Friday, June 7, 2019

അമ്മച്ചിന്തുകൾ 4

                                                              
ആ സഹോദരൻ ലീവിനു വരുന്നത് അമ്മയെ പരിഭ്രാന്തയാക്കി. വീട്ടിലുണ്ടാകുമ്പോഴെല്ലാം അമ്മീമ്മയുടേയും സ്വന്തം അച്ഛൻറേയും ഒപ്പം ഇരിക്കാൻ അങ്ങനെ സ്വയം രക്ഷിക്കാൻ അമ്മ താല്പര്യപ്പെട്ടു.

മകൻ വരുന്ന പ്രമാണിച്ച് രുഗ് മിണി അമ്മാൾ മൈസൂർ പാക്കും പാൽ തെരട്ടിപ്പാലും ധാരാളം ഉണ്ടാക്കി. മുറുക്കും ചീടയും തേൻകുഴലും പൊക്കുവടയും ചെയ്തു.

ആ സമയത്താണ് വിഭാര്യനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഒരു ബ്രാഹ്മണൻറെ ആലോചന വരുന്നത്. അയാൾ തമിഴ് നാട്ടുകാരനായിരുന്നു. അവിടെ ഉദ്യോഗസ്ഥനുമായിരുന്നു. അയാൾക്ക് അഞ്ചു പൈസ പോലും വരദക്ഷിണ വേണ്ടിയിരുന്നില്ല. അമ്മ സ്ഥലം മാറ്റം വാങ്ങി പോവുകയും വീടു മാറുകയും വേണ്ട. ആ കുഞ്ഞുങ്ങളെ നോക്കി വളർത്തിയാൽ മതി. അയാൾ ഇടയ്ക്കിടെ അമ്മയെ വന്നു കണ്ടു കൊള്ളാം.

ഈ ആലോചന എല്ലാവരും ശരി വെച്ചു. അമ്മീമ്മ ഒഴികേ...

അമ്മ വീട് വിട്ടു പോവണ്ട എന്നത് അമ്മയുടെ മാതാപിതാക്കൾ ഇഷ്ട പ്പെട്ടു. നായന്മാർ പെൺകുട്ടി കളുടെ ഏറ്റവും വലിയ പിന്തുണ , പിറന്ന വീടാണ്. എന്നും അതാണ് അവരുടെ വീടെന്ന സത്യം എല്ലാ ബ്രാഹ്മണ സ്ത്രീകൾക്കും അസൂയ ജനിപ്പിച്ചിരുന്ന ഒരു കാര്യമായിരുന്നു. രുഗ്മിണി അമ്മാൾ അക്കാരണം ചൂണ്ടിക്കാട്ടി അമ്മയെ സമാധാനിപ്പിച്ചു. സുബ്ബരാമയ്യർക്കും രണ്ടു പെൺമക്കൾ എങ്കിലും വയസ്സുകാലത്ത് അടുത്തുണ്ടാവട്ടെ എന്ന ആശയുണ്ടായി.

വരദക്ഷിണ, സ്വർണം, ആഡംബരം എന്നിവയിൽ പണം മുടക്കേണ്ടല്ലോയെന്ന് സഹോദരരും അതിരറ്റ് ആഹ്ളാദിച്ചു.

ഇരുപത്തെട്ടര വയസ്സിൽ അമ്മ ആ ധനിക മഠത്തിൽ സ്വയം അധികപ്പറ്റ് എന്ന തോന്നലിൽ വെന്തുരുകി. എല്ലാവരുടേയും ഓമനയെന്ന് കരുതിയിരുന്ന അമ്മയ്ക്ക് ഇതൊരു കനത്ത ആഘാതമായിരുന്നു.

അമ്മ കരഞ്ഞു... ബഹളം വെച്ചു. അമ്മീമ്മയെപ്പോലെ നിത്യകന്യകയായി വീട്ടിലിരുന്നോളാം എന്ന് വാശിപിടിച്ചു.

ഇക്കാലത്ത് എൻറെ അച്ഛൻ സ്ഥലം മാറ്റമായി പുത്തൻതോപ്പിലേക്ക് പോയിക്കഴിഞ്ഞിരുന്നു.

സഹോദരൻ പ്രശ്നമുണ്ടാക്കാതെ ലീവ് തീർന്ന് പോയതും ആ കല്യാണാലോചന ഒഴിഞ്ഞു പോയതും ആഘോഷിക്കാൻ അമ്മയും അമ്മീമ്മയും കൂടി വീട്ടിലറിയിക്കാതെ ഒരു ഞായറാഴ്ച അക്കാലത്തെ ഒരു പ്രധാന ആകർഷണ കേന്ദ്രമായ പീച്ചി ഡാം കാണാൻ പോയി. അവർക്കുള്ള ഒരു വലിയ കുരുക്ക് അവിടെ ഒരുക്കപ്പെട്ടിരുന്നു.

അക്കാലത്ത് ഗംഭീരമായ ഒരു പ്ളാൻഡ് ഗാർഡനായിരുന്നു ആ ഡാം സൈറ്റിലുണ്ടായിരുന്നത്. അത് കണ്ടു പലരും ചെടികൾ അങ്ങനൊക്കെ സ്വയം വെട്ടിയൊരുക്കാനും മുറ്റത്ത് പ്ളാൻ ചെയ്തു ചെടികൾ നടാനും താല്പര്യപ്പെട്ടു. എനിക്കഞ്ചാറു വയസ്സുള്ള പ്പോൾ അത്തരം വീടുകളുടെ പൂന്തോട്ടക്കാഴ്ച കാണാൻ ഞാനും റാണിയും കുഞ്ഞുഫ്രോക്കുമിട്ട്
അവരുടെ ഗേറ്റിങ്കൽ പോയി നില്ക്കുമായിരുന്നു. അവസരം ഒത്തു വന്നാൽ 'ഒരു ചെടി തരോ, ഒരു തൈ തരോ' എന്ന് ചോദിക്കുകയും തന്നാൽ വീട്ടിൽ കൊണ്ട് വന്ന് നടുകയും പരിപാലിക്കുകയും പതിവായിരുന്നു.

അമ്മയും അമ്മിമ്മയും ഡാം സൈറ്റിൽ ചുറ്റിനടക്കുമ്പോഴാണ് എൻറെ അച്ഛനും ചില സുഹൃത്തുക്കളും പ്രത്യക്ഷപ്പെടുന്നത്. അതൊരു അവിചാരിത കൂടിക്കാഴ്ചയായിരുന്നു. സ്വാഭാവികമായും അവർ സംസാരിച്ചു. അച്ഛൻ സുഹൃത്തുക്കളെ പരിചയപ്പെടുത്തി. സുബ്ബരാമയ്യരെ അന്വേഷിച്ചു. തികച്ചും ഔപചാരികമായ കുശലം പറച്ചിലായിരുന്നു അത്. അപ്പോൾ തന്നെ അമ്മയുടെ ഒരു ബന്ധു ചേട്ടനും കുടുംബവും അവരെ കാണുകയും പരസ്പരം സംസാരിച്ചു എല്ലാവരും പിരിയുകയും ചെയ്തു. അമ്മയും അമ്മീമ്മയും ബന്ധുക്കൾക്കൊപ്പം ആഹാരം കഴിച്ച് മടങ്ങി വന്നു. വീട്ടിൽ പറയാതെയാണ് വന്നതെന്നു കൂടി അമ്മ ആ ചേട്ടനോട് വ്യക്തമാക്കിയിരുന്നു. 'അതുക്കെന്നാ, അക്കാ കൂടെ തങ്കയ്ക്കെങ്കേയും പോകലാം ' എന്ന് ചേട്ടൻ അത് നിസ്സാരമാക്കി.

തലമുറകളിലേക്ക് ആത്മാവും ഉടലും ചേർന്ന്
വളരുന്ന കൊടും ശിക്ഷകളുടെ ക്രൂരമായ അട്ടഹാസം അമ്മ അപ്പോൾ കേട്ടിട്ടുണ്ടായിരുന്നില്ല.

കാലം അങ്ങനെയാണല്ലോ.

No comments: