Sunday, October 13, 2019

അമ്മച്ചിന്തുകൾ 56അങ്ങനെ എല്ലാവരും അവരവരുടെ ഭാഗം അഭിനയിച്ച്‌ തകർത്തപ്പോഴാണ്, ജീവിതം ശരിക്കും അസഹ്യമായപ്പോഴാണ് നിയമപ്രകാരം പിരിയാം എന്ന നിലപാടിലേക്ക് അമ്മ എത്തിയത്.

ഏതു വക്കീൽ വരും അമ്മയുടെ കേസ് എടുത്ത് വാദിക്കാൻ... അച്ഛന്റെ വക്കീൽ സുഹൃത്തുക്കൾ തന്നെ കുറെപ്പേരുണ്ട്. അവരുടെ സുഹൃത്തുക്കളും കുറെപ്പേരുണ്ട്. ...അവർക്ക് സ്വാധീനിക്കാൻ പറ്റാത്ത ഒരാൾ വേണമല്ലോ.

ഒടുവിൽ അന്നത്തെ പോലീസ് സൂപ്രണ്ടിൻറെ പരിചയത്തിലെ ഒരു വക്കീൽ കേസ് എടുക്കാമെന്ന് സമ്മതിച്ചു.

ഫീസായി അമ്മ രണ്ടു പവൻറെ ഒരു വള അദ്ദേഹത്തിനു കൊടുത്തു.

വിവാഹമോചനത്തേക്കാൾ എളുപ്പം ചെലവിനു ചോദിക്കലാണത്രേ.. ആണിനോട് പെണ്ണ് ചെലവിനു ചോദിച്ചു നിന്നാൽ കോടതി വേഗം കേസ് പരിഗണിക്കും പോലും... മോചനം ആദ്യം ചോദിച്ചാൽ കേസ് പരിഗണിക്കാൻ വൈകും..

എത്ര അപമാനപ്പെട്ടാലും പോരാ, ചെലവിനു ചോദിച്ച് അതിനുള്ള ഉപാധികൾ കേട്ടും സ്ത്രീ അപമാനപ്പെടണം എന്നു നിയ മമുള്ളതുകൊണ്ട് വക്കീൽ നിർദ്ദേശിച്ചപോലെ കേസ് ഫ്രെയിം ചെയ്ത് നോട്ടീസ് അയച്ചു. ഒപ്പം പോലീസ് സ്റ്റേഷനിൽ പരാതിയും നല്കി.

നോട്ടീസ് അച്ഛന്റെ ഓഫീസിലേക്കാണ് പോയത്. അച്ഛനാണ് അവിടെ പരമാധികാരി..

അദ്ദേഹം ഉറക്കെയുറക്കേ കരഞ്ഞു. അവിടുത്തെ മനുഷ്യർ മാത്രമല്ല ആ ഓഫീസ് തന്നെയും ആകെ തകർന്നുടഞ്ഞു പോയി. അവിടെ ജോലി ചെയ്തിരുന്ന മനുഷ്യരുടെ രണ്ടു തലമുറയ്ക്ക് ഇപ്പുറത്തുള്ളവർ പോലും അമ്മയുടെയും ഞങ്ങൾ മക്കളുടേയും ക്രൂരതയെ പറ്റി രോഷത്തോടെ പറഞ്ഞേക്കും. അത്ര ദയനീയമായി ഏങ്ങലടിച്ച് അച്ഛൻ കരഞ്ഞു...

പത്മനാഭൻ വക്കീലാണ് അച്ഛന്റെ വക്കാലത്തുമായി നോട്ടീസിന് മറുപടി അയച്ചത്. അതിൽ ചിത്രീകരിക്കപ്പെട്ടിരുന്ന അമ്മയുടെയും മക്കളുടേയും ഒപ്പം വല്ല ഫ്രാങ്കിൻസ്റ്റീനോ ഡ്രാക്കുളക്കോ മാത്രമേ ജീവിക്കാൻ പറ്റൂ. എന്നാലും അച്ഛൻ ആ അമ്മക്കും ആ മക്കൾക്കുമൊപ്പം ജീവിക്കാനിഷ്ടപ്പെടുന്നു. പിന്നെ വെറും ക്ളർക്ക് ആയ അമ്മയേക്കാൾ എന്നും വരുമാനം കൂടുതൽ ആയിരുന്നു അച്ഛന്.. അപ്പോൾ വീട് അച്ഛനല്ലേ പണിയാൻ പറ്റൂ. കുട്ടികൾക്ക് പണം നല്കിയതിൻറെ രേഖകളാണെങ്കിൽ അച്ഛന്റെ പക്കൽ വേണ്ടുവോളമുണ്ട്.

നോട്ടീസ് വായിച്ച അമ്മയുടെ വക്കീൽ വിരണ്ടു പോയി. സങ്കീർണമായ മാനസികഘടനയുള്ള മനുഷ്യരെ നിയമം പഠിച്ചവർക്കും മനസ്സിലാക്കാൻ പ്രയാസമാണ്. നിയമം വ്യാഖ്യാനിക്കുന്നവർ മാനസികവിജ്ഞാനത്തിലും പ്രഗൽഭരാകണം. നിയമങ്ങൾ മാത്രം അറിഞ്ഞാൽ പോരാ എന്നാണ് എൻറെ അനുഭവം.

ആ നോട്ടീസും ഫീസായി നല്കിയ വളയും ഒന്നിച്ച് അമ്മയെ തിരിച്ചേല്പിച്ചു വക്കീൽ. അങ്ങനെ ആ കാര്യം തീരുമാനമായി.

പോലീസിൽ കൊടുത്ത പരാതി അന്വേഷിക്കുന്നതിന് അമ്മയേയും അച്ഛനേയും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. റാണിയും ഭാഗ്യയുമായിരുന്നു അമ്മയ്ക്ക് കൂട്ടു പോയത്.

അച്ഛൻ ഗാന്ധിജിയുടെ ചിത്രത്തിൽ നോക്കി, 'മഹാത്മാവേ, അങ്ങിതു കാണുന്നില്ലേ.. എൻറെ സത്യ പരീക്ഷ കൾ' എന്ന് വിലപിച്ചു. 'എൻറെ കുട്ടികളെ ഒരിക്കലും എനിക്ക് അടിക്കേണ്ടി വന്നിട്ടില്ല.. അതിനുള്ള കാരണങ്ങളൊന്നും അവരുണ്ടാക്കീട്ടില്ലെ'ന്ന് അച്ഛൻ പറഞ്ഞപ്പോൾ ഭാഗ്യ കണ്ണുകൾ ഉരുട്ടി മിഴിച്ചു പോയി.

അച്ഛനെ തെറ്റിദ്ധരിച്ചിരിക്കയാണ് അമ്മ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഏറ്റവും സുരക്ഷിതമായ ഒരു കാര്യമാണതെന്ന് അച്ഛനറിയാമായിരുന്നു. സംശയിക്കുന്ന ഭാര്യമാരെ പറ്റി പറഞ്ഞാൽ , സംശയം സ്നേഹം കൊണ്ടാണെന്ന് വ്യാഖ്യാനിക്കുകയും അതേസമയം ദുരിതപ്പെടുന്നതിൻറെ സങ്കടം പറയുകയും ചെയ്ത് അനുഭാവം നേടാൻ എളുപ്പമല്ലേ..

പോലീസ് പറഞ്ഞതനുസരിച്ച് അമ്മയും ഭാഗ്യയും റാണിയും അയ്യന്തോളിലെ വീട്ടിൽ പോയി. കുറച്ചു നേരം ഇരുന്ന് മടങ്ങി വന്നു. അടുത്താഴ്ചയും പോലീസ് സ്റ്റേഷനിൽ പോകണമായിരുന്നു.

എത്ര പ്രശ്നമായാലും അമ്മയെ ആരും അടിക്കുന്നില്ല എന്നത് ഞങ്ങളുടെ വലിയ സമാധാനമായിരുന്നു. അടിയേൽക്കുന്ന അമ്മമാരുടെ മക്കൾക്ക് , അമ്മ അടികൊള്ളുന്നതിൽ സങ്കടമുള്ള മക്കൾക്ക്, അവർക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്നതാണ് ഈ സമാധാനം. ആ സമാധാനത്തിൽ മെല്ലെ മെല്ലെ ഞങ്ങൾ പഠനത്തിലേക്ക് തിരികേ പോയി.

എഴുത്തും വായനയും അങ്ങനെ വീണ്ടും സജീവമായി. ഞങ്ങൾ തമാശകൾ പറഞ്ഞു. അമ്മയും അമ്മീമ്മയും ഞങ്ങൾക്കൊപ്പം ചിരിച്ചു. തികച്ചും ലളിതമായ ആഹാരം കഴിച്ച് ജീവിച്ചു. അമ്മീമ്മയുടെ സാരികൾ ധരിച്ച് അമ്മ ഓഫീസിൽ പോയി. സഹോദരന്മാരുമായി ഉണ്ടായ സ്വത്ത് കേസിലെ വിധി നടത്തിക്കിട്ടാനുള്ള എല്ലാ പരിശ്രമങ്ങളും അവസാനിപ്പിച്ചു. എത്ര വക്കീലുമാർക്ക് പണം കൊടുക്കും ഒരേ സമയം ? എന്തെല്ലാം സമരങ്ങൾ ഒന്നിച്ചു ചെയ്യും? എത്ര പേർക്കു മുന്നിൽ അവരവരെ വിശദീകരിക്കും ?

പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച അവസാന ദിവസം ...

അച്ഛന്റെ വാദങ്ങളെല്ലാം കേട്ടു മനസ്സിലാക്കിയിട്ടും ചെറുപ്പക്കാരനായ ആ പോലീസ് ഓഫീസർ സ്വന്തം നിരീക്ഷണങ്ങൾ കൃത്യമായി തന്നെ അവതരിപ്പിച്ചു.

'ആ വീട്ടിൽ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്.. സാറെന്തു പറഞ്ഞാലും കൊള്ളാം. വീടിനേയും വീട്ടുകാരേയും വിട്ട് സാറിനൊപ്പം വന്ന ഭാര്യ സഹിക്കും പോലെ കുട്ടികൾ ഇൽ ട്രീറ്റ്‌മെന്റ് സഹിക്കില്ല. അതു സാറ് മനസ്സിലാക്കണം. കുട്ടികൾ മുതിർന്നു. അവർക്ക് വിവാഹപ്രായമാകുന്നു. അത് ഓർക്കുകയും വേണം.'

അദ്ദേഹത്തിന്റെ ഗ്യാരണ്ടിയിൽ അമ്മയോടും റാണിയോടും ഭാഗ്യയോടും അച്ഛന്റെ ഒപ്പം പോവാൻ ഓഫീസർ നിർദ്ദേശം കൊടുത്തു.

അച്ഛന് ഇക്കാര്യം സഹിക്കാൻ പറ്റിയില്ല.ആ പോലീസ്‌ ഓഫീസർ അച്ഛൻറെ മുന്നിൽ സല്യൂട്ട് അടിച്ചു നില്ക്കേണ്ടവനാണെന്നും അയാൾ അച്ഛനെ അപമാനിക്കാൻ അമ്മയും മക്കളും കാരണമായെന്നതും അച്ഛന്റെ ഉറച്ച ബോധ്യമായിരുന്നു. കുട്ടികൾ പ്രധാനമെന്ന് പറയുന്ന അയാളുടെ രീതി അച്ഛൻ തീരേ ഇഷ്ടപ്പെട്ടില്ല.

