേയ്....  അത്  ഹിമാലയത്തിലൊക്കെയേ  വരികയുള്ളൂ. ഭൌമശാസ്ത്രജ്ഞന്മാര്‍ക്കും കാലാവസ്ഥാവിദഗ്ധര്‍ക്കും പരിസ്ഥിതിവാദികള്‍ക്കും ഒന്നും  വലിയ വിവരമില്ലെന്ന് നമുക്കറിയില്ലേ .... 

മനുഷ്യ മനസ്സിന്‍റെ  ഏറ്റവും വലിയ തന്ത്രങ്ങളിലൊന്ന്  മറ്റൊരാളുടെ  മറ്റൊരു  സ്ഥലത്തിന്‍റെ  വേദനകളെ കെട്ടുകഥകളായി  കാണാനുള്ള  കഴിവും അതുകൊണ്ട്  തന്നെ സ്വന്തം ആശകള്‍  മാത്രം പൂര്‍ത്തികരിക്കാനുള്ള  ഒടുങ്ങാത്ത ദാഹവുമാണ് ... ആ  ഒരു തന്ത്രം  മനുഷ്യനില്ലായിരുന്നെങ്കില്‍    ലോകം ഇങ്ങനെ  ആകുമായിരുന്നില്ല...  

28 comments:

Unknown said...

മനുഷ്യ മനസ്സിന്‍റെ ഏറ്റവും വലിയ തന്ത്രങ്ങളിലൊന്ന് മറ്റൊരാളുടെ മറ്റൊരു സ്ഥലത്തിന്‍റെ വേദനകളെ കെട്ടുകഥകളായി കാണാനുള്ള കഴിവും അതുകൊണ്ട് തന്നെ സ്വന്തം ആശകള്‍ മാത്രം പൂര്‍ത്തികരിക്കാനുള്ള ഒടുങ്ങാത്ത ദാഹവുമാണ് ... ആ ഒരു തന്ത്രം മനുഷ്യനില്ലായിരുന്നെങ്കില്‍ ഈ ലോകം ഇങ്ങനെ ആകുമായിരുന്നില്ല... മാധ്യമം 'ചെപ്പി'ല്‍ വായിച്ചിരുന്നു.പഠനര്‍ഹാമായ കുറിപ്പ്

മണ്ടൂസന്‍ said...

'ചിലര്‍ ഏതു നിമിഷവും ഇടിഞ്ഞു തകരാവുന്ന കരയില്‍, കാറ്റില്‍ പാറിപ്പോകാവുന്ന കരിയിലകളേയും, മഴയത്ത് അലിഞ്ഞു പോകാവുന്ന മണ്‍കട്ടകളേയും, മുറുക്കിപ്പിടിച്ച് താനൊഴിച്ചുള്ള മുഴുവന്‍ ലോകത്തേയും കുറ്റപ്പെടുത്തുന്നു.'

ചിലർ അങ്ങനേയാണ്, എന്തിനും ഏതിനും ആരേയെങ്കിലും ഏതെങ്കിലും വിധത്തിൽ കുറ്റപ്പെടുത്തിയില്ലെങ്കിൽ അത്തരക്കാർക്ക് യാതൊരു സമാധാനവും ഉണ്ടാവില്ല.

'ഉത്തരാഖണ്ഡില്‍ ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേരെയാണ് രക്ഷപ്പെടുത്തിയതെന്നും പതിനായിരം പേരോളം ആ ഉരുള്‍പ്പൊട്ടലില്‍ മൃതിയടഞ്ഞുവെന്നും ഇനി വരുന്ന ചില ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.'

ഇങ്ങനെ 'എല്ലാ' കാര്യങ്ങളും അറിയിക്കാൻ മാത്രമല്ലേ നമ്മുടെ സർക്കാറിനെന്നും കഴിഞ്ഞിട്ടുള്ളൂ ? അതേ അവർക്കാവൂ,എന്നും.!


