Friday, October 11, 2019

അമ്മച്ചിന്തുകൾ 54

 
ഞങ്ങൾ മൂന്നുപേരും കേരളവർമ കോളേജിൽ അവിടവിടെയായി ഒരുമിച്ചു കുത്തിയിരിക്കും. വല്ല വരാന്തയിലോ മരത്തിന്റെ ചുവട്ടിലോ ചവിട്ടു പടികളിലോ ഒക്കെയായി അങ്ങനെ മണിക്കൂറുകൾ ഇരിക്കും. മൂന്നു പേരും തമ്മിൽ കാണാൻ
വേണ്ടി മാത്രമായിരുന്നു ആ കാലത്ത് കോളേജിൽ വന്നിരുന്നത്.

ആ കോളേജിൻറെ ഭംഗി, അരുമ,പച്ചപ്പ്, കിളികൾ, അതിപ്രശസ്തരും അതിപ്രഗൽഭരുമായ അദ്ധ്യാപകർ, അവർ ജീവിതം മാറ്റിമറിച്ച വിധം...എല്ലാ കേരളവർമ്മക്കാരും മൽസരിച്ച് എഴുതുകയും പറയുകയും പാടുകയും ചിത്രീകരിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് അതു പറ്റാത്തത് തീവ്രസങ്കടത്തിൽ പെട്ടുഴലുന്ന കാലത്ത് അങ്ങനൊന്നും കോളേജിനെ നോക്കിക്കാണാൻ സാധിക്കാത്തതുകൊണ്ടായിരുന്നു. ചില ക്ളാസ്സുകളിൽ ചിലപ്പോഴൊക്കെ പോകും..പഠിക്കണമെന്ന ആശ തീരെയുണ്ടായിരുന്നില്ല ഞങ്ങൾ മൂന്നുപേർക്കും. പരീക്ഷയും പഠിപ്പുമൊക്കെ എത്ര വലിയ പ്രഹസനങ്ങളാണ്!! ജീവിതം പൊട്ടിച്ചിതറുന്ന തീവ്ര വേദനകളിൽ പഠിപ്പും ജോലിയും മറ്റും അതീവ നിസ്സാരമായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. പഠിപ്പിലോ അറിവിലോ ജോലിയിലോ അധികാരത്തിലോ ഒന്നും തന്നെ ഞങ്ങൾക്കാവശ്യമുള്ള ഒന്നുമില്ലായിരുന്നു.

ക്ളാസ്സിൽ ഹോം വർക്ക് ചെയ്യാതെ പോയി, എല്ലാ അധ്യാപകരുടേയും വഴക്ക് കേട്ടിരുന്നു ഞാൻ. അനിൽ സാർ ഒരു ദിവസം ഹോംവർക്ക് ചെയ്യാത്തതിന് ക്ളാസിൽ എഴുന്നേല്പിച്ചു നിറുത്തി.. എന്താണ് കാരണം എന്ന് ചോദിച്ചു. ഞാൻ എന്നെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് തേങ്ങിക്കരഞ്ഞു പോയി. സാറിന് പരിഭ്രാന്തി കൊണ്ട്‌ വാക്കുകൾ കിട്ടിയില്ല..

'താനിരിക്ക്... കരയാതെ.. കരയാതെ' എന്ന് സാർ എന്നെ സമാധാനിപ്പിച്ചു.

റാണി വാശിയോടെ എൻജിനീയറിങ് എൻട്രൻസിന് തയാറെടുത്തിരുന്നു. 'കുറെ ഇക്വേഷൻസ് ഒക്കെ ഇങ്ങനെ കുത്തിയിരുന്ന്
ഉരുവിടുമ്പോൾ ഒരു സമാധാനം കിട്ടും. അതാണ് ഞാൻ പഠിക്കാൻ നോക്കണത് ' എന്ന് അവൾ പറയുമായിരുന്നു.

അമ്മ സ്വന്തം ഇഷ്ടഹോബിയായ
ജ്യോതിഷ ഗവേഷണത്തിന് പറ്റിയ പുസ്തകങ്ങൾ മാത്രം വായിച്ചു.. മറ്റൊരു ഹോബിയായിരുന്ന ഗാർഡനിങ് തീരേ ഉപേക്ഷിക്കുകയും ചെയ്തു.

അച്ഛൻ വെറുതെയിരുന്നില്ല. എന്നെ ഉടനെ കല്യാണം കഴിപ്പിക്കാൻ പോകുന്നുവെന്ന മട്ടിലായി കാര്യങ്ങൾ.. ഞാൻ പരിഭ്രമിച്ചു.. അമ്മ ഒറ്റ വാചകമേ പറഞ്ഞുള്ളൂ..

'അവനോട് വന്ന് കാര്യങ്ങൾ സംസാരിച്ചു തീർപ്പാക്കാൻ പറയൂ. .. '

അയാൾ വന്നു...അച്ഛനോട് സംസാരിച്ചു. അയാളുടെ അമ്മയും അച്ഛന് എഴുതി. ജോലി കിട്ടിയിട്ട്.. എന്നച്ഛൻ അയാളുടെ മുന്നിൽ അതീവ ഉല്ക്കണ്ഠാകുലനായ പിതാവായി. അയാൾക്ക് സ്വാഭാവികമായും ഞാൻ പറഞ്ഞതിലെല്ലാം സംശയം തോന്നീരിക്കണം. അയാൾ പിന്നേയും ആവർത്തിച്ചു 'അച്ഛൻ അങ്ങനെ ചെയ്യുമോ?'

അച്ഛൻ വിഷമത്തിലായിരുന്നു. അച്ഛൻ പെങ്ങളും മക്കളും അമ്മക്ക് സഹായം ചെയ്തു എന്ന ആധിയും ഉൽക്കണ്ഠ യും അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെ മുന്നിൽ അദ്ദേഹത്തിൻറെ സല്പേര്, പ്രേമത്തിന്റെ രക്തസാക്ഷി, ഭാര്യയുടേയും മക്കളുടെയും പീഡനത്തിൽ പൊറുതി മുട്ടുന്ന പാവം എന്ന ചിത്രം അല്പമെങ്കിലും മായുന്നത് അദ്ദേഹത്തിന് സഹിക്കാൻ പറ്റിയില്ല.

അച്ഛൻ അന്ന് യഥാർത്ഥത്തിൽ എനിക്ക് വല്ല കല്യാണാലോചനയും നടത്തീരുന്നോ എന്ന് അറിയില്ല. ഇതുവരെ എനിക്ക് അത് ബോധ്യമായിട്ടുമില്ല. ഇല്ലെന്ന് വിചാരിക്കാനാണ് എനിക്കു ഇഷ്ടം. അച്ഛൻ നടത്തിയത് വെറുമൊരു നാടകമായിരുന്നു.

എനിക്ക് വിഷമമാകുന്നുണ്ടായിരുന്നു. ഞാൻ അച്ഛൻ പെങ്ങളുടെ മകന് അമ്മയുടെ മനസ്സ് വിശദീകരിച്ച് കത്തെഴുതി.. ഫോൺ ചെയ്തു... ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ എന്ന് ആവശ്യപ്പെട്ടു..

അച്ഛൻറെ പ്ളാനിംഗ് ഭയങ്കര മായിരുന്നു. ആ ദിവസങ്ങളൊക്കെ എങ്ങനെ കടന്നുപോയി എന്നറിയില്ല. അമ്മ തടിച്ചിയാണെന്നും ഭംഗിയില്ലാത്തവളാണെന്നും എല്ലാവരും മൽസരിച്ചു ബോഡിഷെയിമിംഗ് നടത്തിയിരുന്ന കാലത്തിൽ നിന്നും അമ്മ മെലിഞ്ഞ് നൂലു പോലെ ആയി. മുടിയിൽ കൂടുതൽക്കൂടുതൽ നര പടർന്നു. നര മറയ്ക്കാൻ അന്നെന്നല്ല ജീവിതത്തിൽ ഒരിക്കലും ഒരു ശ്രമവും അമ്മ നടത്തിയില്ല. അച്ഛനെ സദാ പ്രീണിപ്പിച്ചു നിറുത്തണമെന്ന് എല്ലാവരും അമ്മയോട് പറയും..കുടുംബത്തിൽ സമാധാനം കൊണ്ടു വരാൻ പെണ്ണുങ്ങൾ എപ്പോഴും ആണുങ്ങളെ പ്രീണിപ്പിച്ചു നിറുത്തണമെന്നാണ് പാഠം. കാരണം കുടുംബം വേണ്ടത് പെണ്ണുങ്ങൾക്കും കുട്ടികൾക്കും മാത്രമല്ലേ...

അതനുസരിച്ച് അച്ഛൻ വീട്ടിലേക്ക് വരുമ്പോൾ അമ്മ ഗേറ്റ് തുറന്നു വെക്കണം

കാറിൽ നിന്ന് ഇറങ്ങുമ്പോൾ ബാഗ് വാങ്ങിപ്പിടിക്കണം

അമ്മ കുളിച്ചു നല്ല സാരി ധരിച്ച് ഒരുങ്ങി പുഞ്ചിരിയോടെ അച്ഛനെ ആനയിക്കണം.

ഞങ്ങളും അങ്ങനെ കുളിച്ചൊരുങ്ങി അച്ഛനെ കാണുമ്പോൾ എഴുന്നേറ്റു നിന്ന് ചിരിച്ചു സ്വീകരിക്കണം..

അച്ഛനെ വീട്ടിൽ കംഫർട്ടബിൾ ആക്കണം.

അച്ഛനിഷ്ടമില്ലാത്ത ഒരു കാര്യവും പറയുകയോ ചർച്ച ചെയ്യുകയോ ചോദിക്കുകയോ അരുത്... ഒരാഴ്ച ഇങ്ങനെ പെരുമാറീട്ട് വിവരം പറയൂ..

ഈ ഉപദേശങ്ങൾ കേട്ട് കേട്ട് ഞങ്ങൾ ചെകിടിച്ചു പോകും. വീട്ടിൽ ജോലീ സഹായത്തിനു വരുന്ന സ്ത്രീകൾ മുതൽ കളക്ടറും ഡി എസ് പിയും വരെ ഇത്തരം ഉപദേശങ്ങൾ തരും.

ഐ എ എസ്സും ഐ പി എസ്സും എന്നല്ല മിക്കവാറും എല്ലാം തന്നെ വെറും നിസ്സാര പരീക്ഷകളാണെന്ന് ഞങ്ങൾ മനസ്സിലാക്കിയതങ്ങനെയാണ്. പരീക്ഷകൾ പാസ്സായി അധികാരം കൈയാളുവാൻ അനുതാപമോ മനുഷ്യത്വമോ സമഗ്രവീക്ഷണമോ ഒന്നും വേണ്ട..

പഠിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞപ്പോൾ അമ്മയുടെ വിശാലമായ കണ്ണുകൾ കണ്ണഞ്ചും മിന്നലിൽ ഒരു മാത്ര പിടഞ്ഞു. 'നിങ്ങളും എന്നെ ചതിക്കുമോ' എന്നമ്മ ചോദിച്ചപ്പോൾ ഞങ്ങൾ മൗനികളായി.

അമ്മ അപ്പോൾ ഒരു മഴയായി ആർത്തലച്ചു.

'നിങ്ങൾ പഠിക്കുകയും നല്ല അധികാരമുള്ള ജോലി സമ്പാദിക്കുകയും വേണം. മറ്റു പെൺകുട്ടികളെപ്പോലെ ആരെങ്കിലും കല്യാണം ആലോചിച്ചു വരുമെന്ന് വിചാരിച്ച് വീട്ടമ്മപ്പദവി സ്വപ്നം കാണരുത്. എനിക്കു വരുമാനം ഉള്ളതുകൊണ്ടല്ലേ..നമ്മളിപ്പോൾ ഇങ്ങനെയെങ്കിലും കഴിഞ്ഞുകൂടുന്നത്..സ്വന്തം കാലിൽ നില്ക്കാൻ പറ്റാത്ത സ്ത്രീക്ക്, ആരെയെങ്കിലും സഹായിക്കണമെങ്കിൽ പോലും വലിയ കഷ്ടപ്പാടായിരിക്കും.'

ഞങ്ങൾക്ക് അമ്മ പറയാതെ തന്നെ അതറിയാമായിരുന്നു. എങ്കിലും അതൊന്നും നടപ്പിലാക്കാൻ ഞങ്ങൾ പ്രാപ്തരായില്ല.

അത്തവണ ഞാൻ എൻട്രൻസ് എഴുതി.ജയിച്ചില്ല. അപ്പോഴേക്കും കോളേജധ്യാപികയായാൽ മതിയെന്ന സ്വപ്നം എൻറെ മനസ്സിൽ കിളർന്നിരുന്നു.

2 comments:

Cv Thankappan said...

എല്ലാമുണ്ടായിട്ടും...............

Cv Thankappan said...

എല്ലാമുണ്ടായിട്ടും.................