Sunday, May 3, 2020

വധശിക്ഷ എന്ന ഉപായം

                                                  
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ 35 കോടി ജനങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇന്നത് 135 കോടിയാണ്. മാറിമാറി വന്ന ഒരു സർക്കാരും ഈ ജനതക്ക് വേണ്ടത്ര ആവശ്യമായ ജനക്ഷേമകരമായ പരിപാടികൾ ആസൂത്രണം ചെയ്ത് കാര്യക്ഷമമായി നടപ്പിലാക്കിയില്ല.

ഇന്ത്യൻ സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ അപചയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ അതിനീചമായ ജാതിവ്യവസ്ഥ. ഇന്ത്യയിലെ മറ്റു മതങ്ങൾ പോലും ഹിന്ദു മതത്തിലെ ഈ നീചതയെ സ്വന്തമാക്കി, പല ആചാരങ്ങളേയും സ്വന്തമാക്കിയതു പോലെ. രണ്ടു്‌ ഇന്ത്യൻ സംസ്ക്കാരത്തിന്റെ അടിയുറച്ച സ്ത്രീ വിരുദ്ധത. ഇവയെ മറികടക്കണമെങ്കിൽ ഒറ്റമനസ്സോടെ ദീർഘവീക്ഷണത്തോടെ ജനക്ഷേമകരമായ പരിപാടികൾ നടപ്പാക്കാൻ സർക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും ഉദ്യോഗസ്ഥരും നീതിന്യായവ്യവസ്ഥിതിയും ജനങ്ങളും പരിശ്രമിക്കണം.

അതിവിടെ ഇല്ല. കാര്യങ്ങൾ ദിനംപ്രതി വഷളാകുകയാണ് അധിക മേഖലകളിലും സംഭവിച്ചിട്ടുള്ളത്.

നിർഭയ കേസിൽ ഞങ്ങൾ നാലഞ്ചു ആണുങ്ങൾ ഒരുമിച്ചുണ്ട് എന്ന അഹങ്കാരവും അവൾ ഒറ്റയ്ക്ക് ഒരു പെണ്ണാണ് എന്ന പൊതുബോധവും ആ പെൺകുട്ടിയെ പരിഹസിച്ചു തുടങ്ങാനുള്ള പ്രധാന കാരണമായിരുന്നു. രാത്രി ഒമ്പത് മണിക്ക് തൻറെ ആൺസുഹൃത്തിനൊപ്പം
പുറത്തിറങ്ങിയ പെൺകുട്ടി ശരിയല്ല, (വേശ്യയെ ബലാത്സംഗം ചെയ്യാമെന്ന് നമ്മുടെ കോടതി വിധിച്ചിട്ടുണ്ടു പോലും ) എന്ന പൊതുബോധം ബസ്സിലെ അഞ്ചു ആണുങ്ങൾക്കും ഉണ്ടായിരുന്നു. പെൺകുട്ടി യുടെ സുഹൃത്തിനോട് 'ങാഹാ, നിനക്കു മാത്രമോ ഈ രാത്രിയിൽ ഈ പെണ്ണ് ' എന്ന അസൂയയും ഒപ്പം വളർന്നിരുന്നു. ഇതെല്ലാമാണ് ആ കുട്ടിയുടെ നേരെ ബോഡിഷേമിംഗും ഈവ് ടീസിംഗും നടത്താൻ അവരെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ നമ്മുടെ രാജ്യത്തിന്റെ സമസ്ത വ്യവസ്ഥകൾക്കും ആചാരങ്ങൾക്കും രാഷ്ട്രീയത്തിനും അധികാരത്തിനും എല്ലാ ജാതി മതങ്ങൾക്കും
നിയമത്തിന്റെ മെല്ലെപ്പോക്കിനും ഉദാസീനതക്കും വലിയ പങ്കുണ്ട്.

പരിഹസിക്കപ്പെട്ടപ്പോൾ ആ പെൺകുട്ടി എതിർത്തു. പരിഹാസത്തിനെ ചോദ്യം ചെയ്തു.

ഈ അഞ്ചു ആണുങ്ങളുടേയും ആൺമ വ്രണപ്പെട്ടത് അപ്പോഴാണ്. 'ഹും.. ഇവൾ ആര് ? ഇവൾ ഒരു നിസ്സാരയായ പെണ്ണ്.. ഇവൾ ഞങ്ങൾ ആണുങ്ങളെ ചോദ്യം ചെയ്യാറായോ? കേമമായ ആണ്മയെ ബഹുമാനിക്കേണ്ട വെറും പെണ്ണ്... '

പെണ്ണിനെ പാഠം പഠിപ്പിക്കാൻ ആണിൻറെ പക്കലുള്ള ഏറ്റവും വലിയ ആയുധമാണ് ഉദ്ധരിച്ച ലിംഗം. അങ്ങനെ അഹങ്കാരം മുറ്റിയ ആൺമ ബലാത്സംഗപാഠം പഠിപ്പിച്ചു. അവൾ ബലാത്സംഗം ചെറുക്കാൻ നോക്കിയതിൻറെ ശിക്ഷയായി ഇരുമ്പ് ദണ്ഡുപാഠം പഠിപ്പിച്ചു. അവളെ ദ്രോഹിക്കരുതെന്ന് അപേക്ഷിച്ച കൂട്ടുകാരൻ പയ്യനെ ശാരീരികമായ കൈയേറ്റ പാഠം പഠിപ്പിച്ചു.

നിർഭയ ബസ്സിൽ കയറിയ ദില്ലിയിലെ മുനീർക്ക ബസ്സ്സ്റ്റോപ്പും റാവു തുലറാം മാർഗും മഹിപാൽപൂരും കഴുകിയിട്ട ബസ്സ് കണ്ടെടുത്ത, മുകേഷ് എന്ന കുറ്റവാളി പാർത്തിരുന്ന ആർ കെ പുരത്തെ രവിദാസ് ചേരിയും പരിചയമുള്ളവർക്ക് അറിയാം.. എത്ര ആൾത്തിരക്കുള്ള ഇടങ്ങളാണ് അവയൊക്കെയെന്ന്..

അക്രമികൾ ഹൈവേയിലേക്ക് വലിച്ചെറിഞ്ഞ ആ നഗ്നശരീരങ്ങളെ ദില്ലിപോലീസ് വരും വരെ ഒരാളും ശ്രദ്ധിച്ചില്ല. അത്രക്കാണ് മറ്റുള്ളവരുടെ ദുരിതങ്ങളോടുള്ള മനുഷ്യരുടെ അനുതാപം. ഡിസംബർ മാസത്തെ തണുപ്പിൽ റോഡിൽ തല്ലിയലച്ചു കിടക്കുന്ന അവരെ ഒന്നു ശ്രദ്ധിക്കുവാൻ പോലും പറ്റാത്തവരും ഇപ്പോൾ വളരെ നല്ല മനുഷ്യരായി, നീതിക്കായി ദാഹിച്ച് നിലനിൽക്കുന്നുണ്ട്.

പെണ്ണിനെ ആണ് നിലക്ക് നിറുത്തുമെന്നും പാഠം പഠിപ്പിക്കുമെന്നും പെണ്ണ് നോക്കീം കണ്ടും അടങ്ങീം ഒതുങ്ങീം ജീവിക്കണമെന്ന് ഒരു തരിയെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും പറയുകയോ വിശ്വസിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുള്ള എല്ലാവർക്കും എല്ലാറ്റിനും ഈ നീചകൃത്യത്തിൽ പങ്കുണ്ട്.

കുറ്റവാളികളെ കണ്ടുപിടിക്കാൻ മിടുക്കു കാട്ടുന്നതിൽ മാത്രം അധിഷ്ഠിതമല്ല പോലീസിൻറെ കടമ. എത്ര ബുദ്ധിമുട്ടിയാണ് ദില്ലി പോലീസ് ഈ കുറ്റവാളികളെ പെട്ടെന്ന് തന്നെ കണ്ടു പിടിച്ചതെന്ന് വായിച്ചറിഞ്ഞിരുന്നു ഞാൻ. കുറ്റം ചെയ്യാൻ പറ്റാത്ത വിധം കാര്യങ്ങളെ മാറ്റിത്തീർക്കുമ്പോഴാണ്
പോലീസ് ശരിക്കും മെച്ചപ്പെട്ട ഒരു കാവൽ സംവിധാനമാകുന്നത്. 1947 ൽ സ്വാതന്ത്ര്യം നേടിയ ഇന്ത്യൻ ജനത അത്തരം ഒരു കാവൽ പോലീസിനെ തീർച്ചയായും അർഹിക്കുന്നു.

നമ്മുടെ കോടതികളും അടിമുടി മാറേണ്ട സമയം അതിക്രമിച്ചു. കോടതികളിൽ പോയിട്ടുള്ളവർക്ക് അറിയാം ആ വ്യവസ്ഥയിലെ സ്ത്രീ വിരുദ്ധതയും മനുഷ്യവിരുദ്ധതയും എത്ര യാണെന്ന്.. നിയമങ്ങൾ രാഷ്ട്രീയാധികാരത്തിനും സ്ഥാനമാനങ്ങൾക്കുമായി റബ്ബർക്കുഴലാവുന്നതെങ്ങനെയെന്ന്.. ഇന്ത്യൻ കോടതികളുടെ സമ്പൂർണ മാറ്റത്തിനായും നമ്മൾ ഒരു ജനത എന്ന രീതിയിൽ ഒന്നിച്ചു നിന്ന് തളരാതെ പൊരുതേണ്ടതുണ്ട്.

രോഗാതുരമായ ഈ സമൂഹശരീരത്തെ അടിമുടി ചികിത്സിക്കുന്നതിനു പകരമാണ് മുട്ടുശാന്തിയായ വധശിക്ഷ നടപ്പാക്കി വ്യവസ്ഥ മനുഷ്യരെ സമാധാനിപ്പിക്കുന്നത്. ആരേയാണ് ഈ ശിക്ഷ ഭയപ്പെടുത്തുക? നിർഭയ കേസിലെ വധശിക്ഷാ വിധി കേട്ടിട്ട് ഇന്ത്യയിൽ ബലാൽസംഗം കുറഞ്ഞോ? സ്ത്രീകളുടെ നേരേയുള്ള അതിക്രമങ്ങൾ അവസാനിച്ചോ?

പെണ്ണിനെ രണ്ടാം തരമാക്കുന്ന, പെണ്ണിൻറെ ഉടമസ്ഥനാണ് ആണ് എന്ന സംസ്ക്കാരം ഏതുമാർഗ്ഗമുപയോഗിച്ചും പ്രചരിപ്പിക്കുന്ന നമ്മുടെ സകലമാന വ്യവസ്ഥകളും ആചാരങ്ങളും സങ്കല്പങ്ങളും അനുമാനങ്ങളും സിദ്ധാന്തങ്ങളും ഇങ്ങിനിയില്ലാതവണ്ണം തകർത്തു കളയാതെ, ഈ ദുരിതം മാറുകയില്ല.

എല്ലാ സ്ത്രീ പുരുഷന്മാരും അതിനായാണ് ശരിക്കും പ്രയത്നിക്കേണ്ടത്. രണ്ടുമൂന്നു തലമുറ ഒറ്റക്കെട്ടായി പ്രയത്നിച്ചാൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ ദൃശ്യമായേക്കും.

വധശിക്ഷ നീതിയല്ല, നമ്മുടെ സമൂഹത്തിലുള്ള എല്ലാ വ്യവസ്ഥകളുടേയും അതിഭയാനകമായ പരാജയങ്ങളെ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഉപായം മാത്രമാണ്. അത്തരം ഉപായങ്ങൾ നീതിയാണ് എന്ന് തെറ്റിദ്ധരിക്കുമ്പോൾ ഒരു ജനതയെന്ന നിലയിൽ നമ്മൾ പിന്നേയും പരാജയപ്പെടുകയാണ്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പെണ്ണിനെ രണ്ടാം തരമാക്കുന്ന, പെണ്ണിൻറെ ഉടമസ്ഥനാണ് ആണ് എന്ന സംസ്ക്കാരം ഏതുമാർഗ്ഗമുപയോഗിച്ചും പ്രചരിപ്പിക്കുന്ന നമ്മുടെ സകലമാന വ്യവസ്ഥകളും ആചാരങ്ങളും സങ്കല്പങ്ങളും അനുമാനങ്ങളും സിദ്ധാന്തങ്ങളും ഇങ്ങിനിയില്ലാതവണ്ണം തകർത്തു കളയാതെ, ഈ ദുരിതം മാറുകയില്ല.