'1991ല്‍ ഉണ്ടായ ഭീകരമായ ഭൂമികുലുക്കത്തില്‍ ഉത്തരാഖണ്ഡ് കല്ലിന്മേല്‍ കല്ലില്ലാത്തവിധം തകര്‍ന്നടിഞ്ഞതായിരുന്നു. വളരെയേറെ ശ്രമപ്പെട്ടതിനു ശേഷമാണ് ഒന്നു നിവര്‍ന്നു നില്ക്കാന്‍ സാധിച്ചത്.'

ഒരു അനുഭവത്തിൽ നിന്നൊന്നും നമ്മൾ പാഠം പഠിക്കില്ല, അതങ്ങനേയല്ലേ ഭാരതീയർ ?
നമ്മൾക്ക് ചോര ഞരമ്പിൽ തിളപ്പിക്കാനും, അഭിമാനിതപൂരിതരാവാനുമേ കഴിയൂ എന്നും.!


'സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചകള്‍ക്ക് പുറമേ എന്തുകൊണ്ട് ഇത്ര വലിയ തോതില്‍ ഒരു മഴമേഘ വിസ്ഫോടനവും അതിനെതുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലും വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കാന്‍ ഗവണ്‍മെന്‍റിനു സാധിക്കാതെ പോയി എന്ന് പൊതുവേ എല്ലാവരും രോഷം കൊള്ളുന്നുണ്ട്.'

നമുക്കിങ്ങനെ 'രോഷം' കൊണ്ട് തീർക്കാം നമ്മുടെ ഈ നല്ല ജീവിതകാലം മുഴുവനും.!

മണ്ണും മരങ്ങളും മനുഷ്യർക്ക് സ്വസ്ഥജീവിതത്തിന് എത്രത്തോളം ആവശ്യകരമാണെന്നും പ്രയോജന പ്രദമാണെന്നും നമ്മൾ എന്നാണാവോ ഒന്ന് മനസ്സിലാക്കുക ?
നല്ല കുറിപ്പിനാസംസകൾ.!

Dr Premakumaran Nair Malankot said...

മനുഷ്യ മനസ്സിന്‍റെ ഏറ്റവും വലിയ തന്ത്രങ്ങളിലൊന്ന് മറ്റൊരാളുടെ മറ്റൊരു സ്ഥലത്തിന്‍റെ വേദനകളെ കെട്ടുകഥകളായി കാണാനുള്ള കഴിവും അതുകൊണ്ട് തന്നെ സ്വന്തം ആശകള്‍ മാത്രം പൂര്‍ത്തികരിക്കാനുള്ള ഒടുങ്ങാത്ത ദാഹവുമാണ് .... vasthavam!

Dr Premakumaran Nair Malankot said...

മനുഷ്യ മനസ്സിന്‍റെ ഏറ്റവും വലിയ തന്ത്രങ്ങളിലൊന്ന് മറ്റൊരാളുടെ മറ്റൊരു സ്ഥലത്തിന്‍റെ വേദനകളെ കെട്ടുകഥകളായി കാണാനുള്ള കഴിവും അതുകൊണ്ട് തന്നെ സ്വന്തം ആശകള്‍ മാത്രം പൂര്‍ത്തികരിക്കാനുള്ള ഒടുങ്ങാത്ത ദാഹവുമാണ് .... vasthavam!

റോസാപ്പൂക്കള്‍ said...

അനുഭവങ്ങളില്‍ നിന്നെ പഠിക്കൂ എന്ന അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു. ആസന്നമായിരിക്കുന്ന നാശത്തെക്കുരിച്ചു ഇനിയെങ്കിലും നമുക്ക്‌ ചിന്തയുണ്ടാകട്ടെ

ഭാനു കളരിക്കല്‍ said...

മനുഷ്യ മനസ്സിന്റെ രീതികളല്ല പ്രകൃതിയെ ഇങ്ങനെ തകർത്തെറിയുന്നത്. എങ്ങനേയും ലാഭം എന്ന സാമ്രാജ്യത്ത ചൂഷണമാണ്. ലോകം മുഴുവൻ യാതൊരു തത്വദീക്ഷയുമില്ലാത്ത വ്യവസായവത്ക്കരണം നടത്തുന്ന അമേരിക്കൻ മൾട്ടി നേഷണലുകൾ അവരുടെ രാജ്യത്ത് ഇത്തരം ഒരു കൊള്ളക്ക് തയ്യാർ അല്ല. നമ്മുടെ രാജ്യത്തെ വ്യവസായികൾക്ക് രാജ്യസ്നേഹത്തിന്റെ തരിമ്പുപോലും ഇല്ല എന്നതാണ് ഈ വിപത്തിന്റെ മുഴുവൻ പ്രശ്നവും. എന്തുകൊണ്ട് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് അട്ടിമറിക്കപ്പെടുന്നത് എന്ന അന്വേഷണം മതി ഭരണവര്ഗ്ഗങ്ങളുടെ നിലപാട് മനസ്സിലാക്കാൻ.

ലംബൻ said...

വനനശീകരണം ലോകത്ത് എല്ലായിടത്തും പെരുകുകയാണ്. അങ്ങോട്ട്‌ ഉപദ്രവിച്ചാല്‍ പ്രകൃതി എങ്ങിനെയാണ്‌ പ്രതികരിക്കുക എന്ന് നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല.
(ഇവിടെ ഗബോണില്‍ 80 ശതമാനമുള്ള കാടുകള്‍ വെട്ടി ചൈനയിലേക്ക് കടത്തുന്നത് കാണുമ്പോള്‍ നെഞ്ചിനുള്ളില്‍ ഒരു തീയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഹരിതാഭമായ നീ നാട് വെറും മരുഭൂമി ആയേക്കാം)
ഇതൊക്കെ ചിന്തിക്കാന്‍ ആര്‍ക്കു സമയം. പണമല്ലേ എല്ലാം.

കൊമ്പന്‍ said...

പ്രക്രതിയോടു ഇണങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളെ നമുക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത കാലത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപെടുക തന്നെ ചെയ്യും

Aneesh chandran said...

മനുഷ്യനിർമ്മിത ലോകം അവരുടെ ആവാസവ്യവസ്‌ഥയുടെ അടിവേരുകൾ കടപുഴക്കിയെറിയുന്ന അവസ്‌ഥയിലേക്ക്‌ ഇന്ന്‌ എത്തിനില്‌ക്കുന്നു.പ്രകൃതിക്ക് കണ്ടില്ലെന്നു നടിക്കാന്‍ ആവില്ലല്ലോ .

vettathan said...

മേഘസ്പോടനം ഇവിടെ ഉണ്ടാകുമോ എന്നറിയില്ല. പക്ഷേ ഈ ദിവസങ്ങളില്‍ ചര്‍ല്‍ പെറുക്കി എറിയുന്നത് പോലുള്ള മഴയാണ് പെയ്യുന്നത്. രണ്ടു മിനുറ്റ് മഴക്ക് അര മണിക്കൂര്‍ പെയ്ത്തിന്റെ വെള്ളവും ഉണ്ടാകും.

ajith said...

വികസനവിരോധിയായി ലേഖനങ്ങളെഴുതുന്ന ഇവള്‍ക്കെതിരെ ഏത് വകുപ്പനുസരിച്ച് കേസെടുക്കാം?!!

വീകെ said...

ഇന്നിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഇന്നത്തെ മനുഷ്യരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് ശേഷം പ്രളയം വന്നാൽ എനിക്കെന്ത് എന്ന് ചിന്തിക്കുന്നവർ. ഇന്നലത്തെ മനുഷ്യർ നാളെയെക്കുറിച്ച് ബോധവാന്മാരായിരുന്നതു കൊണ്ടാണ് ഇന്ന് നമ്മൾക്ക് ഇങ്ങനെയെങ്കിലും ജീവിക്കാൻ കഴിയുന്നത്. മനുഷ്യന്റെ ക്രൂരതയോട് ദ്വേഷ്യം പ്രകടിപ്പിക്കാനും മനുഷ്യരെ പാഠം പടിപ്പിക്കാനുമാവും പ്രകൃതിയുടെ ഈ സംഹാര താണ്ഢവം.

Unknown said...

ദുര മൂത്തു നമുക്ക് പുഴ കറുത്തു.
ചതി മൂത്തു നമ്മൾക്ക് മല വെളുത്തു.
തിര മുത്തമിട്ടോരു കരിമണൽ തീരത്ത്-
വര‌യിട്ടു നമ്മൾ പൊതിഞ്ഞെടുത്തു.
പകയുണ്ട് ഭൂമിയ്ക്ക്, പുഴകൾക്ക്, മലകൾക്ക് പുക തിന്ന പകലിനും ദ്വേഷമുണ്ട്.....

മുരുകൻ കാട്ടാക്കടയുടെ 'പക' എന്ന കവിതയാണ് എച്‌മുവിന്റെ ഈ ലേഖനം വായിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിലേയ്ക്ക് കയറിവന്നത്.. ഒപ്പം കനത്ത മഴയിലും ഉരുൾപൊട്ടലിലും കേരളത്തിൽ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന നാശനഷ്ടങ്ങളേക്കുറിച്ചുള്ള് വാർത്തകളും, ഫ്ലാഷ് ന്യൂസുകളും ടെലിവിഷനിലൂടെ ഒഴുകിനീങ്ങിക്കൊണ്ടിരിയ്ക്കുന്നു..

സർവ്വംസഹയായ ഭൂമി എന്ന് വിശേഷിപ്പിച്ച്, കീറിമുറിച്ചുനശിപ്പിച്ച പ്രകൃതിയുടെ തിരിച്ചടികളാവാം ഇതെല്ലാം...

പക്ഷേ ദുരാഗ്രഹവും, ആർത്തിയും മൂത്ത ഒരു കൂട്ടത്തിന്റെ പ്രവൃത്തികളൂടെ ഫലം അനുഭവിയ്ക്കുന്നത് പാവപ്പെട്ട സാധാരണക്കാരാണെന്നത് മാത്രം വല്ലാതെ വേദനിപ്പിയ്ക്കുന്നു.

Echmukutty said...

ആദ്യ വായനയ്ക്കെത്തിയ നജീബിനു സ്വാഗതം.. നന്ദി.
മണ്ടസാ... മനുഷ്യര്‍ക്കിതൊക്കെ അറിയാഞ്ഞിട്ടാവുമോ അല്ല... അവരുടെ താല്‍പര്യങ്ങളില്‍ പ്രാധാന്യം മറ്റു പലതിനുമാവുന്നതുകൊണ്ടാണ്... അല്ലേ? ഒരു മാതിരി വിത്തു കുത്തി മാമുണ്ണല്‍ ആവുന്നുവെന്നു മാത്രം ...

San said...

അതിജീവനത്തിനുള്ള മനുഷ്യന്റെ കഴിവ് തുലോം ദുര്ബലമാണ് .. ആവാസ വ്യവസ്ഥയിൽ ഒരു ചെറിയ വ്യതിയാനം പോലും നമുക്ക് താങ്ങാൽ സാധിക്കില്ല . അന്തരീക്ഷ ഉഷ്മാവ് കൂടുന്നത് കൂടുതൽ ശക്തമായ മഴക്കലങ്ങളെ ഭാവിയിൽ നമുക്ക് സമ്മാനിക്കും . അപ്പോഴേക്കും അതിനെ തടയാൻ നാം ഇപ്പോഴേ ആസൂത്രണം ചെയ്യേണ്ടതായുണ്ട്

Echmukutty said...

ഡോക്ടര്‍ സാറിനും റോസാപ്പൂവിനും നന്ദി.. പഠിക്കുമോ എന്നൊന്നും അറിയാന്‍ വയ്യ.. റോസാപ്പൂവേ.. സമയം കഴിഞ്ഞ് പഠിച്ചിട്ടും വലിയ കാര്യമൊന്നും ഉണ്ടാവില്ല...

ചൂഷണത്തെ മനുഷ്യ മനസ്സ് ഇഷ്ടപ്പെടുന്നുവല്ലോ ഭാനു... ചൂഷണം ചെയ്യാന്‍ ആവുന്നിടത്തെല്ലാം അത് ചെയ്യുകയും ചെയ്യുന്നു.. അതിനു പറ്റിയ ന്യായങ്ങളും കണ്ടു പിടിക്കുന്നു. ചൂഷണത്തെ എതിര്‍ക്കുന്നവരെ നിലയ്ക്കു നിറുത്തുന്നതിലും ഇല്ലേ ഈ ന്യായം കണ്ടു പിടിക്കല്‍...

Echmukutty said...

ശ്രീജിത്ത് എഴുതിയത് വാസ്തവം..
അങ്ങനെയാവാം കൊമ്പന്‍.. ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മള്‍ എവിടെപ്പോയി ഒടുങ്ങുമെന്നറിയില്ല...
അതെ, അനീഷ് പ്രകൃതി ഇടപെടുക തന്നെയാണ്..

Echmukutty said...

മഴ ഭയാനകമാണെന്ന് കേള്‍ക്കുന്നു, വെട്ടത്താന്‍ ചേട്ടാ, അണക്കെട്ടുകള്‍ നിറഞ്ഞുവെന്നും കേള്‍ക്കുന്നു.

കേസ് വരുമോ അജിത്തേട്ടാ?

വി കെ മാഷ് പറഞ്ഞത് ശരി... എനിക്കു ശേഷം പ്രളയം എന്നു തന്നെയാണ് മിക്കവാറും ചിന്താഗതി.

Echmukutty said...

അതെ, ഷിബു എല്ലാ ദുരന്തങ്ങളും സാധാരണക്കാരന്‍റെ തലയിലാണ് കല്ലുമഴയാകുന്നത്.

അതിജീവനത്തിനുള്ള മനുഷ്യന്‍റെ കഴിവ് ദുര്‍ബലമാണെന്ന് മനുഷ്യന്‍ അറിയുന്നത് എപ്പോഴാണാവോ സാന്‍...

വായിച്ച് എന്നെ പ്രോല്‍സാഹിപ്പിക്കുന്ന എല്ലാവരോടും നന്ദി പറഞ്ഞുകൊള്ളുന്നു... ഇനിയും വായിക്കുമല്ലോ...

Cv Thankappan said...

"മനുഷ്യ മനസ്സിന്‍റെ ഏറ്റവും വലിയ തന്ത്രങ്ങളിലൊന്ന് മറ്റൊരാളുടെ മറ്റൊരു സ്ഥലത്തിന്‍റെ വേദനകളെ കെട്ടുകഥകളായി കാണാനുള്ള കഴിവും അതുകൊണ്ട് തന്നെ സ്വന്തം ആശകള്‍ മാത്രം പൂര്‍ത്തികരിക്കാനുള്ള ഒടുങ്ങാത്ത ദാഹവുമാണ് ... ആ ഒരു തന്ത്രം മനുഷ്യനില്ലായിരുന്നെങ്കില്‍ ഈ ലോകം ഇങ്ങനെ ആകുമായിരുന്നില്ല..."
തീര്‍ച്ചയായും.നല്ലൊരു ലേഖനം
ആശംസകള്‍

keraladasanunni said...

ആപത്ത് സംഭവിച്ചശേഷം വായിട്ടലയ്ക്കാനല്ലാതെ
അത് തടയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് 
ചിന്തിക്കാന്‍ നമ്മുടെ നാട്ടില്‍ ആരുണ്ട്.

Pradeep Kumar said...

സാമാന്യജ്ഞാനത്തെ മനുഷ്യന്റെ ദുര കീഴടക്കും.നാം കാണുന്ന പല പ്രകൃതിദുരന്തങ്ങളും ദുരമൂത്ത മനുഷ്യന്റെ അത്യാഗ്രഹങ്ങളുടെ സൃഷ്ടിതന്നെ.വന്‍കിടക്കാരായ ഉപരിവര്‍ഗമാണ് പലപ്പോഴും ചൂഷണത്തിലൂടെ പ്രകൃതിയുടെ താളം തെറ്റിക്കാറുള്ളത്. പക്ഷേ പ്രകൃതിയുടെ കോപത്തിന് ഇരയാവുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും സാധാരണക്കാരുമാണ്.

mattoraal said...

നമുക്ക് മഴ കവിതക്കുള്ള വിഷയം.മാനത്ത് മഴക്കാറ് മൂടുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്ന ഒരുപാട് മനുഷ്യര്‍ ഇവിടെയുണ്ട്.

ശ്രീ said...

പ്രകൃതി ദുരന്തങ്ങളെ കുറ്റം പറഞ്ഞിരിയ്ക്കുന്നതല്ലാതെ നമ്മള്‍ പ്രകൃതിയെ നശിപ്പിയ്ക്കുന്നതില്‍ ആര്‍ക്കും ഒന്നും പറയാനില്ല. പിന്നെങ്ങനാ....

Bipin said...

തീർഥാടനത്തെ ടൂറിസം ആക്കി മാറ്റി ഒരു കോടി ആളുകൾക്ക് താമസം ഒരുക്കാനായി യാതൊരു നിയന്ത്രണവും ഇല്ലാതെ ഹോട്ടലുകൾ കെട്ടിപ്പൊക്കി. ഇത്രയും ആളുകൾക്ക് യാത ചെയ്യാനായി റോഡുകൾ നിർമ്മിച്ചു. ഭാഗീരഥി നദിയിൽ നിറയെ, ടെഹ്റി, ഉൾപ്പടെ അനേകം അണക്കെട്ടുകൾ നിർമ്മിച്ചു. പരിസ്ഥിതി ദുർബല പ്രദേശമായ ഹിമാലയൻ സാനുക്കളിൽ ആണ് ഇത്രയും വലിയ നിർ മാ ണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനെതിരെ എത്ര നാൾ പ്രകൃതിക്ക് പിടിച്ചു നിൽക്കാനാകും ? ഉത്തർഘണ്ട് ദുരന്തം ദുര മൂത്ത മനുഷ്യൻ ഉണ്ടാക്കിയതാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നാം നിർത്തിയില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ ആവർ ത്തി ക്കും.

Areekkodan | അരീക്കോടന്‍ said...

ഉത്താരാഖണ്ത് കേരളത്തില്‍ ആവര്‍ത്തിക്കുന്നത് വരെ നമുക്ക് തുടരാം...!!!!

Muralee Mukundan , ബിലാത്തിപട്ടണം said...


മനുഷ്യ മനസ്സിന്‍റെ ഏറ്റവും വലിയ തന്ത്രങ്ങളിലൊന്ന് മറ്റൊരാളുടെ മറ്റൊരു സ്ഥലത്തിന്‍റെ വേദനകളെ കെട്ടുകഥകളായി കാണാനുള്ള കഴിവും അതുകൊണ്ട് തന്നെ സ്വന്തം ആശകള്‍ മാത്രം പൂര്‍ത്തികരിക്കാനുള്ള ഒടുങ്ങാത്ത ദാഹവുമാണ് ... ആ ഒരു തന്ത്രം മനുഷ്യനില്ലായിരുന്നെങ്കില്‍ ഈ ലോകം ഇങ്ങനെ ആകുമായിരുന്നില്ല...

നളിനകുമാരി said...

ചിലർ അങ്ങനേയാണ്, എന്തിനും ഏതിനും ആരേയെങ്കിലും ഏതെങ്കിലും വിധത്തിൽ കുറ്റപ്പെടുത്തിയില്ലെങ്കിൽ അത്തരക്കാർക്ക് യാതൊരു സമാധാനവും ഉണ്ടാവില്ല.