Saturday, November 2, 2019

അമ്മച്ചിന്തുകൾ 68

 
ഞങ്ങളുടെ ജീവിതത്തിൽ കടന്നുവന്ന പുരുഷന്മാർ എല്ലാവരും വളരെ സാധാരണ ജീവിതം നയിച്ചവരായിരുന്നു. അവരുടെ കുടുംബങ്ങൾ പുറം കാഴ്ചകളിൽ എന്തായാലും സുഭദ്രമായി കാണപ്പെട്ടു. അവിടെ വളർത്തുഗുണമേറിയ മക്കളും അച്ഛന്മാരെ സ്നേഹിച്ചും സംരക്ഷിച്ചും സ്വന്തം കൈപ്പിടിയിൽ ഒതുക്കി നിറുത്താൻ പറ്റുന്ന ഗൃഹലക്ഷ്മിമാരായ അമ്മമാരും ജീവിച്ചു. അതുകൊണ്ട് ആ ആൺമക്കൾ ഞങ്ങളുടെ ജീവിതത്തിൽ കടന്നു വന്നതു തന്നെ ആ വീടുകളിലും മക്കളിലും ബന്ധുക്കളിലും സംഭവിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ വിപ്ളവമായിത്തീർന്നു.

ഞങ്ങളുടെ ആരുമില്ലായ്മയും ജാതിയില്ലായ്മയും എല്ലാവർക്കും തമാശയായിരുന്നു. ജാതിമതമര്യാദകൾക്ക് ശരിക്കും ക്ളാസ്സ് കിട്ടും. ഞങ്ങൾക്ക് ബന്ധുക്കളില്ല.. അതുകൊണ്ട് ബന്ധുവീടുകളിൽ അനുഷ്ഠിക്കേണ്ടുന്ന പെരുമാറ്റമര്യാദ എല്ലാവരും പഠിപ്പിച്ചു തരും. ഞങ്ങളുടെ വീടിനെപ്പറ്റി ആരെങ്കിലും അറിയുന്നതോ പറയുന്നതോ എല്ലാവർക്കും കുറച്ചിലാണ്. പറ്റാവുന്ന ഇടത്തു നിന്നെല്ലാം പറ്റാവുന്ന രീതിയിലെല്ലാം ഞങ്ങൾ മാനം കാക്കാൻ അകറ്റിനിർത്തപ്പെടാറുണ്ട്. സ്വീകരണമുറി മുതൽ ടോയ്‌ലറ്റ് വരെ. ഇരുപത്തെട്ടു കെട്ടു തുടങ്ങി കല്യാണം മുതൽ അടിയന്തിരം വരെ. പ്രധാന അതിഥികളുണ്ടെങ്കിൽ ഞങ്ങൾ ആരുടേയും കണ്ണിൽ പെടില്ല. ചുവരിലെ പൊടിപറ്റിയ പഴയ പൂച്ചിത്രമായി ഞങ്ങൾ മാറും. വീടുകളിലെ വിശുദ്ധി യേറിയ ടോയ്‌ലറ്റിൽ ഞങ്ങൾ കയറിയോ എന്നറിയാൻ ഡിറ്റക്ടീവ് ഏജൻസികൾ തുറക്കപ്പെടും..

അതൊക്കെ ഓർത്താൽ നിറുത്താൻ കഴിയാതെ പൊട്ടിച്ചിരിച്ചു പോകും.. അവസാനം കണ്ണിലിത്തിരി നനവ് പടരുമെങ്കിലും..

പിന്നെ വളർത്തുദോഷം... ഞാൻ ഈ ലോകത്തിൽ ഏറ്റവുമധികം വെറുക്കുന്ന ഒരു വാക്കായി അത് മാറി. അത്രമാത്രം ആ വാക്കിന്മേൽ ഞങ്ങൾ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്. അമ്മയും അമ്മീമ്മയും എന്ന് നേരെചൊവ്വേ ഉച്ചരിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ... അതുകൊണ്ടു തന്നെ അവരെക്കുറിച്ച് എഴുതുമ്പോൾ ഞാൻ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിന് എന്തു സൗന്ദര്യമാണെന്നോ...

ആൺതുണയില്ലാത്ത അമ്മായിഅമ്മ മരുമക്കൾക്ക് മഹാബാധ്യതയാണ്. അമ്മയും അമ്മീമ്മയും അതറിഞ്ഞിരുന്നു. ഞാൻ ആദ്യമേ അവരെ ആസകലം തീ വെച്ചു പൊള്ളിച്ചതുകൊണ്ട് പിന്നീട് അവർ എപ്പോഴും ഒരു സുരക്ഷിത അകലം പാലിച്ചു പോന്നു. ഞങ്ങളെ കെട്ടുറപ്പുള്ള വീടുകളിൽ വളർന്ന പുരുഷന്മാർ ജീവിതം നല്കി ഉദ്ധരിച്ചിരിക്കയാണെന്ന് പറയുന്നവരാണെല്ലായിടത്തുമെന്ന് അവർക്ക് അറിയാമായിരുന്നു.

'ഞങ്ങളേ നോക്കണ്ട... നിങ്ങൾ സമാധാനത്തോടെ ജീവിച്ചാൽ മതി' എന്ന് ശാന്തമായി പറയാൻ വേണ്ട മനസ്സ് അവർക്കുണ്ടായിരുന്നു.

ഫോൺ ചെയ്തില്ലെന്നോ കത്തെഴുതിയില്ലെന്നോ രൂപ അയച്ചില്ലെന്നോ അവർ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. പരിഭവമോ പിണക്കമോ കാണിച്ചിട്ടില്ല. കാർന്നോന്മാർക്ക് പ്രയാസമുണ്ടാവും എന്ന പ്രയോഗമേ അവരുപയോഗിച്ചിട്ടില്ല. മക്കളെ വിളിക്കുന്നതിലോ കത്തെഴുതുന്നതിലോ അവർക്ക് ഈഗോ പ്രവർത്തിച്ചിട്ടില്ല. 'കുട്ടീടെ ഒച്ച കേൾക്കണമെന്ന് തോന്നി 'എന്ന മുഖവുരയോടെ അമ്മ വിളിക്കുമ്പോൾ എനിക്കു സത്യമായും ലജ്ജ തോന്നുമായിരുന്നു. ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷം അമ്മയോ അമ്മീമ്മയോ സാരികൾ വാങ്ങിയിട്ടില്ല. ഏറ്റവും അത്യാവശ്യമല്ലാത്ത ഒന്നും ഉപയോഗിച്ചിട്ടില്ല. ആയിരം രൂപ കൈയിൽ ഒത്തു വന്നാൽ അത് ഞങ്ങൾക്കായി അവർ സൂക്ഷിച്ചു വെച്ചു.

അമ്മീമ്മയുടെ ആരോഗ്യനില ക്രമേണ മോശമായി വരികയായിരുന്നു. നടക്കാൻ മാത്രമല്ല മിക്കവാറും പേശീ ചലനങ്ങൾക്കെല്ലാം ബുദ്ധിമുട്ട് തോന്നിക്കഴിഞ്ഞിരുന്നു. മലവിസർജ്ജനമാണ് ഏറ്റവും പ്രയാസമായത്. ഒരു ഗ്ളൗസ് ധരിച്ചു കൈ ദേഹത്തേക്ക് പ്രവേശിപ്പിച്ചു മലം എടുത്തു മാറ്റാൻ പോലും അമ്മ തയാറായി. ഈ പ്രയാസം ഏറി വന്നപ്പോൾ ഒരു ദിവസം അമ്മ വളരെ ബുദ്ധിമുട്ടി കാർ ഡ്രൈവറുടേയും അയൽപ്പക്കക്കാരുടേയും സഹായത്തോടെ തൃശൂര് കൊണ്ടു പോയി ഡോക്ടറെ കാണിച്ചു. അമ്മീമ്മ യുടെ പേശികൾ സ്വധർമ്മങ്ങളിൽ നിന്ന് പിൻവാങ്ങുകയാണെന്ന് അമ്മ അങ്ങനെ മനസ്സിലാക്കി.

എന്തായാലും അച്ഛൻ വിവരമറിഞ്ഞു.... ഫോൺ ചെയ്തു. അന്നു വൈകുന്നേരം തൃക്കൂര് വീട്ടിൽ കയറിച്ചെല്ലുകയും ചെയ്തു. അമ്മീമ്മയെ പരിശോധിച്ചു. വഴക്കും ബഹളവുമില്ലാതെ തൃക്കൂര് വീട്ടിൽ അച്ഛൻ കുറച്ചു സമയം ചെലവാക്കി.

പിന്നെ അതൊരു പതിവാക്കി അച്ഛൻ മാറ്റി. കുത്തുവാക്കുകൾ പറയുന്നതിൻറെ അളവിൽ കുറവ് വരുത്തി. അമ്മിണി എന്ന അമ്മൂമ്മ പകൽമുഴുവൻ വീട്ടിലുണ്ടാവുമല്ലോ. അന്നേരം അച്ഛനും പകൽ സമയം മുഴുവനും അവിടെ ചെലവിട്ടു തുടങ്ങി.

അമ്മ താണുകേണപേക്ഷിച്ചുവെന്നും എല്ലാമെന്ന് കരുതിയ മക്കളുപേക്ഷിച്ചുവെന്ന് അറിഞ്ഞുവെന്നും അച്ഛൻറെ ഒപ്പം ജീവിക്കുമ്പോഴാണ് സ്വർഗീയ സുഖം അനുഭവിച്ചതെന്ന് സമ്മതിച്ചുവെന്നും അച്ഛൻ എഴുതിവെച്ചിട്ടുണ്ട്. എത്രയായാലും അമ്മയെ കളയാൻ അച്ഛനു കഴിയില്ലെന്നും എഴുതീട്ടുണ്ട്.

അച്ഛൻ തൃക്കൂരു വീട്ടിൽ കൃത്യമായി പോകുന്ന വിവരം ഞങ്ങളെ ഉൽക്കണ്ഠയിലാഴ്ത്തി. അമ്മിണി അമ്മൂമ്മ ഉണ്ടല്ലോ എന്നത് വലിയ ആശ്വാസമായിരുന്നു ഞങ്ങൾക്ക്. അമ്മ ശ്രദ്ധിക്കണമെന്ന് എപ്പോഴും ഞങ്ങൾ പറയുമായിരുന്നു. അച്ഛൻ അമ്മയെ വഴക്കു പറയരുത് അടിക്കരുത് എന്നതായിരുന്നു അതു മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം.

തൃക്കൂര് ഗ്രാമത്തിലും അച്ഛന് ഒരുപാട് പരിചയക്കാരും ആരാധകരും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.. കുറ്റങ്ങളും കുറവുകളും അമ്മക്കും അമ്മീമ്മക്കുമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

അച്ഛന് കണ്ണനോട് ഒട്ടും താല്പര്യമില്ലായിരുന്നു. അത് അദ്ദേഹം വ്യക്തമായി തന്നെ എഴുതീട്ടുണ്ട്. അച്ഛൻറെ ബന്ധുക്കളും അത് പറഞ്ഞുതന്നു. അച്ഛന്റെ മരണത്തിനു ശേഷമാണ് ആ കാലം തെളിഞ്ഞു വന്നതെന്ന് മാത്രം...

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത് എത്തി നോക്കാറില്ലായിരുന്നു ...
2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!
ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ തുടങ്ങുകയാണ് കേട്ടോ കൂട്ടരെ

Cv Thankappan said...

ചില പരിചയക്കാർ ഏഷണിക്കാരായും മാറാറുണ്ട്...
ആശംസകൾ