Thursday, June 6, 2019

അമ്മച്ചിന്തുകൾ 1



ഈയിടെയായി അമ്മയെ ഞാൻ എന്നും സ്വപ്നം കാണുന്നുണ്ട്. അമ്മ വിളിക്കുന്നുവെന്ന തോന്നലിൽ ഞെട്ടിയുണരും. ചുറ്റും നോക്കും....... ആരുമില്ലെന്നും അച്ഛനും അമ്മീമ്മയും അമ്മയുമൊക്കെ കടന്നുപോയെന്നും അ
പ്പോൾ മനസ്സിലാവും.

ജനിച്ച ഉടനെയുള്ള മൂന്നു മാസം മാത്രമേ തിരുവനന്തപുരത്തെ കടലോരഗ്രാമമായ പുത്തൻതോപ്പിൽ ഞാൻ കഴിഞ്ഞിട്ടുള്ളൂ. എങ്കിലും ആ വീടും അതിനു തൊട്ടടുത്ത ഹംബിൾ കോട്ടേജും എനിക്ക് ചിരപരിചിതമാണ്. ഏഴിലും എട്ടിലും പഠിക്കുമ്പോൾ ഞങ്ങൾ അവിടെ പോയി താമസിച്ചു. നന്നേ മുതിർന്ന പ്പോൾ ഡാറി ആൻറിയെ കാണാൻ പോയി, കണ്ണനും മോളുമൊത്ത്. നീയെന്നെ കാണാൻ വന്നല്ലോ എന്ന് ആൻറി ഒത്തിരി സന്തോഷം പ്രകടിപ്പിച്ചു. ഗർഭിണിയായി രുന്ന അമ്മയേയും കൂട്ടി കടലിൽ ബോട്ടുസഞ്ചാരത്തിനു പോയതും
എന്നെ മടിയിൽ കിടത്തി കുളിപ്പിച്ചതും ഒക്കെ അവർ ഓർത്തു പറഞ്ഞു. എന്നെ മാത്രമല്ല കണ്ണനേയും മോളേയും അവർ കെട്ടിപ്പുണർന്നു ഉമ്മ വെച്ചു. അമ്മയോട് ഫോണിൽ സംസാരിച്ചു. 'ഞാൻ മരണക്കിടക്കയിലാണ് രാജം' എന്ന് ആൻറി പറഞ്ഞപ്പോൾ അമ്മ 'ഞാനുമതേ' എന്ന് കരഞ്ഞു. അമ്മയുടെ എന്നത്തേയും സുഹൃത്തായിരുന്നു ആൻറി. അവർ ലത്തീൻ കത്തോലിക്കരാണെന്നത് അമ്മ ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ല. ആരുടേയും ജാതിയും മതവും ഒരിക്കലും ചർച്ച ചെയ്യാത്ത രണ്ട് സ്ത്രീകളായിരുന്നു എൻറെ അമ്മയും അമ്മീമ്മയും.

പിന്നെ ഞാൻ ആൻറിയുടെ വീട്ടിൽ പോയപ്പോൾ ആൻറി ഈ ഭൂമി തന്നെ ഉപേക്ഷിച്ചിരുന്നു. ആൻറിയുടെ മകൾ വിജിച്ചേച്ചിയും ഭർത്താവ് ജെറിയും ചേച്ചിയുടെ അനുജൻ പ്രഭയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വിജി ചേച്ചി എൻറെ അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞു. 'ആൻറീ മമ്മി പോയി ആൻറീ.'

ഞങ്ങളോടുള്ള ഡാറി ആൻറിയുടേയും അവരുടെ മക്കളുടെയും അടുപ്പം കണ്ടപ്പോൾ കണ്ണൻ പോലും അൽഭുതപ്പെട്ടു പോയി. റാണിയെ വിവാഹം കഴിച്ച ബംഗാളി ആർക്കിടെക്റ്റിന് സഹിക്കാൻ തന്നെ പറ്റിയില്ല. റാണിയെ ഇത്രയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നവരോ? അവളെ എടുത്തോണ്ട് നടന്നതും അവൾ ചിരിക്കുന്നതും എല്ലാം ഇത്രകാലം കഴിഞ്ഞും ഓർമ്മയിൽ വെക്കുന്നവരോ? കൊച്ചുകുഞ്ഞുങ്ങൾക്കെന്നപോലേ ഞങ്ങൾക്ക് ചോക്ലേറ്റ് തരുന്നവരോ? ഞങ്ങളുടെ അമ്മയെ വിളിച്ച് ആൻറീ ആൻറീ എന്ന് സംസാരിക്കുന്നവരോ?

അമ്മയുടെ ഗ്രാമത്തിൽ ഡോക്ടർ ആയി വന്ന അച്ഛൻ അമ്മയുടെ അച്ഛനായ ധനിക ജമീന്ദാർ സുബ്ബരാമയ്യരുടെ പേർസണൽ ഡോക്ടറായിരുന്നു. ജാതിവ്യത്യാസം പ്രബലമായിരുന്ന ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ പകുതിക്കാലങ്ങളിൽ അമ്മ അച്ഛനോട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല.

അമ്മയുടെ അച്ഛന് ചെറുപ്പക്കാരനായ, നന്നായി ചീട്ടും ചെസ്സും കളിക്കുന്ന, വിശാലമായി വായിക്കുന്ന ഡോക്ടറെ വലിയ ഇഷ്ടമായിരുന്നു. ഡോക്ടറുടെ വിശ്വകർമനെന്ന ജാതി സുബ്ബരാമയ്യരെ ഒട്ടും അലട്ടീരുന്നില്ല. അവർ ഒന്നിച്ച് കാപ്പി കുടിക്കുകയും ഊണുകഴിക്കുകയും ചീട്ടും ചെസ്സും കളിക്കുകയും രാഷ്ട്രീയവും നേരമ്പോക്കുകളും പറഞ്ഞ് ആനന്ദിക്കുകയും ചെയ്തു. അമ്മയുടെ അമ്മ രുഗ്മിണി അമ്മാൾക്ക് ഈ സൗഹൃദം അത്ര രുചിച്ചിരുന്നില്ല. പക്ഷേ, ഭർത്താവിനെ അല്പം പോലും എതിർക്കാൻ അവർക്ക് കഴിയില്ലായിരുന്നു.

പുത്തൻതോപ്പിലേക്ക് ജോലിമാറ്റം കിട്ടിയതിനു ശേഷമാണ് അച്ഛനിലെ കാമുകൻ കത്തിൻറെ രൂപത്തിൽ അമ്മയെ തേടി വന്നത്. അമ്മ ആ കത്തിന് ഒരു മറുപടി എഴുതി. അതായിരുന്നു തുടക്കം. അത് അധികം നീളാതെ അമ്മയുടെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലും അന്നുതന്നെയുള്ള അവരുടെ വിവാഹത്തിലും കലാശിച്ചു. ശംഖുമുഖം ദേവീ ക്ഷേത്രത്തിലായിരുന്നു ആ വിവാഹം. പിന്നീട് പലപ്പോഴും ഞങ്ങൾ കുട്ടികൾ ആ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. എന്തിനാണ് ആ വിവാഹം നടത്തിയതെന്ന് ദേവിയേ അതീവ രൂക്ഷമായി ക്വസ്ററ്യൻ ചെയ്തിട്ടുണ്ട്.

അച്ഛൻ അക്കാലത്ത് അച്ഛൻറെ ബന്ധുക്കൾക്കിടയിലേ മോസ്റ്റ് എലിജിബിൾ ബാച്ചിലറായിരുന്നു. കെ പി എ സി സുലോചനയ്ക്കും കവിയൂർ പൊന്നമ്മയ്ക്കുമൊക്കെ അച്ഛനെ വിവാഹം ആലോചിച്ചിട്ടുണ്ടത്രേ. എന്നാൽ ആട്ടക്കാരികൾ എന്ന ചീത്തപ്പേരു ണ്ടായിരുന്നതുകൊണ്ട് തിരുവിതാംകൂർ സ്റ്റേറ്റ് സർവീസിലെ റിട്ട. സിവിൽ എൻജിനീയർ ആയിരുന്ന അച്ഛൻറെ അച്ഛൻ ആ രണ്ടു പ്രഗൽഭ കലാകാരികളുമായി ഒരു ബന്ധവും തൻറെ കുടുംബത്തിനു പാടില്ലെന്ന് ശഠിച്ചു.

ഉഗ്രപ്രതാപിയായിരുന്ന ആ അച്ഛൻറെ മുന്നിലേക്കാണ് അമ്മയേയും കൊണ്ട് എൻറെ അച്ഛൻ ചെന്നത്. അദ്ദേഹം ആട്ടിയിറക്കിവിട്ടു എന്നു മാത്രമല്ല, ജീവിച്ചിരുന്ന കാലമത്രയും അമ്മയേയോ ഞങ്ങൾ കുട്ടികളേയോ തരിമ്പും അംഗീകരിച്ചുമില്ല.

പുത്തൻതോപ്പെന്ന കടലോരഗ്രാമത്തിൽ അമ്മയുടെ ഏറ്റവും വലിയ സുഹൃത്ത് ഡാറി ആൻറി ആയിരുന്നു. ജീവിതം മുഴുവൻ അമ്മ ആ സൗഹൃദം നിലനിർത്തി. വിജി ചേച്ചി വിമല കോളേജിൽ പഠിക്കുമ്പോൾ അച്ഛൻ വിയ്യൂർ സെൻട്രൽ ജയിൽ ഡോക്ടർ ആയിരുന്നു. അമ്മയായിരുന്നു വിജി ചേച്ചിയുടെ ലോക്കൽ ഗാർഡിയൻ. ശനിയും ഞായറും ചേച്ചി ഞങ്ങൾ ക്കൊപ്പം വന്ന് പാർത്തു പോന്നു. അങ്ങനെയാണ് അമ്മീമ്മ വിജിചേച്ചിക്കൊപ്പം പുത്തൻതോപ്പിലേക്ക് പോയി അവരുടെ വീട്ടിൽ പാർത്ത് തിരുവനന്തപുരം നഗരം, ശുചീന്ദ്രം, കന്യാകുമാരി, കോവളം ഒക്കെ കാണുന്നത്. അമ്മീമ്മക്ക് കൂട്ട് പോയിരുന്നത് വിജിചേച്ചിയുടെ അനിയൻ ഫ്രീമാൻ ആയിരുന്നു. അന്ന് അവരൊരുമിച്ച് പല ക്ഷേത്രങ്ങളിലും പള്ളികളിലും പോയി തൊഴുതു. ഒരു പ്രതിഷ്ഠയും
ചൈതന്യമറ്റ് മറിഞ്ഞു വീണില്ല, ഒരു പള്ളിയിലെ തിരശ്ശീലയും കീറിപ്പോയില്ല. ഫ്രീമാൻ ജോലിക്കായി ഗൾഫിൽ പോകും മുമ്പ് അമ്മീമ്മയെ തൃക്കൂർ സ്കൂളിൽ വന്നു കണ്ടു യാത്ര ചോദിച്ചു. വിവാഹത്തിന് അമ്മീമ്മ വരണമെന്ന് നിർബന്ധമായി പറയുകയും അമ്മീമ്മയുടെ അനുഗ്രഹം മേടിച്ചശേഷം മാത്രം പള്ളിയിലേക്ക് പോവുകയും ചെയ്തു. ഫ്രീമാൻ അമ്മീമ്മയെ അമ്മ എന്നാണ് വിളിച്ചിരുന്നത്.

ഡാറി ആൻറി ഒന്നേകാൽ വയസ്സുള്ള റാണിയെ കൊണ്ടുപോയി മൂന്നുമാസം നോക്കി വളർത്തി. ഭാഗ്യ പിറന്നിരുന്നു. അമ്മയ്ക്ക് വീട്ടുസഹായികൾ ആരും തന്നെ ഉണ്ടാരുന്നില്ല. കേന്ദ്ര ഗവൺമെന്റ് ജോലിക്കാരിയായതുകൊണ്ട് അമ്മയ്ക്ക് അവധി നീട്ടാനും പറ്റുമാരുന്നില്ല. അങ്ങനെയാണ് അമ്മ അത്തരം ഒരു കാര്യം ചെയ്തത്.

അമ്മയുടെ മാതൃത്വത്തിലെ തീരാക്കളങ്കമായിത്തീർന്നു അക്കാര്യം. മാത്രമല്ല ഞാനും റാണിയും അമ്മീമ്മക്കൊപ്പം വളർന്നതും ഈ സംഭവത്തിന്റെ തുടർച്ചയായിരുന്നു. അമ്മയെ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ആ അമ്മത്തത്തെ അവഹേളിക്കാത്ത, ഒരാളേയും ഞാൻ കണ്ടിട്ടില്ല. അമ്മ ആ അവഹേളനം സഹിച്ചു... ക്ഷമിച്ചു. സ്വന്തം ഗതികേടിൽ ആ ഹൃദയം നൊന്തിരിക്കും. അതൊരു നീറുന്ന വേദനയായി എന്നും അമ്മയുടെ മനസ്സിലുണ്ടായിരുന്നു. മരണ കാരണമായ സെറിബ്രൽ ഹെമറേജ് വരുന്നതിന് തൊട്ടുമുൻപ് അമ്മ 'റാണിക്കുട്ടാ, നീയെങ്കേ ?' എന്ന് വിളിച്ചന്വേഷിച്ചു. അതായിരുന്നു ഈ ജീവിതത്തിൽ അമ്മയുടെ അവസാന ശബ്ദം.

അച്ഛൻ അവസാന കാലത്ത് ഡയറിയിൽ ഇങ്ങനെ കുറിച്ചു . 'ഞാൻ എന്നെ ഒത്തിരി സ്നേഹിക്കുകയും ബഹുമാനിച്ചാദരിക്കുകയും ചെയ്ത സുബ്ബരാമയ്യരെ, രാജത്തിൻറെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചു. ആ ഹൃദയത്തിന്റെ നോവായിരിക്കും എനിക്ക് ഇങ്ങനെ ഒരു ജീവിതമായിത്തീർന്നത്'

അത് വായിച്ചപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല.

'എന്തേലും പറയൂ 'എന്ന് നിർബന്ധിച്ചപ്പോൾ ആ കല്യാണത്തിലെത്തിയതിനെപ്പറ്റി അമ്മ ഇങ്ങനെ വിശദീകരിച്ചു.

( ബാക്കിയും എഴുതാം )