Thursday, June 6, 2019

സ്നേഹ ഭോജ്യങ്ങൾ


ചെറുപയർ പരിപ്പ് വറുത്ത് വേവിച്ച് ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്ത് ഒരു സ്പൂൺ നറുനെയ്യ് തൂവി ശിവരാത്രിക്ക് അമ്മീമ്മ പരിപ്പ് കഞ്ഞി എന്ന പേരിൽ കഴിക്കാൻ തരും. ചാണക ഉരുളകളും ചന്ദന ഉരുളകളും കർപ്പൂരവും ഉമിത്തീയിൽ നീറ്റി പുതിയ ഭസ്മം ഉണ്ടാക്കും. അന്ന് നമ:ശിവായ എന്ന് പറ്റാവുന്ന ത്രയും ജപിക്കണമെന്നാണ് ചട്ടം.

പിന്നെ ചെറുപയർ പരിപ്പ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചതിന്മേൽ നെയ്യ് തൂവിയത്, ചെറുപയർ പരിപ്പും കുമ്പളങ്ങ, വെള്ളരിക്ക,പടവലങ്ങ എന്നിവയിലേതെങ്കിലും പച്ചക്കറി ചേർത്തുണ്ടാക്കുന്ന മുളകൂഷ്യം, മുഴുവൻ ചെറുപയറിൻറെ തോരൻ, പുഴുക്ക് ഇതൊക്കെ ആയിരുന്നു എനിക്ക് പരിചയവും അറിവുമുണ്ടായിരുന്ന ചെറുപയർ വിഭവങ്ങൾ.

ദില്ലിയിൽ പാർത്തു തുടങ്ങി യപ്പോഴാണ് ചെറു പയർ അതിശയങ്ങളെ ഞാൻ കണ്ടറിഞ്ഞത്.

ആ അറിവുകൾ ഇങ്ങനെ യായിരുന്നു.

ശ്രീ കാലിയ എന്നൊരു റിട്ട. എയർഫോഴ്സ് ഓഫീസർ ക്ക് ആദ്യം ഒരു ഫാം ഹൗസും പിന്നെ ഒരു വീടും പണിതു. എൻറെ ദുരിതകാലത്തിലാണ് ഈ ജോലി നടക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മകളുമായി ഞാൻ നല്ല അടുപ്പത്തിലായി. അവർ എന്നെ ഇടയ്ക്ക് ലഞ്ചിനു വിളിക്കുമായിരുന്നു. മിസ്സിസ്സ് കാലിയ ഒരു കേമപ്പെട്ട പഞ്ചാബി ഷെഫ് ആയിരുന്നു. ചെറുപയർ പരിപ്പിൻറെ ഹൽവ ആദ്യം എന്നെ കഴിപ്പിച്ചത് അവരാണ്. ചെറുപയർ പരിപ്പ് പാലിൽ വേവിച്ച് പഞ്ചസാരയും നെയ്യും ചേർത്ത് വരട്ടി നെയ്യ് തൂത്ത പ്ലേറ്റിൽ പരത്തി കുങ്കുമപ്പൂവും ബദാം ചീവിയതും ഇട്ട് പാകത്തിനുറയ്ക്കുമ്പോൾ മുറിച്ചെടുത്ത് ഞം ഞം എന്ന് തിന്നിട്ട് വേണമെങ്കിൽ തൂത്തക തൂത്തക തൂത്തിയാം എന്ന് ഭംഗ് ഡ കളിക്കാം.

അങ്ങനെ ഒരു ഞായറാഴ്ച ദിവസം രാവിലെ മിസ്സിസ്സ് കാലിയ വന്ന് ഒരു കാസറോൾ ഏൽപ്പിച്ചു. അവർ സാമ്പർ ഉണ്ടാക്കിക്കൊണ്ടു വന്നിരിക്കയാണെന്നും ഞാൻ കഴിച്ചിട്ട് അഭിപ്രായം അറിയിക്കണമെന്നും വൈകീട്ട് വീട്ടുസഹായി വന്ന് കാസറോൾ മേടിച്ചോളുമെന്നും പറഞ്ഞു.

ഞാൻ സന്തോഷത്തോടെ അവരെ യാത്രയാക്കി.

പെട്ടെന്ന് തന്നെ രണ്ടു മൂന്നു ഗോതമ്പ് ദോശ ചുട്ട്, കാസറോൾ തുറന്നു തവിയിട്ട് ഇളക്കുമ്പോൾ .....

എന്താ കഥ?

മുഴുവൻ ചെറുപയറും അവർക്ക് അന്ന് ലഭ്യമായ സകല പച്ചക്കറികളും കൂടി വേവിച്ചതാണ് കാസറോളിലെ സാമ്പർ....അതായത് ദക്ഷിണേന്ത്യക്കാരുടെ ആ കേൾവികേട്ട സാമ്പാർ!!!!!!!

ഞാൻ തോൽക്കാൻ റെഡിയായിരുന്നില്ല.

സാമ്പർ പ്ളേറ്റിൽ വിളമ്പി, ദോശ കൂട്ടിക്കഴിച്ചു.

കായം, പുളി എന്നിവ ഇല്ല. ഉപ്പും മഞ്ഞൾപ്പൊടിയും സാമ്പാർ പൊടിയും കടുക് വറുത്തതും മല്ലിയിലയും കറിവേപ്പിലയും അത്തരം ഒരു അരഡസൻ കാസറോളിൽ ചേർക്കാനും മാത്രം ഉപയോഗിച്ചിട്ടുണ്ട്.......

ആഹാരം കളയാൻ പാടില്ല എന്ന ചട്ടം പഠിച്ചതുകൊണ്ട് കുറേ വെള്ളത്തിൻറെ കൂടെ ഞാൻ ആ പഞ്ചാബി സാമ്പർ ഒരു പകൽ മുഴുവൻ ഉപയോഗിച്ച് ഭക്ഷിച്ചു തീർത്തു.

ഒപ്പം ജോലി ചെയ്തിരുന്ന ഒരു ബംഗാളി ആർക്കിടെക്റ്റിൻറെ അമ്മയാണ് മറ്റൊരു തരം ചെറുപയർ പരിപ്പ് ഡെലിക്കസി പരിചയപ്പെടുത്തിയത്.

ചെറുപയർ പരിപ്പ് മഞ്ഞൾപ്പൊടിയും ഉപ്പും രണ്ടു പച്ചമുളകും ചേർത്ത് വേവിക്കുമ്പോൾ അവർ ഈ ഉണ്ടാക്കപ്പെടുന്ന വിഭവത്തെപ്പറ്റി വളരെ കേമായിട്ട് പറഞ്ഞു. ജാമാതാവിന്, ഗർഭിണിക്ക്, യാത്ര പുറപ്പെടുന്ന ആൾക്ക് ഒക്കെ ഇത് നിർബന്ധ മായും വിളമ്പും. എല്ലാം ശുഭമാക്കാനുള്ള അനുഗ്രഹം കിട്ടിയ വിഭവമാണിത്... എന്നൊക്ക

അന്തം വിട്ടിരിക്കുകയാണ് ഞാൻ...

എങ്ങനെയായിരിക്കും ഈ വിശിഷ്ട വിഭവം തയാറാകുന്നത്?

വെന്തുടഞ്ഞ പരിപ്പ് മരത്തിൻറെ ഒരു മത്ത് വെച്ച് കലക്കി, തൊട്ടടുത്ത പാത്രത്തിൽ മൂടി വെച്ചിരുന്ന റോഹു മൽസ്യത്തിൻറെ വറുത്ത തലകൾ അവർ കൈകൊണ്ട് പൊടിച്ച് പരിപ്പുകറിയിൽ ചേർത്തു. എന്നിട്ട് ചൂട് ചോറിന് മീതെ ആ പരിപ്പു മീൻ തലക്കറി രണ്ടു തവി കോരിയൊഴിച്ച് എനിക്ക് തന്നു...

കോഴിമുട്ട ബുൾസ് ഐ പോലെ എൻറെ കണ്ണുകൾ പുറത്തേക്ക് തള്ളി ...

ആഹാരം വെറുതെ കളയരുതെന്ന് പഠിപ്പിച്ച അമ്മീമ്മയെ പിന്നേം പിന്നേം ഓർമ്മിച്ച്......

ഞാൻ അതും തിന്നു തീർത്തു.

2 comments:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.ആദ്യായ്ട്ടാ ചേച്ചി എഴുതിയത്‌ വായിച്ച്‌ ചിരിക്കാൻ വന്നത്‌.അല്ലെങ്കിൽ നെടുവീർപ്പ്‌ ആയിരിരുന്നിരിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഹ ഹ ഹാ
കൊള്ളാം