Tuesday, October 16, 2018

ദ അള്‍ട്ടിമേറ്റ് മറ്റേണിറ്റി

https://www.facebook.com/echmu.kutty/posts/961123294066965

രണ്ടു പേരും എന്‍റെ കൂട്ടുകാരികളാണ്. ആരോടാണധികം സ്നേഹമെന്ന് ചോദിക്കരുത്. എനിക്ക് പറയാന്‍ കഴിയില്ല. അത്ര അടുപ്പമുണ്ട്. ആരാണ് കൂടുതല്‍ നന്മയുള്ളവള്‍ എന്നും ചോദിക്കരുത്. അതിനും എനിക്കുത്തരമില്ല.

അവര്‍ ചേച്ചിയും അനിയത്തിയുമാണ്. എന്നേക്കാള്‍ അല്‍പം മുതിര്‍ന്നവര്‍. വിവാഹിതര്‍. അവരുടെ ഭര്‍ത്താക്കന്മാരുടെ നീണ്ട തലമുടി കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ട് നിന്നിട്ടുണ്ട്. ആ, അതു തന്നെ.... അവര്‍ സര്‍ദാര്‍ജിമാരായിരുന്നു. ഞായറാഴ്ചകളില്‍ തലമുടി ഷാമ്പൂവും കണ്ടീഷണറും ഒക്കെ ഇട്ട് കഴുകിയുണക്കാനിടുന്നത് കാണേണ്ട കാഴ്ചയാണ്. അവരുടെ അമ്മ തന്‍റെ ആണ്‍ മക്കളുടെ ഇരുണ്ടുകനത്തതലമുടിയില്‍ വിരലോടിച്ചുകൊണ്ട് തണുപ്പു കാലത്തെ വെയില്‍ കാഞ്ഞ് ഇരിക്കുന്നുണ്ടാവും. ചേച്ചിയും അനിയത്തിയുമായ ഭാര്യമാര്‍ പലതരം പക്കോഡകളുണ്ടാക്കി മസാല ചേര്‍ത്ത ചായയുമായി അവര്‍ക്കൊപ്പം കൂടും. ഗൃഹസൌഭാഗ്യത്തിന്‍റെ ആ മനോഹര ചിത്രം കണ്ട് ഞാന്‍ ആഹ്ലാദിക്കും. സ്നേഹിക്കുന്നവരെ ചുമ്മാ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും നിര്‍വൃതിയും അളവറ്റതാണ്.

അനിയത്തിയായ പര്‍വീണ്‍ ആദ്യം ഗര്‍ഭിണിയായി. ആഹ്ലാദം പൂത്തിരി കത്തിച്ച ദിവസങ്ങളായിരുന്നു പിന്നീട്. അമ്മായിയമ്മ മരുമകളുടെ തലമുടി പറാന്തെ( നമ്മുടെ കുഞ്ചലം) വെച്ച് പിന്നി നീട്ടിയിടും. പറാന്തെ അവര്‍ക്കൊരു വിശേഷപ്പെട്ട കേശാഭരണമാണ്. കല്യാണം, സന്തോഷാവസരങ്ങള്‍, ഉല്‍സവങ്ങള്‍ ഇതിനെല്ലാം നിര്‍ബന്ധമാണ് ഈ കുഞ്ചലം. സ്വര്‍ണത്തിലും വെള്ളിയിലും ഒക്കെ പല ഡിസൈനുകളില്‍ ഉണ്ടാക്കി സൂക്ഷിക്കുന്ന ഭീകര പണക്കാരും ഉണ്ട്. സില്‍ക്ക് നൂലിലെങ്കിലും നിര്‍ബന്ധമായും ഒരെണ്ണം എല്ലാവരും ഉണ്ടാക്കി വെച്ചിരിക്കും. ഫുല്‍ക്കാരി ദുപ്പട്ടയും പാട്യാലാ സല്‍വാര്‍ കമ്മീസും പോലെ പഞ്ചാബിപ്പെ ണ്ണുങ്ങളുടെ തിരിച്ചറിയല്‍ അടയാളമാണ് ഈ പരാന്തെയും. കൈ നിറച്ചും കുപ്പി വളകള്‍ കിലും കിലും എന്ന് ശബ്ദമുണ്ടാക്കുന്നുണ്ടാവും. നല്ല വസ്ത്രങ്ങള്‍... ധാരാളം പലഹാരങ്ങള്‍, ഒരു പെണ്ണിനെ എങ്ങനൊക്കെ അലങ്കരിക്കുകയും അവളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യാമോ അതിലെല്ലാവരും മല്‍സരിക്കുകയായിരുന്നു. പര്‍വീണിന്‍റെ സൌഭാഗ്യം കണ്ട് കണ്‍കുളിരാത്തവര്‍ ആരുമുണ്ടായിരുന്നില്ല ആ പരിസരത്തില്‍....

അങ്ങനെ കാത്തു കാത്ത് പര്‍വീണിന് ഉണ്ണിയുണ്ടായി. നല്ല തക്കിടിമുണ്ടനായ ഒരു ആണ്‍കുട്ടി. എല്ലാവരും കുഞ്ഞിനെ ഓമനിച്ച് ഓമനിച്ച് വളര്‍ത്തി. അമ്മായിഅമ്മയ്ക്ക് സ്വര്‍ഗം കൈവന്ന സന്തോഷമായിരുന്നു.

ചേച്ചി അല്‍ക്ക ഗര്‍ഭിണിയായതേയില്ല. പിന്നെ അവര്‍ ചികില്‍സകള്‍ ആരംഭിച്ചു. അലോപ്പതി , ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി... ഒന്നും ഫലിച്ചില്ല. അല്‍ക്കയെ ആരും വഴക്കൊന്നും പറഞ്ഞിരുന്നില്ല. എങ്കിലും അല്‍ക്കയുടെ കണ്ണുകള്‍ പിന്നെപ്പിന്നെ തോരാതായി. അനിയത്തിയുടെ മകനെ എപ്പോഴും എടുത്തു നടക്കുകയും കൊഞ്ചിക്കുകയും ചെയ്യുമെങ്കിലും അല്‍ക്ക ദു:ഖിതയായിരുന്നു.

അപ്പോഴാണ് പര്‍വീണ്‍ രണ്ടാമതും ഗര്‍ഭിണിയായത്.
അതറിഞ്ഞ് എല്ലാവരും ആഹ്ലാദിച്ചു. ആദ്യഗര്‍ഭകാലത്തെ സ്നേഹപരിചരണങ്ങള്‍ എല്ലാം ആവര്‍ത്തിച്ചു. സന്തോഷം മാത്രമേ അവിടെ കളിയാടിയിരുന്നുള്ളൂ.

അല്‍ക്ക ശരിക്കും അസ്വസ്ഥയായി. അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് ഏകദേശം അവള്‍ക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു. അവളുടെ കരച്ചില്‍ താങ്ങാന്‍ പറ്റാതെ വന്നപ്പോഴാണ് ദില്ലിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങി ഭര്‍ത്താവ് ഭോപ്പാലിലേക്ക് പോയത്. അമ്മയ്ക്ക് മകനെ പിരിയാന്‍ നല്ല സങ്കടമുണ്ടായിരുന്നു. പക്ഷെ, അല്‍ക്കയെ വേദനിപ്പിക്കാന്‍ അവര്‍ ഒട്ടും ആഗ്രഹിച്ചില്ല.

പര്‍വീണിന്‍റെ പ്രസവമടുത്തപ്പോള്‍ അല്‍ക്ക ദില്ലിയിലേക്ക് വന്നു. അനിയത്തിയെ സ്നേഹത്തോടെ വാല്‍സല്യത്തോടെ പരിചരിച്ചു, അമ്മായിഅമ്മയ്ക്കൊപ്പം സന്തോഷമായി നിന്നു.

