Thursday, November 14, 2019

അമ്മച്ചിന്തുകൾ 74

 
അമ്മ ഒറ്റയ്ക്ക് അമ്മീമ്മയെ ശുശ്രൂഷിക്കുകയും ഇടയ്ക്കിടെ അയ്യന്തോളിലെ വീട് സന്ദർശിച്ചു അറ്റകുറ്റപ്പണികൾ ചെയ്യിക്കുകയും വൃത്തിയാക്കുകയും ചെയ്തു പോന്നു. തൃക്കൂരിലെ അമ്മിണി അമ്മൂമ്മയായിരുന്നു അമ്മയുടെ പ്രധാന സഹായി. പിന്നെ ഓട്ടോറിക്ഷ ഓടിക്കുന്ന ശിവദാസൻ, മധു, ഉണ്ണി അവരായിരുന്നു അക്കാലത്ത് അമ്മയുടെ ആൺമക്കൾ. എവിടെ പോവാനും അവർ ആരെങ്കിലും കാണും. കല്യാണം ടീച്ചറുടെ അനിയത്തിക്ക് പോസ്റ്റ്‌ ഓഫീസിൽ ജോലി ആയിരുന്നുവെന്നത് തൃക്കൂര് നാട്ടിലെ
എല്ലാവരും മറന്നു. അങ്ങനെ അമ്മയും ടീച്ചർ ആയി രൂപാന്തരപ്പെട്ടു. അമ്മീമ്മക്ക് അക്ഷരം പഠിപ്പിച്ചതും ഞങ്ങൾക്ക് കണക്കും ഇംഗ്ലീഷും പഠിപ്പിച്ചതുമാണ് അമ്മയുടെ ജീവിതത്തിൽ ആകെയുള്ള അധ്യാപനപരിചയം. എന്നാലും അമ്മ ചുളുവിൽ ടീച്ചറായി അറിയപ്പെട്ടു തുടങ്ങി.

അച്ഛൻ മരിച്ച സമയത്ത് കണ്ണൻറെ വീട്ടിൽ നിന്ന് പോലും ആരും വന്നിരുന്നില്ലെങ്കിലും അനിയൻറെ വിവാഹസമയത്ത് ക്ഷണിക്കാൻ കണ്ണൻറെ അമ്മയും വല്യമ്മയും ഒക്കെ തൃക്കൂര് വീട്ടിൽ പോയി. എൻറെ അമ്മക്ക് അത് വലിയ സന്തോഷം നല്കി. അമ്മ കല്യാണത്തിന് പങ്കെടുത്തില്ല. അച്ഛൻ മരിച്ച് ഒരു മാസം ആയപ്പോഴായിരുന്നു വിവാഹം.

റാണിക്ക് മകനുണ്ടായതാണ് പിന്നീട് ജീവിതത്തിൽ വന്ന വലിയൊരു ആഹ്ളാദം. ഏഴു പെണ്ണുങ്ങളുടെ സാമ്രാജ്യത്തിലെത്തിയ ഞങ്ങളുടെ സ്വന്തം ചക്രവർത്തി കുമാരനായി അവൻ. ഞങ്ങളുടെ വീട്ടിലെ ഒരേയൊരു ആൺകുട്ടി. ബാക്കി ജീവിതത്തിൽ വന്നവരൊക്കെ വേറെ വീട്ടിലെ ആൺകുട്ടികളാണല്ലോ. 'ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയല്ല, ഞങ്ങളുടെ അമ്മേം അച്ഛനും ബന്ധുക്കളും ഇങ്ങനെയല്ല. നിങ്ങളുടെ വീട്ടിലെന്താ ഇങ്ങനെ? ' എന്ന് പറയാനും ചോദിക്കാനും എപ്പോൾ വേണമെങ്കിലും സാധിക്കുന്നവർ. റാണിയുടെ മോന് അങ്ങനെ പറയാനും ചോദിക്കാനും ഒക്കില്ലല്ലോ എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു.

അമ്മീമ്മയുടെ ആരോഗ്യം ദിനംപ്രതി മോശമായി ക്കൊണ്ടിരിക്കുകയായിരുന്നു. ശരീരം കുലച്ച വില്ലു പോലെ ബലമാർന്നു ഒട്ടും വഴക്കമില്ലാത്തതായി. കൈകൾ തോളിൽ നിന്ന് താഴോട്ടു വരുന്തോറും കിടക്കയിൽ സ്പർശിക്കാതായി. പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ പ്രയാസങ്ങളൊന്നും അമ്മീമ്മ ക്കില്ലായിരുന്നു. പക്ഷേ, ചലനങ്ങൾ നന്നേ കുറഞ്ഞു.

അമ്മീമ്മയുടെ ഓർമശക്തിക്ക് ഒരു കുറവും വന്നിരുന്നില്ല. രാഷ്ട്രീയവും കലയും സാഹിത്യവും എല്ലാം അപ്പോഴും ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. ടി വിയിലെ വാർത്തകൾ, മാതൃഭൂമി പത്രം ഒന്നും എത്ര ക്ഷീണമായിട്ടും അമ്മീമ്മ ദിനചര്യയിൽ നിന്ന് ഒഴിവാക്കിയില്ല.

ഭാഗ്യയുടെ മോൾ അമ്മീമ്മയുടെ ദേഹത്തു കയറി കിടക്കുന്നതും ഉറങ്ങുന്നതും കളിക്കുന്നതും എല്ലാം അത്ര വയ്യാത്ത കാലത്തും അമ്മീമ്മ ഇഷ്ടപ്പെട്ടിരുന്നു.

മോൻ പിറന്ന് ഒമ്പതു മാസമായപ്പോഴാണ് റാണി അവനേയും കൂട്ടി അമ്മീമ്മയെ കാണാൻ എത്തിയത്. അപ്പോഴേക്കും അമ്മീമ്മ അതീവ ഗുരുതര നിലയിലായിരുന്നു. കുറച്ചു നാൾ ആശുപത്രിയിൽ കിടക്കുകയും ചെയ്തിരുന്നു.

റാണിയെ സുമംഗലിയായി, അമ്മയായി കാണണമെന്നത് അമ്മീമ്മയുടെ ഏറ്റവും വലിയ ആശയായിരുന്നു. അവളുടെ മകനെ ഒന്നു തൊടാനും സ്വന്തം നെഞ്ചത്ത് ഒന്ന് കിടത്താനും ആണ് അമ്മീമ്മ അത്രയും കാലം ജീവിച്ചതെന്ന പോലെ... റാണിയും മകനും എത്തിയതിൻറെ പിറ്റേന്ന്, ആ മകനെ കൊഞ്ചിച്ചതിൻറെ പിറ്റേന്ന് അവർ ബോധരഹിതയായി.

ആ ബോധക്ഷയത്തിൽ നിന്ന് അവർ പിന്നീട് ഉണർന്നില്ല.

രണ്ടു ദിവസം കഴിഞ്ഞ് ഒളരിക്കര മദേഴ്സ് ഹോസ്പിറ്റലിൽ വെച്ച് അമ്മീമ്മ ഞങ്ങൾ എല്ലാവരേയും വിട്ടു പോയി.

ഞങ്ങളുടെ ദൈവം അന്ന് മരിച്ചു.

അമ്മീമ്മയെ അവസാനമായി ഒന്നു കാണാൻ തൃക്കൂര് ഗ്രാമത്തിലെ ഓരോ വീട്ടിൽ നിന്നും സ്ത്രീകൾ വന്നു. സർവോദയ സ്കൂളിൽ നിന്ന് അധ്യാപകർ വന്നു.

ഞാൻ അമ്മീമ്മയുടെ നിശ്ചല ശരീരം കണ്ടില്ല. ഞാൻ വന്നില്ല. എനിക്ക് മനസ്സിലെ ചൊടിയും ചുണയുമുള്ള അമ്മീമ്മച്ചിത്രം മതിയായിരുന്നു.

ഇന്നും ആ അമ്മീമ്മയെ ഓർക്കുമ്പോൾ എനിക്കൊരു ബലം തോന്നും. ധൈര്യം തോന്നും.

അമ്മീമ്മ എന്നും ഒരു പോരാളി ആയിരുന്നു.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മീമ്മയെ ഓർക്കുമ്പോൾ
എനിക്കൊരു ബലം തോന്നും.
ധൈര്യം തോന്നും.
അമ്മീമ്മ എന്നും ഒരു പോരാളി ആയിരുന്നു.

Cv Thankappan said...

താങ്ങുംത്തണലുമായിനിന്ന...
ദുഃഖം.....