Tuesday, September 24, 2019

അമ്മച്ചിന്തുകൾ 49

                                           
പ്രീഡിഗ്രി പരീക്ഷയിൽ എനിക്ക് ഉയർന്ന പെർസൻറേജൊന്നും കിട്ടിയില്ല. ഇംഗ്ലീഷിനും മലയാളത്തിനും നല്ല മാർക്ക് ആയിരുന്നു. ബോട്ടണിയ്ക്കും സുവോളജിക്കും അതേ. എന്നാൽ ഫിസിക്സും കെമിസ്ട്രിയും എനിക്ക് തീരേ പിടി തന്നില്ല. എല്ലാ പരീക്ഷക്കും ഗുണ്ട് ഗുണ്ട് സീറോ കിട്ടുമെന്ന് കരുതിയ എനിക്ക് ഇതു വലിയ അതിശയമായി തോന്നി. അമ്മ വല്ലാതെ ദു:ഖിതയായിരുന്നു എൻറെ കുറഞ്ഞ മാർക്ക് കണ്ട്.... റാണിയും ഭാഗ്യയും കൂടുതൽ നല്ല മാർക്കുകൾ നേടിയിരുന്നു.

എൻറെ അടുത്ത പടി ഡിഗ്രിക്ക് പഠിക്കലാണ്. ഇംഗ്ലീഷോ, എക്കണോമിക്സോ പൊളിറ്റിക്സോ എടുത്തു ഡിഗ്രിക്ക് ചേരാൻ അമ്മ നിർബന്ധം പിടിച്ചു... ഞാൻ തരിമ്പും വഴങ്ങിയില്ല. അമ്മ ഒടുവിൽ, അക്ഷരാർഥത്തിൽ തന്നെ എൻറെ കാലുപിടിച്ചപേക്ഷിച്ചു.

മലയാളം ബി എക്ക് ചേരണ്ട എന്നതായിരുന്നു അമ്മയുടെ പ്രധാന ആവശ്യം. ഞാൻ കേരളത്തിൽ മാത്രമായി ചുരുങ്ങി ഒതുങ്ങിപ്പോവുമെന്ന്, ജോലി സാധ്യതകൾ വിരളമെന്ന് അമ്മ വല്ലാതെ ഭയന്നു.

എനിക്ക് അമ്മയുടെ വാദമൊന്നും തിരിഞ്ഞില്ല. വല്ല വിധേനേയും ഒരു ഡിഗ്രി എടുത്തിട്ട് നിയമം പഠിക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നു. അതുകൊണ്ട് 'അമ്മവാക്കിന്മേൽ സയൻസ് പഠിച്ചിട്ട് എനിക്ക് മാർക്ക് കിട്ടിയില്ലല്ലോ' എന്ന കഠോര വാചകം ഞാൻ അമ്മയുടെ നേർക്ക് തൊടുത്തു. മിക്കവാറും എല്ലാവരും അങ്ങാടിയിൽ തോറ്റാൽ അമ്മയോട് തീർക്കുന്നവരാണല്ലോ. ഞാനും അങ്ങനെയായിരുന്നു. അത് അമ്മയുടെ തെറ്റല്ല എന്ന് ഉറച്ച ബോധ്യമുള്ള ഞാൻ വാദത്തിൽ ജയിക്കാനായി എടുത്തു വീശിയതാണ് ആ വാൾ... അമ്മയെ അങ്ങനെ അടിച്ചിരുത്തിയതിൽ എനിക്ക് ഇന്ന് തീരാത്ത വേദനയുണ്ട്. അന്നത്തെ അമ്മയുടെ ദൈന്യം എന്നെ മുള്ളു പോലെ കുത്തുന്നുണ്ടിപ്പോൾ. അമ്മീമ്മയൊഴികേ, അമ്മയോട് സ്നേഹബഹുമാനാദരങ്ങൾ പ്രകടിപ്പിക്കുന്ന ആരേയും ഞങ്ങൾ കണ്ടിരുന്നില്ലല്ലോ. ഒരു പക്ഷേ ആ തിന്മധൈര്യവും എനിക്കുണ്ടായിരുന്നിരിക്കും.

അമ്മക്ക് എന്തോ ഞാൻ മലയാളം പഠിക്കുന്നതിനോട് തുടക്കം മുതലേ തീരേ യോജിക്കാൻ കഴിഞ്ഞില്ല. എന്നാൽ അക്കാര്യം എനിക്ക് അന്നേരം ശരിക്കും ബോധ്യമായതുമില്ല. ഇന്ന് അമ്മയുടെ ആ ആധിയെ നിസ്സാരമായിത്തള്ളിക്കളഞ്ഞതിൽ എനിക്ക് ഒതുക്കാനാവാത്ത സങ്കടമുണ്ടെങ്കിലും...

അച്ഛന് ഒട്ടും താല്പര്യമുണ്ടാരുന്നില്ല ഞാൻ പഠിക്കുന്നതിലോ പഠിക്കാതിരിക്കുന്നതിലോ അങ്ങനെ ഒന്നിലും തന്നെ. ഞങ്ങളുടെ ആരുടെയും വിദ്യാഭ്യാസം അച്ഛൻറെ ചിന്തകളിലെവിടേയും ഒരിക്കലും ഇടം പിടിച്ചിട്ടില്ല. ആലോചിക്കുമ്പോൾ അൽഭുതം തോന്നും. അച്ഛനൊപ്പം പഠിച്ച ഡോക്ടർമാർ ലോകം മുഴുവൻ ജോലി ചെയ്തിരുന്നു. അച്ഛന് സുഹൃത്തുക്കളും ഒരുപാടുണ്ടായിരുന്നു. എന്നാലും അവരിൽ ഒരാളോടു പോലും ഞങ്ങളുടെ പഠനത്തെപ്പറ്റിയോ ജോലി സാധ്യതകളെപ്പറ്റിയോ അദ്ദേഹം ഒന്നും സംസാരിച്ചിട്ടില്ല. ഒരു കോളേജോ ഒരു കോഴ്സോ ഒരു യൂണിവേഴ്‌സിറ്റിയോ ഒരു മൽസരപ്പരീക്ഷയോ അച്ഛൻ ചൂണ്ടിക്കാട്ടിയില്ല. ഞാനിനി പഠിക്കുന്നില്ലെന്ന് പറഞ്ഞാൽ അച്ഛൻ ഒരിക്കലും പഠിക്കാൻ നിർബന്ധിക്കുമായിരുന്നില്ല ഞങ്ങളെ.

അമ്മയ്ക്കാണ് ഞങ്ങൾ പഠിക്കണമെന്നും സ്വയം ജീവിക്കാനുള്ള വരുമാനമെങ്കിലും ഉണ്ടാക്കാനാവുന്ന ജോലി നേടണമെന്നും തീവ്രമായ ആഗ്രഹമുണ്ടായിരുന്നത്.

വിമല കോളേജിലും കേരളവർമ്മ കോളേജിലും എനിക്ക് മലയാളവും ഇംഗ്ലീഷും പഠിക്കാൻ സീറ്റ് കിട്ടി. വീടിനടുത്താണെന്ന കാരണം പറഞ്ഞ്‌ അമ്മയെ സങ്കടപ്പെടുത്തി ഞാൻ കേരളവർമ്മ കോളേജിൽ മലയാളം ബി എ പഠിക്കാൻ ചേർന്നു.

അത്തവണത്തെ എൻട്രൻസ് പരീക്ഷ ഞാൻ എഴുതിയില്ല. എഴുതിയാലും പ്രയോജനമുണ്ടാകുമായിരുന്നില്ല. തിരുവനന്തപുരത്തെ സർക്കാർ സ്പോൺസേർഡ് ഓണാഘോഷം കാണാൻ പോയ ഞാൻ ഉരുണ്ട് വീണ് എൻറെ കൈയിന് പരിക്കേറ്റിരുന്നു. ആ പരിക്ക് ഞാൻ അഭിനയിക്കുന്നതാണെന്ന് തെളിയിക്കാൻ അച്ഛൻ ഒരുപാട് സമയം ചെലവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ വേണുഗോപാൽ, ഡോ ചെറിയാൻ എന്നീ ഓർത്തോപീഡിക് സർജന്മാർ ഞാൻ ചുമ്മാ പരിക്ക് അഭിനയിക്കുകയാണെന്ന് അച്ഛനോട് പറഞ്ഞുവെന്നായിരുന്നു ആദ്യമുണ്ടായ പ്രശ്നം. എനിക്ക് തിരുവനന്തപുരത്ത് കൂടുതൽ കാലം നില്ക്കാനായി ഞാൻ ഒരു വിദ്യ കണ്ടു പിടിച്ചതാണത്രേ ആ വീഴ്ചയുടെ കഥ.

തിരുവനന്തപുരത്ത് ഇട്ടു കിട്ടിയ പ്ളാസ്റ്റർ അച്ഛൻ ഒളരിക്കരയിലെ ഇ എസ് ഐ ഹോസ്പിറ്റലിൽ കൊണ്ടു പോയി മുറിപ്പിച്ചു. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചുമ്മാ ഇട്ടതാണ് പ്ളാസ്റ്റർ എന്നായിരുന്നു അച്ഛൻ കണ്ടു പിടിച്ചത്.

നഴ്സ് മാലാഖയടക്കമുള്ള അച്ഛൻറെ സ്ത്രീ സുഹൃത്തുക്കൾ തിരുവനന്തപുരത്ത് പോയി പാർക്കാനുള്ള എൻറെ ആഗ്രഹത്തെപ്പറ്റി വാചാലരായപ്പോൾ അസഹ്യമായ സങ്കടവും അപമാനവും തോന്നി എനിക്ക്. അമ്മീമ്മയുടെ കൂടെ പാർക്കാനായി രോഗം അഭിനയിക്കുന്നുവെന്ന് ആരോപിച്ചിരുന്ന പോലെ ആയിരുന്നില്ല അത്. അതിൽ ഒരു ദുരർഥം ഒളിച്ചിരുന്നിരുന്നു. അവരുടെ ശരീരഭാഷയും കുണുങ്ങിച്ചിരിയും എല്ലാം തികഞ്ഞ അശ്‌ളീലമായി എനിക്ക് തോന്നി. ഞാൻ അമ്മയെയും ഭാഗ്യയേയും കെട്ടിപ്പിടിച്ച് കരഞ്ഞ് വലിയ സീനുണ്ടാക്കി. റാണിയാണ് അന്നും കടുക് വറുക്കും പോലെ ചോദിച്ചത്...' നീയിങ്ങനെ അസുഖം പിടിച്ചും വീണ് പരിക്ക് പറ്റിയും എല്ലാരേം ദ്രോഹിക്കണതെന്താ?'

അച്ഛൻ എൻറെ തുടർ ചികിത്സകൾക്ക് വിസമ്മതിച്ചു. എന്നാൽ തലവേദനയെന്നോ മറ്റോ പറഞ്ഞാൽ ഏറ്റവും തിരക്കുള്ള കണ്ണ് ഡോക്ടറെ കാണാൻ കൊണ്ടു പോയിരുന്നു താനും. ഉറപ്പായും കണ്ണിന് പ്രശ്‌നമില്ലെന്ന് അവർ പറയുകയും ചെയ്യും. അതായിരുന്നു അച്ഛൻറെ എന്നോടുള്ള സമീപനം. അനിയത്തിമാർ ചത്താലും വേണ്ടില്ല, അച്ഛനോ അച്ഛൻ പറയുന്നതു മാത്രം ശരിയെന്ന് കരുതുന്ന ഡോക്ടർമാരോ ചികിത്സിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും അക്കാലത്താണ്. പിന്നീട് ആയുർവേദവൈദ്യന്മാരും പ്രകൃതി ചികിത്സകനായിരുന്ന ശ്രീ സി ആർ ആർ വർമ്മയുമായിരുന്നു അവരുടെ ഡോക്ടർമാർ.

അമ്മ എങ്ങനെയാണ് ആ ദിവസങ്ങൾ തള്ളിനീക്കിയതെന്ന് എനിക്കറിയില്ല.

എൻറെ കൈ ശരിയാക്കിയെടുക്കാൻ വേണ്ടി എന്തെല്ലാം വേദനയും അപമാനവും അമ്മ സഹിച്ചെന്നോ?

എൻറെ കൈയിൽ വെറുതേ സൂചികൊണ്ട് കുത്തുകയും എനിക്ക് അസുഖമില്ലെന്ന് പറയുകയും ചെയ്ത എല്ലാ ഡോക്ടർമാരേയും ചിരിച്ചുകൊണ്ടു തന്നെ അമ്മ യാത്രയാക്കി. അവർ പറയുന്നതു പോലെ എന്നെയും എൻറെ മരവിപ്പ് വേദനാപ്പരാതികളേയും പൂർണമായും അവഗണിക്കാമെന്ന് സമ്മതിച്ചു.

പാലക്കാട് ഡി എം ഓ ആയിരുന്നു അച്ഛൻ അക്കാലത്ത്. അധികവും പാലക്കാടാണ് പാർത്തിരുന്നത്. ഏത് ജില്ലയിലെ ഡി എം ഓ ആയാലും ഗവൺമെൻറ് ഡോക്ടർമാർ ഡി എം ഓയ്ക്ക് ഇഷ്ടമില്ലാത്ത കാര്യം കഴിവതും പറയില്ല. അച്ഛൻ മെഡിക്കൽ ഭരണസംവിധാനത്തിൽ ഇനിയും ഉയർന്ന പദവികളിലേക്ക് പോകുമെന്ന് അവർക്കെല്ലാമറിയാമായിരുന്നുവല്ലോ.

ഒടുവിൽ അച്ഛൻറെ പെങ്ങളുടെ സഹായത്തോടെ അമ്മ എന്നെ തിരുവനന്തപുരത്ത് കൊണ്ടു പോയി. ഫിസിക്കൽ റിഹാബിലിറ്റേഷൻ സെൻററിലെ ഡോ. മുരളീധരമേനോനാണ് യഥാർത്ഥ അസുഖം കണ്ടുപിടിച്ചത്. വീഴ്ചയിൽ കൈമുട്ട് വല്ലാതെ ഡിസ്ലൊക്കേറ്റഡ് ആവുകയും കുറച്ചധികം നേർവ് തകരാറുകൾ വരികയുമായിരുന്നു ഉണ്ടായത്. രണ്ടാഴ്ചയോളം ചികിത്സാസമയം എടുത്തു കൈയിൻറെ സംവേദനശേഷി തിരിച്ചു കിട്ടാൻ.. ഡോ. മേനോൻ നേരിട്ട് സംസാരിച്ചപ്പോഴാണ് അച്ഛൻ വിവരമറിഞ്ഞത്.

അച്ഛനോട് അമ്മ ഒന്നും ആവശ്യപ്പെട്ടില്ല. യാതൊരു ചർച്ചയും ചെയ്തില്ല.

അമ്മ തനിച്ചാണ് എന്നെ ചികിൽസിപ്പിച്ചത്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ നിന്ന് അമ്മയ്ക്ക് കുറച്ച് പ്രയാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും എനിക്ക് യഥാർഥത്തിൽ അസുഖമുണ്ടെന്നും ചികിത്സ ആവശ്യമുണ്ടെന്നും അമ്മ പൊരുതി തെളിയിച്ചു.

വീട്ടിൽ തിരികെ വന്നപ്പോൾ സ്വാഭാവികമായും വലിയ വഴക്കുണ്ടായി. ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് ഊണു കഴിക്കാൻ വന്ന അമ്മയെ, അച്ഛൻ കസേര കൊണ്ട് അടിക്കുകയും അമ്മയുടെ ചോറിൻ കിണ്ണവും കറികളും തല വഴി കമഴ്ത്തുകയും ഒക്കെ ചെയ്തു. ഞങ്ങൾ ആരും വീട്ടിലുണ്ടായിരുന്നില്ല.

അമ്മ വീട്ടിൽ നിന്നും ഓടിയിറങ്ങി, പൊതുപൈപ്പിൽ നിന്ന് തലയും മുഖവും കഴുകി കുറേ നേരം കളക്ടറുടെ ക്വാർട്ടേഴ്സിനു പുറകിലെ മാന്തോപ്പിൽ ഇരുന്നു. അന്ന് അമ്മ അയ്യന്തോൾ പോസ്റ്റ് ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.

എങ്ങനെയാവും അമ്മ ആ മണിക്കൂറുകളൊക്കെ കഴിച്ചു കൂട്ടിയിട്ടുണ്ടാവുക? അമ്മ മരണത്തിൻറെ ആലിംഗനം ഒരിക്കലും തേടാതെ പിടിച്ചു നിന്നതെങ്ങനെ?

കൈയിൻറെ പരിക്ക് മാറിയ ഞാൻ കോളേജിൽ പോയിത്തുടങ്ങി. അമ്മ ഒട്ടും സന്തുഷ്ടയായിരുന്നില്ല. എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു ആധി അമ്മയുടെ മനസ്സിലുണ്ടായിരുന്നു. അത് എൻറെ മലയാളഭാഷാ പഠനത്തെപ്പറ്റിത്തന്നെയായിരുന്നു.

1 comment:

Cv Thankappan said...

എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു ആധി അമ്മയുടെ മനസ്സിലുണ്ടായിരുന്നു. അത് എൻറെ മലയാളഭാഷാ പഠനത്തെപ്പറ്റിത്തന്നെയായിരുന്നു