പര്‍വീണ്‍ ഇപ്രാവശ്യം ജന്മം നല്‍കിയത് ഒരു പെണ്‍കുഞ്ഞിനാണ്. തുടുത്തു ചുവന്ന് സുന്ദരിയായ ഒരു മാലാഖക്കുട്ടി.

പ്രസവത്തിന്‍റെ ആലസ്യം മാറി, ശരിയായ ബോധത്തിലേക്കുണര്‍ന്നപ്പോള്‍ പര്‍വീണ്‍ കട്ടിലില്‍ എണീറ്റിരുന്ന് കുഞ്ഞിനെ കൈയില്‍ വാങ്ങിച്ചു. എന്നിട്ട് ഒന്നുമ്മവെയ്ക്കുക പോലും ചെയ്യാതെ കുഞ്ഞിനെ അല്‍ക്കയെ ഏല്‍പ്പിച്ചു......

'ചേച്ചിയ്ക്ക് മകളുണ്ടായി എന്ന് കരുതിക്കൊള്ളൂ' വെന്ന് പറഞ്ഞ് നിറഞ്ഞു ചിരിച്ചു.

എല്ലാവരും ഞെട്ടിപ്പോയി. പര്‍വീണിനു ഒരു കുലുക്കവുമുണ്ടായിരുന്നില്ല. അവള്‍ ആ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ എല്ലാവരും അവളുടെ തീരുമാനത്തിനു കീഴടങ്ങി.

ആനന്ദം കൊണ്ട് അന്ധരായിത്തീര്‍ന്ന അല്‍ക്കയും ഭര്‍ത്താവും മകളേയും കൊണ്ട് ഭോപ്പാലിലേക്കും പിന്നീട് ആസ്ട്രേലിയയിലേക്കും ജീവിതം പറിച്ചു നട്ടു. മകളെ കൈയിലേന്തി നില്‍ക്കുന്ന അല്‍ക്കയുടെ മുഖം ഞാനൊരിക്കലും മറക്കുകയില്ല. അത്രമേല്‍ ദിവ്യമായിരുന്നു അത്. അതിലും ദിവ്യമായിരുന്നു പര്‍വീണിന്‍റെ മുഖം.

അമ്മായിയമ്മ ഇടയ്ക്ക് ഓസ്ട്രേലിയയിലേക്ക് പോകും. മാലാഖയെ കണ്ടു വരും. പര്‍ വീണ്‍ ആ കുഞ്ഞ് അവളുടേയാണെന്ന് ഇന്നുവരെ ആരോടും അവകാശപ്പെട്ടിട്ടില്ല, തമാശയായിട്ടു പോലും. പര്‍വീണിന്‍റെ സഹോദരസ്നേഹവും ഹൃദയനൈര്‍മല്യവും കാണുമ്പോള്‍ മദര്‍ മേരി എന്ന് വിളിക്കാന്‍ എനിക്ക് തോന്നിയിട്ടുണ്ട്.

ചിലരെയൊക്കെ പരിചയപ്പെടുമ്പോള്‍ അടുത്തറിയുമ്പോള്‍ ആരെക്കൂടുതല്‍ സ്നേഹിക്കണം ബഹുമാനിക്കണം എന്ന് എനിക്ക് സംശയം വരാറുണ്ട്. ഇക്കാര്യത്തിലും അതുണ്ട്.

ത്യജിക്കുക എന്നത് പഞ്ചാബി രക്തത്തിന്‍റെ ഒരു സവിശേഷതയാണ്. പലപ്പോഴും ഞാനത് കണ്ടിട്ടുണ്ട്. മനസ്സില്ലാമനസ്സോടെയുള്ള ത്യജിക്കലല്ല, പൂര്‍ണ മനസ്സോടെയുള്ള ത്യജിക്കല്‍... പിന്നീടൊരിക്കലും അവകാശപ്പെടാതെ ചൂണ്ടിക്കാട്ടാതെ എന്നേക്കുമായുള്ള ത്യജിക്കല്‍...

ഓള്‍ ഈസ് വെല്‍ ദാറ്റ് എന്‍ഡ്സ് വെല്‍ എന്നാണല്ലോ.

No comments: