Tuesday, May 5, 2020

കൈവിഷം






ഇതൊരു ഭീകരവിഷമാണ്.

ഇതു സാധാരണയായി പെണ്ണുങ്ങളാണ് ആണുങ്ങൾക്ക് കൊടുക്കുക. കാരണം ആണുങ്ങളെ വളച്ചെടുക്കുന്നവരാണ് പെണ്ണുങ്ങളെന്ന് തരംകിട്ടിയാൽ പെണ്ണുങ്ങളും ഉറക്കെ ഉറക്കെ പറയാറുണ്ടല്ലോ. അതീവധനികയായ പെൺകുട്ടിയെ പ്രേമിച്ച് കല്യാണം കഴിക്കുന്ന ദരിദ്രച്ചെറുക്കനിലും അപൂർവമായി ഈ കുറ്റം ആരോപിക്കപ്പെടാറുണ്ട്. ചെറുക്കന്മാർ, പിന്നെ ദരിദ്രരാണെങ്കിലും ജീവിതത്തിൽ പെണ്ണിൻറെ വീട്ടുകാരേക്കാളും ധനവും കഴിവുകളുമാർജ്ജിച്ച് വളരാൻ സാധ്യത ഉള്ളവരാണെന്നാണല്ലോ നമ്മുടെ പൊതുമതം. സ്ത്രീകളെപ്പോലെ ഒള്ളൊള്ള കാലം മുഴുവനും മറ്റൊരാളുടെ ആശ്രയത്തിലാവില്ല പുരുഷൻമാർ എന്നല്ലേ വെപ്പ്..

അതു പോട്ടേ..

കൈവിഷം എൻറേം കണ്ണൻറേം ജീവിതത്തിൽ മ്ളാനതയുടെ കരിനിഴൽ പരത്തിയ കഥയാണ് പറയുന്നത്...

കണ്ണൻറെ അമ്മ അതീവ ദു:ഖിതയായിരുന്നു.. കണ്ണൻ എന്നെ കൂട്ടുകാരിയാക്കുന്ന പ്രവൃത്തി ചെയ്തതിൽ... അവരെ കുറ്റം പറയാൻ പറ്റുമോ? ഒരിക്കലും ഇല്ല.

മോഹിച്ചു വളർത്തിക്കൊണ്ടു വന്ന കണ്മണിയായ മൂത്ത മകൻ.. ആർക്കിടെക്ട്. കേന്ദ്ര ഗവൺമെന്റ് ഉദ്യോഗം..

റബർ തോട്ടമുള്ള വീട്ടുകാർ, കാറുകളും ലോറികളും ഉള്ള വീട്ടുകാർ, ഡോക്ടർ മകളുള്ള വീട്ടുകാർ, ഭക്തിയും വിശ്വാസവുമുള്ള വീട്ടുകാർ, നല്ല പൊന്നുംകൊടത്ത് കിരീയം നായന്മാർ... അങ്ങനെ ഒന്നിനൊന്ന് മെച്ചപ്പെട്ട കല്യാണാലോചനകൾ വീട്ടിലേക്ക് ഇങ്ങനെ ഓടിക്കയറിവരുന്ന സ്ഥിതി...

അന്നേരമാണ് ഈ അശനിപാതം.

കണ്ണൻറെ അമ്മയും അച്ഛനും സഹോദരിയും സഹോദരനും മാത്രം അല്ല, അറിഞ്ഞവരൊക്കെ കേട്ടവരൊക്കെ അതീവദു:ഖിതരായി. അത്ര കാര്യമായി വളർത്തിയെടുത്ത മകനാണ്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ചേരും വരെ തികഞ്ഞ ഭക്തനായിരുന്നവൻ, കുളിച്ചു ക്ഷേത്രദർശനം ചെയ്യാതെ ജലപാനം ചെയ്യാത്തവൻ, പരീക്ഷ കളിൽ നൂറു മാർക്ക് വാങ്ങുന്നവൻ, പച്ചവെള്ളം ചവച്ചു കുടിക്കുന്നവൻ... നല്ലവൻ, പാവം.. ചക്കര..

എന്നിട്ട്... എന്നിട്ട്.. ആ മകൻ ... ആ തങ്കക്കുടം..

ആ സങ്കടം ആരോടു പറയും?

അമ്മയെ എല്ലാവരും ഉപദേശിക്കും.. 'ഈ അമ്പലത്തിൽ പോകൂ, ഇന്ന ജ്യോതിഷിയെ കാണൂ..ഇന്ന നാമം ചൊല്ലൂ... മകൻ ആ രക്തയക്ഷിയുടെ കൈയിൽ നിന്ന് രക്ഷപ്പെടട്ടെ.. '

അമ്മയ്ക്ക് താൻ പ്രസവിച്ചു മുലയൂട്ടി വളർത്തി വലുതാക്കിയ മകനേക്കാൾ വിലപിടിപ്പുള്ള എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ...

ഇല്ല.

അമ്മ ആ മകൻറെ രക്ഷക്കായി എന്തു വേണമെങ്കിലും ചെയ്യില്ലേ?

ഉവ്വ്.

അങ്ങനാണ് ഒരു ദിവസം അമ്മ ഈ ജ്യോതിഷിയെ കണ്ടത്. അദ്ദേഹത്തിന് എൻറെ വീടറിയാമായിരുന്നു. അച്ഛനും അമ്മയും അമ്മീമ്മയും ചിരപരിചിതർ ആയിരുന്നു. തൃക്കൂർ മഠത്തിൻറെ സകല കാര്യങ്ങളും മേപ്പട്ടും കീപ്പട്ടും മന:പാഠമായിരുന്നു.

തൃശൂർ ജില്ലയിലെ ഒരു മഹാദേവീക്ഷേത്രത്തിലായിരുന്നു ആ കൂടിക്കാഴ്ച.

കരഞ്ഞു തളർന്ന കണ്ണൻറെ അമ്മയെ അദ്ദേഹം കരുണയോടെ ആശ്വസിപ്പിച്ചു. രണ്ട് ബ്രാഹ്മണസ്ത്രീകൾ മന്ത്രം ചൊല്ലി ഉണ്ടാക്കിയ കൈവിഷം കുടിച്ചിരിക്കുകയാണ് അമ്മയുടെ മകനെന്ന് പറഞ്ഞു ബോധ്യമാക്കി. അതാണ് തനിക്കൊരിക്കലും ചേരാത്ത രക്തയക്ഷിയിൽ ഭ്രമിച്ച് മന്ദബുദ്ധിയെപ്പോലെ പെരുമാറുന്നത്. ആ വിഷം ച്ഛർദ്ദിച്ചു പോയാൽ മകന് സ്വന്തം ബുദ്ധി തെളിയും.

'അതിന് എന്താണ് ചെയ്യേണ്ടത് ' എന്ന് അമ്മ വിറയാർന്ന കണ്ണീരു നനഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

മഹാനായ ആ പണ്ഡിതൻ അപാരമായ ധ്യാനത്തിൻറെ പിൻബലത്തിൽ മറുപടി നല്കി.

'നാരങ്ങാവെള്ളം കൊടുക്കണം. അത് അമ്മ തന്നെ ഉണ്ടാക്കി കൊടുക്കണം. അതു കുടിച്ചാൽ മകൻ ച്ഛർദ്ദിക്കും. അങ്ങനെ രക്ഷിക്കാൻ കഴിയും. അല്ലെങ്കിലും ഭയപ്പെടേണ്ട, ആറുമാസം കഴിയുമ്പോൾ രക്തയക്ഷി വിട്ടു പോകും. അന്നേരം നാരങ്ങാവെള്ളം കൊടുക്കുക. തിരുവിഴ ക്ഷേത്രത്തിൽ കൊണ്ടുപോയി തൊഴീക്കുക.'

അമ്മ കരഞ്ഞതിനും സങ്കടപ്പെട്ടതിനും കണക്കില്ല.. ക്ഷേത്രത്തിൽ കൊണ്ടു പോയി തൊഴീക്കലൊന്നും നടക്കുമെന്ന് അമ്മക്ക് തോന്നിയില്ല. അക്കാലത്ത് തന്നെ ഒരു പൂർണ എതീസ്റ്റായി മാറിക്കഴിഞ്ഞിരുന്നു കണ്ണൻ. അത് അമ്മക്ക് അറിയാമായിരുന്നു.

പക്ഷേ, നാരങ്ങാവെള്ളം.. അതിൽ പാവം, അമ്മക്ക് ഒരുപാട് പ്രതീക്ഷ യുണ്ടായിരുന്നു.

തികച്ചും അപ്രതീക്ഷിതമായി ദില്ലിയിലെ വർക്ക്സൈറ്റിലേക്ക് കുറച്ച് മേസന്മാരുടെ ആവശ്യം നേരിടുകയും അങ്ങനെ കുറച്ചു പേരെ കൂട്ടിക്കൊണ്ടു പോവാനായി കണ്ണൻ ചടുപിടേന്ന് നാട്ടിലെത്തുകയും ചെയ്തു.

നട്ടുച്ചയ്ക്ക് വീട്ടിൽ വന്നുകയറിയ മകന് അമ്മ ആദ്യം കുറെ ഉമ്മ കൊടുത്തു. പിന്നെ ധാരാളം പഞ്ചസാര ചേർത്ത് നാരങ്ങാവെള്ളം കൊടുത്തു.

കഷ്ടം എന്നല്ലാതെ എന്തു പറയാൻ.. മകൻ ഗ്ളാസ് നീക്കി വെച്ചിട്ടു പറഞ്ഞു. 'ഞാൻ ഇതു കുടിക്കില്ല.. എനിക്ക് വെറും പച്ചവെള്ളം മതി.'

അമ്മ ഞെട്ടിപ്പോയി..

രണ്ടു ബ്രാഹ്മണസ്ത്രീകൾ മന്ത്രം ചൊല്ലി ഉണ്ടാക്കിയ കൈവിഷത്തിൻറെ ഒരു പവറേ... രക്തയക്ഷിയുടെ ഉടുമ്പ് പിടുത്തത്തിൻറെ ഒരു ശക്തിയേ..

ഇനി എന്താണ് അമ്മയുടെ മകൻ നാരങ്ങാവെള്ളം വേണ്ട എന്നു വെച്ചതെന്നല്ലേ...

ദില്ലിയിലെ ആർ കെ പുരത്ത് വെച്ച് കണ്ണൻ ഒരു ഹിന്ദിക്കാരൻ നായയോട് 'ഹലോ' എന്നു പറഞ്ഞിരുന്നു ആയിടക്ക് ഒരു ദിവസം. ഇംഗ്ലീഷിലുള്ള ഈ അഭിസംബോധന ആ നായക്ക് തീരേ രുചിച്ചില്ല. 'അംഗ്രേസ് കാ ബച്ചേ' എന്ന് ഉച്ചത്തിൽ കുരച്ചുകൊണ്ട് നായ കണ്ണൻറെ കാലിൽ അമർത്തിക്കടിച്ചു. 'ഹിന്ദി പഠിച്ചോളാമേ, ഇനി ഇംഗ്ലീഷ് പറയത്തില്ലേ' എന്ന് കൈയും കാലും പിടിച്ച് കരഞ്ഞപ്പോഴാണ് നായ കണ്ണനെ സ്വതന്ത്രനാക്കിയത്. അങ്ങനെ ആൻറി റേബീസ് ഇൻജെക് ഷൻ എടുക്കുന്ന ആ കാലത്താണ് കണ്ണൻ പൊടുന്നനെ നാട്ടിലേക്ക് വന്നത്.

എൻജിനീയറിങ് കോളേജിലെ ഒരു സഹപാഠി ഇങ്ങനെ റേബീസ് കുത്തിവെപ്പ് എടുക്കുന്ന കാലത്ത് നാരങ്ങാവെള്ളം കുടിക്കുകയും മൂന്നാലു മണിക്കൂറിൽ തന്നെ മരണപ്പെടുകയും ചെയ്ത ഒരു അനുഭവം കണ്ണൻ എന്നോടു പങ്കു വെച്ചിരുന്നു.

ആ ഓർമ്മയിൽ കണ്ണനെ സിട്രസ് ഫ്രൂട്ട്സ് കഴിക്കുന്നതിൽ നിന്ന് ഞാൻ കർശനമായി വിലക്കി. അതുകൊണ്ടാണ് പാവം, അമ്മ നല്കിയ നാരങ്ങാവെള്ളം കുടിക്കാതിരുന്നത്.

ഞങ്ങളുടെ വിവാഹസമയത്ത് എൻറെ അമ്മയോടും അമ്മീമ്മയോടും കണ്ണൻറെ അമ്മയോ സഹോദരിയോ ഒറ്റയക്ഷരം പോലും സംസാരിച്ചില്ല. എന്തായിരുന്നു കാരണം?.. ഈ ഭയങ്കരമായ കൈവിഷം മന്ത്രം ചൊല്ലി ഉണ്ടാക്കി, രക്തയക്ഷിക്ക് ബലമേകിയ ബ്രാഹ്മണസ്ത്രീകളല്ലേ അവർ... എങ്ങനെ സംസാരിക്കും അവരോട്..

കൈവിഷം നല്കിയതു തന്നെയല്ല, ഈ കല്യാണം നടത്തിയാലും രക്തയക്ഷി ആറുമാസത്തിനുള്ളിൽ മകനെ വിട്ടു പോവുകയും ചെയ്യും...

അമ്മക്കും സഹോദരിക്കും മ്ളാനതയല്ലാതെ പുഞ്ചിരി വരുമോ.. വരാൻ വല്ല വിദൂര സാധ്യതയുമുണ്ടോ...

വിവാഹം കഴിഞ്ഞ് അഞ്ചാറു വർഷമായപ്പോൾ കണ്ണൻറെ അനിയൻ ദില്ലീൽ വന്ന് ഞങ്ങൾക്കൊപ്പം ആറുമാസം പാർത്തു. അന്നേരം ഇടയ്ക്കിടെ അനിയൻ ഓർമ്മിപ്പിക്കും.. 'ആറുമാസത്തിൽ ചേട്ടനെ വിട്ടേച്ചു പോവുമെന്ന് കേട്ടു.. ഇതിപ്പോ ആറു വർഷമായിട്ടും ....'

( ഈ കഥ എനിക്ക് പറഞ്ഞു തന്നത് കണ്ണൻറെ അമ്മ തന്നെയാണ് )

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അത് ശരി അപ്പോൾ കൈവിഷം 
കൊടുത്താണ് കണ്ണനെ കുടിക്കയത് ..അല്ലേ ..ഹഹ ഹാ