Monday, October 21, 2019

അമ്മച്ചിന്തുകൾ 58



ഹാർട്ട് അറ്റാക്ക് ആയിരുന്നില്ല അത്. പതിവു പോലെ കുറേ മദ്യവും ഒന്നു രണ്ടു ഉറക്കഗുളികയും ഗ്യാസും ചേർന്ന ബഹളമായിരുന്നു. അമ്മ പോയിക്കണ്ടുവെങ്കിലും ശുശ്രൂഷിക്കാനൊന്നും മുതിർന്നില്ല. അമ്മയ്ക്ക് അച്ഛനേക്കാൾ വലുത് പോസ്‌റ്റോഫീസിലെ ക്ളാർക്കുദ്യോഗമാണോയെന്ന് അച്ഛന്റെ ബന്ധുക്കളും സുഹൃത്തുക്കളും തുടരേ ചോദിച്ചിട്ടും അമ്മ കുലുങ്ങിയില്ല.

അച്ഛൻ പെട്ടെന്ന് തന്നെ ആശുപത്രി വിട്ടു. പിന്നീടാണ് ആ ഹാർട്ട് അറ്റാക്കിൻറെ ശരിയായ കാരണം കണ്ടെത്താനായത്.

അച്ഛന് അടുത്ത പ്രൊമോഷൻ വരികയായിരുന്നു. ആ പ്രൊമോഷൻ സംസ്ഥാനതലത്തിലേ ഒരേയൊരു പദവിയിലേക്കുള്ളതായിരുന്നു. അതിനു മുൻപ് അച്ഛനെതിരേ കിട്ടിയ പരാതികളെല്ലാം ഒരുമിച്ചു കൂട്ടി വകുപ്പു തല അന്വേഷണം വന്നു. അതിൽ അമ്മയുടെ പരാതിയും ഉണ്ടായിരുന്നു. അന്വേഷണത്തിന് അച്ഛന്റെ സീനിയർമാരായി പഠിച്ച രണ്ടു ഡോക്ടർമാരാണ് വന്നത്.

പുരുഷ ഡോക്ടർ അമ്മയെ കാണുക പോലും ചെയ്തില്ല. മാത്രവുമല്ല, ആ അന്വേഷണത്തിന് എന്ത് മറുപടി എഴുതണമെന്ന് അച്ഛൻ സ്വയം എഴുതി ക്കൊടുത്താൽ മതിയെന്നും അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കി. അച്ഛന്റെ ഡയറി വായിക്കുമ്പോൾ അൽഭുതം തോന്നും. നീതിയുടെയും ന്യായത്തിൻറേയും ഒക്കെ കരച്ചിലുകളിൽ അധികാരം സ്വീകരിക്കുന്ന അവജ്ഞയുടെ ഇരുളിമയോർത്ത്...

അങ്ങനെ അന്വേഷണത്തിൻറെ ആദ്യ പാദം അവസാനിച്ചു. എന്നാൽ സ്ത്രീ ഡോക്ടർ അമ്മയെ കാണണമെന്ന് ശഠിച്ചതാണ് അച്ഛനു പ്രയാസമുണ്ടാക്കിയത്. അവരോട് അമ്മയുടെ വെറും സംശയങ്ങളൊക്കെ അച്ഛൻ ഭംഗിയായി അവതരിപ്പിച്ചു. എന്നാലും അവരൊരു വാശിക്കാരി ആയി നിലകൊള്ളുകയായിരുന്നു.

ഹാർട്ട് അറ്റാക്കെന്ന് ആശുപത്രിയിൽ കിടക്കവേ അന്വേഷണം നേരിടുന്ന കാര്യം അച്ഛൻ എല്ലാവരേയും അറിയിച്ചിരുന്നു. അമ്മ അയച്ച പരാതിയിന്മേലാണ് അന്വേഷണമെന്നും അത് താങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻറെ അമ്മയെ ഭയങ്കരി, ചെകുത്താൻ, ദുഷ്ട എന്നൊ ക്കെ സ്ത്രീ ഡോക്ടർമാരും നഴ്സുമാരും വിളിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നത് ഇങ്ങനെയാണ്.

അന്വേഷണം ഉഷാറായി. ആ ഡോക്ടർ അമ്മയേ മുഴുവനും കേട്ടു. അച്ഛനും അമ്മക്കും അവരെക്കൊണ്ടാവും വിധത്തിൽ കൗൺസലിംഗ് കൊടുത്തു. അമ്മീമ്മയെയും അവരുടെ അദ്ധ്വാനത്തേയും അംഗീകരിക്കാമെന്ന് അച്ഛനെക്കൊണ്ട് അവർ സമ്മതിപ്പിച്ചു. അമ്മയുമായി ഇനി ഒരിക്കലും ശാരീരികമായി കലഹിക്കില്ലെന്ന് അച്ഛനും സമ്മതിച്ചു.

അങ്ങനെ അച്ഛൻ തൃക്കൂരു വീട്ടിൽ വന്ന് അമ്മീമ്മയുടെ കാല് തൊട്ട് നമസ്ക്കരിച്ചു. നല്ല കുടുംബജീവിതമുണ്ടാവാൻ അമ്മീമ്മ അനുഗ്രഹിക്കണമെന്ന് പറഞ്ഞു. അമ്മ അച്ഛനൊപ്പം പിന്നേയും താമസമായി. റാണിയേം ഭാഗ്യയേയും കൂടെ കൊണ്ടു പോയി.

ഞങ്ങൾ കുട്ടികൾ ശരിക്കും തകരുകയായിരുന്നു. വിണ്ടു പൊളിയുകയായിരുന്നു. അമ്മ അയ്യന്തോളിലെ വീട്ടിൽ പോയി താമസിക്കാമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് തീരേ മനസ്സിലായില്ല. അമ്മീമ്മക്ക് അമ്മയെ തടയാൻ പറ്റില്ല എന്ന അറിവ് ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു.

അച്ഛൻ അമ്മയെ അടിക്കില്ല എന്ന വാക്ക് അമ്മ വിശ്വസിച്ചോ എന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, ഞങ്ങൾ ആ വാക്ക് തരിമ്പും വിശ്വസിച്ചില്ല. ഏതു നിമിഷവും വഴക്കുണ്ടാവും അടി പൊട്ടും എന്ന് ഞങ്ങൾ ഭയന്നു. അങ്ങനെ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണ്. കുട്ടികൾക്കായി, അവരുടെ നന്മക്കായി കുടുംബജീവിതം തുടരാൻ വഴക്കിടുന്ന ദമ്പതികളോട് ആവശ്യപ്പെടുന്ന നമ്മുടെ എല്ലാ വ്യവസ്ഥിതിയും തകർക്കപ്പെടേണ്ടതാണ്. അങ്ങനെയുള്ള ഉദ്ബോധനങ്ങൾ നടത്തുന്ന ഓരോ വ്യക്തിയും മാനസികമായി ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കൂട്ടു നില്ക്കുന്നു.

കുറച്ച് ദിവസം അച്ഛൻ കഷ്ടപ്പെട്ട് വഴക്കില്ലാതെ ജീവിച്ചു.

ഞാൻ അമ്മീമ്മയെ വിട്ട് പോയതേയില്ല.റാണിയോട് അധികം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഭാഗ്യയെ കോളേജിൽ കാണുമായിരുന്നു.

പഠനം വ്യർഥചിന്തകൾക്ക് വഴി മാറി..തലച്ചോറിനെ ആധികളും കണ്ണീരും കൂടി മുക്കിക്കൊന്നു. അമ്മയോട് ഞങ്ങൾ മൂന്നുപേർക്കും പിണക്കം തോന്നിയ ഒരു കാലമായിരുന്നു അത്. ആരുമില്ലെന്ന ഒരു തോന്നൽ എത്ര ഒതുക്കിയിട്ടും ഒതുങ്ങാതെ ഉള്ളിൽ വളർന്നു.

അച്ഛൻ താമസിക്കുന്ന വീട്ടിൽ ചെന്ന് ഞാൻ താമസിക്കണമെന്നും എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മേടിക്കണമെന്നും പറഞ്ഞ് അച്ഛൻ വഴക്കു തുടങ്ങിയപ്പോൾ എൻജിനീയറിങ് കോളേജിൽ പോകാതെ റാണിയും, ഭാഗ്യയും ഞാനും ഒരുമിച്ച് കേരളവർമ്മയിലിരുന്ന് നെഞ്ചുപൊട്ടിക്കരഞ്ഞു.

അങ്ങനെയും കൂടിയാണ് ആ താല്ക്കാലികമായ വിവാഹ രജിസ്‌ട്രേഷനിലേക്ക് ഞാൻ എത്തിച്ചേർന്നത്.

1 comment:

Cv Thankappan said...

എല്ലാമുണ്ടായിട്ടും വകത്തീരിവില്ലെങ്കിൽ തീർന്നു സമാധാനം!
ആശംസകൾ