Thursday, May 16, 2019

അഭിമുഖം (Womenspiration)


                                                           
                                                          

കൊടുംക്രൂരതയിൽ
കുരുതിയാവുന്ന
കുഞ്ഞുങ്ങൾ -
എച്മുക്കുട്ടിയുമായുള്ള അഭിമുഖം
- ഒന്നാം ഭാഗം

കുഞ്ഞുങ്ങളോടു ക്രൂരത കാട്ടുന്ന രാക്ഷസീയതക്ക് എന്തു ശിക്ഷയാണ് നൽകേണ്ടത് ?സ്വന്തം പിതാവ് തന്നെയാണ് രാക്ഷസഭാവം പ്രാപിക്കുന്നതെങ്കിലോ ? എന്തുകൊണ്ടാണ് ഇത്തരം നേരങ്ങളിൽ അമ്മമാർ നിശബ്ദരായിപ്പോകുന്നത് ? കേട്ടാൽ വിറങ്ങലിച്ചു പോകുന്ന അക്രമങ്ങൾ വാർത്തയായി, അനുഭവ സാക്ഷ്യമായി എത്തുമ്പോൾ സമൂഹം കൂവിയാർത്തു ചോദ്യവുമായെത്തുന്നു .എന്നാൽ നിസ്സഹായതയുടെ ഒറ്റപ്പെട്ട നിലവിളിയെ സമർത്ഥമായി അവഗണിക്കുകയും ചെയ്യുന്നു .
"ഇത് എന്റെ ജീവിതമാണ് ,ഞാനനുഭവിച്ച അവഹേളനങ്ങളും അക്രമങ്ങളുമാണ് "എന്ന തുറന്നു പറച്ചിലോടെ സ്വന്തം ജീവിതം എഴുതിയ എച്മുക്കുട്ടി ഒരിക്കൽക്കൂടി മനസുതുറക്കുന്നു ..വിമെൻസ്പിറേഷൻ പെൺകൂട്ടായ്മയുടെ ചോദ്യങ്ങൾക്കു മുന്നിൽ ....

സ്വന്തം പിതാവിന്റെ ക്രൂരതകൾ തുറന്നു പറഞ്ഞ രണ്ടുപേർ അഷിതയും എച്മുക്കുട്ടിയും . അഷിത ജീവിതത്തെ ഭസ്മക്കുറിയുടെ നിർമ്മമതയോ ആത്മീയതയോ ഒക്കെയായാണ് ഏറ്റെടുത്തത് .എന്നാൽ അച്ഛനിൽനിന്നും പിന്നീടു തന്റെ കുഞ്ഞിന്റെ അച്ഛനിൽനിന്നുമെല്ലാം ദുരന്തങ്ങൾ ഏറ്റു വാങ്ങിയ എച്മു തികച്ചും വ്യത്യസ്തയാണ് .എന്തുകൊണ്ടാവാം നിർമ്മമതയിലേക്ക് എച്മു എത്തിപ്പെടാതിരുന്നത് ?
▶️അഷിതച്ചേച്ചിക്ക് സംഭവിച്ച ഒരു ഉൾവലിയൽ എനിക്കു സംഭവിച്ചില്ല എന്നത് ശരിയാണ് .അതിന്റെ കാരണമോ ഞങ്ങൾ നേരിട്ട തിരസ്കാരങ്ങൾ തമ്മിൽ ഒരു താരതമ്യമോ ഒന്നും എനിക്ക് ചിന്തിച്ചെടുക്കാൻ പറ്റില്ല .എന്റെ ജീവിതത്തിൽ ഏറ്റവും വലിയ തിരസ്കാരം നേരിട്ടത് അന്ന് തീരെ ചെറിയ കുഞ്ഞായിരുന്ന എന്റെ മകളിൽ നിന്നാണ് .ഒന്ന് കാണാൻ കൊതിച്ചെത്തിയ എന്നെ നോക്കി "നിന്നെ എനിക്കു വേണ്ട "എന്ന് പറയുന്ന മകൾ.... അവൾക്ക് ഞാൻ സ്വീകാര്യ ആവണമെങ്കിൽ ഞാൻ എങ്ങനെയൊക്കെ മാറേണ്ടതുണ്ട് എന്ന് പരിമിതമായിമാത്രം വഴങ്ങുന്ന വാക്കുകൾകൊണ്ടു വ്യക്തമാക്കാൻ ശ്രമിക്കുന്ന കുഞ്ഞ്... ആ നിമിഷം എന്നെ നിസ്സഹായതയുടെ പരകോടിയിൽ എത്തിച്ചു .ആ നിമിഷം എന്നെ ആവേശിച്ച നിർമ്മമതയാണ് അതിനുമുൻപും അതിനുശേഷവും ഞാൻ അനുഭവിച്ച തീവ്രസങ്കടങ്ങൾക്കുംമേലെ ആധിപത്യം പുലർത്തിയത് .അതിലും വലിയൊരു നഷ്ടബോധമുണ്ടായിട്ടില്ല .അതിലും വലിയൊരു തീവ്രാനുഭവവും ഉണ്ടാവാനില്ല എന്ന ബിന്ദുവായി ആ നിമിഷം.അതിനു ശേഷം ജീവിതത്തിൽ എനിക്ക് ഉപാധികൾ ഒന്നും ഉണ്ടായിട്ടില്ല. ചിലർ പറയുന്നത് കേൾക്കാറുണ്ട് ..എനിക്ക് ഇത്ര ചൂട് പറ്റില്ല, ഇത്തരം ജീവിതം പറ്റില്ല ,ഈ ആഹാരരീതി പറ്റില്ല എന്നൊക്കെ... അത്തരം നിർബന്ധബുദ്ധികൾ ഒന്നുമെനിക്കുണ്ടായില്ല, പിന്നീട് .

ബോധപൂർവം അതായത് സ്വന്തം അനുഭവങ്ങളിൽ പൊള്ളി അടരാതെയിരിക്കാനാണോ എഴുതി തുടങ്ങിയത്?
▶️ഞാൻ എവിടെയും തീരെ അടയാളപ്പെടുത്തപ്പെടാതെ പോകരുത് എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് ബ്ലോഗിൽ എഴുതിത്തുടങ്ങിയത്. ബ്ലോഗ് തുടങ്ങുമ്പോൾ ആരും വായിക്കില്ല എന്നാണ് കരുതിയത് .പക്ഷെ വായനക്കാർ എത്തി ..ജീവിതത്തിലെ ഭീകരാ നുഭവങ്ങൾവഴി കൈവിട്ടുപോയ ഒന്നായിരുന്നു എഴുത്ത് ...

ഈ കുറിപ്പുകൾക്കു ശേഷം എങ്ങനെ സമൂഹത്തിൽ നിന്നുള്ള പ്രതികരണം ?
▶️സൈബർ വേട്ടയാടലിനു ഞാനും വിധേയമായി .അതേസമയം വളരെ സാധാരക്കാരായ എത്രയോ ആളുകൾ എനിക്കൊപ്പം നിന്നു !! ഞാൻ എഴുതിയതു കള്ളമാണെന്ന് പറഞ്ഞു പരത്തുന്നതോ അല്ലെങ്കിലെന്നെ തരംതാണ പേരുകൾ വിളിക്കുന്നതോ ഒന്നുമെന്നെ ബാധിക്കുന്നില്ല .ഇതിലും എത്രയോ വലിയ അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നു വന്നത് .സാധാരക്കാരായ ആൾക്കാർ എന്നെ സമീപിക്കുന്ന രീതി .എന്റെ അനുഭവങ്ങളിൽ അവർ കാണുന്ന ദുരവസ്ഥകൾ, അവരുടെ ദുഃഖങ്ങൾ എന്നോട് പങ്കുവയ്ക്കുന്നത് അതൊക്കെയേ എന്റെ കണക്കെടുപ്പിൽ ഉളളൂ.
----------------------------------------------------------------------------------------------
{-തുടരും }

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിലും എത്രയോ വലിയ അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നു വന്നത് .സാധാരക്കാരായ ആൾക്കാർ എന്നെ സമീപിക്കുന്ന രീതി .എന്റെ അനുഭവങ്ങളിൽ അവർ കാണുന്ന ദുരവസ്ഥകൾ, അവരുടെ ദുഃഖങ്ങൾ എന്നോട് പങ്കുവയ്ക്കുന്നത് അതൊക്കെയേ എന്റെ കണക്കെടുപ്പിൽ ഉളളൂ....--------------------------