Sunday, February 16, 2020

വരുന്ന ദശകം.. നമ്മള്‍ പെണ്ണുങ്ങളുടേതാവണം... ആയേ തീരൂ....


  മാതൃഭൂമി
03/02/2020
                                                                  


വിവാഹവും കുടുംബജീവിതവുമാണ് സ്ത്രീകള്‍ ഏറ്റവുമധികം വിജയിക്കേണ്ട ഒരേയൊരു മേഖല എന്ന തെറ്റിദ്ധാരണയില്‍ കഴിയേണ്ട കാലമല്ല ഇത്.
സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഇക്കാര്യം സ്ത്രീകളേ ഓര്‍മ്മിപ്പിച്ചിരുന്നു. നമ്മുടെ രാജ്യം ഒത്തിരി കാര്യങ്ങള്‍ ഇപ്പോള്‍ നമ്മളോരോരുത്തരോടും ആവശ്യപ്പെടുന്നുണ്ട്. അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വാര്‍ത്ഥ താല്‍പര്യങ്ങളിലും അക്രമങ്ങളിലും മുങ്ങിമരിച്ചു പോകുന്ന രാജ്യത്തിന്റെ നിലവിളി സ്ത്രീകളും കേള്‍ക്കാനുള്ളതാണ്. പ്രതികരിക്കാനുള്ളതാണ്. സ്ത്രീകള്‍ ലക്ഷ്യബോധത്തോടെ സമരത്തിലേര്‍പ്പെട്ടാല്‍ മാറ്റങ്ങള്‍ വരിക തന്നെ ചെയ്യും. പൊതുജീവിതം പെണ്ണിനും ഉറപ്പായി ഉണ്ടാവണം. ആ തീരുമാനമെടുക്കാനുള്ള കെല്‍പ്പ് ഇനിയും കൂടുതല്‍ സ്ത്രീകള്‍ക്കുണ്ടാവട്ടെ.

സ്ത്രീകളില്‍ ഭൂരിപക്ഷം പേരുടേയും ജീവിതത്തില്‍ വല്ലാത്ത കരിനിഴല്‍ വീഴ്ത്തുന്ന ഒന്നാണ് ചെറിയ പൂവാലശല്യത്തില്‍ തുടങ്ങി ബലാത്സംഗത്തിലും കൊലപാതകത്തിലും വരെ എത്തുന്ന ലൈംഗിക പീഡനങ്ങള്‍. ലൈംഗികമായും അല്ലാതേയുമുള്ള താഴ്ത്തിക്കെട്ടലുകള്‍ പെണ്ണുങ്ങളില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും മൗനമായി സഹിക്കും. എത്ര വിദ്യാഭ്യാസമുണ്ടായാലും ഉയര്‍ന്ന ജോലി ചെയ്താലും ഈ തൊണ്ണൂറ്റഞ്ച് ശതമാനം സ്ത്രീകളും നിശ്ശബ്ദത കൈവെടിയില്ല. കൂടുതല്‍ സ്ത്രീകള്‍ അതിക്രമങ്ങളെ തിരിച്ചറിഞ്ഞ്, അക്രമം നടത്തുന്നതിനനുകൂലമായി നില്‍ക്കുന്ന എല്ലാറ്റിനോടും ഒന്നിച്ച് നിന്ന് പൊരുതുന്ന ദശകമാവട്ടെ കടന്നു വരുന്നത്. സ്ത്രീകള്‍ ഒന്നിച്ചു നിന്നാല്‍ എല്ലാ അക്രമങ്ങള്‍ക്കും പരിധി ഉണ്ടാകും. ആ തിരിച്ചറിവിലേക്ക് സ്ത്രീകള്‍ മുഴുവനും ഉണരുന്ന കാലം വരട്ടെ.

ഇന്ത്യയില്‍ ഒട്ടും വിദ്യാഭ്യാസമില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഭക്ഷണം കഴിക്കാനില്ലാത്ത കിടപ്പാടമില്ലാത്ത പരമദരിദ്രരായ അനേകം കോടി മനുഷ്യരുണ്ട്. അവരുടെ സ്വപ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഘോരമായ ഒരു കുറ്റകൃത്യമാണ്. അവരുടെ സ്വപ്‌നങ്ങള്‍ക്ക് ധനികരുടേതായ ന്യായസംഹിതകള്‍ ചമച്ച് ആ സ്വപ്ന ങ്ങളെ റദ്ദാക്കുന്നതില്‍ നിന്നും സ്ത്രീകള്‍ വിട്ടുനില്‍ക്കേണ്ടതുണ്ട്. ആ വിട്ടുനില്‍ക്കല്‍ സ്ത്രീകളുടെ കടമ പോലുമാണ്. കാലങ്ങളായി പല കാര്യങ്ങളില്‍ നിന്നും ക്രൂരമായി അകറ്റി നിറുത്തപ്പെട്ടവരാണ് സ്ത്രീകള്‍. അകറ്റപ്പെട്ടതിന്റെ വേദന സ്ത്രീകള്‍ അറിയുന്നില്ലെങ്കില്‍ മറ്റാരാണ് അതറിയുക?


ഇപ്പോള്‍ വിവിധതരം ഉപാധികളോടെ അംഗീകാരത്തിന്റെ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതോടെ സ്ത്രീകളുടെ നില കേമമായി... കെങ്കേമമായി .. സ്ത്രീകള്‍ ബഹിരാകാശത്തെത്തിക്കഴിഞ്ഞു എന്നും മറ്റും വികാരം കൊള്ളുന്നത് ഒട്ടും ശരിയാവില്ല. ഒന്നോ രണ്ടോ സ്ത്രീകള്‍ ഏറെ ബുദ്ധിമുട്ടി ഒരു പദവിയിലെത്തിയാല്‍ പോരാ. ഇന്ത്യയില്‍ മനുഷ്യാന്തസ്സ് പോലുമില്ലാതെ നരകിക്കുന്ന അനവധി സ്ത്രീകള്‍ ഉള്ളപ്പോള്‍ ഒന്നോ രണ്ടോ സ്ത്രീകളുടെ ഉയര്‍ന്ന പദവിയില്‍ അഭിരമിക്കാന്‍ അത്ര കാര്യമായി ഒന്നുമില്ല തന്നെ. സ്ത്രീകളുടെ മനുഷ്യാന്തസ്സ് ഉയര്‍ത്തുന്ന തിനായുള്ള പ്രവര്‍ത്തനങ്ങളിലും നമ്മള്‍ പെണ്ണുങ്ങള്‍ ഒറ്റക്കെട്ടാവേണ്ടതുണ്ട്.

രാഷ്ട്രീയപ്പാര്‍ട്ടികളുടേയും മതസംഘടനകളുടേയും ജാതി സംഘടനകളുടേയും പേരില്‍ സംഘടിക്കുന്ന എല്ലാ സ്ത്രീകളും മറക്കരുതാത്ത ഒരു കാര്യമുണ്ട്. പീഡനങ്ങള്‍ക്ക്, എന്നും എതിരാവണം സ്ത്രീകള്‍ ... അതായിരിക്കണം സ്ത്രീകളുടെ ഒരുമ.
ഞങ്ങളുടെ സ്ത്രീകള്‍ ഞങ്ങളുടെ പീഡകരെ എപ്പോഴും പിന്താങ്ങുമെന്ന് ഒരു പാര്‍ട്ടിയും ഒരു സംഘടനയും കരുതാനുള്ള അവസരം സ്ത്രീകള്‍ നല്കരുത്. പെണ്ണിന്റെ അഭിമാനത്തിന് അമൂല്യമായ വിലയുണ്ടെന്ന് പെണ്ണുങ്ങളല്ലേ പറയേണ്ടത്?
ഒരുമിച്ച് നില്ക്കുന്ന ആത്മാഭിമാനികളായ പെണ്ണുങ്ങളെ സ്വപ്നം കണ്ടുകൊണ്ട്... പുതുവര്‍ഷത്തെ വരവേല്‍ക്കാം........

No comments: