Thursday, May 7, 2020

ചൊക്ളി 10

പത്ത്

ആലൂര് മഠത്തിലെ വിശ്വനാഥസ്സാമീടെ മോനേര്ന്ന് തൃശൂര് ആസ്പത്രീല് വല്യ ഡോക്കിട്ടറ്. ആ രാമേന്ദ്രൻ ഡോക്കിട്ടറ് അവടെണ്ടായ കാരണം, ആ നല്ല മനസ്സും കാരണം പോലീസാര് കൊണ്ടോയ മൂന്നു ശവങ്ങളും വെട്ടിക്കീറി കൂട്ടിത്തയിച്ച് സന്ധ്യക്ക്‌ മുമ്പേന്നെ കൊണ്ട് വന്നു. രാമേന്ദ്രസ്സാമീ ഡോക്കിട്ടറേം പഠിപ്പ്ച്ചണ്ട്ല്ലോ ശൂലപാണി വാരര് മാഷ്.

ആലൂര് നാട്ടില് ങ്ങനെ ഒരു കാഴ്ച ണ്ടായിട്ടില്ല. കണ്ടോരുടെ കണ്ടോര് ടെ നെഞ്ചങ്ങട്ട് കത്തിപ്പോയി. മൊയ്തീനാ അള്ളോ എൻറള്ളോന്ന് വിളിച്ച് വല്ലാണ്ട് കരഞ്ഞത്. ചൊക്ളിക്ക് അറീം.. എന്താ ആ കരച്ചിലിൻറെ കാര്യന്ന്.. അള്ളോന്നാ പൊറത്തേക്ക് കേക്കണേന്നേള്ളൂ.. വിളിക്കണ മുഴോനും 'നസീറേ..എൻറ നസീറേ'ന്നാ..

കൊശത്തിയോളും ചെട്ടിച്ച്യോളും വല്ലാണ്ട് നൊലോളി കൂട്ടില്യാ.. അവരക്ക് എൻഡ്രീൻ കുടിക്കണതും ചാവണതും കുത്തിക്കെട്ടി കൊണ്ടരണതും ഒക്കെ പരിചായി. കാശില്ലാത്തോര്ക്ക് ഗതീല്ലാത്തോര്ക്ക് അങ്ങനെയാ..എത്ര സങ്കടോം ശീലായി ശീലായി അങ്ങട്ട് നല്ല പരിചയാവും.

രവീടെ ഭാര്യ വീട്ട്ന്ന് ആരും വന്ന് ല്യ. അതങ്ങനേണ്ന്നും. പോലീസ് പുല്ലാ പുല്ലാന്നൊക്കെ ജാഥേല് പറേണ മാതിര്യല്ല.. പോലീസാര് വിത്തും വേരും തപ്പി പിന്നാലെ കൂട്യാല് മനിഷമ്മാര് പിന്നെങ്ങന്യാ തൊയിരത്തില് ഒന്ന് ഒറങ്ങാ.. അയാളാ ശത്രു.. ഇവളാ ശത്രു, അവരിങ്ങ്നെ ഊദ്രവിച്ചുന്നൊക്കെ പറഞ്ഞ് നടക്കണോര്ക്ക് ശരിക്കും അറിയാഞ്ഞ്ട്ടാണ്. ശത്രു ആവണ്ടത് നാട്ട് ലെ ഗോർമ്മേണ്ടും പോലീസ്വാ. പിന്നെ കഴിഞ്ഞു പണി. അവരും ഇവരും മറ്റോരും മറിച്ചോരും ശത്രുക്കളാവണ പോല്യല്ല.. ആ കളി.. അതൊരു അവസാനത്തിൻറെ കളിയാ...ചെലപ്പോ ഒടുക്കത്തെ പൊക കൂടി കാണാമ്പറ്റ് ല്യാ.

വാരര് മാഷേം ഭാര്യേം മോളേം അവരടെ പറമ്പിൻറെ തെക്കേഭാഗത്ത് ചിത കൂട്ടിക്കത്തിച്ചു. മാഷ്ടെ ഭാര്യ വീട്ടീന്ന് വന്നോര് കൂട്ടനെലോളി തന്നേര്ന്നു.. മുഴോൻ നേരോം.. കണ്ട് നിക്കാൻ പറ്റ്ണ്ടാര്ന്നില്ല. എന്ന്ച്ച് ട്ട് ഓടിപ്പോവ്വാനും പററ്ല്യാല്ലോ.. അൻഭവിക്കന്നേന്ന് ആലൂര്ക്കാര് ഒക്കെ തീരണ വരെ അവടെ നിന്നു.

