Saturday, November 16, 2019

അമ്മച്ചിന്തുകൾ 76



പൊതുവേ പുരുഷന്മാർ സ്ഥിരമായി ഉന്നയിക്കുന്ന പല ചോദ്യങ്ങളിൽ ഉൾപ്പെടുന്ന ഒരു പ്രധാന ചോദ്യമുണ്ട്. സ്ത്രീകൾ തന്നേക്കാൾ പഠിപ്പു കുറഞ്ഞവരെ, തന്നേക്കാൾ ശമ്പളം കുറഞ്ഞവരേ ഒക്കെ കല്യാണം കഴിക്കുമോ, ഇല്ലല്ലോ? അതിൽ നിന്നു തന്നെ അറിയാം.. സ്ത്രീകൾക്ക് പണം, ആഡംബരം, സുഖസൗകര്യങ്ങൾ എന്നിവയോടുള്ള അത്യാഗ്രഹം.... എന്ന് ആ ചോദ്യത്തിൻറെ ഉത്തരവുമുണ്ട്.

എൻറെ അനിയത്തിമാർ ഇരുവരും ഇക്കാര്യത്തിൽ തികച്ചും വിഭിന്നരായിരുന്നു. പുരുഷന്റെ പഠിപ്പും ഉദ്യോഗവും ശമ്പളവും ഒന്നും അവർ കാര്യമായി എടുത്തില്ല. പിന്തുണയും സഹകരണവും കുടുംബസ്നേഹവും ആയിരുന്നു, അതുമാത്രമായിരുന്നു അവരുടെ സ്വപ്നം.

അപ്പോൾ സ്വാഭാവികമായും സമൂഹത്തിൻറെ ദൃഷ്ടിയിൽ ഒളിച്ചോടിപ്പോയി ജാതി മാറി കല്യാണം കഴിച്ച അമ്മയുടെ മക്കളായ, ആ അമ്മ അച്ഛനെ ഉപേക്ഷിച്ചതു നിമിത്തം അനാഥരായ, ചീത്തപ്പേര് കേൾപ്പിച്ച ചേച്ചിയുടെ അനിയത്തിമാരായ പെൺകുട്ടികളെ പുരുഷന്മാർ മംഗല്യസൗഭാഗ്യം നല്കി ജീവിതം ഉദ്ധരിക്കയാണല്ലോ ചെയ്യുക..

വിദ്യാഭ്യാസക്കുറവ്, ജോലിയിലും ശമ്പള ത്തിലും കുറവ് ..പുരുഷന്മാർക്ക് അങ്ങനെയുണ്ടെങ്കിലും അത് സാരമില്ല.. അവർ ജീവിതം തരുവല്ലേ.. തന്നെയുമല്ല, വിദ്യാഭ്യാസം, ജോലി, ശമ്പളം എന്നതൊക്കെ ഉണ്ടെന്ന് ഭാവിച്ച് സ്ത്രീകൾ അഹങ്കരിക്കാമോ? ആണുങ്ങൾക്ക് ഈപ്പറഞ്ഞതൊക്കെ നേടിയെടുക്കാൻ വല്ല പ്രയാസവും ഉണ്ടോ? അതു പോലാണോ നിങ്ങൾ പെണ്ണുങ്ങളുടെ കുടുംബത്തിലെ കാര്യങ്ങൾ... ? അത് അമക്കിച്ചെരച്ചാലും പോവുമോ? ഒരിക്കേ പേരു ചീത്തയായാൽ പിന്നെ തീർന്നില്ലേ.. ഏഴു തലമുറ കഴിഞ്ഞാലും അത് ആ ചീത്തപ്പേര് പോവില്ല..

അപ്പോൾ ഞങ്ങളുടെ സ്ഥാനം നിർണയിക്കപ്പെട്ടു കഴിഞ്ഞു..

അച്ഛനുൾപ്പടെ ഞങ്ങളുടെ ജീവിതത്തിലെ പുരുഷൻമാരെല്ലാം സമൂഹത്തിലെ ആൺപ്രിവിലേജുകൾക്ക് എന്നും അർഹരായിരുന്നു. അതിൽ ഏറ്റവും കുറഞ്ഞ പ്രിവിലേജ് ലഭിച്ചത് കണ്ണനാണ്.

എന്നെ പെരുവഴിയിൽ ഉപേക്ഷിച്ചില്ല എന്നതും മോളെ വളർത്തിയെന്നതും കാരണമാക്കി പലരും കണ്ണനെ ഒത്തിരി അപമാനിച്ചിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ...

കണ്ണൻ ചേട്ടാ എന്നും ഗുരു എന്നുമൊക്കെ വിളിച്ചവർ അവരുടെ ഭാഗത്ത് നില്ക്കുന്നില്ല എന്നു കണ്ടാലുടനെ മോളുടെ സ്വന്തം അച്ഛനല്ലല്ലോ അങ്ങനെ അഭിനയിച്ച് അഡ്ജസ്റ്റ് ചെയ്യുകയല്ലേ എന്ന് വിളിച്ചു കൂവും. മറ്റൊരാൾക്കൊപ്പം കഴിഞ്ഞ പെണ്ണിൻറെ കൂടെ ജീവിക്കുന്നവൻ എന്നു പറയും..

കണ്ണൻറെ ബോധ്യം അത്തരുണത്തിലെല്ലാം ഒരേ സമയം അഗാധവും വിശാലവുമായിരുന്നു. ഔന്നത്യമാർന്ന ഒരു പർവതമായിരുന്നില്ല കണ്ണനെങ്കിൽ വീശിയടിച്ച പ്രചണ്ഡവാതങ്ങൾ ഞങ്ങളെ എല്ലാവരേയും ഒന്നിച്ചു മരവിപ്പിക്കുമായിരുന്നു.

അമ്മയുടെ ആരോഗ്യം മോശമാവുകയായിരുന്നു.. അമ്മ ഏറ്റു വാങ്ങിയ വേദനകൾ അമ്മീമ്മയുടെ വിയോഗത്തോടെ ആ ശരീരത്തേയും വല്ലാതെ വേട്ടയാടാൻ തുടങ്ങി.

അങ്ങനെയാണ് അമ്മയെ ശുശ്രൂഷിക്കാനായി ഞാൻ കേരളത്തിലേക്ക് വന്നത്. ഭാഗ്യയുടെ കുഞ്ഞുമകളുമായുള്ള എൻറെ ചങ്ങാത്തം കരുത്താർജ്ജിക്കുന്നതും അങ്ങനെയാണ്. ഭാഗ്യയുടെ ജീവിതത്തിൽ കാറും കോളും നിറഞ്ഞു കഴിഞ്ഞിരുന്നു. അവളുടെ വീട്ടുകാരൻ ഗൾഫിലേക്ക് പോയ സമയമായിരുന്നു അത്.

ഞാൻ വരുമ്പോൾ
അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. അനിയത്തിമാര്‍ രണ്ടു പേരും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരായതുകൊണ്ട് അമ്മയുടെ ബൈസ്റ്റാന്‍ഡര്‍ ഞാന്‍ മാത്രമായിരുന്നു അന്ന്. ഞങ്ങളെ അനേഷിച്ച് സഹായത്തിനായി അങ്ങനെ ബന്ധുക്കളൊന്നും വരാനില്ലല്ലോ. അപ്പോള്‍ എന്തു വന്നാലും ഞങ്ങള്‍ എല്ലാം സ്വയം നേരിട്ടേ പറ്റൂ.

അമ്മയ്ക്ക് എന്താണ് അസുഖമെന്ന് ഡോക്ടര്‍മാര്‍ക്ക് ശരിക്കും മനസ്സിലായിരുന്നില്ല. എന്തുകൊണ്ടോ അമ്മയുടെ ജീവിതത്തില്‍ ഇക്കാര്യം എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. അസുഖം മനസ്സിലാവാതെ വരിക, എന്നിട്ട് മറ്റൊരു അസുഖത്തിനു കുറെ നാള്‍ ചികില്‍സിക്കുക, അതുകഴിഞ്ഞ് ശരിയായ അസുഖം തികച്ചും യാദൃച്ഛികമായി തിരിച്ചറിയപ്പെടുക ...ജീവിതത്തിലെ പല ആധികള്‍ക്കിടയില്‍ ഞങ്ങള്‍ക്കങ്ങനെ ഈ ആധിയും ഒരു ശീലമായി.

പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുകയായിരുന്നു... ഹാർട്ട് പ്രോബ്ലം ആണെന്നാണ് എല്ലാവരുടേയും ധാരണ.

അതിനിടയില്‍ ഒരു ദിവസം രാവിലെ ഉണര്‍ന്ന അമ്മ തികച്ചും അപരിചിതമായി പെരുമാറുവാന്‍ തുടങ്ങി....

അമ്മയ്ക്ക് അമ്മയാരാണെന്നറിയാത്ത പോലെ..

ഞാനാരാണെന്നറിയാത്ത പോലെ ...

ആശുപത്രിയാണെന്നറിയാത്ത പോലെ....

ഒന്നുമറിയാത്തതു പോലെ...

ഞാന്‍ ഭയം കൊണ്ട് നുറുങ്ങിപ്പോയി. എനിക്ക് എന്തു വേണമെന്ന് മനസ്സിലായില്ല. ഞാന്‍ ഡ്യൂട്ടി ഡോക്ടറെ വിളിച്ചു കരഞ്ഞു...

പ്രഷറുണ്ട് ... ഷുഗറുണ്ട്... നടക്കാന്‍ ശകലം ബുദ്ധിമുട്ടുണ്ട്. പ്രഷര്‍ കൂടിക്കണ്ടപ്പോഴാണ് അമ്മയെ അഡ്മിറ്റ് ചെയ്തത് ... ഇന്നലെ രാത്രി ഉറങ്ങുമ്പോള്‍ പോലും അമ്മയ്ക്ക് മറ്റൊരു അസുഖവും ഉണ്ടായിരുന്നതായി എനിക്ക് മനസ്സിലായിരുന്നില്ല.

അമ്മ ഐ സി യൂ വിലേയ്ക്ക് മാറ്റപ്പെട്ടു.

വെന്തുരുകി ഞാന്‍ പുറത്ത് കാവലായി... എനിക്കറിയാവുന്ന മെഡിക്കല്‍ കോമ്പ്ലിക്കേഷനുകള്‍ ഓരോന്നായി ഞാന്‍ ഓര്‍മ്മിച്ചു.... അച്ഛന്‍റെ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ മനപ്പാഠമാക്കാന്‍ തോന്നിയ അവധിക്കാലങ്ങളെ പിന്നെയും പിന്നെയും ശപിച്ചു...

സന്ധ്യയായപ്പോള്‍ അമ്മയെ മുറിയിലേയ്ക്ക് മടക്കിക്കൊണ്ടു വന്നു. അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും സോഡിയം ലെവല്‍ താഴ്ന്ന് പോയതായിരുന്നു പ്രശ്നമെന്നും അതിനകം ഞാന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.

അമ്മയുടെ പെരുമാറ്റം ശ്രദ്ധിയ്ക്കണമെന്ന് എനിയ്ക്ക് താക്കീതു തരാന്‍ ഡോക്ടര്‍ മറന്നില്ല. സോഡിയം ലെവല്‍ ഇങ്ങനെ താഴ്ന്ന് പോകുന്നത് അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുറിയില്‍ അമ്മ കണ്ണടച്ചു കിടക്കുകയായിരുന്നു. എന്‍റെ കാല്‍പ്പെരുമാറ്റം കേട്ടിട്ടാവണം അമ്മ കണ്ണുകള്‍ തുറന്നു. ഞാന്‍ ചിരിച്ചെങ്കിലും അമ്മ ചിരിച്ചില്ല.

എനിക്ക് പേടി തോന്നി. അമ്മ ഇപ്പോഴും എന്നെ തിരിച്ചറിയുന്നില്ലേ ...

അമ്മയുടെ കണ്ണുകള്‍ ടി വി യിലെ സിനിമയിലാണോ, ഇളം പച്ച ചായമടിച്ച ചുവരിലാണോ, അതോ അമ്മ ഒന്നും കാണുന്നു കൂടിയില്ലേ എന്നൊക്കെ എനിക്ക് സംശയമായി. വെണ്ണിലാ ചന്ദനക്കിണ്ണമെന്ന് മമ്മൂട്ടി തോണി തുഴയുകയായിരുന്നു ടി വിയിലപ്പോള്‍ ... ചുവരിലാകട്ടെ ഒരു പെയിന്‍റിംഗ് പോലുമുണ്ടായിരുന്നില്ല.

ഞാന്‍ അമ്മയെ ഒന്ന് പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു.

‘അമ്മാ... അതാര്... അതാരാക്കും ?’

എടുത്തെറിഞ്ഞതു പോലെ ഉത്തരം വന്നു...

‘മമ്മൂട്ടി... അത് മമ്മൂട്ടിയല്ലവാ..’

ഞാന്‍ പിന്നെയും ചോദിച്ചു...

‘നല്ലാ പാത്തിയാ.. അത് ... അന്ത ആളു താനാ?’

അമ്മ ഫോമിലായി.

‘എന്നടീ ഉനക്ക് പൈത്യമാ? അത് നമ്മോട് മമ്മൂട്ടിയല്ലവോ?’

ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു.. കരച്ചില്‍ ഉമിനീരാക്കി വിഴുങ്ങി. അതൊരു തുടക്കമായിരുന്നു. ഞങ്ങളറിഞ്ഞില്ല ഇനിയും ഒത്തിരി കരച്ചിലുകൾ ഉമിനീരായി മാറ്റാനുണ്ടെന്ന്...

1 comment:

Cv Thankappan said...

സങ്കടപ്പെരുമഴ....