Thursday, May 7, 2020

ചൊക്ളി 12






പന്ത്രണ്ട്.

ഈ തെരഞ്ഞെടുപ്പ് ഒരു വല്യസംഭവാണെന്ന് അക്കൊല്ലത്തെ കോലാഹലത്തിലാണ് ചൊക്ളിക്ക് ബോധം വെച്ചത്. ജീപ്പും അമ്പാസടറ്ന്ന് പേര്ള്ള കാറും ഇങ്ങനെ മറിയപ്പാറ അങ്ങാടി കടന്ന് അങ്ങട്ട് പോവ്വാ..ഇങ്ങട്ട് പോവ്വാ.. വെള്ളക്കതറ് ഇട്ട മനിഷ്യമ്മാര് വരാ.. നെറള്ള തുണീൻറെ കുപ്പായട്ടോരും വേറെ കൂട്ടായിത്തന്നെ വരലുണ്ട്. ചായേം കാപ്പീം സമ്പാരോം മോന്താ.. ചെലര് നെരന്നിരുന്ന് ചോറു തിന്നാ..

ദേവു അമ്മക്ക് പിടിപ്പത് പണി.. തെരക്ക് കൂടിപ്പോ പ്രവാഗരന്നായര് കടേല് വന്ന് കാശ് മേടിക്കാനിരുന്നൊടങ്ങി. ചൊക്ളി കാലും വലിച്ചേന്തി ഓടിനടന്ന് പണീടുത്തു. പോരാത്തേന് ദേവുഅമ്മ പഴനീന്ന് പേര്ള്ള ഒരു ചെട്ടിച്ചെക്കനേം കൂടി കൂലിക്ക് നിറ്ത്തി. പഴനീരെ തള്ളച്ചെട്ടിച്ചി കടേലിക്ക് വേണ്ട വെള്ളം കൊടത്തില് ചോന്ന് കൊണ്ടരും..

ചെട്ടിത്തള്ളേം മോനും നല്ലോണം തിന്നും. ചോറും കൂട്ടാൻ വെള്ളോം കുന്നോളം വെളമ്പീറ്റാണ് തിന്നല്. തള്ളേം പഴനീം എന്നട്ടും കൂലി എണ്ണി മേടിക്കണ കാണുമ്പോ ചൊക്ളിക്ക് ദണ്ഡം തോന്നിയൊടങ്ങി. അവനിങ്ങനെ എന്നും കുന്നും ഒരു കഷണം കയറിനും ഒരു പൊട്ടിയ കോപ്പക്കും ഒക്കെ ചോയിച്ചോണ്ട് നിക്കണം. എന്തോരം ചോയിച്ചാലാ എന്തേലും തരാ.. പിന്നെ പറച്ചലും കേക്കണം. തന്നൂ കോപ്പ തന്നൂ തന്നൂ കയറു തന്നൂ…

അവന് ങ്ങനെ വല്ലാണ്ട് വരാരുന്നു.

ഇഞ്ഞിം കോങ്കരസ് വന്നാ നസ്കലേറ്റോളെം ജയിലിൽ ഇപ്പ കെടക്കണോറ്റങ്ങളേം ഒക്കെ കൊല്ലുന്നാണ് ചെലര് പറേണത്. അവര് ചോറുണ്ണുമ്പളാരുന്നു വർത്താനം. കറുത്ത് എണ്ണ വഴിഞ്ഞ പോലത്തെ മൊഖങ്ങളാ എല്ലാരുക്കുന്നാ ആ ബാലേന്ദ്രൻ പറയ്യാ.. ബാലേന്ദ്രന് ഇന്തുക്കളേ മാത്രേ ഇഷ്ടള്ളൂ. ഇന്തുക്കള് വരണം ഇബടേന്നാണ് ഏതു നേരോം പറച്ചില്. ദേവുഅമ്മക്ക് വെള്ളക്കതറ് ഇട്ടോരേലും കാര്യം എപ്പളും ഈ ഇരുന്ന് ഉണ്ണണോരേയാ.. പ്രവാഗരന്നായര് ശൂ ന്ന് ചൂള പാട് ല്യ. ആരാച്ചാലും കാശ് വേടിച്ച് പെട്ടീലിടല് മാത്രേള്ളൂ..

ദേവുഅമ്മ തൊള്ള തൊറന്നത് ഒരു ആട്ട് ആട്ടീട്ടാണ്..

ഇഞ്ഞീം കോങ്കരസ് വന്നാ മ്മടെ രാമൻ മാഷ്ടെ പോല്യാവും വാരര് മാഷടവടത്തെ രവീടെ കാര്യോം.. ഒന്നും അറീല്ല.. ഇണ്ടോ ചത്തോ എന്നൊന്നും അറീല്ല.. കോങ്കരസിനെ വിളിക്കോ ആലൂര്ക്കാര്.. അത് ര പുത്തിണ്ടാവില്യേ ഇബറ്റോള്ക്ക്...

താടീള്ള ഒരു മെലിഞ്ഞ മൻഷ്യൻ ചിരിച്ചു..

ആലൂര്ക്കാര് ആരേ വിളിച്ചാലും കാര്യല്ല ദേവുഅമ്മേ… ഒരാള് ലോകസബേ പോയിറ്റ് എന്താക്കാനാ.. അല്ലെങ്കി ഒരാള് നെയമസബേ പോയിറ്റ് എന്താക്കാനാ..

ഇന്നാലും പണീടുത്തു ജീവിക്കണോര്ക്ക് അരിവാളന്യാ നല്ലത്.. കൂലീരേ കാര്യങ്കിലും..

ചൊക്ളി അന്നേരാണ് പറഞ്ഞത്..

പഴനീടന്തി കാശ് തരണം നിക്കും..

ദേവുഅമ്മ വെറച്ചു പോയി. ചൊക്ളീടെ വായീന്ന് കാശ് വേണന്ന് ള്ള ആവിശ്ശം കേട്ടപ്പോ …

എന്താ ഡാ ചൊക്ളീ..

ദേവുഅമ്മക്ക് അവനെ തല്ലണന്നാണ് തോന്നീത് ആദിക്ക്. പിന്നെ തല്ലീല്ല..

മെലിഞ്ഞ താടിക്കാരൻ പറയേ അപ്പോ..

അ..അ. അപ്പോ ചെക്കൻ വെറ്തേ പണീട്ക്കാര്ന്നു ല്ലേ.. അത് പാടില്ല.. ദേവുഅമ്മേ.. അവന് വല്ലതും കൊടക്കണം..

ദേവുഅമ്മ നിന്നോട്ത്ത് ന്ന് അലറി..

അഞ്ചാറുകൊല്ലായിട്ട് ഞാൻ തീറ്റിപ്പോറ്റ്യ തടിയാ ഈ പണ്ടാറച്ചണ്ണേടേ. എന്തോരാ വെട്ടിമുണുങ്ങണ്.. പാവല്ലേച്ച്ട്ട്.. പൊതപ്പും ഇടാൻ തുണീം കോപ്പേം പിഞ്ഞാണോം കുപ്പിവെളക്കും .. ചോയ്ക്കണതൊക്കെ ഞാൻ കൊടത്ത്ണ്ട്.. എന്നട്ട് ശരിക്കിനങ്ങട്ട് പണിയൂല്യാ.. അദല്ലേ. ..ആ ചെട്ടിച്ചെക്കനെ കെട്ടീട്ത്തത്.. ന്നട്ട് ഇപ്പോ കാശ് കിട്ടാണ്ടാ, കഴുവേർട മോന്..

ചൊക്ളീടെ കണ്ണില് നല്ല ചോന്നമൊളക് അരച്ചേൻറെ നീറ്റം വന്നു. അവൻ ആ നീറ്റത്തില് അപ്പൊത്തന്നെ പറഞ്ഞു പോയി..

ഞാമ്പോണു.. ഞായിനിവ്ടെ പണീണ്ല്യാ..

താടിക്കാരൻ എടത്തേ കൈയ്യോണ്ട് പനമ്പ് തട്ടീല് ഒന്നുരണ്ടടിച്ച്..ഒച്ചേടുത്തു..

'എന്താണ്ടാ ചൊക്ളീയേ നീയിങ്ങനെ തൊടങ്ങണ്.. നിൻറെ തണ്ടും തടീം ദേവുഅമ്മേടെ തീറ്റല്ലേടാ.. അവര് നിന്നെ മോനേപ്പോലേ നോക്ക്ല്ലേ..അതാ കാശ് ചോയിച്ചപ്പോ എരിഞ്ഞേ. നീയെങ്ക്ടും പോണ്ട.. ഇബടെ പണിയെത് അങ്ങട്ടാ കഴിയന്നേ..'

ചൊക്ളീടെ കണ്ണില് നീറ്റം മാറി വെള്ളം പൊട്ടി. മോനെപ്പോലെ.. നോക്കല്.. അതൊക്കെ വെറ്തേ പറയല് ന്നെ. ആര്ക്കും ഈ ചൊക്ളി മോനല്ല.. കാശില്ലാണ്ട് പണീട്ക്കാൻ ഒരാള്ണ്ടാവണത് എല്ലാര്ക്കും ഇഷ്ടാണ്. ന്നട്ട് വല്ലപ്പളും ലേശന്തേലും കൊടക്കും. പിന്നെ പറയ്യായി.. ഞാൻ കൊടത്തു..ഞാൻ കൊടത്തു..

'ദേവുഅമ്മേ, ചൊക്ളീടെ കൈയില് മാസാമാസം വല്ലതും കാശായിറ്റ് വെച്ച് കൊടക്ന്നേയ്. രണ്ടോ നാലോ ഉറുപ്പിയ.. അവന് ഒരു സമാതാനാ വരട്ടേ'.. താടിക്കാരൻ ഊണു നിർത്തി എണീക്കുമ്പോ ചൊക്ളിയെ നോക്കി ഒന്ന് ചിരിച്ചു..

ദേവുഅമ്മ മറുപടി പറഞ്ഞില്ല..

പ്രവാഗരന്നായര് താടിക്കാരൻറേന്ന് പക് തി കാശേ ഊണിനു ഇടുത്തുള്ളൂന്ന് ചൊക്ളിക്ക് മൻസിലായി.. മെലിഞ്ഞ താടിക്കാരൻ ഇത്തിരി ചൊങ്കനാന്നും മൻസിലായി. അതാണ് താടിക്കാരൻ റോട്ടിലിക്ക് വിളിച്ചപ്പോ ചൊക്ളി എറങ്ങിച്ചെന്നതും..

ഇനി അയാള് തെറി പറേണത് കേക്കണ്ട.

No comments: