Sunday, July 12, 2009

പെണ്ണിന്റെ പൈങ്കിളി സങ്കല്പങ്ങൾ

സീരിയലുകൾ കാണലുണ്ടോ എന്ന് ഒരു മാതിരി എല്ലാവരും ചോദിക്കും, പുതിയതായി പരിചയപ്പെടുമ്പോൾ പ്രത്യേകിച്ചും. ആണൊരുത്തൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ നേരം കളയാൻ വേറെ എന്താണ് മാർഗം? പണ്ട് മനോരമ വായിക്കലുണ്ടോ എന്ന് ചോദിച്ചിരുന്ന മാതിരിയാണ് ഇപ്പോ ഈ സീരിയൽ കാണലുണ്ടോ എന്ന ചോദ്യം.

ഈ ചോദ്യത്തിൽ ഒരു വലിയ കുടുക്കുണ്ട്. പെണ്ണുങ്ങളോടാണ് ഉത്തരം പറയേണ്ടതെങ്കിൽ, അവർ കാണുന്ന സീരിയലിനെക്കുറിച്ച് നമ്മൾ കേൾക്കേണ്ടതായി വരും. ‘നേരം പോകാൻ സീരിയൽ കാണുന്നതാണ് നല്ലതെന്ന് ചേട്ടൻ പറയാറുണ്ട്. വല്ല അയല്പക്കത്തും പോയി അവിടത്തെ പെണ്ണുങ്ങളുമായി നൊണേം കൊതീം പരദൂഷണവും പറയുന്നതിലും എന്തുകൊണ്ടും മെച്ചം സീരിയൽ കാണുന്നതാ. പിന്നെ ഒക്കെ പൈങ്കിളി സീരിയലുകളാ, നമ്മൾ പെണ്ണുങ്ങൾക്ക് പൈങ്കിളി തന്നെയല്ലേ മനസ്സിലാവ്വാ നല്ലോണം. അതും ചേട്ടൻ പറയാറുണ്ട്‘ ഈ മുഖവുരയ്ക്ക് ശേഷമാണ് അവർ കാണുന്ന സീരിയലിനെക്കുറിച്ച് വിശദീകരിക്കുക.

നമ്മൾ കഴിഞ്ഞു കൂടുന്ന വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി അയല്പക്കത്ത് പോയി മറ്റ് പെണ്ണുങ്ങളോട് മിണ്ടുന്നത് എത്ര ‘മോശമായ‘ കാര്യമാണെന്ന് പെണ്ണുങ്ങൾക്ക് നല്ല നിശ്ചയമുണ്ട്. അതിലും ഉറപ്പുണ്ട് സ്വന്തം ഗ്രാഹ്യശക്തിയിലെ പൈങ്കിളിയുടെ സ്വാധീനത്തെക്കുറിച്ച്… അവർക്ക് ഈ ബോധ്യം ഉണ്ടാക്കി കൊടുക്കുന്നത് അയല്പക്കത്ത് പോയി നൊണേം കൊതീം പരദൂഷണവും പറയാത്ത, പൈങ്കിളിയെന്ന് കേട്ടാൽ ഓടിരക്ഷപ്പെടുന്ന ബുദ്ധിരാക്ഷസന്മാരായ അവരുടെ ആണുങ്ങളാണ്. അവരുടെ ആണുങ്ങൾ പറയുന്ന മാതിരി ചിന്തിച്ച് പോകുന്ന നല്ല പെണ്ണുങ്ങൾ, തങ്കക്കട്ടികൾ, സൌഭാഗ്യവതികൾ, അവരുടെ ആത്മാവ് നിമ്മതിയായി ഇരിക്കട്ടെ.

ഇനി ആണുങ്ങളോടാണുത്തരം പറയുന്നതെങ്കിലോ, പെണ്ണുങ്ങളുടെ ടി വി സീരിയൽ ഭ്രമം കാരണം നേരത്തിനു ചായേം ചോറും കിട്ടാതെ കണ്ണീരു കുടിക്കുന്ന കഥ കേൾക്കാം. വീട്ടിനുപുറത്ത് പോയി ബൌദ്ധികവും ശാരീരികവും ആത്മീയവുമായ വമ്പിച്ച വെല്ലുവിളികൾ നേരിടുന്ന ജോലികൾ ചെയ്ത് ക്ഷീണിച്ച് വരുന്ന ആണുങ്ങളെ വേണ്ടമാതിരി സ്വീകരിക്കാത്തതിന്റെ കദനം നിറയും കവിത കേൾക്കാം. പെൺ വർഗത്തിന്റെ കുറഞ്ഞ നിലവാരത്തിലുള്ള ബുദ്ധിശക്തിയെ വിലയിരുത്തുന്ന ശാസ്ത്രീയമായ അപഗ്രഥനം മനസ്സിലാക്കാം. പൈങ്കിളി സീരിയലുകൾ ഉണ്ടാകുന്നത് ഈ പെണ്ണുങ്ങൾ അത് കാണാൻ ഇരുന്നിട്ടാണ്. പെണ്ണുങ്ങൾ സമയം കളയുന്നത് ഇത്തരം പൈങ്കിളി സങ്കല്പങ്ങളിലാണ്. അവർക്ക് അത്രക്കുള്ള ആലോചനാശക്തിയേ ഉള്ളൂ. ആണുങ്ങളെപ്പോലെ ശാസ്ത്രീയമായി കാര്യങ്ങൾ അപഗ്രഥിക്കാനൊന്നും പെണ്ണുങ്ങൾക്ക് സാധിക്കില്ല. എന്നാലും അയല്പക്കത്ത് പോയി ഇരിക്കാത്തത് തന്നെ നല്ലത്.

സദാ സത്യം, നിർമമത, പരവന്ദനം എന്നീ പരിപൂർണവും ഉദാത്തവും ഉജ്ജ്വലവുമായ സൌഹാർദ്ദസങ്കല്പങ്ങളിൽ വിരാജിക്കുന്ന ആൺകൂട്ടുകൾ എവിടെ, നൊണേം കൊതീം പരദൂഷണവും മാത്രം പറയുന്ന പെൺകൂട്ടുകൾ എവിടെ?
ജനിച്ച് വീണപ്പോൾ മുതൽ ഭാസൻ, പാണിനി, പതഞ്ജലി, കമ്യൂ, സാർത്ര്, എഡ്വേർഡ് സെയ്ദ്, നോം ചോംസ്കി, സ്റ്റീഫൻ ഹോക്കിൻസ് …………. അങ്ങനെയുള്ളവരെ മാത്രം വായിച്ചും കേട്ടും കണ്ടും അറിഞ്ഞും മനസ്സിലാക്കിയ ആൺസെൻസിബിലിറ്റി എവിടെ, ജനിച്ച് വീണപ്പോൾ മുതൽ ശുദ്ധ പൈങ്കിളി വാരികകളും, ഗാനങ്ങളും,സീരിയലുകളും, സിനിമകളും മാത്രം വായിച്ചും കേട്ടും കണ്ടും അറിഞ്ഞും മനസ്സിലാക്കിയ പെൺ സെൻസിബിലിറ്റി എവിടെ?

മധുരമായി മണ്ടത്തരം മാത്രം പാടുന്ന പൈങ്കിളികളെ പെണ്ണുങ്ങൾക്ക് വേണ്ടി ഭരണഘടനാ പ്രകാരം സംവരണം ചെയ്തതാകുന്നു.

കുറിപ്പിലെ ഒരു താടി മീശ കഷ്ണം. ( വാൽ കഷ്ണത്തിനോട് കടപ്പാട് )

ഉഗ്രനായും ഉശിരനായും വർഷങ്ങളുടെ കണക്കിന് നിരന്തരനായും അങ്ങനെ അമരനായും വിജയിച്ച് വെന്നിക്കൊടി പാറിച്ച സകലമാന പൈങ്കിളി കഥകളും, കവിതകളും, സീരിയലുകളും, സിനിമകളും വെരി ഹൈ സെൻസിബിലിറ്റി ഉള്ള ആണുങ്ങൾ മാത്രം പേറ്റന്റ് വാങ്ങിച്ച് എഴുതി വെയിലത്തുണക്കി നിർമ്മിച്ചതാകുന്നു. പൈങ്കിളി പെണ്ണുങ്ങൾ ഏഴയലത്ത് കൂടെ പറന്നിട്ടില്ല.

6 comments:

സുല്‍ |Sul said...

എച്മുകുട്ടിയേ...
കലക്കനായിരിക്കുന്നു ഈ ലേഖനം. കയ്യാലപ്പൊറത്തെ തേങ്ങാപോലെയുള്ള എഴുത്തിലെ ഈ നില്പ് ഉണ്ടല്ലോ... ഗംഭീരം.
അവസാനത്തെ താടി മീശ കഷ്ണം അതും കൊള്ളാം...

said...

സത്യായിട്ടും ഇഷ്ടപ്പെട്ടു.....
മണ്ടത്തരം പറയുന്ന പെണ്ണു, പീലിതിരുമുടിയിലെ അലങ്കാരമാണ്.. വീട്ടിലെ ഫ്ലവര്‍ വേസാണ്... എത്ര സെന്‍സും സെന്‍സിബിലിറ്റിയുമുള്ള പെണ്ണാണെങ്കിലും മണ്ടീ എന്ന വിളി കേട്ടില്ലെങ്കിലോ.. ജീവിതം കരിപിടിചില്ലേ...!!?

Sulfikar Manalvayal said...

ഇത്തരം നല്ല കാര്യങ്ങള്‍ പറഞ്ഞു വെച്ചിട്ടുണ്ടാല്ലേ നേരത്തെ.
എന്നിട്ടുമെന്തേ ഇതൊന്നും ആരും കാണാതെ പോയത്?

അതൊക്കെ പോട്ടെ, പുതിയ സീരിയല്‍ വിശേഷം പറ? ഹി ഹി.

ajith said...

എച്മുവേ, ഇപ്പോ ഏത് സീരിയലൊക്കെയാ കാണാറുള്ളത്?

mirshad said...

അയല്പക്കത്ത് പോയി നൊണേം കൊതീം പരദൂഷണവും പറയാത്ത, പൈങ്കിളിയെന്ന് കേട്ടാൽ ഓടിരക്ഷപ്പെടുന്ന ബുദ്ധിരാക്ഷസന്മാരായ അവരുടെ ആണുങ്ങളാണ്.

ഉഗ്രനായും ഉശിരനായും വർഷങ്ങളുടെ കണക്കിന് നിരന്തരനായും അങ്ങനെ അമരനായും വിജയിച്ച് വെന്നിക്കൊടി പാറിച്ച സകലമാന പൈങ്കിളി കഥകളും, കവിതകളും, സീരിയലുകളും, സിനിമകളും വെരി ഹൈ സെൻസിബിലിറ്റി ഉള്ള ആണുങ്ങൾ മാത്രം പേറ്റന്റ് വാങ്ങിച്ച് എഴുതി വെയിലത്തുണക്കി നിർമ്മിച്ചതാകുന്നു. പൈങ്കിളി പെണ്ണുങ്ങൾ ഏഴയലത്ത് കൂടെ പറന്നിട്ടില്ല.

ഇഷ്ടപെട്ട രണ്ടു വരികള്‍ എടുതെഴുതിയിട്ടുണ്ട് ... അത് തന്നെ എന്റെ അഭിപ്രായവും

കുഞ്ഞുറുമ്പ് said...

സദാ സത്യം, നിർമമത, പരവന്ദനം എന്നീ പരിപൂർണവും ഉദാത്തവും ഉജ്ജ്വലവുമായ സൌഹാർദ്ദസങ്കല്പങ്ങളിൽ വിരാജിക്കുന്ന ആൺകൂട്ടുകൾ എവിടെ, നൊണേം കൊതീം പരദൂഷണവും മാത്രം പറയുന്ന പെൺകൂട്ടുകൾ എവിടെ?
ജനിച്ച് വീണപ്പോൾ മുതൽ ഭാസൻ, പാണിനി, പതഞ്ജലി, കമ്യൂ, സാർത്ര്, എഡ്വേർഡ് സെയ്ദ്, നോം ചോംസ്കി, സ്റ്റീഫൻ ഹോക്കിൻസ് …………. അങ്ങനെയുള്ളവരെ മാത്രം വായിച്ചും കേട്ടും കണ്ടും അറിഞ്ഞും മനസ്സിലാക്കിയ ആൺസെൻസിബിലിറ്റി എവിടെ, ജനിച്ച് വീണപ്പോൾ മുതൽ ശുദ്ധ പൈങ്കിളി വാരികകളും, ഗാനങ്ങളും,സീരിയലുകളും, സിനിമകളും മാത്രം വായിച്ചും കേട്ടും കണ്ടും അറിഞ്ഞും മനസ്സിലാക്കിയ പെൺ സെൻസിബിലിറ്റി എവിടെ?

ഞാൻ സീരിയൽ എന്നല്ല ടി വി തന്നെ കാണാറില്ല.. എന്നാലും ഇതെനിക്കങ്ങു ഇഷ്ടപ്പെട്ടു :D