Tuesday, February 4, 2020

ചൊക്ളി 9

 
(ഒമ്പത്)

നേരം വെളിച്ചാവുമ്പോളേക്കും ഒക്കേറ്റ്നും ഒരു വെളിവായി. അന്തോണി മാപ്ള മാത്രല്ല തൃസ്സ്യക്കുട്ടീം ഗോപാലേട്ടനും സര്വേടത്തീം
കേട്ടോരും അറിഞ്ഞോരും ഒക്കെ വന്നു. കുശത്ത്യോളും ചെട്ടിച്ച്യോളും വന്നു. ആകെക്കൂടി എരമ്പായി.

വാര്യത്ത് ആരൂല്യാന്നാ മൊയ്തീൻ വിചാരിച്ചേ.. അതങ്ങനല്ലാന്ന് ചെട്ടിച്ച്യോള് കണ്ടുപിടിച്ചു. രവീടെ അമ്മേം പെങ്ങളും അവടെ കെടപ്പ്ണ്ട് ന്ന് അങ്ങന്യാണ് അറിഞ്ഞത്..

ഇപ്പോ എല്ലാര്ക്കും എല്ലാം വെളിവായി. അവര് എൻഡ്രിൻ ന്ന് പറേണ വെഷാണ് കുടിച്ചത് ന്ന് വരെ ചെട്ടിച്ച്യോള് വെറ്തേ നോക്കി കണ്ടുപിടിച്ചു കളഞ്ഞു. പോലീസും പട്ടാളോം ഒന്നും വരേണ്ട കാര്യല്ല അത് പറയാൻ. ചെട്ടിച്ച്യോള് ന്നെ മതി. അവരടെ എടേല് എൻഡ്രിൻ കുടിച്ചോരും ചത്തുകെട്ടു പോയോരും കൊറെണ്ടാരുന്നു. കണ്ട് പരിചയള്ളവർക്ക് പെട്ടെന്ന് അറിയാമ്പറ്റുംന്നാ ചെട്ടിച്ചികള് പറയണത്.

രവീടെ വിവരോന്നുല്ലാണ്ട് വാരര് മാഷ് പരോശനാരുന്നു. സത്യാണ്. പോലീസിനേം മുഖ്യമന്ത്രീനേം എന്ന് വേണ്ട ആര്യൊക്കെയാണ് കണ്ടേ, ആര്ടെ അട്ത്തൊക്ക്യാണ് ദണ്ഡം പറഞ്ഞേ.. ഒരു കയ്യും കണക്കുംല്ലാണ്ട് ഓടിനട്ക്കേര്ന്ന് പാവം. എന്നാലുങ്ങനെ മോനേക്കാണാൻ പറ്റാണ്ട് വെഷം കുടിക്കണ്ടി വന്നല്ലോന്ന് എല്ലരുക്കും നെഞ്ചു പൊട്ടി. ആങ്കുട്ടിണ്ടായിട്ടും പഠിച്ച്ട്ടും ജോലി കിട്ടീട്ടും വാരര്ക്ക് ഒരു കാര്യോണ്ടായില്ല. മോള് രമേ പാകം പോലെള്ള സമേത്ത് നല്ലോരു വാര്യത്തേക്ക് കെട്ടി അയച്ചിട്ടും ഗുണോന്നുണ്ടായില്ല. ചെല മനിഷേരടെ ജീവിതം അങ്ങന്യാണ്. നാട്ട്നടപ്പ് പറേണ കാര്യൊന്നും അവരടെ ജീവിതത്തില് കാണാമ്പറ്റ്ല്യാ...

പോലീസ് വന്നു. ചൊക്ളി പേടിച്ച് വെറച്ച് നിക്കാരുന്നു. എന്തേലും ചോദ്ച്ച് എടങ്ങേറായ പിന്നെ ...പോലീസല്ലേ ജാതി..

മൂന്നു ശവോം നെരത്തി കെടത്തീപ്പോ ആലൂര് ദേശം മുഴുവനും നെഞ്ചത്തടിച്ചു നെലോളിച്ചു. ആ ദേശത്ത് ആദ്യായിരുന്നു അങ്ങനൊരു കാര്യം. ഒരു വീട് മുഴോനപ്പാടെ അങ്ങട്ട് ഇല്ലാണ്ടാവാ...പോലീസും ഗവർമെന്റും ഒക്കെ കാരണായിട്ട് ഒരു വീട് അങ്ങട്ട് തീർന്ന് പോവ്വാ...

പിന്നീടുള്ള കാലത്ത് കൃഷി മുടിഞ്ഞിട്ടും, പലിശ കേറീട്ടും, ജപ്തി വന്നിട്ടും ഒക്കെ അങ്ങനെ മരിക്കല് പതിവാവുന്ന് അപ്പോ ആരുക്കും അറീല്ലല്ലോ. അത് ഭാവീല് വരാമ്പോണല്ലേ ഉണ്ടാരുന്നുള്ളൂ.

പോലീസുകാര് രവിയേ എവിടെയാ വെച്ചേക്കണതെന്ന് ആര്ക്കും അറിയില്ല. ശവം എടുക്കാൻ വന്ന പോലീസിനും അറീല്ല. രവീടെ പെങ്ങള് രമേടെ ഭർത്താവ് വന്നില്ല. അയാള് ബന്ധം പിരിഞ്ഞ പോല്യാണെന്ന് അന്നേരത്താണ് ആലൂര് കാര്ക്ക് മനസ്സിലായ്ത്.

പോലീസ് ആംബുലൻസ് വിളിച്ച് ശവങ്ങള് പോസ്റ്റ്‌മാർട്ടത്തിന് കൊണ്ടോയപ്പോ മൊയ്തീനും ഗോപാലേട്ടനും ഒരു പഴേ സൈക്കളും ചവിട്ടി പോലീസാരടെ പഴേ ജീപ്പിന്റെ പിന്നാലേ പോയി.. വാര് ര് മാഷ്ടെ ഭാര്യവീട്ടീന്ന് വന്ന ഒരു ചെറുപ്പക്കാരനും ഭാര്യേം ഒന്ന് രണ്ട് വയസ്സന്മാരും ഒരമ്മൂമ്മേം ഏങ്ങിക്കരഞ്ഞോണ്ട് വാര്യത്തേക്ക് മടങ്ങി. ശവങ്ങള് ഇങ്ങട്ട് കൊണ്ടരും പറമ്പിലന്നെ ദഹിപ്പിക്കും...എന്തായാലും രവി വരാണ്ടിരിക്കില്യല്ലോ. അപ്പോ ദഹിപ്പിച്ചേടെങ്കിലും കാണാലോ...

ചൊക്ളി ദേവുഅമ്മേടെ കടേല് വന്ന് ഇരുന്നു. അവനാകെ ഒര് തളർച്ച്യായി. കൈയും കാലും പേരണില്ല. എങ്ങട്ടും പോവാനും ഇല്യ. മടുപ്പിലും വെഷമത്തിലും മൊഖം കനച്ചു വന്നു.

ദേവുഅമ്മ അന്നേരത്താണ് അവനോട്
ചായയിടാൻ പറഞ്ഞേ. ചായേണ്ടാക്കി അന്തോണി മാപ്ളേടെ ആടണ മേശപ്പൊറത്ത് കണക്കെഴ്തണ പൊട്ടിയ സ്ലേറ്റിൻറടുത്ത് വെച്ചപ്പോ മാപ്ള അവൻറെ തോളത്ത് കൈയമർത്തിപ്പിടിച്ചു.

എന്താണ്ടേയേന്ന് ചൊക്ളിക്കറീല്ല, പെട്ടെന്ന് അവൻ ഒറക്കെ നെലോളിച്ചങ്ങട്ട് കരഞ്ഞു. നീയ്യ് കുട്ട്യല്ലേ.. പോട്ടെടാ.. വെഷമിക്കല്ലേന്ന് മാപ്ള പറഞ്ഞതൊന്നും നെലോളിക്കണേൻറെടക്ക് ചൊക്ളി കേട്ട് ല്ല്യ.

അവൻ കൊറെ കരഞ്ഞു. പട്ടീടന്തി നിറുത്താണ്ട് ഓളിയിട്ട് അങ്ങട്ട് കരഞ്ഞു. മാപ്ളേടെ കണ്ണിലും വെള്ളം പൊട്ടി..രവീടെ കാര്യാണോ ചൊക്ളീടെ കാര്യാണോ എന്താ കാരണന്ന് അന്തോണി മാപ്ളക്കും തിരിഞ്ഞില്ല.