Sunday, June 14, 2020

ചൊക്ളി 20

                     

 
                                        


പപ്പിനീരേ സൊഭാവം ശെരിയല്ലാന്ന് എല്ലാരും പറഞ്ഞേര്ന്നു. ചെല പെണ്ണങ്ങള് ചൊക്ളീനോടും പറയ്യാണ്ടിര്ന്നില്ല. അവളടെ തള്ളേം ശരിയല്ലാന്ന് പെണ്ണങ്ങളാണ് അദികോം പറഞ്ഞത്.

ചൊക്ളി അതൊക്കെ കേക്കുമ്പോ ആലോയ്ക്കും.. എന്ത്ന്നാണ് ഈ പെണ്ണങ്ങള് പൊറുപൊറാ പറഞ്ഞ് കൂട്ടണത്..

പപ്പിനി രണ്ട് കല്യാണം കഴിച്ചതാന്ന്, ഒരാള് ചത്ത് പോയി.. പിന്നൊര്ത്തനെ അവള് വേണ്ടാന്നങ്ങ്ട് വെച്ചു. ഒരു ചൂല്ട്ത്ത് മറി യപ്പാറ അങ്ങാടി വരെ ആ കൊശോനെ ഓടിച്ചൂന്ന്.

മാനള്ള കൊശോനാര്ന്ന്. സാദാരണ ആണങ്ങള്ടന്തി.. 'നീയാരാണ്ടീ എന്നെ ഓടിക്കാൻ.. പെണ്ണെങ്ങ്നേണ്ടി ആണൊര്ത്തനെ വേണ്ടാന്ന് പറയ്യാ..ആണല്ല് ടീ നിൻറെ സാനം വേണ്ടാന്നും വേണന്നും പറയ്യാ' ന്നൊന്നും ഒച്ചീട്ത്ത് നാണല്യാണ്ട് പിന്നാലേക്ക് വന്നില്യാന്ന്. പോയോണാ പോയി ആ കൊശോൻ.

പിന്നവള് സൊന്തം തള്ളേൻറൊപ്പം ചാരായം വാറ്റി, ചെലപ്പോ മണ്ണുംപാത്രങ്ങള് അടക്കി വട്ടക്കൊട്ടേലേറ്റി തലേലും വെച്ച് വെയ്ലായ വെയ്ലും കൊണ്ട് നടന്നു. ആ നേരത്താണ് അവള് ചീത്ത്യാവണത് ന്നാ പറേണ കേട്ടത്. വയസ്സായ തള്ളേണ് കുടുമ്മത്തെ പണീട്ക്കാൻ. പപ്പിനി ആണങ്ങള് ഇട്ക്കണ സകല പണീം ഇട്ക്കും. വെട്ടും കെളേം കുഴീം അവള്ക്ക് പറ്റാത്തദ് ഒന്നുല്യാ.. പോല്ലീസാര് വരും.. വാറ്റ് ണത് ങ്ങട്ട് എട്ക്കടീന്ന് ഒച്ചീം വിളീം ട്ക്കും. അവള് എന്താ കാട്ടണേന്ന് അറീല്യാ.. ഒരീസോം പോല്ലീസ് പപ്പിന്യേ ജീപ്പിക്കേറ്റി കൊണ്ടോയിട്ട് ല്ല. എന്തോരം തപ്പ്യാലും പൊല്ലീസാര് ക്ക് പപ്പിനീരേ വാറ്റ്സാനങ്ങളും ചാരായോം കിട്ട്ല്ല്യ. അയിൻറെ സൂത്രൊക്കെ പപ്പിനിക്കറീം. പോല്ലീസാര് വരണേൻറെ തലേസന്നെ അത് അവളറീന്നാണ് പെണ്ണങ്ങള് പറേണത്. പപ്പിനീരോടെ വന്ന് കണ്ണും പൂട്ടീ വാറ്റ് മോന്തണോരന്ന്യാ ഇദും പറേണത്.

പപ്പിനി റോട്ടിൻറെ എതയ്ക്കേ ഓരോരോ മാങ്ങേരണ്ടീം ഓരോരോ യാതി ചക്കക്കുര്വോളും കുത്തീട്ണത് ചൊക്ളി മുപ്പാടന്നെ കണ്ടേര്ന്നു. അയിന് എന്ത് പിണ്ണാക്കാ പപ്പിനിക്ക് കിട്ടാന്ന് കൊറെ ആലോയിച്ചോക്കി. അപ്പളാണ് മൻസ്സിലായ്ത്. തലേല് ചൊമടും ചോന്ന് വെയ് ലത്ത് നടക്കണോര്ക്കാണ് മരോം തണ്ലും ഒക്കേം വേണ്ടേ.. കാറില് പോണ വിശ്ശൊനാദസ്സാമിക്കോ താമരച്ചേട്ത്താര്ക്കോ അദ് വേണ്ട.. ചേട്ത്താര്ക്ക് കറണ്ട് വെളിച്ചാണ് വേണ്ടത്. അതെപ്പളും വേണം. അദ് പോയാ ചേട്ത്താര് ഒച്ചേം വിളീം ഇട്ക്കും. കോടംകരേലെ കറണ്ടാപ്പീസീല്ക്ക് ഓടടാന്ന് ആര്യേങ്കിലും ഓടിപ്പിക്കും.. ലൈമ്മാനേ കറണ്ട് വരണ വരെ പുളിച്ച തെറി പറേം.

പണ്ള്ളോര്ക്ക് ആവിശ്ശള്ള സാനങ്ങളേണ് ലോകത്ത്ണ്ടാവാന്നാണ് പപ്പിനീരേം രവ്യേട്ടന്റേം പറയല്..

പപ്പിനീരേ തള്ളക്ക് കണ്ണ് സൂക്ഷം ഇല്യ. അവര് രാത് രീല് തപ്പ്യോണ്ടാണ് നട്ക്കാ.. ആ നേരത്ത് പപ്പിനി ചായ്പ്പില് വന്ന് പഞ്ചായത്ത് പറേം. കതേം പാറ് ട്ടിക്കാരും പോല്ലീസാരും സൊത്തും ഇഞ്ഞി പറ് യാനൊന്നൂല്ല..

രവ്യേട്ടന് ഇഷ്ടാ അദ്.. ആ ഇരിക്കല്..ആ വർത്താനം

അവള്ക്കും ഇഷ്ടന്ന്യാ രവ്യേട്ടനെ.. ചൊക്ളി അദറിഞ്ഞതും അങ്ങനെ വർത്താനം പറഞ്ഞേര്ന്ന ഒരൂസാരുന്നു.

No comments: