Saturday, November 30, 2019

അമ്മച്ചിന്തുകൾ 85

                  

അമ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങൾ... കുറെ പൂജകള്‍, പ്രാര്‍ഥനകള്‍, വിളക്കു വെയ്ക്കല്‍, രണ്ടു നേരവും കുളി... മന്ത്രങ്ങള്‍ ഉരുവിടല്‍ അങ്ങനെയങ്ങനെ..
അസ്ഥി ഒഴുക്കുവാന്‍ ചേലാമറ്റത്ത് പോയപ്പോള്‍ കാക്കയ്ക്കു നല്‍കാനുള്ള പിണ്ഡവുമുണ്ടായിരുന്നു.
പരിസ്ഥിതീമലിനീകരണഭീഷണിയുള്ളതുകൊണ്ട് എവിടെ ഒഴുക്കാം എവിടെ പാടില്ല എന്നൊക്കെ കര്‍ശനനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. അത് നല്ലൊരു കാര്യമായിത്തന്നെയാണ് എനിക്ക് തോന്നിയത്. എല്ലായിടത്തും ചപ്പും ചവറും നിറഞ്ഞ് വൃത്തികേടാവുന്നത് ഒട്ടും നല്ല കാര്യമല്ല തന്നെ.

പിണ്ഡമായ അരിയും എള്ളും ഭക്ഷിക്കാന്‍ ഏറ്റവും അര്‍ഹരായവര്‍ കാക്കബ്രാഹ്മണരാണ്. ബലിയിടുന്ന സ്ഥലങ്ങളിലെല്ലാം ഇവര്‍ക്ക് ഭയങ്കര ഡംഭുമാണ്. ആടുകളേയും പശുവിനേയും ഒക്കെ മനുഷ്യര്‍ ഓടിച്ചു കളയുകയും കാക്കബ്രാഹ്മണരെ കൈ തട്ടി വിളിച്ചു ആദരിച്ച് പിണ്ഡം എടുക്കാന്‍ അപേക്ഷിക്കുകയും ചെയ്യും.

പശുവും ആടുമൊക്കെ വിശന്നു വലഞ്ഞു നടക്കുകയാണവിടെ.നല്ല ശാപ്പാട് കഴിച്ച് കാക്കകള്‍ പശുവിന്‍റെ പുറത്തും ആടിന്‍റെ പുറത്തും ഒക്കെ കയറിയിരുന്നു ഫുള്‍ ഗമയില്‍ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അമ്മയുടെ പിണ്ഡം എന്തായാലും വിശന്നു വലഞ്ഞ ഒരു പശു തന്നെ കഴിച്ചു. എന്നിട്ട് അത് ഞങ്ങളെ കൃതജ്ഞതയോടെ നോക്കി. ഞങ്ങള്‍ അതിനെ അടിച്ചോടിക്കാനൊന്നും പോയില്ല.

അമ്മ പറയുമായിരുന്നു... 'പശിയെടുക്കറവാളുക്ക് ശാപ്പാട് പോടണം.'

ഞങ്ങള്‍ അമ്മയുടെ വാക്ക് അപ്പോഴും പാലിച്ചു.

അങ്ങനെ എല്ലാം തീര്‍ത്ത് ആഹാരവും നല്‍കി ഞങ്ങള്‍ അമ്മയുടെ ഗ്രേഖ്യ ക്രിയാകര്‍മ്മാദികള്‍ അവസാനിപ്പിച്ചു. ഇനി എല്ലാവരും സ്വന്തം ജീവിതത്തിന്‍റെ അലകടലില്‍ തോണികള്‍ തുഴയണം.... അതെവിടെയായാലും എത്ര ക്ലിഷ്ടമായാലും.. ആരുണ്ടെങ്കിലും ഇല്ലെങ്കിലും ..

ഞങ്ങള്‍ക്ക് വേണ്ടി അളവില്ലാത്ത മര്‍ദ്ദനങ്ങള്‍ സഹിച്ച, അപമാനവും നിന്ദയും മാത്രം എന്നും കുടിച്ച, വേദനകളില്‍ പുളഞ്ഞ, കണ്ണില്‍ നിന്നും തീത്തുള്ളികള്‍ ഒഴുക്കിയ, ധനനഷ്ടങ്ങളേയും മാനനഷ്ടങ്ങളേയും ഉള്‍ക്കരുത്തോടെ നേരിട്ട അമ്മയ്ക്ക് മുന്നില്‍ , ഒരു മര്‍ദ്ദനത്തിലും തകര്‍ച്ചയിലും നഷ്ടത്തിലും തലകുനിയ്ക്കാത്ത മക്കളായി ഞങ്ങള്‍ക്ക് നിലനിന്നേ തീരു..

ഞങ്ങള്‍ക്ക് അമ്മയോടുള്ള കടവും കടമയും അങ്ങനെ മാത്രമേ വീട്ടാനായി പരിശ്രമിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് പതിമൂന്നാം നാൾ കുറെ അനാഥരായ അമ്മമാര്‍ക്ക് അന്നദാനം ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിച്ചതും .

പലവട്ടം കണ്ണുകള്‍ നിറഞ്ഞെങ്കിലും ഞങ്ങള്‍ കണ്ണീരിനെ ബലമായി അകത്തേക്ക് വലിച്ചു, ഗദ്ഗദം തൊണ്ടക്കുഴിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും ഞങ്ങള്‍ ഗദ്ഗദത്തെ അതിജീവിച്ചു. ആ അമ്മമാരോടൊപ്പമിരുന്ന് ആഹാരം കഴിച്ചു.... അമ്മമാർ നോൺവെജ് ആഹാരമാണ് താല്പര്യപ്പെട്ടതെന്ന് പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്. ഭാഗ്യ യുടെ ഒപ്പം പഠിച്ച ഒരു കന്യാസ്ത്രീ യായിരുന്നു ആ അമ്മമാരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത്.

ആ അമ്മമാരൊക്കെ യൂറിന്‍ ട്യൂബ് ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. അമ്മയുടെ വാക്കിംഗ് സ്റ്റിക് പിടിച്ച് സുഖമായി നടക്കാനാവുന്നുവെന്ന് പറഞ്ഞ ഒരമ്മ അനിയത്തിമാരുടേ ശിരസ്സില്‍ കൈ വെച്ചനുഗ്രഹിച്ചു.. എല്ലാം നന്നാവും.. എല്ലാം ശരിയാവും എന്ന് പറഞ്ഞു.

ഒരമ്മ ഒന്നെടുത്ത് ഒക്കത്ത് വെയ്ക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് അത് സാധിച്ചില്ല.അവരുടെ ശരീരം വല്ലാതെ കുഴഞ്ഞു പോയിരുന്നു. പിന്നൊരമ്മ ഭക്ഷണത്തിനു താങ്ക്യൂ എന്ന് പറഞ്ഞു. അതീവ സുന്ദരിയായ ഒരു അമ്മയുണ്ടായിരുന്നു, പക്ഷെ, അവര്‍ക്ക് സംസാരിക്കാന്‍ കഴിവില്ല. തലച്ചോറിലെ രക്തസ്രാവം അവരെ തീര്‍ത്തും മൌനിയാക്കിയിരിക്കുന്നു.

ചിംബ്ളുവിനെ എല്ലാ അമ്മമാരും പ്രത്യേകം അനുഗ്രഹിച്ചു..

ഞങ്ങളുടെ അമ്മ എവിടെയെങ്കിലും ഇരുന്നു അതൊക്കെ അറിയുന്നുണ്ടാവും..

അത്തരമൊരു പ്രതീക്ഷയില്‍ ശുഭവിശ്വാസത്തില്‍ ഞങ്ങള്‍ മടങ്ങി..

അമ്മ ഭാഗ്യയുടെ ചുമലിലായിരുന്നു. അവളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമായിരുന്നു. എനിക്കോ റാണിക്കോ കഴിയാത്ത രീതിയിൽ ഏറ്റവുമധികം ഭംഗിയായി അവൾ ആ ചുമതല നിർവഹിക്കുകയും ചെയ്തു.

അമ്മ പോയപ്പോൾ അവളും ചിംബ്ളു വും ഒറ്റക്കായി.. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അമ്മയുടെ ആശകൾ സാധിക്കാനായില്ല എന്ന സങ്കടം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു.

ഭാഗ്യ ഡ്രൈവിംഗ് പഠിച്ച് കാറു വാങ്ങിയെങ്കിലും അമ്മയെ കാറിലിരുത്തി എങ്ങും കൊണ്ടു പോവാൻ അവൾക്ക് കഴിഞ്ഞില്ല. അത് എന്നും രാവിലെ ഓഫീസിൽ പോവാനിറങ്ങുമ്പോൾ, കാറ് ഓടിക്കുമ്പോൾ അവളിൽ സങ്കടമായി നിറഞ്ഞു വരുമായിരുന്നു. 'ഞാൻ നമ്മുടെ അമ്മയെ ഇത്തിരീം കൂടി നോക്കേണ്ടതായിരുന്നു' എന്ന് ഇപ്പോഴും സങ്കടപ്പെടുന്ന മകളാണവൾ.

ഒരു വ്രതം പോലേ മാസത്തിൽ രണ്ടു ദിവസം അച്ഛൻ വീട്ടിൽ ചെലവിടണമെന്ന കോടതി വിധി പാലിച്ചിരുന്നു ചിംബ്ളു. അവളുടെ അമ്മക്ക് ഇനി ആ വീട്ടിൽ നിന്നും പ്രയാസമൊന്നും തന്നെ നേരിടേണ്ടി വരരുതെന്ന് ചിംബ്ളുവിന് നിർബന്ധമായിരുന്നു. ഞങ്ങളുടെ അമ്മ ബോധരഹിതയായപ്പോൾ ചിംബ്ളു ആ യാത്ര അവസാനിപ്പിച്ചു. അവളുടെ അഭാവത്തിൽ അമ്മൂമ്മ മരിച്ചെങ്കിലോ എന്ന ആധിയായിരുന്നു കാരണം.

ചിംബ്ളു അതീവ ജനാധിപത്യബോധമുള്ള ഒരു പെൺകുട്ടിയാണ്. അച്ഛൻ വീട്ടിൽ അസുഖമോ മരണമോ അങ്ങനെ എന്തു സങ്കടമുണ്ടായാലും അവൾ പോകും. സന്തോഷങ്ങളിൽ പോയില്ലെങ്കിലും.. എൻറെ ജീവിത നൊമ്പരങ്ങൾ ആറുവയസ്സിൽ മനസ്സിലാക്കിയ കുഞ്ഞാണല്ലോ അവൾ. ആരുടേയും വേദനകൾ അറിയാനും മനസ്സിലാക്കാനും പ്രത്യേക പരിശീലനം ആവശ്യമില്ലാത്തവൾ.

റാണി ദൂരെ ആയിരുന്നതുകൊണ്ട് അവളുടെ കാറുകളോ ഉദ്യോഗ പ്രൗഢിയോ താമസ സൗകര്യങ്ങളോ ഒന്നും അമ്മക്ക് കാണാനായില്ല. അമ്മ ആശിച്ചത്രയും റാണിയുടെ മകനെയും കൊഞ്ചിക്കാനായില്ല. അമ്മ കടന്നു പോകുമ്പോൾ റാണി അതീവ ദൈന്യത്തിലായിരുന്നു. അമ്മ അതറിഞ്ഞിരുന്നു എങ്കിലും ഞങ്ങൾ സമ്മതിക്കാത്ത കാര്യം അമ്മ കുത്തിക്കിഴിച്ച് ചോദിച്ചിരുന്നില്ല. വിരൽത്തുമ്പാൽ പോലും തൻറെ കുലീനത വിട്ടുകളയുവാൻ അമ്മക്ക് താല്പര്യമുണ്ടായിരുന്നില്ല.

റാണി ഇക്കഴിഞ്ഞ നാലുവർഷമാണ് പൊരുതിയത്. അവൾ പരാജയങ്ങളും നിന്ദയും അപമാനവും എല്ലാത്തരം നഷ്ടങ്ങളും മാലകൾ പോലെ ഏറ്റുവാങ്ങി. ചെരുപ്പ് മാലയുമിട്ട് ചീമുട്ടയേറും സഹിച്ച് ഏകാകിനിയായി ജീവിച്ചു. ജില്ലാ കോടതിയും ഹൈക്കോടതിയും പെണ്ണുങ്ങളോട് സാധാരണ പറയുന്ന എല്ലാ തമാശകളും അവളോടും പറഞ്ഞു. വക്കീലുമാർ പണം കൊള്ളയടിച്ചു. ആ പൊരുതലിനിടയിൽ അവളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് കമ്പനി യും കൂറു തെളിയിച്ചു...

അമ്മയുടേയും അമ്മീമ്മയുടേയും മകളായതുകൊണ്ടാണ് അപ്പോഴും പിടിച്ചു നില്ക്കാൻ അവൾക്ക് കഴിഞ്ഞത്. സെക്കൻഡുകൾ എണ്ണിയെണ്ണിക്കുറച്ചുകൊണ്ട് ആറുമാസക്കാലം തൻറെ വിശാലവും വൈവിധ്യമാർന്നതുമായ ഇലക്ട്രിക്കൽ എൻജിനീയറിങ് വൈദഗ്ദ്ധ്യവുമായി ഇന്ത്യ മുഴുവനും അവൾ ജോലി അന്വേഷിച്ചു.

അങ്ങനെ എല്ലാ സമരങ്ങൾക്കും ഒടുവിൽ നഷ്ടങ്ങളെല്ലാം അവൾക്കു ലാഭമായിത്തീർന്നു. നൊന്തു പ്രസവിച്ച മകൻ അവളുടേതു മാത്രമായി ആ അമ്മമടിയിൽ അഭയം തേടി....പശ്ചാത്താപത്തിൻറെ കണ്ണുനീരിൽ അവൻ അപ്പോൾ ജനിച്ച ശിശുവായി , തികച്ചഘ.നിർമ്മലനായി. മറ്റൊരു കമ്പനിയിലെ വി പി ആയി നഷ്ടപ്പെട്ട ജോലി അവളെ മുംബൈയിൽ കാത്തിരുന്നു. അവളെ പാഠം പഠിപ്പിച്ച് തോല്പിച്ചവർ ഇപ്പോൾ പൂർണ മൗനത്തെ വരിച്ചിരിക്കുന്നു.

റാണിയുടെ ജീവിതസമരം ഞങ്ങളെ ഇന്നത്തെ ഇന്ത്യയുടെ സ്ത്രീപ്പദവിയെന്തെന്ന് ശരിക്കും പഠിപ്പിച്ചു തന്നു. സ്ത്രീ അനുകൂല നിയമങ്ങൾ എപ്രകാരമെല്ലാം
വളച്ചൊടിച്ചു വികൃമാക്കി പെണ്ണിന് നീതി നിഷേധിക്കാൻ കഴിയുമെന്ന് ഞങ്ങൾ സമരത്തിൻറെ ഓരോ പടവിലും മനസ്സിലാക്കി. സാമ്പത്തിക ശേഷിയുള്ള പെണ്ണിനെ അടിച്ചൊതുക്കാനും എല്ലാവരും മൽസരിക്കുമെന്ന് ഞങ്ങൾക്കു തീർച്ചയായി. ഏകലിംഗമേധാവിത്ത സമൂഹം അതിനെന്തെല്ലാം സഹായം ചെയ്യുമെന്നും ഞങ്ങൾ ആദ്യം കണ്ട് പിന്നെ കൊണ്ട് അറിഞ്ഞു.

ഏകലിംഗമേധാവിത്തസമൂഹം സ്വന്തം ലിംഗത്തിൽ പെട്ടവരേയും അപമാനിക്കും നിന്ദിക്കും പരിഹസിക്കും. അത് കണ്ണൻ ഏറ്റുവാങ്ങിയ ദുരിതമാണ്. ഞങ്ങൾ ക്കൊപ്പം നിന്നതുകൊണ്ടു മാത്രം ഭ്രാന്തനെന്നും കണ്ണൻ അറിയപ്പെട്ടു. അങ്ങനെ വിളിച്ചവരെ ആദരിക്കുന്ന സ്നേഹിക്കുന്ന സ്ത്രീകളും കണ്ണൻറെ ജീവിതത്തിൽ ഉണ്ട്. എന്നാൽ അവരോട് കണ്ണൻ കലഹിക്കുന്നതേയില്ല. കാരണം അവരുടെ സമൂഹബോധ്യങ്ങൾ അങ്ങനെയാണ്.

റാണിയുടെ മകനും ഒരുപാടു ദുരിതം സഹിച്ചു. അമ്മയെ മനസ്സിലാക്കാൻ അവൻ വൈകി. സ്നിഗ്ദ്ധമായ സ്നേഹത്തിന്റെ രുചി അവനു നിഷേധിക്കപ്പെട്ടു. അവൻ കാപട്യത്തിൻറെ ചതുരംഗപ്പലകയിൽ കള്ളങ്ങൾക്ക് വേണ്ടി നിരത്തപ്പെട്ട കരു മാത്രമായി തരം താഴ്ന്നു.

തികഞ്ഞ ബ്രാഹ്മണസ്ത്രീയായിരുന്ന അമ്മീമ്മയുടെ ചിത കത്തിച്ചത് ഈഴവ ജാതിക്കാരനായതുകൊണ്ട് ഒരപകടവും ഉണ്ടായില്ല. അമ്മയുടെ മരണാനന്തരകർമ്മങ്ങൾ ചെയ്തത് ഈഴവരായ പുരോഹിതരായിരുന്നു. വിശ്വകർമ്മജനെ വിവാഹം കഴിച്ചപ്പോൾ അമ്മയും വിശ്വകർമ്മജയായി എന്നാണ് അവരെ അയച്ച ബ്രാഹ്മണപുരോഹിതൻ ന്യായം പറഞ്ഞത്. ഞാൻ ചിത കത്തിച്ചതുകൊണ്ട് ഉടനെ വിധവയാകുമെന്നും ബ്രാഹ്മണ പുരോഹിതൻ പിന്നീട് ഭീഷണിപ്പെടുത്തി.
ബ്രാഹ്മണ സ്ത്രീകൾ ചുടലയിൽ പോലും പോവില്ലല്ലോ.. ഞാൻ.. എനിക്ക് എന്ത് ബ്രാഹ്മണ്യം? എന്ത് വിശ്വകർമത?എന്ത് ക്രൈസ്തവത ? എന്ത് നായരത?

അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണ സ്ത്രീയെ പ്രേമിച്ച്, മഠത്തിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് വിവാഹം കഴിച്ച വിപ്ളവകാരിയായി അറിയപ്പെട്ട വിശ്വകർമ്മജനായ അച്ഛനാണ് കലർപ്പില്ലാത്ത വിശ്വകർമ്മജരായ മരുമക്കളാൽ ചിതയിൽ വെക്കപ്പെട്ടത്...

എൻറെ മകളുടെ വിവാഹത്തിനും ജാതിയും മതവും ആചാരവിശ്വാസങ്ങളും ഉണ്ടായില്ല. അമ്മ അതിനെക്കുറിച്ച് സംസാരിച്ചതേ ഇല്ല. റാണിയും ഭാഗ്യയും സംസാരിച്ചില്ല. കണ്ണന് അൽഭുതം തോന്നിയ കാര്യമായിരുന്നു അത്.

അമ്മക്ക് കുഞ്ഞുങ്ങൾ രണ്ടു പേരും സന്തോഷത്തോടെ ജീവിക്കണമെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.

ചൂഷണം ചെയ്യപ്പെടുന്നത് മിടുക്കു കുറയുമ്പോഴാവാം. എന്നാൽ ചൂഷണം ചെയ്യുന്നത് അതിസാമർഥ്യം കൊണ്ടാണെന്നാണ് അമ്മീമ്മ പറഞ്ഞു തന്നിട്ടുള്ളത്. അതിസാമർഥ്യം പാടില്ലെന്നും പറഞ്ഞിരുന്നു.

തോറ്റവരെന്നും ഏകാകികളായിരിക്കും. എക്കാലത്തും തോറ്റവർക്ക് ഒപ്പം നില്ക്കണമെന്ന് അമ്മീമ്മ പറയുമായിരുന്നു.

ഞങ്ങൾക്ക് മക്കളെ തരില്ലെന്ന ഭീഷണിയാണ് പൊതുവായി നേരിടേണ്ടി വന്ന ഒരു മഹാദുരന്തം. കുറേക്കാലം അതു നടപ്പിലാക്കാനും ഭീഷണിപ്പെടുത്തിയവർക്കെല്ലാം സാധിക്കുകയും ചെയ്തു. എന്നാൽ മക്കൾ പൂർണമായും ഞങ്ങളെ മനസ്സിലാക്കി ഒപ്പം നില്ക്കുക എന്ന അനുഭവവും ഞങ്ങൾക്കായി കാത്തുവെയ്ക്കപ്പെട്ടിരുന്നു. ആ നിലയിൽ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കിട്ടിയവരെന്ന നിലയിൽ ഈ പ്രപഞ്ചത്തിലെ മഹത്തായ സമ്മാനിതർ ഞങ്ങൾ തന്നെയാണ്.

1920 കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് ഞാൻ എഴുതാൻ ശ്രമിച്ചത്. അക്ഷരാഭ്യാസം മുതൽ മുലപ്പാലിനു വരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ..

എല്ലാത്തരം വിവേചനങ്ങളേയും ഞാൻ അല്ല ഞങ്ങൾ എന്നും എതിർക്കുന്നു. എതിർക്കുകയും ചെയ്യും...

സ്നേഹം ... സ്നേഹം മാത്രം...

അമ്മച്ചിന്തുകൾ അവസാനിച്ചു.

3 comments:

പട്ടേപ്പാടം റാംജി said...

1920 കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് ഞാൻ എഴുതാൻ ശ്രമിച്ചത്. അക്ഷരാഭ്യാസം മുതൽ മുലപ്പാലിനു വരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ..

അത് മനോഹരമായി പറഞ്ഞിരിക്കുന്നു 85 അദ്ധ്യായങ്ങളിലൂടെ.

Cv Thankappan said...

സ്ത്രീജനങ്ങളുടെ സഹനശീലവും അതോടൊപ്പം സഹനശക്തിയും "അമ്മച്ചിന്തുകളി"ൽ തിളങ്ങിനിൽക്കുന്നു.
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

നാലഞ്ച് തലമുറയിലെ പെണ്ണുങ്ങളുടെ ജീവിത ദുരിതങ്ങൾ ...