Tuesday, July 12, 2011

ഡബിൾ ധമാക്ക




മങ്ങൂഴത്തിന്റെ മഞ്ഞ വെളിച്ചത്തിൽ തെരുവ് സ്വർണ നിറമാർന്നു. തുടുത്ത സന്ധ്യ ആകാശച്ചെരുവിൽ നിന്നിറങ്ങിക്കഴിഞ്ഞു. അധികം വൈകാതെ രാത്രിയുടെ കമ്പളവും നിവരും.
"ണ്ടി, നികൽ ജാ കമ്രേ സേ……….ബാഹർ നി"
വീട്ടുടമസ്ഥന്റെ കണ്ണുകൾ ആളിക്കത്തി. അയാൾ വലിച്ച് പുറത്തിട്ട എന്റെ വീട്ടുസ്സാധനങ്ങൾ നഗ്നമായി പൊതു വഴിയിൽ ചിതറിക്കിടന്നു. അലറുമ്പോഴും അയാളുടെ കണ്ണിലെ പുളയുന്ന കാമം കെട്ടിരുന്നില്ല. ഒന്നിച്ച് കിടക്കാമെന്ന് പറഞ്ഞാൽ അയാൾ ആ നിമിഷം മുറി തുറന്ന് തരുമെന്നെനിയ്ക്കറിയാമായിരുന്നു. അതുകൊണ്ട് ആ ഇളിഞ്ഞ ശൌര്യം എന്നിൽ അറപ്പ് മാത്രമേ ഉളവാക്കിയുള്ളൂ.
ആളുകൾ ചുറ്റും കൂടിയപ്പോൾ അയാൾ വർദ്ധിത വീര്യത്തോടെ കൂക്കി വിളിച്ചു. "ഇവൾ വേശ്യയാണെന്നേ, എന്റെ മുറിയിൽ ആ പരിപാടി ഞാൻ സമ്മതിയ്ക്കില്ല. ഞാൻ ദൈവത്തെ പേടിയ്ക്കുന്നവനാണ്. വാടകയല്ല എന്റെ ആവശ്യം, വേശ്യയ്ക്ക് സ്ഥലം കൊടുക്കാൻ പറ്റില്ല, ഒരെണ്ണമുണ്ടായാൽ മതി, തെരുവ് നാറാൻ……." ജനക്കൂട്ടം ആർത്തുചിരിച്ചപ്പോൾ അയാൾ എന്നെ നോക്കി കണ്ണിറുക്കുകയും സ്വന്തം അകം തുടയിൽ അമർത്തിത്തടവുകയും ചെയ്തു.
അയാളുടെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പാനുള്ള ധൈര്യം വരാത്തതിൽ എനിയ്ക്ക് സ്വയം പുച്ഛം തോന്നി. അതേ സമയം അയാൾ  പോലീസിനെ വിളിച്ചാൽ കൂടുതൽ കുഴപ്പങ്ങളുണ്ടാവുകയില്ലേ എന്ന വലിയ ഭയവും എന്നെ അലട്ടിക്കൊണ്ടിരുന്നു. വേശ്യയെന്ന ആരോപണവും അനാഥത്വവും ചെറുപ്പവും സന്ധ്യാ സമയവും അങ്ങേയറ്റം അപകടകരമായ കറിക്കൂട്ടുകളാണ്. പോലീസുകാർക്കിടയിലായാൽ പ്രത്യേകിച്ചും.
തോൽവിയും നിസ്സഹായതയും ഭയവും പുറത്തു കാണിയ്ക്കരുതെന്ന് കരുതി ഞാൻ കണ്ണീരിനെ ഉള്ളിലേയ്ക്ക് വലിച്ചു. ചിതറിക്കിടന്ന വസ്ത്രങ്ങളേയും പൊട്ടിപ്പോയ എണ്ണക്കുപ്പിയേയും അരിയും ഉപ്പും മുളകുപൊടിയും വെച്ച പ്ലാസ്റ്റിക് കൂടുകളേയും പെറുക്കിയെടുത്ത് തെരുവിന്റെ ഒരു വശത്തായി ഒതുക്കിയപ്പോൾ ജനം എന്നെ സാകൂതം നോക്കി നിന്നു. ഒരുപക്ഷേ, വേശ്യയെന്ന് വിളിയ്ക്കപ്പെട്ടവളെ വെളിവായി കാണുമ്പോഴുള്ള അൽഭുതമാവാം. കൊച്ചു കുട്ടികൾ അന്തം വിട്ട് അകലെ മാറി നിന്ന് പിറുപിറുത്തുകൊണ്ടിരുന്നു. അവരുടെ അമ്മമാർ ദുപ്പട്ട കൊണ്ട് തല മൂടി കുട്ടികളെ വലിച്ചിഴച്ച് സ്വന്തം കുടുസ്സു മുറികളിലേയ്ക്ക് അപ്രത്യക്ഷരായി.
എങ്കിലും മതിയാകാതെ വീട്ടുടമസ്ഥൻ എന്റെ മുൻപിൽ വന്നു നിന്ന് വെല്ല്ല്ലു വിളിച്ചു, “മേം ദേഖ്താ ഹും കോൻ സീ ണ്ടി തേരാ സാഥ് ദേഗി“…..
അപ്പോൾ തൊട്ടടുത്ത് നിന്ന് ഭദ്രകാളി അലറി, “തൂ ഹഠ് ജാ കുത്തെ, ….. ആവാസ് നികാലാ തോ ജീബ് കാട് ദൂംഗി.അത് രംഗോബതിയായിരുന്നു, ആ മുഖത്ത് ഒരു ജ്വാലാമുഖി ആളി എരിയുന്നതു പോലെ ഉഗ്രത തോന്നിച്ചു. രംഗോബതി എല്ലാവരുടെ വീട്ടിലും പോയി പാത്രം കഴുകുന്നവളാണ്, അടിച്ചു തളിയ്ക്കുന്നവളാണ്, തുണികൾ അലക്കുന്നവളാണ്, അവൾക്ക് എല്ലാവരേയും പരിചയമുണ്ട്…….
പിന്നെ ആരും ഒരക്ഷരം പോലും ശബ്ദിച്ചില്ല. തെരുവ് ഒരു നിമിഷം കൊണ്ട് നിശ്ശബ്ദവും വിജനവുമായി. രംഗോബതി എന്റെ സാധനങ്ങൾ പെറുക്കിയെടുത്ത് മുന്നോട്ട് നടന്നു. നടക്കുമ്പോൾ അവൾ രണ്ട് പ്രാവശ്യം കാർക്കിച്ചു തുപ്പി. ഉള്ളിലെ ചിതറലൊതുക്കിപ്പിടിച്ച് ഞാൻ പിന്തുടരുക മാത്രം ചെയ്തു.
തെരുവിന്റെ അറ്റത്ത് ഇറച്ചിക്കടയുടെ തൊട്ടരികിലായിരുന്നു അവളുടെ മുറി. മനം മടുപ്പിയ്ക്കുന്ന ദുർഗന്ധം എന്നെ തളർത്തി. അവളുടെ മുറിയിൽ കയറിയപ്പോഴേയ്ക്കും  ഒരു നിയന്ത്രണവുമില്ലാതെ ഞാൻ ഏങ്ങലടിച്ചു കരഞ്ഞു. രംഗോബതി ഒന്നും പറഞ്ഞില്ല, കരയരുതെന്നോ, പോട്ടെ സാരമില്ല എന്നോ…. അങ്ങനെയുള്ള മര്യാദ വാക്കുകൾ അറിഞ്ഞു കൂടാത്തവളെപ്പോലെ എന്നെ കരയാൻ വിട്ടിട്ട് അവൾ ആട്ട പരത്തി റൊട്ടിയുണ്ടാക്കുവാൻ തുടങ്ങി.
അല്പം കഴിഞ്ഞ് കണ്ണീരുണങ്ങിപ്പിടിച്ച എന്റെ മുഖം നോക്കി അലിവോടെ അവൾ പറഞ്ഞു, "ദീദി മുഖം കഴുകു, ആ ബക്കറ്റിൽ വെള്ളമുണ്ട്." ഞാൻ ഒരു യന്ത്രത്തെപ്പോലെ അവളെ അനുസരിച്ചു. അപ്പോഴേയ്ക്കും രണ്ട് തടിയൻ റൊട്ടിയും വിരലുകളിൽ വഴുവഴുപ്പായി നീങ്ങുന്ന എരിയൻ മുളകിന്റെ വാട്ടിയ കഷ്ണങ്ങളും സവാള ചീവിയതും അവൾ എന്റെ മുൻപിൽ വെച്ചു. വക്ക് ചപ്പിയ ലോട്ടയിൽ വെള്ളവും. ഭക്ഷണം എന്റെ തൊണ്ടയിൽ കുടുങ്ങി. ഒരുപാട് സങ്കടം വരുമ്പോൾ അങ്ങനെയാണ്. വലിയ ഒരു ഭാരം അവിടെ അമർന്നിരിയ്ക്കും, വെള്ളം കുടിച്ചാലും ഇറങ്ങിപ്പോവാതെ………
അവൾ തലയിൽ കൈ വെച്ച് വീട്ടുടമസ്ഥനെ പ്രാകി…….. ഒരു നിമിഷം നിറുത്തീട്ട് പറഞ്ഞു. ദീദി കരയരുത്, എല്ലാം ദീദിയുടെ പുരുഷന്റെ ഏർപ്പാടാണ്, കുഞ്ഞിനേം കൂട്ടി കാറിൽ രണ്ട് ദിവസം മുൻപിവിടെ വന്നിരുന്നു………സുരയും ഭാംഗും കഴിച്ച് കണ്ടവന്മാർക്കൊപ്പം രസിച്ച് ജീവിച്ചിട്ട്  ദീദി കുഞ്ഞിനെ വിട്ടു കിട്ടാനായി കേസു നടത്തുകയാണെന്ന് വിസ്തരിച്ചു പറഞ്ഞു. പോരാത്തതിന് ഈ വീട്ടുകാരൻ തെണ്ടിയുടെ ………….“ അവൾ വാക്കുകൾ മുഴുമിച്ചില്ല.
അപ്പോൾ………… അതാണ് പെട്ടെന്നുള്ള ഈ പ്രകോപനത്തിനു കാരണം. എത്ര നിർഭാഗ്യവതിയായ ഒരമ്മയാണ് ഞാൻ! ഇവിടെ വന്നിട്ടും ആ കുഞ്ഞു മുഖം എനിയ്ക്ക് കാണുവാനൊത്തില്ല……… ഒരു നിമിഷം ഭ്രാന്ത് വരികയാണെന്ന് ഞാൻ ഭയന്നു…….. ഉടു വസ്ത്രങ്ങൾ വലിച്ച് കീറണമെന്നും തലമുടി പിച്ചി വലിച്ചു ഉച്ചത്തിൽ അലറിക്കൊണ്ട് തെരുവിലേയ്ക്ക് ഓടണമെന്നും പൊട്ടിക്കരയണമെന്നും ആർത്തട്ടഹസിച്ചു ചിരിയ്ക്കണമെന്നും എനിയ്ക്ക് തോന്നി.
ഞാനറിയാതെ വായിൽ നിന്ന് ആ വാക്ക് പുറത്തേയ്ക്ക് വീണു…….”ണ്ടി
രംഗോബതി ആർത്തു ചിരിച്ചപ്പോൾ ഞാനൽഭുതപ്പെട്ടു പോയി. എന്തിനാണിവൾ ചിരിയ്ക്കുന്നത്? ചിരിച്ച് ചിരിച്ച് അവളുടെ തൊണ്ടയടഞ്ഞു, കണ്ണുകളിൽ നിന്ന് വെള്ളമൊലിച്ചു, കറുത്തിരുണ്ട കവിളുകൾ നനഞ്ഞു മിന്നി. വായിൽ നിന്ന് തുപ്പലിൽ കുതിർന്ന റൊട്ടിക്കഷണങ്ങൾ നാലുപാടും തെറിച്ചു.
രംഗോബതി…….രംഗോബതി……. “ ഞാൻ പരിഭ്രമത്തോടെ അവളെ തൊട്ടു വിളിച്ചപ്പോൾ അവൾ മെല്ലെ മെല്ലെ ശാന്തയായി. ഒരു ലോട്ട വെള്ളം മടമടാന്നു കുടിച്ചു തീർത്തിട്ട് രംഗോബതി  ചോദിച്ചു, “ദീദി കണ്ടിട്ടുണ്ടോ? ലർക്കും വേണ്ടി കാലകത്തുന്നവളെ..”
രക്ഷരം പറയാതെ ആരാണതെന്ന് ആലോചിയ്ക്കുകയായിരുന്നു ഞാൻ. എന്റെ മുറിയിലേയ്ക്ക് സ്വന്തം ബോസിനെ കയറ്റി വിട്ട അദ്ദേഹമതല്ല, മദ്യം മണക്കുന്ന തേരട്ടച്ചുണ്ടുകളും മൂർച്ചയേറിയ പല്ലുകളുമായി ഈ നേർത്ത ചുണ്ടുകളെ തീ വെച്ചു പൊള്ളിച്ച ബോസുമതല്ല, ഈ വേദനകൾ അറിയുന്നുവെന്ന് ഭാവിച്ച് എന്റെ കൊച്ചു മുലകളെ അമർത്തിക്കൊണ്ട് അല്പ നേരം നമുക്ക് സ്നേഹിയ്ക്കാമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തും അതല്ല.
അവളെ ദീദിയ്ക്കറിയാമോ?“
രംഗോബതി ദീർഘമായി നിശ്വസിച്ചു. ഞാൻ അവളുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കുകയായിരുന്നു. പൊടുന്നനെ അവൾ അലറി, “ദാ ………. ദാ  ഒരു ണ്ടി, ദീദി. ഭയപ്പെടേണ്ട, ഇപ്പോഴല്ല, മുൻപ് ……… നേരത്തെ……. ഞങ്ങളുടെ നാട്ടിൽ.
അവളുടെ കടുപ്പമുള്ള ജീവിതം എന്റെ മുന്നിൽ ഒരു വേതാളത്തെപ്പോലെ പല്ലിളിച്ചു.
പെറുക്കികൾ, ബീഡിയിലയും കിഴങ്ങും പെറുക്കി വിറ്റ് കഴിയുന്ന പെറുക്കികളാണ് ഞങ്ങളിൽ അധികം പേരും, ദീദി. കങ്കാണിമാരുടെ കാവലാൾ വരും, കാട്  അവരുടെ, വെള്ളം അവരുടെ…… എല്ലാം അവരുടെ, സർക്കാർ, പോലീസ് എല്ലാം അവരുടെ…….. അവർ പോകാൻ പറഞ്ഞാൽ പോകണം, നമ്മുടെ കുടിലും അവരുടെ………………. കാട്ടിൽ അവർക്ക് ഒരുപാട് രഹസ്യങ്ങളുണ്ട്, സമ്പത്തുണ്ട്. അതുകൊണ്ട്  ഞങ്ങൾ കാട്ടിൽ കയറിയാൽ അവർ കൊല്ലും, പെണ്ണുങ്ങളാണെങ്കിൽ കിടന്നു കൊടുത്താൽ മതി, വിറകു പെറുക്കാം, കിഴങ്ങു മാന്താം, വെള്ളമെടുക്കാം ……….. വിശന്ന് കരയുന്ന കുട്ടികളെ ഓർക്കുമ്പോൾ, ജീവൻ പോകുമെന്ന് പേടിയാകുമ്പോൾ ഞങ്ങൾ കിടന്നുകൊടുക്കും ദീദി. അത് വലിയ ഒരു കാര്യമല്ല
അവൾ പറഞ്ഞതൊന്നും എനിയ്ക്ക് തിരിയുന്നുണ്ടായിരുന്നില്ല. അത് ഏതോ അന്യ ഗ്രഹത്തിലെ ഭാഷയായിരുന്നു. മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാക്കാനാവാത്തത് എന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ദുരന്തമാണല്ലോ. അതാണ് അതു തന്നെയാണ് ഈ ഭൂമിയിൽ ഇത്രയും ആഴമുള്ള രിയ്ക്കലും വറ്റാത്ത കണ്ണീർപ്പാടങ്ങളെ ഉണ്ടാക്കിയത്.
അച്ഛനെ, മകനെ, ആങ്ങളയെ, കാമുകനെ, ഭർത്താവിനെ കൊലയ്ക്ക് കൊടുക്കുന്നതിലും ഭേദം കൊല്ലാൻ വരുന്നവരുടെ ഒപ്പം കിടക്കുന്നതു തന്നെ. പ്രസവിച്ചും മുലയൂട്ടിയും ഭക്ഷണം കൊടുത്തും മാത്രമല്ല, പെണ്ണുങ്ങൾ ജീവനേകുന്നത്.
എന്നാലും ഞങ്ങളുടെ ആണുങ്ങൾ ചിലപ്പോൾ സുര കുടിച്ച് വന്ന് ഞങ്ങളെ ണ്ടിയെന്ന് വിളിയ്ക്കും, തല്ലും, കെട്ടിറങ്ങുമ്പോ ഏങ്ങിക്കരയും……“
അതങ്ങനെയാവാനേ തരമുള്ളൂ, അമ്മയോ ഭാര്യയോ പെങ്ങളോ മകളോ കാമുകിയോ ഏതെങ്കിലും പുരുഷനെ സന്തോഷിപ്പിച്ച് ബാക്കി നിറുത്തിയ ജീവനാണല്ലോ ആ ആണുങ്ങളുടേത്. അവർ മദ്യപിയ്ക്കുകയും പെണ്ണുങ്ങളെ വേശ്യയെന്ന് വിളിയ്ക്കുകയും പിന്നെ കരയുകയും അല്ലാതെ വേറെന്തു ചെയ്യാനാണ്?
“നിങ്ങളുടെ ആണുങ്ങൾ ആ വൃത്തികെട്ടവരെ കൊല്ലാത്തതെന്താ?“
രംഗോബതിയുടെ കണ്ണുകളിൽ മൂർച്ചയേറിയ ആയുധത്തിന്റെ തിളക്കം ഞാൻ കണ്ടു. അവൾക്ക് രക്ത വർണ്ണമുള്ള നാവു നീട്ടിപ്പിടിച്ച കാളീരൂപത്തിന്റെ പൈശാചികത കൈവരുന്നതായി എനിയ്ക്ക് തോന്നി. അവൾ അമർത്തിയ സീൽക്കാര ശബ്ദത്തിൽ മന്ത്രിച്ചു.
“എല്ലാവരും തോക്കും കുന്തവും എടുക്കും ദീദി. ആ കാലം വരും. അതുവരെ ഇതൊക്കെ വേണ്ടി വരും” 
ഗർഭം……. ഗർഭമുണ്ടായാലോ രംഗോബതി?“ എന്റെ ശബ്ദം അതീവ ദുർബലമായിരുന്നു.
അവൾ പിന്നെയും ചിരിച്ചു. അത് പതുക്കെയുള്ള മാക്കയല്ലേ ദീദി, പത്തു മാസം കഴിഞ്ഞ് വരുന്ന മാക്ക.  തുണിയഴിച്ചാലുടനെ കിട്ടുന്ന ധമാക്കയല്ലേ അതിലും കേമം?  ജീവനും വെള്ളവും കിഴങ്ങും വിറകും ചിലപ്പോൾ കുറച്ച് രൂപയും ഒന്നിച്ച് കിട്ടുന്ന ലാഭം?
തെ, അതാണ് ശരിയായ ഡബിൾ മാക്ക.
-------------------------------------------------------

ധമാക്ക                                   ഭാഗ്യക്കുറി അടിയ്ക്കുക.
ണ്ടി                                                    – വേശ്യ.
നികൽ ജാ കമ്രേ സേ                              – ഇറങ്ങ് മുറിയിൽ നിന്ന്
ബാഹർ നിൽ                                      – പുറത്തിറങ്ങ്.
മേം ദേഖ്താ ഹും                                    – ഞാൻ കാണട്ടെ
കോൻ സീ                                             – ഏതൊരു
തേരാ സാഥ് ദേഗി                                   – നിനക്കൊപ്പം നിൽക്കുന്നത്
തൂ ഹഠ് ജാ കുത്തേ                                  – നീ മാറിപ്പോടാ നായേ.
ആവാസ് നികാലാ തോ ജീബ് കാട് ദൂംഗി   ഒച്ചയുണ്ടാക്കിയാൽ നാക്കറുത്തു കളയും.
സുര                                                      – നാടൻ മദ്യം.
ഭാംഗ്                                                     – മൂത്ത കഞ്ചാവിന്റെ ഇലയും പൂവും അരച്ചത്.

108 comments:

രമേശ്‌ അരൂര്‍ said...

മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാക്കാനാവാത്തത് എന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ദുരന്തമാണല്ലോ. അതാണ് അതു തന്നെയാണ് ഈ ഭൂമിയിൽ ഇത്രയും ആഴമുള്ള ഒരിയ്ക്കലും വറ്റാത്ത കണ്ണീർപ്പാടങ്ങളെ ഉണ്ടാക്കിയത്.
--------------------------------------------------------
ഈ നീറുന്ന സത്യങ്ങള്‍ക്കിടയില്‍ എങ്ങനെ മുന്നോട്ടു പോകും നമ്മള്‍ ??
ഇക്കുറിയും എച്മു പൊള്ളുന്ന ചോദ്യങ്ങള്‍ എറിഞ്ഞു ...

ajith said...

എച്മുവിന്റെ വാക്കുകള്‍ ചുടുന്നു.

Sidheek Thozhiyoor said...

വീണ്ടും ഒരു ഉള്ളു പൊള്ളിക്കുന്ന കഥ. എച്ചുമു നന്ദി.

ഒരില വെറുതെ said...

കഥ പറയാന്‍ അസാധാരണ ചാതുരിയുണ്ട് എച്ച്മുവിന്. നീണ്ട കഥകളിലേക്ക്, നോവല്‍ പോലെ വിശാലമായ പ്രതലങ്ങളിലേക്ക് നടക്കേണ്ട നേരം കഴിഞ്ഞു. ആശിക്കുന്നു, ഈ വരികളെല്ലാം
ഒന്നു ചേര്‍ന്ന് ഒരു തീനദിയാവുന്നത്. നന്‍മകള്‍.

ശ്രീനാഥന്‍ said...

സ്തബ്ധനാണ് ഞാൻ, കഥയുടെ തട്ടകത്തിലെ പെണ്ണിന്റെ വെളിച്ചപ്പാടേ, സ്തുതി.

mini//മിനി said...

മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു പിടച്ചിൽ,,,

Anil cheleri kumaran said...

പെണ്ണിന്റെ നിസ്സഹായതകൾ വീണ്ടും തുറന്നിട്ടു.

സങ്കൽ‌പ്പങ്ങൾ said...

നിസാര വല്‍ക്കരിക്കപ്പെടുന്ന ജീവിതം .എവിടെയാണു ശരിയും തെറ്റും.
തിരിച്ചറിയപ്പെടാതെ പോകുന്ന സുമനസുകള്‍ക്ക് നമസ്ക്കാരം.
സന്തോഷത്തെ ശരിതെറ്റുകള്‍ക്കിടയില്‍ നിന്നും ചികയണം.

Vayady said...

സ്വന്തമായി നരച്ച ആകാശം മാത്രമുള്ളവള്‍. അവള്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന ശൂന്യതയും നിസ്സഹായവസ്ഥയും നന്നായി എഴുതി. കടുത്ത ദാരിദ്ര്യത്തിലും അവളെ സനേഹത്തിന്റെ നനുത്ത പുതപ്പെടുത്ത് പുതപ്പിക്കുന്ന മറ്റൊരു സ്ത്രീ. സ്ത്രീകള്‍ അനുഭവിക്കുന്ന നിസ്സഹായവസ്ഥ ശക്തമായ ഭാഷയില്‍ എഴുതാന്‍ എച്ചുമൂന്‌ കഴിയും.

ശ്രീ said...

ഒന്നും പറയുന്നില്ല, ചേച്ചീ. വായിച്ചിട്ടു പോകുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

ശക്തമായ അവതരണം
രണ്ട് തടിയൻ റൊട്ടിയും വിരലുകളിൽ വഴുവഴുപ്പായി നീങ്ങുന്ന എരിയൻ മുളകിന്റെ വാട്ടിയ കഷ്ണങ്ങളും സവാള ചീവിയതും അവൾ എന്റെ മുൻപിൽ വെച്ചു. വക്ക് ചപ്പിയ ലോട്ടയിൽ വെള്ളവും. ഭക്ഷണം എന്റെ തൊണ്ടയിൽ കുടുങ്ങി.
അഭിനന്ദനങ്ങൾ..

Lipi Ranju said...

"തുണിയഴിച്ചാലുടനെ കിട്ടുന്ന ധമാക്കയല്ലേ അതിലും കേമം? ജീവനും വെള്ളവും കിഴങ്ങും വിറകും ചിലപ്പോൾ കുറച്ച് രൂപയും ഒന്നിച്ച് കിട്ടുന്ന ലാഭം?“
അതെ, അതാണ് ശരിയായ ഡബിൾ ധമാക്ക." ഇത് വായിച്ചു തീരുമ്പോള്‍ , ഒന്നും പറയാന്‍ വയ്യ എച്മൂ .... എനിക്കൊന്നും എഴുതാന്‍ കിട്ടുന്നില്ല ...

ഒരു യാത്രികന്‍ said...

എച്ച്മുവിന്റെ കഥാലോകം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരികുന്നു......സസ്നേഹം

Jijo Kurian said...

A heart set on fire, which burns the reader.

ഉമാ രാജീവ് said...

/ /"അതങ്ങനെയാവാനേ തരമുള്ളൂ, അമ്മയോ ഭാര്യയോ പെങ്ങളോ മകളോ കാമുകിയോ ഏതെങ്കിലും പുരുഷനെ സന്തോഷിപ്പിച്ച് ബാക്കി നിറുത്തിയ ജീവനാണല്ലോ ആ ആണുങ്ങളുടേത്. അവർ മദ്യപിയ്ക്കുകയും പെണ്ണുങ്ങളെ വേശ്യയെന്ന് വിളിയ്ക്കുകയും പിന്നെ കരയുകയും അല്ലാതെ വേറെന്തു ചെയ്യാനാണ്?“/ / ...............
...എത്രകാലങളായി തുടരുന്നു ഈ കഥ, കുനിഞ്ഞ അഞ്ച് സിരസ്സുകള്‍, അന്ധതബാധിച്ച അധികാരകണ്ണുകള്‍, സ്വച്ചന്ദമൃത്യു എന്ന ശാപം ലഭിച്ച നീതി, പെണ്ണേ ഇതൊക്കെയുണ്ടെങ്കിലെ നീ കരുത്തു നേടൂ...........വളരെ നല്ല എഴുത്ത് എച്മൂ, ഇനിയും ഏറെ വായിക്കാനുണ്ടാവട്ടെ ഇവിടെ

Bijith :|: ബിജിത്‌ said...

മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാക്കാനാവാത്തത് എന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ദുരന്തമാണല്ലോ.

പ്രസവിച്ചും മുലയൂട്ടിയും ഭക്ഷണം കൊടുത്തും മാത്രമല്ല, പെണ്ണുങ്ങൾ ജീവനേകുന്നത്.

ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍ കല..

the man to walk with said...

എന്തൊരു ഉലകമാണിത് ...നിറം മങ്ങി മങ്ങി.. കണ്ണീരു മഴയായി പെയ്തു തോരാതെ .....

കഥ ഗദ്ഗദം നിറച്ചു .
ആശംസകള്‍

ദിവാരേട്ടN said...

Great craft; Sharp language !!

jayaraj said...

aashamsakal.... :)

Sabu Hariharan said...

അവസാനം വരെ നന്നായി. ആ ധമാക്ക..അതു ഒരു കല്ലു കടി പോലെ ആയി പോയി.. കഥയുടെ പേര്‌ വായിച്ചപ്പോൾ എന്തോ തമാശ കഥയാവും എന്നു വിചാരിച്ചു.. കുറച്ച്‌ കൂടി ഗൗരവമുള്ള പേര്‌ ഈ കഥ അർഹിക്കുന്നു.

khader patteppadam said...

അടുപ്പില്‍ നിന്നും,ദേ, ഇപ്പോഴിറക്കിയ കഥ.

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍

hafeez said...

touching..

പ്രയാണ്‍ said...

വീണ്ടും ഞാന്‍ ഒന്നു പറയാതിറങ്ങുന്നു എച്മു.........:(

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം എച്ചുമെ നഗ്നമായ സത്യങ്ങള്‍..നന്നായി എഴുതി. അഭിനന്ദനങ്ങള്‍

കൊമ്പന്‍ said...

വളരെ ഹൃദയ കാരിആയ ഒരു കഥ കണ്ടിട്ടുണ്ട് ഇതുപോലെ ഉള്ള ജന്മങ്ങളെ ആശംസകള്‍

അന്വേഷകന്‍ said...

നല്ലതെന്ന് പറഞ്ഞു നിര്‍ത്താന്‍ തോന്നുന്നില്ല..

മനസ്സിനെ പൊള്ളിക്കുന്ന കഥ...

ഭാനു കളരിക്കല്‍ said...

കോവിലന്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞു. 1947നു ശേഷം നമ്മുടെ ഭാരതത്തില്‍ അമ്മമാര്‍ ആണ്‍കുട്ടികളെ പ്രസവിച്ചിട്ടില്ല എന്നു. ഈ കഥ വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് ആ വാക്കുകള്‍ ആണ്.

smitha adharsh said...

പതിവുപോലെ ഭംഗിയായി കഥ പറഞ്ഞു.ഉള്ളില്‍ തട്ടുന്ന തരത്തില്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന കഥ പൊള്ളിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നൂ

കഥാലോകത്തിലെ വേറിട്ട ഒരു എഴുത്തുകാരി തന്നെയാണ് ഈ എച്ച്മു...കേട്ടൊ

ഇട്ടിമാളു അഗ്നിമിത്ര said...

അവർ ആണായി.. അവരുടെ ആണുങ്ങൾ പെണ്ണുങ്ങളും..

അങ്ങിനെ പറയണ്ടല്ലെ.. നമുക്കന്നെ അല്ലെ മോശം..

Unknown said...

കഥ എന്തായി ? അവസാനം ഒരു ധംമാക്കയുടെ കാര്യം മാത്രം പറഞ്ഞു കഥ അവസാനിപ്പിച്ചു.....ഈ കാര്യം പറയാന്‍ വേണ്ടി മാത്രം ഒരു കഥ എന്നാ ഒരു തോന്നല്‍ ഉണ്ടാവുനുണ്ട് .
ഒരു കഥാപാത്രത്തെ നിര്‍മ്മികുക്കയും അതിലുടെ കഥ പറഞ്ഞു തുടങ്ങി വെച്ച് അവസാനം വേറെ ഒരു കാര്യം പറഞ്ഞു കഥ അവസാനിപ്പിക്കുന്നു അപ്പോള്‍ ആദ്യത്തെ കഥയും കഥാപാത്രവും മാഞ്ഞു പോവുന്നു .....

രണ്ടാമത്തെ കഥാപാത്രം പറയുന്ന വേറെ ഒരു കഥ പാവപെട്ടവന്റെ ഒരു നിസാഹന അവസ്ഥ തുറന്നു കാണിക്കുന്നു

SIVANANDG said...

after a long vaccassion just re joined, deatailed reading and comment will be soon

anju minesh said...

shocking damakka

SHANAVAS said...

യെ "ഡബല്‍ ധമാക്ക" മുഝ് പര്‍ ബഹുത് അസര്‍ കിയ...ഐസാ ലിഖ്നാ കേവല്‍ ആപ് സെ ഹോത്തി ഹൈ..മന്‍ കോ ബഹുത് വിച്ചലിത് കര്‍ ദിയ യേ കഹാനി..നമോവാകം എച്ചമുവേ...

ചന്തു നായർ said...

തുടുത്ത സന്ധ്യ ആകാശച്ചെരുവിൽ നിന്നിറങ്ങിക്കഴിഞ്ഞു. അധികം വൈകാതെ രാത്രിയുടെ കമ്പളവും നിവരും."റണ്ടി, നികൽ ജാ കമ്രേ സേ……….ബാഹർ നികൽ"വീട്ടുടമസ്ഥന്റെ കണ്ണുകൾ ആളിക്കത്തി..... താങ്കളൂടെ ഒരു കഥ ഇപ്പോൾ വായിച്ച് അഭിപ്രായം ഇട്ടതേയുള്ളൂ.. ഡബിൾ ധമാക്ക....വേശ്യയെന്ന ആരോപണവും അനാഥത്വവും ചെറുപ്പവും സന്ധ്യാ സമയവും അങ്ങേയറ്റം അപകടകരമായ കറിക്കൂട്ടുകളാണ്. പോലീസുകാർക്കിടയിലായാൽ പ്രത്യേകിച്ചും.... വരികൾ ഓരൊന്നും ഞാൻ എടുത്തെഴുതുന്നില്ലാ..അത്രക്ക് ഹാരിയാണ്, തീമഴയാണ്,കനൽചൂര്പുകയുന്ന വക്യങ്ങളാണ് ഈ കഥയെ ധന്യമാക്കുന്നത്...എച്ചുമൂ... താങ്കൾ നാളത്തെ വാഗ്ദാനമണ്, ഇന്നത്തേയും..എന്റെ ആശംസകളും

ഷാരോണ്‍ said...

ഭാവനയുടെ ലോകവും ഇത്ര വികൃതമാക്കരുത് എച്മുകുട്ടീ..
അല്ലാതെതന്നെ വിഷമിക്കാന്‍ കാര്യങ്ങള്‍ ഒത്തിരി ഇല്ലേ നമുക്കൊക്കെ...

Nachikethus said...

ഇത് പെണ്ണെഴുത്ത് എന്നുപറഞ്ഞാല്‍ എഴുതിയ ആളെ അപമാനിക്കലായിപോകും ..ഇതാണ് പെണ്ണ്.എച്മു കുട്ടീ സലാം വച്ചിരിക്കുന്നു

രഘുനാഥന്‍ said...

എച്ചുമൂ...
നന്നായിട്ടുണ്ട്....
കനല്‍ തിളക്കമുള്ള അക്ഷരങ്ങള്‍... ചൂടുള്ള വാക്കുകള്‍, എരിയുന്ന വാചകങ്ങള്‍.
എഴുത്തു തുടരുക ..ആശംസകള്‍

റോസാപ്പൂക്കള്‍ said...

എന്‍റെ എച്ചുമോ...ഇങ്ങനെ മനസ്സിനെ പൊള്ളിക്കാതെ.എനിക്ക് ഇതൊരു കഥ യായല്ല ഫീല്‍ ചെയ്തത്. എവിടെയോ ആര്‍ക്കോ സംഭവിച്ചതല്ലേ.

Manoraj said...

echmu.. ithinu hats off.. kooduthal parayan enikk vakkukal illa..

ശാന്ത കാവുമ്പായി said...

ഇതുതന്നെ പെണ്ണ്.

ente lokam said...

എച്മു :-കഥ ഇന്നലെ വായിച്ചത് ആണ്‌ .

എന്താ എഴുതേണ്ടത് എന്ന് ആലോചിച്ചു .


അഭിനന്ദനങ്ങള്‍ .

ജാനകി.... said...

എച്മുകുട്ടീ..
വളരെ വളരെ വളരെ നന്നായിരിക്കുന്നു...
പ്രതീക്ഷിച്ചതിലും ഒരുപാ‍ടു കൂടുതൽ

jayaprasad said...

kaaryamillatha oru kaaryathinte kaaryam pinne kaaryamulla oru kadhayude kaaryam..... congrats !!!

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

എച്മുകുട്ടി, കഥ നന്നായി പറഞ്ഞുവന്നിട്ട് മറ്റൊരാളുടെ കാര്യത്തിലേയ്ക്ക് വന്ന് പറഞ്ഞുകൊണ്ടിരുന്ന കാര്യം വിട്ടുപോയപ്പോലെ തോന്നി. :-) ഒരു അഭിപ്രായം കൂടിയുണ്ട്. "ഒരക്ഷരം പറയാതെ ആരാണതെന്ന് ആലോചിയ്ക്കുകയായിരുന്നു ഞാൻ. എന്റെ മുറിയിലേയ്ക്ക് സ്വന്തം ബോസിനെ കയറ്റി വിട്ട അദ്ദേഹമതല്ല, മദ്യം മണക്കുന്ന തേരട്ടച്ചുണ്ടുകളും മൂർച്ചയേറിയ പല്ലുകളുമായി ഈ നേർത്ത ചുണ്ടുകളെ തീ വെച്ചു പൊള്ളിച്ച ബോസുമതല്ല, ഈ വേദനകൾ അറിയുന്നുവെന്ന് ഭാവിച്ച് എന്റെ കൊച്ചു മുലകളെ അമർത്തിക്കൊണ്ട് അല്പ നേരം നമുക്ക് സ്നേഹിയ്ക്കാമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തും അതല്ല." "അദ്ദേഹമതല്ല", "ബോസുമതല്ല", "സുഹൃത്തും അതല്ല" ഈ പ്രയോഗം തെറ്റല്ലേ? പകരം, ആരാണതു? എന്ന്‍ ചോദ്യത്തിന് അദ്ദേഹമതല്ല എന്നല്ലല്ലോ ഉത്തരം. പകരം അദേഹമല്ലത് എന്നല്ലേ വേണ്ടത്? അതുപോലെ, ബോസുമല്ലത്, സുഹൃത്തുമല്ലത്. ശരിയല്ലേ? :-)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വളരുന്ന, ഒപ്പം വരളുന്ന ജീവിതങ്ങള്‍.......
പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ ..

കഥ നന്നായി
ധന്യവാദ്

A said...

കഥ, സ്ഥിതി സ്ഫോടനാത്മകമാണല്ലോ എച്മൂ. ദാണ്ടകാരണ്യ വനങ്ങളിലെ മാവോയിസ്റ്റുകളിലെ പ്രധാന ആര്‍മി കേഡര്‍സ് പോലും കരുത്തുള്ള പെണ്‍മണികള്‍ ആണെന്ന് walking with the maoists esssay യില്‍ അരുന്ധതി എഴുതുന്നു.

yousufpa said...

എച്ഛ്മൂ,
മനസ്സിനെ നിരന്തരം വേട്ടയാടപ്പെടുന്ന തന്തു.നന്നായിട്ടെഴുതി. തികച്ചും അതിന്റെ ഗൗരവത്തോടെ തന്നെ വായിച്ചു.

Prabhan Krishnan said...

ഹൊ...!പൊള്ളുന്നു..!

....അമ്മയോ ഭാര്യയോ പെങ്ങളോ മകളോ കാമുകിയോ ഏതെങ്കിലും പുരുഷനെ സന്തോഷിപ്പിച്ച് ബാക്കി നിറുത്തിയ ജീവനാണല്ലോ ആ ആണുങ്ങളുടേത്....!

ഒന്നും പറയാനില്ല.
ആശംസകള്‍..!

Junaiths said...

അവസാനം എങ്ങും എത്താത്തതു പോലെ തോന്നി...ഇടയ്ക്ക് വെച്ച് നിന്ന് പോയത് പോലെ....

മുകിൽ said...

“അച്ഛനെ, മകനെ, ആങ്ങളയെ, കാമുകനെ, ഭർത്താവിനെ കൊലയ്ക്ക് കൊടുക്കുന്നതിലും ഭേദം കൊല്ലാൻ വരുന്നവരുടെ ഒപ്പം കിടക്കുന്നതു തന്നെ. പ്രസവിച്ചും മുലയൂട്ടിയും ഭക്ഷണം കൊടുത്തും മാത്രമല്ല, പെണ്ണുങ്ങൾ ജീവനേകുന്നത്...“
ഹോ.. എച്മൂ. ഇങ്ങനെ തീ പെയ്യിക്കാനാവുംല്ലേ. തുടരൂ. മലയാളത്തിന്റെ സൌഭാഗ്യമാവട്ടെ.

ഒരു ദുബായിക്കാരന്‍ said...

എച്മു, ഡബിള്‍ ധമാക്ക ഇഷ്ടായി..ഹിന്ദി വാക്കുകളുടെ അര്‍ഥം അവസാനം കൊടുത്തത് നന്നായി..അല്ലേല്‍ ഞാന്‍ പെട്ടേനെ..

ഋതുസഞ്ജന said...

പെണ്ണിന്റെ നിസ്സഹായതകൾ.........ഉള്ളു പൊള്ളിക്കുന്ന കഥ. ......ആശംസകള്‍

വിനുവേട്ടന്‍ said...

എന്തൊരു ശക്തിയാണ് വാക്കുകൾക്ക്...

ആളവന്‍താന്‍ said...

വീണ്ടും വീണ്ടും എച്ച്മുക്കുട്ടി...!

നാമൂസ് said...

രംഗോബതിയുടെ ദീദി ഒരു വ്യക്തിയുടെ {ഭര്‍ത്താവിന്‍റെ} തെമ്മാടിത്തരത്തിന്‍റെ ഇരയാണ്. ഒരുവന്‍റെ ഇച്ഛാഭംഗത്തില്‍ നിന്നാണ് അവള്‍ക്കാ വിളിപ്പേര് {റണ്ടി } ചാര്‍ത്തി കിട്ടുന്നത് എങ്കില്‍.. രംഗോബതിയുടെ ചിത്രം വ്യത്യസ്തമാണ്. കാട്ടിലെ കായ് കനികളും പുഴയിലെ മീനും ഭക്ഷിച്ചു കാട്ടിലെ തേനും മുളയും വിറകും പുകയിലയും ശേഖരിച്ചു നഗരങ്ങളില്‍ വ്യാപാരം നടത്തി ഉപജീവനം നടത്തി ജീവിക്കുന്ന രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ പ്രതീകമാണവള്‍... കൊടിയ പീഡനങ്ങളുടെ കഥകളാണ് ഇവര്‍ക്ക് പറയാനുള്ളത്. ഇരുപത്തി അഞ്ചിനും മുപ്പത്തി അഞ്ചിനും ഇടക്ക് മരിച്ചു വീഴുന്ന പാവം രംഗോബതിമാരുടെ ആയുര്‍ ദൈര്‍ഘ്യം ഇതിലും വലിയൊരു കഥ പറയാന്‍ നിര്‍ബന്ധിപ്പിക്കും തീര്‍ച്ച..!!

എച്മുവിന്‍റെ രംഗോബതി കേവലമൊരു ഭാവനാ സൃഷ്ടിയല്ലാ.. ഇത് നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാസ്തവ കഥകളാണ്. ഇതിനെ 'പെണ്ണെഴുത്ത്' എന്ന തരം തിരിവിലേക്ക് ഒതുക്കേണ്ട ഒന്നല്ല. കഥയിലെ രംഗോബതി പ്രതീക്ഷ അര്‍പ്പിക്കുന്നത് അവളുടെ ജനത കത്തിയും തോക്കും ബോംബുമെടുത്തു സമര സജ്ജരാകുന്ന ഒരു നാളെയാണ്. അതുവഴി മാത്രമേ അവര്‍ക്കൊരു രക്ഷയോള്ളൂ എന്നാണ്. എങ്കില്‍, ദീദിയുടെ ഭര്‍ത്താവിനെ പോലെ ഒരുവന് നേരെയുള്ള ഒരു സമര പ്രഖ്യാപനമല്ലിത്. പകരം, നാം അധിവസിക്കുന്ന രാജ്യത്തെ വ്യവസ്ഥിതിക്ക് നേരെയുള്ള സമര വിളംബരം ആണത്.

രാജ്യത്തെ മഹാ ഭൂരിപക്ഷം ഇങ്ങനെ അസംതൃപ്തിയില്‍ കഴിയുമ്പോള്‍.. മഹാ നഗരങ്ങള്‍ക്ക് പുറം ഭിത്തി കെട്ടാനുള്ള തിരക്കിലാണ് നമ്മുടെ ഭരണ കൂടങ്ങള്‍.. അതിനുപയോഗിക്കുന്നതും ഈ പാവങ്ങളെത്തന്നെ.!!

എച്മു, കഥയില്‍ ഒട്ടും അതിശയോക്തിയില്ലാ എന്ന് മാത്രമല്ല, ഇതത്രയും വാസ്തവ കഥകളുമാണ്‌. അതത്രയും ഉറക്കെ പറയേണ്ടുന്നതുമാണ്.

റെഡ് സെല്യൂട്ട്‌.

mirshad said...

വിറങ്ങലിച്ച മനസ്സുമായി ഇരിക്കുമ്പോള്‍ ഒരു അഭിപ്രായവും വരുന്നില്ല . . .
നാമൂസ് പറഞ്ഞതിനോട് ഒരു പരിധിവരെ യോചിക്കുന്നു

കൂതറHashimܓ said...

തീവ്രമായ വിവരണം.

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ കഥയുടെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ എച്ച്മു...
നന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam

ബിഗു said...

മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാക്കാനാവാത്തത് എന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ദുരന്തമാണല്ലോ. അതാണ് അതു തന്നെയാണ് ഈ ഭൂമിയിൽ ഇത്രയും ആഴമുള്ള ഒരിയ്ക്കലും വറ്റാത്ത കണ്ണീർപ്പാടങ്ങളെ ഉണ്ടാക്കിയത് -- 100% ശരി

പൊള്ളുന്ന യാഥാര്‍ത്ഥ്യം

ശങ്കരനാരായണന്‍ മലപ്പുറം said...

ശക്തമായ അവതരണം!

Anonymous said...

എന്തായിത്..? ഒന്നും പറയുന്നില്ല...!!
എനിക്ക് എച്ചുമ്മുവിനെ ഒരുപാടിഷ്ടമാണ്...
ഓരോ കഥ വായിച്ചുതീരുമ്പോഴും ഈ ഇഷ്ടം കൂടിക്കൊണ്ടിരിക്കുന്നു..... :))

ധനലക്ഷ്മി പി. വി. said...

റെഡ്‌ സല്യുട്ട് എച്മു ..

സീത* said...

എച്ചുമൂ വാക്കുകൾ തീമഴയാകുന്നുവല്ലോ..മനസ്സിനെ ചുട്ടുപൊള്ളിക്കുന്നു...തീവ്രമായ പെണ്ണെഴുത്ത്...നമ്മളെപ്പോഴും നമ്മിലേക്ക് തന്നെ നോക്കുന്നു...ചുറ്റിലുമുള്ള മനുഷ്യന്റെ ദുഃഖങ്ങൾക്ക് ഒരു വിലയും ഇല്ലാ...നന്നായി പറഞ്ഞു

.. said...

..
ചിലരെങ്കിലും ചൂണ്ടിക്കാട്ടിയ കുറവുകള്‍
01. കഥയുടെ പേര് : കഥയുടെ അവസാനിപ്പിക്കലിന് ചേരുന്നുണ്ട്
02. കഥയുടെ അവസാനിപ്പിക്കലാണ് ഈ കഥയുടെ ലക്ഷ്യമെങ്കില്‍ കഥയുടെ പേരും അവസാനിപ്പിക്കലും നന്നായി.

Unknown said...

ചിലരെങ്കിലും ചൂണ്ടിക്കാട്ടിയത് പോലെ

01. കഥയുടെ പേര് : കഥയുടെ അവസാനിപ്പിക്കലിന് ചേരുന്നുണ്ട്.

02. കഥയുടെ അവസാനിപ്പിക്കലാണ് ഈ കഥയുടെ ലക്ഷ്യമെങ്കില്‍ കഥയുടെ പേരും അവസാനിപ്പിക്കലും നന്നായി.

രണ്ടുമല്ലാതെ കഥ വായിച്ച എന്റെ കമന്റ് താഴെ:
ഇത്തരം ജീവിതചിത്രങ്ങള്‍ കുറച്ചൊക്കെ പരിചയമുണ്ട്, കഥാന്തരീക്ഷം ഒരു ഷോര്‍ട്ട് ഫിലിം പോലെ കാണാന്‍, കഥയെ പിന്തുടരാന്‍ സാധിച്ചു, നല്ലോണം. മനസ്സില്‍ പൊള്ളലേല്‍പ്പിക്കുന്നു ഈ അക്ഷരങ്ങള്‍. കഥയെന്താണോ പറഞ്ഞ് വന്നത് അവസാനിപ്പിക്കലില്‍ ഇത്തിരി മൂര്‍ച്ച കുറയുന്നുണ്ട്.

ആശംസകള്‍.

Unknown said...

കോപി പേസ്റ്റിനു പേറ്റന്റ് എടുത്തിരിക്കുന്നു, സൂര്യകണത്തീന്ന് :))

കൊച്ചു കൊച്ചീച്ചി said...

ഞാന്‍ മുഴുവന്‍ വായിച്ചില്ല എച്മുക്കുട്ടീ. തുടക്കം കണ്ടപ്പോള്‍ തന്നെ വായിച്ചാല്‍ ഉള്ളുപൊള്ളുമെന്നു തോന്നി. അവസാനത്തെ കുറച്ചുവരികള്‍ ഒന്നോടിച്ചുവായിച്ചു. അത്രയും മതി, ഞാന്‍ വിട്ടു.

Pranavam Ravikumar said...

വാക്കുകള്‍ക്കു പടവാളിനെക്കാള്‍ മൂര്‍ച്ചയെന്നു ഞാന്‍ മനസിലാക്കിയ കഥകളാണ് ഇവിടെ ഞാന്‍ വായിക്കുന്നത്... (ഇതൊരു മുഖസ്തുതിയല്ല) ആശംസകള്‍

jayanEvoor said...

എച്ച്‌മൂസ്...
അപാരമായ എഴുത്ത്!

‘സംസാരസാഗരം’ എന്ന വാക്കിന്റെ പൊരുൾ ഈ കഥയിൽ കാണാം... കടലാണ് ചുറ്റും... അലറിവിളിക്കുന്ന കരുണയില്ലാത്ത കടൽ...

ഒരു പൊങ്ങുതടി കിട്ടിയിരുന്നെങ്കിൽ തരണം ചെയ്യാം എന്നു കൊതിക്കും പാവങ്ങൾ...

ജന്മസുകൃതം said...

ത്രിബിള്‍ ധമാക്ക ...ഒന്ന് എച്ച്മുവുടെ കഥ
അഭിനന്ദനങ്ങള്‍

ചെറുത്* said...

:-|

ചേച്ചിപ്പെണ്ണ്‍ said...

അവൾ പറഞ്ഞതൊന്നും എനിയ്ക്ക് തിരിയുന്നുണ്ടായിരുന്നില്ല. അത് ഏതോ അന്യ ഗ്രഹത്തിലെ ഭാഷയായിരുന്നു. മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാക്കാനാവാത്തത് എന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ദുരന്തമാണല്ലോ. അതാണ് അതു തന്നെയാണ് ഈ ഭൂമിയിൽ ഇത്രയും ആഴമുള്ള ഒരിയ്ക്കലും വറ്റാത്ത കണ്ണീർപ്പാടങ്ങളെ ഉണ്ടാക്കിയത്.

silence ...

Kaithamullu said...

ഒരു ധമാക്ക!(മനസ്സിനുള്ളില്‍)

Sandeep.A.K said...

ഇവിടെയെത്താന്‍ വൈകിയെന്നു തോന്നുന്നു.. പലയിടങ്ങളിലും പരാമര്‍ശിച്ചു കണ്ട പേരാണ് എച്ചുമിയുടെത്.. ലിങ്ക് ഇപ്പോള്‍ ബീലാത്തി മലയാളി എന്ന സൈറ്റില്‍ നിന്ന് കിട്ടിയത്.. ഇനി മുതല്‍ ഞാനും ഇവിടത്തെ സ്ഥിരം വായനക്കാരനാവും..

കഥയേറെ ഇഷ്ടമായി ട്ടോ.. തീക്ഷ്ണമായ ഭാഷ.. വായനക്കാര്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ചിന്തകള്‍ ആരെയും എരിക്കാന്‍ പോന്നതാണ്.. കഥയിലുടനീളം പ്രയോഗങ്ങളും മനോഹരം..

ഇഷ്ടപെടാതിരുന്നത് ഒന്ന് മാത്രം.. ഇടയ്ക്കുള്ള ഹിന്ദി സംഭാഷണങ്ങള്‍.. അത് കഥയുടെ വായനാ സുഖം കുറയ്ക്കുന്നുണ്ട്.. ഉത്തരെന്തന്‍ പശ്ചാത്തലമെന്നറിയിക്കാന്‍ കഥയില്‍ ഹിന്ദി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തണമായിരുന്നോ.. അല്ലാതെ കൂടി വായനക്കാരന് സംവേദന ക്ഷമമാവും വിധം കഥ പറയാമല്ലോ.. ഉത്തരേന്ത്യന്‍ വിശ്വാസങ്ങളായ ജ്വാലാമുഖിയെ പോലുള്ള പ്രതിപാദ്യം തന്നെ മതി അത് മനസ്സിലാക്കാനെന്നാണ് എനിക്ക് തോന്നുന്നത്.. ഇതു എന്റെ എളിയ അഭിപ്രായം..

ബംഗാളിന്റെയും ഡെല്‍ഹിയുടെയും പശ്ചാത്തലത്തില്‍ വിജയേട്ടന്‍ ഗുരുസാഗരം നമുക്ക് പകര്‍ന്നു തന്നപ്പോള്‍ അതിലെ സംഭാഷങ്ങള്‍ മുഴുവനും വിവര്‍ത്തന രൂപത്തില്‍ മലയാളത്തില്‍ തന്നെ ചേര്‍ത്തത് പ്രസ്താവ്യമാണ്.. ആ രീതിയാണ് മലയാളകഥകളില്‍ അഭികാമ്യം എന്ന് എനിക്ക് തോന്നുന്നു.. എങ്കിലും കഥയ്ക്ക്‌ താഴെ അര്‍ഥങ്ങള്‍ കൊടുത്തത് അല്പം ആശ്വാസകുന്നു..

എന്തൊക്കെയായാലും ഈ കഥ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയേണ്ടൂ..
പുതിയ കഥകള്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ അറിയിക്കുമല്ലോ.. anushadoz@gmail.com

സ്നേഹപൂര്‍വ്വം

പട്ടേപ്പാടം റാംജി said...

'രണ്ടി' ഏറ്റവും ബലമുള്ള മൂക്കുകയര്‍. പുരുഷവര്‍ഗത്തോടൊപ്പം സ്ത്രീ വര്‍ഗ്ഗവും, ഒതുക്കാന്‍ ഉപയോഗിക്കുന്ന രാകി കൊണ്ടിരിക്കുന്ന മൂര്‍ച്ചയുള്ള ആയുധം. പുരുഷലിംഗമില്ലാത്ത വാക്ക്. തുടര്‍ന്നു പോരുന്ന ഒരാചാരം പോലെ അവനവന്റെ ഇംഗിതത്തിനനുസരിച്ച് കാലാനുസൃതമായി ചോദ്യം ചെയ്യാന്‍ ആളില്ലാതെ ഒരവകാശം പോലെ .....ഓരോ വാക്കുകളിലും കത്തിജ്വലിച്ച് കത്തിക്കയറിയ എഴുത്ത്‌. ഹിന്ദി വാക്കുകള്‍ മലയാളികരിച്ചിരുന്നെങ്കില്‍ വായനയില്‍ ഇനിയും ധമാക്ക ശക്തിയോടെ പതിച്ചെനെ. ചില വാക്കുകള്‍ അങ്ങിനെത്തന്നെ വേണം എന്നും തോന്നി.
വളരെ നന്നായി.

Arjun Bhaskaran said...

ഒന്നും പറയുന്നില്ല.. എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ. ഇനി ഞാന്‍ എന്ത് പറയാന്‍ .

പരിണീത മേനോന്‍ said...

തീവ്രമായ ശൈലിക്ക് സല്യൂട്ട്‌......!!

സിവില്‍ എഞ്ചിനീയര്‍ said...

തീവ്രം, അതി തീവ്രം, വീണ്ടും വീണ്ടും വായികട്ടെ

Fousia R said...

അതെ. അതില്‍ വലിയ കാര്യമൊന്നുമില്ല.
ഉറപ്പുള്ള വാക്കുകള്‍

raadha said...

തീവ്രമായ സത്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന കഥ. സ്ത്രീ നൊന്തു പ്രസവിക്കുക മാത്രമല്ല ചെയ്യുന്നത്....!!!

Sukanya said...

വായാടി പറഞ്ഞ കമന്റ്‌. അത് തന്നെയാണ് എനിക്കും പറയാനുള്ളത്‌. ദുപ്പട്ട കൊണ്ട് തല മൂടി മക്കളെയും വലിച്ചുകൊണ്ട് പിന്‍വലിയുന്ന വീട്ടമ്മമാരില്‍ നിന്നും രംഗോബതിമാര്‍ വ്യത്യസ്തര്‍ ആവുന്നു.

വിനു....... said...

എച്ചുമൂ....
രണ്ടു പ്രാവശ്യം വായിച്ചപ്പോഴാണൂ എനിക്കു ക്ലിയറായത്...വിമർശനത്തിന് അതീതമാണെന്നു തോന്നി

ഞാനിവിടെ പുതുമുഖമാണ്.....ഇടയ്ക്കൊന്നു വന്നു നോക്കു.

ജെ പി വെട്ടിയാട്ടില്‍ said...

കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു. വീണ്ടും വരാം ഈ വഴിക്ക്, ഒരിക്കല്‍ കൂടി വായിക്കാന്‍

കെ.എം. റഷീദ് said...

“എല്ലാവരും തോക്കും കുന്തവും എടുക്കും ദീദി. ആ കാലം വരും. അതുവരെ ഇതൊക്കെ വേണ്ടി വരും


പുതോയൊരു ആകാശവും പുതിയൊരു ഭൂമിയും
ഉണ്ടാകും, ഉണ്ടാകട്ടെ

Nisha Sagi said...

എന്താ പറയാ.. എച്ചുമു ഇപ്പോഴും പൊള്ളുന്നത് മാത്രേ... പറയാറുള്ളൂ... ഇതും അങ്ങനെ തന്നെ.....
പിന്നെ ഒരു നോവലിനുള്ള സ്കോപ്.. ഉണ്ട്ട്..

സൊണറ്റ് said...

."Echmuvodu Ulakam / എച്മുവോട് ഉലകം"ഈ പേര് തന്നെ വല്ലാത്തൊരു രസമുണ്ട് വായിക്കാന്‍ .അതിലെ പോസ്റ്റുകള്‍അതിലേറെ ഭംഗിയുള്ളത് .ഈ പോസ്റ്റ്‌ ഞാന്‍ വായിചിട്ടിപ്പോള്‍ ദിവസങ്ങള്‍ ഒരുപാടു കഴിഞ്ഞു .കമന്റ്‌ ഇടാതെ പോയി അന്ന് ഞാന്‍ .ഇപ്പോള്‍ തിരികെ വരുമ്പോള്‍ ഞാന്‍ കരുതിയത് പുതിയ പോസ്റ്റ്‌ ഇട്ടുകാനും എന്നാണ് .ഇത് തന്നെ കണ്ടപ്പോള്‍ എഴുതിയിട്ട പോകാം എന്ന് കരുതി ..
എഴുത്ത് ദൈവം ചിലര്‍ക്ക് മാത്രം നല്‍കുന്ന വരധാനമാണ് ..ഇയാള്‍ക്കത് ആവോളം കിട്ടിയിരിക്കുന്നു .കൂടെ സമൂഹത്തിന്റെ ജീര്‍ണതകലോടുള്ള അടങ്ങാത്ത പകയും ..രണ്ടും ഒന്നില്‍ കൂടിചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു പൂര്‍ണ്ണത അതാണിവിടെ കാണുന്നത് .ഇയാള്‍ ദൈവത്തോട് കൂടുതല്‍ കടപ്പെട്ടിരിക്കുന്നു ..
ഇനി ഈ പോസ്റ്റ്‌ .ഇതൊരു കഥയല്ലെന്നും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ..തുടച്ചു മാറ്റപ്പെടെണ്ട ഒന്നാണെന്നും ,എന്നാല്‍ അതിനായാരും ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നതും നഗ്നസത്യങ്ങള്‍ ..പ്രാര്‍ത്ഥിക്കുക കൂടെ പ്രവര്‍ത്തിക്കുക
നല്ലത് വരട്ടെ എന്നാശംസിക്കുന്നു .സ്നേഹത്തോടെ
സൊണെററ്

African Mallu said...

നല്ല കഥ .

African Mallu said...

നല്ല കഥ .

റശീദ് പുന്നശ്ശേരി said...

എച്മു
വരാന്‍ വൈകിപ്പോയി
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ എറിഞ്ഞു തന്നു മുന്നിലേക്ക് .
നമ്മുടെ നാട്ടിലും സ്ഥിതി മരിച്ചല്ലല്ല്ലോ
അടുത്ത കാലത്ത് വായിച്ച ഒരു കിടിലന്‍ പോസ്റ്റ് .
ആശംസകള്‍

കോമൺ സെൻസ് said...

ധമാക്ക ...ഉള്ളു പൊള്ളിക്കുന്ന കഥ.
അഭിനന്ദനങ്ങള്‍

Ismail Chemmad said...

എച്മു...
വായനയ്ക്ക് ശേഷവും ഒരു കഥ വായനക്കാരന്റെ മനസ്സില്‍ കിടന്നു തിളച്ചുകൊണ്ടിരിക്കുക. .....
അതാണ്‌ ചേച്ചിയുടെ രചനകളുടെ ശക്തി .
ആശംസകള്‍ ചേച്ചി..........

jabiredappal said...

അവളൂടെ വാക്കുകളും ചിന്തകളും മനസ്സിൽ

Unknown said...

ഒരു നേരത്തെ ഭക്ഷണത്തിനും അല്ലങ്കില്‍ കുട്ടികളെ വളര്‍ത്തുന്നതിനും വേണ്ടി ഉടു തുണിയുരിയുന്ന അനേകം സ്ത്രീകള്‍ സമൂഹത്തിലുണ്ട്. ആഡംബര ജീവിതത്തിനു വേണ്ടിയും സുഖത്തിനു വേണ്ടിയും വ്യഭിചരിക്കുന്ന കൊച്ചമ്മമാരും നാട്ടിലുണ്ട്. സ്വാര്‍ത്ഥ ലാഭത്തിനായി ഭാര്യമാരെ ബോസിന് കൂടി കൊടുക്കുന്ന ആണും പെണ്ണും കേട്ട ഭര്‍ത്താക്കന്‍ മാരും നമുക്ക് ചുറ്റുമുണ്ട്. വന്നു വന്നു സ്വന്തം അച്ഛന്‍ പോലും മകളെ വിറ്റു കാശാക്കുന്നു.സ്ത്രീ നിസ്സഹായ ആണന്നു ആരാണ് പറഞ്ഞത് ?വിദ്യാഭ്യാസവും വിവരവുമുള്ള പെണ്‍കുട്ടികള്‍ പോലും ചതിയില്‍ പെടുന്നു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.സമൂഹമദ്ധ്യേ പിടിക്ക പെടുമ്പോള്‍ മാത്രം പീഡനം എന്ന് മുറവിളി കൂട്ടുന്ന പെണ്‍ കുട്ടികള്‍ ആധുനിക സ്ത്രീകളുടെ പ്രതീകമാണോ? സ്ത്രീ ഏതു സാഹചര്യത്തോടും പെട്ടന്ന് വഴങ്ങുന്നു എന്നുള്ളതാണ് സത്യം.സ്ത്രീകളെ സംബന്ധിച്ച് ഭാവി അത്ര സുരക്ഷിതമല്ല എന്ന് തോന്നുമെങ്കിലും കുറെയൊക്കെ അവള്‍ വിലയ്ക്ക് വാങ്ങുന്നതല്ലേ? അവള്‍ ഉപഭോഗ സംസ്കാരത്തിന്റെ ഇരയായി തീര്‍ന്നു. മാതൃത്വത്തിന്റെ അടയാളമായതെന്തോ അത് വെറും പ്രദര്‍ശന വസ്തുവായി ആധുനിക സ്ത്രീ കണ്ടു തുടങ്ങിയിരിക്കുന്നു. അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവള്‍ വെമ്പല്‍ കൊള്ളുന്നു. പുരുഷന്റെ നോട്ടങ്ങള്‍ ഏറ്റു വാങ്ങാന്‍ അവള്‍ മത്സരിക്കുന്നു. തുണിയഴിച്ചാലുള്ള സൌഭാഗ്യങ്ങളില്‍ അവള്‍ വീണു പോകുന്നു.അതാണ്‌ സത്യം. അത് തന്നെയാണ് സത്യം.
അവതരണ ശൈലിയും ഭാഷയും ഇഷ്ട്ടപെട്ടു. ആശംസകള്‍.

അനില്‍കുമാര്‍ . സി. പി. said...

എച്മു, പൊള്ളിക്കുന്നു ...

mayflowers said...

ഇത് വായനക്കാര്‍ക്ക് തന്നത് ധമാക്കയായിരുന്നില്ല,നെഞ്ച് പൊട്ടുന്ന വേദനയാണ്.
ഇങ്ങിനെ എത്ര റണ്ടിമാര്‍ ജീവനും,വെള്ളത്തിനും വേണ്ടി ജീവിതം ബലി കൊടുക്കുന്നുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ അറിയാതെ പിടഞ്ഞു പോകുന്നു..
രംഗോബതി കി ജയ്‌ !

ദൃശ്യ- INTIMATE STRANGER said...

പ്രസവിച്ചും മുലയൂട്ടിയും ഭക്ഷണം കൊടുത്തും മാത്രമല്ല, പെണ്ണുങ്ങൾ ജീവനേകുന്നത്.


ജീവിതത്തിന്റെ നടുക്കുന്ന യാതാര്ത്യങ്ങള്‍ .. തീക്കനല്‍ പോലെ വാക്കുകള്‍ ....

anupama said...

Dear Friend,
After reading the post,I've become so restless!
Congrats for the depth in expressions!
Sasneham,
Anu

Echmukutty said...

മനസ്സ് പൊള്ളിപ്പോയ ചില നിമിഷങ്ങളെ ഒരു കഥയാക്കിയെഴുതുവാൻ നടത്തിയ ശ്രമമാണിത്. വന്ന് വായിച്ച് അഭിപ്രായമെഴുതി എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയും വായിയ്ക്കുമെന്ന് കരുതുന്നു.

Minesh Ramanunni said...

ഇഷ്ടപ്പെട്ടു. നല്ല കഥ. വായിക്കാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു.

Anonymous said...

പതിവു പോലെ വായിച്ചു അന്തം വിട്ടു എച്ച്മുവേ.വേശ്യയെന്ന ആരോപണവും അനാഥത്വവും....... പ്രത്യേകിച്ചും. തുടങ്ങിയ പല വരികള്‍ കേമം. രംഗോബതിയും പേരില്ലാ നായികയും ദുരന്തങ്ങള്‍ക്കിടയിലും വ്യക്തിത്വം സൂക്ഷിക്കുന്നവര്‍.തല കുനിക്കുന്നു ഈ തീക്ഷ്ണ കഥാപാടവത്തിനു മുന്നില്‍.

മഹേഷ്‌ വിജയന്‍ said...

ഹിന്ദിയുടെ എ.ബി.സീ.ഡി അറിയാത്തതിനാല്‍ എനിക്ക് വായനയുടെ ഒഴുക്ക് നഷ്ടപ്പെട്ടു...കാര്യം മനസിലാക്കാന്‍, അവസാന ഭാഗത്ത്‌ നല്‍കിയ ഹിന്ദി വാക്കിന്റെ അര്‍ത്ഥങ്ങള്‍ പെറുക്കിയെടുത്തു വീണ്ടും കഥയില്‍ തിരുകി ആലോചിക്കേണ്ടി വന്നു. സന്ദീപ്‌ മുകളില്‍ സൂചിപ്പിച്ച പോലെ കഴിവതും മലയാളം ഉപയോഗിക്കുകയായിരുന്നു നല്ലത്...
ചിലയിടങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു....ഉദാ:
'ദീദി കണ്ടിട്ടുണ്ടോ? പലർക്കും വേണ്ടി കാലകത്തുന്നവളെ' എന്ന ചോദ്യത്തിനുത്തരം ഒരു പെണ്ണാണ്...
പക്ഷെ, അതിനുത്തരമായി കഥാപാത്രം ചിന്തിക്കുന്നത് ആണുങ്ങളെ കുറിച്ചാണ്... ദാ നോക്കൂ...
"ഒരക്ഷരം പറയാതെ ആരാണതെന്ന് ആലോചിയ്ക്കുകയായിരുന്നു ഞാൻ. എന്റെ മുറിയിലേയ്ക്ക് സ്വന്തം ബോസിനെ കയറ്റി വിട്ട അദ്ദേഹമതല്ല...................... "
എഡിറ്റിംഗ്-ല്‍ കുറച്ചു കൂടി ശ്രദ്ധിക്കണം എന്നും തോന്നുന്നു...
എഴുത്ത് തുടരുക....ആശംസകള്‍...

Pradeep Kumar said...

മുമ്പു തന്നെ വായിച്ചിരുന്നു... എന്റെ വായന അടയാളപ്പെടുത്താനുള്ള അഭിപ്രായം ഒന്നും എഴുതാതെയാണ് അന്നു പോയത്.... കലയുടെ മികച്ച രചനകളില്‍ ഒന്നാണ് ഇതെന്ന് നിസ്സംശയം പറഞ്ഞുകൊള്ളട്ടെ....

Arif Zain said...

അര്‍ത്ഥരഹിതമായ ജീവിതങ്ങള്‍ പുഴുക്കളെ പോലെ തിളയ്ക്കുന്ന ഒരു തെരുവിലേക്ക്‌ ഞാന്‍ നിങ്ങളോടൊപ്പം യാത്ര ചെയ്തു. ഇതൊരു സാങ്കല്‍പിക കഥയല്ല, നിത്യസംഭവങ്ങളുടെ ഒരു നേര്‍പകര്‍പ്പ്‌.,.
മഹേഷ്‌ സൂചിപ്പിച്ച ഭാഗത്തൊക്കെ എന്‍റെ വായനയുടെ നൌകയും മണലില്‍ കയറി, അവിടെ വീണ്ടും വീണ്ടും വായിച്ചിട്ടും സ്വന്തം നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോവുകയായിരുന്നു. ബാക്കി എല്ലാം കിടിലന്‍., കഥകള്‍ മെയ്ല്‍ ചെയ്യുമോ? അങ്ങനെയാണെങ്കിലെ ശ്രദ്ധയില്‍ പെടൂ.

കാടോടിക്കാറ്റ്‌ said...

പൊള്ളുന്ന എഴുത്ത്....!!
ലച്മു... ഇനി ഞാനുമുണ്ട് ഈ തീപ്പൊരിയുടെ ആസ്വാദകയായി...
ഭാവുകങ്ങള്‍....

കാടോടിക്കാറ്റ്‌ said...

പൊള്ളുന്ന എഴുത്ത്....!!
ലച്മു... ഇനി ഞാനുമുണ്ട് ഈ തീപ്പൊരിയുടെ ആസ്വാദകയായി...
ഭാവുകങ്ങള്‍....

Akakukka said...

വൈകിയെത്തിയ വായനക്കാരനാണെങ്കിലും അടുത്തയിടെ വായിച്ച കഥകളില്‍ ഇഷ്ടപ്പെട്ട ഒരെഴുത്ത്,
വ്യത്യസ്തമായ പ്രമേയം,
അവതരണശൈലി ഗംഭീരം,
കനലെരിയുന്ന വരികളിലൂടെ കഥാകാരിയുടെ തൂലിക സഞ്ചരിക്കുമ്പോള്‍ അന്തര്‍ലീനമായ ആത്മരോഷത്തിന്റെ അടങ്ങാത്ത
അമര്‍ഷങ്ങളാണ് എനിക്ക് ദര്‍ശിക്കാനായത്.

നിയമപാലകരായ പോലീസുകാരേപ്പോലും, താപ്പിന് കിട്ടിയിടത്തിട്ട്
ചവിട്ടിക്കൂട്ടി..
വേശ്യയെന്ന ആരോപണവും അനാഥത്വവും ചെറുപ്പവും സന്ധ്യാ സമയവും അങ്ങേയറ്റം അപകടകരമായ കറിക്കൂട്ടുകളാണ്. പോലീസുകാർക്കിടയിലായാൽ പ്രത്യേകിച്ചും.\\\\\\\

ഒരെഴുത്തുകാരിയുടെ നിരീക്ഷണപാടവം എങ്ങിനെയായിരിക്കണമെന്ന് മുകളിലുള്ള ഒരു വാചകത്തിലൂടെ
വ്യക്തമാക്കുന്നതോടൊപ്പം അനുവാചകരുടെ മനസ്സില്‍ അനിര്‍വചനീയമായ വായനാസുഖം പകര്‍ന്നുനല്‍കാന്‍
ഏച്ചുമിക്കുട്ടിക്ക് സാധിച്ചു.
എഴുത്തിന്‍റെ വഴികളില്‍ ഉന്നതിയിലാണെങ്കിലും ഇനിയുമിയും
അറിയപ്പെടലുകളും,അംഗീകാരങ്ങളും തേടിവരട്ടെ..
ആശംസകളോടെ...