Friday, October 25, 2019

ശിഖണ്ഡി...വായന

 

വിനയശ്രീയുടെ "ശിഖണ്ഡി" ഒറ്റയടിക്ക് തന്നെ വായിച്ചു തീർത്തു. പാരായണക്ഷമമായ ഒരു നോവലാണത്. മഹാഭാരതത്തിലെ ശിഖണ്ഡിയാണ് പ്രധാന കഥാപാത്രം. അംബയുടെ കഥയും സത്യവതിയുടെ സാമ്രാജ്യമോഹവും ഭീഷ്മരുടെ അല്പം വ്യത്യസ്തമായ ചിത്രീകരണവും മഹാഭാരത കഥയുടെ പ്രധാന സന്ദർഭങ്ങളും ഈ നോവലിലുണ്ട്. പെണ്ണായി പിറന്ന ശിഖണ്ഡിനിയെ അച്ഛൻ ദ്രുപദൻ തൻറെ ഇഷ്ടത്തിനനുസരിച്ച് ആണാക്കി മാറ്റുന്നുവെന്നാണ് പുസ്തകം പറയുന്നത്. ആണാക്കാനായി മരുന്നുകൾ നല്കുന്നു. അങ്ങനെ ശിഖണ്ഡിനി പെണ്ണും ആണും ആയി മാറുന്നു.

ഈ കല്പന ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. ട്രാൻസ്ജെൻഡർ ലൈംഗികതയാണ് ചർച്ച ചെയ്യുന്നതെന്ന് കവറിലുണ്ടെങ്കിലും സ്ത്രീകൾക്ക് സ്ത്രീകളുടെ മസൃണതയെ കൂടുതൽ സന്തോഷിപ്പിക്കാൻ കഴിയുമെന്ന ഉഗ്ര സ്ഫോടന പ്രഖ്യാപനം നോവലിലുണ്ട്. അത് പുരുഷകേന്ദ്രീകൃതമായി മാത്രം വ്യവസ്ഥാപിതമാക്കിയ നമ്മുടെ ലൈംഗിക സങ്കല്പങ്ങളെ ആകമാനം വെല്ലുവിളിക്കുന്നു. ആ നിലയിൽ പുസ്തകം ട്രാൻസ് ജെൻഡർ ലൈംഗികതയെ അല്ല സ്വവർഗ ലൈംഗികതയേയാണ് ആഴത്തിൽ പരാമർശിക്കുന്നത്. ആണ്മ കൈവരാൻ മരുന്നുകൾ കഴിക്കേണ്ടി വരുന്നുവെന്ന കല്പന ഒഴിവാക്കാമായിരുന്നുവെന്ന് എനിക്ക് തോന്നിയത് അതുകൊണ്ടാണ്.

മഹാഭാരതം പറയുന്നത് ശിഖണ്ഡിനി പെണ്ണായി പിറന്ന് അച്ഛനും മഹാരാജാവുമായ ദ്രുപദൻറെ താല്പര്യത്തിൽ ആണാക്കി വളർത്തപ്പെടുന്നുവെന്നാണ്. അതിൽ ശിഖണ്ഡിനി അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. ശിഖണ്ഡിനി വിവാഹ ശേഷം പുരുഷത്വം ആർജ്ജിക്കുന്നത് യക്ഷൻറെ അടുത്ത് തപസ്സ് ചെയ്താണ്.

കഥ പറയുമ്പോൾ ഇടയിൽ ശിഖണ്ഡി എന്ന് നോവലിസ്റ്റും ഞാൻ എന്ന് ശിഖണ്ഡിയും പറയുന്നത് എഡിറ്റ് ചെയ്യാമാരുന്നു.

വിനയശ്രീയുടെ ഭാഷ സുന്ദരമാണ്.. സരളവും സഹജവുമാണ്. വായനക്കാർക്ക് കൂടുതൽ പ്രതീക്ഷകൾ നല്കുന്നതാണ്. വേറിട്ട വഴിയിലൂടെ നടക്കുന്ന വിനയ ശ്രീ ഇനിയും പുതിയ രചനകളുമായി മുന്നോട്ട് വരട്ടെ

No comments: