Thursday, November 28, 2019

അമ്മച്ചിന്തുകൾ 84

          https://www.facebook.com/echmu.kutty/posts/135154194835842928/11/19 
അമ്മ മരിച്ചു പോയതിനു ശേഷം വളരെയേറെ ദിവസങ്ങൾ ചിംബ്ളു ഉറങ്ങിയില്ല. ആഹാരം കഴിച്ചില്ല. ഞങ്ങള്‍ മൂന്നമ്മമ്മാര്‍ കൂടെ ഉണ്ടായിരുന്നിട്ടും ചിംബ്ലുവിന്‍റെ മനസ്സിലെ ആ തീ കെട്ടില്ല.

അമ്മ മരിച്ചുപോയ നിമിഷം ദിനേശ് എന്ന സുഹൃത്ത് കൃത്യമായി എന്നെ വിളിച്ചു. ഇന്ദ്രപ്രസ്ഥത്തിലിരുന്ന് എങ്ങനെ അത്ര വേഗം ആ വിവരം അറിഞ്ഞു എന്ന് എനിക്ക് മനസ്സിലായില്ല. അത്ര കൃത്യമായിരുന്നു ആ ഫോണ്‍. ഞാന്‍ ഉറക്കെ ഏങ്ങലടിച്ചു കരഞ്ഞു.

'എനിക്കാരുമില്ലാതായി ' എന്ന് പുലമ്പി. 'ഞാനിനി എന്തിനു ജീവിക്കണ'മെന്ന് ചോദിച്ചു. 'അമ്മയ്ക്കൊപ്പം മരിക്കാനാണ് എന്‍റെ മോഹം' എന്ന് പറഞ്ഞു. എല്ലാം മൂളിക്കേട്ടിട്ട്, 'കരയരുതെ'ന്ന് പറഞ്ഞിട്ട്, 'അമ്മ പോയപ്പോള്‍ നിനക്കാരുമില്ലാതായെങ്കില്‍ നീ പോകുമ്പോള്‍ എനിക്ക് '… എന്ന് നിറുത്തി. . അപ്പോള്‍ സങ്കടം കൊണ്ട് മന്ദീഭവിച്ച എന്‍റെ തലയില്‍ ഒരു തിരിവെട്ടം വീണു.

കണ്ണൻ വന്നപ്പോൾ രാത്രി വൈകിയിരുന്നു. അമ്മയെ ഫ്രീസറിൽ കിടത്തി ഞങ്ങൾ മിനുമിനാ നോക്കിയിരിക്കുമ്പോഴാണ് കണ്ണൻ വന്നത്. അമ്മ പോയി എന്ന് ഞാൻ പൊടിഞ്ഞു തകർന്നു. കണ്ണൻ എന്നേയും ചിംബ്ളുവിനേയും ഏറ്റവും ആർദ്രമായി കെട്ടിപ്പിടിച്ചു ..ഒട്ടു നേരം മൗനമായി നിന്നു.

ഞങ്ങള്‍ക്ക് ബന്ധുക്കള്‍ ആരും ഇല്ലായിരുന്നുവല്ലോ. അതുകൊണ്ട് അധികമാരും വരാനുണ്ടായിരുന്നില്ല. ഫ്ളാറ്റിലെ അയല്പക്കക്കാർ മാത്രം വന്നു.

അമ്മയുടെ സഹപ്രവർത്തകർ ആരും ഒരിക്കലും വന്നില്ല. എൻറെ മോൾക്കും വരാൻ കഴിഞ്ഞില്ല. അവൾ ഒരു ട്രെയിനിംഗിലായിരുന്നു. മൈസൂരിൽ, ട്രെയിനിംഗ് സെൻററിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ കയറി കരഞ്ഞുകൊണ്ടിരുന്നുവെന്ന് മോൾ പറഞ്ഞു.

ചിംബ്ളുവിൻറെ സഹപാഠികൾ പോയി നാളത്തെ ശവദാഹത്തിനാവശ്യമായ പൂജാസാമഗ്രികൾ ശേഖരിച്ചെത്തിച്ചു. കുട്ടികൾ കട്ടൻ കാപ്പി കൊണ്ടു തന്ന് രാത്രി മുഴുവനും ഞങ്ങൾക്ക് കൂട്ടിരുന്നു.

ആ രാത്രി ആരും ഉറങ്ങിയില്ല.

അച്ഛനും അമ്മീമ്മയും മരിച്ചപ്പോൾ ഞാനും കണ്ണനും അടുത്തില്ലായിരുന്നല്ലോ. അമ്മ മരിക്കുമ്പോൾ ഞങ്ങൾ ഉണ്ടായിരുന്നു. എന്തായാലും കണ്ണന്‍റെ അമ്മയും പെങ്ങളും അവളുടെ മകളും രാവിലെ വന്നു ചേര്‍ന്നു. 'നിങ്ങള്‍ക്ക് ഒരു ആണ്‍ തരിയില്ലേ കര്‍മ്മം ചെയ്യാന്‍? ഒന്നു ചോദിക്കട്ടെ, ഈ ഫ്ലാറ്റ് ആരുടേതാണ് ? 'അമ്മ പോട്ടെ... അമ്മ കടന്നു പോട്ടെ' എന്ന് വന്നവരെല്ലാവരും സമാധാനിപ്പിക്കാൻ തുനിഞ്ഞു. രോഗിണിയായ പ്രായമായ അമ്മ കടന്നു പോവുക തന്നെ വേണമല്ലോ. ഫ്ളാറ്റിൻറെ ഉടമസ്ഥതയും ആരുടേതാണെന്ന് അറിയണം. ഞങ്ങൾക്ക് ആൺതരി ഇല്ലെന്ന് ഉറപ്പിച്ച് പറയണം...

മനുഷ്യർ എപ്പോഴും അങ്ങനെയാണ്.

ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്മാര്‍ക്കും ഞങ്ങളിലൂടെ ഇറങ്ങി വന്ന പുരുഷസന്താനത്തിനും ഞങ്ങളല്ലാതെ വേറെയും അവകാശികളും അധികാരപ്പെട്ടവരും ഉണ്ട്. എന്‍റെ മോനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കരുതെന്ന് അവര്‍ ശഠിക്കുന്നത് ആണ്‍തരിയെ പ്രസവിക്കാത്ത അമ്മയോടുള്ള വെല്ലുവിളി പോലെയായിരുന്നു. അധികാരപ്രകടനമായിരുന്നു. മോക്ഷം കിട്ടില്ലെന്ന ഭീഷണിപ്പെടുത്തലായിരുന്നു.

അവരൊക്കെ ആദ്യമേ തന്നെ അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. ഞങ്ങള്‍ ആരോടും അക്കാര്യം അഭ്യര്‍ഥിച്ചില്ല. ഞങ്ങളുടെ അമ്മയുടെ ശേഷക്രിയ ചെയ്യാന്‍ ഞങ്ങള്‍ മൂന്നുപേരെക്കാള്‍ യോഗ്യതയുള്ളവര്‍ വേറെ ആരാണ്?

അതുകൊണ്ട് മൂത്ത മകളായ ഞാന്‍ തന്നെയാണ് എല്ലാം ചെയ്തത്. ഔഭപമന്യഭഗോത്രമെന്ന അമ്മയുടെ ഗോത്രത്തെ ശിവഗോത്രമെന്നും രാജലക്ഷ്മിയെന്ന അമ്മയുടെ പേരിനെ വിജയലക്ഷ്മിയെന്നും ഥീപം, സായൂജ്ജ്യം എന്നുമൊക്കെ അതിഭയങ്കരമായി മലയാളം പറഞ്ഞ പുരോഹിതനോട് എനിക്ക് പലപ്പോഴും ദേഷ്യം തോന്നി. കണ്ണീരൊതുക്കിയൊതുക്കി എന്‍റെ കണ്ണു മാത്രമല്ല മുഖം കൂടി പൊട്ടിത്തെറിയ്ക്കാന്‍ പോവുന്നതു പോലെ ആയിത്തീര്‍ന്നു.

അമ്മയെ ചുമക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സില്‍ കയറ്റുകയും ചെയ്യുമ്പോള്‍ ഫ്ലാറ്റിലെ കെയര്‍ടേക്കര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ഞങ്ങള്‍ക്കൊപ്പം വന്നിരുന്നു.

കണ്ണനും സുഹൃത്തുക്കളായ ഷിബുവും സാജനും ദേവനും ജയ് ഗോപാലും രവിപുരം ശ്മശാനത്തിലേക്കും അനുഗമിച്ചു. പക്ഷെ, ആരുണ്ടായാലും നമ്മള്‍ അമ്മയില്ലാത്തവരാകുന്നതിന്‍റെ സങ്കടം ഹൃദയം പിളര്‍ത്തുന്നതായിത്തീര്‍ന്നുവെന്നു മാത്രം .

അമ്മയെ അതികഠിനമായി വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത, ആ ആൾ അവസാനനിമിഷം വന്ന് സ്റ്റ്രെച്ചര്‍ പിടിക്കുകയും കാലു തൊട്ടു തൊഴുകയുമുണ്ടായി. കണ്ണീരുപ്പിട്ട ചില രക്തവൃത്തങ്ങള്‍ പൂര്‍ത്തിയാകുന്നത് അങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ മക്കള്‍ തിരിച്ചറിഞ്ഞു.

ആംബുലൻസിൽ നിന്ന് ഇറക്കി ശ്മശാനത്തിലെ വെറും തറയില്‍ അമ്മയെ കിടത്തുമ്പോള്‍ എന്‍റെ നിയന്ത്രണമെല്ലാം തകര്‍ന്നു. അമ്മയുടെ തലഭാഗത്ത് ഒരു നിലവിളക്ക് തെളിയിക്കപ്പെട്ടു. ഞാന്‍ അപ്പോൾ ഉച്ചത്തിൽ ഏങ്ങലടിച്ചു കരഞ്ഞുപോയി. അനിയത്തിമാരെ ഒന്നു നോക്കാന്‍ പോലും എനിക്ക് ത്രാണിയുണ്ടായിരുന്നില്ല.

ഞാനാണ് ചിതയെരിയിക്കുന്നതെന്ന് അറിയിച്ചപ്പോൾ ബ്രാഹ്മണസ്ത്രീകളെ അങ്ങനെ ദഹിപ്പിക്കില്ലല്ലോ എന്നായി ശ്മശാന ജീവനക്കാർ. ഞങ്ങളുടെ അമ്മക്ക് ഞങ്ങളേയുള്ളൂ.. വേറെ ആരുമില്ല എന്ന്‌ ഭാഗ്യ അവരോടു പറഞ്ഞു.

അവർ ഒരു തടസ്സവും പിന്നെ പ്രകടിപ്പിച്ചില്ല.

ഒട്ടും വൈകാതെ,
ചിരട്ടപ്പുറത്ത്, ചകിരിപ്പുറത്തേയ്ക്ക് അമ്മയുടെ തണുത്ത, അതീവമൃദുലമായ ദേഹത്തെ മാറ്റിക്കിടത്തി. പലരും എരിഞ്ഞു തീര്‍ന്ന ആ മുറി കറുത്ത് കരിപിടിച്ച് യമദേവന്‍റെ വാതില്‍മാടമായി പ്രത്യക്ഷപ്പെട്ടു. ഒരു ചുവന്ന പട്ടുകൊണ്ട് അമ്മയുടെ മുഖം മൂടുവാന്‍ എന്നോട് പറഞ്ഞു. എനിക്കത് ഹൃദയഭേദകമായി തോന്നി... പിന്നെ തെരുതെരെ എന്ന് വിറകടുക്കുകയും ആ കൂമ്പാരത്തില്‍ അമ്മയെ കാണാതാക്കുകയും ചെയ്തു. വെണ്ണ തോല്‍ക്കുമുടലുള്ള അമ്മയ്ക്ക് നോവുന്നുണ്ടാവില്ലേ എന്ന് ഓര്‍ത്ത് എന്‍റെ മനസ്സ് തകര്‍ന്നു. വിറകടുക്കി തീര്‍ന്നപ്പോള്‍ ശ്മശാനജീവനക്കാര്‍ എന്നോട് പുറം തിരിഞ്ഞു നില്‍ക്കാനാവശ്യപ്പെട്ടു. പുറകോട്ട് കൈ കെട്ടി വെക്കാന്‍ പറഞ്ഞു. എന്നിട്ട് കൈയില്‍ തീക്കൊള്ളി തന്നു. അത് ചിതയിലേക്ക് വെക്കുകയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. പിന്നെ അഗ്നിദേവന്‍റെ എരിയുന്ന ആര്‍ത്തിയാണ് ഞാന്‍ കണ്ടത്..

അമ്മയെ ചിതയില്‍ വെക്കുകയും കത്തിക്കാനുള്ള കൊള്ളി എടുത്ത് ആ ചിതയ്ക്ക് തീ കൊടുക്കുകയും ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. എന്നെ എന്തിനായി ദൈവം ഈ ഭൂമിയിലേക്കിറക്കി വിട്ടു എന്ന് ഞാന്‍ ജീവിതത്തില്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. കൊള്ളി വെയ്ക്കേണ്ടുന്ന ആ നിമിഷത്തില്‍ ഞാന്‍ ലക്ഷം തവണ ആ ചോദ്യം എന്‍റെ ഉള്ളിലിട്ടുരുക്കഴിച്ചു. എത്ര ശ്രമിച്ചിട്ടും എനിക്ക് തേങ്ങല്‍ ഒതുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. തീ കൊടുത്ത് ഇരുമ്പ് ഷട്ടര്‍ വലിച്ചു താഴ്ത്തി ,അമ്മയെ അഗ്നിക്ക് സമര്‍പ്പിച്ചപ്പോള്‍ ഞാനീ മഹാപ്രപഞ്ചത്തില്‍ തികച്ചും തനിച്ചായിപ്പോകുകയായിരുന്നു.

എന്‍റെ കണ്ണുകളില്‍ നിന്ന് രക്തം കണ്ണീരായി ഒഴുകി വീണു. വസുവെന്ന കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ഞാന്‍ അത്യുച്ചത്തില്‍ തേങ്ങി. അനിയത്തിമാര്‍ എന്നേക്കാള്‍ ഒതുക്കാന്‍ കഴിവുള്ളവരായിരുന്നു. അവർ കരച്ചിൽ ചവച്ചിറക്കി. എനിക്ക് നിയന്ത്രണമുണ്ടാവാന്‍ പിന്നെയും ഒട്ടു സമയമെടുത്തു.

വസു 'ഞാനിനി അനിയത്തിമാര്‍ക്കു കൂടി അമ്മയാവണം' എന്ന് ആശ്വസിപ്പിക്കുമ്പോള്‍ ജയ്ഗോപാൽ സമീപത്ത് വന്ന് എന്‍റെ കൈപിടിച്ചു. 'കരയരുത്... കരയരുത് 'എന്ന് മന്ത്രിച്ചു. 'നമ്മള്‍ കരച്ചില്‍ ബാന്‍ ചെയ്തിട്ട് എത്ര കൊല്ലമായി' എന്നോര്‍മ്മിപ്പിച്ചു. ആ പതുപതുത്ത കൈകള്‍ക്കുള്ളില്‍, അമ്മയെ അഗ്നിക്കേകിയ എന്‍റെ വലതുകൈ അമര്‍ത്തിപ്പിടിച്ചു. 'എന്‍റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടുവല്ലോ' എന്ന് ഞാന്‍ തേങ്ങിയപ്പോള്‍ ജയ്ഗോപാൽ എന്നോട് ചോദിച്ചു. 'നഷ്ടങ്ങള്‍ നിനക്ക് പുതിയതാണോ. എല്ലാത്തരം നഷ്ടങ്ങളുടേയും മഹാറാണിയല്ലേ നീ ' അപ്പോള്‍ കടന്നുപോകുന്ന ജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഒരു നിമിഷം എന്‍റെ കണ്ണുകള്‍ പെയ്യാന്‍ മറന്നു നിന്നു.

സാജനോട് 'എന്‍റെ അമ്മ പോയി' എന്ന് കരഞ്ഞപ്പോള്‍ 'എന്‍റെ അമ്മയും പോയല്ലോ.. നമ്മള്‍ക്ക് രണ്ടാള്‍ക്കും അമ്മയില്ല. ഞാന്‍ കരയുന്നില്ല . പിന്നെ നീയെന്തിനു കരയണം' എന്ന് ആശ്വസിപ്പിച്ചു. 'നമ്മള്‍ക്ക് രണ്ടാള്‍ക്കും അമ്മയുമില്ല, അച്ഛനുമില്ല. അത്രേയുള്ളൂ' എന്നായിരുന്നു സാജന്‍റെ തലോടല്‍.

പിറ്റേന്ന് രാവിലെ റാണിയും കണ്ണനും കൂടി പോയി ഒരു ഇരുമ്പ് കൊടില്‍ കൊണ്ട് അസ്ഥിപെറുക്കുകയും കലശത്തിലാക്കുകയും ചെയ്തു.

കുറച്ചുകൂടി ജോലിയുണ്ടായിരുന്നു... അസ്ഥി നിമജ്ജനം.. തര്‍പ്പണം.. ഹോമം.. ഗ്രേഖ്യം എന്ന് വിളിക്കുന്ന അടിയന്തിരം. അത് പതിമൂന്നാം ദിവസമായിരുന്നു.

അമ്മയുടെ ഒത്തിരി സാധനങ്ങള്‍, വീല്‍ ചെയര്‍, എയര്‍ബെഡ്, ഗ്ലൌസുകള്‍, അണ്ടര്‍പാഡുകള്‍, സുഗന്ധമുള്ള പേപ്പര്‍ തൂവാലകള്‍ , വാക്കിംഗ് സ്റ്റിക് അങ്ങനെ ഒത്തിരി സാധനങ്ങള്‍ കിടപ്പിലായിപ്പോയ അനാഥസ്ത്രീകളുടെ ഒരു ആലയത്തിനു നല്‍കി. അടിയന്തിരത്തിനു വേണ്ട സദ്യയും അവിടെ തന്നെയേ ചെയ്തുള്ളൂ.

ശൂന്യമായ നോട്ടത്തോടെ ഞങ്ങള്‍ മൂന്നു സ്ത്രീകള്‍ ഫ്ലാറ്റില്‍ കുത്തിയിരുന്നു. അമ്മയുടെ ചിത്രത്തിനു മുന്നില്‍ കെടാവിളക്ക് കത്തിച്ചു. ഞങ്ങള്‍ പറ്റാവുന്നത്ര ഈശ്വരനാമങ്ങള്‍ ഉരുവിട്ടു. ഞങ്ങള്‍ക്ക് അമ്മയുടെ മണം കിട്ടുന്നുണ്ടായിരുന്നു. ആ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. രാത്രി ഉറങ്ങാതെ കിടക്കുമ്പോള്‍ അമ്മ തലോടുന്നതായി തോന്നുന്നുണ്ടായിരുന്നു.

ആ ശൂന്യത അമ്മയുടെ ശൂന്യത അതു നികത്താന്‍ ഒരു ലോജിക്കും ഇന്നുവരെയും ഞങ്ങളെ ആരേയും സഹായിച്ചിട്ടില്ല.

2 comments:

Cv Thankappan said...

ആ ശൂന്യത അമ്മയുടെ ശൂന്യത അതു നികത്താന്‍ ഒരു ലോജിക്കും ഇന്നുവരെയും ഞങ്ങളെ ആരേയും സഹായിച്ചിട്ടില്ല.അതേ അമ്മയുടെ സ്ഥാനം അമ്മയ്ക്കുമാത്രം!

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മയുടെ ശൂന്യത അതു നികത്താന്‍
ഒരു ലോജിക്കും ഇന്നുവരെയും ആരേയും
സഹായിച്ചിട്ടില്ല.