Wednesday, May 9, 2012

ച്ഛീ…ദേ, ഒരു പെൺകുഞ്ഞ്! കൊല്ല്…അതിനെ കൊല്ല്.


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിൽ( 2012 മെയ് 4 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്.


കഴിഞ്ഞമാസമാണ്, ബാഗ്ലൂരിൽ അഫ്രീൻ എന്ന് പേരായ പിഞ്ചുകുഞ്ഞിനെ പിതാവ് തറയിലടിച്ചുകൊന്നുവെന്ന വാർത്ത വായിച്ച് ഞാൻ ഞെട്ടിപ്പോയത്……

പെണ്ണാണെന്ന് തിരിച്ചറിയിയ്ക്കുന്നതെല്ലാം ഒരു മന്ത്രവടി ഉപയോഗിച്ച് മായിച്ച് കളയാൻ എന്തു വഴിയുണ്ടെന്ന് അഫ്രീൻ ആലോചിച്ചിട്ടുണ്ടാവില്ല. മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന ആ തലച്ചോറിന് അത്രയ്ക്കും അറിവുണ്ടാവാൻ വയ്യല്ലോ. ജനിപ്പിച്ചവൻ തന്നെ ആലോചിച്ച് പദ്ധതികൾ ഉണ്ടാക്കി ജീവനെടുക്കാൻ തുനിയുമെന്ന്
 
അവളുടെ ചെറുപ്പക്കാരനായ പിതാവിന് ഭ്രാന്താവും എന്നും അല്ലെങ്കിൽ അയാൾ ലഹരിയ്ക്കടിമയായിരിയ്ക്കും എന്നും  വിചാരിയ്ക്കാൻ ഒരുപക്ഷെ, ആഗ്രഹിയ്ക്കാൻ  ആ വാർത്തയറിഞ്ഞതു മുതൽ എല്ലാവരും ഉൽക്കടമായി പരിശ്രമിയ്ക്കുകയായിരുന്നു. മാതൃത്വത്തിലും പിതൃത്വത്തിലുമുള്ള വിശ്വാസം മുറുക്കിപ്പിടിയ്ക്കാൻ വേണ്ടി…… വിശ്വാസങ്ങളുടെ ബലത്തിൽ തുടർന്ന് ജീവിയ്ക്കാൻ വേണ്ടി…… പക്ഷെ, അയാൾക്ക് പെൺകുഞ്ഞിനോട് കടുത്ത വെറുപ്പായിരുന്നു, കുഞ്ഞിനെ വേണ്ടായിരുന്നു, ഇല്ലാതാക്കാൻ ജനിച്ച ദിവസം മുതൽ ക്രൂരമായ പല ശ്രമങ്ങളും നടത്തി വരികയായിരുന്നു എന്നു വെളിപ്പെട്ടപ്പോൾ…… ആ വെറുപ്പിന്റെ ആഴം എത്രയെന്ന് അളക്കാനാവാതെ തകർന്ന് ചിതറാൻ മാത്രമേ എല്ലാവർക്കും കഴിഞ്ഞുള്ളൂ. ആണിനെയും പെണ്ണിനെയും ജനിപ്പിയ്ക്കുന്നത് പുരുഷ ബീജം തന്നെയാണെന്ന ശാസ്ത്ര സത്യം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും വേണ്ടത്ര മനസ്സിലാക്കപ്പെടാതെപോവുകയും അമ്മമാരും പെൺകുട്ടികളും അതിന്റെ പേരിൽ നരകയാതനകൾ സഹിയ്ക്കേണ്ടി വരികയുമാണല്ലോ എന്നോർത്ത് വേദനിയ്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

ശാരീരികമായി സംഭവിച്ചു പോകുന്ന, അറിയാതെ പറ്റിപ്പോകുന്ന ഒരു അബദ്ധം മാത്രമാണോ ഒരു പെൺകുഞ്ഞിന്റെ അച്ഛനാവലും അമ്മയാവലും?ഏറ്റവും വേഗം തിരുത്തപ്പെടേണ്ട ഒരു തെറ്റ്? അതെ, എന്ന് തന്നെയാണ് കഴിഞ്ഞ ഇരുപതുകൊല്ലത്തെ കണക്കുകൾ നമ്മളോട് വിളിച്ച് പറയുന്നത്. ഈ കാലയളവിൽ മാത്രം നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഇല്ലാതാക്കപ്പെട്ട പെൺകുഞ്ഞുങ്ങൾ ഒരു കോടിയിലധികമാണ്. ഭ്രൂണമായും ജനിച്ചു കഴിഞ്ഞും അഞ്ചു വയസ്സിനകം തന്നെ ആർക്കും വേണ്ടാതായ പെൺകുഞ്ഞുങ്ങൾ……. പുതിയ സെൻസെസ് റിപ്പോർട്ട് പ്രകാരം ആയിരം ആൺകുട്ടികൾക്ക് ഇപ്പോൾ തൊള്ളായിരത്തിപ്പതിന്നാല് പെൺകുട്ടികൾ മാത്രമേയുള്ളൂ. ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലെങ്കിലും അത് തൊള്ളായിരത്തിലും താഴെയുമാ‍ണ്. കഴിഞ്ഞ് അമ്പതു വർഷമായി പെൺകുട്ടികളുടെ എണ്ണം കുറച്ച് കുറച്ച് കൊണ്ടു വരുന്ന പ്രവണതയുണ്ടെങ്കിലും ഈ ഇരുപതു വർഷത്തിലാണ് ഇത്രയും രൂക്ഷമായ കുറവുണ്ടായിട്ടുള്ളത്. 2020 ആകുമ്പോഴേയ്ക്കും സ്ത്രീകളെ അപേക്ഷിച്ച് രണ്ടരക്കോടി പുരുഷന്മാർ ഇന്ത്യയിൽ അധികമായി ഉണ്ടായിരിയ്ക്കുമത്രെ!

“സ്ത്രീകൾ എണ്ണത്തിൽ കുറയുന്നത് വളരെ മോശപ്പെട്ട ഒരു കാര്യം തന്നെയാണ്, എങ്കിലും എനിയ്ക്ക് ആൺകുട്ടി മതി, നിങ്ങൾക്ക് വേണമെങ്കിൽ പെണ്ണാവാം“ എന്നാണ് എല്ലാവരുടേയും ഈ പ്രശ്നത്തിലുള്ള ചിന്താഗതി. “ഒരു കുഞ്ഞേയുള്ളൂ? അതും പെണ്ണ്! അയ്യോ! കഷ്ടമായി.“ എന്ന് തികച്ചും ആത്മാർഥമായി സഹതപിയ്ക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതേയുള്ളൂ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നൂറു പുത്രന്മാരുണ്ടാവട്ടെ എന്നു മാത്രം അനുഗ്രഹിയ്ക്കുന്ന ആചാരങ്ങളാണല്ലോ തികഞ്ഞ സംസ്ക്കാര സമ്പന്നരായ നമുക്കുള്ളത്. അധികാരവും പണവും പദവിയും തൊഴിലും സ്വത്തുക്കളും എല്ലാം പുരുഷന്മാരുടെ കൈവശമായതുകൊണ്ടും അവനാണു ഈ ലോകം തിരിയ്ക്കുന്നത് എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടുമാണല്ലോ ആ അനുഗ്രഹം ഒരു പുതുഭാര്യയ്ക്ക് എല്ലാവരും സമൃദ്ധമായി നൽകുന്നത്. അപ്പോൾ പിന്നെ ഒരു സമ്പാദ്യത്തിനും ഇട നൽകാത്ത ചെലവുകളുടേതു മാത്രമായ പെൺ പിറവി എങ്ങനെയെങ്കിലും ഒഴിവാക്കിയല്ലേ പറ്റൂ. സാധിയ്ക്കുമെങ്കിൽ ഇരു ചെവിയറിയാതെ അമ്മയുടെ വയറ്റിൽ തന്നെ അവസാനിപ്പിയ്ക്കുക, പറ്റിയില്ലെങ്കിൽ പുറത്ത് വന്ന ശേഷം നാലഞ്ചു വയസ്സിനുള്ളിൽ ഏതു വിധേനയെങ്കിലും അവളെ ഒഴിവാക്കിയെടുക്കുക. “എന്റെ കുഞ്ഞാണെങ്കിൽ അത് ആണായിരിയ്ക്കും“ എന്ന് ഉറപ്പിച്ച് പറഞ്ഞ സോഫ്റ്റ് വെയർ എൻജിനീയറുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. അയാളുടെ സോഫ്റ്റ് വെയർ എൻജിനീയറായ ഭാര്യ ലേബർ റൂമിൽ കയറും മുൻപ് പേടിച്ചരണ്ടിരുന്നു. അവൾ പ്രസവിയ്ക്കുന്നത് ആൺകുഞ്ഞിനെയല്ലെന്നു വന്നാൽ……
 
‘പെൺകുട്ടി ആൺകുട്ടിയ്ക്കൊപ്പം‘, ‘മക്കൾ തമ്മിൽ ഭേദമരുത്‘ എന്നൊക്കെ ടി വിയിലും വർത്തമാനക്കടലാസ്സുകളിലും ഗവണ്മെന്റ് വക പരസ്യം കാണാറുണ്ട്. സിഗരറ്റ് വലി ആരോഗ്യത്തിനു ഹാനികരമെന്ന് സിഗരറ്റ് പാക്കറ്റിനു പുറത്ത് അച്ചടിയ്ക്കുന്നതു പോലെ.. മദ്യപാനം ഹാനികരമെന്ന് മദ്യക്കുപ്പിയിന്മേൽ അച്ചടിയ്ക്കുന്നതു പോലെ ഒരു കള്ളത്തരം മാത്രമാണ് സർക്കാരിന്റെ ഈ പരസ്യങ്ങൾ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ അതുകൊണ്ടു തന്നെ തീർത്തും മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങൾ നിത്യേനെ എന്നോണം സംഭവിയ്ക്കുമ്പോഴും അതിനെതിരേ കാര്യക്ഷമമായ യാതൊരു പ്രതിരോധവും നിയമം വഴി പോലും നടപ്പിലാക്കാനാവാത്ത സർക്കാരിന്റെ വെറും തമാശയാണ് ഈ പരസ്യങ്ങളെന്ന് എല്ലാവർക്കും അറിയാം. സ്ത്രീ വിരുദ്ധമായ ആശയങ്ങൾ വീണ്ടും വീണ്ടും പ്രചരിപ്പിയ്ക്കുന്ന സാഹിത്യത്തിനും കലയ്ക്കും മതങ്ങൾക്കും മാധ്യമങ്ങൾക്കും  രാഷ്ട്രീയത്തിനും അധികാരത്തിനും പരമ്പരാഗത ആചാര വിശ്വാസങ്ങൾക്കും മാത്രമാണ് യഥാർത്ഥത്തിൽ നമ്മുടെ സമൂഹം പ്രാധാന്യം നൽകുന്നത്. അതു തന്നെയാണ് ഇമ്മാതിരിയുള്ള കൊടും പീഡനങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നതും.

2003ൽ റിലീസ് ചെയ്യപ്പെട്ട, മനീഷ് ഝാ സംവിധാനം ചെയ്ത ‘മാതൃഭൂമി‘ എന്ന ഹിന്ദി സിനിമ പെണ്ണുങ്ങളില്ലാതായിത്തീർന്ന ഒരു ഗ്രാമത്തിന്റെ തീവ്രാനുഭവമാണ്. ഒമ്പതു വർഷങ്ങൾക്കിപ്പുറം, തികച്ചും പ്രവചനാത്മകമായ ഒരു മഹാസത്യമെന്നതു പോലെ, ആ സിനിമ നെഞ്ചിലിടിച്ച് വിങ്ങുന്നു. 2003ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിടിക്സ് അവാർഡും പോളണ്ട് ഫിലിം ഫെസ്റ്റിവലിലും ഗ്രീസിലെ തെസ്സലോനികി ഫിലിം ഫെസ്റ്റിവലിലും ഫ്ലോറൻസ് ഇൻഡ്യൻ ഫിലിം ഫെസ്റ്റിവലിലുമായി നിരവധി അവാർഡുകളും ഈ സിനിമ നേടുകയുണ്ടായി. തമിഴ്, തെലുങ്ക്, ഗുജറാത്തി, ഭോജ്പുരി, ബംഗാളി, എന്നീ ഇൻഡ്യൻ ഭാഷകളിലും ഫ്രഞ്ച് ഭാഷയിലും സിനിമ ഡബ് ചെയ്യപ്പെട്ടു.

പെൺകുഞ്ഞുങ്ങളെ കൊന്നു കൊന്നു പരിപൂർണമായും സ്ത്രീരഹിതമായിത്തീർന്ന ഒരു ഗ്രാമമാണു സിനിമയിൽ ചിത്രീകരിയ്ക്കപ്പെടുന്നത്. ഒരു സ്ത്രീ ശരീരത്തിനായി പുരുഷന്മാർ ദാഹാർത്തരായി ഉഴറുന്ന ഗ്രാമം. കഥയിലെ ധനികനായ അച്ഛൻ ഗ്രാമത്തിൽ നിന്ന് ദൂരെ പാർക്കുന്ന കൽക്കിയെന്ന പെണ്ണിനെ പണം കൊടുത്ത് വാങ്ങി അഞ്ചാണ്മക്കളുടെയും തന്റെയും കൂടി ഭാര്യയാക്കുന്നു. ഏറ്റവും ഇളയ മകൻ മാത്രമാണ് ഇതിൽ അല്പം മനുഷ്യത്വമുള്ളയാൾ. അയാളെ സ്വസഹോദരന്മാർ തന്നെ കൽക്കിയുമായുള്ള അടുപ്പത്തിന്റെ പേരിൽ നിഷ്ക്കരുണം വധിയ്ക്കുകയാണ്. പുരുഷന്മാർ തമ്മിലുള്ള ജാതി വഴക്കുകളിൽ കൽക്കി ഒരു പണയ വസ്തുവാകുകയും കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു. അതിനു ശേഷം അവളെ ഒരു കാലിത്തൊഴുത്തിൽ കെട്ടിയിടുകയാണ്. ആ ബന്ധനത്തിൽ കിടന്നുകൊണ്ടു തന്നെ അവൾക്ക് പല പുരുഷന്മാരേയും തൃപ്തിപ്പെടുത്തേണ്ടിയും വരുന്നുണ്ട്. അവൾക്ക് ഒരു പെൺകുഞ്ഞുണ്ടാവുകയാണെന്നറിയുമ്പോൾ കൽക്കിയും പെൺകുഞ്ഞും തന്റെയാണ് തന്റെയാണ് എന്ന അവകാശവാദത്തിൽ ഗ്രാമത്തിൽ പുരുഷന്മാർ പരസ്പരം വെട്ടിയും കുത്തിയും ചാകുന്നു. 

സിനിമ തീരുമ്പോൾ ചുവന്നു തുടുത്ത കനൽക്കട്ടകൾ പോലെ നീറിപ്പിടിയ്ക്കുന്ന പൊള്ളലും ഭയവും വേദനയും കാണികളെ വേട്ടയാടാതിരിയ്ക്കില്ല.

അച്ഛന്മാർ തന്നെ അമ്മമാരും ആങ്ങളമാർ തന്നെ പെങ്ങൾമാരും ഭർത്താക്കന്മാർ തന്നെ ഭാര്യമാരും ആണ്മക്കൾ തന്നെ പെണ്മക്കളും ആകുന്ന ഏകലിംഗലോകത്തിലേയ്ക്ക് പെൺകുഞ്ഞുങ്ങളെ കൊന്നുകളയാനാഗ്രഹിയ്ക്കുന്ന എല്ലാവർക്കും അതിവേഗം പ്രവേശനമുണ്ടാകട്ടെ. അമ്മിഞ്ഞകളില്ലാത്ത അമ്മമാരും മുറ്റിയ താടിയുള്ള പെങ്ങൾമാരും കട്ടമീശയുള്ള പുത്രിമാരും ഗർഭാശയങ്ങളില്ലാത്ത ഭാര്യമാരും ലോകം കീഴടക്കട്ടെ. ആരു കണ്ടു? ചിലപ്പോൾ കുരുതികൊടുക്കപ്പെടുന്ന ഒരുപാട് പെൺജീവനുകളുടെ അവസാന തുടിപ്പുകളിൽ നിന്നാവാം അവരെ പെറ്റിട്ടവർ മറ്റൊരു ലോകമുണ്ടാക്കാൻ തുടങ്ങുന്നത്..

എങ്കിലും അഫ്രീൻനിന്റെ അരുമയായ മുഖം മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിയ്ക്കുന്നു.




76 comments:

Echmukutty said...

ബാംഗ്ലൂരിൽ സ്വന്തം പിതാവു തന്നെ കൊന്നുകളഞ്ഞ മൂന്നുമാസം പ്രായമുള്ള അഫ്രീനെന്ന പിഞ്ചു കുഞ്ഞിനെക്കുറിച്ച് വായിച്ചിരിക്കുമല്ലോ......

MINI.M.B said...

എച്ചുമു... കുഞ്ഞുങ്ങളോടുള്ള ക്രൂരത എന്നും മനസ്സ് പൊള്ളിച്ചിട്ടെ ഉള്ളു. പെണ്‍കുഞ്ഞുങ്ങള്‍ ഒരു ശാപമായി കരുതുന്നത്,ഉത്തരേന്ത്യയില്‍ ആണ് കൂടുതല്‍ എന്നാ കരുതിയത്‌. ഒട്ടും സ്ത്രീകള്‍ ഇല്ലാതയില്ലെന്കിലും, പെണ്‍കുട്ടികള്‍ കുറഞ്ഞതിനാല്‍ വിവാഹം നടക്കാത്ത ധാരാളം ആണുങ്ങള്‍ ഉള്ള ഗ്രാമങ്ങള്‍ ഉത്തരേന്ത്യയില്‍ ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു.

Jyothi Sanjeev : said...

echmukutty, njan vaayichathaanu ee vartha. bangalore polulla nagarathilum pennkuttikale venda,.........manassu vedhanichhu post vaayichittu. valare valare nannaayi post.

ഗൗരിനാഥന്‍ said...

എച്മു വാര്‍ത്ത വായിച്ചിരുന്നു, പ്രത്യേകിച്ച് ഞെട്ടലുകളില്ലാതെ ഇതു വായിക്കാന്‍ തുടങ്ങിയിരിക്കുന്നു..ഇവിടെ ഞങ്ങള്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്..സ്ലൈഡ് ഷൊവ് ഒക്കെ ആയി നടന്നു കുറേ കാലം. രജസ്ഥാനില്‍ ഗര്‍ഭിണികളുടെ വയറിന്റെ ലക്ഷണം നോക്കി, ഭ്രൂണം ആണോ പെണ്ണോ എന്നു പറയുന്ന ചില ജ്യോത്സ്ന്മാര്‍ ഉണ്ട്..അഞ്ചു മാസത്തിനു ശേഷമെ അതു പറയു. അമ്മക്കപകടമായാലും കുഞ്ഞിനെ തട്ടാന്‍ ചില നാടന്‍ പ്രയോഗങ്ങളും ഇവിടേ ഗ്രാമങ്ങളില്‍ ഉണ്ട്..കണ്ടും , കേട്ടും മരവിപ്പായി തുടങ്ങിയിരിക്കുന്നു..എന്നാലും എച്മു സഹിക്കാനാകതെ എഴുതുന്നത് കാണുമ്പോള്‍ സന്തോഷം..

kaattu kurinji said...

എച്മു , ആ അഫ്രീനൊപ്പം ഫാലകിന്റെയും വാര്‍ത്തകള്‍ നല്‍കിയ ആഘാതം ചെറുതല്ല..ഈ ആര്‍ടികിള്‍ലെക്ക്‌ എത്താന്‍ വൈകിപ്പോയി..എന്റെ ഉള്ളുരുക്കങ്ങള്‍ ഇവിടെ കുറിച്ചിട്ടിട്ടുണ്ട്‌.
http://kaattu-kurinji.blogspot.com/2012/05/blog-post.html

Arif Zain said...

വാക്കുകള്‍ക്ക് തീപിടിച്ചിരിക്കുന്നു. രാജ്യത്ത് പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ അനുപാതം കുറഞ്ഞു വരുമ്പോള്‍ ബേജാറായി ഭ്രൂണഹത്യക്ക് അറുതി വരും എന്നായിരുന്നു പണ്ടൊക്കെ എന്‍റെ പൊട്ടവിചാരം. ഹരിയാണയായിരുന്നു ഈ അസമത്വതില്‍ മുന്‍പില്‍. അന്നത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരം പുരുഷന് എണ്‍പത്തെട്ടോ മറ്റോ ആയിരുന്നു ആ കണക്ക്‌. പക്ഷേ ആ വിചാരത്തിന്‍റെ ശവമെടുപ്പ് കഴിഞ്ഞിട്ടിപ്പോള്‍ ഒരു ദശകം കഴിഞ്ഞു കാണും. ഭ്രാന്തമായ വേഗതയില്‍ 'മാതൃഭൂമി'യുടെ ദുരന്തത്തിലേക്ക്‌ നടന്നടുക്കുന്ന നമ്മുടെ രാജ്യം ലോകത്തിന് മുന്‍പില്‍ നല്ല ഉദാഹരണമാവില്ല മുന്‍പോട്ടു വെക്കുക.
വിടരും മുന്‍പ് തോട്ടക്കാരന്‍ തന്നെ പൂവിനെ ഇറുതെടുത്ത്‌ നിലത്തിട്ട് ചവിട്ടിയരക്കുന്ന ക്രൌര്യത്തിനു ആഫ്രീന്‍ ആണ് അവസാനം വിധേയമായിരിക്കുന്നത്. ഒരേയൊരു സന്തതിയുടെ, അതും പെണ്‍കുട്ടിയുടെ, പിതാവെന്ന നിലയില്‍ ആധിയൊഴിഞ്ഞ ഒരു സമയം എനിക്കുണ്ടായിക്കൂടാ എന്നത് യാഥാര്‍ത്ഥ്യം. ഒരു ദുരന്തം ഉണ്ടാവുമ്പോള്‍ അതിനു കാരണക്കാരായ ആളുകള്‍ മാത്രമാവില്ല ശിക്ഷിക്കപ്പെടുക, അത് കൊണ്ട് ഉണര്‍ന്നു പ്രവത്തിക്കാന്‍ സമയമായി. എന്തിന് ഞങ്ങളെ ജീവനോടെ കുഴിച്ചുമൂടി എന്ന്‍ ചോദിച്ചു പെണ്‍ഭ്രൂങ്ങള്‍ സമൂഹത്തെ കൂട്ടവിചാരണക്ക് വിധേയമാക്കുന്ന കാലം വരുന്നതിനു മുന്‍പ് ഉണരുക.

അനില്‍കുമാര്‍ . സി. പി. said...

എച്ച്മുവിന്റെ കഥകള്‍ താല്‍പര്യത്തോടെ വായിക്കുകയും വളരെ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അടുത്ത കാലത്തായി വരുന്ന എച്ച്മുവിന്റെ ശക്തവും, തീഷ്ണവും, കാലികവുമായ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ഇവിടെയാണ് എച്ച്മുവിനു ഒരല്പം കൂടി ശോഭിക്കുവാന്‍ കഴിയുക എന്ന് തോന്നുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ , അവയെ വായനക്കാരന്റെ മനസ്സില്‍ കനലായി അവ്ശേഷിപ്പിക്കുവാനുള്ള കഴിവ് ഒക്കെ അഭിനന്ദനമര്‍ഹിക്കുന്നു.

ഈ ലേഖനത്തെക്കുറിച്ചും കൂടുതല്‍ പറയണ്ടല്ലോ

SHANAVAS said...

ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട അഫ്രീന്‍... ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ഫാലാക്.. അങ്ങനെ എത്ര കുഞ്ഞുങ്ങള്‍.. ഈ അന്ധകാരത്തിലും മൂന്ന് പെണ്‍കുഞ്ഞുങ്ങളെ പൊന്നാക്കി മാറ്റാന്‍ കഴിഞ്ഞ എനിക്ക് വളരെ സന്തോഷം ഉണ്ട്.. അവരുടെ കളി ചിരികള്‍ക്കിടയില്‍ എന്റെ ഭാരം കുറഞ്ഞ് ഒരു അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്നത് പോലെ തോന്നും എനിക്ക്.. ഈ സുഖം അനുഭവിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവാന്‍.. ബാക്കിയുള്ളവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍.. ഇവിടം സ്വര്‍ഗം ആയേനെ.. ആ നല്ല നാളുകള്‍ക്കു വേണ്ടി കാത്തിരിക്കാം.. ആശംസകളോടെ..

ശ്രീ said...

മുന്നറിയിപ്പ് പോലുള്ള ഒരു ലേഖനം.

നന്നായി, ചേച്ചീ.

vettathan said...

എച്മു ശക്തമായി പറഞ്ഞു.പക്ഷേ പുരുഷ കേന്ദ്രീകൃതമായ നമ്മുടെ കുടുംബ വ്യവസ്ഥിതിയില്‍ നിന്നാണ് സ്ത്രീ പീഡനത്തിന്റെ തുടക്കം.കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ കുടുംബം സ്ത്രീയുടെ കണ്ണീരിലാണ് നട്ടു നനച്ച് വളര്‍ത്തപ്പെടുന്നത്.തുടക്കത്തില്‍ ഭര്‍ത്താവിനും പിന്നെ മക്കള്‍ക്കും അടിമയാകാനാണ് സ്ത്രീയുടെ വിധി.അതില്‍ നിന്നൊഴിവാകണമെങ്കില്‍ തീര്‍ത്തൂം സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവും മനസ്സും അവള്‍ക്കുണ്ടാകണം.

Harinath said...

ഇത്തരം മനസ്ഥിതിയുള്ളവരെ എന്തുകൊണ്ട് മുൻപേ തിരിച്ചറിയുന്നില്ല ?

ജന്മസുകൃതം said...

നന്നായി

മണ്ടൂസന്‍ said...

നല്ല പ്രതികരണം എച്ചുമ്മൂകുട്ടീ. വാക്കുകളുടെ തീവ്രത ആരേയും ഭയപ്പെടുത്തും. എന്തായാലും അങ്ങനേയുള്ള ഒരു ചിന്താഗതി മനസ്സിൽ വച്ച് നടക്കുന്ന ഒരാൾ ബ്ലോഗ്ഗറായി ൻഅമ്മുടെ ഇടയിൽ വരാൻ സാധ്യതയില്ലല്ലോ, അതുകൊണ്ട് ആരും ഇത് വായിച്ച് മാനസാന്തരപ്പെടും എന്ന് ചിന്തിക്കുക വയ്യ. പക്ഷെ എന്തു പറഞ്ഞാലും ഈ പ്രതികരണത്തിന് നല്ലൊരാശംസകൾ തരാതെ വയ്യ.

Unknown said...

നന്നായി ഈ ലേഖനം.

വേണുഗോപാല്‍ said...

തികഞ്ഞ പ്രരാബ്ധത്തില്‍ ജീവിതം പുലരുമ്പോഴും നാലും അഞ്ചും പെണ്‍കുട്ടികളെ വളത്തി വലുതാക്കി വിവാഹം ചെയ്തയച്ചും വിവാഹ ശേഷവും അവരുടെ സൌഖ്യം തിരക്കിയും കൊച്ചുമക്കളുടെ ചിരി കണ്ടും സന്തോഷം കൊണ്ടിരുന്ന ആ പഴയ തലമുറയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം നമിക്കുന്നു...

ഇന്ന് മക്കള്‍ ഒന്നില്‍ കൂടുതല്‍ വയ്യ.. പെണ്‍കുഞ്ഞ് വേണ്ട തുടങ്ങിയ ചിന്തകള്‍ മനുഷ്യനില്‍ മുളപൊട്ടുന്നത് എന്ത് സ്വാര്‍ത്ഥതയുടെ പ്രേരണ കൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്.

ഇത്തരം ജീര്‍ണിച്ച ചിന്താഗതിക്കാര്‍ക്കിടയില്‍ മകളെ കിട്ടിയാല്‍ മഹാലക്ഷ്മിയെ കിട്ടി എന്ന് ചിന്തിക്കുന്നവരും നേരിയ അളവിലെങ്കിലും ഉണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം.

പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്ത ഈ ലേഖനം കുറിച്ചിട്ട എച്ച്മുവിനു അഭിനനന്ദനം ....

മെഹദ്‌ മഖ്‌ബൂല്‍ said...

നന്നായി തന്നെ കാര്യങ്ങള്‍ പറഞ്ഞു ചേച്ചീ..

Manoraj said...

പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം വളരെയധികം ചര്‍ച്ച ചെയ്യേണ്ടത് തന്നെയെങ്കില്‍ പോലും അതില്‍ പെണ്‍കുഞ്ഞിനോടുള്ള വെറുപ്പ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് വേണ്ട എന്ന ചിന്ത ആണിന്റെത് (പിതാവിന്റെത്) മാത്രമെന്ന വാദത്തോട് യോജിക്കുവാന്‍ കഴിയുന്നില്ല. ആഫ്രിന്റെ കേസ് പോലെ ഒട്ടേറെ അപവാദങ്ങള്‍ ഉണ്ടാവാം എങ്കില്‍ പോലും ഏറ്റവും അധികം സ്ത്രീകളില്‍ നിന്നും തന്നെയാണ് പെണ്‍കുഞ്ഞ് വേണ്ട എന്ന വാദം കേള്‍ക്കാറുള്ളത്. അത് ഒരു പക്ഷെ ഗര്‍ഭിണിയായ അവള്‍ തന്നെയാവാം.. അതുമല്ലെങ്കില്‍ അവളുടെയോ അവളുടെ ഭര്‍ത്താവിന്റെയോ അമ്മയില്‍ നിന്നുമാവാം.. ഈയിടെ ഒരു സ്ത്രീ സുഹൃത്തുമായി കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയം സംസാരിച്ചപ്പോള്‍ അടുത്ത പ്രഗനന്‍സിയില്‍ പെണ്‍കുഞ്ഞാവാതിരിക്കുവാന്‍ വേണ്ടുന്ന കാര്യങ്ങള്‍ എന്ന രീതിയില്‍ കുറേ മിഥ്യാധാരണകള്‍ പറയുന്നത് കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. എച്മു പറഞ്ഞത് പോലെ ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും ജനിപ്പിക്കുന്നത് പുരുഷബീജം തന്നെയാണെന്ന് പറയുമ്പോള്‍ അതില്‍ പരമപ്രധാനമായ പങ്ക് വഹിക്കുന്ന ഒരു അണ്ഢത്തെ വിസ്മരിച്ചുവോ എന്ന് തോന്നിപ്പോകുന്നു. മുന്‍പ് ദൂരദര്‍ശനില്‍ സ്ഥിരമായി ഉണ്ടായിരുന്ന ഒരു പരസ്യമുണ്ട്. ഓടിയാടുന്ന പെണ്‍കിടാവ് ഇവള്‍ എന്തോര്‍ത്ത് തലകുനിപ്പൂ എന്ന് പാടികൊണ്ട് എന്‍.എല്‍.ബാലകൃഷ്ണനും പെണ്ണിനെ വേണ്ടെന്ന് പെണ്ണ് പറഞ്ഞാല്‍ അയ്യോ അതെന്തൊരു കഷ്ടം എന്ന് പാടിക്കൊണ്ട് മേനകയും അഭിനയിച്ചു തീര്‍ത്ത രണ്ട് ഫിലുമുകള്‍. ഇവിടെ വിഷയത്തെ ഒരു വിഭാഗത്തിന്റെ പഴി എന്ന രീതിയില്‍ വരച്ചുകാട്ടുവാന്‍ ശ്രമിക്കുന്നുവോ എന്ന് തോന്നിയത് കൊണ്ട് ഇത്രയും എഴുതി എന്നേയുള്ളൂ. അതിനപ്പുറം വിഷയവും വിഷയത്തിന്റെ സീരിയസ്സും അര്‍ത്ഥവ്യാപ്തിയും തീര്‍ത്തും ഉചിതവും കാലീകവും എന്ന് ഞാനും വിശ്വസിക്കുന്നു.

പട്ടേപ്പാടം റാംജി said...

ചിന്തിക്കുന്നതിനപ്പുറത്ത് വലിയൊരു ഭീകരത നമ്മെ തുറിച്ച് നോക്കുന്നു.
ശക്തമായി പറഞ്ഞു.

ajith said...

ചിലര്‍ ആറ്റുനോറ്റിരിക്കുന്നു. ആണോ പെണ്ണോ എന്തായാലും മതിയെന്ന് വച്ച്. ചിലര്‍ പിറവിയിലേ തീര്‍ത്തുകളയുന്നു. ജനിയുടെയും മൃതിയുടെയും മര്‍മ്മമെന്താണ് എച്മു. ഉത്തരം കിട്ടാതെ ഞാന്‍ അലയുകയാണ്.

രമേശ്‌ അരൂര്‍ said...

പെണ്‍ കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ക്ക് ഉള്ള ഇഷ്ടക്കേട് അല്ല മറിച്ച് ആ കുഞ്ഞുങ്ങള്‍ വളര്ന്നുവരുമ്പോള്‍ കുടുംബം അനുഭവിക്കേണ്ടിവരുന്ന സാമ്പത്തികവും മറ്റ് ആചാരപരമായും മറ്റും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് പെണ്‍കുട്ടികളെ വേണ്ട എന്ന നിലപാടിലേക്ക് സമൂഹം എത്തിപ്പെടുന്നത് ..സാമ്പത്തികമായി ബാധ്യത ഉണ്ടാക്കുന്ന ഒരു ജീവി എന്നനിലയിലാണ് പെണ്‍കുട്ടികളെ സമൂഹം കാണുന്നത് .അതിനു ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ തുടച്ചു മാറ്റപ്പെടണം..സ്വര്‍ണ്ണ ത്തോടുള്ള ആര്‍ത്തി വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ എങ്കിലും ഉപേക്ഷിക്കണം..സ്ത്രീധനം ആവശ്യപ്പെടുന്ന ഒരു ഭര്‍ത്താവിനെ വേണ്ട എന്ന് തീരുമാനിക്കണം ... പെണ്ണിന് മറ്റുള്ളവര്‍ വില നല്‍കുന്നില്ല എങ്കില്‍ സ്വയം അത് നേടിയെടുക്കാന്‍ യത്നിക്കണം ..അല്ലാതെ ഇതൊന്നും ഇല്ലാതാകാന്‍ പോകുന്നില്ല ..

Cv Thankappan said...

"ന്താ കുട്ടി?"
"പെണ്‍കുട്ടി"
"ണ്ടാക്കിക്കോ കാശൊക്കെ.."
ലോകജ്ഞാനിയെന്നു നടിക്കുന്ന സുഹൃത്തിന്‍റെ ഉപദേശം ഭര്‍ത്താവിനോട്!
പോരെ പൂരം ഭര്‍ത്താവ്‌ അങ്കലാപ്പിലാകാന്‍,ഇഷ്ടന്‍റെ
മനസ്സമാധാനം നഷ്ടപ്പെടാന്‍.
അങ്ങനെ ചോദിക്കുന്നവരെ
ഉത്തരം മുട്ടിക്കാനും കഴിയണം.
ആണ്‍കുട്ടി ആണെന്നുകേള്‍ക്കുമ്പോള്‍
"ഭാഗ്യവാന്‍"എന്ന അഭിനന്ദനം.
അതാണ് പൊതുവെ സ്ഥിതി.ഇതിനൊക്കെ ബോധവത്കരണം
ആവശ്യമാണ്.ഞങ്ങള്‍ ശ്രമിക്കാറുണ്ട്.
സംഘടനകളും രംഗത്ത്‌ വരണം.
ശ്രീ.രമേശ് സാര്‍ എഴുതിയ അഭിപ്രായം അര്‍ത്ഥവത്താണ്.
ആയതിനോട് ഞാന്‍ പൂര്‍ണമായും
യോജിക്കുന്നു.
അഫ്രീന്‍ മാത്രമല്ല അതിനുശേഷവും
എത്രയോ ദാരുണ.............
ഉള്ളില്‍ കൊള്ളുന്ന ലേഖനം.
ആശംസകള്‍

khaadu.. said...

ലേഖനം നന്നായി..

ente lokam said...

ക്രൂരതകള്‍ ഏറ്റു വാങ്ങാനുള്ള ഉപകരണം
മാത്രം ആയി സ്ത്രീ മാറരുത്...അതിന്റെ
പരിണിത ഫലം ആണ്‌ രമേശ്‌ അരൂര്‍
പറഞ്ഞതുപോലെ ആത്യന്തികം ആയ
ഈ കാഴ്ചപ്പാടുകള്‍...
സ്വന്തം ഭാര്യയെ സ്ത്രീ ആയി കാണാത്ത ഭര്‍ത്താവിനു
പെണ്‍ കുഞ്ഞിനോടും അതെ attitude ആവുമല്ലോ..
കണ്ണൂരാന്റെ കുട്ടികളെപ്പറ്റിയുള്ള ആശങ്കയും കുഞ്ഞുസിന്റെ
പെണ്ണിനെ സൌടര്യത്തിനു വേണ്ടി മാത്രം 'കാമിക്കുന്ന'
ഭര്‍ത്താവിന്റെ കഥയും ഈയിടെ വായിച്ചു..ഇതെല്ലാം
ഇതിന്റെ മറ്റ് വശങ്ങള്‍ ആണ്‌...പെണ്ണ് സമ്പാദിക്കാന്‍
കഴിവില്ലാത്തവള്‍ എന്ന പഴയ സങ്കല്‍പ്പങ്ങള്‍ ഇന്ന് മാറി..
ആ മാറ്റം ആല്‍മ വിശ്വാസം ആയി കരുതാന്‍ പെണ്ണിന് കരുത്ത്
കൂടി ഉണ്ടാവണം...തന്റെ ഉദരത്തില്‍ വളരുന്നത്‌ ആണ്‌ ആയാലും
പെണ്ണ് ആയാലും അതിനെ സ്വന്തം ചോര എന്ന് തിരിച്ചു അറിഞ്ഞു
സ്നേഹിക്കാത്ത പുരുഷനെ വേണ്ടന്ന് വയ്ക്കാന് ഉള്ള കരുത്ത്...
സ്ത്രീധനം ചോദിക്കുന്ന പുരുഷനെ വേണ്ടന്ന് വെയ്ക്കാന്‍ ഉള്ള കരുത്ത്...
അന്നേ ഇതിന്റെ ഒക്കെ ഒരു ചെറിയ ചലനം എങ്കിലും ഉണ്ടാവൂ സമൂഹത്തില്‍..
മാറ്റത്തിന്റെ ചലനം...കാലങ്ങളോളം അടിമകളെപ്പോലെ പണി എടുത്ത നഴ്സുമാര്‍
ഇന്ന് മാറ്റത്തിന്റെ പാതയില്‍ ആണ്‌...അങ്ങനെ ഒരു ചലനം ഉണ്ടാവാന്‍
കുറെ ത്യാഗങ്ങള്‍ സഹിക്കാന്‍ എന്നും ഒരു തലമുറ കുറെ സഹിക്കേണ്ടി വരും...
എങ്കിലും മാറ്റം ഉണ്ടാവും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം...
അഭിനന്ദനങ്ങള്‍ എച്മു ഈ ലേഖനത്തിന്... ‍

ലംബൻ said...

ഞങളുടെ പൊന്നുമോള്‍ ഉണ്ടായപ്പോള്‍ എന്റെ സുഹ്രത്ത് ചോദിച്ചിരുന്നു. "ഇങ്ങോട്ടാണോ, അങ്ങോട്ടാണോ?", ഈ കാഴ്ചപ്പാടാണ് പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ വരെ എത്തി നില്‍ക്കുനത്. സ്ത്രീധനം കര്‍ശനമായി നിരോധിക്കുകയും അത് നടപ്പിലാക്കുകയും വേണം. പുതു തലമുറ സ്ത്രീധനം വേണ്ട എന്ന് പറയാനുള ചങ്കൂറ്റം കാണിക്കണം.

വീകെ said...

നല്ല മൂർച്ചയോടെ തന്നെ എച്മു പറഞ്ഞിരിക്കുന്നു. പുരുഷൻ ചെയ്യുന്ന തെറ്റിന് ശിക്ഷ പെണ്ണിനാണ്.
ഇവിടെ ഗൾഫിൽ പെൺകുട്ടികളുണ്ടാവാനാണ് അഛനമ്മമാർ ആഗ്രഹിക്കുക. ഒരു ആൺകുട്ടി നടന്നു പോകുമ്പോൾ കാൽതട്ടി നിലത്തു വീണാൽ അഛനമ്മാർ ‘എഴുന്നേറ്റ് പോടാ..’ന്നു പറയും ഇവിടെ. അതേ സമയം ഒരു പെൺകുട്ടിയാണു വീഴുന്നതെങ്കിൽ ഓടിവന്നെടുത്ത് പൊക്കാനും ആശ്വസിപ്പിക്കാനും അഛനമ്മമാർ മത്സരിക്കും...!!
ആശംസകൾ എച്മുക്കുട്ടി...

Mohiyudheen MP said...

പെണ്‍കുട്ടികള്‍ പിറന്ന് തുടങ്ങിയാല്‍ തുടങ്ങും ആ കുഞ്ഞിനെ കാണാന്‍ വരുന്നവരുടെ പരിഭവങ്ങളും ഉപദേശങ്ങളും. എനിക്കീയിടെ ഒരു പെണ്‍കുഞ്ഞാണുണ്‌ടായത്‌... എന്നെ അഭിനന്ദിക്കാന്‍ വിളിച്ചവര്‍ പോലും അതിനിടെ പെണ്‍കുഞ്ഞുണ്ടായതിന്‌റെ ലാഭ നഷ്ടക്കണക്കുകള്‍ പറയാതിരിക്കാന്‍ മറന്നില്ല. ചിലത്‌ ഓര്‍മ്മപ്പെടുത്താനും... സമൂഹത്തെ ഈ രീതിയില്‍ മാറ്റിമറിച്ചതിന്‌ ആരാണ്‌ ഉത്തരവാദി ? നല്ല ലേഖനം, നല്ല ഒാര്‍മ്മപ്പെടുത്തല്‍ ഇത്‌ കൊണ്‌ട്‌ ഒരാളുടെയെങ്കിലും മനസ്സ്‌ മാറിയെങ്കില്‍... പിന്നെ ഒരു കാര്യം എനിക്കും ആണ്‍കുട്ടിയുണ്‌ടാവുന്നതാണ്‌ കെട്ടോ ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം.. :))))))

tt said...

Echmukutti,
After a long, long gap I am back to your blog. Verry happy to realise that you have sharpened your language/tools.

I have got some arguments/annexers....but later, but soon. Keep it up.

കുഞ്ഞൂസ് (Kunjuss) said...

പെണ്‍കുഞ്ഞിനെ വേണ്ടയെന്നു വെക്കുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം , പെണ്‍കുഞ്ഞിലൂടെയുണ്ടാവുന്ന ബാധ്യത താങ്ങാനാവാത്തതായി സൃഷ്ടിച്ച സമൂഹത്തിനാണ്. ഒരു ഇരുപത്-മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പു വിദ്യാഭ്യാസവും ജോലിയും ഉള്ള പെണ്‍കുട്ടിയാണെങ്കില്‍ സ്ത്രീധനം വേണ്ടാ എന്ന മനോഭാവമായിരുന്നെങ്കില്‍ , ഇന്ന് വിദ്യാഭ്യാസം കൂടുന്നതനുസരിച്ച് സ്ത്രീധനത്തിന്റെ അളവും കൂടുന്നു എന്നത് മാതാപിതാക്കളെ ഏറെ ഭയപ്പെടുത്തുന്നുണ്ട്.

സ്ത്രീധനം കൊടുത്തില്ലെങ്കില്‍ , അതിന്റെ അളവും തൂക്കവും കുറഞ്ഞുപോയാല്‍ ക്രൂശിക്കപ്പെടുന്ന പെണ്‍കുഞ്ഞിനെയോര്‍ത്തു പല അമ്മമാരും താന്‍ അനുഭവിച്ചത്/ അനുഭവിക്കുന്നത് തന്റേ മകള്‍ക്ക് വരാതിരിക്കട്ടെ എന്നോര്‍ത്തും ഗര്‍ഭചിദ്രത്തിന് കൂട്ടുനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസം പോലും ഈ സന്ദര്‍ഭത്തില്‍ അമ്മക്ക് തുണയാവുന്നില്ല...

മാറ്റം സമൂഹത്തില്‍ നിന്നാണ് തുടങ്ങേണ്ടത്.സമൂഹത്തിന്റെ അടിത്തറ കുടുംബവും.... അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു, പൂച്ചക്കാരു മണി കെട്ടും...?

ശ്രീനാഥന്‍ said...

പെൺകുഞ്ഞുങ്ങളെ കൊല്ലുന്നത് കേരളത്തിലും ഉണ്ടോ ആവോ. ‘മാതൃഭൂമി‘ കാണണം എന്നു തോന്നി. നല്ല കുറിപ്പ്.

Echmukutty said...

ഈ ലേഖനം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത്
ശ്രീ ടി പി ഷുക്കൂർ ചെറുവാടി അദ്ദേഹത്തിന്റെ ബ്ലോഗിലിട്ടിട്ടുണ്ട്. ഇതാണു ലിങ്ക്.

http://shukoorcheruvadieng.blogspot.in/2012/05/damn-female-baby-kill-kill-her.html

the man to walk with said...

:(

ജഗദീശ്.എസ്സ് said...

സിനിമകള്‍ തന്നെയാണ് സമൂഹത്തിന്റെ നാശം. അതി വൈകാരികത പ്രകടിപ്പിച്ച് അവ പല വേഷത്തില്‍ നമ്മേ തെറ്റാധാരണക്കടിമപ്പെടുത്തുന്നു. സിനിമ തീരുമ്പോള്‍ ദുഷ്ട-മൃഗീയ ഭാവങ്ങള്‍ മാത്രം നമ്മുടെ മനസില്‍ അടിയും. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും. സിനിമ, മാധ്യമങ്ങള്‍, സംഗീതം ഇവക്ക് പണം നല്‍കരുത്. പ്രതികരിക്കുക.

Echmukutty said...

ആദ്യം വന്ന മിനിക്ക് നന്ദി. പറഞ്ഞത് ശരിയാണ്. ഹര്യാനക്കല്യാണങ്ങൾ കേരളത്തിൽ നടക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ഹര്യാനയിലും പഞ്ചാബിലും സ്ത്രീകൾ വളരെ ഏറിയ അളവിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണു. അതുകൊണ്ട് മറ്റു നാടുകളിലെ ദരിദ്ര സ്ത്രീകളെ അവർ വിവാഹം കഴിക്കുന്നു. ചുരുക്കം ചിലർക്ക് നല്ല ജീവിതം കിട്ടുന്നുവെങ്കിലും മറിച്ചുള്ള കഥകൾ ധാരാളം.

ജ്യോതിക്ക് നന്ദി. ഇനിയും വരുമല്ലോ.

ഗൌരിനാഥൻ എഴുതിയത് ശരി. അങ്ങനെ ഒരു ജ്യോത്സ്യനിൽ നിന്നും രക്ഷപ്പെട്ട് നാടു വിട്ടവളെ കണ്ടിട്ടുണ്ട്. വിചിത്രമായ ലോകമല്ലേ നമ്മുടേത്? വന്നതിൽ വലിയ സന്തോഷം.

കാട്ടുകുറിഞ്ഞി,
ആരിഫ്,
അനിൽ,
ഷാനവാസ്ജി,
ശ്രീ,
വെട്ടത്താൻ ജി,
മൈഡ്രീംസ്,
വേണുഗോപാൽ,
മെഹ്ദ്മഖ്ബൂൽ
എല്ലാവർക്കും നന്ദി. ഇനിയും വരികയും വായിയ്ക്കുകയും ചെയ്യുമല്ലോ.

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം. കഥകളേക്കാള്‍ ലേഖനങ്ങളാണ് നല്ലതെന്നു തോന്നുന്നു.എനിയ്ക്കിഷ്ടപ്പെട്ടത്

Joselet Joseph said...

ശക്തമായ ലേഖനം.
ഞാന്‍ നോക്കിയിട്ട് ഇനി ചെയ്യാന്‍ ഒന്നേ ബാക്കിയുള്ളൂ. അറബ് രാജ്യങ്ങളെപ്പോലെ സ്ത്രീകള്‍ക്ക് മെഹര്‍ കൊടുത്ത് വിവാഹം കഴിച്ചുകൊണ്ട് പോകുന്ന സംവിധാനം നമ്മുടെ നാട്ടിലും വ്യാപകമാക്കണം. അല്ലാത്തവന്‍ പെണ്ണ്കെട്ടേണ്ട!!!!!. പെണ്‍മക്കള്‍ ഉണ്ടായാല്‍ ഇത്തിരി ചില്ലറ ഇങ്ങോട്ട് കിട്ടും എന്ന് ധരിച്ചു മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ പ്രാര്‍ഥിക്കും.

(ഏഴു സഹോദരിമാര്‍ക്ക് ശേഷം അവസാനം എട്ടാമാനായി ആണ് ഞാന്‍ ജനിച്ചത്‌. എന്‍റെ മാതാപിതാക്കളെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കാന്‍ അവസരമോരുക്കിയത്തില്‍ നന്ദിയറിയിക്കുന്നു.)

Echmukutty said...

മനുവിന്റെ അഭിപ്രായം വായിച്ചു. അത് ആണിന്റെ മാത്രം വാദമാണ് എന്ന് ഞാൻ എഴുതിയിട്ടുണ്ടെന്ന് തോന്നുന്നില്ല.മകളുടെ അച്ഛൻ ആത്മാർഥമായി വിചാരിച്ചാൽ അവൾക്ക് നേരെ നടക്കുന്ന ഒരുപാട് അനീതികളെ ചെറുക്കാൻ കഴിയും എന്നത് ഒരു വെറും സത്യമാണ്. മകനു പെൺകുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നറിഞ്ഞ് ബഹളം വെയ്ക്കുന്ന അമ്മയെ മകനു തിരുത്താൻ കഴിയണം. അപ്പോഴേ മകൻ മകനാകുന്നുള്ളൂ. ജനിക്കാൻ പോകുന്ന പെൺകുഞ്ഞിന്റെ അച്ഛനുമാകുന്നുള്ളൂ.നമ്മുടെ കുഞ്ഞിനെ അത് ആണായാലും പെണ്ണായാലും ആത്മവിശ്വാസത്തോടെ തന്റേടത്തോടെയും നമ്മൾ വളർത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ്, ഭാര്യയ്ക്ക് ധൈര്യം കൊടുക്കുമ്പോഴേ പുരുഷൻ ഭർത്താവുമാകുന്നുള്ളൂ. ആ ചുമതലകൾ ചെയ്യാതെ പെണ്ണുങ്ങൾക്കാണ് എതിർപ്പ് എന്നു പറയുന്നത് പുരുഷന്മാരുടെ ചുമതലകളിൽ നിന്നുള്ള ഒഴിഞ്ഞു മാറലാണ്. വീട്ടിലെ പ്രഥമ അധികാരി സാമ്പത്തീക മേൽക്കോയ്മകൊണ്ടായാലും സാമൂഹിക നിലപാടു കൊണ്ടായാലും എന്നും പുരുഷൻ തന്നെയാണ്. സമൂഹത്തിന്റെ നടത്തിപ്പുകാരും, അധികാരവും പദവിയും കൈയാളുന്നവരും യുഗങ്ങളായി പുരുഷന്മാരാണ്. സമൂഹം ഇങ്ങനെയായതിൽ പുരുഷ മൂല്യ ബോധങ്ങൾക്ക് വളരെ വലിയ പങ്കുമുണ്ട്. അതുകൊണ്ട് ഈ സമൂഹത്തെ മാറ്റാനുള്ള യുദ്ധങ്ങളിൽ പുരുഷൻ കഠിനമായി പരിശ്രമിക്കുകയും ഒന്നാമനായി പങ്കെടുക്കുകയും വേണം.

അണ്ഡത്തെ മറന്നല്ല എഴുതിയത്. അങ്ങനെ ഒരു തോന്നൽ വായനയിൽ കിട്ടുന്നുണ്ടോ? സ്ത്രീയിൽ XX ക്രോമോസോമും പുരുഷനിൽ XY ക്രോമസോമും ആണുള്ളത്. ബീജത്തിലെ Y ക്രോമോസോമും അണ്ഡത്തിലെ X ക്രോമോസോമും തമ്മിൽ ചേരുമ്പോൾ ആൺകുട്ടിയും ബീജത്തിലെയും അണ്ഡത്തിലെയും XX ക്രോമോസോമുകൾ തമ്മിൽ ചേരുമ്പോൾ പെൺകുട്ടിയും ജനിക്കുന്നു. പുരുഷ ബിജമാണ് X നെയും Y നെയും നിർണ്ണയിയ്ക്കുന്നത്. അതാണു ഞാൻ എഴുതിയത്.

ഇനീം വായിക്കുമല്ലോ.

Manoraj said...

മകനു പെൺകുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നറിഞ്ഞ് ബഹളം വെയ്ക്കുന്ന അമ്മയെ മകനു തിരുത്താൻ കഴിയണം. അപ്പോഴേ മകൻ മകനാകുന്നുള്ളൂ. ജനിക്കാൻ പോകുന്ന പെൺകുഞ്ഞിന്റെ അച്ഛനുമാകുന്നുള്ളൂ.നമ്മുടെ കുഞ്ഞിനെ അത് ആണായാലും പെണ്ണായാലും ആത്മവിശ്വാസത്തോടെ തന്റേടത്തോടെയും നമ്മൾ വളർത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ്, ഭാര്യയ്ക്ക് ധൈര്യം കൊടുക്കുമ്പോഴേ പുരുഷൻ ഭർത്താവുമാകുന്നുള്ളൂ. :) :) ഹി..ഹി.. ഇതോടൊക്കെ തീര്‍ച്ചയായും യോജിക്കുന്നു എച്മു. പക്ഷെ അപ്പോള്‍ പോലും അത്തരത്തില്‍ ചിന്തിക്കുന്നതിനേക്കാള്‍ അത്തരത്തില്‍ അഭിപ്രായപ്പെടുന്ന സ്ത്രീയെ തിരുത്താന്‍ ശ്രമിക്കുന്നില്ല എന്നതാണ് പരമമായ കുറ്റം എന്നതാണ് ചിന്താകുഴപ്പത്തിലാക്കുന്നത്. എന്തായാലും പോസ്റ്റിലെ ഇന്റന്‍ഷനെ ഞാന്‍ മാനിക്കുന്നു എന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട് അതില്‍ ഇനി ക്ലാരിഫിക്കേഷന്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പിന്നെ രണ്ടാമത്തെ പോയിന്റ്, എക്സ്, വൈ ക്രോമസോമുകളുടെ കാര്യം.. അത് ഇപ്പോള്‍ എച്മുവിന്റെ മറുപടിയില്‍ നിന്നും കൂടുതല്‍ വ്യക്തമായി. ആ ഭാഗത്ത് എച്മു പറഞ്ഞതോട് ഇപ്പോള്‍ കൂടുതല്‍ യോജിക്കുന്നു. ഞാന്‍ അല്പം കൂടെ വേഗ് ആയിട്ടായിരുന്നു ആ ഭാഗത്തെ വായിച്ചത് എന്നതാവാം അത്തരമൊരു തെറ്റിദ്ധാരണ ഉണ്ടാക്കിയത്. തീര്‍ച്ചയായും ഇനിയും വായിക്കും. വായിക്കാതിരിക്കാന്‍ ആവില്ലല്ലോ :)

കൈതപ്പുഴ said...

പ്രസക്തമായ ഒരു വിഷയം....
നന്നായി ഈ ലേഖനം.

കൊമ്പന്‍ said...

ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു അന്ന് വായിച്ചത് മനുഷ്യന്‍ പുരോഗതിയിലേക്ക് കുതിക്കുന്നു എന്ന് പറയുമ്പോഴും ബുദ്ധി പരമായി ഒരു പുരോഗതിയും ഉണ്ടാവുന്നില്ല എന്നല്ലാതെ എന്ത് പറയാന്‍ ജനിപ്പിക്കുന്ന തന്ത തന്നെ ഇല്ലാതാക്കുമ്പോള്‍ അതിന്റെ ഗൌരവം എത്രത്തോളം ആണെന്ന് ചിന്തകള്‍ക്ക് അപ്പുറത്താണ്

ചന്തു നായർ said...

കുഞ്ഞൂസ്സ് പറഞ്ഞതിനോട് പിന്താങ്ങുന്നൂ...മാറ്റം സമൂഹത്തില്‍ നിന്നാണ് തുടങ്ങേണ്ടത്.സമൂഹത്തിന്റെ അടിത്തറ കുടുംബവും.... അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു, പൂച്ചക്കാരു മണി കെട്ടും...?

TPShukooR said...

കരളലിയിക്കുന്ന അവതരണം. മനുഷ്യന്‍ നാശത്തിന്‍റെ വഴിയില്‍ ഇനിയും എത്ര ദൂരം പോകുമെന്ന് ആര്‍ക്കറിയാം.

ഈ ലേഖനം മലയാളം അറിയാത്തവര്‍ക്കായി ഇംഗ്ലീഷില്‍ ഇവിടെ വായിക്കാം.

Admin said...

നല്ല ലേഖനം... മനസ്സ് പൊള്ളിക്കുന്നത്...

jayanEvoor said...

പെൺ തരിയറ്റാൽ കുറ്റിയറ്റു...!
ആരു ചിന്തിക്കാൻ....

നല്ല ലേഖനം , എച്ച്മൂസ്!

Echmukutty said...

ഹരിനാഥ്,തിരിച്ചറിഞ്ഞാലും പഠിപ്പും വരുമാനവുമില്ലാത്തവർക്ക് പ്രതികരിക്കാൻ കഴിയില്ല.
അതുകൊണ്ട് മൌനമായിരിക്കും.
ലീല ടീച്ചർക്ക് നന്ദി.
മണ്ടൂസൻ,
രാംജി,
അജിത് എല്ലാവർക്കും നന്ദി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അഞ്ചു പെണ്മക്കളെ എനിക്കു തന്ന ഭാഗ്യമേ ..... ദൈവമേ നന്ദി.

നല്ല എഴുത്ത്......

Echmukutty said...

രമേശിന്റെ ആശയങ്ങളോട് യോജിക്കുന്നു. പെൺകുഞ്ഞുങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായി വളർത്തണം എന്ന് അവരുടെ മാതാപിതാക്കന്മാർ തീരുമാനിക്കണം. സ്ത്രീധനം കൊടുത്ത് പടിയിറക്കേണ്ട അന്യന്റെ മുതലാണ് പെൺകുട്ടിയെന്ന് അച്ഛനും അമ്മയ്ക്കും തോന്നിയാൽ ആ പെൺകുട്ടിയ്ക്ക് പിന്നെ ആത്മാഭിമാനമില്ല. കല്യാണവും അമ്മയാവലും മാത്രമല്ല പെൺജീവിതത്തിന്റെ ഏക മാത്ര ലക്ഷ്യമെന്ന് പെൺകുട്ടിയെ ബോധ്യപ്പെടുത്തണമെങ്കിൽ ആ ബോധ്യം ആദ്യം അവളുടെ അമ്മയ്ക്കും അച്ഛനും ഉണ്ടാകേണ്ടതുണ്ട്.

തങ്കപ്പൻ ചേട്ടൻ,
ഖാദു വായിച്ചതിൽ നന്ദി.ഇനിയും വായിക്കുമല്ലോ.

എന്റെ ലോകത്തിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു.

ലംബൻ,
വി.കെ,
മൊഹി എല്ലാവർക്കും നന്ദി.

ടിടി എവിടെയായിരുന്നു? വന്നതിൽ സന്തോഷം. ഇനിയും വരുമല്ലോ.

കുഞ്ഞൂസ്സ് പറഞ്ഞത് തികച്ചും ശരി. കഴിയുന്നവർക്കെല്ലാം മണികെട്ടാൻ കൂടാം. ഞാനായിട്ടെങ്ങനാ എന്നു കരുതാതെ,മാറി നിൽക്കാതെ എനിക്കും കുഞ്ഞൂസ്സിനും ഉൾപ്പടെ എല്ലാവർക്കും അല്ലേ?

Echmukutty said...

ശ്രീനാഥൻ മാഷ് വന്നതിൽ സന്തോഷം. “മാതൃഭൂമി“ നൊമ്പരപ്പെടുത്തുന്ന ഒരു മുറിവാണ്. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും പെൺകുട്ടികളുടെ എണ്ണത്തിൽ മുൻപത്തേതിലും കുറവുണ്ടെന്ന കാനേഷുമാരി കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. അപ്പോൾ .....കൊല്ലുന്നുണ്ടാവാം, വയറ്റിൽ വെച്ചു തന്നെ.. ആവോ?

ദ് മാൻ ടു വാക് വിത്,
ജഗദീശ്,
കുസുമം,
ജോസലൈറ്റ് എല്ലാവർക്കും നന്ദി. ഇനിയും വായിക്കുമല്ലോ.
മനു വിശദീകരിക്കണ്ട എന്നു പറഞ്ഞതുകൊണ്ട് ഞാൻ ഇനി ഒന്നും പറയുന്നില്ല കേട്ടൊ.

Echmukutty said...

കൈതപ്പുഴ,
കൊമ്പൻ,
ചന്തുവേട്ടൻ,
ടി പീ ഷുക്കൂർ,
ശ്രീജിത്ത്,
ജയൻ,
ഉഷശ്രീ എല്ലാവർക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.

A said...

നമ്മുടെ നാട്ടിലെ പോലെയുള്ള ലിംഗവിവേചനം മറ്റൊരു രാജ്യത്തും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
സ്ത്രീധനക്കല്ല്യാണത്തിനു സ്ത്രീകള്‍ തന്നെ വിസമ്മതിക്കുകയും, വിദ്യയോ മറ്റു പര്യാപ്ത തൊഴിലുകളോ
സ്ത്രീകള്‍ നന്നായി സ്വായത്തമാക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിനുള്ള ആദ്യപടി പരിഹാരമാര്‍ഗം.
മറ്റു കാര്യങ്ങള്‍ മുറപോലെ സംഭവിച്ചു കൊള്ളും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈയിടെ ഇവിടെവെച്ച് വായിച്ചൊരു ലേഖനത്തിൽ പറയുന്നത് , സമീപഭാവിയിൽ നോർത്തിന്ത്യയുടെ പല ഭാഗങ്ങളിലും ‘ഹോമോ’കളെകൊണ്ട് നിറയുമെത്രെ..!

അവരെ പറഞ്ഞിട്ട് കാര്യമില്ലെന്നാണ് പറയുന്നത് അവർക്കാർക്കും കാര്യം നടത്താൻ പെണ്ണുങ്ങളെ കിട്ടാത്തതുകൊണ്ടാണ് കേട്ടൊ

Sidheek Thozhiyoor said...

എങ്കിലും അഫ്രീൻ… നിന്റെ അരുമയായ മുഖം മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിയ്ക്കുന്നു...
വായിച്ചു കഴിഞ്ഞപ്പോള്‍ ഇതാണ് പറയാന്‍ തോന്നിയത് കൂടെ അനില്‍ കുമാര്‍ സി പി പറഞ്ഞഅഭിപ്രായത്തിന് ഒരു അടിവരയും ചാര്‍ത്തട്ടെ : അടുത്ത കാലത്തായി വരുന്ന എച്ച്മുവിന്റെ ശക്തവും, തീഷ്ണവും, കാലികവുമായ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ഇവിടെയാണ് എച്ച്മുവിനു ഒരല്പം കൂടി ശോഭിക്കുവാന്‍ കഴിയുക എന്ന് തോന്നുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ , അവയെ വായനക്കാരന്റെ മനസ്സില്‍ കനലായി അവ്ശേഷിപ്പിക്കുവാനുള്ള കഴിവ് ഒക്കെ അഭിനന്ദനമര്‍ഹിക്കുന്നു.

Echmukutty said...

സലാമിനും മുരളീ ഭായിക്കും സിദ്ദീക് ജിയ്ക്കും നന്ദി. വായിച്ചതിൽ സന്തോഷം.

M. Ashraf said...

നല്ല ലേഖനം. പത്രത്തില്‍ വായിച്ചതുകൊണ്ടാണ് വരാന്‍ വൈകിയത്. കാലിക വിഷയങ്ങളില്‍ ഇനീം ശക്തമായ കുറിപ്പുകള്‍ ഉണ്ടാവട്ടെ. അഭിനന്ദനങ്ങള്‍

Roshan said...

'Sex ratio' എന്താണ് എന്നും,അതില് ശാസ്ത്രിയത എത്ര മാത്രം ഉണ്ട് എന്നും;
'Missing women ' എന്ന പദം എന്ന് മുതല് വന്ന് എന്നൊക്കെ പരിശോദിക്കുന്നത് നന്നായിരിക്കും.

പ്രസൂന് ന്റെ ഈ ലേഖനങ്ങള് നോക്കു -
1) http://prassoon.wordpress.com/2009/12/07/female-feticide-%E2%80%93-a-mysterious-propaganda

2) Read http://prassoon.wordpress.com/2011/06/14/is-boy-preference-a-brain-product-of-cfr/


പിന്നേ എന്താണ് ഈ 'atrocity literature ' എന്നൂം , അതിന്ന്റെ 'അവശ്യകത' എന്താണ് എന്നും മനസ്സിലാക്കുക.

Roshan said...

@Salam,

"നമ്മുടെ നാട്ടിലെ പോലെയുള്ള ലിംഗവിവേചനം മറ്റൊരു രാജ്യത്തും ഉണ്ടാവുമെന്ന് തോന്നുന്നില്ല."

എത്ര തെറ്റായ 'മടയത്തരമായ' 'conclusion'.

സഹോദരാ, 'sex ratio' ആണ് ലിംഗവിവേചനം മാനദണ്ധം എങ്കില് മധുര മനോഹര മനോഞ്ഞ ചൈന യെ മറന്നോ?

പിന്നെ എന്റെ അദ്യത്തെ 'comment ഇലെ ലിങ്കുക്കള് നോക്കു.
'sex ratio ' വെച്ചു മാത്രം സ്ത്രി വിരുദ്ധത മാത്രം ആരോപിയ്കുന്നത് ശാസ്ത്രീയമായി ശരിയല്ല.
'Sposual violence/death' ; ' prostitution' ഇതിലൊക്കെ എത് രാജ്യക്കാര്‍ ആണ് 'മുന്നില്' എന്ന് ആര്ക്ക് എങ്കിലും അറിയാമ്മോ?
അല്ല, വെള്ളക്കാര്‍ പറഞ്ഞാലെ അതു കണക്കിലെടുക്കേന്ടത് ഉള്ളോ?

പഥികൻ said...

പ്രതികരണത്തിനു ആശംസകൾ..എന്നാലും ഇതെഴുതേണ്ടത് ഇവിടെയല്ല....മലയാളികളൂടെ പ്രതികരണം കൊണ്ട് ഒരു വ്യത്യാസവുമുണ്ടാകാൻ പോകുന്നില്ല...

Roshan said...

അനുരാഗ് സാന്ഗീയുടെ ഈ ലേഖനം നോക്കു -
http://quicktake.wordpress.com/2010/09/13/and-let-slip-the-dogs-of-war/
"At any point, 35%-45% of the adult population in the US and UK, for whom data is available, are unmarried. That is 1000% more than India’s unmarried population. How will it affect women and children when projections show that “the population of unmarried women will soon surpass the number of married women”.
"In these movement patterns, a significant destination is Europe, which possibly has the highest prostitutes-to-populations ratio – along with the USA."

‍ആയിരങ്ങളില്‍ ഒരുവന്‍ said...

കപട സദാചാര മൂല്യങ്ങൾ കൊട്ടി ഘോഷിക്കുന്ന നമ്മുടെ സമൂഹം ഇന്ന് പെൺഭ്രൂണഹത്യ രഹസ്യമായും പരസ്യമായും ചെയ്യുന്നു.. എന്നിട്ട് സമൂഹത്തെ ഉദ്ധരിക്കാൻ രാഷ്ട്രീയ പാർടികളുടെയും സമുദായ പാർട്ടികളുടെയും പിന്നിൽ ഇങ്ക്വിലാബ് വിളിക്കുകയും വാ തോരാതെ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വിലപിക്കുകയും ചെയ്യുന്നു..

അറിഞ്ഞും അറിയാതെയും എത്ര എത്ര അഫ്രിൻ നമുക്ക് പിന്നിലും മുന്നിലും ..!! ആരാണ് ഉത്തര വാദികൾ..!!
ഈ നാട് ഒരിക്കലും നന്നാകില്ല.. !!

ഐക്കരപ്പടിയന്‍ said...

പെണ്‍ കുഞ്ഞ് പിറന്നു എന്നറിഞ്ഞാല്‍ അപമാനിതനായി ആളുകള്‍ക്കിടയില്‍ നിന്നും മാറി നടന്നിരുന്ന, ആ പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന, പ്രവാചകനു മുംബുള്ള കാട്ടറബികള്‍ നമ്മേക്കാള്‍ നല്ലവരായിരുന്നു. അവരെ ജനിക്കാനെങ്കിലും അനുവദിച്ചിരുന്നു എന്നതിനാല്‍....

പെണ്‍കുട്ടികളെ സന്തോഷത്തോടെ വളര്‍ത്താന്‍ മനസ്സ് തന്ന ദൈവത്തിന് നന്ദി!

പതിവു പോലെ ഇതും നന്നായി !

krishnakumar513 said...

കാലികമായ ലേഖനത്തിലൂടെ നന്നായി പ്രതികരിച്ചിരിക്കുന്നു....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പെണ്‍കുഞ്ഞിനെ തറയില്‍ അടിച്ചു കൊല്ലുന്ന കംസന്മാര്‍ ഉള്ളിടത്ത്‌ ഒരു കൃഷ്ണന്‍ ഇനി എന്നാ പോലും വരിക?
അധികം താമസിക്കല്ലെ എന്നു പ്രാര്‍ത്ഥിക്കാം അല്ലെ

ChethuVasu said...

കേരളത്തിലെ കണക്കുകള്‍ വ്യത്യസ്തമാല്ലെന്നു ഇക്കഴിഞ്ഞ കാനേഷുമാരി കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കാന്‍ കഴിഞ്ഞു .. ശുശുക്കളുടെ ഇടയില്‍ ആണ്‍ -പെന്‍ അനുപാതം ഒന്നിനേക്കാള്‍ കൂടുതലാണ് . ഇത് കേരളത്തിന്റെ ഇത് വരെ നാം അറിയുന്ന പൊതു ചിത്രത്തിന് വിരുദ്ധമാണ് .

സമൂഹം മനുഷ്യത്വം ഉപേക്ഷിക്കുന്നു എങ്കില്‍ സമൂഹത്തിലെ അമ്മമാരെ നിരീക്ഷിക്കേണ്ടി വരും. സമൂഹത്തെ സൃഷ്ടിക്കുന്നതും മുലപ്പാലിനൊപ്പം മൂല്യങ്ങള്‍ ചുരത്തി കൊടുടുത്തു വളര്‍ത്തുന്നതും അവരാണ് .. ഗാന ദോഷങ്ങളും അവരെ ആശ്രയിച്ചിരിക്കുന്നു . അമ്മ്മയില്‍ നിന്നും മനുഷ്യത്വം ഉള്‍ക്കൊണ്ട ഒരു കുട്ടി മുതിര്‍ന്നു കഴിമ്പോള്‍ ആ മനുഷ്യത്വം ഉപക്ഷിക്കുന്നതല്ല !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"അമ്മ്മയില്‍ നിന്നും മനുഷ്യത്വം ഉള്‍ക്കൊണ്ട ഒരു കുട്ടി മുതിര്‍ന്നു കഴിമ്പോള്‍ ആ മനുഷ്യത്വം ഉപക്ഷിക്കുന്നതല്ല !"

ചെത്തുവാസു,

എല്ലായ്പ്പോഴും ഇതു ശരി ആയിരിക്കുമൊ?

ബാല്യത്തില്‍ അച്ഛനമ്മമാര്‍ ആണ്‌ ശിശുവിന്റെ നോട്ടത്തില്‍ ഏറ്റവും അറിവുള്ളവര്‍. അവര്‍ പറയുന്നതിനപ്പുറം ഒന്നും അവന്‍/അവള്‍ വിശ്വസിക്കില്ല.

അല്‍പം കഴിഞ്ഞാല്‍ സ്കൂളിലെത്തി. അവിടെ ഉള്ള അദ്ധ്യാപകര്‍ ആണ്‌ അപ്പോള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ നോട്ടത്തിലെ ഏറ്റവും വിവരം ഉള്ളവര്‍. അച്ഛനുമമ്മയും പറയുന്നതിനെ ഇപ്പോള്‍ അവന്‍ എതിര്‍ക്കും പക്ഷെ അദ്ധ്യാപകര്‍ പറയുന്നത്‌ വിശ്വസിക്കും

അടുത്ത പടി ആണ്‌ അപകടം പിടിച്ചത്‌
കൂട്ടുകാര്‍ ആണ്‌ അവിടെ ഏറ്റവും വിവരം ഉള്ളവര്‍ - ഇനി അവന്‍ അല്ലെങ്കില്‍ അവള്‍ ആ കൂട്ടുകാര്‍ പറയുന്നതെ വിശ്വസിക്കൂ

അച്ഛന്‍ അമ്മ അദ്ധ്യാപകര്‍ ഇവര്‍ പുറത്ത്‌

അങ്ങനെ ആലോചിക്കുമ്പൊഴോ?

റോസാപ്പൂക്കള്‍ said...

അഫ്രീൻ… നിന്റെ അരുമയായ മുഖം മനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിയ്ക്കുന്നു.

ChethuVasu said...

പണിക്കരേട്ടാ , ( ബഹു : ഹെരിട്ടെജു ജി :-) )

അതേയ് , ശാസ്ത്രീയമായി പറഞ്ഞാലേ , ഒരു കുട്ടിയുടെ ഇമ്പ്രേഷണബിള്‍ എയ്ജില്‍ , പ്രത്യേകിച്ചും ടീനെജിനു മുന്‍പേ ഉള്ള കാലഘട്ടത്തില്‍ ( പയ്യന്‍ (പയ്യി ) 'സ്വതന്ത്രന്‍ ആണ് എന്ന് പ്രഖ്യാപിക്കും വരെ ഉള്ള കാലം ) അമ്മ പറഞ്ഞത് കുട്ടിക്ക് ഏറ്റവും വലിയ ലോക സത്യമാണ് . അമ്മ ചെയ്യുന്ന ഓരോ പ്രവൃത്തിയും അവന്റെ (ലവളുടെ ) ബാലപാടമാണ് .. അമ്മ അമ്മൂമ്മയെ സ്നേഹിക്കുന്നു എങ്കില്‍ അത് കുഞ്ഞിനു അറിവാണ് , നേരാണ് . അമ്മ പശുവിനു വെള്ളം കൊടുക്കുന്നെങ്കില്‍ അത് കുഞ്ഞിനു പരജീവി സ്നേഹത്തിന്റെ ബാല പാടമാണ് .. ഒരിക്കല്‍ അത് ഉറച്ചു കഴിഞ്ഞാല്‍ പിന്നീട് ലവന്‍ സ്വതന്ത്രപ്രഖ്യാപനം നടത്തി താന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ് എന്നും , എന്തിനും പോന്ന ഗക കേസരിയാണ് എന്നും , ജനിച്ചു വളര്‍ന്ന കുടുംബതിനപ്പുറം ഉള്ള സമൂഹം എന്നാ വലിയ കുടുംബത്തിലെ വലിയെ ചേട്ടന്മാരെ കണ്ടു പഠിക്കാന്‍ തുടങ്ങിയാലും അവന്റെ മനസ്സില്‍ കുഞ്ഞു നാളിലെ കോറി വരക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങള്‍ എന്നും ഉണ്ടാകും .. പക്ഷെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ വ്യക്തി വികാസം പൂര്‍ണമായി സാധ്യമാകും എന്ന് ധരിച്ചു വശായിരിക്കുന്ന സാമൂഹ സൃഷ്ടാക്കളുടെയും , വിദ്യാഭ്യാസ വിചക്ഷണന്‍ (?) മാരുടെയും കഴിവില്ലായ്മയും ചിന്താശേഷിയില്ലയ്മയും കൊണ്ട് ,ഉത്തമ പൌരന്‍ വിദ്യാഭ്യാസത്തിന്റെ ഉത്പന്നമാണ് എന്നും അവന്റെ സ്രുഷിക്കു പിന്നില്‍ മൂല്യ സമ്പുഷ്ടമായ കുടുംബ ബന്ധങ്ങളുടെ ആവശ്യം ഇല്ല എന്നും ഉള്ള കപട സന്ദേശം സമൂഹത്തില്‍ പരക്കപ്പെട്ടിരിക്കുന്നു .

മനുഷ്യന്‍ , ജനിതകപരമായി , വിദ്യാഭ്യാസം നേടുന്നത് അവന്റെ അറ്റവും അടുത്തുള്ള ചുറ്റുപാടുകളില്‍ നിനാണ് . പ്രകൃതി, കുടുംബം എന്നിവ അതില്‍ മുഖ്യം , കുടുംബത്തില്‍ ഏറ്റവും മുഖ്യം അമ്മ തന്നെ . കാരണം കുട്ടി ആദ്യം അറിയുന്നത് അമ്മയെ ആണ് .. ദൈവത്തെ ഒക്കെ അവന്‍ അറിയണം എങ്കില്‍ അമ്മ പറഞ്ഞു കൊടുക്കണം .. ദൈവം പോലും നില നില്‍പ്പിനു അമ്മമാരെ ആശ്രയിക്കുന്നു .

പക്ഷെ അമ്മയും കുഞ്ഞും തമ്മിലുള്ള ആശയ വിനിമയത്തിനെ മാധ്യമം സ്നേഹവും , പരിലാളനയും പരിഗണനയും ആണ് . . സമയം ഇതില്‍ ഒരു പ്രധാന ഖടകം ആണ് . കുട്ടിക്ക് നീക്കി വക്കാന്‍ അമ്മമാര്‍ സമയം കണ്ടെതെണ്ടാതുണ്ട് . കുട്ടി ജനിതകപരമായി തന്നെ അത് അവന്റെ മാനസിക വികാസത്തിന് അത് ആവശ്യപ്പെടുന്നു ..ആദ്യം അമ്മയെ കണ്ടും പിന്നെ അച്ഛനെ കണ്ടും പിന്നെ നാട്ടിലെ പ്രധാന പയ്യന്‍സ് ആയ ചെട്ടന്മാരെക്കണ്ടും ഒക്കെ അവന്‍ പഠിച്ചു വരുമ്പോഴും അവന്റെ ബേസ് ആദ്യം അവനെ സ്വാധീനിച്ചു അവന്റെ വ്യക്തിത്വത്തിന്റെ അസ്ഥിവാരമിട്ട അമ്മയുടെ മാനുഷിക സ്വഭാവ ഗുണങ്ങള്‍ തന്നെ ആയിരിക്കും എന്ന് കരുതേണ്ടി വരുന്നു ..സ്റ്റാന്‍ഡേര്‍ഡ് ദീവിയെഷന്‍സ് ഉണ്ടാകാം എങ്കിലും ..!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാസുവേട്ടാ

സാമാന്യവല്‍ക്കരണം ശരിയല്ല എന്നെ ഞാനും ഉദ്ദേശിച്ചുള്ളു.
പക്ഷെ അതിനപ്പുറം ഒരു മാനം കൂടി താങ്കളുടെ എഴുത്തില്‍ നിന്നും വായിച്ചെടുക്കാം

അടിസ്ഥാനപരമായ സ്വഭാവവിശേഷം.

അതെവിടെ നിന്നു വരുന്നു?

ഒരേ അമ്മയ്ക്കുണ്ടാകുന്ന രണ്ടു മക്കള്‍ വ്യത്യസ്ഥസ്വഭാവക്കാരാവില്ലെ? അപ്പോള്‍ അമ്മ മാത്രമല്ല

പറഞ്ഞു പറഞ്ഞ്‌ 'തലവര ' യില്‍ എത്തും അല്ലെ ഹ ഹ ഹ :)

അതാ കാര്യം

ChethuVasu said...

തീര്‍ച്ചയായും പണിക്കരേട്ടന്‍ പറയുന്നത് തന്നെ കാര്യം .. ജനിതകമായ "തലവര " എന്നത് അടിസ്ഥാനപരമായ ഒരു സത്യം തന്നെ .. പക്ഷെ അത് മാറ്റാന്‍ തക്കാലം നമുക്ക് ഒന്നും ചെയ്യാന്‍ ആവില്ല .. മാനുഷികതയുടെ അടിസ്ഥാന ഖടകങ്ങള്‍ കൂടിയും കുറഞ്ഞും ഒക്കെ വിവിധ ആളുകളില്‍ ജന്മനാ ഇരിക്കും ... എന്നാല്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം , ഉള്ള നല്ല അടിസ്ഥാന ഗുണങ്ങളെ പരിപോഴിപ്പിച്ചും സംസ്കരിച്ചും മൂല്യ വര്‍ധന നടത്തി എടുക്കുക എന്നതാണല്ലോ. ഓരോ കുട്ടിയുടെ വളര്‍ച്ച കാലത്തും ഇത് സംഭാവിക്കെനട്തുണ്ട് .. ആ മൂല്യ വര്‍ധനയില്‍ ആണ് അമ്മമാരുടെ സ്ഥാനം പ്രസക്തമായി വരുന്നത് ..

സാങ്കേതികമായ ഒരു അനലോജി പറഞ്ഞാല്‍ തലവര - ഹാര്‍ഡ് വയറും , സാംസ്കാരിക മാനവീയത എന്നത് ഈ ഹാര്‍ഡ് വയരിനെമേല്‍ രണ് ചെയ്യുന്ന സോഫ്റ്റ്‌ വെയറും ആണ് .. ഹാര്‍ഡ് വെയര്‍ നമുക്ക് തല്‍ക്കാലം മോഡിഫൈ ചെയ്യാന്‍ പറ്റില്ല (ജനറ്റിക് എന്ജിനീരിംഗ് ഒന്ന് കൂടി മെച്ചപ്പെടും വരെ ) പക്ഷെ സോഫ്റ്റ്‌ വെയര്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ക്കു വിധേയമാണ് .. മനുഷ്യന്‍ സംസ്കാരം വളര്‍ത്തിയെടുത്തത് മാനവീയത ആ സോഫ്റ്റ്‌ വെയര്‍ മാത്രം പരിഷ്കരിചെടുതാനല്ലോ .. ആദിമ പ്രാകൃത മനുഷ്യന്റെ ഹാര്‍ഡ് വെയര്‍ ഇപ്പോഴത്തെ ആളുകളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല . ( ഇടയ്ക്കിടയ്ക്ക് നമ്മള്‍ ആ മോഡിലേക്ക് പോകുന്നത് അത് കൊണ്ട് തന്നെ -പോലീസും , നിയമവും ,പട്ടാളവും ഒക്കെ അത് കൊണ്ട് തന്നെ ) .

മനുഷ്യന്‍ ഇത് വരെ നമ്മള്‍ അറിയുന്നതില്‍ വച്ച് ഏറ്റവും നല്ല ഒരു കോപ്പി മെഷീന്‍ ആണ് .. ഒരു കുട്ടി പ്രത്യേകിച്ചും . നല്ലത് കൂടുതല്‍ കണ്ടു വരുന്ന സാഹചര്യത്തില്‍ വളരുന്ന കുട്ടി നല്ലത് കോപ്പി ചെയ്യും , മറിച്ചും .

വളര്‍ച്ചയുടെ പില്‍ക്കാലങ്ങളില്‍ പുതിയ പലതും അവന്‍ അവന്റെ വളര്‍ച്ചയുടെ ഭാഗമായി കോപ്പി ചെയ്തെന്നു വരും .. മന്‍ഷ്യന്‍ എന്ന് പറയുന്നത് ഇവ എല്ലാത്തിന്റെയും സമഗ്രതയാനല്ലോ .. ആകയാല്‍ , നല്ല സാഹചര്യങ്ങള്‍ ആപേക്ഷികമായി നല്ല തലമുറയെ ശ്രുഷ്ടിക്കുന്നു എന്ന് പറയാം ..

എല്ലാം തലവരയില്‍ അധിഷ്ടിതം തന്നെ , പക്ഷെ ചില വരകളെ കൂടുതല്‍ മിഴിവുള്ളതാക്കി പ്രകാശമാനമാക്കുവാനും, ചില വരകളെ വെള്ളം ചേര്‍ത്ത് ദുര്‍ബലപ്പെടുത്തി മനസ്സിന്റെ പ്രമാണ ചിത്രങ്ങളില്‍ നിന്നും മായ്ച്ചു കളയുവാനും മനസ്സിന്റെ സംസ്കരണ പ്രവൃത്തികള്‍ മുഖേന സാധിക്കും എന്നതിന് നാം മനുഷ്യന്‍ തന്നെയാണല്ലോ ഏറ്റവും വലിയ തെളിവ് ..ബുദ്ധിയില്‍ അധിഷ്ടിതമായ ചിന്തക്ക് സ്നേഹത്തില്‍ ചാലിച്ചെടുത്ത മനുഷ്യ ചൈതന്യം പകന്നു കൊണ്ട് സഹജീവന്റെ സാന്നിധ്യത്തെ കുറിച്ച് ബോധം കൊടുക്കെണ്ടാതായുണ്ട് .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാസുവേട്ടാ
സമ്മതിച്ചിരിക്കുന്നു. നല്ല നിരീക്ഷണങ്ങള്‍.

അമ്മമാര്‍ നല്ല നല്ല സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു വിട്ടാലും പിന്നീട്‌ അതില്‍ വൈറസ്‌ വന്നു കുളമാക്കും.

എന്നു തന്നെ അല്ല വാസുവേട്ടന്‍ തന്നെ ആദ്യം പറഞ്ഞതു പോലെ അമ്മമാര്‍ക്കും അഛന്മാര്‍ക്കും കുട്ടികളോടൊത്ത്‌ ചെലവഴിക്കാന്‍ സമയം ഇല്ല.

ജോലിത്തിരക്കാകാം , ക്ലബ്ബും മറ്റുമാകാം, ടിവി സീരിയലാകാം, കുട്ടികളുടെ റ്റ്യൂഷന്‍ ആകാം അങ്ങനെ അങ്ങനെ അമ്മയെയും അച്ഛനെയും മനസിലാക്കാന്‍ കുട്ടികള്‍ക്കു സമയം കിട്ടുന്നില്ല.

പണ്ടാണെങ്കില്‍ കൂട്ടുകുടുംബങ്ങളും മുത്തശ്ശിമാരും ഉണ്ടായിരുന്നു. ഇന്ന് മരുമക്കള്‍ക്കൊന്നും അമ്മായിയപ്പനോടും അമ്മായിയമ്മയോടും ഒപ്പം താമസിക്കുന്നത്‌ ഇഷ്ടമല്ല്ലാതായിരിക്കുന്നു.

പറഞ്ഞു പറഞ്ഞു കാടുകയറി അല്ലെ ?

നല്ല നല്ല ആന്റിവൈറസ്‌ പ്രോഗ്രാമുകള്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം

kochumol(കുങ്കുമം) said...

ഇപ്പോളാണ് ഇത് വായിക്കാന്‍ സാധിച്ചത് ...!
എന്തെഴുതണം എന്ന് വാക്കുകള്‍ പോലും
കിട്ടുന്നില്ല ...!
പെണ്‍കുട്ടിയെ ആഗ്രഹിച്ചു നടക്കുന്ന ഒരാളാണ് ഞാന്‍ ..!!
വളരെ ശക്തമായ ലേഖനം എച്ച്മു....!!

നീലി said...

ഓരോ പെണ്‍കുട്ടിയുടെയും മുഖം നീലിയെ വിഷമിപ്പിക്കും. ഇതിന്റെ ജീവിതത്തില്‍ ഇനിയെന്തെല്ലാം ദുരിതങ്ങളാണോയെന്നു ചിന്തിക്കുമ്പോള്‍ പണ്ടാരോ പറഞ്ഞത് നീലി ഓര്‍ക്കും, "മണ്ണായ്‌ പിറന്നാലും മരമായ്‌ പിറന്നാലും പെണ്ണായ് പിറക്കല്ലേ ദൈവമേ !" എന്ന്. ആണിനെയപെക്ഷിച്ചു പെണ്ണിന്റെ ജീവിതം എന്നും ദുരിതം തന്നെ, പക്ഷെ അത് ശീലിച്ചു പോയത് കൊണ്ട് നല്ല മനക്കരുത്തുമായി അസ്സലായി പെണ്ണുങ്ങളെപ്പോലെ ജീവിക്കുന്നു, സന്തോഷത്തില്‍ സംതൃപ്തിയില്‍.

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi ee post..... chinthaneeyam..... blogil puthiya post...... PRIYAPPETTA ANJALI MENONU.......

rafeeQ നടുവട്ടം said...

വായിക്കാനും ചിന്തിക്കാനും മാത്രമേ കഴിയുന്നുള്ളൂ.. ഈ ദുരവസ്ഥയെ ആര് പ്രതിരോധിക്കും..?
ഈ കുറിപ്പ് മനുഷ്യനോടു ചേര്‍ന്നു നില്‍ക്കുന്ന മഷി പുരട്ടല്‍!

തീപ്പന്തം said...

മൃഗീയമെന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ക്കപമാനമാകും. അവരിങ്ങനെ ചെയ്യാറില്ലല്ലോ.. മനുഷ്യത്വമെന്നുതന്നെ പറയാം...

Echmukutty said...

വായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.സ്നേഹത്തോടെ...

Prabhan Krishnan said...

ചിന്തോദ്ദീപകമായ പോസ്റ്റ്.
കഥപോലെവായിച്ച കാര്യമായ ഈ എഴുത്തിന്റെ ഉടമയ്ക്ക് ആശംസകള്‍ നേരുന്നു.
സസ്നേഹം പുലരി

സുധി അറയ്ക്കൽ said...

ഹൊ.എന്തൊരു കഷ്ടമാ.