Tuesday, February 18, 2020

കർത്താർ സിംഗ് ദുഗ്ഗൽ

                  
കർത്താർ സിംഗ് ദുഗ്ഗൽ പ്രശസ്തനായ ഉറുദു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഒരു നോവലാണ് നഖവും മാംസവും.

ഇന്ത്യാ - പാക്കിസ്ഥാൻ വിഭജനത്തിനു മുമ്പേ, കൃത്യമായി പറഞ്ഞാൽ നാലഞ്ച് വർഷങ്ങൾക്കു മുമ്പേ തന്നെ അതിർത്തിഗ്രാമമായ പോട്ടോഹാറിൽ പ്രചരണങ്ങൾ വഴി സംഭവിപ്പിച്ച വർഗീയ ധ്രുവീകരണത്തെ പറ്റി അദ്ദേഹം നഖവും മാംസവും എന്ന നോവലിൽ വിശദീകരിച്ചിട്ടുണ്ട്.

കാക്കാ എന്ന് അബ്ദുൽ വല്യച്ഛനെ വിളിച്ചിരുന്നവർ വോ ദുശ്മൻ ( ആ ശത്രു ) എന്ന് പരാമർശിച്ചു തുടങ്ങി. ഇരുമ്പ് പണികൾ ചെയ്തിരുന്നയാൾ കത്തികളും വടിവാളുകളും പോട്ടോഹാറിനു പുറത്ത് നിന്നും കിട്ടിയ ഓർഡറനുസരിച്ച് രാവും പകലും പണിതു. കലപ്പയും കൈക്കോട്ടും പണിയാൻ ഇരുമ്പ് പണിക്കാരന് ഇഷ്ടമില്ലാതായി.

ഹിന്ദുവിൻറെ നമസ്തേക്ക് സലാം മടക്കുന്ന മുസൽമാൻ കേൾക്കാത്തപോലെ നടന്നകന്നു. കാക്കിയുടെ, നറുമണമുയരുന്ന ആട്ടിറച്ചിക്കറി വിരലുകൾ നുണഞ്ഞ്, ഫുൽക്കയ്ക്കൊപ്പം വിഴുങ്ങി ത്തിന്നിരുന്ന പഞ്ചാബിലോണ്ടാ അറപ്പോടെ അകന്നുമാറി..

മുസൽമാൻറെ കട, മുസൽമാൻറെ വീട്, മുസൽമാൻറെ പെണ്ണ് ഒക്കെ വ്യക്തമായി തിരിച്ചറിഞ്ഞ് അടയാളപ്പെട്ടു.

പാശ്ചാത്യ ആയുധലോബി ഇന്ത്യയെ രണ്ടായി മുറിപ്പിക്കുമെന്നും ഹിന്ദു മുസ്‌ലിം ലഹള പൊട്ടിപ്പുറപ്പെടുമെന്നും അങ്ങനൊന്നുണ്ടായാൽ ബ്രിട്ടീഷ് പട്ടാളം അനങ്ങില്ലെന്നും പറഞ്ഞവരെ ഹിന്ദുക്കളും മുസ്ലീങ്ങളും വെറുപ്പോടെ നോക്കി, പരിഹസിച്ചു...

പെണ്ണുങ്ങൾ ചേരി തിരിഞ്ഞു. ഞങ്ങളാണ് ശരിയെന്ന് പരസ്പരം അലറിക്കൂവി..

പല കാക്കികളും ചാച്ചികളും ബഹുക്കളും ബേട്ടികളും ബഹനുകളും ഭയംകൊണ്ട് മാസമെത്തുംമുമ്പേ പ്രസവിച്ചു.. അതേ, പോട്ടോഹാറിലെ അടുത്ത തലമുറയായി എലിക്കുഞ്ഞുങ്ങളെപ്പോലെയുള്ള ശിശുക്കൾ പിറന്നു വീണു..

ഇത് വിഭജനത്തിനു മുമ്പേയുള്ള കാലം....

സ്നേഹം കർത്താർ സിങ് ദുഗ്ഗൽ..അങ്ങ് എഴുതിയതെല്ലാം ഇക്കാലത്തും കാണേണ്ടി വരുമോ എന്ന ഭീതിയിൽ...

No comments: