Friday, November 1, 2019

അമ്മച്ചിന്തുകൾ 66

                                                       

തൃക്കൂർ പുഴയോരത്താണ് നാലു പെൺമക്കൾക്കും സ്ഥലം കിട്ടിയത്. അമ്മീമ്മയും അമ്മയും വാഴ നടീക്കലും
കിണറു കുത്തിക്കലുമൊക്കെ ചെയ്ത് പറമ്പിനെ ഐശ്വര്യം വെപ്പിച്ചു. പറമ്പിൽ വീഴുന്ന മഴവെള്ളം അവിടെ തന്നെ താഴണമെന്നായിരുന്നു എന്നും അമ്മീമ്മയുടെ നയം. അത് പുറത്ത് പോയാൽ കിണറ് വെള്ളത്തിൻറെ ഉറവ വറ്റുമെന്ന് അവർ വിശ്വസിച്ചിരുന്നു. വെള്ളം പറമ്പിൽ താഴാനാവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് അമ്മീമ്മ നിർബന്ധിക്കും.
റാണിക്കും ഭാഗ്യക്കും വിവാഹം നടക്കണമല്ലോ എന്ന ആധി അവരെ വിട്ടുപിരിഞ്ഞില്ല. ബ്രോക്കർമാരോ ഏജൻസികളോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും ഒരു താല്പര്യവും കാണിക്കാത്ത അവസ്ഥയിൽ പത്രപ്പരസ്യങ്ങളായിരുന്നു അമ്മയുടെ ഏക ആശ്രയം.
അച്ഛൻ എല്ലാ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിവാഹങ്ങളിൽ പങ്കെടുത്തു. കല്യാണക്കാലങ്ങളിൽ പാവം, അച്ഛൻ സദ്യ കഴിച്ചും റിസപ്ഷനുകളിലെ പലഹാരങ്ങൾ തിന്നും മടുത്തിട്ടുണ്ട്. ആരും അച്ഛനോട് റാണിയേയോ ഭാഗ്യയേയോ വിവാഹം കഴിപ്പിക്കേണ്ടേയെന്ന് ചോദിച്ചിരുന്നില്ല. ഞങ്ങൾ മോശംമക്കൾ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ.
ചിലപ്പോൾ ചിലർ ... അവർ വളരെ ദുർലഭം വീട്ടിൽ വന്ന സുഹൃത്തുക്കളായിരിക്കാം. അമ്മയുടെ ലളിതമായ സല്ക്കാരം ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്തവരായിരിക്കാം. അങ്ങനെ ചിലർ അന്വേഷിച്ചിട്ടുണ്ട്. അത് അച്ഛനിൽ വലിയ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. അത്തരമൊരു ദിവസമാണ് അച്ഛൻ ആത്മഹത്യ ചെയ്യാൻ പോയത്. അന്നത്തോടെ അമ്മയും മക്കളും അമ്മീമ്മയും എന്നാൽ പിശാചിനികളുടെ പര്യായപദങ്ങളായിത്തീർന്നു.
വീട്ടുജോലി ചെയ്തിരുന്ന സ്ത്രീ കൂടെ ഉള്ളപ്പോഴാണ് അച്ഛൻ മരിക്കാൻ ശ്രമിച്ചത്. ഫാനിൽ കുടുക്കിട്ടപ്പോൾ, അവർ കണ്ടു. അലമുറയിട്ടു കരഞ്ഞ് അയൽക്കാരെയെല്ലാം അവർ വിളിച്ചു വരുത്തി. എല്ലാവരും അച്ഛന്റെ അവസ്ഥയിൽ ഹൃദയം നൊന്തു കരഞ്ഞുപോയി. പിന്നീട് അച്ഛനെ കൃത്യമായി അന്വേഷിക്കുകയെന്നത് അയല്പക്കത്തുള്ളവർ എന്നും ചെയ്തുപോന്നു.
റാണിക്കും ഭാഗ്യക്കും വേണ്ടിയുള്ള കല്യാണാലോചനകൾ മുമ്പോട്ടു പോകേ അമ്മീമ്മയും അമ്മയും പത്രപ്പരസ്യത്തിലെ ആദ്യപ്രതികരണം കഴിഞ്ഞു്‌ മാതാപിതാക്കൾ തമ്മിൽ കാണുന്ന ഘട്ടങ്ങളിൽ എത്താറുണ്ടായിരുന്നു ചിലപ്പോൾ. അങ്ങനെ ഒരു യാത്രയിൽ അമ്മീമ്മ ബസ്സിൽ വീണു. ആ വീഴ്ച വളരെ ഗുരുതരമായ ഒടിവുകൾ അമ്മീമ്മയുടെ വലതുകൈയിൽ ഉണ്ടാക്കി.
അമ്മയും അമ്മീമ്മയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി ചികിത്സ തേടി. അമ്മീമ്മയുടെ കൈയിന് ഓപ്പറേഷൻ വേണ്ടിയിരുന്നു. അമ്മ തനിച്ചാണ് അതിനു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തത്. ആരോടും അമ്മ ഹെൽത്ത് സർവീസ് ഡയറക്ടറുടെ ഭാര്യയാണെന്ന് പറഞ്ഞില്ല. തമിഴ് പേശും അല്ല തലയാളം പേശും രണ്ടു പെണ്ണുങ്ങൾ ആയി അവർ അറിയപ്പെട്ടു. മക്കളെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ അവർ ആരോടും ഒന്നും തന്നെ പറഞ്ഞില്ല.
അമ്മയുടെ പെരിയപ്പാവിൻറെ മകളുടെ മകളായിരുന്നു അവർക്ക് ഒരു സഹായം. രാജി എന്നു പേരുള്ള ആ അക്കാ രാത്രികളിൽ അമ്മീമ്മയ്ക്കൊപ്പം ആശുപത്രിയിൽ തന്നെ കഴിഞ്ഞു. അമ്മ സന്ധ്യയോടെ തൃക്കൂർ വീട്ടിലെത്തി കഞ്ഞിയുണ്ടാക്കിക്കുടിച്ച് രാവിലെ നേരത്തെ ഉണർന്ന് ആഹാരം തയാറാക്കി ആശുപത്രിയിൽ തിരിച്ചുചെന്നു. അങ്ങനെ മൂന്നു അമ്മ്യാരുമാർ തലയാളവും പറഞ്ഞ് ആശുപത്രി വാസവും തീർത്ത് തൃക്കൂര് വീട്ടിൽ മടങ്ങിയെത്തി. അച്ഛൻ ഇക്കാര്യം ജീവിതത്തിൽ ഒരിക്കലും അറിഞ്ഞതേയില്ല. അമ്മയ്ക്ക് നല്ല ആത്മവിശ്വാസം പകർന്ന ഒരു സംഭവമായിരുന്നു അത്. അത്ര ബുദ്ധിയും കഴിവുമൊന്നുമില്ലാത്ത അങ്ങനെ കാര്യങ്ങൾ ഒന്നുമറിയാത്ത അമ്മ്യാരുമാരായുള്ള പകർന്നാട്ടം അമ്മയെ രസിപ്പിച്ചു. മലയാളവും തമിഴും കലർത്തി അപ്പടിയോ ഡാക്ടറെ, ഞങ്ങൾ ശെയ്യലാമേ എന്നൊക്കെ പറഞ്ഞു അമ്മയും അമ്മീമ്മയും ആശുപത്രി വിട്ടു. ഈ കഥ അവരിരുവരും ഒത്തിരി തവണ പൊട്ടിച്ചിരികളുടെ അകമ്പടിയോടെ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്. അമ്മീമ്മ വീട്ടിലെത്തിയിട്ടേ ഞങ്ങളോടു പോലും അമ്മ അപകടത്തിൻറേയും ഓപ്പറേഷൻറേയും വിവരം പറഞ്ഞുള്ളൂ.
ഞങ്ങൾ മൂന്നു പേരും ദില്ലിയിലായിരുന്നു അക്കാലത്ത്. സ്വന്തമായി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്കൊന്നും അമ്മ ഞങ്ങളെ വിളിക്കുകയോ വരണമെന്ന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ല. അവസാന കാലത്ത് 'ഞാൻ പോയിട്ടു വരാം അമ്മ ' എന്ന് യാത്ര ചോദിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുമായിരുന്നു. എൻറെ കൈ പിടിച്ച് മെല്ലെ ഒന്നമർത്തീട്ട് നിറഞ്ഞ കണ്ണുകളോടെ അമ്മ പറയും..
'കുട്ടി... വേഗം വരണം... വരില്ലേ '

1 comment:

Cv Thankappan said...

മലയാളവും തമിഴും കലർത്തി അപ്പടിയോ ഡാക്ടറെ, ഞങ്ങൾ ശെയ്യലാമേ എന്നൊക്കെ പറഞ്ഞു അമ്മയും അമ്മീമ്മയും ആശുപത്രി വിട്ടു.പാഠങൾ....
ആശംസകൾ