Saturday, September 7, 2019

അമ്മച്ചിന്തുകൾ 40

                                 
ഞാൻ ഭാഗ്യയോട് സംസാരിച്ചു. അവൾ അത് യാദൃച്ഛികമായിരിക്കുമെന്ന് എന്നോട് പറഞ്ഞു. അച്ഛന് മറ്റുള്ളവരുടെ മുമ്പിൽ അതീവ ഹൃദ്യനാവാനുള്ള പ്രത്യേക കഴിവിനേയും ഞങ്ങൾ ക്കറിയാമല്ലോ. ആ ഒരു കാരണവുമാവാം അതിൻറെ പിന്നിലെന്നും അവൾ ആലോചിക്കാതിരുന്നില്ല..അവർ വീട്ടിൽ വന്ന് പതിവായി അച്ഛനെ കാണുന്നുണ്ടെന്നും അന്നത്തെ ഫോൺ കളികളും എനിക്കോർമ്മയുണ്ടെന്നും ഞാൻ അവളോട് എഴുന്നള്ളിച്ചു. ഞങ്ങൾക്ക് ഇരുവർക്കും ഒരെത്തും പിടിയും കിട്ടിയില്ല. അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് അവൾ പറഞ്ഞു. എത്രയായാലും എനിക്കും റാണി ക്കും ഉള്ളതിലധികം ഒരടുപ്പം അവൾക്ക് അച്ഛനോട് ഉണ്ടായിരുന്നു. അച്ഛനും അമ്മയും തമ്മിൽ പ്രശ്‌നമൊന്നുമില്ലാത്ത ദിവസങ്ങളിൽ അച്ഛൻ ഊണുകഴിക്കുമ്പോൾ അവൾ ഒരു ചോറുരുള വാങ്ങിക്കഴിക്കും. അച്ഛൻറെ മേൽ കാല് കയറ്റി വെച്ച് ഉറങ്ങും. ഇത്തരം നിമിഷങ്ങൾ ജീവിതത്തിൽ അധികമുണ്ടാകുവാനല്ലേ മനുഷ്യർ ആഗ്രഹിക്കുക? അച്ഛന് അങ്ങനെ ആഗ്രഹമുണ്ടായിരുന്നില്ലെന്ന് കരുതാനേ എനിക്കിപ്പോൾ പറ്റുന്നുള്ളൂ.

അമ്മ അക്കാലത്ത് ഞാൻ ഡോക്ടർ ആവണമെന്ന നിർബന്ധം ആരംഭിച്ചിരുന്നു. എനിക്ക് നിയമം പഠിച്ച് ജഡ്ജിയാവാനാരുന്നു ആശ. ജഡ്ജിമാർക്ക് അത്യധികം ജോലിഭാരമാണെന്നും എത്ര വിഷയങ്ങൾ പഠിച്ചാലും അവരുടെ അദ്ധ്വാനം തീരില്ലെന്നും അമ്മ എന്നെ സദാ നിരുൽസാഹപ്പെടുത്തി. നോക്കുമ്പോൾ കാര്യം ശരിയാണ്. അയ്യന്തോളിലേ എല്ലാ ജഡ്ജസ് ക്വാർട്ടേഴ്സുകളിലും പാതിരാ വരെ വിളക്കെരിയുന്നുണ്ടാവും. വളരെ ചുരുക്കം ജഡ്ജിമാരേ സോഷ്യൽ ലൈഫിൽ പങ്കെടുത്തു കാണാറുള്ളൂ. ശിക്ഷ വിധിക്കുന്നതൊക്കെ വലിയ മനപ്രയാസമുണ്ടാക്കും. അതൊന്നും എനിക്ക് താങ്ങാൻ പറ്റില്ലെന്ന് അമ്മ വിശ്വസിച്ചു. അമ്മയുടെ സുഹൃത്തായിരുന്ന സിസിലി എന്ന മജിസ്‌ട്രേറ്റ് ബന്ധുക്കളുടേയോ ഭർത്താവിൻറെ തന്നേയോ ചതിയിൽപ്പെട്ട് കൈക്കൂലിക്കാരിയെന്ന ചീത്തപ്പേരിൽ അറസ്റ്റ് വരിച്ച് ജയിലിൽ പോയ കഥ അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ ഓർമ്മയിലുമാവാം അമ്മ എന്നോട് ഡോക്ടർ ആവണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങി.

ടി ബി വന്ന കാലത്തും ഫിസിയോതെറാപ്പിക്ക് വേണ്ടി യും അമ്മ ഒത്തിരി സമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെലവാക്കിയിരുന്നല്ലോ.മെഡിക്കൽ വിദ്യാർത്ഥികളെ കണ്ട് അന്ന് ആ മനസ്സിലൂറിയ മോഹമാണ് ഞാനും ഡോക്ടർ ആവണമെന്ന്....

അമ്മയോട് നോ എന്ന് പറയാൻ എനിക്ക് കഴിയില്ലായിരുന്നു. യെസ് എന്ന് എന്നോട് സ്വയം പറയാനും എനിക്ക് വയ്യായിരുന്നു. അമ്മ സങ്കടപ്പെടുന്നത് എനിക്കിഷ്ടവുമായിരുന്നില്ല.

അച്ഛന് ഞങ്ങൾ എവിടെ പഠിക്കണം എന്തു പഠിക്കണം ഞങ്ങളുടെ പഠിപ്പിൻറെ നിലവാരമെന്ത് ഇക്കാര്യങ്ങളിലൊന്നും യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. ഉപരിപഠനത്തെപ്പറ്റിയോ അതിനു വേണ്ട കോച്ചിംഗിനെപ്പറ്റിയോ ജോലി കിട്ടുന്നതിനെപ്പറ്റിയോ വിവാഹം കഴിപ്പിക്കുന്നതിനെപ്പറ്റിയോ ഒന്നും അദ്ദേഹം ഒരുകാലത്തും അല്പം പോലും
വ്യാകുലപ്പെട്ടിരുന്നില്ല. പകരം ഞങ്ങളുടെ നിസ്സാരവിജയങ്ങൾ പോലും അമ്മയെ ആഹ്ളാദിപ്പിക്കുമല്ലോ എന്നോർത്ത് അച്ഛൻ എന്നും പരവശനായി.

സ്കൂൾ കാലം തീരാറായ ഒരു ദിവസമാണ് അച്ഛൻ നഴ്സ് മാലാഖയോട് വീട്ടിലെ സ്വീകരണമുറിയിൽ സംസാരിച്ചിരിക്കുന്നത് ഞാൻ പിന്നെയും കണ്ടത്. അവരുടെ അടുപ്പം വ്യക്തമായിരുന്നു. അച്ഛൻ പ്രസന്നനും ആഹ്ളാദചിത്തനുമായിരുന്നു. അമ്മയോട് സംസാരിക്കുമ്പോഴുള്ള സ്പർദ്ധ അച്ഛനിൽ ഉണ്ടായിരുന്നില്ല. നഴ്സ് മാലാഖയും അച്ഛനും ഒന്നിച്ചിരിക്കുന്നത് കാണുമ്പോൾ പ്രേംനസീറിനേയും ജയഭാരതിയേയും എനിക്കോർമ്മ വരുമായിരുന്നു.

ഈ ജീവിതമുണ്ടല്ലോ, അതൊരു
വലിയ ചെസ്സുകളിയാണ്. ബുദ്ധിപരമല്ലാത്ത ഒറ്റ മൂവ് മതി... തോൽക്കുന്ന കളി ജീവിതാവസാനം വരെ തുടരാൻ...

'ആൻറീടെ മോനെവിടെ? അന്ന് മൂവി കാണാൻ വന്നപ്പോ മോനുണ്ടാരുന്നില്ലേ... ആ മോൻ?

എന്ന ചോദ്യം എൻറെ ജീവിത ത്തിലെ ഏറ്റവും ബുദ്ധി ശൂന്യമായ മൂവായിരുന്നു.

അവരിരുവരും സാമാന്യം നന്നായി പരിഭ്രമിച്ചു. എൻറെ ദു:സ്വഭാവിയായ അമ്മ ഒന്നുമറിഞ്ഞിട്ടല്ലെന്ന് കരുതി ആശ്വാസത്തോടെയാണ് അവർ സംസാരിച്ചിരുന്നത്. അത് അങ്ങനെയാവാതിരിക്കാനും സാധ്യതയുണ്ടെന്നറിഞ്ഞ നിമിഷം അച്ഛന് ഞാൻ പരമശത്രുവായി മാറി.

പിന്നീട് അമ്മയെ മാത്രമല്ല എന്നേയും പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന് അച്ഛൻ തീരുമാനിച്ചു.

നഴ്സ് മാലാഖ പറ്റുന്ന ദിവസമൊക്കെ
വീട്ടിൽ വന്നിരുന്നു. അവർ ഒന്നിച്ചു സമയം ചെലവാക്കീരുന്നു. അതുകൊണ്ട് അസുഖം തോന്നുമ്പോൾ പോലും എന്നെ വീട്ടിലിരിക്കാൻ അച്ഛൻ അനുവദിച്ചില്ല. എനിക്ക് കാണിക്കി പെയിൻ എന്ന രോഗമേയുള്ളൂ എന്നായിരുന്നു അച്ഛൻറെ നിലപാട്. കാണിക്കി വേദനകൾ, കാണിക്കി പനികൾ, കാണിക്കി അസ്വസ്ഥതകൾ ഇവ മാത്രമേ എനിക്കുള്ളൂവെന്ന് അച്ഛൻ ശഠിക്കുകയും പറ്റാവുന്ന മറ്റ് ഡോക്ടർമാരോടെല്ലാം ഇക്കാര്യം അറിയിക്കുകയും ചെയ്തു. എനിക്ക് അമ്മീമ്മയുടെ അടുത്ത് താമസിക്കാനുള്ള മോഹം കൊണ്ട് ഞാൻ രോഗം നടിക്കുകയാണെന്നും നാലുദിവസം അവിടെ നിറുത്തിയാൽ എൻറെ അസുഖം മാറുമെന്നും എല്ലാമറിയുന്ന ഒരു സൈക്ക്യാട്രിസ്റ്റിനെപ്പോലെ അച്ഛൻ പറയുമ്പോൾ എല്ലാവരും വിശ്വാസത്തിലെടുക്കും. ഞാൻ പകൽ വീട്ടിലുണ്ടാവാതിരിക്കാനുള്ള വിദ്യയാണെന്ന് ആർക്കും മനസ്സിലാവില്ല.

ഒരു ഡെപ്യൂട്ടി കളക്ടറുടെ മകൻ സ്വയം പരിക്കേല്പിച്ചിട്ട് ആരോ അടിച്ചതാണെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയെന്നതാണ് ഈ കഥകൾക്കെല്ലാം തെളിവായി ഉപയോഗിച്ചിരുന്ന മറ്റൊരു കാര്യം... ഇപ്പോഴത്തെ പിള്ളേർ സ്വന്തം കാര്യം നടപ്പായികിട്ടാൻ ഓരോരോ വിദ്യ കൾ കാണിക്കുമെന്ന് പറേന്നത് എല്ലാകാലത്തും എല്ലാവരും ഉപയോഗിക്കുന്ന പഴഞ്ചൊല്ലാണല്ലോ.

കുട്ടികളെ മുതിർന്നവർ എങ്ങനെയൊക്കെയാണ് നിസ്സാരമാക്കുന്നത് അല്ലേ....

No comments: