Monday, October 29, 2018

റോസി ടീച്ചർ

https://www.facebook.com/photo.php?fbid=1042997905879503&set=a.526887520823880&type=3&theater
                                             

കന്യാസ്ത്രീമാരുടെ സമരപ്പന്തലിൽ, ആരവങ്ങൾക്കും തിരക്കിനുമിടയിലാണ് കവയിത്രി തന്നെ ചൊല്ലിക്കേൾപ്പിച്ച ഈ കവിത എന്നെ ആഞ്ഞുപുൽകിയത്.പലകാരണങ്ങളാൽ അകറ്റിമാറ്റപ്പെടുന്ന സ്ത്രീകളുടെ എന്നത്തേയും പ്രതീകമായ മഗ്ദലനയിലെ മറിയം. യേശു അവരെ നെഞ്ചോട് ചേർത്തു പിടിച്ചുവെന്ന്, അവരോട് പൊറുത്തുവെന്ന് നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ എന്ന് പ്രഖ്യാപിച്ചുവെന്ന് ബൈബിൾ വായിക്കാൻ പറ്റും. എന്നാൽ അത് നടപ്പിലാക്കുക ഒട്ടകം സൂചിക്കുഴയിലൂടെ പോകുന്നത് പോലെയാണ്. ഏതു സ്ത്രീയേയും എല്ലായ്പോഴും ലൈംഗിക ബന്ധത്തിനു റെഡിയായവൾ, അവസരം കിട്ടിയാൽ ഉടനെ പിഴച്ചു പോകുന്നവൾ എന്ന് ചിത്രീകരിച്ചാണല്ലോ പൊതുസദാചാരബോധം ആയുധമേന്തി കാവലുമായി യുദ്ധോൽസുകരായി നില്ക്കുന്നത്.

യേശു എന്നും സ്ത്രീകൾ ക്കൊപ്പമായിരുന്നു. അവരെ കേൾക്കുന്നതിൽ അവരോട് സംസാരിച്ചിരിക്കുന്നതിൽ അവരുടെ അടുക്കളവ്യഥകൾ അറിയുന്നതിൽ, അനാഥത്വം മനസ്സിലാക്കുന്നതിൽ ഒന്നും യാതൊരു കുറച്ചിലും യേശുവിന് തോന്നിയില്ല. യേശുവിന്റെ പെണ്മയോടുള്ള താദാത്മ്യപ്പെടൽ പുരുഷാധികാരത്തിന് ഒരുകാലത്തും രുചിച്ചിട്ടുമില്ല. അതുകൊണ്ടാണ് ലാസ്റ്റ ടെമ്പ്റ്റേഷൻ ഓഫ് ജീസ്സസ്സ് ക്രൈസ്റ്റ് എന്ന് കസാൻദ്സാക്കീസ് എഴുതിയപ്പോൾ പൊതുമതബോധത്തിന് ഭ്രാന്ത് പിടിച്ചത്.

ദൈവം സ്വന്തം പ്രതിച്ഛായയിൽ പുരുഷനെയാണ് പുരുഷനെ മാത്രമാണ് സൃഷ്ടിച്ച തെന്നാണ് പൊതുവിശ്വാസം. സ്ത്രൈണ ആത്മീയത എന്നൊരു കാര്യമുണ്ടാവാമെന്നു പോലും ആർക്കും തോന്നീട്ടില്ല. റോസി ടീച്ചർ അതിനെക്കുറിച്ച് വിശദമായി എഴുതിയത് ഈ കവിതയുടെ പശ്ചാത്തലത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുതയാണ്.

എന്നെ തടഞ്ഞുനിറുത്താതിരിക്കുക എന്നാണ് കവിത പറയുന്നത്. അത് തന്നെയാണ് പറയേണ്ടതും. മഗ്ദലന മറിയം യേശുവിനെ എങ്ങനെ പിൻതുടർന്നു, സ്നേഹിച്ചു, ആദരിച്ചു, വിശ്വസിച്ചു എന്ന് തികച്ചും കാവ്യാത്മകമായി ടീച്ചർ എഴുതുന്നുണ്ട്. അങ്ങേയറ്റം selfless ആയ ഒരു അനുധാവനമാണത്.

എന്തെങ്കിലും ലഭിക്കാനായി സ്നേഹിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല. മറിയം പാപിനി യേശു ദൈവപുത്രൻ എന്ന വിരുദ്ധ ദ്വന്ദ്വത്തിൽ മാത്രമേ അത് എളുപ്പത്തിൽ വായിക്കപ്പെടൂ. അർഥത്തെക്കുറിച്ച്, വരികൾക്കിടയിലെ വായനയെക്കുറിച്ച് ഒന്നും ചിന്തിക്കുകപോലും ചെയ്യാതെ വേദപുസ്തകം വായിച്ചെത്തിക്കുന്നവരാണല്ലോ അധികവും.

കവിതയെക്കുറിച്ച് അതിൻറ സൂക്ഷ്മമായ ആത്മീയ സൗന്ദര്യപരിചരണത്തെക്കുറിച്ച് ശരിക്കും ഓരോരുത്തർക്കും വ്യത്യസ്ത അനുഭൂതിയാണുണ്ടാവുക. നല്ല കവിതകൾ അങ്ങനെയാകണം. എല്ലാവർക്കും നല്ലൊരു കവിതാ വായന നേരുന്നു. എന്നെ പിടിച്ചു കുലുക്കിയ ഈ വരികൾ ഇവിടെ പകർത്തട്ടെ

"ദൈവത്താൽ
പ്രണയിക്കപ്പെട്ടത്
കൊണ്ട് മാത്രം
അധികാരത്താൽ
പകുക്കപ്പെടുകയും
കാമത്താൽ
പൂരിപ്പിക്കപ്പെടുകയും
അജ്ഞതയാൽ
വെറുക്കപ്പെടുകയും
അവിശ്വസ്തതയാൽ
അപഹസിക്കപ്പെടുകയും
അസൂയയാൾ
ഒഴിവാക്കപ്പെടുകയും
ചെയ്തവൾ
തോറ്റ് പോകാത്തവൾ
പ്രണയത്താൽ
ഉയിർത്തവൾ
മറിയം മഗ്ദലനേ
അത് നീ തന്നെ
തോറ്റ് പോകാ
ത്തവൾ
പ്രണയത്താൽ ഉയിർത്തവൾ തന്നെ"

1 comment:

കുഞ്ഞുറുമ്പ് said...

മനോഹരമായ വരികൾ.