അമ്മയെ അപ്പോൾത്തന്നെ അന്നത്തെ ആർ ഡി ഓ യെ കാണാൻ അച്ഛൻ കൊണ്ടുപോയി.

ആ ഐ എ എസ് കാരന് നല്ല ഉറപ്പുണ്ടായിരുന്നു അച്ഛനാണ് ശരിയെന്ന്... ഭർത്താവ് ആണ് ആദ്യം ഉണ്ടായതെന്നും മക്കൾ പിന്നീട് വന്നതാണെന്നും അമ്മ ഓർക്കണമെന്ന് അയാൾ പറഞ്ഞു കേൾപ്പിച്ചു. ജോലിയുണ്ടെന്ന ഹുങ്ക് അമ്മ കാണിക്കരുതെന്നും അമ്മയുടെയും അച്ഛന്റെയും സ്വൈര ജീവിതത്തിൽ ഇടപെടുന്ന മകളെ അയാളാണെങ്കിൽ അടിച്ചു പുറത്താക്കുമെന്നും അങ്ങനൊന്നും ചെയ്യാത്ത അച്ഛൻ എത്ര നല്ലവനാണെന്ന് അമ്മ തിരിച്ചറിയണമെന്നും അയാൾ ഉപദേശിച്ചപ്പോൾ പിന്നെ അമ്മ റാണിയേയും ഭാഗ്യയേയും കൂട്ടി സമയം കളയാതെ തൃക്കൂർക്ക് മടങ്ങി.

അമ്മയ്ക്ക് വല്ലാത്ത സങ്കടമായിരുന്നു ഈ നടപടിക്രമങ്ങൾ വഴി ഉണ്ടായത്. കലഹിക്കാനോ ആരെയെങ്കിലും പാഠം പഠിപ്പിക്കാനോ ഒന്നും താല്പര്യമുള്ള ആളായിരുന്നില്ല അമ്മ, ഒരു കാലത്തും.ആവശ്യത്തിലുമധികം പാവമായിരുന്നു. മൗനത്തിന്റെ കൂട്ടിലാണ് അമ്മ ജീവിച്ചിരുന്നത്.

ഞങ്ങൾ മൂന്നു പേരും പഠിത്തത്തിൽ ആണ്ടു മുഴുകി. അച്ഛൻ ഞങ്ങൾ, മക്കളെ ഒരിക്കലും അന്വേഷിച്ചു വന്നില്ല. കാണണമെന്ന് ആഗ്രഹിച്ചില്ല.

അമ്മയുടെ ഓഫീസിൽ ചെന്ന് രാവിലെ യും വൈകീട്ടും പതിനഞ്ച് മിനിറ്റ് നേരം അമ്മയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കും. അമ്മ അത് കാണാത്ത മട്ടിൽ ജോലി തുടർന്നു ചെയ്യും. ഓഫീസിൽ അമ്മയെ പരിഹസിച്ചു ചിരിക്കാത്തവർ നന്നേ കുറവായിരുന്നു. അച്ഛൻ സർവീസിലിരുന്ന കാലമായതുകൊണ്ട് കൂടുതൽ ബഹളങ്ങൾ ഉണ്ടാക്കിയില്ല. എങ്കിലും ആ ഇരിപ്പ് എല്ലാവരുടേയും അനുഭാവം അച്ഛനു നേടിക്കൊടുത്തു.

എത്ര സങ്കടവും അപമാനവുമാണ് അന്നൊക്കെ അമ്മ സഹിച്ചതെന്നോ... അതൊന്നും ആരും ഒരിക്കലും കാണുകയുണ്ടായില്ല.

1 comment:

Cv Thankappan said...

എത്ര സങ്കടവും അപമാനവുമാണ് അന്നൊക്കെ അമ്മ സഹിച്ചതെന്നോ... അതൊന്നും ആരും ഒരിക്കലും കാണുകയുണ്ടായില്ല. സഹനം......