Monday, May 13, 2019

എസ്.ശാരദക്കുട്ടി


https://www.facebook.com/echmu.kutty/posts/1138305286348764
ടീച്ചർ,
സ്നേഹം മാത്രം...

Saradakutty Bharathikutty
February 14 at 12:23 PM

എച്മുക്കുട്ടി ജീവിതത്തിന്റെ ഒരു ഘട്ടം എഴുതിത്തീർത്തു. വിമർശനങ്ങളിലും ആക്ഷേപങ്ങളിലും പതറിയില്ല. പുകഴ്ത്തലുകളിൽ ഭ്രമിച്ചില്ല. അവഗണനകളിൽ തളർന്നില്ല. ചോര വറ്റി, കോശങ്ങൾ ചത്ത, വടുകെട്ടിപ്പോയ മുറിപ്പാടുകളിൽ തൊട്ടു തൊട്ട് പ്രത്യേകിച്ചൊരു വികാരഭേദവുമില്ലാതെ എച്മു പറഞ്ഞു കൊണ്ടിരുന്നു.

"അവമാന ശല്യമേ ഒഴിയാതുള്ളു വിവേകശക്തിയാൽ " എന്ന് ചിന്താവിഷ്ടയായപ്പോൾ സീതയും പറഞ്ഞു പോയതാണ്.അത്രമാത്രം അനുഭവങ്ങളിൽ നിന്ന് വിട്ടു നിന്നൊരു എഴുത്തായിരുന്നു അത്. പുതുതായി വായിച്ചവർ പൊള്ളുകയും പിടയുകയും ചെയ്തു.

ആത്മനിന്ദ കൊണ്ടു പിടയുന്ന രണ്ടു പുരുഷ ചിത്രങ്ങൾ സീത ഓർത്തെടുക്കുന്നുണ്ട്. പുരികം പുഴു പോൽ പിടഞ്ഞ്, അകം ഞെരിയും തൻ തല താങ്ങി കൈകളിൽ, പിരിയാനരുതാഞ്ഞ് കണ്ണുനീർ ചൊരിയുന്ന ലക്ഷ്മണൻ.'രാമന്റെ മാത്രം അനുജനാ'യിരുന്ന ലക്ഷ്മണൻ ആണൊന്ന്. മറ്റൊന്ന് തന്നെ തലയുയർത്തി നോക്കാൻ ശേഷിയില്ലാതെ, മുഖം കുമ്പിട്ടിരിക്കുന്ന ശ്രീരാമൻ. എച്മുവിന്റെ ജീവിതം അതൊക്കെ ഓർമ്മിപ്പിച്ചു.

എച്മുവിന്റെ ചോദ്യങ്ങൾക്കു മുന്നിൽ മൗനമായിരിക്കുകയാണ് സാംസ്കാരിക കേരളം. പക്ഷേ, കേരളമൊട്ടാകെ ചിന്താവിഷ്ടയായ സീത ആചരണങ്ങൾ നടക്കുകയാണ്. ഇതൊരു പ്രായശ്ചിത്തമാണ്. സീതയുടെ ചോദ്യങ്ങൾ, ഉത്തരങ്ങൾ, മറു ചോദ്യങ്ങൾ, വ്യാഖ്യാനങ്ങൾ ഇതിനൊക്കെ കേരളത്തിലെ കവികൾ, നിരൂപകർ ഒക്കെ പാo ങ്ങളും മറുപാoങ്ങളും ചമച്ചു കൊണ്ട് സഞ്ചരിയ്ക്കുകയാണ്. ഇതൊരു വലിയ പ്രായശ്ചിത്തമാണ്. കാലം കാത്തു വെച്ചത്.. കാലമാണേറ്റവും വലിയ കവി..

എസ്.ശാരദക്കുട്ടി
14.2.2019

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതൊരു വലിയ പ്രായശ്ചിത്തമാണ്. കാലം കാത്തു വെച്ചത്.. കാലമാണേറ്റവും വലിയ കവി..