ചൊക്ളിക്ക് അന്ന് തെല്ലും വന്നില്ല ഒറക്കം. കണ്ണടച്ചാ വാരര് മാഷ് റോട്ട് ല് കെടന്ന് പെടയണമാതിരി തോന്നും. ഒരക്ഷരം മിണ്ടിപ്പറയാൻ ആ പാറേമ്മെ ആരാ ഇരിക്കണ്..ഒരു ചായ തെളപ്പിക്കാൻ കൂടി വഴീല്യ.. അപ്പഴാ തോന്നീത് വല്ല മരത്തിന്റെ പൊത്തിലും ജീവിക്കണ ഒര് ജന്തുവാ ചൊക്ളീന്ന്. ജന്തൂന് വേറെന്ത്ണ്ടായാലും ഇല്ലെങ്കിലും ഓരോന്ന് ങ്ങനെ ആലോയ്ക്കാൻ പറ്റണ തല പാട് ല്ല..

അവന് തല മാന്താൻ തോന്നി. വിളിച്ചാ വിളിയേക്കാൻ ആരും ല്ല പാറപ്പൊറത്ത്. ഒരു തുള്ളി വെള്ളത്തിന് വഴീല്ല. എങ്ങ്ന്യാ ഈ ജാതീ ജീവിതോം കൊണ്ടു നടക്കാ..

കുത്തിക്കെട്ട്യ ആ മൂന്നു ശവങ്ങളും കണ്ടപ്പോ ആലൂര്ക്കാര് മുഴോനും ഒറക്കൊറക്കെ നെലോളിച്ചു.. ശര്യന്നാ.. എന്നാലും ഒരാളും പറഞ്ഞില്യ, 'ചൊക്ളിയേ, നീയൊറ്റക്ക് ആ പാറേമ്മേ കെട്ന്ന് പേടിക്കണ്ടാ, എൻറോടത്തെ ചവിട്ടു കല്ല്മ്മ്യോ തിണ്ണേമ്മ്യോ കെടന്നോ'ന്ന് ഒരാളും പറഞ്ഞില്യ..

അത്രക്കന്നെ ള്ളൂ.. ന്ത് ചായേണ്ടാക്ക്യാലും പച്ചക്കറീം ചോന്ന് ഓട്യാലും..

ചൊക്ളിക്ക് ഇബടെ ആരും ല്ല.. ഇബടെന്നല്ല ഇയ്യ് ലോകത്തന്നെ ആരും ല്ല. ഇന്നി ആരേലും ണ്ടാവുന്നും തോന്നണില്ല.


ഒരു തൊയിരത്തിന് തന്നത്താൻ മേല് തടവീപ്പഴാണ് കാലിൻെറടേലെ മൂരിപ്പ് ചൊക്ളി അറിഞ്ഞത്. അതൊരു സുഖായിത്തോന്നി അവനന്നേരം. ഒരു കെട്ടിപ്പൂട്ട് അയഞ്ഞപോലെ.. ആരാണ്ട് പെണ്ണ്ങ്ങ്ടെ എന്താണ്ടൊക്ക്യോ ഓർമ്മേല് വന്നു. ആ ഓർമ്മ അങ്ങട്ട് തെളിയിക്കാനൊന്നും പോയില്യ അവൻ... അങ്ങനന്നെ കെടന്ന് ഒന്ന് കണ്ണടച്ചുമയങ്ങി.

അന്നാണ് അങ്ങനേണ് ഒരു തൊയിരം ഒര് അയ് വ് അവനാൻറെ കാലിൻറെടെക്കും കൈയുമ്മേം തന്നെണ്ട്ന്ന് ചൊക്ളിക്ക് തിരിഞ്ഞത്.

പിന്നെ അവന് അത് ഒരു രസായി.. ഒരു ശീലായി.. വെഷമോം ഏക്കോം വല്ലാണ്ട് വര്മ്പോ അങ്ങനെ ഒര് സൊഭാവം…

( തുടരും )

No comments: