Wednesday, June 17, 2020

ഡോളി ടീച്ചർ

                  
തൃക്കൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലാണ് ഞാനും റാണിയും ഒന്നാം ക്ളാസ്സ് മുതൽ നാലാം ക്ളാസ്സ് വരെ പഠിച്ചത്.

എൻറെ അമ്മ പഠിച്ചതും അവിടെത്തന്നെയാണ്. അമ്മ പഠിക്കുമ്പോൾ ആ സ്ക്കൂളിൻറെ പേര് പാലിയം സ്ക്കൂൾ എന്നായിരുന്നു. പാലിയത്തച്ചന്മാരായിരുന്നു അന്ന് സ്ക്കൂളിൻറെ ഉടമസ്ഥർ.

വിശാലമായ ഒരു പറമ്പിലായിരുന്നു ചതുരവടിവിൽ റ എന്നെഴുതിയ ആകൃതിയിൽ ഉള്ള ആ സ്ക്കൂൾ. വലിയ മുറ്റം, ധാരാളം മരങ്ങൾ, ഉപ്പുമാവുണ്ടാക്കുന്ന പാപ്പി അമ്മൂമ്മ...

ഒന്നാം ക്ളാസ്സിൽ എൻറെ ക്ളാസ്സ് ടീച്ചർ ഡോളി ടീച്ചറായിരുന്നു. ചിയ്യാരം മുതൽ ഗോസായിക്കുന്നു വരെയുള്ള ദേശത്ത് എവിടെയോ ഒരിടത്താണ് ടീച്ചർ പാർക്കുന്നതെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതിൻറെ കൃത്യമായ കാരണം എനിക്കറിഞ്ഞു കൂടാ. ആരെങ്കിലും അങ്ങനെ പറഞ്ഞിരിക്കാം.

ടീച്ചർ എപ്പോഴും മധുരമായി സംസാരിച്ചിരുന്നു. പഠിപ്പിക്കുക മാത്രമല്ല ഞങ്ങളുടെ ഒപ്പം ആഹ്ളാദത്തോടെ കളിക്കുന്ന ടീച്ചർ കൂടിയായിരുന്നു അവർ. കൂ കു കൂ കു തീവണ്ടി എന്ന പദ്യം ചൊല്ലി ത്തരുമ്പോൾ ടീച്ചറുടെ സാരിത്തുമ്പ് പിടിച്ചാണ് ഞങ്ങൾ ക്ളാസ്സിലൂടെ തീവണ്ടിയായി ഓടാറ്.

രാവിലെ ടീച്ചർ ബസ്സിറങ്ങി സ്ക്കൂളിലേക്ക് വരുന്നത് കാത്താണ് ഞങ്ങളിരിക്കുക. ഞാൻ, അനിത, രമേശ്‌, മഹാദേവൻ,സബിതാ മേനോൻ,ഡേവീസ്… ഞങ്ങൾ സ്കൂൾ മുറ്റത്ത് ഓടിക്കളിക്കുകയായിരിക്കും. എന്നാലും എപ്പോഴും ബസ്സു വരുന്നുണ്ടോന്ന് നോക്കും. ടീച്ചർ അവധിയെടുക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമേ അല്ലായിരുന്നു. ക്ളാസ്സിലെ കുട്ടികളെ പകുതി പകുതി എണ്ണി വേറെ വേറേ ഡിവിഷനുകളിലേക്ക് അയക്കുന്ന ഏർപ്പാട് ഒരു ദിവസത്തേക്കാണെങ്കിൽ പോലും ഞങ്ങൾക്ക് തീരെ രുചിച്ചിരുന്നില്ല.

പച്ചനിറത്തിൽ വെളുത്ത വരകളുള്ള ഒരു സാരിയാണ് ടീച്ചർ അധികദിവസവും ഉടുത്തിരുന്നത്. പൂക്കളും ഇലകളും നിറങ്ങളും ഒക്കെയുള്ള മറ്റു സാരികളും ഉണ്ടായിരുന്നു. എന്നാൽ ഈ പച്ചസാരി ധരിച്ച ഡോളി ടീച്ചർ എന്നതാണ് മനസ്സിലെ പച്ചകുത്തപ്പെട്ട ഓർമ്മ.

അന്ന് പഠനോപകരണങ്ങൾ ഒന്നും അങ്ങനെ ഉണ്ടായിരുന്നില്ല. എങ്കിലും പളുങ്ക് ഗോട്ടികളും മഞ്ചാടിക്കുരുക്കളും ടീച്ചർ കട്ടിക്കടലാസ്സിൽ വരച്ച് ചായമിട്ട് ആകർഷകമാക്കി കൊണ്ടുവരുന്ന പലതരം ചിത്രങ്ങളും ഉണ്ടായിരുന്നു.

ഹാജർ വിളിച്ച ശേഷം 'ഇന്നലെ നന്നായി ഉറങ്ങിയോ, കാലത്ത് എന്തു കഴിച്ചു' എന്നീ രണ്ടു ചോദ്യങ്ങൾ ടീച്ചർ ചോദിക്കുമായിരുന്നു. 'പല്ലു തേച്ചോ, കുളിച്ചോ' എന്നും ചോദിച്ചിരുന്നു. ഞങ്ങളെ എടുക്കാനും മടിയിലിരുത്താനും ടീച്ചർക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സ്കൂൾ മുറ്റത്ത് വിരിഞ്ഞു നിന്നിരുന്ന വെളുപ്പിൽ മഞ്ഞ കലർന്ന നിറമുള്ള അരളിപ്പൂവിനും ഡോളി ടീച്ചർക്കും ഒരേ സുഗന്ധമായിരുന്നുവെന്ന് ഞാനറിഞ്ഞത് ടീച്ചറുടെ മടിയിലിരുന്നപ്പോഴാണ്.

ഉച്ചയ്ക്ക് എല്ലാവരും ചോറ്റുപാത്രം തുറന്ന് കഴിക്കാൻ തുടങ്ങുന്നതു വരെ ടീച്ചർ ക്ളാസ്സിലുണ്ടാകും. അതിനു ശേഷമേ സ്റ്റാഫ് റൂമിലേക്ക് പോവാറുള്ളൂ. 'നന്നായി കഴിച്ചോ, ആഹാരം കളഞ്ഞില്ലല്ലോ 'എന്നും ഉച്ചക്ക് ക്ളാസ്സ് തുടങ്ങുമ്പോൾ ചോദിച്ചു ഉറപ്പ് വരുത്തുമായിരുന്നു.

എനിക്കുറപ്പിച്ച് പറയുവാൻ കഴിയും, ഒന്നാംക്ലാസിലെ ഏറ്റവും വലിയ സന്തോഷം ഡോളി ടീച്ചറായിരുന്നു.

ടീച്ചർ വിവാഹിതയായി, ഭർത്താവുമൊത്ത് ആദ്യമായി സ്കൂളിൽ വന്ന ദിവസം എന്നെ വാരിയെടുത്ത് മടിയിലിരുത്തി. ഭംഗിയുള്ള ഒരു നെക് ലസ് ടീച്ചർ കഴുത്തിലണിഞ്ഞിരുന്നു. അത് ഊരി എനിക്ക് ചാർത്തി തന്നു. ആ നെക്ലസിലുണ്ടായിരുന്ന വെളളക്കല്ലുകളുടെ പ്രകാശത്തിൽ എൻറെ മുഖം തിളങ്ങുന്നതു പോലെ എനിക്ക് തോന്നി. എൻറെ ആ ചന്തം നോക്കിയിട്ട് എന്നെ അതീവ വാല്സല്യത്തോടെ ടീച്ചർ കെട്ടിപ്പിടിച്ചു..

അത്രയും ആത്മാർഥത നിറഞ്ഞ ഒരു സ്നേഹപ്രകടനം ഒരു പക്ഷേ, മറ്റൊരു ടീച്ചറും എനിക്ക് നല്കീട്ടില്ല.

ആലുവയിലേക്ക് സ്ഥലം മാറിപ്പോയതിനു ശേഷം പിന്നീടൊരിക്കലും ഞാൻ ടീച്ചറെ കണ്ടില്ല. തൃക്കൂര് നിന്ന് തൃശൂരിലേക്ക് പോവുമ്പോഴൊക്കെ ചിയ്യാരം മുതൽ ഗോസായിക്കുന്നു വരെ, റോഡരികിൽ കാണപ്പെടുന്ന ഏതെങ്കിലും വീടിന്റെ മുറ്റത്ത് ആ അരളിപ്പൂമണത്തോടെ ഡോളി ടീച്ചർ പ്രത്യക്ഷപ്പെടുമെന്നാണ് ഇന്നും എൻറെ വിചാരം.

ഇന്നലെ സായിശ്വേത ടീച്ചർ ഒന്നാം ക്ളാസ്സിൽ പഠിപ്പിക്കുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സ്നേഹം തുളുമ്പും ഡോളി ടീച്ചർ ..